ഞാന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ.. പിസി ജോര്‍ജ്ജിനോട് നടി

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ഇങ്ങനെയൊരു കത്ത് എഴുതേണ്ടി വരും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവർത്തകനും ജനപ്രതിനിധിയുമായ ശ്രീ.പി.സി.ജോർജ് എന്നെക്കുറിച്ച് അങ്ങേയറ്റം അപകീർത്തിപരമായ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ ഇക്കാര്യങ്ങൾ അങ്ങയുടെ കൂടെ ശ്രദ്ധയിൽപെടുത്തണമെന്ന് തോന്നിയതു കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക വ്യഥകൾ എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാൻ എനിക്ക് ആവതില്ല. കടന്നു പോകുന്ന ഓരോ നിമിഷങ്ങളിലും അസഹനീയമായ അപമാനത്തിന്റെ വേദന എന്നെ […]

download

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ഇങ്ങനെയൊരു കത്ത് എഴുതേണ്ടി വരും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവർത്തകനും ജനപ്രതിനിധിയുമായ ശ്രീ.പി.സി.ജോർജ് എന്നെക്കുറിച്ച് അങ്ങേയറ്റം അപകീർത്തിപരമായ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ ഇക്കാര്യങ്ങൾ അങ്ങയുടെ കൂടെ ശ്രദ്ധയിൽപെടുത്തണമെന്ന് തോന്നിയതു കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക വ്യഥകൾ എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാൻ എനിക്ക് ആവതില്ല. കടന്നു പോകുന്ന ഓരോ നിമിഷങ്ങളിലും അസഹനീയമായ അപമാനത്തിന്റെ വേദന എന്നെ വരിഞ്ഞുമുറുക്കുന്നുണ്ട്. അമ്മയും സഹോദരനും ഞാനുമുൾപ്പെട്ട ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതല്ല എന്റെ ജീവിതത്തിൽ സംഭവിച്ചത്. പക്ഷേ തകർന്നു പോകരുതെന്നും അവസാനം വരെ പിടിച്ചു നില്ക്കണമെന്നുള്ള അതിശക്തമായ ഒരു തോന്നലിന്റെ പുറത്താണ് ഞാൻ ദിവസങ്ങൾ കഴിക്കുന്നത്. ആത്മശക്തിയും ആത്മവിശ്വാസവും മുറുക്കെ പിടിച്ച് തിരിച്ചുവരവിനായുള്ള ശ്രമം ആക്രമിക്കപ്പെട്ടതിന്റെ പിറ്റേനാൾ മുതൽ ഞാൻ നടത്തി കൊണ്ടിരിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, ഈ സമരത്തിൽ തോല്ക്കരുതെന്ന് ആഗ്രഹിച്ചിട്ട്…. ഞാൻ തോറ്റാൽ തോല്ക്കുന്നത് എന്നെപ്പോലെ ആക്രമിക്കപ്പെട്ട മറ്റനേകം സ്ത്രീകളും കൂടെയാണെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട്…

സാർ, അങ്ങനെയൊരു തിരിച്ചുവരവിനു ശ്രമിക്കുന്ന എന്നെക്കുറിച്ച് അങ്ങ് കൂടി അംഗമായ നിയമസഭയിലെ ഒരു ജന പ്രതിനിധി പറഞ്ഞത്, ” ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എങ്ങനെയാണ് പിറ്റേ ദിവസം പോയി സിനിമയിൽ അഭിനയിക്കാൻ പറ്റുന്നത്?” എന്നാണ്… സംഭവത്തിന്റെ പിറ്റേ ദിവസം ഞാൻ നേരത്തേ കമ്മിറ്റ് ചെയ്ത ഒരു ഷൂട്ടിംഗിന് പോകേണ്ടതുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പ്രസ്താവിക്കുന്നതു പോലെ പിറ്റെ ദിവസം ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയിട്ടില്ല. ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് എന്റെ സിനിമയുടെ സംവിധായകനും നിർമാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും എന്നെ വിളിച്ച് ഞാൻ മടങ്ങിചെല്ലണമെന്നും ജോലിയിൽ തുടരണമെന്നും നിരന്തരമായി നിർബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് ഞാൻ നേരത്തെ ചെയ്യാമെന്ന് ഏറ്റ ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. ആ സഹപ്രവർത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നുവെങ്കിൽ എനിക്ക് സിനിമയിലേക്കുളള മടക്കം സാധ്യമാകുമായിരുന്നോ എന്ന് തന്നെ സംശയമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കേ നിജസ്ഥിതി അറിയാതെ സംസാരിക്കുവാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിക്കുന്നു? പി സി ജോർജിനെ പോലുള്ളവർ ഞാൻ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തിൽ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ?ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നേൽ നന്നായിരുന്നു.

സാർ,ഞാൻ സിനിമയിൽ അഭിനയിച്ച് ഉപജീവനം നടത്തുന്ന ആളാണ്. തൊഴിൽ ചെയ്യാതെ ജീവിക്കുക അസാധ്യമാണ്. ഇത്രയുമൊക്കെ എന്റെ ജീവിതത്തിൽ സംഭവിച്ചു എന്നതിന്റെ പേരിൽ അപമാനിതയായി എന്ന തോന്നലിൽ ജീവിതം ഒടുക്കാൻ എനിക്കാവില്ല. ഞാനല്ല അപമാനിക്കപ്പെട്ടത്, എന്നെ ആക്രമിച്ചവരുടെ മാനമാണ് ഇല്ലാതായത് എന്ന ചിന്ത തന്ന ഉറപ്പിലാണ് ഞാൻ പരാതിപ്പെടാൻ തയ്യാറായതും കുറച്ചു ദിവസങ്ങൾക്കു ശേഷം അഭിനയിക്കാൻ പോയതും. എന്തിന്റെ പേരിലാണെങ്കിലും കുറച്ചു ദിവസങ്ങൾ മാറി നിന്നാൽ ഞങ്ങളെ പോലുള്ളവർക്ക് ഈ മേഖലയിലേക്ക് തിരിച്ചുവരവ് സാധ്യമല്ല. അതുകൊണ്ടാണ് നേരത്തേ ഇതുപോലുള്ള സംഭവങ്ങളുണ്ടായിട്ടം പരാതിപ്പെടാതെ, ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പലരും കഴിഞ്ഞുപോവുന്നത്. മാത്രവുമല്ല, പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകുന്നവർക്ക് നേരെ പി.സി.ജോർജുമാർ കാർക്കിച്ചു തുപ്പുന്നതും ആളുകൾ ഭയക്കുന്നുണ്ടാവും. പി.സി.ജോർജ് നടത്തിയ പ്രസ്താവനകളെ തുടർന്ന് രാഷ്ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകൾ പുറപ്പെടുവിച്ചതും അവ മാധ്യമങ്ങളിൽ വന്നതും അങ്ങ് ശ്രദ്ധിച്ചിരിക്കുമല്ലോ. ജോർജ്ജിനെ പോലുളള ജനപ്രതിനിധികൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന പൊതു ബോധത്തെ കുറിച്ച് ഈ നാട്ടിലെ സ്ത്രീകൾ പേടിക്കേണ്ടതുണ്ട്.ഇതുണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതു സമ്മതിയായി മാറുന്നുവെന്നും അതെങ്ങനെ സ്ത്രീത്വത്തിന് നേരെ ഉപയോഗിക്കപ്പെടുന്നുവെന്നും അങ്ങേക്കും അറിവുള്ളതാണല്ലോ… ഓരോ പ്രസ്താവനകൾക്കും മറുപടി പറയാൻ എനിക്കാവില്ല സാർ.കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ച് ജനപ്രതിനിധിയടക്കമുള്ളവർ ചേർന്ന് രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിർണ്ണയങ്ങളെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ എനിക്ക് കടുത്ത ആശങ്കയുണ്ട് സാർ.

അപകീർത്തിപരമായ പ്രസ്താവന പുറപ്പെടുവിച്ച ജനപ്രതിനിധിക്കെതിരേ സ്വമേധയാ കേസെടുക്കുമെന്നറിയിച്ച സംസ്ഥാന വനിതാ കമ്മീഷനെ പി സി ജോർജ് ഏതൊക്കെ നിലയിൽ അപമാനിച്ചു കൊണ്ടിരിക്കുന്നുവെന്നും അങ്ങ് കാണുന്നുണ്ടല്ലോ.. വനിതാ കമ്മീഷൻ തന്റെ മൂക്ക് ചെത്താൻ ഇറങ്ങിയിരിക്കയാണെന്നും തന്റെ നേരെ വന്നാൽ മൂക്ക് മാത്രമല്ല മറ്റ് പലതും വരുന്നവർക്ക് നഷ്ടമാകുമെന്നുമാണ് പി സി ജോർജ് കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. ആയിരക്കണക്കിന് സ്ത്രീകൾ തങ്ങൾക്ക് നീതി കിട്ടാൻ ആശ്രയിക്കന്ന ഒരു സ്ഥാപനത്തിനെതിരേ ഇത്ര കടുത്ത ഭാഷയിൽ, ഒരു ലജ്ജയുമില്ലാതെ അദ്ദഹത്തിന് ഇത് പറയാമെങ്കിൽ എന്നെപ്പോലുള്ള സ്ത്രീകളെ അദ്ദേഹത്തിന് എത്രയോ അധിക്ഷേപിച്ചുകൂടാ.. കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരിലും സർക്കാരിലും എനിക്ക് പൂർണ്ണ വിശ്വാസമുള്ളതുകൊണ്ടാണ് ഞാനിക്കാര്യങ്ങൾ അങ്ങേക്ക് നേരിട്ടെഴുതാൻ തീരുമാനിച്ചത്. കനലിലേക്ക് എറിയപ്പെട്ട എന്റെയും കുടുംബാംഗങ്ങളുടെയും അവസ്ഥ അങ്ങേക്ക് ബോധ്യപ്പെടുമല്ലോ.. ആക്രമിക്കപ്പെട്ട ഒരു സ്ത്രീയും ഇതുപോലെ ജനമധ്യത്തിൽ വീണ്ടും വീണ്ടും അവമതിക്കപ്പെടരുത്. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാൻ വന്നാൽ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുത്. സാർ.. ഇത്ര മാത്രമേ എനിക്ക് പറയാനുള്ളൂ. എനിക്ക് നിങ്ങളിൽ വിശ്വാസമുണ്ട്.

എന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply