ക്വീയര്‍ പ്രൈഡ് മാര്‍ച്ച് : വൈവിദ്ധ്യങ്ങളുടെ ആഘോഷം

2009 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377ആം വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്ര പരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും, ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും (Gender/Sexuality Minorities) പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും, നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയാണ് 2010 ല്‍ കേരളത്തിലും ലിംഗ ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങിവച്ചത്.

എന്താണ് ‘വൈവിദ്ധ്യങ്ങളുടെ ആഘോഷം’?

സ്വാതന്ത്രമായ ഒരു മനുഷ്യാവകാശ മുന്നേറ്റമാണ് കേരളത്തിലെ ക്വിയര്‍ പ്രൈഡ്. സ്വന്തം മനുഷ്യാവകാശങ്ങളെ കുറിച്ചും അതിന്റെ സാമൂഹികവസ്ഥ എങ്ങനെ മെച്ചപ്പെടുത്തണമെന്നതിനെ കുറിച്ചും ആണ് ഇവിടെ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. ജനാധിപത്യത്തിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമായ, പ്രണയത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളില്‍ നിന്ന് കൊണ്ടാണ് ഈ പ്രവര്‍ത്തനത്തിന് പല ലിംഗ ലൈംഗിക വൈവിദ്ധ്യങ്ങളിലുള്ള നമ്മള്‍ ഊര്‍ജ്ജം കണ്ടെത്തുന്നത്. ക്വിയര്‍ എന്നാല്‍ മനുഷ്യ ജീവിതം മഴവില്ലു പോലെ സാധ്യതയുള്ള ഒന്നാണ് എന്ന തിരിച്ചറിവാണ്. വൈവിദ്ധ്യങ്ങള്‍ അപമാനിക്കപ്പെടേണ്ടവയല്ല, അന്തസ്സുള്ളതാണ്, ആഘോഷിക്കപ്പെടേണ്ടവയാണ് എന്ന് വീണ്ടും ഉറപ്പിക്കാന്‍ നമ്മളുടെ കൂട്ടമായ ശ്രമമാണ് കേരള ക്വിയര്‍ പ്രൈഡ്.

കേരളത്തിലെ ക്വിയര്‍ പ്രസ്ഥാനത്തിന്റെ ചരിത്രം, വെല്ലുവിളികള്‍

കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിലധികമായി കേരളത്തിലെ LGBTQIA+ സമുദായ അംഗങ്ങളുടെയും സംഘടനകളുടെയും പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ക്വിയര്‍ അവകാശ പോരാട്ടങ്ങള്‍ നിരന്തരം നടന്നുവരുന്നുണ്ട്. മൂന്നു പതിറ്റാണ്ടിനുള്ളില്‍ തന്നെ കേരളത്തിന്റെ കലാസാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നമ്മുടെ സമുദായ അംഗങ്ങളും സംഘടനകളും കലാസാംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും വിവിധ മേഖലകളിലെ തൊഴിലാളികളും അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ക്വീര്‍ മനുഷ്യരുടെ ജീവിത സാമൂഹിക അവസ്ഥകളില്‍ പല തരത്തിലുമുള്ള വെല്ലുവിളികള്‍ നിലനിക്കുകയാണ്. അത്തരം പ്രതിസന്ധികള്‍ ഒരു സാമൂഹിക പ്രശ്‌നമായി പരിഗണിക്കാത്ത പൊതു സമൂഹത്തിലാണ് നാം ഇപ്പോഴും ജീവിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടന്നു വരുമ്പോഴും ക്വീയര്‍ മനുഷ്യരുടെ വ്യത്യസ്തങ്ങളായ സാമൂഹ്യ പ്രശ്‌നങ്ങളെ ആഴത്തില്‍ മനസിലാക്കുകയും സമഗ്രമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അടിസ്ഥാനപരമായി താമസം, തൊഴില്‍ ആരോഗ്യം, നിയമപരിരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടെ വളരെ പരിമിതമായ സംവിധാനങ്ങള്‍ മാത്രമാണ് ഉള്ളത്. ക്വിയര്‍ മനുഷ്യരുടെ വിവാഹം, സ്വത്തവകാശം, ദത്തെടുക്കാനുള്ള അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയോ കൃത്യമായ നിയമ നിര്‍മ്മാണം നടത്തുകയോ ചെയ്തിട്ടില്ല എന്നത് ഗൗരവതരമായ വീഴ്ച തന്നെയാണ്. ക്വിയര്‍ പങ്കാളികളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ പങ്കാളിയുടെ മൃതദേഹത്തിന്റെ അവകാശം പോലും കളെയിം ചെയ്യാന്‍ കഴിയാത്ത സാമൂഹിക അവസ്ഥയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ സമുദായ അംഗങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള നയപരമായ ചര്‍ച്ചകള്‍, പദ്ധതി രൂപീകരണങ്ങള്‍ എന്നിവ നടപ്പിലാക്കേണ്ടത് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനാധിപത്യപരമാക്കും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ക്വിയര്‍ മനുഷ്യരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാമൂഹിക സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ക്വിയര്‍ മനുഷ്യര്‍ വളരെ അടിസ്ഥാനപരമായ ഈ പ്രശ്‌നത്തെ അതിജീവിക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം തേടേണ്ട സാമൂഹികാവസ്ഥയിലാണ് ഇവിടെ ജീവിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ നടത്തിയ വിവിധ പഠനങ്ങളുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇക്കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ തന്നെ 30 ലധികം ക്വിയര്‍ മനുഷ്യര്‍ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ മാരക രോഗങ്ങള്‍ വന്നു ചികിത്സ ലഭിക്കാതെ മരിച്ചു പോവുകയോ ചെയ്തിട്ടുണ്ട്. ക്വിയര്‍ സ്വത്വം തുറന്നു പറഞ്ഞു പുറത്തു വന്ന മനുഷ്യര്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നുമൊക്കെയുള്ള കുറ്റപ്പെടുത്തലുകളും അവഗണനകളും ആക്രമണങ്ങളും നിരന്തരം നേരിടുന്നതു കൊണ്ടു തന്നെ പല തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരാണ്. എന്നാല്‍ അവര്‍ക്കൊന്നും തന്നെ ശരിയായ രീതിയിലുള്ള മാനസികാരോഗ്യ പരിരക്ഷയോ, പിന്തുണയോ, ചികിത്സയോ ലഭ്യമാക്കാന്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്കായിട്ടില്ല എന്നതുകൊണ്ടു മാത്രം പലര്‍ക്കും ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്നിട്ടുണ്ട്.

ക്വീര്‍ മനുഷ്യരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിടുന്ന കണ്‍വെര്‍ഷന്‍ തെറാപ്പി പോലെയുള്ള ചികിത്സാ രീതികള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ലഭിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. ക്വീര്‍ ആളുകളുടെ മാനസിക ആരോഗ്യം വേണ്ടത്ര രീതിയില്‍ പരിഗണിക്കപ്പെടുന്നില്ല എന്നുള്ളതും അതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പോലും സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങളില്‍ നിലവില്‍ ഇല്ല. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ പോലും നാമമാത്രമായ സംവിധാനങ്ങള്‍ മാത്രമാണെന്നുള്ളതും സുതാര്യമല്ല എന്നുള്ളതും മറ്റൊരു പ്രധാന പ്രതിസന്ധിയാണ്. ട്രാന്‍സ് വ്യക്തികളുടെ ലിംഗ മാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് ശാസ്ത്രീയമായ സുരക്ഷിതമായ ചെലവുകുറഞ്ഞതുമായ സംവിധാനങ്ങള്‍ നിലവില്‍ ഇല്ല. സര്‍ജറിക്കാവശ്യമായ തുക സര്‍ക്കാര്‍ നല്‍കുമ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സര്‍ജറികളാണ് നിലവില്‍ നടക്കുന്നത്. സര്‍ജറി പരാജയപ്പെടുന്ന കേസുകള്‍ വര്‍ദ്ധിക്കുകയും സമുദായ അഗങ്ങളെ ആത്മഹത്യയിലേക്ക് വരെ നയിച്ച സാഹചര്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി നേതൃത്വത്തില്‍ ചില പഠനങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായപ്പോഴാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കൊടുത്തത്. പലപ്പോഴും ഈ പദ്ധതികള്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് വേണ്ട സമയത്ത് ഉപകാരമാകുന്ന രീതിയില്‍ ലഭ്യമാകുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.

കേരള ക്വിയര്‍ പ്രൈഡ് 2024

2009 ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377ആം വകുപ്പിന് ഡല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്ര പരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും, ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും (Gender/Sexuality Minorities) പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും, നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയാണ് 2010 ല്‍ കേരളത്തിലും ലിംഗ ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങിവച്ചത്. കേരളത്തില്‍ വിമത ലൈംഗികതയുടെ രാഷ്ട്രീയം സജീവമായും മൂര്‍ത്തമായും നിലനിര്‍ത്താന്‍ കുറഞ്ഞ കാലഘട്ടത്തിനുള്ളില്‍ ക്വിയര്‍ പ്രൈഡ് കേരള?ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്.

പതിമൂന്നാമത് ലിംഗ ലൈംഗിക സ്വാഭിമാന ഘോഷയാത്രയും മറ്റു പരിപാടികളും 2024 ഒക്ടോബര്‍ 17 മുതല്‍ 20 വരെ മാനവീയം വീഥി, ഭാരത് ഭവന്‍, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളില്‍ വച്ചു സംഘടിപ്പിക്കപ്പെടുകയാണ്. ക്വിയര്‍ പ്രൈഡ് മാര്‍ച്ച്, വിളംബര യാത്ര, പൊതു സമ്മേളനം, സാഹിത്യ സന്ധ്യ, ക്വിയര്‍ വിദ്യാര്‍ത്ഥി സംഗമം, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍/ ചര്‍ച്ചകള്‍, DJ നൈറ്റ്, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി വൈവിധ്യങ്ങളായ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പരിപാടികളാണ് പല വേദികളില്‍ സംഘടിപ്പിക്കപ്പെടുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുള്ള ക്വീയര്‍ സമുദായ അംഗങ്ങള്‍, സമുദായ സംഘടന പ്രതിനിധികള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ സര്‍ക്കാര്‍ സര്‍ക്കാര്‍ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പതിമൂന്നാമത് ക്വീയര്‍ പ്രൈഡ് പരിപാടികളുമായി ബന്ധപ്പെട്ട് തിരുവന്തപുരത്ത് എത്തിച്ചേരും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 20, വൈകിട്ട് 02.30നു തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വഴി മാനവീയം വീഥി വരെയാണ് പതിമൂന്നാമത് ലിംഗ ലൈംഗിക സ്വാഭിമാന ഘോഷയാത്ര വിവിധ കലാസാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ കടന്നുപോകുന്നത്. ഒക്ടോബര്‍ 17 മുതല്‍ നടക്കുന്ന ചര്‍ച്ചകളിലും സെമിനാറുകളിലും പല സാംസ്‌കാരിക രാഷ്ട്രീയ പരിപാടികളിലും പ്രമുഖര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്വീയര്‍ പ്രൈഡ് കേരളം
80891 88409 | 88488 36760

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply