വരവേല്‍ക്കണോ തിരുവാതിര ഞാറ്റുവേലയെ?
കാര്‍ഷിക ചരക്കുപ്പാദനത്തിന്റെ സാമ്പത്തിക ശാസ്ത്രം ആവശ്യപ്പെട്ടത്, കൈകാര്യം ചെയ്യാന്‍ പാകത്തില്‍ മണ്ണിനെയും വിളകളെയും ക്രമീകരിച്ച് കൃഷിയിടത്തിലെ അടക്കി ഭരണമാണ്. അവിടെ ആധുനിക വ്യാവസായശാലയുടെ അതേ ചിട്ടവട്ടങ്ങളാണ് അനുവര്‍ത്തിക്കുന്നത്. ചരാചര പ്രകൃതിയുടെ സങ്കീര്‍ണ്ണബന്ധങ്ങളാല്‍ മുള പൊട്ടി വളര്‍ന്ന് ഇലയും പൂവും കായുമായി മാറുന്ന കാര്‍ഷിക പ്രപഞ്ചത്തെ യന്ത്രവ്യവസായത്തിന്റെ അതേ മാനദണ്ഡങ്ങള്‍ വെച്ച് ക്രമപ്പെടുത്തുമ്പോള്‍ വരുന്ന വിപത്തുകളെ കുറിച്ച് അന്നേ മുന്നറിയിപ്പ് നല്‍കിയ ആളാണ് ആല്‍ബര്‍ട്ട് ഹോവാഡ്.
ആഗോള ശാസ്ത്രത്തിന്റെ കാര്‍ഷിക വിദ്യകള്‍ സര്‍വ്വ പ്രതാപത്തോടെ വാഴുമ്പോള്‍ ‘വിരലൊടിച്ചു കുത്തിയാലും മുളയ്ക്കുന്ന തിരുവാതിര ഞാറ്റുവേല ‘യ്‌ക്കെന്താണ് പ്രസക്തി? ഏതു കാലത്തും ഏതു ഭക്ഷ്യവിഭവവും മാര്‍ക്കറ്റില്‍ കുമിഞ്ഞുകൂടുമ്പോള്‍ ആരാണ് ഇത്തരം അന്ധാചാരങ്ങളെ ശവക്കുഴിയില്‍ നിന്ന് ദുര്‍മന്ത്രം ചൊല്ലി ഉയിരെടുപ്പിക്കുന്നത്? നമ്മളെല്ലാം വിദ്യാഭ്യാസമുള്ളവരാകുകയും ശാസ്ത്ര പുസ്തകങ്ങള്‍ പഠിച്ചു പാസ്സാകുകയും ചെയ്യുമ്പോള്‍, നമ്മുടെ പള്ളിക്കൂടത്തിലും പുസ്തകങ്ങളിലും ഒരിക്കലും ഇടം കിട്ടാത്ത ഈ നാട്ടു’മണ്ടത്തര’ങ്ങളെ ഇനിയും ഓര്‍മ്മയില്‍ നിന്ന് മായ്ച്ചു കളയാന്‍ നമുക്ക് പറ്റാത്തത് എന്തുകൊണ്ട്? ഞാറ്റുവേല എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലെവിടെയോ നിന്ന് ആരാണ് വെറുതേ പുളകം കൊള്ളുന്നത്? ഈ പുളകത്തിന്റെ പിന്നില്‍ സവര്‍ണ്ണ ഫാസിസത്തിന്റെ റൂട്ട് മാര്‍ച്ചാണോ ഒളിഞ്ഞിരിക്കുന്നത്?
ഏകവിളകള്‍ക്ക് ഞാറ്റുവേല വേണ്ട
മനുഷ്യരെയെല്ലാം, അവരുടെ പ്രാദേശിക മുഖമുദ്രകളെ ഉച്ചാടനം ചെയ്ത്, ഒരേ അഭിരുചിയുള്ള ഉപഭോക്താക്കളാക്കി മാറ്റുന്ന പ്രക്രിയയെയാണ് നാം കച്ചവടത്തിന്റെ ആഗോളീകരണം അഥവാ ലോകകമ്പോളം എന്നു പറയുന്നത്. പ്രോക്ടര്‍ ആന്റ് ഗാംബിളിന്റെ ഹോര്‍ലിക്‌സും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ന്റെ ബേബി പൗഡറും മനുഷ്യരെല്ലാം ഒന്നാണെന്ന ഈ കച്ചവട സാര്‍വ്വദേശീയതയുടെ ചിഹ്നങ്ങളാണ്. ഇങ്ങനെയാണ് ലോകകമ്പോളം വിശ്വമാനവനെയും അവളുടെ/അവന്റെ ആഗോള അഭിരുചികളെയും നിര്‍മിക്കുന്നത്. അതോടെ, നാട്ടുപല്ലുതേപ്പിന്റെ ഉമിക്കരി ഫ്യൂഡല്‍ ദാരിദ്ര്യത്തിന്റെയും വിവരക്കേടിന്റെയും അശാസ്ത്രീയ കോമാളിമുഖമായിത്തീരുന്നു. മറുവശത്ത്, കോള്‍ഗേറ്റ് പരസ്യത്തിലെ വെളുത്ത ഓവര്‍ക്കോട്ടും സ്റ്റെതസ്‌കോപ്പും അണിഞ്ഞ നടന്‍/നടി നമ്മുടെ ശാസ്ത്ര പുസ്തകത്തിലേക്ക് പുതിയ പേജുകള്‍ കൂടി തുന്നിച്ചേര്‍ത്ത് നമുക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുന്നു.
എല്ലാവിധ പ്രാദേശിക വൈവിധ്യങ്ങളും, അവയെ പിന്‍തുടര്‍ന്ന്, നൂറ്റാണ്ടുകളുടെ അനുഭവജ്ഞാനത്തിലൂടെ തലമുറകളായി സ്ഫുടം ചെയ്‌തെടുത്ത നാട്ടുവിജ്ഞാനങ്ങളും അശാസ്ത്രീയം എന്നു സ്ഥാപിച്ച്, ലോകമാര്‍ക്കറ്റിനു വേണ്ടി പണിയെടുക്കാനാണ് ആധുനിക ശാസ്ത്രത്തിന്റെ തലേലെഴുത്ത്. അതിന്റെ ഭാഗമായി വന്ന കാര്‍ഷിക സര്‍വ്വകലാശാലകളും ആധുനിക കൃഷി പ്രയോഗങ്ങളും പിറവിയെടുക്കുന്നത് 19-ാം നൂറ്റാണ്ടോടെ ഏഷ്യ, അമേരിക്ക, ആഫ്രിക്കന്‍ കരകളിലെ യൂറോപ്യന്‍ യജമാനന്മാരുടെ തോട്ടം കൃഷിയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. അഗ്രീകള്‍ച്ചറല്‍ സയന്‍സ് എന്നത് തോട്ടം കൃഷിയില്‍ പരമാവധി വിളവ് ഉണ്ടാക്കി ആ വിളവ് ലോക കമ്പോളത്തില്‍ എത്തിക്കുന്നതിനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ അറിവാണ്. കോളനിവാഴ്ചയില്‍, ഇംഗ്ലണ്ടിലെ സസ്യശാസ്ത്രജ്ഞനായ സര്‍ ആല്‍ബര്‍ട്ട് ഹോവാഡിനെ ബ്രിട്ടണ്‍ ഇന്ത്യയില്‍ നിയമിക്കുന്നത് (1905-1924) കരിമ്പിന്‍ തോട്ടങ്ങള്‍ ആദായകരമാക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കാനാണ്. സര്‍ക്കാരിനും പുതിയ സംരംഭകനും ആദായം നല്‍കാത്ത ഇന്ത്യന്‍ ഗ്രാമങ്ങളിലെ പ്രാദേശിക ഭക്ഷ്യവിളകളും അവയുടെ ‘പഴഞ്ചന്‍ ‘കൃഷി രീതികളും നിരുത്സാഹപ്പെടുത്തി, കയറ്റുമതി വിളകളിലേക്ക് ഇന്ത്യന്‍ മണ്ണിനെ പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു അന്നത്തെ ഇമ്പീരിയില്‍ കാര്‍ഷിക ശാസ്ത്രത്തിന്റെ ദൗത്യം. പക്ഷേ ഏഷ്യന്‍ കര്‍ഷക സമൂഹങ്ങളുടെ പരിസ്ഥിതി സൗഹൃദ കാര്‍ഷിക പാരമ്പര്യത്തെ അടുത്തറിഞ്ഞ ആല്‍ബര്‍ട്ട് ഹോവാഡ് ആ നിരക്ഷര കര്‍ഷകരെ തന്റെ ഗുരുക്കന്മാരെന്നു കണ്ട് നമിക്കുകയാണുണ്ടായത്. അതു കൊണ്ടു തന്നെ, നാട്ടുകാര്‍ഷിക വിജ്ഞാനത്തെ ആദരിക്കുന്ന ഹോവാഡിന്റെ ശുപാര്‍ശകളെ ബ്രിട്ടീഷ് ഭരണം അവഗണിക്കുകയും, തദ്ദേശ ഭക്ഷ്യവിളകളെയും കൃഷിയറിവുകളെയും അപ്രസക്തമാക്കിക്കൊണ്ട് അത്യുല്പാദനത്തെ മാത്രം ലക്ഷ്യമിടുന്ന പരിസ്ഥിതി വിരുദ്ധ ഏകവിളകളുടെ തോട്ടം കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ വനമേഖലകളിലും താഴ്വാരങ്ങളിലും അവിടുത്തെ സസ്യ വൈവിധ്യങ്ങളെ പിഴുതെറിഞ്ഞ് ചായ, കാപ്പി, കരിമ്പ്, പുകയില, നീലം, റബ്ബര്‍ എസ്റ്റേറ്റുകള്‍ വന്നു. കാര്‍ഷിക വ്യവസായത്തിന്റെ ഈ ഏകവിളകള്‍ ഉല്പാദിപ്പിക്കാന്‍ എന്തിനാണ് നാളും പക്കവും ഞാറ്റുവേലയും നോക്കുന്നത്?
ഇത് ‘നിശ്ശബ്ദ വസന്ത ‘ത്തിന്റെ കാലം
കാര്‍ഷിക ചരക്കുപ്പാദനത്തിന്റെ സാമ്പത്തിക ശാസ്ത്രം ആവശ്യപ്പെട്ടത്, കൈകാര്യം ചെയ്യാന്‍ പാകത്തില്‍ മണ്ണിനെയും വിളകളെയും ക്രമീകരിച്ച് കൃഷിയിടത്തിലെ അടക്കി ഭരണമാണ്. അവിടെ ആധുനിക വ്യാവസായശാലയുടെ അതേ ചിട്ടവട്ടങ്ങളാണ് അനുവര്‍ത്തിക്കുന്നത്. ചരാചര പ്രകൃതിയുടെ സങ്കീര്‍ണ്ണബന്ധങ്ങളാല്‍ മുള പൊട്ടി വളര്‍ന്ന് ഇലയും പൂവും കായുമായി മാറുന്ന കാര്‍ഷിക പ്രപഞ്ചത്തെ യന്ത്രവ്യവസായത്തിന്റെ അതേ മാനദണ്ഡങ്ങള്‍ വെച്ച് ക്രമപ്പെടുത്തുമ്പോള്‍ വരുന്ന വിപത്തുകളെ കുറിച്ച് അന്നേ മുന്നറിയിപ്പ് നല്‍കിയ ആളാണ് ആല്‍ബര്‍ട്ട് ഹോവാഡ്.
ഏക്കറുകണക്കിനു സ്ഥലത്ത് ഒരൊറ്റ യിനം മാത്രം നട്ട് അതിനെ ‘ശാസ്ത്രീയ ‘മായി പരിപാലിച്ച് അത്യുല്പാദനം സാധ്യമാക്കുന്ന വ്യവസായ കേന്ദ്രമാക്കി മണ്ണിനെ പരിവര്‍ത്തിച്ചപ്പോള്‍ ജീവജാലങ്ങളുടെ പരസ്പരാശ്രിതത്വം വിച്ഛേദിക്കപ്പെട്ടു. മണ്ണ്, ചുരുങ്ങിയ കാലം കൊണ്ട് വളക്കൂററ്റ് പോഷക ശൂന്യമായി തീര്‍ന്നു. ഏകവിളകള്‍, പോഷക ദാരിദ്ര്യത്താല്‍ പ്രതിരോധം ക്ഷയിച്ച് രോഗ കീടാദികള്‍ക്ക് വശംവദരായി; വിളവ് ദുര്‍ബ്ബലമായി. സ്വയം കൃതമായ ഈ പ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് രാസവളങ്ങളും രാസകീടനാശിനികളും പിന്നീട് രംഗ പ്രവേശനം ചെയ്യുന്നത്.
ഭൂപ്രകൃതി, കാലാവസ്ഥ, ജൈവവൈവിധ്യം, കാര്‍ഷിക ലോകം എന്നിവ തമ്മിലുള്ള ചരിത്രപരമായ രമ്യതയുടെ ചില്ലകളെല്ലാം ഏകവിളത്തോട്ടങ്ങളുടെ അധിനിവേശം അറുത്തുമാറ്റിയെങ്കില്‍, തുടര്‍ന്ന് കൃഷിയിടത്തില്‍ പ്രയോഗിക്കപ്പെട്ട രാസവിഷങ്ങള്‍, റെയ്ച്ചല്‍ കാഴ്‌സണ്‍ പറഞ്ഞ പോലെ, കിളികളുടെ കൂജനങ്ങളില്ലാത്ത ‘നിശ്ശബ്ദ വസന്ത’ങ്ങള്‍ നല്‍കി കൊണ്ട് ജീവന്റെ വേരുകളെ വരെ ദ്രവിപ്പിക്കുകയാണ്. മണ്ണിനെ ഉര്‍വ്വരമാക്കുന്ന സൂക്ഷ്മജീവി സമൂഹത്തിന്റെ നാശം മുതല്‍ രാസപ്രയോഗത്താല്‍ കുട്ടനാട്ടിലെയും വയനാട്ടിലെയുമൊക്കെ മനുഷ്യരെ അര്‍ബുദ രോഗികളാക്കി മാറ്റുന്നത് വരെ അത്യന്തം പ്രച്ഛന്നമായ ഹത്യകളാണ് ആധുനിക കൃഷിശാസ്ത്രം ചെയ്തു കൂട്ടുന്നത്. അത് ഒരേ വിത്തും ഒരേ രാസച്ചേരുവകളും എവിടെയും വിക്ഷേപിച്ചു കൊണ്ട് എല്ലാ വന്‍കരകളിലെയും വിളഭൂമികളെ കാര്‍ഷിക കോര്‍പ്പറേറ്റുകളുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചിരിക്കുന്നു. ബെയറും സിന്‍ജന്റയും മൊണ്‍സാന്റോയുമാകുന്ന ഈ കമ്പനികള്‍ വിദൂരഭൂഖണ്ഡങ്ങളിലെ ഉള്‍നാട്ടിലെ ഓരോ തരിമണ്ണിലും ക്ലോര്‍പൈറിഫോസായും സൈപര്‍മെര്‍ ത്രിനായും റൗണ്ട് അപ് ആയും വിഷ വര്‍ഷം നടത്തുകയാണ്. അവര്‍ വിത്തും കൃഷിക്രമവും വിളവും മാര്‍ക്കറ്റും ഭക്ഷണവും വരെയുള്ള എല്ലാ പ്രാദേശിക സവിശേഷതകളും അതിന്റെ വൈവിധ്യ സമ്പന്നതയും തേച്ചു മായ്ച്ചു കളഞ്ഞിരിക്കുന്നു. പകരം ബ്രോയ്‌ലര്‍ കോഴിയും ജേഴ്‌സി പശുവും മൈദയും പാമോയിലുമായി പുത്തന്‍ രുചിക്കൂട്ടുകള്‍ തന്ന് നമ്മുടെ രസനകളെ തട്ടിയെടുത്തിരിക്കുന്നു. തല്‍ഫലമായി ആര്‍ക്കും മരുന്നുകളില്ലാതെ ജീവിക്കാന്‍ പറ്റാത്ത ദുര്യോഗവും വരുത്തി തീര്‍ത്തിരിക്കുന്നു. മാത്രമല്ല ലോകത്തുണ്ടാക്കുന്ന ധാന്യത്തിന്റെ 35%വും മാംസവ്യവസായത്തിന് കാലിത്തീറ്റയാക്കി കൈയടക്കിക്കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും ജനങ്ങളെ പട്ടിണി കിടത്തുകയും ചെയ്യുന്നു.
നമ്മള്‍ ഒട്ടുമരങ്ങള്‍
ആഗോള കാര്‍ഷിക വ്യവസായവും ആധുനിക കൃഷിശാസ്ത്രവും തോളോടുതോള്‍ ചേര്‍ന്ന് പരിസ്ഥിതിയിലും മനുഷ്യ സമൂഹത്തിലുമുള്ള വൈവിധ്യങ്ങളെ നിഷേധിച്ച് പകരം, എല്ലാത്തിനെയും മാര്‍ക്കറ്റിന് വേണ്ടി, എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പാകത്തില്‍ ഏകരൂപങ്ങളാക്കി പരുവപ്പെടുത്തിയിരിക്കുന്നു. അതുവഴി നിലനില്‍പ്പിന്റെ ആധാരശിലകളായ ജൈവവൈവിധ്യം, സാംസ്‌കാരിക വൈവിധ്യം, വൈജ്ഞാനിക വൈവിധ്യം എന്നിവക്ക് വംശക്ഷയം വരുത്തിവെച്ചിരിക്കുന്നു. കോളനിവല്‍ക്കരണത്തോടെ തുടക്കമിട്ട, പ്രകൃതിയോടും മനുഷ്യനോടുമുള്ള ഈ അതിക്രമം അതിന്റെ ഉച്ചകോടിയിലെത്തി നില്‍ക്കുകയാണിന്ന്.
‘ദല്ലാള്‍ ‘എന്ന കവിതയില്‍ ആറ്റൂര്‍ രവിവര്‍മ്മ എഴുതിയതു ആഗോള കച്ചവടത്തിന്റെ ഈ വൈവിധ്യഹത്യയെപ്പറ്റിയാണ്. അതിലെ ‘ഒട്ടു മരങ്ങള്‍ നിര്‍ത്തണമെങ്കില്‍ ഒട്ടു മരങ്ങള്‍ മതി’ എന്ന വരികള്‍, മണ്ണിലും മനുഷ്യസമൂഹത്തിലും സംഭവിപ്പിക്കുന്ന ഏകവിളവല്‍ക്കരണത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഒട്ടുമരം എന്നത് കച്ചവട സാധ്യതയുള്ള കുറച്ചു ഇനങ്ങള്‍ സങ്കരവര്‍ഗ്ഗങ്ങളായി, അതു കഴിഞ്ഞ് ജനിതകമാറ്റ വിളകളായി ലാബില്‍ സൃഷ്ടിക്കുക എന്നതാണ്. പ്രകൃതിയിലും കൃഷിയിലും വരുത്തുന്ന ഈ ബഹുത്വ നശീകരണത്തിനൊത്ത് മനുഷ്യര്‍ക്കിടയിലും സാംസ്‌കാരിക ഭേദങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടുന്നു. ഒട്ടു തൈകള്‍ പോലെ, അതിന്റെ തോട്ടങ്ങള്‍ പോലെ മനുഷ്യ സമൂഹത്തിലെ നാനാത്വങ്ങളെല്ലാം നിര്‍വീര്യമാക്കപ്പെടുകയാണ്. അങ്ങനെ ഞാറ്റുവേല കാര്‍ഷിക പാരമ്പര്യങ്ങള്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍, ആ നഷ്ടത്തില്‍ നമുക്ക് ഒരു ചേതവും തോന്നുന്നില്ല. കാരണം നമ്മള്‍ തന്നെ പ്രാദേശികത്വം പാടെ ഊരിക്കളത്ത ആഗോള സങ്കര ജനുസ്സാക്കപ്പെട്ടിരിക്കുന്നു; അതിന്റെ ദല്ലാളുമാക്കപ്പെട്ടിരിക്കുന്നു. മെക്കാളെയുടെ വിദ്യാഭ്യാസ മിനിറ്റ്‌സില്‍ ദീര്‍ഘദര്‍ശനം ചെയ്തതുപോലെ രൂപത്തിലും ഭാഷയിലും ഏതു നാട്ടുകാരുമാകട്ടെ, നമ്മള്‍ ചിന്തയിലും പ്രവൃത്തിയിലും ആധുനിക കച്ചവടശാസ്ത്രത്തിന്റെ വിനീതവിധേയരാകുന്നു. വലതു തീവ്രവാദിയെന്നോ കമ്യൂണിസ്റ്റെന്നോ ദളിത് ആക്ടിവിസ്റ്റെന്നോ ഫെമിനിസ്റ്റെന്നോ ന്യൂനപക്ഷമെന്നോ ഉള്ള തരഭേദങ്ങള്‍ ഒന്നും തന്നെ ഈ വിധേയത്വത്തിനു തടസ്സവുമല്ല. കാരണം നമ്മളെല്ലാം കോളനിവാഴ്ചയിലെ അച്ചടി പുസ്തകങ്ങള്‍ കൊണ്ട് പുനര്‍സൃഷ്ടിക്കപ്പെട്ട ആശയ മണ്ഡലത്തിലേക്ക് പിറന്നു വീണവരാണ്. അതുകൊണ്ട് ഈ അത്യന്താധുനിക ഹൈടെക് ലോകത്ത് തിരുവാതിര ഞാറ്റുവേലയുടെ വരവ് നമ്മുടെ ചര്‍ച്ചാവിഷയമാകുകയില്ല. അഥവാ വന്നാല്‍ തന്നെ അത് സവര്‍ണ്ണ ഫാസിസത്തിന്റെ ജീര്‍ണ്ണോദ്ധാര കുതന്ത്രങ്ങളുടെ മറ്റൊരു നമ്പര്‍ എന്ന് ആട്ടിയകറ്റും. എന്നാല്‍ കെ.ജി.ശങ്കരപ്പിള്ള എഴുതിയതു പോലെ നാമറിയാതെ ‘നമ്മുടെ തലച്ചോറിലെ ചെളിവെള്ളത്തില്‍ താമസിക്കുന്ന മുതല’ എന്ന ആധുനികത്വത്തിന്റെ വ്യവഹാരങ്ങളെ വിമര്‍ശാത്മകമായി പരിശോധിക്കാതെ ആര്‍ക്കും അതിജീവനം സാധ്യമല്ല തന്നെ.
ആഗോള സ്ഥൂലശാസ്ത്രം പ്രാദേശിക സൂക്ഷ്മശാസ്ത്രങ്ങളെ വിഴുങ്ങുമ്പോള്‍ അതിജീവനത്തിന്റെ പിടിവള്ളികള്‍ ‘ അറുത്തുമാറ്റപ്പെടുന്നു എന്ന് തിരിച്ചറിയാന്‍ ഇനി വൈകരുത്. അതിന് കേവല യുക്തിക്കും സ്ഥൂലശാസ്ത്ര കാഴ്ചപ്പാടുകള്‍ക്കും അപ്പുറം പോകേണ്ടതുണ്ട്. ഇടതു വലതു, പഴഞ്ചന്‍ പുത്തന്‍, കറുപ്പ് വെളുപ്പ് ,ആണ്‍ പെണ്‍ ,ഭൂരിപക്ഷം ന്യൂനപക്ഷം എന്നീ മതിലുകളെയും മാറ്റിക്കളയേണ്ടതുണ്ട്. അന്ധമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മത പൗരോഹിത്യ താല്‍പ്പര്യങ്ങളെയും വകഞ്ഞു മാറ്റി പ്രാദേശിക സമൂഹങ്ങളുടെ നാട്ടു വിജ്ഞാനത്തിന്റെ സമകാലിക പ്രസക്തി മനസിലാക്കാന്‍ പറ്റണം. അധിനിവേശ കാലത്തിനു മുമ്പ് ചരിത്രത്തിലുടനീളം മനുഷ്യാധ്വാനവും പ്രകൃതിയും തമ്മിലുള്ള സൗഹൃദ വിനിമയത്തിലൂടെ ഉരുത്തിരിഞ്ഞ നാട്ടു ബോധ്യങ്ങളുടെ മൂല്യമറിയാനുള്ള വിനയമുണ്ടാകണം. നമ്മുടെ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കാര്‍ഷിക ഭക്ഷണ വ്യവസ്ഥകളെയും പ്രാദേശികം മുതല്‍ അന്തര്‍ദേശീയം വരെ നീളുന്ന പലവിധ കച്ചവടാസക്തികളില്‍ നിന്ന് രക്ഷപ്പെടുത്തണമെങ്കില്‍ 27ഞാറ്റുവേലകളും, തനത് സസ്യജന്തുജാലവും, നമ്മളും തമ്മിലുള്ള ആന്തരിക ലയം സ്വന്തം കണ്ണുകൊണ്ട് കാണാന്‍ കഴിയണം. അതിനുള്ള അസുലഭാവസരമാണ് നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലുമായെത്തുന്ന തിരുവാതിര ഞാറ്റുവേല നല്‍കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in