യുക്തിവാദ-ശാസ്ത്രമാത്രവാദവും മതാന്ധതയും ഇരട്ടക്കുട്ടികള്‍

സമീപകാലത്ത് മാര്‍ക്‌സിസ്റ്റ് വിശകലന സമ്പ്രദായത്തേക്കാള്‍ കേവല യുക്തിവാദത്തിന്റെ അതിപ്രസരം ശാസ്ത്ര -സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ നമ്മുടെ നാട്ടില്‍ മേല്‍ക്കൈ നേടിയിട്ടുമുണ്ട്. ജാതിസംവരണം തുടങ്ങിയ സാമൂഹ്യ വിഷയങ്ങളില്‍ കേവല യുക്തിവാദം വളരെ പ്രതിലോമകരമായ വലതുപക്ഷ നിലപാടിലേക്ക് മാറിക്കൊണ്ട് അതിന്റെ വര്‍ഗ്ഗപരമായ തനിനിറം പുറത്തു കാണിച്ചിട്ടും മാര്‍ക്‌സിസ്റ്റ് പക്ഷത്തുനിന്നുള്ള മറുപടികള്‍ക്ക് പഴയപോലെ സ്വാധീനമുറപ്പിക്കാന്‍ പറ്റുന്നില്ല.

മഹാകവി വള്ളത്തോള്‍ എഴുതിയ പ്രസിദ്ധ കവിതയാണ് ഭക്തിയും വിഭക്തിയും . ഈ കവിതയുടെ പശ്ചാത്തലം ഗുരുവായൂര്‍ ക്ഷേത്രമാണ്. കഥാപാത്രങ്ങളാകട്ടെ ആയിരം സംസ്‌കൃതശ്ലോകങ്ങളാല്‍ – ‘നാരായണീയം ‘കൊണ്ട് ഗുരുവായൂര്‍ മന്ദിരേശനെ പൂജിച്ച മേല്പത്തൂര്‍ നാരായണ ഭട്ടതിരിയും പച്ച മലയാളത്തില്‍ ജ്ഞാനപ്പാന പാടിയ പൂന്താനവുമാകുന്നു. താനെഴുതിയ ശ്രീകൃഷ്ണകര്‍ണാമൃതം എന്ന കാവ്യം മേല്‍പ്പത്തൂരിനെ കാണിച്ച് തെറ്റുകുറ്റങ്ങള്‍ തിരുത്തി കിട്ടാന്‍ പൂന്താനം നില്‍ക്കുന്നു. എന്നാല്‍ മലയാള ഭാഷയില്‍ എഴുതിയ ആ കാവ്യം മഹാപണ്ഡിതനായ മേല്‍പ്പത്തൂര്‍ പരിശോധിക്കാന്‍ തയ്യാറായില്ല. ‘മറ്റു വല്ലവരെയും കാട്ടിക്കൊള്ളുക ഭാഷാശ്ലോകം’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

സംസ്‌കൃതഭാഷ ജന്മിയും മലയാളം കുടിയാനും ആണെന്നുള്ള ബോധമണ്ഡലത്തിന്റെ പ്രതീകമായിട്ടാണ് മേല്‍പ്പത്തൂരിനെ മാതൃഭാഷാസ്‌നേഹിയായ വള്ളത്തോള്‍ അവതരിപ്പിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനായ അന്തോണിയോ ഗ്രാംഷിയാണ് , മനുഷ്യരെ വരുതിയില്‍ നിര്‍ത്തുന്നതിനും പല തട്ടുകളായി തിരിക്കുന്നതിനുമുള്ള ഉപാധികള്‍ എന്ന നിലയില്‍ രാഷ്ട്രീയാധികാരം, സമ്പത്ത്, ആയുധങ്ങള്‍ എന്നിവയെക്കാള്‍ സാംസ്‌കാരിക സംവിധാനങ്ങളായ ഭാഷ, വിദ്യാഭ്യാസം, മതം, കലാസാഹിത്യം, ശാസ്ത്രം എന്നിവയെപ്പറ്റി സവിശേഷമായി മനസ്സിലാക്കിയതും പറഞ്ഞതും .കാരണം മനുഷ്യര്‍ പരിണാമപരമായി ജന്തു ആണെങ്കിലും അതിനൊപ്പമോ മീതെയോ സാംസ്‌കാരികജീവി കൂടി ആയതുകൊണ്ട് മനുഷ്യരെ സംബന്ധിച്ചുള്ള പഠനങ്ങളില്‍ സാംസ്‌കാരിക നിര്‍മ്മിതികള്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമാണ്. പ്രത്യേകിച്ച് കായികാധ്വാനത്തിന്റെ ലോകത്തുനിന്നും ആധുനിക സമൂഹം വളരെ ബൗദ്ധിക വ്യാപാരത്തിലേക്കും അതിന്റെ നാനാവിധമായ ഉല്‍പ്പന്ന പ്രയോഗങ്ങളിലേക്കും ഭീമാകാരമായി വളര്‍ന്നിരിക്കുന്ന ഇന്നത്തെ ലോകത്ത് .

ആധുനിക സമൂഹത്തില്‍ രാഷ്ട്രീയാധികാരവും സാമ്പത്തിക അധീശത്വവും കൂട്ടുചേര്‍ന്ന് രാഷ്ട്രത്തിനകത്തും അന്താരാഷ്ട്രതലത്തിലും മനുഷ്യരെ അവയുടെ ഇംഗിതങ്ങള്‍ക്കൊത്ത് പരുവപ്പെടുത്തിയെടുക്കുന്നതില്‍ ഭാഷ, വിദ്യാഭ്യാസം, മതം, കലകള്‍ എന്നിവ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് ഗ്രാംഷിക്ക് ശേഷം പല വിമര്‍ശന വിശകലനങ്ങളും മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ നിന്നുതന്നെ വളര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ആധുനികത്വത്തിന്റെ ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ ആധുനികശാസ്ത്രത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ മാര്‍ക്‌സിസ്റ്റ് ചിന്താധാരയില്‍ വേണ്ടത്ര വികസിച്ചു വന്നിട്ടില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലാകട്ടെ ശാസ്ത്രത്തോടുള്ള മാര്‍ക്‌സിസ്റ്റ് സമീപനം പരിപൂര്‍ണമായും കേവല യുക്തിവാദത്തില്‍ നിന്നും ഒട്ടും ഭിന്നമല്ലാത്തതുമാണ്. സമീപകാലത്ത് മാര്‍ക്‌സിസ്റ്റ് വിശകലന സമ്പ്രദായത്തേക്കാള്‍ കേവല യുക്തിവാദത്തിന്റെ അതിപ്രസരം ശാസ്ത്ര -സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ നമ്മുടെ നാട്ടില്‍ മേല്‍ക്കൈ നേടിയിട്ടുമുണ്ട്. ജാതിസംവരണം തുടങ്ങിയ സാമൂഹ്യ വിഷയങ്ങളില്‍ കേവല യുക്തിവാദം വളരെ പ്രതിലോമകരമായ വലതുപക്ഷ നിലപാടിലേക്ക് മാറിക്കൊണ്ട് അതിന്റെ വര്‍ഗ്ഗപരമായ തനിനിറം പുറത്തു കാണിച്ചിട്ടും മാര്‍ക്‌സിസ്റ്റ് പക്ഷത്തുനിന്നുള്ള മറുപടികള്‍ക്ക് പഴയപോലെ സ്വാധീനമുറപ്പിക്കാന്‍ പറ്റുന്നില്ല. അങ്ങനെ, പുറമേ ഇടതുപക്ഷം ആയിരിക്കെ തന്നെ, അകമേ വലതുപക്ഷ ആശയങ്ങള്‍ പേറുന്നുവരായി മലയാളികളെ മാറ്റുന്നതില്‍ കേവല യുക്തിവാദം നല്ല പങ്കു വഹിച്ചു പോരുന്നുണ്ടിന്ന്.

മതാന്ധതയുടെ വിശ്വാസങ്ങളും ആചാരങ്ങളും വലതുപക്ഷ രാഷ്ട്രീയത്താല്‍ കേരള ജനസാമാന്യത്തിലേക്ക് സജീവമായി പുനരുദ്ധരിക്കുന്ന ഈ കാലത്ത് അതിനോടുള്ള പ്രതികരണമായി ആധുനിക ശാസ്ത്രത്തെ മുറുകെ പിടിച്ചു കൊണ്ടുള്ള കേവല യുക്തിവാദത്തിന്റെ മതവിശ്വാസ വിമര്‍ശനങ്ങള്‍ക്ക് ആളുകളെ പ്രത്യേകിച്ച് , യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ, ഈ എതിര്‍പക്ഷം, മതാന്ധത പോലെ ശാസ്ത്രമാത്ര വാദ (Scientism) ത്തിലേക്ക് അഥവാ ശാസ്ത്രാന്ധതയിലേക്കാണ് ചിലരെ എത്തിച്ചിരിക്കുന്നത്. ഈ ശാസ്ത്രാന്ധ വാദം ഫലത്തില്‍ രണ്ടു പ്രധാന ദോഷങ്ങള്‍ കേരള സമൂഹത്തോട് ചെയ്യുന്നുണ്ട്. ഒന്ന് , പരിഹാസ നിഷ്ഠമായ തീവ്ര വിമര്‍ശനങ്ങള്‍ കൊണ്ട് അത് മതാന്ധതയെയും അനാചാരങ്ങളെയും വീണ്ടും വീണ്ടും ഉറപ്പിക്കാനുള്ള പ്രതികാരബുദ്ധി ജന സാമാന്യത്തില്‍ പ്രതിഷ്ഠിക്കുന്നു. രണ്ടാമതായി, മാനവരാശി ഇന്നേവരെ , ജീവിതമാകുന്ന പരീക്ഷണശാലയില്‍ വെച്ച്അനുഭവങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത പരമ്പരാഗത വിജ്ഞാനങ്ങളെയെല്ലാം , ലാബ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല എന്ന ഒറ്റക്കാരണം പറഞ്ഞു , അന്ധവിശ്വാസങ്ങള്‍ എന്നും സ്യൂഡോ സയന്‍സെന്നും മുദ്രകുത്തി കൊണ്ട് ആധുനിക ശാസ്ത്രത്തെ മൂലധന -രാഷ്ട്രീയ അധികാരങ്ങളുടെ പ്രത്യയശാസ്ത്രമാക്കി മുരടിപ്പിച്ചു നിര്‍ത്തുന്നു.

അതുകൊണ്ട് മതാന്ധതയില്‍ നിന്നും ജനസാമാന്യത്തിന് പുറത്തുവരുന്നതിനും , അന്ധവിശ്വാസങ്ങളില്‍ നിന്ന് പരമ്പരാഗത നാട്ടുശാസ്ത്ര – ശാസ്ത്രസാങ്കേതിക വിദ്യകളെ വേര്‍തിരിച്ചു മനസ്സിലാക്കുന്നതിനും ,ആധുനിക ശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രപരമായ അധികാര ബന്ധങ്ങളെ തിരിച്ചറിയുന്നതിനും കേവല യുക്തിവാദത്തിന്റെ ഭാഷയില്‍ നിന്ന് ഭിന്നമായ രീതിയില്‍ മാര്‍ക്‌സിസ്റ്റ് ചിന്താ പദ്ധതി പ്രകാരം ആധുനിക ശാസ്ത്രത്തെ പഠനവിധേയമാക്കേണ്ടത് കേരളത്തില്‍ അത്യാവശ്യമാണ്. അന്തോണിയോ ഗ്രാംഷിയില്‍ നിന്ന് ആരംഭിക്കുന്ന ആധുനിക ശാസ്ത്ര വിമര്‍ശനരീതി തീര്‍ച്ചയായും അതുകൊണ്ട് പ്രസക്തവുമാണ്.
.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply