ഷാഹിന്‍ബാഗുകള്‍ പടുത്തുയര്‍ത്തേണ്ട രാഷ്ട്രീയസന്ദര്‍ഭം.

ഷാഹിന്‍ബാഗിലെ പെണ്‍പോരാട്ടം സംഘപരിവാര്‍ ശക്തികളെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നു എന്നതിനുദാഹരണമാണ് അവര്‍ക്കിതിരായ അക്രമങ്ങളും പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകളും. തങ്ങള്‍ വിജയിച്ചാല്‍ സമരമവസാനിപ്പിക്കാനുള്ള നടപടികളെടുക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു എന്നതില്‍ നിന്നുതന്നെ ഈ സമരത്തിന്റെ സന്ദേശത്തെ അവരെന്തുമാത്രം ഭയപ്പെടുന്നു എന്നതിനു തെളിവാണ്്. രാജ്യത്തെ പലഭാഗത്തും ഇപ്പോള്‍ തന്നെ ഷാഹിന്‍ ബാഗുകള്‍ ഉയരുകയാണ്.. ഇനിയുമത് ഉയരുമെന്നവര്‍ ഭയപ്പെടുന്നു.

കൊടുംതണുപ്പിനെ തൃണവല്‍ഗണിച്ച് സ്ത്രീകള്‍ രചിക്കുന്ന ഷാഹിന്‍ബാഗ് ചരിത്രം 50 ദിനത്തിലെത്തിയിരിക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കരുത്തുള്ള ആ പോരാട്ടത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളൊന്നും ഫലിക്കാതായപ്പോള്‍ തോക്കുമായാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ലോകത്തെ ഒരു ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തേയും തോക്കിനാലോ ലാത്തിയാലോ തകര്‍ക്കാനാവില്ല എന്ന ലോകചരിത്രമാണ് ഇവര്‍ മറക്കുന്നത്. ഷാഹിന്‍ബാഗിലെ പോരാട്ടമാകട്ടെ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള സമരമാണ്. അതിനാല്‍ തന്നെ അതിനു വീര്യം കൂടും.
ഷാഹിന്‍ബാഗിലെ പെണ്‍പോരാട്ടം സംഘപരിവാര്‍ ശക്തികളെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നു എന്നതിനുദാഹരണമാണ് അവര്‍ക്കിതിരായ അക്രമങ്ങളും പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകളും. ഒരു മതേതരരാജ്യത്തെ പൗരത്വത്തില്‍ മതം മാനദണ്ഡമാക്കുന്നതിനെതിരെയുള്ള ഈ ജനാധിപത്യ പോരാട്ടത്തെ ഡെല്‍ഹി തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലെ ഗൂഢാലോചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പതിവുപോലെ ഇസ്ലാമോഫോബിയ പരത്താനാണ് ഈ അവസരത്തേയും ഉപയോഗിക്കുന്നത്. തങ്ങള്‍ വിജയിച്ചാല്‍ സമരമവസാനിപ്പിക്കാനുള്ള നടപടികളെടുക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു എന്നതില്‍ നിന്നുതന്നെ ഈ സമരത്തിന്റെ സന്ദേശത്തെ അവരെന്തുമാത്രം ഭയപ്പെടുന്നു എന്നതിനു തെളിവാണ്്. രാജ്യത്തെ പലഭാഗത്തും ഇപ്പോള്‍ തന്നെ ഷാഹിന്‍ ബാഗുകള്‍ ഉയരുകയാണ്.. ഇനിയുമത് ഉയരുമെന്നവര്‍ ഭയപ്പെടുന്നു.
ഗാന്ധിവധത്തിനുശേഷം ഏറെകാലം പുറകോട്ടുപോയ സംഘപരിവാര്‍ അജണ്ട ഏവര്‍ക്കുമറിയാവുന്ന പോലെ വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നത് ബാബറി മസ്ജിദിനെതിരായ കടന്നാക്രമണത്തോടെയാണ്. പിന്നീടങ്ങോട്ട് കൃത്യമായ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പാക്കിയാണ് സംഘപരിവാര്‍ അധികാരത്തിലെത്തിയത് എന്നും വ്യക്തം. ഗുജറാത്ത്, മുംബൈ, മുസാഫര്‍നഗല്‍, കാണ്ഡമാല്‍ പോലുള്ള വംശീയഹത്യകളും ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും കൊലകളും ബീഫ് മുതല്‍ ശ്രാറാംവിളയുടെ പേരില്‍ വരെയുള്ള മുസ്ലിംകൊലകളും ദളിത് പീഡനങ്ങളും കലാശാലകളെയും അക്കാദമിക് സ്ഥാപനങ്ങളേയും കയ്യടക്കലുമെല്ലാം അതിന്റെ ഭാഗമായിരുന്നു. രണ്ടാം മോദി ഭരണത്തോടെ ഈ അജണ്ടക്ക് വേഗത കൂടി. ഭീകരനിയമങ്ങള്‍ കൂടുതല്‍ ഭീകരമാക്കിയതും മുസ്ലമുകളുടെ മാത്രം വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയതും കാശ്മീരില്‍ 370-ാം വകുപ്പ് എടു്തതുകളഞ്ഞതും ആസാമിലെ പൗരത്വപട്ടികയുമൊക്കെ അതിന്റെ ഭാഗമായിരുന്നു. ഈ സമയങ്ങളിലെല്ലാം രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അവയൊന്നും അതിശക്തമായില്ല. കാശ്മീരിനെയാകട്ടെ തികച്ചും തടവറയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹിന്ദുത്വരാഷ്ട്രം എന്ന തങ്ങളുടെ ലക്ഷ്യത്തിന്റെ അടുത്തപടിയായ പൗരത്വ നിയമ ഭേദഗതിക്കവര്‍ തയ്യാറായത്. എന്നാലിത്തവണ സംഘപരിവാറിന്റെ കണക്കുകള്‍ തെറ്റി. ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ കുട്ടികള്‍ ആരംഭിച്ച പ്രതിരോധം രാജ്യമെങ്ങും ഏറ്റെടുത്തു. വേണമെങ്കില്‍ ഒരു വര്‍ഗ്ഗീയകലാപമോ വംശീയഹത്യമോ നടത്താമെന്ന സംഘപരിവാര്‍ പ്രതീക്ഷകളെ രാജ്യം പ്രതിരോധിച്ചു. ചന്ദ്രശേഖര്‍ ആസാദിനെപോലുള്ളവര്‍ ഈ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയത് സംഘപരിവാറിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. ഈ ചരിത്രപോരാട്ടത്തിന്റെ പ്രതീകമാണ് ഷാഹിന്‍ബാഗ്. സംഘപരിവാറും ഇന്ത്യയും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ ഊര്‍ജ്ജസ്രോതസ്സാണ് ഷാഹിന്‍ബാഗിലെ പന്തമേന്തിയ പെണ്ണുങ്ങള്‍. അതിനാല്‍ തന്നെയാണ് അതു തകര്‍ക്കാനുള്ള നീക്കം ശക്തമായിരിക്കുന്നത്. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഷാഹിന്‍ബാഗിനെ പിന്തുണച്ചും കഴിയുന്നത്രയിടങ്ങളില്‍ ഷാഹിന്‍ബാഗുകള്‍ ഉയര്‍ത്തിയുമാണ് രാജ്യം പ്രതിരോധിക്കേണ്ടത്.
ഈയവസരത്തില്‍ കേരളത്തെ കുറിച്ച് പ്രതിപാദിക്കാതിരിക്കാനാവില്ല. പൗരത്വനിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയ നിയമസഭയാണ് നമ്മുടേത് എന്ന അവകാശവാദത്തില്‍ രമിക്കുകയാണ് നാം. എന്നാല്‍ പൗരത്വഭേദഗതിക്കെതിരായ പോരാട്ടത്തില്‍ ജാതി – മത – ലിംഗ – രാഷ്ട്രീയ വ്യത്യാസമില്ലാതെ പോരാടുക എന്ന ഷാഹിന്‍ബാഗിന്റെ യഥാര്‍ത്ഥസന്ദേശത്തോട് മുഖം തിരിക്കുകയാണ് പൊതുവില്‍ കേരളം എന്നു പറയാതെവയ്യ. മറിച്ച് അവയെല്ലാം മാനദണ്ഡമാക്കുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ സംഭവം തന്നെ ഉദാഹരണം. റോജി ജോണ്‍ എം എല്‍ എയുടെ ഒരു ഡയറക്ട് ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി നോക്കുക. അങ്കമാലി നിയോജക മണ്ഡലത്തില്‍, മഹല്ല് കമ്മിറ്റികളുടെ മുന്‍കയ്യില്‍ നടത്തിയ തീര്‍ത്തും സമാധാനപരമായ, പൗരത്വ ബില്ലിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മാത്രം, ഇരുനൂറോളം പേര്‍ക്കെതിരെ പോലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കുേമോ എന്നായിരുന്നു ചോദ്യം. അതിനു മുഖ്യമന്ത്രി പറഞ്ഞ മറുപടി മഹല്ല് കമ്മിറ്റികളില്‍ പലയിടത്തും എസ്ഡിപിഐയെപോലുള്ള സംഘടനകള്‍ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കുന്നു എന്നായിരുന്നു. അങ്കമാലിയില്‍ കുഴപ്പമുണ്ടാക്കിയോ, എവിടെയാണ് കുഴപ്പമുണ്ടാക്കിയത് എന്നൊന്നും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല. ഫലത്തില്‍ മോദിയും അമിത് ഷായും യോഗിയും ഉന്നയിക്കുന്ന ആരോപണങ്ങള്‍, പ്രത്യേക രീതിയില്‍ ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൗരത്വബില്ലിനെതിരായ ഹര്‍ത്താല്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതുമുതല്‍ ഈ പ്രവണത കാണാം. പിന്നീട് ജാമിയയിലെ സമരപോരാളിയായ വിദ്യാര്‍ത്ഥിനിക്കുനേരെ കയ്യേറ്റശ്രമം നടന്നു. കൊടുങ്ങല്ലൂരില്‍ സാക്ഷാല്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കരുതെന്ന തിട്ടൂരം പോലും മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇറക്കി. അതോടൊപ്പം മുഖ്യമന്ത്രിയുടെ തൊട്ടുത്ത സീറ്റിലിരുന്ന പൗരത്വഭേദഗഹതിക്കെതിരെ പ്രസംഗിക്കുന്ന കാന്തപുരം സ്ത്രീകള്‍ സമരത്തിനിറങ്ങരുതെന്ന് ആഹ്വാനം ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീപങ്കാളിത്തം എത്ര കുറവ്. കാമ്പസുകളിലും കാര്യമായ ചലനമില്ല. അവസാനമിതാ കൊല്ലത്തും കൊടുങ്ങല്ലൂരും അക്രമങ്ങളും ഉണ്ടായിരിക്കുന്നു. എസ് ഡി പിഐയും സിപിഎമ്മുമാണ് തങ്ങളെ അക്രമിച്ചതെന്ന് ബിജെപി ആരോപിക്കുന്നു.
ചുരുക്കത്തില്‍ ഷാഹിന്‍ ബാഗ് മുന്നോട്ടുവെക്കുന്ന സന്ദേശങ്ങള്‍ക്ക് – ജാതി, മത, കക്ഷിരാഷ്ട്രീയ, ലിംഗഭാദമില്ലാതെ സ്ത്രീകളുംടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലുള്ള അക്രമരഹിതസമരം – എല്ലാം എതിരായ രീതിയിലാണ് കേരളത്തിന്റെ പോക്ക്. അതില്‍ അല്‍ഭുതമൊന്നുമില്ല. അടിയന്തരാവസ്ഥാകാലത്തും മണഅഡല്‍ കമ്മീഷന്‍ കാലത്തുമൊക്കെ അതങ്ങനെയായിരുന്നു. നമ്പര്‍ വണ്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മള്‍ പരാട്ടങ്ങള്‍ എന്നും പുറകില്‍ തന്നെയായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ മുഖ്യധാരയിലെ ഈ പ്രവണതകളെ അതിജീവിച്ച് യഥാര്‍ത്ഥ ഷാഹിന്‍ബാഗുകള്‍ കെട്ടിപ്പടുക്കാനാണ് യഥാര്‍ഥ ജനാധിപത്യ – മതേതരവാദികള്‍ ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply