ചിന്തയുടെ സാക്ഷിവിസ്താരം

പുതിയ വിദ്യാഭ്യാസനയത്തെ രാഷ്ട്രീയമായും ചരിത്രപരമായും തത്ത്വചിന്താപരമായും ദാര്‍ശനികമായും അവലോകനം ചെയ്യുന്ന, ‘ദേശീയ വിദ്യാഭ്യാസനയം, പൊരുളും പ്രത്യയശാസ്ത്രവും’ എന്ന സമാഹാരത്തിന് എഴുതിയ അവതാരിക

അച്ചടക്കം ഫാസിസത്തിലേക്ക് നയിക്കുന്നു – ചാരുനിവേദിത

അറിവിന്റെ ഓരോ നുറുങ്ങുകളും ആധിപത്യത്താല്‍/അധികാരത്താല്‍ സ്വാധീനിക്കപ്പെടുകയോ അവയാല്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുകയോ ചെയ്യുന്നു എന്നും അധികാരാധിപത്യം നിര്‍മിച്ച/നിര്‍മിച്ചുകൊണ്ടേയിരിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ നിര്‍മിതിയാണ് നമ്മളോരുരുത്തരെന്നുമുള്ള (ഏറിയും കുറഞ്ഞും) സൈദ്ധാന്തിക നിഗമനം ഫ്രഞ്ച് തത്ത്വചിന്തകനായ മിഷേല്‍ ഫൂക്കോയുടേതാണ്. ഇക്കാരണത്താല്‍ തന്നെ അദ്ദേഹം അറിവിന്റെ നിഷ്പക്ഷതയെ തള്ളിക്കളയുകയും അറിവും അധികാരവും തമ്മിലുള്ള പരസ്പര ബന്ധത്തെ സാധൂകരിക്കുന്ന വാദങ്ങളുയര്‍ത്തുകയും എല്ലാ അറിവുകളും ആത്യന്തികമായി അധികാരത്തില്‍ ചെന്നുചേരുന്നതായി നിരൂപിക്കുകയും ചെയ്യുന്നു.

ഇറ്റാലിയന്‍ തത്ത്വചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ ‘Cultural hegemony’ (സാംസ്‌കാരിക ആധിപത്യം) എന്ന ആശയം ഇതുമായി ചേര്‍ത്തു വയ്ക്കാവുന്ന മറ്റൊന്നാണ്. ‘സമൂഹത്തില്‍ നിലകൊള്ളുന്ന അധീശ പ്രത്യയശാസ്ത്രം (Dominant ideology), അധീശ വിഭാഗത്തിന്റെ വിശ്വാസങ്ങളേയും താല്‍പര്യങ്ങളേയും പ്രതിഫലിപ്പിക്കുന്നു’ എന്ന മാര്‍ക്‌സിയന്‍ പരികല്‍പനയുടെ പരിണിത രൂപമായിരുന്നു പ്രസ്തുത ഗ്രാംഷിയന്‍ സങ്കല്‍പനം. പ്രത്യയശാസ്ത്രപരമോ സാംസ്‌കാരികമോ ആയി നിലനിര്‍ത്തപ്പെട്ടു പോരുന്ന മേല്‍ക്കോയ്മയാണ് ‘സാംസ്‌കാരിക ആധിപത്യം’ എന്ന സംജ്ഞ കൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഫാക്ടറികള്‍, സ്‌കൂളുകള്‍, പട്ടാളത്താവളങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ ഘടനയും പ്രവര്‍ത്തനങ്ങളും ആത്യന്തികമായി ജയിലുകളോട് സാദൃശപ്പെട്ടിരിക്കുന്നു എന്ന ഫൂക്കോയുടെ പ്രസ്താവവും സാംസ്‌കാരികാധിപത്യത്തെ നിറവേറ്റുന്നത് സാമൂഹിക സ്ഥാപനങ്ങളാണെന്ന ഗ്രാംഷിയന്‍ നിരീക്ഷണവും ഒട്ടേറെ സമാനമായ ധൈഷണിക പരിസരത്തിന്റെ ഇരുധാരകളെ വെളിവാക്കുന്നവയുമാണ്. ഇവയില്‍ നിന്നും സ്‌കൂളുകള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ പ്രത്യേകമായെടുത്ത്, മേല്‍പ്പറഞ്ഞ വിധമുള്ള അവയുടെ ഭൗതിക-ബൗദ്ധിക പ്രവര്‍ത്തനങ്ങളെ ഇഴകീറിപ്പരിശോധിച്ചാല്‍ അദൃശ ബന്ധനങ്ങളുടെ നിര്‍മാണശാലയായി അവ വിവര്‍ത്തനം ചെയ്യപ്പെടുന്നതു കാണാം. സ്ഥിരം സമയക്രമങ്ങള്‍, നിര്‍ബന്ധിതമായ അദ്ധ്വാനം, അച്ചടക്കം, നിരീക്ഷണ സംവിധാനങ്ങള്‍, ഏറ്റുവാങ്ങേണ്ടിവരുന്ന ആജ്ഞകള്‍ തുടങ്ങി പകര്‍ത്തല്‍-ഓര്‍മിക്കല്‍-ആവര്‍ത്തിക്കല്‍ എന്നിവയിലൂടെ ഒരു ഉപകരണമായി പരിവര്‍ത്തിപ്പിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍, വിദ്യാദാനം വഴി വിതരണം ചെയ്യപ്പെടുന്നതും ആധീശ വിഭാഗത്തിന്റെ ബൗദ്ധികമായ സമ്മര്‍ദ്ദോപാദികളുമായ മൂല്യങ്ങള്‍, ആശയങ്ങള്‍, അഭിലാഷങ്ങള്‍, ലോക വീക്ഷണം, എന്നിവയാല്‍ തങ്ങളുടെ ‘പൗരത്വ’ ഗുണങ്ങള്‍ ഉറപ്പിക്കുകയാണ് വിദ്യയുടെ അഭ്യസനം വഴി സംഭവ്യമാകുന്നത് എന്ന യാഥാര്‍ത്ഥ്യ ബോധമാണ് ഈ മൊഴിമാറ്റ ക്ഷണത്തിനു പിന്നില്‍.

വിദ്യാഭ്യാസം എന്ന ഈ പ്രത്യയശാസ്ത്ര ഉപകരണത്തെ തുറന്നു കാട്ടുന്നതും വിമോചന വിദ്യാഭ്യാസത്തിന്/വിദ്യാര്‍ജനത്തിനേല്‍ക്കേണ്ടി വരുന്ന ഹിംസകളെ അവതരിപ്പിക്കുന്നതുമായ, സര്‍ഗാത്മക-രാഷ്ട്രീയ-സിദ്ധാന്തേതര മറുമൂല്യങ്ങള്‍ കാലാകാലങ്ങളില്‍ ഉദിച്ചസ്തമിച്ചിട്ടുണ്ട്.

‘ക്ലാസ് മുറി ഒരു പെരുമ്പാമ്പിന്റെ വായാണ്. അതിനകത്തെ ഇരകളുടെ പൊരുത്തപ്പെടലാണ് അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ളത്’ എന്നു പ്രസ്താവിച്ച 1978 ലെ തൃശൂര്‍ ക്രൈസ്റ്റ് കോളേജ് മാഗസീനും ‘We don’t need no education. We don’t need no thought control’ എന്നു തുടങ്ങുന്ന Pink Floyd ന്റെ ‘Another brick on the wall’ എന്ന മ്യൂസിക്കല്‍ അല്‍ബവും തുടങ്ങി ഏറ്റവുമൊടുവില്‍, കേരളത്തിലെ പ്രാരംഭ യുവത്വം കൊണ്ടാടിയ Sex Education എന്ന ഇനിയും പൂര്‍ത്തിയാവാത്ത വെബ്‌സീരിസും വരെ വ്യവസ്ഥാവിരുദ്ധതയുടെ ഈ വെള്ളിവെളിച്ചങ്ങളില്‍ ചിലതാണ്.

ഇന്ത്യയുടെ നവ വിദ്യാഭ്യാസ നയത്തിലേക്കു വന്നാല്‍ അത് മനുഷ്യാവബോധത്തിന്റെ നിര്‍മിത സ്വഭാവത്തെ പാരമ്യത്തിലെത്തിക്കാന്‍ തക്ക രീതിയില്‍ ആസൂത്രണം ചെയ്യപ്പെട്ട ഒന്നാണെന്നു കാണാം. രാമരാജ്യ നിര്‍മാണമെന്ന അതാര്യമായ ഗാന്ധിയന്‍ പരികല്‍പനയെ അതിന്റെ ഹിംസാത്മകമായ ഹൈന്ദവരൂപത്തില്‍ പടുത്തുയര്‍ത്താന്‍ തറക്കല്ലിട്ടുകഴിഞ്ഞ സംഘപരിവാറിന്റെ തന്നെ ഭാഷ കടമെടുത്താല്‍ ഒരു കൂട്ടം രാമന്മാരേയും കോടിക്കണക്കിന് വാനരപ്പടകളേയും സൃഷ്ടിക്കാനുള്ള ശ്രമമായി ഇതിനെ വിശേഷിപ്പിക്കാം. ഏറ്റവും വിശ്വസ്തനായ ഭൃത്യര്‍ (ഹനുമാന്‍) ആരാകുമെന്നതിനുള്ള മത്സരങ്ങള്‍ ഇതിന്റെ മുഖ്യ ആര്‍ഷണങ്ങളിലൊന്നുമാകുന്നു.

ബൗദ്ധികമായ മേഖലകളില്‍ നിന്നും അസവര്‍ണ-അസമ്പന്ന വിഭാഗങ്ങളെ പൂര്‍ണമായും കൂടിയൊഴിപ്പിക്കാനും, ‘എന്റെ എഴുപതുകള്‍’ എന്ന തന്റെ സമാഹാരത്തില്‍ സി.ആര്‍ പരമേശ്വരന്‍ അടയാളപ്പെടുത്തുന്നതുപോലെ ”ഒന്നാം തലമുറ ബിരുദധാരികളുടെ മുഖത്ത് ആമരണം നിലനില്‍ക്കുന്ന പകപ്പുമായി’ സരസ്വതീക്ഷേത്രങ്ങളെ അശുദ്ധമാക്കാന്‍ ‘അശ്രീകരങ്ങള്‍’ കെട്ടിയെടുക്കാതിരിക്കാനും വേണ്ട നടപടികള്‍ ഈ നയത്തിലൂടെ വരേണ്യ പ്രതിനിധികള്‍ ഉറപ്പാക്കിയിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദ്യാഭ്യാസ നിയന്ത്രണത്തിന്റെ പരിപൂര്‍ണ്ണ കേന്ദ്രീകരണം, അനുബന്ധമായി വരാനിരിക്കുന്ന പാഠപുസ്തക പരിഷ്‌കരണം, കലാലയങ്ങളുടെ സ്വയംഭരണത്താല്‍ ‘കുനിഞ്ഞു കുനിഞ്ഞ് നിവരാന്‍ മറന്നുപോയേക്കാവുന്ന’ (പ്രയോഗത്തിന് കടപ്പാട് യു.പി ജയരാജിനോട്) അവശ വിദ്യാര്‍ത്ഥി ശിരസ്സുകള്‍, പ്രാദേശിക ഭാഷാ പ്രോത്സാഹനത്തിന്റെ ഗൂഢ ഹിംസ തുടങ്ങി രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര തീവ്രമായ മസ്തിഷ്‌കാധിനിവേശമാണ് National Education Policy 2020 എന്ന പേരിലും ത്രിവര്‍ണപ്പുറംചട്ടയോടെയും നമുക്കു മുന്‍പിലുള്ളത്.

പ്രസ്തുത നയത്തിന്റെ പ്രത്യയശാസ്ത്രപ്പൊരുളുകള്‍ അതിനായി മാത്രം നിര്‍മിക്കപ്പെട്ടതോ വളരെപ്പെട്ടെന്ന് അവതരിച്ചതോ ആയ ഒന്നല്ലെന്നും പറയട്ടെ. കാലങ്ങളായിത്തുടരുന്ന അനുകൂല ഘടകങ്ങളും സംവരണമെന്ന ജനാധിപത്യ അവകാശത്തെത്തന്നെ അട്ടിമറിച്ച സവര്‍ണ സംവരണത്തിനടക്കം ഇതര പാര്‍ലമെന്ററി പാര്‍ട്ടികളില്‍ നിന്നും ലഭിച്ച ഹര്‍ഷാരവങ്ങളുമെല്ലാം ഇത്തരമൊരു മാനിഫെസ്റ്റോ നിര്‍മിതിയുടെ പുറകിലുണ്ട്. ഈ സമാഹാരത്തിലെത്തന്നെ ഒരു ലേഖികയുടെ തലക്കെട്ട് കടമെടുത്തു പറഞ്ഞാല്‍, ‘ധനാധിഷ്ഠിത മികവുകളും വ്യവസ്ഥാപിത അരികുവല്‍കരണങ്ങളും ‘അപ്‌ഡേറ്റ്’ ചെയ്യപ്പെടുക’യാണ്.

പുതിയതായി ഒരൊറ്റ ഉല്‍ക്കയും ഇവിടെ പതിച്ചിട്ടില്ല. ആയിരക്കണക്കിനാണ്ടുകളായി അനുഭവിച്ചുപോന്ന പീഡന പരമ്പരകള്‍ക്ക് ഐക്യരൂപമുണ്ടാവുകയും കരുത്തേറുകയും ചെയ്യുന്നെന്നു മാത്രം. പുതിയ വിദ്യാഭ്യാസനയത്തെ രാഷ്ട്രീയമായും ചരിത്രപരമായും തത്ത്വചിന്താപരമായും ദാര്‍ശനികമായും അവലോകനം ചെയ്യുന്ന ഈ സമാഹാരത്തിലെ ലേഖനങ്ങളെ, ഉറച്ചു പോയ നിര്‍മ്മിത ബോധ്യങ്ങളുടെ മഞ്ഞുകട്ടക്കുമേല്‍ മഴുവെന്നപോലെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply