ആ കുഞ്ഞ് ജനിച്ചോ, എങ്കില്‍ അതിപ്പോള്‍ എവിടെയുണ്ട്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പരാതികളെ സംബന്ധിച്ച പൊതുചര്‍ച്ചയെക്കുറിച്ച് ആല്‍ത്തിയാ സഹോദരീസംഘത്തിന്റെ പ്രസ്താവന

ലുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പരാതികളെ കേരളത്തിലെ രാഷ്ട്രീയകക്ഷികളും മുഖ്യധാരാമാദ്ധ്യമങ്ങളും കൈകാര്യം ചെയ്യുന്ന രീതി സ്ത്രീകളെ തുല്യാവകാശങ്ങളും തുല്യ അന്തസ്സുമുള്ള പൌരജനങ്ങളായി കാണാന്‍ ആഗ്രഹിക്കുന്നവരെയും, കുട്ടികളുടെ നല്‍വാഴ്വിനോട് പ്രതിബദ്ധതയുള്ളവരെയും ശരിക്കും ഞെട്ടിക്കുന്നു. സ്ത്രീസംരക്ഷണനിയമങ്ങള്‍ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള മത്സരത്തില്‍ ആയുധങ്ങളായി പ്രയോഗിക്കപ്പെടുന്ന ഈ കാഴ്ച വാസ്തവത്തില്‍ ആ നിയമങ്ങള്‍ക്കുള്ള പൊതുസമ്മതത്തെ മൊത്തത്തില്‍ ഇല്ലാതാക്കുന്നതിനെ ആശങ്കയോടു കൂടി മാത്രമേ ഞങ്ങള്‍ക്ക് കാണാനാകുന്നുള്ളൂ. ഇപ്പോള്‍ത്തന്നെ ചാനലുകളില്‍ നടക്കുന്ന തീര്‍ത്തും നിരുത്തരവാദപരമായ റിപ്പോര്‍ട്ടിങിനും ചര്‍ച്ചകള്‍ക്കും താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകളില്‍ സ്ത്രീകളോടുള്ള കടുത്ത അവജ്ഞയും അവിശ്വാസവും കുമിഞ്ഞുകൂടുന്നത് കാണാം. പരാതിക്കാരിയായ ട്രാന്‍സ് വനിതയുടെ രാഷ്ട്രീയകക്ഷില്‍ പെട്ട ഒരു ചാനല്‍ചര്‍ച്ചക്കാരന്‍ തന്നെ ട്രാന്‍സ് സ്ത്രീകളോട് ലൈംഗികാഭിലാഷമുണ്ടാകുന്നതുപോലും എന്തോ ലൈംഗികവൈകൃതമാണെന്ന മട്ടില്‍ പറഞ്ഞുചിരിക്കുന്നു.

ഗര്‍ഭത്തെപ്പറ്റിയുള്ള ചര്‍ച്ചയുടെ ഭാഷയില്‍ കടുത്ത വലതുപക്ഷ അബോര്‍ഷന്‍വിരുദ്ധ നിലപാടുകള്‍ കയറിപ്പറ്റുന്നത് അങ്ങേയറ്റം ആശങ്കയോടുകൂടി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഉദാഹണത്തിന് ‘ഭ്രൂണഹത്യ’ എന്ന് വാക്ക് ഭ്രൂണത്തിന് മനുഷ്യക്കുഞ്ഞിന്റെയത്ര ജീവന്‍ കല്പിക്കുന്നു. ‘ഗര്‍ഭഛിദ്രം’ എന്ന വാക്ക് ഭയങ്കരഹിംസയെയാണ് മനസ്സിലുയര്‍ത്തുന്നത്. ആ ശബ്ദസന്ദേശത്തില്‍ കേള്‍ക്കുന്ന പുരുഷശബ്ദം നേരിട്ട് നിഷേധിക്കുന്നത് ആ സ്ത്രീയുടെ പ്രജനനസ്വയംനിര്‍ണയാവകാശത്തെയാണ്. ആ അവകാശത്തില്‍ പ്രസവിക്കാനുള്ള അവകാശം മാത്രമല്ല, ഗര്‍ഭം അവസാനിപ്പിക്കാനുള്ള അവകാശവും ഉണ്ട്. ഗര്‍ഭം അവസാനിപ്പിക്കാനായിരുന്നു അവര്‍ തീരുമാനിച്ചതെങ്കില്‍ അവരെ ‘ഭ്രൂണഹത്യക്കാരി’യെന്നോ ‘ഛിദ്രക്കാരി’യെന്നോ നാം വിശേഷിപ്പിക്കുമോ?? ഈ കേസിലെ നില എന്തുതന്നെയായാലും ലോകത്തില്‍ പൊതുവെ ഗര്‍ഭം അവസാനിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ സമരം ചെയ്തു നേടിയതാണെന്നും, ‘ഭ്രൂണഹത്യ’ അല്ല, ഗര്‍ഭം അവസാനിപ്പിക്കല്‍ മാത്രമാണെന്നും ഉറപ്പിച്ചു പറഞ്ഞത് ഫെമിനിസ്റ്റുകളാണെന്നും മറക്കാനാവില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരള ഫെമിനിസ്റ്റ് ഫോറം തങ്ങളുടെ പ്രസ്താവനയില്‍ ഉപയോഗിച്ച ഭാഷയും, ഈ പ്രശ്‌നത്തിലുയര്‍ന്നു വരുന്ന പിതൃമേധാവിത്വധ്വനികളെപ്പറ്റിയുള്ള അവരുടെ ശുഷ്‌കധാരണകളും ഞങ്ങളെ ശരിക്കും നിരാശപ്പെടുത്തുന്നു. പരാതിക്കാരികളായ സ്ത്രീകളോടോ പൊതുജീവിതത്തിനെ ജനാധിപത്യവത്ക്കരിക്കുന്ന മൂല്യങ്ങളോടോ അല്പം പോലും നീതിപുലര്‍ത്താത്ത മാദ്ധ്യമങ്ങളും, ലിംഗനീതിയെ തങ്ങളുടെ കടിപിടികളില്‍ തട്ടുപന്താക്കാന്‍ മാത്രം ഉത്സാഹിക്കുന്ന രാഷ്ട്രീയക്കാരും നിര്‍ണയിക്കുന്ന ചര്‍ചാവ്യവസ്ഥകള്‍ക്കുള്ളില്‍, അവരുടെ ഭാഷ പങ്കുവച്ചുകൊണ്ടുള്ള ഈ പ്രതികരണം മുഖ്യധാരാഫെമിനിസത്തിന് ചേര്‍ന്നതല്ലെന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മേല്‍പ്പറഞ്ഞ വാക്കുകള്‍ മാദ്ധ്യമപ്രവര്‍ത്തകരായ സ്ത്രീകള്‍ തന്നെ മുദ്രാവാക്യങ്ങള്‍ പോലെ വിളിച്ചുപറയുമ്പോഴുണ്ടാകുന്ന സാംസ്‌കാരിക വലതുപക്ഷവത്ക്കരണം ചില്ലറയല്ല. കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളില്‍ ധാരാളം സ്ത്രീകളുണ്ടെങ്കിലും, കേരളത്തില്‍ ഒരു ഫെമിനിസ്റ്റ് മുഖ്യധാരയുണ്ടെങ്കിലും അത് ഫെമിനിസ്റ്റ് മാദ്ധ്യമസംസ്‌കാരമായി എളുപ്പം പരിഭാഷപ്പെടില്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. എന്നാല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന പരാതികളെ നിസ്സാരമായി തള്ളിക്കളയാന്‍ വിസമ്മതിക്കാത്ത കോണ്‍ഗ്രസ് വനിതാനേതാക്കളെയും കെ കെ രമയെയും ഞങ്ങള്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.

ഇത്തരത്തില്‍ കുറ്റാരോപിതനായ ഒരാള്‍ അധികാരത്തില്‍ തുടരണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. പരാതിക്കാരികള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന ഏകകാരണത്താല്‍ ചര്‍ച്ച അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവുന്നില്ല – ഭരണകൂടത്തോടു പരാതിപ്പെട്ടാല്‍ മാത്രമേ പരാതിയാകൂ എന്നു ഞങ്ങള്‍ വിചാരിക്കുന്നില്ല. അതുകൊണ്ട് അദൃശ്യരായതുകൊണ്ടുമാത്രം പരാതിക്കാരികളില്‍ നിന്ന് പൊതുശ്രദ്ധ തിരിയുകയും, അത് ഒറ്റയടിക്ക് കുറ്റാരോപിതനിലേക്കും രാഷ്ട്രീയകക്ഷികളുടെ പിടിവലിയിലേക്കും നീങ്ങുകയും ചെയ്യുന്നതിനെ അനുകൂലിക്കാനാകുന്നില്ല. ഗുരുതരമായ കുറ്റങ്ങള്‍ – അതായത്, ഭരണഘടനാപരമായ തുല്യമാന്യതയെ ഹനിക്കുന്ന കുറ്റങ്ങള്‍ – സംബന്ധിച്ച ആരോപണങ്ങളെ നേരിടുന്നവരായ പുരുഷന്മാര്‍ (അതായത്, സ്ത്രീപീഡനം കൂടാതെ ജാതിപീഡനം, ആദിവാസിപീഡനം, മുതലായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍) അധികാരസ്ഥാനത്ത് തുടര്‍ന്നുകൂടാ എന്നുതന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. അതാണ് പിതൃമേധാവിത്വത്തോടൊപ്പം ജാതിയേയും വര്‍ഗത്തെയും സുപ്രധാന അധികാര-അച്ചുതണ്ടുകളായി കണക്കാക്കുന്ന ഫെമിനിസ്റ്റ് ധാര്‍മ്മികത ആവശ്യപ്പെടുന്നതും. സ്വാഭാവികമായും, ഈ വിഷയത്തിലും ഇതു പ്രയോഗിക്കേണ്ടതാണ്. പക്ഷേ ഈ മാനദണ്ഡം എല്ലാ രാഷ്ട്രീയകക്ഷികളിലും ഒരുപോലെ പ്രാവര്‍ത്തികമാണമെന്നും, അങ്ങനെയല്ലാത്തപക്ഷം സ്ത്രീസുരക്ഷാനിയമങ്ങള്‍ അധികാരത്തിലിരിക്കുന്ന കക്ഷിക്കാര്‍ക്ക് തങ്ങളുടെ എതിരാളികളെ വീഴ്ത്താനുള്ള കല്ലുകള്‍ മാത്രമായി അധഃപതിക്കും. കേരളത്തില്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള എല്ലാ അധികാരിപുരുഷന്മാര്‍ക്കെതിരെയും പ്രതിഷേധമുയര്‍ത്തുന്ന വലിയൊരു സമരപരിപാടിയായി ഇത് ഉയരുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ പൊതുവെ രാഷ്ട്രീയരംഗത്തെ പ്രബലര്‍ തമ്മില്‍ സ്ത്രീകളുടെ രണ്ടാംനിലയെപ്പറ്റി ഇന്നു നിലനില്‍ക്കുന്ന രഹസ്യസമ്മതം പരസ്യമാകും, അതിനെ തകര്‍ക്കാന്‍ നമുക്കു കഴിയും.

ഈ ബഹളത്തിനിടയില്‍ ഞങ്ങള്‍ക്ക് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്, ഇനിയും പുറത്തുവരാത്ത ഒരു സ്ത്രീ മാങ്കൂട്ടവുമായി തനിക്കുണ്ടായ ഗര്‍ഭാവസ്ഥയെപ്പറ്റി സംസാരിക്കുന്ന ശബ്ദസന്ദേശമാണ്. ഏതു സാഹചര്യത്തിലുണ്ടായതെന്ന സൂചന തീരെയില്ലാത്തതും, എന്നാല്‍ ഗുരുതരവുമായ വിഷയമാണ് അതില്‍ ഉന്നയിക്കപ്പെടുന്നത്. ആ കുഞ്ഞ് ജനിച്ചോ, എങ്കില്‍ അതിപ്പോള്‍ എവിടെയുണ്ട്, ആരുടെ സംരക്ഷണത്തില്‍, ആരാണ് അതിന്റെ രക്ഷകര്‍, അതിന്റെ നില എന്ത്, അതിന്റെ സുരക്ഷ ഉറപ്പാണോ, ഇല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത് – ഇത്തരം ചോദ്യങ്ങള്‍ ഒന്നും ആരും ചോദിക്കുന്നില്ലെന്നാണ് ഞങ്ങള്‍ക്കു തോന്നുന്നത്. ഒന്നുകില്‍ ആരോപണങ്ങളുന്നയിച്ച സ്ത്രീകളെ പഴിക്കുക, അല്ലെങ്കില്‍ മാങ്കൂട്ടത്തെയും കോണ്‍ഗ്രസിനെയും ആക്രമിക്കുക, അതല്ലെങ്കില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുക – ഇതു മാത്രമാണ് നമ്മുടെ പൊതുമണ്ഡലചര്‍ച്ചകളുടെ താത്പര്യം. ഈ പിടിവലിയില്‍ ഏറ്റവും നിസ്സഹായവും ശബ്ദരഹിതവുമായ നില, പുറത്തു വന്ന ശബ്ദസന്ദേശത്തില്‍ പരോക്ഷമായി പരാമര്‍ശിക്കപ്പെട്ട കുഞ്ഞിന്റേതാണ്. ശരിയാണ്, സ്ത്രീശബ്ദം എടുത്തുപറയുന്ന ഗര്‍ഭം ഏതു ഘട്ടത്തിലാണെന്നോ, ഈ സംഭാഷണത്തിന്റെ ആത്യന്തികലക്ഷ്യം, അതിന്റെ ധാര്‍മ്മികത, ഇതെല്ലാം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടാകാം. പക്ഷേ അവയെല്ലാം തത്കാലത്തേയ്ക്കു മാറ്റിവച്ച്, ആ സംഭാഷണത്തിന്റെ കേന്ദ്രബിന്ദുവായ ആ ശിശു പിറന്നുവോ, പിറന്നെങ്കില്‍ അത് സംരക്ഷിതമാണോ എന്നാണ് പൊതുബോധം അന്വേഷിക്കേണ്ടത്. ആ അന്വേഷണത്തിനു ശേഷം മാത്രമേ ഇപ്പോള്‍ കേള്‍ക്കുന്ന കടിപിടികകള്‍ക്ക് പ്രസക്തിയുള്ളൂ. അതാണ് കരുണാപൂര്‍വവും മാന്യവുമായ പൊതുപ്രതികരണം. നമുക്കതിനു സാധിക്കുന്നില്ലെന്നു മാത്രമല്ല, ആ സ്ത്രീ ആരെന്ന് സ്വയം വെളിപെടാത്ത ഒറ്റക്കാരണം കൊണ്ട് അത് അപ്രസക്തമാണെന്നു വിധിക്കാനുള്ള സിനിസിസത്തെ പരസ്യമായി പുണരാന്‍ നമുക്ക് മടിയുമില്ല.

കരുണാപൂര്‍വവും നീതിയുക്തവുമായ പൊതുപ്രതികരണത്തിനു മുന്നിലുള്ള രണ്ടാമത്തെ പരിഗണന തന്റെ ഗര്‍ഭാവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ സ്ത്രീയ്ക്കായിരിക്കണം. പ്രസവിച്ച കുട്ടിയെ ഒറ്റയ്ക്കു വളര്‍ത്തുമെന്നും മറ്റും പറയുന്നുണ്ടെങ്കിലും കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ പങ്കാളിയുടെ യാതൊരു സഹായവുമില്ലാതെ പോറ്റിവളര്‍ത്താനുള്ള ശേഷി വളരെ ചുരുക്കം സ്ത്രീകള്‍ക്കു മാത്രമേ ഉള്ളൂ. അവരധികവും വരേണ്യവിഭാഗക്കാരാണുതാനും. എന്നാല്‍ കേരളത്തിലിന്ന് സര്‍വസാധാരണമായിക്കഴിഞ്ഞിരിക്കുന്ന നവലിബറല്‍ ഫെമിനിസ്റ്റ് ആദര്‍ശം – ജീവിതത്തില്‍ ഒറ്റയ്ക്ക്, പരസഹായം ഏറ്റവും കുറച്ച്, പൊരുതി നേടുന്ന അവസ്ഥയാണ് സ്ത്രീവിമോചനം എന്നു നേരിട്ടോ അല്ലാതെയോ കരുതുന്ന നിലപാട് – വരേണ്യരല്ലാത്ത, എന്നാല്‍ ജീവിതത്തില്‍ ഉയരാന്‍ ശ്രമിക്കുന്ന, സ്ത്രീകളും സ്വീകരിക്കുന്നുണ്ട്. താന്‍ കുട്ടിയെ ഒറ്റയ്ക്കു വളര്‍ത്തുമെന്ന് വെല്ലുവിളിശബ്ദത്തില്‍ പറയുന്ന ആ സ്ത്രി ഒരുപക്ഷേ അതിനുള്ള സാമ്പത്തിക-സാമൂഹ്യശേഷിയുള്ളവരാകണമെന്നില്ല എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ അവരുടെ സ്ഥിതി എന്താണെന്ന് അന്വേഷിച്ചറിയേണ്ടതും അത്യാവശ്യമാണ്. കുട്ടികളെ ജനിപ്പിക്കണോ വേണ്ടയോ എന്നത് പങ്കാളികള്‍ക്കു മാത്രം ഉഭയസമ്മതപ്രകാരം മാത്രം എടുക്കാവുന്ന തീരുമാനമാണെങ്കിലും ജനിച്ചുകഴിഞ്ഞ കുഞ്ഞിന് ആവശ്യമായ ഭൌതികവിഭവങ്ങളും കരുതലും പരിചരണവും കൊടുക്കാന്‍ പ്രസവതീരുമാനമെടുത്ത മാതാവിന് കഴിവുണ്ടോ എന്ന് സമൂഹം അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, ഉഭയസമ്മതം സ്ത്രീയ്ക്ക് സ്വന്തം പ്രജനനശേഷിയുടെ മേലുള്ള സ്വയംനിര്‍ണയാധികാരത്തിനു മീതെയല്ല, ഒരു സാഹചര്യത്തിലും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നാമതായി, ലൈംഗിക അനീതിയെ അധികാരസ്ഥാനത്തിരിക്കുന്ന പുരുഷന്മാര്‍ തങ്ങളുടെ സ്വകാര്യപെരുമാറ്റങ്ങളില്‍ വളര്‍ത്തുന്ന രീതികളുടെ വേരറുക്കാന്‍ എന്തുചെയ്യാമെന്ന ചോദ്യമാണ്.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗികസദാചാരം പിതൃമേധാവിത്വപരമായിരിക്കാം – തികഞ്ഞ ആണ്‍കോയ്മ ഇപ്പോഴും നിലനില്‍ക്കുന്ന ലോകത്ത് അത് പ്രതീക്ഷിതമാണ്. അതിനെ ചെറുക്കാന്‍ തുറന്നുപറച്ചിലുകള്‍ വേണമെന്നും തര്‍ക്കമില്ല. പക്ഷേ തുറന്നുപറച്ചിലുകള്‍ തുറന്നുപറച്ചിലുകളാകാതെ പാതിമറയത്ത് പലതും ഒളിപ്പിക്കുന്ന ഭാവത്തില്‍ നടത്തുന്ന പരസ്യപ്രസ്താവനകള്‍ എത്ര തന്നെ ആത്മാര്‍ത്ഥതയുള്ളവയാണെങ്കിലും പരാതിക്കാരികള്‍ക്ക് ഗുണത്തെക്കാളധികം ദോഷമാണ് വരുത്താനിട.

അതിക്രമം നേരിട്ട സ്ത്രീക്ക് എന്ത് കാരണമായാലും ശരി പരാതി ശരിയായ രീതിയില്‍ പറയാന്‍ പോലും കഴിയുന്നില്ല എന്ന കേരളാവസ്ഥ വളരെ ദുഃഖകരമാണ്. എങ്കിലും നിയമവ്യവസ്ഥയുടെ പരിരക്ഷ മാത്രമല്ല, വലിയൊരളവുവരെ പൊതുജനസമ്മതവും ലൈംഗികപീഡനത്തിനെതിരെ നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, സ്ത്രീകള്‍, വിശേഷിച്ചും വരേണ്യസാമൂഹ്യമെച്ചങ്ങള്‍ അനുഭവിക്കുന്നവരായ സ്ത്രീകള്‍, പോലീസ് പരാതി നല്‍കാനോ, അതല്ലെങ്കില്‍ നടന്ന സംഭവങ്ങളെ പേരുകള്‍ മറച്ചു വയ്ക്കാതെ തന്നെ പരസ്യമാക്കാനോ മടിക്കേണ്ടതില്ല എന്നു തന്നെ ഞങ്ങള്‍ പറയുന്നു. തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളെ അല്പം പോലും കൂട്ടാതെ, കുറയ്ക്കാതെ, ആരെക്കുറിച്ചാണോ പരാതിപറയുന്നത്, അവരുടെ എതിരാളികള്‍ക്ക് ഗുണകരമാക്കാന്‍ വേണ്ടി എരിവും പുളിയും ചേര്‍ക്കാതെ, അവതരിപ്പിക്കാന്‍ പരാതിക്കാരികള്‍ക്കു കഴിഞ്ഞാല്‍ അവര്‍ക്ക് യാതൊന്നിനെയും പേടിക്കേണ്ടിവരില്ല. ഇവിടെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് കൂട്ടായ്മകള്‍ക്ക് പരാതിക്കാരികളെ സഹായിക്കാന്‍ കഴിയുന്നത്. നിയമത്തിന്റെ സങ്കീര്‍ണതകളില്‍ കാലുടക്കി വീഴാതെയും, പരാതിക്കാരികളുടെ സങ്കടത്തെ മുതലെടുത്ത് സ്വന്തം കാര്യം നേടാന്‍ നോക്കുന്ന അവസരവാദികളായ മൂന്നാംകക്ഷികളുടെ കുതന്ത്രങ്ങളില്‍ അകപ്പെടാതെയും, പരാതിക്കാരികളെ സഹായിക്കാന്‍ ഫെമിനിസ്റ്റ്‌സംഘങ്ങള്‍ക്ക് കഴിയണം. ഇതു ചെയ്യാതെ കുറ്റാരോപിതനോടുള്ള രോഷം അയാളുടെ പൌരാവകാശങ്ങളെ ചവിട്ടിക്കൂട്ടുംവിധം പ്രകടിപ്പിക്കുന്നത് പലരുടെയും ഉള്‍താപത്തെ ശമിപ്പിക്കുമായിരിക്കും. പക്ഷേ നിയമത്തിനു മുമ്പിലും ജനങ്ങള്‍ക്കു മുമ്പിലും പരാതിക്കാരികളുടെ ജയസാദ്ധ്യത, പൊതുസമ്മതി, ഇവയെ കുറയ്ക്കാനെ അത് ഉതകൂ. പരാതിക്കാരികളുടെ മുറിവുണങ്ങലും അവര്‍ക്കു നീതിയുമാണ് വേണ്ടത്, അല്ലാതെ പ്രതികാരവും സിനിസിസം നിറഞ്ഞ മുതലെടുപ്പുമല്ല.

പി ഇ ഉഷ, ഗായത്രീദേവി, മാഗ്ലിന്‍ ഫിലോമെന, അനാമികാ അജയ്, അനു ജോയ്, ജെ ദേവിക, മുംതാസ് ബീഗം ടി എല്‍, ദിവ്യ ജി എസ്, എസ് മിനി, മിനി മോഹന്‍

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply