ശാസ്ത്രം : സത്യാത്മകതയോ ശാസ്ത്രീയതയോ?

കഴിഞ്ഞ നൂറ്റാണ്ടില്‍, നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും കുഴിയില്‍ അടക്കിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എഴുന്നേറ്റുവരികയാണ്. യുക്തിരാഹിത്യവും മതാത്മകതയുടെ ഹീനമൂല്യങ്ങളും കേരളസമൂഹത്തെ കീഴടക്കുകയാണ്. ശാസ്ത്രാവബോധം നമ്മുടെ ഒരു പ്രവര്‍ത്തനത്തേയും നയിക്കാതാകുന്ന സ്ഥിതിയിലേക്കു നീങ്ങുകയാണ്. പ്രശ്നം, യാഗം, ഹോമം, കലശം, കാര്യസാദ്ധ്യത്തിനുളള നേര്‍ച്ചകള്‍, മനുഷ്യദൈവങ്ങളുടെ പടപ്പുറപ്പാടുകള്‍, ചിതാഭസ്മനിമജ്ജനങ്ങള്‍, കരിസ്മാറ്റിക് ധ്യാനങ്ങള്‍ എന്നിങ്ങനെയുളള എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും കേരളസമൂഹം കീഴ്പ്പെടുകയാണ്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന സാക്ഷരതയും ജീവിതനിലവാരവും പുലര്‍ത്തുന്ന സംസ്ഥാനമായിട്ടാണ് കേരളം അറിയപ്പെടുന്നത്. ഇപ്പോള്‍, കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഏറെയും ശാസ്ത്രമോ സാങ്കേതികവിദ്യയോ പഠിക്കുന്നവരാണ്. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ശാസ്ത്രപഠനത്തിന്റെ മേഖലയില്‍ വളരെ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അമ്പതു വര്‍ഷക്കാലത്തിലേറെയായി കേരളത്തില്‍ ജനകീയശാസ്ത്രപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആധുനികശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും നേട്ടങ്ങള്‍ വിവിധ ഉപഭോഗവസ്തുക്കളുടെ രൂപത്തില്‍ കേരളീയ മദ്ധ്യവര്‍ഗ്ഗജീവിതത്തിലെങ്കിലും ശക്തമായി ഇടപെടുന്നുമുണ്ട്. എങ്കിലും, ശാസ്ത്രസംസ്‌ക്കാരമോ ശാസ്ത്രാവബോധമോ മലയാളിജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെന്നു പറയാനാകില്ല. ഇതോടൊപ്പം നമ്മുടെ സമൂഹത്തില്‍ അടുത്ത കാലത്തു ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന അത്യന്തം പ്രതിലോമകരമായ ചില കാര്യങ്ങളെ കുറിച്ചു കൂടി പറയണം. കഴിഞ്ഞ നൂറ്റാണ്ടില്‍, നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും കുഴിയില്‍ അടക്കിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എഴുന്നേറ്റുവരികയാണ്. യുക്തിരാഹിത്യവും മതാത്മകതയുടെ ഹീനമൂല്യങ്ങളും കേരളസമൂഹത്തെ കീഴടക്കുകയാണ്. ശാസ്ത്രാവബോധം നമ്മുടെ ഒരു പ്രവര്‍ത്തനത്തേയും നയിക്കാതാകുന്ന സ്ഥിതിയിലേക്കു നീങ്ങുകയാണ്. പ്രശ്നം, യാഗം, ഹോമം, കലശം, കാര്യസാദ്ധ്യത്തിനുളള നേര്‍ച്ചകള്‍, മനുഷ്യദൈവങ്ങളുടെ പടപ്പുറപ്പാടുകള്‍, ചിതാഭസ്മനിമജ്ജനങ്ങള്‍, കരിസ്മാറ്റിക് ധ്യാനങ്ങള്‍ എന്നിങ്ങനെയുളള എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും കേരളസമൂഹം കീഴ്പ്പെടുകയാണ്.

ശാസ്ത്രത്തിനു വേണ്ടി വാദിക്കുന്നവര്‍ പോലും ശാസ്ത്രീയതയിലോ ശാസ്ത്രത്തിന്റെ യുക്തിയിലോ നിന്നുകൊണ്ടല്ല ശാസ്ത്രവ്യവഹാരങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും കാണേണ്ടതാണ്. കേരളത്തിലെ യുക്തിവാദി സംഘടനകളിലേറെയും മതങ്ങളെ തോല്‍പ്പിക്കുന്നത് ശാസ്ത്രത്തിന്റെ സത്യാത്മകതയെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ശാസ്ത്രപ്രചാരകരായും മറ്റും പ്രത്യക്ഷപ്പെടുന്ന പലരും ശാസ്ത്രത്തിന്റെ അന്ധവിശ്വാസികളാണ്. കേരളത്തിലെ ഒരു യുവജനസംഘടന തങ്ങളുടെ പ്രചരണപോസ്റ്ററുകളില്‍ ശാസ്ത്രം സത്യമാണെന്ന് എഴുതിവയ്ക്കുന്നു. ശാസ്ത്രസിദ്ധാന്തങ്ങളെ കേവലസത്യങ്ങളായി കാണുന്ന സമീപനം തന്നെ ശാസ്ത്രീയമല്ലല്ലോ? ഈ സമീപനത്തില്‍ നില്‍ക്കുന്നവര്‍ മതാത്മകതയുടെ വീക്ഷണങ്ങളെ ശാസ്ത്രത്തിനു കൂടി ബാധകമാക്കുകയാണ്. ഇവര്‍ സത്യവേദപുസ്തകത്തിനു പകരം ശാസ്ത്രപുസ്തകം വയ്ക്കുന്നു. രണ്ടിനും തമ്മില്‍ വലിയ ഭേദങ്ങളില്ല. സത്യമെഴുതിയ പുസ്തകങ്ങള്‍. ഏതാണ് സത്യം എന്ന തര്‍ക്കം മാത്രം ബാക്കിയാകുന്നു. മതത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത വ്യവഹാരമായി ശാസ്ത്രം മാറുന്നു. ജനങ്ങള്‍ക്കിടയിലെ ശാസ്ത്രവ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന മതാത്മകയുക്തിയെയാണ് ഇതു കാണിക്കുന്നത്.

ശാസ്ത്രീയമായ കാര്യങ്ങളെ സത്യമെന്നു വ്യവഹരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഒന്നരനൂറ്റാണ്ടിനു മുന്നേ എംഗല്‍സ് സ്വീകരിക്കുന്നുണ്ട്. ഭൗതികശാസ്ത്രത്തിലെ ബോയില്‍ നിയമത്തെ കുറിച്ചു പറയുമ്പോള്‍ എംഗല്‍സ് ഇങ്ങനെ എഴുതി. …. ‘നിശ്ചിതപരിധിക്കുള്ളില്‍ മാത്രമേ ബോയില്‍ നിയമം ശരിയായിട്ടുള്ളുവെന്ന് തെളിയിക്കപ്പെട്ടു. പക്ഷേ, ആ പരിധികള്‍ക്കുള്ളില്‍ തന്നെയും അത് കേവലമായും അന്തിമമായും ശരിയാണെന്നു പറയാന്‍ പറ്റുമോ? അങ്ങനെ തറപ്പിച്ചു പറയാന്‍ ഒരു ഭൗതികശാസ്ത്രജ്ഞനും തയ്യാറാവുകയില്ല. … … അതിനാല്‍ യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയമായിട്ടുള്ള കൃതികള്‍ സാധാരണഗതിയില്‍ സത്യം, അസത്യം തുടങ്ങിയ വരട്ടുതത്ത്വവാദപരമായ പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യുക…’പരമ്പരാഗത സത്യസങ്കല്‍പ്പനങ്ങളില്‍ നിന്നും സത്യാത്മകതയുടെ യുക്തിയില്‍ നിന്നും ശാസ്ത്രീയതയും ശാസ്ത്രത്തിന്റെ യുക്തിയും വേര്‍പിരിയുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സമീപനമാണിത്. ശാസ്ത്രത്തിന്റെ പ്രവര്‍ത്തനം ശാസ്ത്രീയത എന്ന പരികല്‍പ്പനയെ തന്നെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. ശാസ്ത്രീയത സംവാദാത്മകതയിലും അനിശ്ചിതത്വങ്ങളിലും സന്ദിഗ്ദ്ധതകളിലും നില്‍ക്കുമ്പോള്‍ മതാത്മകതയും സത്യാത്മകതയുടെ യുക്തിയും നിശിതമായ കേവലസത്യത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളിലാണ് നിലയുറപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ സംവാദാത്മകതയും ചിരവികസ്വരക്ഷമതയും പരിവര്‍ത്തനശേഷിയും സത്യാത്മകസങ്കല്പനങ്ങള്‍ക്കില്ല. ശാസ്ത്രത്തെ സത്യമായി കാണുന്നവര്‍, ശാസ്ത്രത്തിന്റെ സന്ദേഹിക്കാനുള്ള ശേഷിയേയും അനിശ്ചിതമായ നില്‍പ്പിനേയും നിരന്തരം നവീകരിക്കാനുള്ള ത്വരയേയും ചിരവികസ്വരക്ഷമതയേയും നിഷേധിക്കുന്നു.

കേവലസത്യത്തേയോ അതീതത്തെയോ കുറിച്ചുള്ള വിശ്വാസങ്ങള്‍ എല്ലാ മതങ്ങളിലുമുണ്ട്, അതിനു ദൈവമെന്നോ ബ്രഹ്മമെന്നോ എന്തു പേരിട്ടു വിളിച്ചാലും. സ്ഥിതവും കേവലവും മാറ്റമില്ലാത്തതുമായ സത്യത്തെ കുറിച്ചുള്ള ഈ ദര്‍ശനം പ്രപഞ്ചത്തെ ഉണ്മയായി കാണുന്നു. സ്ഥിതവും കേവലവുമായ സത്യപ്രപഞ്ചം എന്ന ഉണ്മയെ വിട്ട് പ്രപഞ്ചയാഥാര്‍ത്ഥ്യത്തെ ഒരു ആയിത്തീരലായി കാണുന്നതാണ് ഉചിതം. പ്രപഞ്ചം നിരന്തരം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ആധുനികശാസ്ത്രപഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ സ്ഥിതസത്തയെ അന്വേഷിക്കുന്നത് ഒട്ടും യുക്തിപൂര്‍വ്വമല്ല. അനിശ്ചിതമാണ് പ്രപഞ്ചം. അനിശ്ചിതമായ പ്രപഞ്ചത്തെ കുറിച്ചുള്ള ജ്ഞാനവും അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നതാണ്. ശാസ്ത്രജ്ഞാനത്തിന്റെ സന്ദേഹാത്മകതയുടേയും നവീകരണക്ഷമതയുടേയും കാരണവും മറ്റൊന്നല്ല. കേവലമായതിന്റെ നിരാസമാണ് പ്രപഞ്ചത്തിന്റെ ലക്ഷണം. മനുഷ്യന്റെ ജ്ഞാനവ്യവഹാരങ്ങളില്‍ ഭാഷയും സാമൂഹികസംവര്‍ഗങ്ങളുമെല്ലാം ഏല്‍പ്പിക്കുന്ന പരിമിതികളും ഇതോടൊപ്പം പരിഗണിക്കണം.

(ഇതിന്നകം പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply