ലോക് ഡൗണ്‍ : തമിഴ് നാട്ടിലെ ഗ്രാമീണ തൊഴിലാളികള്‍ കടക്കെണിയില്‍
തമിഴില്‍ ‘തൊഴിലാളര്‍’ എന്നാല്‍ ‘തൊഴിലാളികള്‍’ എന്നും ‘കൂടം’ എന്നാല്‍ ‘ഇടം്’ അല്ലെങ്കില്‍ ‘ഫോറം’ എന്നുമാണ് അര്‍ത്ഥം. തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ പങ്കിടാനും സംവദിക്കാനും ചര്‍ച്ചചെയ്യാനും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള ഒരു ഇടമൊരുക്കുക എന്നതാണ് തൊഴിലാളര്‍ കൂടം ബ്ലോഗിന്റെ ലക്ഷ്യം.
മുത്തുകുമാറുമായുള്ള എന്റെ നീണ്ട ചര്‍ച്ച പൂര്‍ത്തിയായപ്പോള്‍, അയാള്‍ക്ക് എന്നോടൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു.
‘ചോദിക്കൂ’
അയാളുടെ ചോദ്യം ഇതായിരുന്നു. ‘സര്‍, ഞാന്‍ അടുത്തിടെ ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ചിരുന്നു. ഇപ്പോഴാകട്ടെ എനിക്ക് ജോലിയില്ല. കുടിശ്ശിക അടയ്ക്കാന്‍ കഴിയുന്നില്ല. അവര്‍ എനിക്ക് എന്തെങ്കിലും ഇളവ് നല്‍കുമോ?’
പലിശ വര്‍ദ്ധിച്ചു വരുന്നതിനാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന ആശങ്കയില്‍ നിന്നാണ് അയാളുടെ ചോദ്യം. 120,000 രൂപ വായ്പയ്ക്ക് 14,000 രൂപയാണ് പ്രതിമാസം അടക്കേണ്ടത്. അയാളും ഭാര്യയും തിരുപ്പൂരിലെ ഒരു ടെക്‌സ്‌റ്റൈല്‍ മില്ലിലാണ് ജോലി ചെയ്തിരുന്നത്. വലിയ തോത്ല്‍ വസ്ത്ര കയറ്റുമതി നടത്തിയിരുന്നതിനാല്‍ ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന സ്ഥാപനമാണത്. 12 മണിക്കൂര്‍ ജോലിക്ക് 500 രൂപയാണ് വേതനം. കൂടാതെ താമസ സൗകര്യവും ഉണ്ടായിരുന്നു. ലോക്ക് ഡൗണ്‍ ഇല്ലെങ്കില്‍ പോലും, കൃത്യസമയത്ത് പണം തിരിച്ചടക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നോ എന്നത് സംശയമാണ്. ലോക് ഡൗണ്‍ ആയതോടെ ഉള്ള വരുമാനം നഷ്ടപ്പെടുകയും ചെയ്തു.
‘ഇത്തവണ, ഏപ്രിലില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ ഞങ്ങളെ എല്ലാവരെയും തിരിച്ചയയ്ക്കാന്‍ കമ്പനി തീരുമാനിച്ചു’ മുത്തുകുമാര്‍ പറഞ്ഞു. അയാളുടെ സ്വരത്തില്‍ ഗ്രാമീണ തമിഴ്നാട്ടിലെ നിരവധി കുടുംബങ്ങളുടെ ഉത്കണ്ഠ മുഴങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ലോക് ഡൗണിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുത്തുകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘കഴിഞ്ഞ തവണ, മുതലാളി കുറെ ദിവസം ഞങ്ങളെ സംരക്ഷിച്ചു. റേഷനും താമസസൗകര്യവും നല്‍കി. എന്നാല്‍ ലോക് ഡൗണ്‍ കാലം നീണ്ടപ്പോള്‍ അതിനു കഴിയാതായി. അപ്പോള്‍ ഞങ്ങളെ തിരിച്ചയച്ചു. അതിനാലാവും ഇത്തവണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ ഞങ്ങളെ പറഞ്ഞുവിട്ടത്. ഇപ്പോള്‍ ജോലിയില്ലാതായിട്ട് ഒരു മാസമായി’
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അവര്‍ക്കിരുവര്‍ക്കും അവസാനമായി ശമ്പളം ലഭിച്ചത് ഏപ്രിലിലാണ്. അഡ്വാന്‍സായി ഒരാഴ്ചത്തെ ശമ്പളവും ലഭിച്ചു. എന്നാല്‍ ലോക് ഡൗണ്‍ കാലത്ത് ഒന്നും ലഭിച്ചില്ല. ‘അല്ലെങ്കിലും ഞങ്ങളുടേത് ദിവസക്കൂലി രീതിയാണ്. ജോലി ചെയ്യുന്ന ദിവസങ്ങൡ മാത്രമേ കൂലിയുള്ളു. ജോലിയില്ലെങ്കില്‍ കൂലിയുമില്ല’
മധുരയ്ക്കടുത്തുള്ള വാടിപട്ടിയിലാണ് മുത്തുകുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്. അമ്മയോടും സഹോദരന്റെ കുടുംബത്തോടും ഒപ്പം അവരുടെ തറവാട്ടില്‍. കോയമ്പത്തൂരിലെ ഒരു കാര്‍ പെയിന്റ് ഷോപ്പില്‍ ജോലി ചെയ്യുന്ന സഹോദരനും ജോലിയില്ലാതെ തിരിച്ചെത്തിയിട്ടുണ്ട്. ‘ഞങ്ങളുടെ കൈയിലുണ്ടായിരുന്നതെല്ലാം കഴിഞ്ഞു. അടുത്ത മാസത്തേക്ക് അമ്മയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തൊഴിലുറപ്പു പദ്ധതിയിലുള്ളതിനാല്‍ അവരുടെ കൈയില്‍ ചെറിയ സമ്പാദ്യമുണ്ട്. ഇനി അതാണ് ആശ്രയം. കൊവിഡ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടതോടെ അതും നിര്‍ത്തി വെച്ചിരിക്കുയാണ്.’
