ഋഷി സുനക് : ധനകാര്യ ഹിന്ദുത്വത്തിന്റെ പഴുത്ത തലച്ചോറ്

ആര്‍എസ്എസ് ശക്തികള്‍ ഹിന്ദുമതം ‘വിശ്വ ഗുരു’ ആണെന്ന് നിരന്തരം വീമ്പിളക്കുകയും, കുരിശുയുദ്ധക്കാരും കൊളോണിയല്‍ വിപുലീകരണവാദികളും എന്ന നിലയിലുള്ള ബ്രിട്ടീഷുകാര്‍ക്കും ക്രിസ്ത്യന്‍ നാഗരിക ചരിത്രത്തിനും എതിരായ ആക്രമണങ്ങള്‍ നിറഞ്ഞ സാഹിത്യം രചിക്കുകയും ചെയ്യുമ്പോള്‍, ആര്‍എസ്എസിന്റെ ‘ഹിന്ദു ഇന്ത്യ’ ക്ക് സഹിഷ്ണുതയുടെ ഒരു ബ്രിട്ടീഷ് പാഠമാണ് ബ്രിട്ടനിലെ വോട്ടര്‍മാര്‍ തന്നെ വിജയിപ്പിച്ചു കൊണ്ട് നടത്തിയത് എന്ന് ഓര്‍ക്കാനും പ്രഖ്യാപിക്കാനുമുള്ള സാമാന്യ മര്യാദ പോലും യഥാര്‍ത്ഥ സനാതന ‘ഹിന്ദു’ എന്ന് അവകാശപ്പെടുന്ന ഋഷി സുനകില്‍ നിന്ന് ഉണ്ടായിട്ടില്ല.

ജയിച്ചാല്‍ രാജ്യത്തെ ഇസ്‌ലാമിക തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു വലിയ ഇസ്ലാമോഫോബിയ രാഷ്ട്രീയത്തിന് തീകൊളുത്തിയാണ് ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി ബ്രിട്ടീഷ്-ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് രാഷ്ട്രീയ ഗോദയില്‍ ഇറങ്ങുന്നത്.

ഹിന്ദുത്വ വൈദിക ആണ്‍കോയ്മയുടെ വിദ്രോഹാന്ധത ബാധിച്ച ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഗോപൂജ നടത്തിയിരുന്നതും ഭഗവത്ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തതും UK യിലെ സവര്‍ണ്ണ ഹിന്ദുത്വത്തെ പ്രീണിപ്പിക്കാനുള്ള കേവല തെരഞ്ഞെടുപ്പ് കസര്‍ത്ത് മാത്രമായി കാണാന്‍ കഴിയില്ല. ഇടിഞ്ഞു പൊളിഞ്ഞ തറവാടായി മാറിയ UK യില്‍ ആര്യമേന്മാ സിദ്ധാന്തത്തിന്റെ പുതിയ വംശീയ രാഷ്ട്രീയം പരീക്ഷിക്കുകയാണ് ഋഷിയിലൂടെ കോര്‍പ്പറേറ്റ് മൂലധന രാഷ്ട്രീയം എന്ന് വേണം മനസ്സിലാക്കാന്‍.

സുനകിന്റെ ‘ഋഷി’ തുല്യതയ്ക്ക് കിട്ടിയ അംഗീകാരം എന്ന് മാധ്യമങ്ങള്‍ പറയുമ്പോള്‍, ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തെയും, ബുദ്ധ ചരിത്രത്തെയും, ഭരണഘടനയെയും അസാധുവാക്കുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഭാസകരമായ ചാരബുദ്ധിയാണ് കാണിക്കുന്നത്. ബ്രിട്ടീഷ് ജനാധിപത്യത്തിനുള്ളില്‍ ഈ പുത്തന്‍ തലമുറ ഋഷിയിലൂടെ വംശീയ രാഷ്ട്രീയത്തിന്റെ ആശ്രമം പണിയാനുള്ള കോര്‍പ്പറേറ്റ് പദ്ധതികളായി വേണം ഇതിനെ മനസ്സിലാക്കാന്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ചുരുക്കത്തില്‍ ഋഷി സുനകിന്റെ ഗോ പൂജയും, ഭഗവത് ഗീതയും, കയ്യിലെ ചരടുകെട്ടലും ഇന്ത്യയിലെ ഫാസിസ്റ്റ് സംഹാരത്തിന്റെ സ്വാഭാവികവല്‍ക്കരണ (neutralisation) മാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. UK യെ പുരോഗതിയിലേക്ക് നയിക്കാന്‍ ഇനി യാഗവും, യോഗയും, യജ്ഞവും നടത്താന്‍ ഇന്ത്യയില്‍ നിന്നും പൂജാരികളെ റിക്രൂട്ട് ചെയ്താലും അത്ഭുതപ്പെടാനില്ല. ഇന്ത്യയിലെ ആര്‍എസ്എസ് ഭരണകൂടത്തിന്റെ ബ്രാഹ്മണ്യ പുന:പ്രതിഷ്ഠാപനത്തിനും ചരിത്ര നിഷിദ്ധമായ പുനരുത്ഥാന വാദങ്ങള്‍ക്കും UK പ്രധാനമന്ത്രി ആശയപ്രതിഷ്ഠയൊരുക്കിക്കൊടുക്കുന്നതിന്റെ രാഷ്ട്രീയം വരുന്നാളുകളില്‍ കൂടുതല്‍ പ്രത്യക്ഷമാകും.

മാതൃഭൂമി പോലെയുള്ള കാവിപ്പത്രങ്ങള്‍ മൂലധനത്തിന്റെ ആവേഗം അഭിജാത വര്‍ഗ്ഗങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സവര്‍ണ്ണ ഫ്യൂഡല്‍ ധാര്‍മിക പ്രാപ്തി (feudalistic moral capacity) നിലനിര്‍ത്തുവാനുള്ള മൃതസഞ്ജീവനിയും ഒറ്റമൂലിയുമായി ഋഷി സുനകിന്റെ ‘ഋഷിതുല്യത’ നിര്‍വചിക്കുന്നതില്‍ നിന്നും എങ്ങനെയാണ് സവര്‍ണ്ണ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഹൈന്ദവ ഫാസിസത്തിന്റെ ജാതിമേല്‍കോയമയ്ക്ക് ചാവി കൊടുക്കുന്ന (ചുറ്റു കമ്പി മുറുക്കുന്ന) രാജ്യ വഞ്ചകരായിത്തീരുന്നത് എന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്

മനുഷ്യച്ചോരയില്‍ കുഴച്ചെടുത്ത ഹിന്ദു ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന് അതിമാനവികത കല്‍പ്പിച്ച് ആഘോഷിക്കുന്ന ഋഷി സുനക് നിഗ്രഹാധികാരമുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രം ഭരണകൂടമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയെന്ന് അറിയണമെങ്കില്‍ ഇന്ത്യയിലേക്ക് നോക്കണം. ഇന്നത്തെ ഇന്ത്യയിലെ സംഘപരിവാര്‍ ഗോഡ്‌സേമാരുടെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും ട്രഷറി ബെഞ്ചുകളില്‍ ഒരൊറ്റ മുസ്ലീം പോലുമില്ല, ഇന്ത്യന്‍ മന്ത്രിസഭയില്‍ ഒരാളുമില്ല. ബോറിസ് ജോണ്‍സന്റെ കീഴില്‍ ബ്രിട്ടന്റെ മന്ത്രിസഭയില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നു..!

മതപരമായ സംജ്ഞകള്‍ ഉപയോഗിച്ച് സമൂഹ മന:ശാസ്ത്രത്തെ കീഴ്‌പ്പെടുത്തുന്ന വംശീയ രാഷ്ട്രീയത്തിന്റെ കലുഷ സിദ്ധാന്തങ്ങളാണ് ഋഷി സുനക് പ്രയോഗിച്ചു വരുന്നത്. ആര്‍എസ്എസ് ശക്തികള്‍ ഹിന്ദുമതം ‘വിശ്വ ഗുരു’ ആണെന്ന് നിരന്തരം വീമ്പിളക്കുകയും, കുരിശുയുദ്ധക്കാരും കൊളോണിയല്‍ വിപുലീകരണവാദികളും എന്ന നിലയിലുള്ള ബ്രിട്ടീഷുകാര്‍ക്കും ക്രിസ്ത്യന്‍ നാഗരിക ചരിത്രത്തിനും എതിരായ ആക്രമണങ്ങള്‍ നിറഞ്ഞ സാഹിത്യം രചിക്കുകയും ചെയ്യുമ്പോള്‍, ആര്‍എസ്എസിന്റെ ‘ഹിന്ദു ഇന്ത്യ’ ക്ക് സഹിഷ്ണുതയുടെ ഒരു ബ്രിട്ടീഷ് പാഠമാണ് ബ്രിട്ടനിലെ വോട്ടര്‍മാര്‍ തന്നെ വിജയിപ്പിച്ചു കൊണ്ട് നടത്തിയത് എന്ന് ഓര്‍ക്കാനും പ്രഖ്യാപിക്കാനുമുള്ള സാമാന്യ മര്യാദ പോലും യഥാര്‍ത്ഥ സനാതന ‘ഹിന്ദു’ എന്ന് അവകാശപ്പെടുന്ന ഋഷി സുനകില്‍ നിന്ന് ഉണ്ടായിട്ടില്ല.

അതായത് UKയിലെ വെറും സൂക്ഷ്മ ന്യൂനപക്ഷ (microscopic minority)മായ ഹിന്ദുമതത്തിന് ബ്രിട്ടനില്‍ കിട്ടിയ അംഗീകാരം, ഋഷി സുനക് അതിവിശുദ്ധം എന്ന് പറഞ്ഞ് ആമോദം കൊള്ളുന്ന ഹിന്ദു പ്രത്യയ ശാസ്ത്രം ഭരിക്കുന്ന ഇന്ത്യയില്‍ ലഭ്യമല്ല എന്നു മാത്രമല്ല ഹിന്ദു മതഭൂരിപക്ഷ ഭീകരതയുടെ അടയാളക്കല്ലുകള്‍ നാട്ടിയ കബറിടമായി ഇന്ത്യ മാറിയിരിക്കുന്നു.

ഓഗസ്റ്റ് 25 ന്, ടോക്ക് ടിവി ഹോസ്റ്റുചെയ്ത ഒരു ഷോയില്‍, ട്രാന്‍സ് സ്ത്രീകള്‍, സ്ത്രീകളല്ലെന്ന് പറഞ്ഞും, ട്രാന്‍സ് ആളുകളെ ബഹുമാനിക്കണം, പക്ഷേ ടോയ്‌ലറ്റ് പോലുള്ള വിഷയങ്ങളില്‍ ജീവശാസ്ത്രം അടിസ്ഥാനമാണെന്ന് പ്രഖ്യാപിച്ചും ഋഷിയുടെ പഴുത്ത ഹിന്ദുത്വവാദ തലച്ചോറിന്റെ ശ്രേഷ്ഠത പുറത്തു കാണിക്കുകയുണ്ടായി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഏഴു വര്‍ഷത്തിനുള്ളില്‍ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിലെത്തിയ, ലോക ബാങ്കിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നതാണ് വികസനം എന്നു പറയുന്ന ഈ ഫിനാന്‍സ് മൂലധന വിദഗ്ധന്‍ ഇപ്പോള്‍ UKയിലെ മുന്‍നിര മാധ്യമങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുകയാണ്.

‘ഋഷി സുനകിന്റെ പ്രധാനമന്ത്രിയായുള്ള ജനാധിപത്യവിരുദ്ധമായ തിരഞ്ഞെടുപ്പ് വൈവിധ്യത്തിന്റെ വിജയമല്ല, ഞങ്ങള്‍ ആഘോഷിക്കുന്നില്ല’ എന്നാണ് ബ്രിട്ടീഷ് മാഗസിന്‍ ഗാല്‍-ഡെം ട്വിറ്ററില്‍ എഴുതിയത്. ‘ഒരു വോട്ട് പോലും നേടാതെ മറ്റൊരു ടോറി (ബ്രിട്ടനിലെ യാഥാസ്ഥിതിക പാര്‍ട്ടിയംഗം) ഇതാ അധികാരത്തില്‍ എത്തിയിരിക്കുന്നു എന്നാണ് ഡെയിലി മിറര്‍ എഴുതിയത്. ഒരു രാജാവിനേക്കാള്‍ ധനികന്‍, പക്ഷേ സാധാരണക്കാരെ കുറിച്ച് യാതൊരു ധാരണയുമില്ല എന്നും ഡെയ്‌ലി മിറര്‍. ‘ജനാധിപത്യത്തിന്റെ മരണം’ എന്നു പറഞ്ഞു കൊണ്ടാണ് ഋഷി സുനകിനെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വരവേറ്റത്.

ആഴ്ച്ചകള്‍ക്ക് മുന്‍പ് സ്വന്തം പാര്‍ട്ടി പോലും സുനകിനെ തള്ളിയിരുന്നു. എന്നിട്ടും വെറും 100 യാഥാസ്ഥിക എംപിമാരുടെ പിന്തുണയുള്ള ഏക സ്ഥാനാര്‍ത്ഥി ബ്രിട്ടന്റെ പ്രധാനമന്ത്രിയായി വാഴ്ത്തപ്പെട്ടിരിക്കുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പൊതു തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മാധ്യമങ്ങള്‍. തിരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രി ഞങ്ങള്‍ക്കുവേണ്ട എന്നാണ് UKയിലെ ജനങ്ങളുടെ പുതുമനസ്സ് എന്നും മാധ്യമങ്ങള്‍ പറയുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply