കേരളത്തിന്റെ സര്‍വീസ് മേഖല നോക്കുകൂലിക്ക് അടിപ്പെട്ടോ? – വിജയകുമാര്‍ പി എന്‍
ജോലി ചെയ്യാതെ കൂലിവാങ്ങുക എന്നുപറഞ്ഞാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരിക നോക്കുകൂലിയുടെ കാര്യമാണ്. നോക്കുകൂലി കിട്ടണമെങ്കില്‍ ഒരു പ്രവര്‍ത്തി സ്ഥലത്ത് പോയിനിന്ന് വഴക്കുണ്ടാക്കി വാങ്ങണം. അതിന്റെപോലും ആവശ്യമില്ല. സര്‍ക്കാര്‍ ഇങ്ങോട്ടു കൊണ്ടുവന്ന് തരും. ഇതാ നിങ്ങളുടെ ശമ്പളം, ഇതാ നിങ്ങളുടെ ശമ്പളപരിഷ്‌കരണം, ഇതാ നിങ്ങളുടെ കുടിശ്ശിക, നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഞങ്ങള്‍ വരുത്തില്ല. എന്താണ് ഈ വിഭാഗത്തിന്റെ ശക്തിവിശേഷം!
ഒരു മഹാമാരിയുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വര്‍ഷത്തിലാണ് നാം. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തോടുകൂടി മൂന്നാം തരംഗവും പ്രതീക്ഷിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതായത് സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ ഈ പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന ആഘാതം അടുത്തൊന്നും നമ്മളെ വിട്ട് പോകില്ല എന്ന് ചുരുക്കം. ഇതിനു മുന്‍പ് ഇങ്ങനെയൊരു അനുഭവം നമുക്ക് ഉണ്ടായിട്ടില്ല. ഒന്നര വര്‍ഷമായി നമ്മള്‍ അനുഭവിക്കുന്ന ഈ ദുരിത കാലഘട്ടത്തില്‍ ഇവിടെ നടന്നിട്ടുള്ള ചില ശരിയല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഒരു സൂചന നല്‍കുന്നതിനു വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.
കോവിഡിന്റെ ഭീതിജനകമല്ലാത്ത ആദ്യഘട്ടങ്ങളില്‍ തന്നെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശക്തമായ ലോക്ക് ഡൗണ്‍ നടപ്പിലാക്കി രോഗത്തില്‍ നിന്ന് രക്ഷ നേടാന്‍ ശ്രമിച്ചു. അങ്ങനെ ചെയ്തപ്പോള്‍ കേരളസര്‍ക്കാര്‍ ഒരു ഉറപ്പു നല്‍കി. ഇവിടെ പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാവില്ല എന്ന്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തിനോ കേന്ദ്രസര്‍ക്കാറിന് തന്നെയോ പറയാന്‍ കഴിയാത്ത ഒരു കാര്യമാണ് കേരളം ചെയ്തത്. ഇത് കേരളത്തിന്റെ ഒരു സവിശേഷതയുമാണ്. ജനങ്ങള്‍ക്ക് സൗജന്യറേഷനും ഭക്ഷ്യകിറ്റും നല്‍കി. അത് അവരുടെ ജീവിതം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന ഘടകമായി. എല്ലാവരും സഹകരിച്ചു. തൊഴിലിടങ്ങളിലേക്ക് പോകാതെ കേരളം മുഴുവന്‍ വീടുകളില്‍ തന്നെ കഴിഞ്ഞു. നീണ്ടുപോയ ലോക്ക്ഡൗണിനെ തുടര്‍ന്ന് നമ്മുടെ ഉല്‍പാദനരംഗം വളരെയധികം മന്ദീഭവിച്ചു. ഒരു വലിയ ശതമാനം ജനങ്ങള്‍ ജോലിയുമില്ല കൂലിയുമില്ല എന്നൊരു ദാരുണമായ അവസ്ഥയിലേക്ക് നിപതിച്ചു. കയ്യിലെ ചില്ലിത്തുട്ടുകളും ചില്ലറ സമ്പാദ്യങ്ങളും കഴിഞ്ഞതോടെ അവര്‍ പാപ്പരീകരിക്കപ്പെട്ടു. ഇന്ത്യയിലെ മൂന്നു കോടി 20 ലക്ഷം താഴ്ന്ന ഇടത്തരക്കാര്‍ ഇക്കാലഘട്ടത്തില്‍ ദരിദ്രരായി മാറിയെന്നും ലോകത്തിലെ തന്നെ ദരിദ്രരില്‍ 60 ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണെന്നും പഠനങ്ങള്‍ പറയുന്നു. മധ്യവര്‍ഗത്തിലുള്ളവരും ആശങ്കയില്‍ പെട്ട് ഉഴലുകയാണ്. അങ്ങനെ ജോലിയില്ല കൂലിയില്ല എന്നതാണ് 80 ശതമാനത്തോളം വരുന്ന കേരളത്തിലെ ജനങ്ങളുടെ അവസ്ഥ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജോലിയില്ലെങ്കില്‍ കൂലിയില്ല എന്നത് വളരെ സ്വാഭാവികമായ ഒരു അവസ്ഥയാണ്. എന്നാല്‍ കേരളത്തിലെ ഒരു വിഭാഗത്തിന് അത് അങ്ങനെയല്ല. അവര്‍ക്ക് ജോലി ഇല്ല, പക്ഷേ കൂലിയുണ്ട്, അതും മികച്ച കൂലി തന്നെയുണ്ട്. ഈ കോവിഡ് കാലമത്രയും മികച്ച കൂലി ലഭിക്കുകയും അതിനുവേണ്ട ജോലി ചെയ്യാതിരിക്കുകയും ചെയ്യുന്ന, കേരളത്തിന്റെ ആഭ്യന്തര വരുമാനത്തെ കാര്‍ന്നു തിന്നുന്ന, അതിശക്തമായ ഒരു വര്‍ഗ്ഗം കേരളത്തിലുണ്ട്. അത് അധ്യാപക എന്‍ജിഒ വര്‍ഗ്ഗം ആണ്. അവര്‍ക്കുള്ള ശമ്പളം കൃത്യമായി ഈ കാലഘട്ടത്തില്‍ ഉടനീളം കൊടുത്തിരുന്നു. കടമെടുത്തു തന്നെ കൊടുത്തിരുന്നു. ശമ്പളം കൊടുക്കാന്‍ കടമെടുക്കുമ്പോള്‍ തിരിച്ചടവു സമയത്ത് പലിശ ഉള്‍പ്പെടെ കൊടുക്കണം. ആരാണ് കൊടുക്കേണ്ടത്? പണി ഇല്ലാത്തവരുള്‍പ്പെടെ കൊടുക്കണം. പണിയെടുക്കാതെ ശമ്പളം വാങ്ങിയവര്‍ക്ക് പണി ഇല്ലാത്തവര്‍ പില്‍ക്കാലത്ത് പലിശത്തുക ഉള്‍പ്പെടെ മടക്കിയടക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടായി. ഇത് വളരെ വിചിത്രമാണ്.
സര്‍ക്കാര്‍ ജീവനക്കാരില്‍ ആര്‍ക്കൊക്കെയാണ് ജോലി ഉണ്ടായിരുന്നത്?
ആരോഗ്യപ്രവര്‍ത്തകര്‍ അധിക ജോലി ചെയ്തു. പോലീസുകാരും. റവന്യൂ വിഭാഗത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പകുതിയോളം പേര്‍ ജോലി ചെയ്തു. സെക്രട്ടറിയേറ്റ് പോലുള്ള കേന്ദ്രീകൃത ഓഫീസുകള്‍ പൂര്‍ണമായോ ഭാഗികമായോ അടഞ്ഞുകിടന്നു. അധ്യാപക വിഭാഗത്തെ നോക്കിയാല്‍ 10 11 12 ക്ലാസുകളിലെ ഒഴിച്ചുള്ള അധ്യാപകരാരും ജോലി ചെയ്തിട്ടില്ല. ഒന്നുമുതല്‍ ഒന്‍പത് വരെ പഠിപ്പിക്കുന്ന അദ്ധ്യാപകരും മറ്റ് ക്ലാസുകളിലെ ചില അദ്ധ്യാപകരും കുറച്ചു ദിവസങ്ങള്‍ കോവിഡ് ഡ്യൂട്ടി ചെയ്തിട്ടുണ്ടെന്ന കാര്യം മറക്കുന്നില്ല. വലിയ ശമ്പളം കൈപ്പറ്റുന്ന ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആകട്ടെ കുറച്ചുപേര്‍ ഓണ്‍ലൈന്‍ ക്ലാസുകളിലും പരീക്ഷാ, വാലുവേഷന്‍ ഡ്യൂട്ടിക്കും മാത്രമാണ് പങ്കെടുത്തത്.
ജോലി ചെയ്യാതെ ശമ്പളം വാങ്ങിയത് ശരിയായോ എന്ന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ പശ്ചാത്തലത്തില്‍ നമുക്ക് നോക്കാം.
ആദ്യഘട്ടത്തില്‍ അവര്‍ക്ക് രണ്ടോമൂന്നോ മാസം ശമ്പളം വാങ്ങാം. പിന്നീട് അത് തുടരുമ്പോള്‍ അവര്‍ക്ക് കുറ്റബോധം തോന്നണം. പൊതുജനത്തിന്റെയും സര്‍ക്കാരിന്റെയും കയ്യില്‍ പണം ഇല്ലാത്തപ്പോള്‍ അങ്ങനെ കൊടുക്കുന്നതും വാങ്ങുന്നതും ശരിയാണോ എന്ന് തോന്നണം. ധാര്‍മികത പഠിപ്പിക്കുന്ന വിഭാഗം ആണല്ലോ അധ്യാപകര്‍. അങ്ങനെ അവര്‍ക്ക് തോന്നിയില്ല. തോന്നാത്തത്തിന് കാരണമെന്ത്? ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന ഒരു അവസ്ഥയിലേയ്ക്കാണ് അവര്‍ എത്തിയിരിക്കുന്നത്. ഇടതുപക്ഷം എന്നോ വലതുപക്ഷം എന്നോ ഭേദമില്ലാതെ ഈ വിഭാഗങ്ങള്‍ എല്ലാം തന്നെ അവര്‍ ജോലി ചെയ്യാതെ കിട്ടുന്ന പണം സ്വന്തം പണമായി കരുതുന്ന അവരുടേതായ ഒരു ധര്‍മ്മ വ്യവസ്ഥയിലേക്ക് കുടിയേറി കഴിഞ്ഞിരിക്കുന്നു എന്നാണ് നമ്മള്‍ക്ക് മനസ്സിലാക്കേണ്ടി വരിക.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാമൂഹ്യനീതി നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലല്ല വികസിക്കുന്നത്. പുതിയ സാഹചര്യങ്ങള്‍ക്കൊത്ത് വളര്‍ന്നുവരുന്ന ഒരു പുതിയ നൈതികതയാണത്. നവോത്ഥാന മൂല്യങ്ങളും ഇടതുപക്ഷ ആശയങ്ങളും ഈ പുതിയ നൈതികതയുടെ സൃഷ്ടിയാണ് തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നത്. അതിന്റെ പതാകവാഹകര്‍ ആയിരുന്നു ഒരു കാലത്ത് കേരളത്തിലെ അധ്യാപകര്‍. ആ പൈതൃകം ഇപ്പോഴത്തെ അധ്യാപകര്‍ക്ക് നഷ്ടപ്പെട്ടോ?
വായ്പയെടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയ സര്‍ക്കാര്‍ അവരോട് ഒരു മാസത്തെ ശമ്പളം കടമായി ചോദിച്ചപ്പോള്‍ ഉണ്ടായ പുകില്‍ നമ്മള്‍ കണ്ടതാണ്. വലതുപക്ഷ സംഘടനകള്‍ അത് കൊടുക്കാനേ തയ്യാറായില്ല. ഇടതുപക്ഷത്തിലെ ഭൂരിപക്ഷവും മടിച്ചുമടിച്ചാണ് കൊടുത്തത്. അവരുടെ സംഘടനയുടെ പ്രത്യേകത കൊണ്ടാണ് കൊടുക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായത്. ആ പണമൊക്കെ സര്‍ക്കാര്‍ തിരിച്ചു കൊടുക്കുകയും ചെയ്തു. 30 ദിവസത്തെ ശമ്പളം 5 ഗഡുക്കളായി തിരിച്ചു കൊടുത്തപ്പോള്‍ അതില്‍ ഒരു ഗഡു തുക വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്യുവാന്‍ അധ്യാപകരുടെ ഇടതുപക്ഷ സംഘടനയായ KSTA അഭ്യര്‍ത്ഥിച്ചു. അതിന് യൂണിയന്‍ അംഗങ്ങളില്‍ നിന്നുതന്നെ കാര്യമായ പ്രതികരണമുണ്ടായില്ല. ഇതിനൊക്കെ പുറമേ അവര്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ ഒരു ശമ്പളപരിഷ്‌കരണം നടപ്പാക്കി. വര്‍ദ്ധിച്ച ശമ്പളവും കുടിശ്ശികയുടെ ഒരുഭാഗവും നല്‍കി. കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് ഇടി വെട്ടിയ വീട്ടില്‍നിന്ന് ഓല ഊരുന്നതിന് തുല്യം. അടച്ചിടല്‍കാലത്തിന്റെ സവിശേഷത മനസിലാക്കിക്കൊണ്ട് അടിയന്തിരമായി ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം സര്‍വീസ് സംഘടനകള്‍ക്ക് ഉണ്ടാവേണ്ടിയിരുന്നു.
ജോലി ചെയ്യാതെ കൂലിവാങ്ങുക എന്നുപറഞ്ഞാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരിക നോക്കുകൂലിയുടെ കാര്യമാണ്. നോക്കുകൂലി കിട്ടണമെങ്കില്‍ ഒരു പ്രവര്‍ത്തി സ്ഥലത്ത് പോയിനിന്ന് വഴക്കുണ്ടാക്കി വാങ്ങണം. അതിന്റെപോലും ആവശ്യമില്ല. സര്‍ക്കാര്‍ ഇങ്ങോട്ടു കൊണ്ടുവന്ന് തരും. ഇതാ നിങ്ങളുടെ ശമ്പളം, ഇതാ നിങ്ങളുടെ ശമ്പളപരിഷ്‌കരണം, ഇതാ നിങ്ങളുടെ കുടിശ്ശിക, നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഞങ്ങള്‍ വരുത്തില്ല. എന്താണ് ഈ വിഭാഗത്തിന്റെ ശക്തിവിശേഷം!
എല്ലാം കൈനീട്ടി വാങ്ങി – ജോലി ചെയ്തില്ലെങ്കിലും. ഈ പ്രവര്‍ത്തികള്‍ നമ്മുടെ ധര്‍മ്മാദര്‍ശത്തിന് അപരിഹാര്യമായ ശോഷണം ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. ധര്‍മ്മാദര്‍ശം പഠിപ്പിക്കുന്നവര്‍ ധര്‍മ്മാദര്‍ശം പാലിക്കാത്തവരായി മാറിയാല്‍ അത് ഒരു ബൂര്‍ഷ്വ അവസ്ഥ തന്നെയാണ്. അതൊന്നും ഒരു തൊഴിലാളി സോഷ്യലിസ്റ്റ് അവസ്ഥയല്ല. ഇനി എന്താണ് ചെയ്യാന്‍ കഴിയുക? വാങ്ങിയ പണം തിരിച്ചു കൊടുക്കണം എന്ന് പറയുന്നില്ല. എന്നാല്‍ അതിനുപകരം തങ്ങള്‍ക്ക് ലഭിച്ച ആര്‍ജ്ജിത അവധികളും മറ്റ് അവധികളും അവധിദിനങ്ങളും വേണ്ടെന്നുവെച്ച് ജനങ്ങള്‍ക്ക് നഷ്ടമായ സേവനങ്ങളും കുട്ടികള്‍ക്ക് നഷ്ടമായ വിദ്യാഭ്യാസവും അവര്‍ക്ക് തിരിച്ചു നല്‍കി ഈ പ്രശ്‌നം അല്‍പമെങ്കിലും പരിഹരിക്കുക. അല്ലെങ്കില്‍ ഉന്നതശ്രേണിയിലുള്ളവര്‍ നോക്കുകൂലി വാങ്ങിയെന്ന് പുതിയ തലമുറ പറയും. ഉറക്കത്തില്‍ പോലും സ്വന്തം മനസ്സാക്ഷിയുടെ കുത്തേറ്റ് പിടയേണ്ടിവരുന്ന ഒരു അവസ്ഥ ഇവര്‍ ഒഴിവാക്കട്ടെ.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in