നിര്‍മ്മിത ബുദ്ധിയുടെ കാലത്ത് ദി മാട്രിക്‌സ് കാണുമ്പോള്‍

നിര്‍മിതബുദ്ധിയുടെ പുതിയ കാലത്ത് 1999ല്‍ ഇറങ്ങിയ ദി മാട്രിക്സ് എന്ന സിനിമ വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ലേഖകന്‍ വിരല്‍ചൂണ്ടുന്നത്. നാലുവര്‍ഷം മുമ്പ് ദി ക്രിട്ടിക് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സമകാലിക രൂപം..

1999ല്‍ വാചോവസ്‌കി സഹോദരിമാരാണ് ഈ സിനിമ സംവിധാനം ചെയ്തത്. 2012ല്‍ ലാനയും 2016 ലില്ലിയുമായി വാചോവസ്‌കി സഹോദരന്മാര്‍ സ്ത്രീകളായി കമിങ് ഔട്ട് നടത്തുകയായിരുന്നു. മാട്രിക്‌സ് എന്ന സിനിമ അതിസൂക്ഷ്മമായി ഇന്ന് നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നുണ്ട്. മാട്രിക്‌സിനെക്കുറിച്ചു ലാന ഇപ്പോള്‍ പറയുന്നത് ”ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഈ സിനിമയില്‍ എന്ത് അന്വേഷിച്ചുവോ അത് ഈ ചരിത്രഘട്ടത്തില്‍ വളരെ പ്രസക്തമാകുകയാണ്” എന്നാണ്. Watching The Matrix in the Age of Artificial Intelligence

ഇരുപതു വര്ഷം മുന്‍പാണ് അവര്‍ ഈ സിനിമ എഴുതുന്നത്.. അതായതു ഈ ലോകം ഇത്രമേല്‍ മാറുമെന്നും അതിനിങ്ങനെയൊരു മാറ്റം സംഭവിക്കുമെന്നും അവര്‍ കണക്കുകൂട്ടിയതെങ്ങനെയാണ്.? അതാണ് പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്. പ്രോഗ്രാം ചെയ്യപ്പെട്ടുവെച്ച യന്ത്രങ്ങളുടെ അധികാര വ്യവസ്ഥയില്‍ മനുഷ്യന്‍ ജീവിക്കുന്ന കാലത്താണ് ഈ സിനിമയുടെ കഥ നടക്കുന്നത്. പൂര്ണ്ണ്മായും യന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന ഭൂമിയില്‍ മനുഷ്യന്‍ ജനിക്കുന്നത് മുതല്‍ വലിയൊരു നെറ്റ് വര്ക്കില്‍ ബന്ധിതനാണ്. അവിട മനുഷ്യനെ അവശ്യ ആഹാരങ്ങള്‍ ശരീരത്തില്‍ കുത്തിവച്ച് വളര്‍ത്തുകയാണ് യന്ത്രങ്ങള്‍. അബോധാവസ്ഥയിലുള്ള മനുഷ്യശരീരം ഒരു സെര്‍വറില്‍ ബന്ധിതമായിരിക്കുകയും അവിടെ നിന്നും പ്രോഗ്രാം ചെയ്തുവച്ച വെര്‍ച്വലായ മറ്റൊരു ലോകത്തില്‍ മനുഷ്യന്‍ സ്വബോധത്തില്‍ നിലനില്ക്കുകയും ചെയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുകൊണ്ട് ഈ സെര്‍വറില്‍ ബന്ധിതനായ മനുഷ്യന് ഭൗതികമായ ലോകത്തിലാണ് ജീവിക്കുന്നതെന്ന് അനുഭവമുണ്ടാക്കുകയാണ് ചെയ്യുന്നത്. അവിടെ മനുഷ്യര്‍ യാഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത് പോലെ മറ്റു മനുഷ്യരുമായി ജീവിക്കുന്നു. എല്ലാ മനുഷ്യരും ഈ പ്രോഗ്രാം ചെയ്യപ്പെട്ട ലോകത്തിലാണ് ഇടപഴകുന്നത്. മനുഷ്യന്റെ ധാരണ യഥാര്ത്ഥത്തിലുള്ള ഭൗതിക ലോകത്തിലാണ് അവര്‍ ജീവിക്കുന്നതെന്നാണ്. പ്രോഗ്രാം ചെയ്തുവച്ച വെര്‍ച്വലായ ലോകമാണതെന്ന് അവര്‍ തിരിച്ചറിയുന്നില്ല.

എന്നാല്‍ കുറച്ച് പേര്‍ സത്യം തിരിച്ചറിഞ്ഞ് പ്രോഗ്രാം ചെയ്യപ്പെട്ട മനുഷ്യനെ വിമോചിപ്പിക്കാന്‍ യന്ത്രങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നു. നിയോ എന്നയാള്‍ ഈ യുദ്ധത്തില്‍ നായകനാകാന്‍ തിരഞ്ഞെടുക്കപ്പെടുകയാണ്. മോര്‍ഫ്യുസ് എന്നയാള്‍ ഇങ്ങനെ യാഥാര്‍ഥ്യം തിരിച്ചറിയുകയും ഈ സംവിധാനത്തിനെതിരെ യുദ്ധം ചെയ്യുന്ന സമൂഹത്തിലെ ഒരു പ്രധാനപ്പെട്ട ആളാണ്, അയാള്‍ വഴിയാണ് നിയോ തിരഞ്ഞെടുക്കപ്പെടുന്നത്. പ്രോഗ്രാം ചെയ്യപ്പെട്ട ലോകത്തില്‍ നിന്നും മനുഷ്യരെ അണ്‍ പ്ലഗ് ചെയ്യാനും രക്ഷിക്കാനുമുള്ള യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ. യുദ്ധം സംഭവിക്കുന്നത് മിക്കവാറും പ്രോഗ്രാം ചെയ്യപ്പെട്ട ലോകത്തിലായതുകൊണ്ട് സ്ഥലകാലങ്ങള്‍ ഈ സിനിമയില്‍ ഒരു പ്രശ്‌നമല്ല. അതിമാനുഷികമായ വേഗതയില്‍ സഞ്ചരിക്കാനും ചലിക്കാനും പ്രോഗ്രാം ചെയ്യപ്പെട്ട രീതിയില്‍ എന്ത് ചെയ്യാനും ഈ വിര്‍ച്വല്‍ ലോകത്തില്‍ മനുഷ്യര്‍ക്ക് സാധിക്കുന്നു. ലോകം അതുവരെ കാണാത്ത രീതിയില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തില്‍ സാഹസികമായ സംഘട്ടങ്ങളും ആക്ഷന്‍ സീക്വന്‍സുകളും കൊണ്ട് നിറഞ്ഞതായിരുന്നു സിനിമ. അതിനെ യുക്തിപൂര്‍വം സിനിമ ന്യായീകരിക്കുന്നുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതുപോലെ തന്നെ ടെക്‌നോളജിയുടെ ഒരു രാഷ്ട്രീയവും ഫിലോസഫിയും അര്‍ഥാന്തരങ്ങളും മെറ്റഫോറുകളും കൊണ്ട് ഈ സിനിമ നിറയുകയാണ്. യന്ത്രങ്ങള്‍ക്കെതിരെ യുദ്ധം നടക്കുമ്പോഴും പ്രോഗ്രാം ചെയ്തു വെക്കപ്പെട്ട ലോകമാണ് യാഥാര്‍ഥ്യമെന്ന് വിശ്വസിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. തന്റെ അസ്തിത്വം വിര്‍ച്വല്‍ ആണെന്നും അത് തന്നെയാണ് തനിക്ക് അനുഭവിക്കാന്‍ ആഗ്രഹമെന്നും അവരിലൊരാള്‍ നായകനായ നിയോയോട് ഒരിക്കല്‍ പറയുന്നുമുണ്ട്. ഇങ്ങനെയാണ് ഈ സിനിമയുടെ കഥ സഞ്ചരിക്കുന്നത്. മനുഷ്യന്റെ അസ്തിത്വം തന്നെ മിഥ്യയായി മാറുന്നു എന്നൊക്കെയാണ് സിനിമ സംശയം പ്രകടിപ്പിക്കുന്നത്. സത്യത്തില്‍ ഒന്നാലോചിച്ച് നോക്കൂ വെര്ച്വലായ മറ്റൊരു ജീവിതം നാമല്ലാവരും കൊണ്ടു നടക്കുന്നില്ലേ…. ഞാനീ എഴുതുന്നതും നിങ്ങളീ വായിക്കുന്നതും അതിന്റെ ഒരു ഭാഗമല്ലേ? ഇവിടം എല്ലാവരും രാഷ്ട്രീയമോ സിനിമയോ ചര്‍ച്ചചെയ്യുന്ന അല്ലെങ്കില്‍ പരദൂഷണം നടത്തുന്ന ഒരു ചായക്കടയോ ഒരു സലൂണോ ഗ്രന്ധശാലയോ ഒക്കെ ആയി നമുക്ക് തോന്നുന്നില്ലേ. ഈ വെബ്‌സൈറ്റ് തന്നെ ഒരു പത്രസ്ഥാപനത്തിന്റെ ലൈബ്രറി പോലെ വിശാലമല്ലേ? വാട്‌സ് ആപ്പിലൂടെയും ട്വിറ്ററിലൂടെയും നമ്മളത് പങ്കു വയ്ക്കുന്നില്ലേ? സത്യത്തില്‍ നാമിവിടെ ഒരു ബദല്‍ ജീവിതം തന്നെയല്ലേ നയിക്കുന്നത്? നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നമ്മുടെ ഓണ്‍ലൈന്‍ ജീവിതം നാം നവീകരിക്കുന്നില്ലെ. ചിലര്‍ അള്‍ട്രാ മോഡേണ്‍ ആകുന്നു, ചിലര്‍ കള്‍ചറല്‍ ഫ്രീക്കുകള്‍ അകുന്നു, ചിലര്‍ ക്രിമിനലുകളാകുന്നു.

ഓണ്‍ലൈനായി നാം ഇടപെടാത്ത മേഖലകളുണ്ടോ?. നമ്മളില്‍ ചിലര് വെര്‍ച്വല്‍ ലോകത്ത് സാധാരണമായി വന്‍ വ്യവസായങ്ങള്‍ നടത്തുന്നു, സാമൂഹ്യസേവനം നടത്തുന്നു, പ്രണയിക്കുന്നു, പഠിക്കുന്നു പാര്ട്ടികള്‍ നടത്തുന്നു, ആഹാരം വാങ്ങുന്നു പണം കൈമാറുന്നു. വഴികാട്ടുന്നു. വലിയ സമരങ്ങള്‍ വിജയിപ്പിക്കുന്നു. എന്തിനേറെ പറയുന്നു ഈ വെര്ച്വല്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമിരുന്ന് ഭോഗിക്കുന്നവരെ വരെ നമുക്കറിയാം. തീര്ച്ചയായും നമുക്ക് വെര്ച്വലായതിനെ ബോധിച്ചിരിക്കുന്നു. ഭൗതീകമായി ഒരിടത്ത് കേന്ദ്രീകരിക്കുമ്പോഴും നാമെല്ലാം ഒരു സെര്‍വറില്‍ ബന്ധിക്കപ്പെട്ട നെറ്റ് റ്വര്‍ക്കിന്റെ ഭാഗമാണ്. ഇനിയും കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഈ ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് മാട്രിക്‌സ് സിനിമയിലെ നിയോവിനെയും മോര്‍ഫ്യുസിനെപോലെയും ഇപ്പോള്‍ സ്ഥകാല ഭേദമില്ല എന്നതാണ് വാസ്തവം.

അതായത് ഈ വെര്ച്വാലിറ്റി എന്നത് ഒരു യാഥാര്‍ഥ്യമാണ്. മാട്രിക്‌സ് പോലെ. സാധ്യമല്ലാതിരുന്നവ വെര്‍ച്വലായി സാധിക്കുന്നു. അതും മാട്രിക്‌സില്‍ വിഷയീകരിക്കുന്നു. എല്ലാം മിഥ്യയാണെന്ന് ധരിക്കുമ്പോള്‍ നായകന് വെര്ച്വല്‍ ലോകത്ത് അമാനുഷികനായി യുദ്ധം ചെയ്യാനും പറക്കാനും സാധിക്കുന്നു. ശ്രദ്ധിക്കൂ സിനിമയില്‍ നെറ്റ് വര്‍ക്കില്‍ നിന്ന് അണ്‍ പ്ലഗ് ചെയ്യപ്പെടുന്ന നിയോ മോര്‍ഫ്യൂസിനോടൊപ്പം മറ്റൊരു സ്‌പേസ്ഷിപ്പില്‍ നിന്നും ഈ നെറ്റ് വര്‍ക്കിലേക്ക് പ്ലഗ് ഇന്‍ ചെയ്യുന്നുണ്ട്. പന്നീട് അതിനകത്തെ പല സ്‌പേസുകളിലേയ്ക്കും അവര്‍ സഞ്ചരിക്കുന്നുണ്ട്. ആയുധ ശേഖരങ്ങളിരിക്കുന്ന സ്ഥലങ്ങള്‍, കുങ്ഫു പരിശീലിക്കുന്ന ഒഴിഞ്ഞ കെട്ടിടം, ഒരു പ്രതലം പോലുമില്ലാത്ത കേവലം വാക്വം സ്‌പേസ്. അങ്ങനെ ഒരു സ്‌പേസില്‍ നിന്നും മറ്റൊരു സ്‌പേസിലേക്ക് ഒഴുകാന്‍ കഴിയുന്നു എന്നത് ഈ സിനിമയില്‍ കാണിക്കുന്ന മുഴുവന്‍ ആക്ഷനും ന്യായീകരണമാണ്. ഒന്നോര്‍ത്താല്‍ നമ്മള്‍ എല്ലാവരും ഇത് ചെയ്യുന്നുണ്ട്.

എങ്ങനെ? വ്യക്തമാക്കാം നിങ്ങള്‍ ഈ കുറിപ്പ് വായിക്കുന്നതിനിടയ്ക്ക് സുഹൃത്തിന്റെ വാട്ട്‌സ് ആപ്പ് മെസേജിന് മറുപടി അയക്കാന്‍ പോകും അതൊരു വെര്‍ച്വല്‍ സ്‌പേസ് ആണ്. അതേ സമയം നിങ്ങള്‍ ഈ സ്‌പേസില്‍ നിന്ന് അണ്‍ പ്ലഗ്ഡ് ആയിട്ടില്ല എന്ന് മറക്കരുത്, ഈ ക്രിട്ടിക് എന്ന സ്‌പേസ് അപ്പോഴും അവിടെ ഒരു ടാപ്പിന് ഇപ്പുറത്തുണ്ട് ആ സമയത്ത് നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും ഒരു ഗ്രൂപ്പ് കോള്‍ വരുന്നു, അങ്ങനെ നിങ്ങള്‍ കുടുംബവുമായി അല്പം സമയം ചെലവഴിക്കുന്നു. അപ്പോഴാണ് നിങ്ങളുടെ പ്രിയപ്പെട്ട സിനിമ നടനെ ഒരു ഫേസ്ബുക്ക് പേജില്‍ വിമര്‍ശിച്ചു എന്ന് നിങ്ങള്‍ അറിയുന്നത്, അപ്പോള്‍ തന്നെ ആ വിവരം ഒരു പത്ത് ഫാന്‍സിനെ അറിയിച്ച് ഉടനെ ആ പേജിലേക്ക് എത്തുമ്പോഴേക്കും ഒരു പതിനായിരം ഫാന്‍സ് അവിടെ നിന്ന് തെറി വിളിക്കുന്നുണ്ടാകും. കണ്ടോ ഇങ്ങനെ ക്ഷണികമായ സമയം കൊണ്ട് പല സ്‌പേസുകളില്‍ നിങ്ങള്‍ക്ക് പ്ലഗ് ഇന്‍ ആയിരിക്കുവാന്‍ കഴിയും. മാട്രിക്‌സ് റീലോഡഡ് എന്ന സിനിമയില്‍ ഒരേ പോലുള്ള ആയിരക്കണക്കിന്ന് എജന്റ് സ്മിത്തുമാരുമായി യുദ്ധം ചെയ്യുന്ന നിയോവിനെ ഓര്‍മ്മയുണ്ടോ പതിനായിരക്കണക്കിന് ഫാന്‍സ് ഒരുമിച്ച് ഒരു കൊച്ചു വിമര്‍ശന പോസ്റ്റിന്റ കീഴില്‍ ചുറ്റിപ്പറ്റുന്നത് ഓര്‍ത്തു നോക്ക്. പെട്ടെന്നു തന്നെ വലുപ്പം എത്ര തന്നെ കൂട്ടാനും ചുരുങ്ങാനും ഈ സ്‌പേസുകള്‍ക്കും ഈ നെറ്റ് വര്‍ക്ക് സമൂഹങ്ങള്‍ക്ക് കഴിയും.

അതിനു കൃത്യമായി ഒരു ഡൈമെന്‍ഷന്‍ ഇല്ല. അത് വലുപ്പം കൂട്ടുകയും ചുരുങ്ങുകയും ചെയ്യും. വ്യത്യസ്ത നോഡുകളില്‍ നിന്നും നമുക്കത്തിനുള്ളിലേക്ക് കടക്കാം. സഞ്ചാരിക്കാം. ഈ നെറ്റ് വര്‍ക്കുകളുടെ പ്രധാന സവിശേഷത ഇവിടെ രൂപപ്പെടുന്ന സാമൂഹികതയ്ക്ക് ഹൈയറാര്‍ക്കികള്‍ ഇല്ല എന്നതാണ്. അതിനുള്ളില്‍ സമൂഹത്തിന്റെ സവിശേഷമായ ഹെഗമണികളും ഉണ്ടാകുമെങ്കിലും അതിനെതിരെയുള്ള ശക്തമായ പ്രതിരോധങ്ങളും ഉണ്ടാകും. നോക്കൂ ബ്യൂറോക്രസിയുടെ അധികാര പ്രോട്ടോകോള്‍ ക്രമങ്ങളിലൂടെ പോകേണ്ട ഒരു പരാതി മന്ത്രിയുടെ പോസ്റ്റിനു കീഴെ കമന്റ് ചെയ്തു കഴിയുസോള്‍ നടപടിയുണ്ടാകുന്നു. മന്ത്രിയ്ക്ക് സമര്‍പ്പിക്കേണ്ടതായ നിവേദനം ഈ ഉദ്യോഗസ്ഥ മസിലുപിടുത്തങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ നേരെ മെയില്‍ ചെയ്യാന്‍ കഴിയുന്നു.

നോക്കൂ അധികാരസംവിധാനങ്ങളെ നെറ്റ് വര്‍ക്കുകള്‍ പതുക്കെ ശിഥിലീകരിക്കുന്നത്. ജാതി പുരുഷാധിപത്യ അധീശത്വത്തെ തകര്‍ത്തുകൊണ്ട് ദലിതുകളും ലൈംഗിക ന്യൂനപക്ഷങ്ങളും ഈ രാജ്യത്തു നേടിയെടുത്ത ദൃശ്യതയും അതിന്റെ മറ്റൊരു ഉദാഹരണമാണ് ഇനി നോക്കൂ നമുക്കു ചുറ്റും നമ്മുടെ താല്പര്യങ്ങള്‍ മനസിലാക്കി ഒരു പ്രത്യേക അല്‍ഗോരിതം രൂപപ്പെടുന്നത് നിങ്ങള്‍ക്കും അറിയാന്‍ സാധിക്കുന്നുണ്ടാകും. അല്പം മുന്‍പ് നമ്മള്‍ കണ്ടുമുട്ടി ഒരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്തു വീട്ടിലെത്തുമ്പോള്‍ അയാളുടെ പ്രൊഫൈല്‍ ഫേസ്ബുക്കില്‍ സജഷനില്‍ കാണുന്നത് നമുക്ക് ഇന്ന് പരിചിതമല്ലേ? നമ്മള്‍ ചര്‍ച്ച ചെയ്യുന്ന അന്വേഷിക്കുന്ന വസ്തുക്കള്‍ ഓണ്‍ലൈനായി പരസ്യങ്ങള്‍ നമ്മുടെ മുന്നിലേക്ക് എത്തുന്നതും എല്ലാം ഈ അല്‍ഗോരിതത്തിന്റെ ഭാഗമാണ്. നമ്മള്‍ കാണേണ്ടതായ നമ്മില്‍ എത്തപ്പെടേണ്ടതായ വിവരങ്ങള്‍ ചില രീതിയില്‍ നിയന്ത്രിക്കപ്പെടുന്നുണ്ട് എന്നതും ഈ നെറ്റ്വര്‍ക്ക് സമൂഹങ്ങളുടെ പ്രത്യേകതയാണ്. എന്നാല്‍ തീര്‍ത്തും നമുക്ക് തിരഞ്ഞെടുക്കാന്‍ കഴിയാത്ത ഒന്നായി മാത്രമല്ല ഇത് നിലനില്‍ക്കുന്നത് എന്നത് വാസ്തവമാണ്. ഇത് മാത്രമല്ല നമ്മുടെയെല്ലാം ബയോമെട്രിക് വിവരങ്ങള്‍ കൂടെ ഈ നെറ്റ് വര്‍ക്ക് സൊസൈറ്റികളിലേയ്ക്ക് ലഭിച്ചാല്‍ അതുണ്ടാക്കാന്‍ പോകുന്ന സാമൂഹ്യ മാറ്റം ചെറുതായിരിക്കില്ല.

ഈ നെറ്റ് വര്‍ക്ക് സമൂഹങ്ങളെക്കുറിച്ച് അതിന്റെ ഈ സാമൂഹിക ഇടപെടലിനെക്കുറിച്ച് ബോധ്യമുള്ള ചില മോര്‍ഫ്യൂസുമാരാണ് സത്യത്തില്‍ ഇപ്പോഴും ഈ സൈബര്‍ ഇടത്തിലെ സ്വകാര്യതയ്ക്ക് വേണ്ടി വാദിക്കുന്നത്. അത് തെറ്റാണെന്നോ ശരിയാണെന്നു അല്ല ഈ ലേഖനം ഉദ്ദേശിക്കുന്നത്. പലയിടത്തേക്കും ചലിക്കാവുന്ന അനേകം സങ്കീര്‍ണമായ സാമൂഹിക ഘടകങ്ങള്‍ ഈ നെറ്റ്വര്‍ക്ക് സമൂഹങ്ങളില്‍ ഉണ്ട് എന്നാണ്. അതായതു ഈ നെറ്റ്വര്‍ക്ക് സമൂഹങ്ങള്‍ നിര്മിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ചു അവരുടെ അല്‍ഗോരിതങ്ങള്‍ക്ക് അനുസരിച്ചു, അവര്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ചു, അവര്‍ നിഷ്‌ക്കര്ഷിക്കുന്ന നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തില്‍ നമ്മള്‍ ഡിസൈന്‍ ചെയ്യപ്പെടുന്നുണ്ടോ എന്നുള്ള സംശയമെല്ലാം ആസ്ഥാനത്തല്ലെന്നു ചുരുക്കം.

മാട്രിക്‌സ് റീലോഡഡ് എന്ന രണ്ടാമത്തെ ഭാഗത്തില്‍ നായകനോട് ഒറാക്കില്‍ എന്ന കഥാപാത്രം ഈ നെറ്റ്വര്‍ക്ക് സമൂഹങ്ങളില്‍ ജീവിക്കുന്നവരുടെ ചോയ്‌സ് എന്താണെന്നു ചോദിക്കുന്നുണ്ട്. ഇത് സത്യത്തില്‍ സാമൂഹ്യ ശാസ്ത്രത്തിലെ അതിപ്രധാനമായ ചോദ്യമാണ്. ഒരു വ്യക്തിക്ക് സമൂഹത്തില്‍ സ്വതന്ത്രമായ ചോയ്‌സ് അഥവാ തിരഞ്ഞെടുപ്പ് ഉണ്ടോ അതോ അയാള്‍ ആ സാമൂഹിക ഘടനയില്‍ അതിനു വിധേയനായി തിരഞ്ഞെടുക്കുന്നതാണോ എന്നതൊക്കെ ഈ സിനിമയില്‍ ചോദിക്കുന്ന വലിയ തത്വശാസ്ത്ര ചോദ്യമാണ്. അങ്ങനെ ഒരു പ്രശ്‌നം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നുള്ളത് തിരസ്‌കരിക്കാനാവില്ല.

ഈ നെറ്റ്‌വര്‍ക്ക് സമൂഹങ്ങളെക്കുറിച്ചു ചരിത്രത്തില്‍ ആദ്യമായി സാമൂഹ്യശാസ്ത്രപരമായും സാംസ്‌കാരികമായും പഠിച്ചതു മാനുവല്‍ കാസ്റ്റല്ലെസ് എന്ന ശാസ്ത്രജ്ഞനാണ്. പല സ്‌പേസുകളിലേക്കും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്ന നെറ്റ്വര്‍ക്ക് സൊസൈറ്റികളുടെ സവിശേഷതയെ അദ്ദേഹം സ്‌പേസ് ഓഫ് ഫ്‌ളോവ്‌സ് എന്നാണ് വിശേഷിപ്പിച്ചത്. വിവരസാങ്കേതികത വിദ്യ ആഗോളമായി മാറ്റങ്ങള്‍ ഉണ്ടാക്കുണ്ടെന്നും വ്യവസായ സമൂഹങ്ങളെ പോലെ ഒരു വലിയ നെറ്റ് റ്വര്‍ക്ക് സമൂഹം ലോകവ്യവസ്ഥയില്‍ ഉയര്‍ന്നു വരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെയാണു നെറ്റവര്‍ക്ക് സമൂഹങ്ങള്‍ സ്ഥലകാലങ്ങളെ അപ്രസക്തമാക്കുന്നു എന്നാണ് അദ്ദേഹം സ്‌പേസ് ഓഫ് ഫ്‌ളോവ്‌സ് എന്ന പ്രയോഗത്തിലൂടെ വ്യക്തമാക്കിയത്. 1989ലാണ് അദ്ദേഹം ഈ സ്‌പേസ് ഓഫ് ഫ്‌ളോവ്‌സ് എന്ന പ്രയോഗം പോലും നടത്തുന്നത്. പിന്നീട് ഇന്‍ഫര്‍മേഷന്‍ ഏജ് ഇക്കോണമി സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍ എന്ന പുസ്തകത്രയത്തിലൂടെ അദ്ദേഹം ഈ ശാസ്ത്ര വസ്തുതയെ വികസിപിക്കുന്നുണ്ട്. 1996 എഴുതിയ ദി റൈസ് ഓഫ് നെറ്റ്വര്‍ക്ക് സൊസൈറ്റി, 1997ല്‍ എഴുതിയ ദി പവര്‍ ഓഫ് ഐഡന്റിറ്റി, 1998 ല്‍ എഴുതിയ എന്‍ഡ് ഓഫ് മില്ലേനിയം എന്നിവയാണ് ആ പുസ്തകങ്ങള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടക്കത്തില്‍ ലേഖകന്‍ വ്യക്തമാക്കിയ ഒരു കാര്യം; സമൂഹ മാധ്യമങ്ങള്‍ ആളുകള്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയുന്ന ഒരു ചായക്കടയോ സലൂണോ ആയി തോന്നുന്നു എന്ന പ്രയോഗം പ്രധാനമാണ്. സമൂഹത്തിലെ ഇതുപോലുള്ള പൊതുമണ്ഡലങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ജാര്‍ഗന്‍ ഹാബെര്മാസ് എന്ന സാമൂഹ്യ ശാസ്ത്രജ്ഞന്‍ പൊതുമണ്ഡലത്തെകുറിച്ചു മാധ്യമങ്ങളെക്കുറിച്ചും വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ആദ്യകാലങ്ങളില്‍ പൊതു അഭിപ്രായ രൂപീകരണത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച സലൂണുകളെ കുറിച്ചും കഫേകളെ കുറിച്ചും പരിശോധിച്ചിരുന്നു. ആദ്യകാലങ്ങളില്‍ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന രൂപത്തിലായിരിക്കും ഈ പൊതുമണ്ഡലങ്ങള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1962 സ്ട്രക്ച്ചറകല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് പബ്ലിക് സ്ഫിയര്‍ എന്ന കൃതിയില്‍ അദ്ദേഹം ചരിത്രത്തില്‍ ഈ പൊതുമണ്ഡലങ്ങള്‍ എങ്ങനെയാണു പരിണമിച്ചത് എന്ന് വ്യക്തമാക്കുന്നുണ്ടു. സാംസ്‌കാരിക അധീശത്വത്തിനും പരസ്യ വരുമാനത്തിനും വശംവദരാണെങ്കിലും മാധ്യമങ്ങള്‍ ചരിത്രപരമായി നടത്തുന്ന സാമൂഹിക മാറ്റങ്ങളെ ഹാബെര്മാസ് ജനാധിപത്യപരമായി പ്രധാനമായി കാണുന്നു. സലൂണുകളും കഫേകളും പോലെയുള്ള പൊതുമണ്ഡലങ്ങള്‍ സമൂഹത്തിലെ പൊതുബോധത്തെ മാറ്റുന്നതിനും സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനു ഒരുകാലത്തു കാരണമായിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നുണ്ട്.

ഈ അഭിപ്രായരൂപീകരണത്തിന്റെ സ്വാധീനം ഇപ്പോള്‍ സത്യത്തില്‍ നടത്തി വരുന്നത് ഈ നെറ്റവര്‍ക്ക് സൊസൈറ്റികളാണ് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഹാബെര്മാസ്, കാസ്റ്റല്‍സ്‌നെ അംഗീകരിക്കുന്നില്ലെങ്കിലും പുറത്തുനിന്ന് പരിശോധിക്കുന്ന ആളുകള്‍ക്ക് ഇവര്‍ രണ്ടുപേര് പറയുന്നതും ശരിയാണെന്നും, ഇവര്‍ തമ്മിലുള്ള വ്യത്യാസം സാങ്കേതിക സാധ്യതയിലുണ്ടായ വ്യത്യാസം മാത്രമാണെന്നും വ്യക്തമാകും. പുതിയ പൊതുമണ്ഡലങ്ങള്‍ ഈ നെറ്റ്വര്‍ക്ക് സൊസൈറ്റികളാണ്. ജനാധിപത്യത്തിന്റെ പുതിയ വാതായനങ്ങളാകാം ഇവക്ക് കഴിയുന്നുണ്ട്. ഇങ്ങനെ ഈ നെറ്റവര്‍ക്ക് സമൂഹങ്ങള്‍ പുതിയ കാലത്തിന്റെ ചരിത്രഘട്ടങ്ങളെ സ്വാധീനിക്കുന്നതില്‍ വളരെ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതാണ് സത്യം.

അത് തന്നെയാണ് പല മെറ്റഫോറുകളില്‍ പല ഫിലോസഫികളില്‍ രാഷ്ട്രീയങ്ങളില്‍ ദി മാട്രിക്‌സ് എന്ന സിനിമ നമ്മോടു ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ പറഞ്ഞത്. കാര്യമെന്തൊക്കെയായാലും കാസ്റ്റല്ലെസിനെയോ ഹാബെര്‍മസിനെയോ ലില്ലി, ലാനാ വാചോവസ്‌കി സഹോദരിമാര്‍ വായിച്ചിട്ടുണ്ടോ എന്ന് നമുക്ക് അറിയില്ലെങ്കിലും അവരുടെ ദൃശ്യാവിഷ്‌കാരം ഒരുപാട് സാമൂഹിക ശാസ്ത്ര വസ്തുതകളെ നമുക്ക് വ്യക്തമാക്കി തരുന്നവയായിരുന്നു എന്നതാണ് സത്യം… അതുകൊണ്ട് തന്നെ ഈ സാമൂഹ്യ ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് മറ്റൊരു കാര്യം ഉറപ്പിച്ചു പറയാനാകുന്നത്, നിങ്ങള്‍ ഈ കുറിപ്പ് വായിക്കുന്നുണ്ടെങ്കില്‍ ഒരു തരത്തിലുള്ള മാട്രിക്‌സിനകത്താണ് നിങ്ങളും എന്നാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply