പോലീസില്‍ മാത്രമല്ല എഴുത്തുകാരിലും ആര്‍ എസ് എസ് വിങ്ങോ?

ഫാസിസത്തിന് ഊര്‍ജം പകരുന്ന രചനകളും സമീപനങ്ങളും എഴുത്തുകാരില്‍ നിന്നുണ്ടാവുന്നത് ഒന്നുകില്‍ ആര്‍.എസ്.എസിന്റെ നുഴഞ്ഞുകയറ്റം അല്ലെങ്കില്‍ അവരെ പിടികൂടിയ സവര്‍ണ അബോധം. എന്തായിരുന്നാലും ഇവരെല്ലാം എങ്ങിനെയാണ് തപസ്യക്കാരായി പരിണമിച്ചത് എന്നത് ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം സ്രഷ്ടിക്കുന്ന സന്ദര്‍ഭം അതിവിദൂരത്തല്ല.

കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതായി അഭിപ്രായപ്പെട്ടത് ഇടതുപക്ഷസര്‍ക്കാറിന്റെ ഘടകകക്ഷിയായ സി.പി.ഐയുടെ ദേശീയ നേതാവ് ആനിരാജയാണ്. ഭരണകൂടത്തിന്റെ ഉപകരണമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് എന്ന സ്ഥാപനത്തില്‍ ആര്‍.എസ്.എസ് ആധിപത്യം ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ തുറന്ന് സമ്മതിച്ചത് സി.പിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി ഗോവിന്ദന്‍ മാസ്റ്ററാണ്. അദ്ദേഹം പറഞ്ഞത് ഭരണകൂടവും സര്‍ക്കാറും രണ്ടും രണ്ടാന്നെന്നും ഭരണകൂടത്തിലെ ഒരു സ്ഥാപനത്തെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല എന്നാണ്. അഥവാ പോലീസില്‍ പിടിമുറുക്കിയ ആര്‍.എസ്.എസ് ആധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല എന്നര്‍ഥം. തങ്ങള്‍ തീര്‍ത്തും നിസ്സഹായരാണെന്ന് പരസ്യമായി സമ്മതിച്ചു കൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷം പിണറായി സര്‍ക്കാര്‍ ഭരണം നടത്തിയത് എന്നാണ് ഇതിലൂടെ ഗോവിന്ദന്‍മാഷ് വിശദീകരിച്ചത്. ഭരണതുടര്‍ച്ചയില്‍ ആര്‍.എസ്.എസ് സ്വാധീനത്തിന്റെ അടയാളങ്ങള്‍ വീണ്ടും കണ്ട് തുടങ്ങിയപ്പോഴാണ് ആനിരാജയെ പോലുള്ളവര്‍ക്ക് പരസ്യ പ്രസ്താവന നടത്തേണ്ടി വന്നത്.

ഒരു ഭരണകൂട സ്ഥാപനം എന്ന നിലയില്‍ പോലീസ് വകുപ്പില്‍ ആര്‍.എസ്.എസ് സ്വാധീനം ഉറപ്പിക്കുന്നത് നമുക്ക് മനസ്സിലാവും. എന്നാല്‍ തീര്‍ത്തും സ്വതന്ത്രരായ എഴുത്തുകാര്‍ക്കും സാഹിത്യകാരര്‍ക്കുമിടയില്‍ ആര്‍.എസ്.എസ് വിംഗ് പ്രവര്‍ത്തിക്കുന്നത് ഏറെ അസ്വസ്ഥമാക്കുന്നു. ആര്‍.എസ്.എസ് എന്നത് സവര്‍ണ്ണാധിപത്യത്തിന്റെ, വര്‍ണ്ണാശ്രമ ബോധത്തിന്റെ, മനുവാദത്തിന്റെ പ്രായോഗിക രൂപമാണ്. എന്നാല്‍ വര്‍ണ്ണാശ്രമ ബോധത്താല്‍ ഇരകളാക്കപ്പെടുന്ന ലക്ഷക്കണക്കിന് അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ വിമോചനം സ്വപ്നം കാണേണ്ടവരാണ് പുരോഗമന എഴുത്തുകാര്‍. അഥവാ രണ്ട് ധ്രുവങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന രണ്ട് ആശയധാരകള്‍ എന്നര്‍ഥം. പക്ഷെ എല്ലായിടത്തും നുഴഞ്ഞ് കയറി ആധിപത്യം സ്ഥാപിക്കാനുള്ള ആര്‍.എസ്.എസിന്റെ കഴിവ് ഇവിടെയും നടപ്പിലാവുന്നു എന്നാണ് ഇപ്പോള്‍ ബോധ്യമാവുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നിര്‍മ്മിച്ച രണ്ട് ഷോര്‍ട്ട് ഫിലിം വിളിച്ചുപറയുന്നത്. ഇല്ലത്തെ നമ്പൂതിരിയുടെ ഭാരിദ്ര്യത്തെ കുറിച്ച് വേദനിക്കുന്ന ഒരു സഹൃദയ സംഘടനയായി പുരോഗമന കലാ സാഹിത്യസംഘം പോലും രൂപാന്തരണം പ്രാപിക്കുന്നതാണ് ആ ഫിലിമില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെട്ട വിത്യസ്ഥ സമുദായങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കയറി വരുന്നതിന് വേണ്ടി ഭരണഘടനാ ശില്‍പ്പികള്‍ രൂപപ്പെടുത്തിയെടുത്ത സംവരണം എന്ന സാമൂഹ്യ നീതിയെ തന്നെ അട്ടിമറിച്ച് കൊണ്ട് സവര്‍ണ സംവരണം നടപ്പാക്കിയ ഇടത് സര്‍ക്കാറിനെ പ്രശംസിച്ച് കൊണ്ടുള്ള ആവിഷ്‌കാരമായിരുന്നു അത്. ദലിതന്റെ വീട്ടിലെ അടുപ്പില്‍ തീ പുകയാത്തത്, ആദിവാസിക്ക് ഇതുവരെയും ലഭിക്കാത്ത ഭൂമി, മുസ്ലിം ജനസാമാന്യത്തിന്റെ പിന്നോക്കാവസ്ഥ എന്നിവയെക്കുറിച്ചൊന്നും ഉല്‍ക്കണ്ഠയില്ലാത്ത, അഞ്ച് ഏക്കറില്‍ കൂടുതല്‍ സ്വന്തമായി ഭൂമി ഇല്ലാത്ത നമ്പൂതിരി ഇല്ലത്തെ ദാരിദ്യത്തെ കുറിച്ച് ദൃശ്യാവിഷ്‌കാരം നടത്തുന്നത് തപസ്യയല്ല മറിച്ച് പു.ക.സയാണ്. മലയപ്പുലയനാ മാടത്തിന്‍ മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ തുടങ്ങിയ കവിതകള്‍ ഇന്നലെകളില്‍ ഉച്ചത്തില്‍ ചൊല്ലിയവര്‍ ഇന്ന് സവര്‍ണ വാഴ്ത്തപാട്ടുകളുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. രണ്ട് ഷോര്‍ട്ട് മൂവിയില്‍ ഒന്ന് സഹസ്ര നാമം ചൊല്ലുന്ന ‘ദരിദ്രനായ” (അഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി ഇല്ലാത്ത) ബ്രാഹ്മണ നമ്പൂതിരിയെ ഉയര്‍ത്തി കൊണ്ടുവരുവാനുള്ള ഇടത് സര്‍ക്കാറിന്റെ ഭഗീരഥയത്‌നത്തെ പിന്തുണക്കുന്നതാണെങ്കില്‍ മറ്റൊന്ന് മുസ്ലിം അപരവല്‍ക്കരണത്തിന്റെ സംഘപരിവാര്‍ ഭാഷ്യമാണ്. മുസ്ലിം സമൂഹത്തെ കുറിച്ച് സവര്‍ണ പൊതുബോധ നിര്‍മിതിയില്‍ നിന്ന് ഒരിഞ്ച് പോലും വികസിച്ചിട്ടില്ലാത്ത കാഴ്ചപ്പെടുത്തലുകളാണ് രണ്ടാമത്തെ മൂവിയിലൂടെ പുറത്ത് വന്നത്. പച്ച ബെല്‍റ്റും തൊപ്പിയും തീവ്രവാദചാപ്പയും ഒത്തിണങ്ങുന്ന ഒരു മുസ്ലിം കഥാപാത്രത്തിനപ്പുറത്തേക്ക് ഭാവന ചെയ്യാന്‍ കഴിയാത്ത വിധം സവര്‍ണ ഭൂതകാല സ്മരണയിലാണ് പു.ക.സ ഇപ്പോഴും സംസാരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമൂഹത്തിന്റെ മുഴുവന്‍ മേഖലകളിലും ആധിപത്യമുള്ള ബ്രാഹ്മണര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി പൂര്‍ണ സവര്‍ണ ആധിപത്യം ഉറപ്പ് വരുത്തിയ ഇടത് സര്‍ക്കാറിനെ അഭിനന്ദിക്കുന്ന ദൃശ്യാവിഷ്‌കാരവും മുസ്ലിം കഥാപാത്ര നിര്‍മിതിയില്‍ ഇപ്പോഴും തുടരുന്ന തീവ്രവാദ ചാപ്പയുടെ ദൃശ്യാവിഷ്‌കാരവും നടത്തിയത് പു.ക.സയാണെന്നത് ആരിലും ഞെട്ടലുളവാക്കും. അഥവാ രണ്ട് ഷോര്‍ട്ട് ഫിലിമിന്റെയും താഴെ, നിര്‍മ്മാണം, പു.ക.സ എന്ന് എഴുതിയില്ല എങ്കിലത് ”തപസ്യയുടെതാണ്” എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല എന്നര്‍ഥം. ഇപ്പോഴിതാ പുരോഗമനവാദികളെന്ന വിശേഷണമുള്ള ചില എഴുത്തുകാര്‍ താലിബാനെ മുന്‍ നിര്‍ത്തി കേരളത്തില്‍ മുസ്ലിം ഭീതി നിര്‍മ്മാണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സാങ്കല്പിക ഭീതി വികസിപ്പിച്ച് ഇപ്പോള്‍ കേരളത്തിലെ പ്രമുഖമായ മുസ്ലിം മാനേജ്‌മെന്റിന് കീഴിലുള്ള ഒരു പത്രം ബഹിഷ്‌കരിക്കുവാനുള്ള കാമ്പയിനുമായിട്ടാണ് ഒരുവിഭാഗം മുമ്പോട്ട് പോവുന്നത്. രണ്ട് പതിറ്റാണ്ട് കാലമായി അമേരിക്കന്‍ സാമ്രാജ്യത്വം തകര്‍ത്ത് തരിപ്പണമാക്കിയ അഫ്ഗാനില്‍ നിന്ന് അധിനിവേശം അവസാനിപ്പിച്ച് അമേരിക്ക രാജ്യം വിടുമ്പോള്‍ സ്വതന്ത്രമായ അഫ്ഗാനെ ഭരിക്കാന്‍ പോവുന്നത് താലിബാനാണ് എന്നത് ലോകത്തുള്ള മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അസ്വസ്ഥമാക്കുന്നതാണെന്നതില്‍ സംശയമില്ല. പക്ഷെ താലിബാനെ അപലപിക്കാത്ത കേരളത്തിലെ മുസ്ലിമുകളെ ഞങ്ങള്‍ക്ക് ഭയമാണ് എന്ന പ്രസ്താവനയാണ് സുനില്‍പി. ഇളയിടത്തിന്റെ നേതൃത്വത്തില്‍ നടന്നത്. സത്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് വിത്യസ്ത വിശകലനങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലുള്‍പ്പടെ വിത്യസ്ത രാജ്യങ്ങളില്‍ അംബാസിഡറായിട്ടുള്ള എം.കെ ഭദ്രകുമാര്‍ പറഞ്ഞത് നാമെല്ലാം കേട്ടു. അഫ്ഗാനില്‍ എന്ത് സംഭവിക്കുന്നു എന്ന യാഥാര്‍ത്ഥമറിയാന്‍ കേരളത്തില്‍ നിന്ന് പോകാന്‍ ഒരു ഫൂക്കോ ഇല്ലാതെ പോയി എന്ന് പരിതപിക്കുന്നത് പു.ക.സയുടെ സഹയാത്രികനായ പി.കെ പോക്കറാണ്. പോരാളികള്‍ ഭരണാധികാരികളാവുന്നു എന്നാണ് ദ ഹിന്ദു എഡിറ്റോറിയല്‍ എഴുതിയത്. ഇത്തരത്തില്‍ വിത്യസ്ത വിശകലനങ്ങളും വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ കേരളത്തിലെ മുസ്ലിംകള്‍ താലിബാനെ അപലപിച്ച് കൊണ്ട് നിരന്തരം പ്രസ്തവന നടത്തണമെന്നാണ് ഇക്കൂട്ടര്‍ പറഞ്ഞ് വെക്കുന്നത്. അഥവാ താലിബാനെതിരെ പ്രസ്താന നടത്താത്ത മുസ്ലിംകളെ പേടിക്കണമെന്നും അവരുടെ പത്രം ബഹിഷ്‌കരിക്കണമെന്നും പറയുന്നത് ആര്‍.എസ്.എസ് മാത്രമല്ല സവര്‍ണ അബോധം പേറുന്ന ഒരുപറ്റം എഴുത്തുകാരും കൂടിയാണ്. മുസ്ലിമുകളല്ലാത്തവര്‍ക്ക് ഈ ബാധ്യതയില്ലതാനും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പൗരത്വ പ്രക്ഷോഭ സര്‍ഭത്തില്‍ ഇത്തരത്തിലുള്ള ബഹിഷ്‌കരണവും പുറത്ത് നിര്‍ത്തലും ഈ സമുദായം അനുഭവിച്ചതാണ്. പൗരത്വ പ്രക്ഷോഭത്തില്‍ തക്ബീര്‍ മുഴക്കിയത് ഇവിടുത്തെ സവര്‍ണ മതേതരത്വത്തിന് ഒട്ടും ദഹിച്ചിട്ടില്ല. ഇരകളാക്കപ്പെടുന്ന ഒരു സമുദായം അവരുടെ പോരാട്ടത്തിനും ചെറുത്തുനില്‍പിനും ഇന്ധനമായി തീരുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുമ്പോള്‍ അവരെ ഫൗള്‍ വിളിച്ച് ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. ഞങ്ങള്‍ വിളിച്ചു തരുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചാല്‍ മതി എന്ന തിട്ടൂരം പുറപ്പെടുവിക്കുകയായിരുന്നു പുരോഗമനപക്ഷത്തെ എഴുത്തുകാര്‍ അന്ന് ചെയ്തത്. അടിച്ചമര്‍ത്തപ്പെടുന്ന ജനത ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവരുടെ സ്വത്വത്തിലധിഷ്ഠിതമായ എല്ലാ വിപ്ലവാത്മക മുദ്രാവാക്യങ്ങളും സമരമുഖത്ത് മുഴക്കുന്നത് പോരാട്ടവീര്യം നിലനിര്‍ത്താനാണ്. അതുകൊണ്ടാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ കുറിച്ച് തക്ബീര്‍ മുഴക്കിയ ചെഗുവേര എന്ന് കെ. ഇ.എന്‍ പറഞ്ഞത്. ഇത്തരത്തിലുള്ള സ്വത്വയാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ കെ.ഇ.എന്നും പി.കെ പോക്കറും ഇപ്പോള്‍ താലിബാനികളായി മുദ്രയടിക്കപ്പെട്ടിട്ടുണ്ടാവും. മുസഫര്‍ നഗറില്‍ ഞായറാഴ്ച നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ രാകേഷ് ടിക്കായത്ത് പതിനായിരക്കണക്കിന് ഹിന്ദുസമുദായത്തെ മുന്‍ നിര്‍ത്തി തക്ബീര്‍ മുഴക്കി കൊണ്ടാണ് പ്രഭാഷണം നടത്തിയത് എന്നറിയുമ്പോള്‍ കേരളത്തിലെ സവര്‍ണ മതേതരത്വത്തിന് ദഹനക്കേട് ഉണ്ടാകും എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അടിച്ചമര്‍ത്തപ്പെട്ടവരും നിരാലംബരുമായ ജനസമൂഹത്തിന്റെ ഉണര്‍ത്തു പാട്ടിനായി കലാവിഷ്‌കാരം നടത്തേണ്ടതിന് പകരം സവര്‍ണാധിപത്യത്തിന് വേണ്ടി താരാട്ടുപാട്ടിന്റെ ഈരടികള്‍ രചിക്കുവാനുള്ള പതനം അതി ദയനീയമാണെന്ന് ഓര്‍മ്മപ്പെടുത്താതെ വയ്യ. ഇത്തരത്തില്‍ ഫാസിസത്തിന് ഊര്‍ജം പകരുന്ന രചനകളും സമീപനങ്ങളും എഴുത്തുകാരില്‍ നിന്നുണ്ടാവുന്നത് ഒന്നുകില്‍ ആര്‍.എസ്.എസിന്റെ നുഴഞ്ഞുകയറ്റം അല്ലെങ്കില്‍ അവരെ പിടികൂടിയ സവര്‍ണ അബോധം. എന്തായിരുന്നാലും ഇവരെല്ലാം എങ്ങിനെയാണ് തപസ്യക്കാരായി പരിണമിച്ചത് എന്നത് ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം സ്രഷ്ടിക്കുന്ന സന്ദര്‍ഭം അതിവിദൂരത്തല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply