കവിത – സില്‍ക്ക് റൂട്ട്
അലീന ആകാശമിഠായി എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ സുപരിചിതയായ അലീനയുടെ സില്‍ക്ക് റൂട്ട് എന്ന ആദ്യകവിതാ സമാഹാരത്തില്‍ നിന്നൊരു കവിത. ഗൂസ്‌ബെറി ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘സമകാലീനത സര്‍ഗ്ഗാത്മകത ജ്ഞാനരൂപീകരണം’ എന്ന പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണിത്. കവര്‍ ഡിസൈന്‍ : ശബരി. അവതാരിക : കെ കെ ബാബുരാജ്.
സില്‍ക്ക് റൂട്ട്
‘കുഞ്ഞുമോളേ,
കല്യാണത്തിന് ഞാന്‍ വരുന്നില്ല.
എനിക്ക് തുണിയില്ല.
സാരിയുടുക്കാതെ,
കൈലിയും ബ്ലൗസുമിട്ട്,
എങ്ങനാ അവിടം വരെ?’
അന്നമ്മയുടെ തൂമ്പാത്തലപ്പില്‍
ഭൂമി രണ്ടായി പിളര്‍ന്നു.
‘എനിക്കുണ്ടല്ലോ.
ഞാന്‍ കടം തരാം.
ഒറ്റയ്ക്ക് അതിയാന്‍ വിടത്തില്ല.’
കുഞ്ഞുമോള്‍ പിളര്‍പ്പില്‍ നിന്ന്,
ഒരു ചോട് കപ്പ വലിച്ചെടുത്തു.
മണ്ണിന്റെ അകിട്.
‘അത് ശരിയാകത്തില്ല.’
അന്നമ്മ
ഭൂമിയുടെ മുറിവില്‍
തൂമ്പകൊണ്ട് സ്റ്റിച്ചിട്ടു.
‘ഞാനില്ല.’
‘മടിക്കാതെ ചേടത്തീ.’
ഉച്ചയൂണിന്റെ സമയമായി.
കാന്താരിയില്‍ മുക്കിയ കപ്പ.
‘എനിക്കൊരു നീലയൊണ്ട്.
ചോപ്പൊണ്ട്.
ചേടത്തി ഏതാന്ന് പറഞ്ഞാ മതി.
രാവിലെ കൊണ്ടത്തരാം.
പട്ടുസാരി.
പളപളക്കുന്ന പട്ടുസാരി.
ഉടുത്തിട്ടുണ്ടോ?’
‘ഇല്ല.’
അന്നമ്മ എരിവിറക്കി.
കല്യാണത്തിന് കാലത്ത്,
ചോന്ന പട്ടുസാരി മൂടി
അന്നമ്മ
മഗ്ദലക്കാരത്തി മറിയയായി.
നടന്ന വഴി മുഴോന്‍
സാരിയെ തൊട്ടു തലോടി,
വെള്ളം പോലെ,
അല്ലല്ല,
ചിലന്തിവലേടെ നേര്‍ത്ത കണ്ണിപോലെ,
മേഘത്തിന്റെ തുണ്ടുപോലെ,
തേനില്‍ മുക്കിയ ദോശ പോലെ
അന്നമ്മ
പട്ടുസാരിയോടുരുകിച്ചേര്‍ന്നു.
‘സ്ഥലോത്തിയല്ലൊ.
ചേടത്തി എന്റെ സാരി തന്നേരെ.
ഒറ്റയ്ക്ക് പോയാലേയൊള്ളു.
ഒറ്റയ്ക്ക് വന്നാല്‍ അതിയാനു കുഴപ്പമില്ല.’
ബ്ലൗസും പാവാടയും മാത്രമിട്ട്
തിരികേ ആ സില്‍ക്ക് റൂട്ട് മുഴുവന്‍
അന്നമ്മ കരഞ്ഞുകൊണ്ടോടി.
പുസ്തകത്തിന്റെ പ്രീ – ബുക്കിംഗിനും മറ്റു വിവരങ്ങള്‍ക്കും 6235178393 നമ്പറില്‍ കോള്‍ അല്ലെങ്കില്‍ വാട്ട്‌സാപ്പ് ചെയ്യുക..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in