മുത്തുകുമാറിന്റെ ഈ അവസ്ഥ ഒറ്റപ്പെട്ടതല്ല. വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ലോക്ക്ഡൗണും മൂലം തൊഴില്‍ നഷ്ടപ്പെട്ട് നഗരങ്ങളില്‍ നിന്ന് നിരവധി പേരാണ് നാട്ടിന്‍ പുറങ്ങളിലേക്ക് മടങ്ങുന്നത്. മെയ് മാസത്തില്‍ തൊഴിലില്ലായ്മ കുത്തനെ ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ പഠനം വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ മൊത്തം തൊഴില്‍ സേനയുടെ 7% മാത്രമേ സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം അസംഘടിത മേഖലയിലാണുതാനും.
മധുര ജില്ലയിലെ അലഗര്‍ കോയിലിനടുത്ത് താമസിക്കുന്ന പൊന്നമ്മയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. കോയമ്പത്തൂരില്‍ ഒരു ഇഷ്ടിക ചൂളയിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ലോക് ഡൗണ്‍ ആരംഭിച്ചതോടെ പൊന്നമ്മയടക്കം അവിടെ ജോലി ചെയ്തിരുന്ന കുറെപേരോട് സ്വന്തം വീടുകളിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം നാട്ടിലും ജോലി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവരും കുടുംബവും കടുത്ത സാമ്പത്തിക ദുരിതത്തിലാണ്.
‘ഞങ്ങള്‍ കയ്യിലുള്ള എല്ലാ ആഭരണങ്ങളും പണയം വച്ചു. ഈ വീടും പണയം വെച്ചു. അങ്ങനെയാണ് ഈ മാസങ്ങള്‍ കഴിഞ്ഞുപോയത്. എന്തെങ്കിലും ജോലി കണ്ടെത്താനായി പുറത്തുപോകാന്‍ ശ്രമിച്ചാല്‍ പോലീസ് തടഞ്ഞു നിര്‍ത്തി മോശമായി പെരുമാറുന്നു. അതിനാല്‍ എന്റെ ഭര്‍ത്താവിനും മകനും ഒരു ജോലിയും ചെയ്യാനാകുന്നില്ല.’ അവര്‍ പറഞ്ഞു.
സര്‍ക്കാരില്‍ നിന്നു ലഭിച്ച 2000 രൂപയുടെ സഹായം ചെറിയ ആശ്വാസമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നീളുകയും ജോലി ചെയ്യാനാകാതിരിക്കുകയും ചെയ്താല്‍ കുടുംബം വലിയ ബുദ്ധിമുട്ടിലാകും. അതിനു പുറമെയാണ് കോവിഡ് പിടിപെടുമോ എന്ന ഭയം.
‘ഉദ്യോഗസ്ഥര്‍ വന്ന് കൈകള്‍ വൃത്തിയാക്കുന്നതിനെക്കുറിച്ചും മാസ്‌കുകള്‍ ധരിക്കുന്നതിനെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ കൂടുതല്‍ പുറത്തു പോകാറില്ല. പനിയോ ചുമയോ ഉണ്ടെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോകണം. അതിവിടെ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയാണ്’ പൊന്നമ്മ പറഞ്ഞു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
‘കമ്പനികളെല്ലാം അടച്ചതിനാല്‍ നിരവധി യുവാക്കള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി. നാട്ടിന്‍ പുറങ്ങളില്‍ പോലും ഹോട്ടലുകളും ഷോപ്പുകളും മറ്റ് സേവനങ്ങളുമെല്ലാം അടച്ചുപൂട്ടിയപ്പോള്‍ മിക്കവര്‍ക്കും ജോലി നഷ്ടപ്പെട്ടു. തൊഴിലുറപ്പുപദ്ധതികളും നിര്‍ത്തിവെച്ചു. കാര്‍ഷിക തൊഴിലാളികള്‍ക്ക് മാത്രമാണ് എന്തെങ്കിലും ജോലിയുള്ളത്. അതാകട്ടെ എല്ലാ ജില്ലകളിലും ലഭ്യമല്ല താനും.’
സിപിഐഎംഎല്‍ (ലിബറേഷന്‍) ജില്ലാ സെക്രട്ടറി ഇളയരാജ പറയുന്നത് തേനി ജില്ലയില്‍ അത്യാവശ്യം കാര്‍ഷികജോലികള്‍ ഉണ്ട്, എന്നാല്‍ ഡെല്‍റ്റ മേഖല ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളില്‍ കാര്‍ഷികേതര മേഖലകളില്‍ നിന്നുള്ള അധിക തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ കാര്‍ഷികമേഖലക്ക് കഴിയില്ല എന്നാണ്. മക്കളോടൊപ്പം പശുക്കളെയും വളര്‍ത്തുന്ന വാടിപട്ടിയില്‍ നിന്നുള്ള മുത്തുരാകുവാകട്ടെ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ ഭൂരിഭാഗം സ്ഥലങ്ങളും വിറ്റു, മേല്‍മണ്ണ് മറ്റ് ആവശ്യങ്ങള്‍ക്കായി നീക്കം ചെയ്തു, ഇപ്പോള്‍ പാറ പോലും മണലിനും മറ്റ് ഉപയോഗങ്ങള്‍ക്കുമായി ഖനനം ചെയ്യുന്നു. ‘കൃഷിയൊന്നും ഇനി വേണ്ട, ഈ പാറപ്പുറത്ത് കന്നുകാലികളെ മേയുന്നത് ബുദ്ധിമുട്ടാണ്’ അവര്‍ പറയുന്നു.
തഞ്ചാവൂര്‍ ഡെല്‍റ്റ പ്രദേശങ്ങളിലൊക്കെ കൃഷി വളരെയധികം യന്ത്രവത്കരിക്കപ്പെട്ടിരിക്കുന്നു, അതിനാല്‍ തൊഴിലാളികളെ കാര്യമായി ആവശ്യമില്ല. അതിനാല്‍ നിരവധി ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നത് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമാണ്. അതിര്‍ത്തികള്‍ അടയ്ക്കുകയും നഗരങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ അവരില്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ലോക് ഡൗണ്‍ മൂലമുണ്ടാകുന്ന കുടിശ്ശികയും കടവും പലിശയുമൊക്കെ തിരിച്ചടക്കാനായി ഈ വര്‍ഷവും നഷ്ടപ്പെടുമെന്നവര്‍ ഭയപ്പെടുന്നു. കൊവിഡിനേക്കാള്‍ തങ്ങള്‍ക്ക് കൂടുതല്‍ അപകടം ലോക്ക് ഡൗണ്‍ ആണെന്നാണ് മിക്ക തൊഴിലാളി കുടുംബങ്ങളും കരുതുന്നത്.
‘കോവിഡ് മൂലം ഞങ്ങള്‍ മരിക്കുമോ എന്നറിയില്ല. എന്നാല്‍ ലോക് ഡൗണ്‍ തുടരുകയും ജോലി തിരികെ ലഭിക്കാതിരിക്കുകയും ചെയ്താല്‍ ഉറപ്പായും ഞങ്ങള്‍ പട്ടിണി മൂലം മരിക്കും’ ഞങ്ങള്‍ അഭിമുഖം നടത്തിയ മിക്കവാറും തൊഴിലാളികള്‍ പറഞ്ഞതിങ്ങനെയാണ്.
താഴ്ന്ന വരുമാനക്കാരായ മിക്ക കുടുംബങ്ങള്‍ക്കും മെയ് മാസത്തില്‍ തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് 2000 രൂപ വീതം ലഭിച്ചു. ജൂണ്‍ മാസത്തിലും .അതു തുടരുമെന്ന് പറയുന്നു. എന്നാല്‍ അതുകൊണ്ടൊന്നും അവരുടെ വാടക കുടിശ്ശികയോ വായ്പ ഗഡുക്കളോ അടയ്ക്കാന്‍ തികയില്ല. അത് ഓരോ മാസവും ആയിരക്കണക്കിന് രൂപയാണ്. ദീര്‍ഘകാലത്തേക്ക് മാസം തോറും ഭേദപ്പെട്ട ഒരു തുക എല്ലാവര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ എല്ലാവരും വന്‍കടക്കെണിയില്‍ വീഴുമെന്നുറപ്പ്.
നിര്‍മാണത്തൊഴിലാളികള്‍, വെണ്ടര്‍മാര്‍ തുടങ്ങി കാര്‍ഷികേതര, അസംഘടിത മേഖലകളിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന അസംഘടിത തൊഴിലാളി ഫെഡറേഷന്‍, എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും പ്രതിമാസം 10,000 രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. കൂടാതെ ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം, പലിശ എഴുതിത്തള്ളല്‍, വാടക ചെലവിലേക്ക് സഹായം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
കടപ്പാട് – Counter Currents
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in