ഇന്ത്യയെ വെടിമരുന്നു പുരയാക്കുന്നതാര്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

നവംബര്‍ 10ന് റെഡ് ഫോര്‍ട്ടിനടുത്ത് 15 പേരുടെ മരണത്തിനും നിരവധി പേരുടെ ഗുരുതരമായ പരുക്കിനും ഇടയാക്കിയ, രാജ്യത്തെ നടുക്കിയ ഡല്‍ഹി കാര്‍ സ്‌ഫോടനം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഏതുതരം സ്‌ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്ന് സ്ഥിരീകരിക്കപ്പെട്ടത് ഏറെ വൈകിയ ശേഷമാണ്. അതിശക്തമായ അന്വേഷണ ഏജന്‍സികള്‍ ഉള്ള ഇന്ത്യയില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച രാസവസ്തു എന്താണെന്ന് സംശയാതീതമായി തെളിയിച്ചു പറയാന്‍ ആഭ്യന്തരവകുപ്പ് വൈകിയത് എന്തിനാണ്? എന്നുമാത്രമല്ല സ്‌പോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ രണ്ടാഴ്ചയ്ക്കുശേഷവും സാധിച്ചിട്ടില്ല.

RDX അല്ല എന്ന് അമിത് ഷായുടെ കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടായി. അവര്‍ക്ക് അതേ പറയാന്‍ കഴിയൂ. എന്തുകൊണ്ടെന്നാല്‍ RDX പോലെ ഇറക്കുമതി ചെയ്യുന്ന മാരക പ്രഹര ശേഷിയുള്ള സ്‌ഫോടക രാസവസ്തുക്കള്‍ എങ്ങനെ ഭീകര പ്രവര്‍ത്തകരുടെ കൈകളിലെത്തി എന്ന് പറയാന്‍ അമിത് ഷാ ബാധ്യസ്ഥനാകും. എന്നാല്‍ അതുകൊണ്ടുതന്നെ അന്വേഷണ ഏജന്‍സികള്‍ ‘ഏറെക്കുറെ’ ഉറപ്പായി വിരല്‍ ചൂണ്ടുന്നത് അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (Amonium Nitrate Fuel Oil – ANFO) എന്ന വ്യവസായ ആവശ്യത്തിന് കൂടി ഉപയോഗിക്കുന്ന രാസ മിശ്രിതത്തിലേക്കാണ്. അങ്ങനെയാണെങ്കില്‍ ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയിലേക്കും നാനാതരത്തിലുള്ള സംശയങ്ങളിലേക്കും ഭീതിയിലേക്കും പൗരന്മാരെ തള്ളിവിടുന്നതാണ്.

1884ലെ സ്‌ഫോടക വസ്തു നിയമം (explosives act) അനുസരിച്ച് അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ കര്‍ശനമായ നിയമത്തിനും നിരീക്ഷണത്തിനും വിധേയമായി പ്രവര്‍ത്തിക്കേണ്ടതാണ്. വളരെ സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെ കടന്നുപോയതിനുശേഷം ലഭിക്കുന്ന ലൈസന്‍സ്, ഏജന്‍സികള്‍ അതിശക്തമായ സുരക്ഷാ നിരീക്ഷണത്തിലൂടെയാണ് പ്രവര്‍ത്തിക്കേണ്ടത്. ക്വാറികള്‍, കല്‍ക്കരി ഖനികള്‍ എന്നിവയ്ക്കുവേണ്ടി ഈ ഏജന്‍സി വഴി വിതരണം ചെയ്യപ്പെടുന്ന അമോണിയം നൈട്രേറ്റിന്റെ അളവ് വളരെ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന രജിസ്റ്റര്‍ സൂക്ഷിക്കണം. മറ്റെവിടെ നിന്നും ഇവ ലഭ്യമല്ല. ഇറക്കുമതി ചെയ്യപ്പെടുന്ന ഈ രാസവസ്തുവിന്റെ വിതരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും 2008ല്‍ പരിഷ്‌കരിച്ച് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. എന്നിട്ടും 3 ടണ്‍, കൃത്യമായി പറഞ്ഞാല്‍ 29,000 കിലോഗ്രാം അമോണിയം നൈട്രേറ്റ് ആണ് ഡല്‍ഹിയില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ഫരീദാബാദില്‍ നിന്ന് ഡല്‍ഹി സ്‌ഫോടനം നടന്ന ദിവസവും അതിന്റെ തലേദിവസവും പിടികൂടിയത്. അതായത് ഒരു ഗ്രാം പോലും പുറത്തു പോകണമെങ്കില്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ട ലൈസന്‍സ്ഡ് ഏജന്‍സിയിലൂടെ മാത്രം ലഭ്യമാകുന്ന ഈ മാരക സ്‌ഫോടക ശേഷിയുള്ള രാസവസ്തു ഇത്രയും ഭീമമായ അളവില്‍ എങ്ങനെ ഭീകരരുടെ കൈകളില്‍ എത്തി?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ ചോദ്യം ഉള്‍പ്പെടെ, തലേദിവസം ഫരീദാബാദില്‍ നിന്ന് സ്‌ഫോടക വസ്തു പിടികൂടിയിട്ടും എന്തുകൊണ്ട് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയില്ല എന്ന ചോദ്യവും ആഭ്യന്തരമന്ത്രി അമിത് ഷാക്ക് മാത്രം ഉത്തരം പറയാന്‍ കഴിയുന്ന നിരവധി സംശയങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. നാലും അഞ്ചും ലെവല്‍ സുരക്ഷാ സംവിധാനം ഉള്ള ഡല്‍ഹിയില്‍ വളരെ ലാഘവത്തോടെ അമോണിയം നൈട്രേറ്റുമായി ഒരു സ്വകാര്യ വാഹനത്തില്‍ കറങ്ങി നടന്നു എന്നു പറഞ്ഞാല്‍ അത് സുരക്ഷാ വീഴ്ചയാണോ, അതോ മറ്റെന്തെങ്കിലും ആണോ എന്ന സംശയം നിലനില്‍ക്കും.

ഇന്ത്യയിലേക്ക് അമോണിയം നൈട്രേറ്റ് കൂടുതലും ഇറക്കുമതി ചെയ്യപ്പെടുന്നത് റഷ്യയില്‍ നിന്നാണ്. എന്നാല്‍ കള്ളക്കടത്ത് സാധ്യതകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇത്രയും വലിയ അളവില്‍, ടണ്‍ കണക്കിന് മാരക സ്‌ഫോടക രാസ വസ്തുക്കള്‍ അതിര്‍ത്തിയിലൂടെ കടത്തിക്കൊണ്ടു വരിക അസാധ്യമാണ്. ITBP(Indo-Tibetan Border Police), രാഷ്ട്രീയ റൈഫിള്‍സ്, ബി എസ് എഫ് തുടങ്ങി നിരവധി പഴുതടച്ച അതിര്‍ത്തി സുരക്ഷാ സംവിധാനമുള്ള കാശ്മീരിലൂടെ അതിന് കഴിയില്ല. ബംഗ്ലാദേശ് ബോര്‍ഡര്‍ ബി എസ് എഫിന്റെ അതിശക്തമായ നിരീക്ഷണത്തിലാണ്. രാജസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തികള്‍ ബി എസ് എഫിന്റെ സുരക്ഷാ കോട്ടകളാണ്. ഇതിലൂടെ ഒന്നും ഇത്തരത്തില്‍ കണ്ടെയ്‌നര്‍ കണക്കിന് ഭയാനക സ്‌ഫോടക വസ്തുക്കള്‍ കള്ളക്കടത്തിലൂടെ പരിശോധിക്കപ്പെടാതെ കയറ്റി കൊണ്ടുവരാന്‍ കഴിയില്ല. കടല്‍ വഴിയാണെങ്കില്‍, നാവികസേനയുടെയും കോസ്റ്റല്‍ ഗാര്‍ഡിന്റെയും നിരീക്ഷണങ്ങളെ മറികടന്ന് കൂറ്റന്‍ കണ്ടൈനറുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല. മാത്രമല്ല ഓരോ വസ്തുക്കളും പൂര്‍ണ്ണമായി രേഖപ്പെടുത്തുന്ന തുറമുഖങ്ങളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കയറ്റി കൊണ്ടുവരിക അസാധ്യമാണ്. അതുകൊണ്ടുതന്നെ ഇത്രയും വലിയ അളവില്‍, അതിമാരകമായ സ്‌ഫോടക ശേഷിയുള്ള രാസവസ്തുവായ അമോണിയം നൈട്രേറ്റ് (NH4NO3) എങ്ങനെ കുറേ ഭീകര പ്രവര്‍ത്തകരുടെ കൈകളില്‍ എത്തി എന്ന് അമിത് ഷാക്ക് മാത്രം പറയാന്‍ കഴിയുന്ന കാര്യമാണ്. എന്തായാലും ടണ്‍കണക്കിന് ഇത്തരം മാരക രാസവസ്തുക്കളുമായി നമ്മുടെ റോഡിലൂടെ ലോറികള്‍ നിഷ്പ്രയാസം തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു എന്നു വ്യക്തം.

പല തട്ടുകളിലായി അതിശക്തമായ ആഭ്യന്തര സുരക്ഷാ (internal security) സംവിധാനം ഇന്ത്യക്കുണ്ട്. ബ്രിട്ടന്റെ M16, കാനഡയുടെ CSIS, ഇസ്രായേലിന്റെ Mossad, അമേരിക്കയുടെ CIA, ജര്‍മ്മനിയുടെ BND, ഫ്രാന്‍സിന്റെ DGSE, ഓസ്‌ട്രേലിയയുടെ ASIS തുടങ്ങിയ സീക്രട്ട് ഏജന്‍സികളുമായി ബാഹ്യ സുരക്ഷ (external security) യുമായി, പ്രത്യേകിച്ച് ഭീകര പ്രവര്‍ത്തനവുമായി, ബന്ധപ്പെട്ട് ഇന്ത്യ പരസ്പര ധാരണയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതായത് ഏതെങ്കിലും തരത്തിലുള്ള കള്ളക്കടത്ത് സൂചനയോ ഇലയനക്കമോ ഉണ്ടായാല്‍ ഈ സീക്രട്ട് സെക്യൂരിറ്റി ഏജന്‍സികള്‍ പരസ്പരം വിവരങ്ങള്‍ കൈമാറും. അപ്പോള്‍ പിന്നെ എങ്ങനെ ഇത്രയും വലിയ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യയിലെത്തി? ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകനെയും ചാനല്‍ ചര്‍ച്ചാ വിദഗ്ധരെയും കണ്ടില്ല. കളിത്തോക്ക് പൊട്ടിയാലും തീവ്രവാദ ചര്‍ച്ചയ്ക്ക് വരുന്ന, സിനിമാ ദേശസ്‌നേഹിയായ മേജര്‍ രവിയെ ഈ വഴിക്കൊന്നും കണ്ടില്ല. ചാനല്‍ ചര്‍ച്ചകളില്‍ നിരന്നിരിക്കുന്ന റിട്ടയേഡ് സൈനിക – അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കൊന്നും ഈ സംശയമുണ്ടായില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമാന്യ യുക്തിയില്‍ ചിന്തിക്കുമ്പോള്‍, നിയമപ്രകാരം ഇറക്കുമതി ചെയ്യപ്പെട്ട അമോണിയം നൈട്രേറ്റ് ‘ഗ്രീന്‍ ചാനലിലൂടെ’ തീവ്രവാദികളുടെ കൈകളില്‍ എത്തി എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ ഗുരുതരമായ ഈ ‘ഗ്രീന്‍ ചാനല്‍ വീഴ്ചയ്ക്ക് ‘ ഉത്തരവാദിയായിട്ടുള്ളത് ആഭ്യന്തരമന്ത്രി അമിത് ഷാ അല്ലാതെ മറ്റാരുമല്ല എന്ന് ദേശസ്‌നേഹിയായ ഒരു പൗരന്‍ ചിന്തിച്ചാല്‍ അതും തെറ്റ് പറയാന്‍ കഴിയില്ല.

2016ലെ 7 സൈനികര്‍ കൊല്ലപ്പെട്ട പത്താംകോട്ട് ആക്രമണം, അതേ വര്‍ഷം നടന്ന ഉറി ഭീകരാക്രമണം, 2019ല്‍ 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണം, 2023ലെ രജൗറി, 2025ലെ പഹല്‍ഗാം, അവസാനം ഡല്‍ഹി റെഡ് ഫോര്‍ട്ട്! ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയ ശേഷം രാജ്യത്ത് നടന്ന ഈ ഭീകരാക്രമണ – സ്‌ഫോടന പരമ്പരകളില്‍ ഫാസിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട പലതും, പല സംശയങ്ങളും ബാക്കിയാക്കി, ഉത്തരമില്ലാതെ ദുരൂഹതയായി തുടരുകയാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply