സവര്‍ണ്ണതയെ ‘പൊതു’വും മതേതരവുമാക്കി മാറ്റിയ കേരളം
ഡോ .രാമകൃഷ്ണന് നേരിടേണ്ടിവന്ന വ്യക്തിപരമായ അവഹേളനം പരിഹരിക്കുന്ന വിധത്തിലുള്ള സമാശ്വസ നടപടികള്‍ ഉണ്ടായേക്കാം .ഇടതുപക്ഷ ഉദാരവാദികള്‍ അദ്ദേഹത്തെ പുറന്തള്ളാനല്ല ,ഉള്‍ക്കൊള്ളാനാണ് കൂടുതല്‍ സാധ്യത ഉള്ളതെന്നു തോന്നുന്നു . എന്നാല്‍ ,അദ്ദേഹം ഉന്നയിച്ച ജാതീയമായ വിവേചനം ഒഴിവാക്കാന്‍ ചെറിയ രീതിയിലുള്ള മുറിവുണക്കല്‍ കൊണ്ടു പറ്റുമെന്നു തോന്നുന്നില്ല .മറിച്ചു കേരളത്തിലെ സാംസ്‌കാരിക മൂലധനമെന്ന നിലയില്‍ സവര്‍ണ്ണര്‍ കയ്യാളുന്ന സവിശേഷ അവകാശങ്ങളില്‍ വലിയ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരും .ഇക്കാര്യത്തില്‍ ഇടതു -വലതു മുന്നണികളുടെയും സവര്‍ണ്ണ പുരോഗമനകാരികളുടെയും നിലപാട് എന്തായിരിക്കും എന്നതാണ് പ്രശ്‌നമാവുക .
കേരളസംസ്ഥാനം രൂപപ്പെട്ടതിന് ശേഷം’ തനത് ‘സംസ്‌കാരത്തെ നിലനിറുത്താനും പ്രോത്സാഹിപ്പിക്കാനുമായി നിരവധി സ്ഥാപനങ്ങളും പദ്ധിതികളുമാണ് ഉണ്ടായത് .മലയാള ഭാഷ ,സാഹിത്യം ,കലകള്‍ ,സംഗീതം ,സിനിമ ,നാടകം ,ചിത്രകല എന്നിവയുടെയെല്ലാം വളര്‍ച്ച ലക്ഷ്യമാക്കി ഒട്ടേറെ അക്കാദമികളും സര്‍വകലാശാലകളും നിലവില്‍ വന്നു . ഇതിനു മുന്‍പേ തന്നെ എഴുത്തച്ഛനെ പോലുള്ളവരെ ഭാഷ പിതാവായും ,ഓണം പോലുള്ള ഹൈന്ദവ ചടങ്ങുകളെ ദേശീയ ഉത്സവമായും പ്രഖ്യാപിച്ചിരുന്നു .ഒപ്പം ,വള്ളത്തോള്‍ വിഭാവന ചെയ്ത പ്രകാരമുള്ള കലകളെ കേരളീയ തനതു ആവിഷ്‌കാരങ്ങളായും സ്വീകരിച്ചിരുന്നു .അടുത്തുനിന്നു നോക്കിയാല്‍; സവര്‍ണ്ണരുടെ ആചാര -ആരാധനാ പശ്ചാത്തലമുള്ള കലകളെയാണ് സര്‍ക്കാര്‍ പിന്തുണയോടെ ‘ പൊതു’വും മതേതരവുമാക്കി മാറ്റിയതെന്നു കാണാം .ഇവയ്ക്കുവേണ്ടി കോടികണക്കിന് പൊതുമുതല്‍ ഒഴുക്കുന്നതിനൊപ്പം നടത്തിപ്പുകാരായി സവര്‍ണരെ തന്നെ അവരോധിക്കുകയും ചെയ്യുന്നു .ഇത്തരം സ്ഥാപനങ്ങള്‍ കൊടുക്കുന്ന അവാര്‍ഡുകളും അംഗീകാരങ്ങളും ഏറെക്കുറെ സവര്ണര്ക്ക് മാത്രമായിട്ടാണ് സംവരണം ചെയ്തിട്ടുള്ളത് . ഇത്തരത്തിലുള്ള സംവരണ മണ്ഡലങ്ങളുടെ ഫലമായി, സവര്‍ണ്ണ ആവിഷ്‌കാരങ്ങള്‍ക്ക് പൊതു മതേതര മൂല്യം ലഭിക്കുക മാത്രമല്ല ,ആഗോളവിപണിയില്‍ അവക്കു കടന്നുകയറാനും പറ്റി .ഒപ്പം കേവലം അന്ധവിശ്വാസങ്ങള്‍ മാത്രമായ ജോത്സ്യം ,വാസ്തു ,ബ്രഹ്മാണിസ്റ്റു പൂജാകര്‍മ്മങ്ങള്‍ എന്നിവക്കും വലിയനിലയിലുള്ള പുനരുദ്ധാരണവും കിട്ടി .
എന്തുകൊണ്ടാണ്’ പുരോഗമന ‘കേരളത്തില്‍ സവര്‍ണ്ണ സാംസ്‌കാരികതക്ക് ഇത്രമാത്രം പൊതുസ്വീകാര്യതയും ഭരണകൂട പിന്തുണയും ലഭിച്ചത് ? കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണം പോലുള്ള നടപടികള്‍ നമ്പൂതിരിമാരെയും വിവിധ അമ്പലവാസി സമുദായങ്ങളെയും പാപ്പരാക്കിഎന്നുള്ള കുറ്റബോധം നായന്മാര്‍ പോലുള്ള പുതു അധികാരികളില്‍ പ്രബലമാണ് .അറുപതു -എഴുപതുകളിലെ പുരോഗമന സാഹിത്യത്തിലും പില്‍ക്കാലത്തെ ജനപ്രയ സിനിമകളിലും ഈ കുറ്റബോധം അലയടിക്കുന്നത് കാണാം .സമീപകാലത്തു മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ സെക്രട്ടറി കേരളത്തിലെ അഗ്രഹാരങ്ങളുടെ ഗതികേടിനെപ്പറ്റി ഓര്‍മിപ്പിച്ചതും ഇതേ കുറ്റബോധത്തിന്റെ അടിസ്ഥാനത്തിലാണ് . കേരളത്തിലെ ശൂദ്രരുടെയും അവരുടെ പദവിയിലേക്ക് ഉയര്‍ന്ന അവര്‍ണരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും കുറ്റബോധത്തിന്റെയും ആശ്രിത മനോഭാവത്തിന്റെയും പിന്‍ബലത്തിലാണ് സവര്‍ണ്ണ സാംസ്‌കാരിക മൂലധനങ്ങള്‍ക്ക് ഇത്രമാത്രം പ്രാമാണ്യം ഉണ്ടായതെന്നു സാരം .
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ,സവര്‍ണ്ണ മൂല്യ മണ്ഡലങ്ങള്‍ക്ക് പൊതു സാംസ്‌കാരിക -മതേതര പദവി കിട്ടുന്നതിനൊപ്പം അവര്‍ണ്ണ -ന്യൂനപക്ഷ ആവിഷ്‌ക്കാരങ്ങള്‍ പുറംതള്ളപ്പെടുകയൊ ,അവ പുരാവസ്തുക്കള്‍ അല്ലെങ്കില്‍ കൗതുകങ്ങള്‍ ആയോ മാറ്റപ്പെടുകയും ചെയ്യുന്നു എന്നതാണ് .ചിലപ്പോള്‍ ഇവ സവര്‍ണ്ണ നൊസ്റ്റാള്‍ജിയയുടെ ഭാഗവും ആയേക്കാം .അതായത് ,കീഴാള കലകളെയും സവര്‍ണ്ണ കലകള്‍ തന്നെ ആവിഷ്‌കരിക്കുന്ന കീഴാളരെയും സമകാലീന തൃഷ്ണ ഉല്പാദിപ്പിക്കുന്നവരായി കാണാന്‍ പൊതുബോധം വിസമ്മതിക്കുന്നു .ഇതിനു ജാതി ‘ഗുണം’ അനിവാര്യമത്രേ .ഇത്തരം പൊതുബോധത്തെ ഒരുപരിധിവരെ പൊളിച്ചെഴുതിയവരാണ് സി .ജെ .കുട്ടപ്പനും കലാഭവന്‍ മണിയുമൊക്കെ . സവര്‍ണ്ണ പൊതുബോധത്തെ തിരസ്‌കരിക്കുന്നതിനൊപ്പം, സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന എല്ലാ സാംസ്‌കാരിക സ്ഥാപങ്ങളിലും അവാര്‍ഡുകളിലും അര്‍ഹമായ പങ്ക് ലഭിക്കാനും കീഴാള -ന്യൂനപക്ഷ സമുദായങ്ങള്‍ സമരം തുടരേണ്ടതുണ്ട് .ഈ സമരത്തില്‍ ,ഡോ .രാമകൃഷ്ണന്റെ പൊട്ടിത്തെറികള്‍ പ്രചോദനമായി മാറിയിട്ടുണ്ടെന്നു തോന്നുന്നു .
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in