പൊതുകടവും കേരളത്തിന്റെ ഭാവിയും

കേരളത്തിന്റെ കടബാദ്ധ്യതയെ കുറിച്ച് ജനങ്ങള്‍ക്ക് പരക്കെ ആശങ്കയുണ്ട്. അതിന് അടിസ്ഥാനമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം? കടം നമ്മെ കുടുക്കുമോ? അതോ വികസനത്തിലേക്ക് നയിക്കുമോ?

ഉത്തരം: കടം ഏതു സാഹചര്യത്തില്‍ വാങ്ങുന്നുവെന്നതും എങ്ങനെ ഉപയോഗിക്കുന്നുവെന്നതുമാണ് അതിന്റെ അഭിലഷണീയതയും ഫലങ്ങളും നിര്‍ണയിക്കുന്നത്. സര്‍ക്കാര്‍ കടമെടുക്കുന്നത് ഉല്‍പ്പാദനപരമായ നിക്ഷേപത്തിനാണെന്നും പെരുക്കഫലങ്ങളിലൂടെ അത് സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്നും വളര്‍ച്ചാനിരക്ക് പലിശനിരക്കിനെക്കാള്‍ അധികമായിരിക്കുമെന്നതിനാല്‍ തിരിച്ചടവിന് ബുദ്ധിമുട്ട് വരില്ലെന്നുമാണ് സര്‍ക്കാര്‍വാദം. കേരളത്തിന്റെ അത്രതന്നെയൊ അതിലേറെയൊ കടമുള്ള സംസ്ഥാനങ്ങളുണ്ട് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സര്‍ക്കാര്‍ വാദമുഖങ്ങള്‍ ഓരോന്നായി പരിശോധിക്കാം. ഉല്‍പ്പാദനപരമായ നിക്ഷേപത്തിന് മാത്രമാണ് സര്‍ക്കാര്‍ കടമെടുക്കുന്നത് എന്നത് അവാസ്തവമാണ്. എടുക്കുന്ന കടത്തിന്റെ വലിയൊരു ഭാഗം ഇന്ന് ചെലവഴിക്കുന്നത് ശമ്പളത്തിനും അടുത്തൂണിനും പഴയ കടത്തിന്റെ പലിശയടവിനുമാണ്. കിഫ്ബിയുടേതും കെ റെയിലിനായി ഇപ്പോഴെടുക്കുന്ന കടവുമാണ് ഉല്‍പ്പാദനപരമെന്ന് പറയാവുന്ന വലിയ കടങ്ങള്‍. എന്നാലിവ വരുമാനവര്‍ദ്ധനവിന് എത്രത്തോളം സഹായിക്കുമെന്നതില്‍ വ്യക്തതയില്ല. കിഫ്ബി പദ്ധതികളുടെ അഞ്ചിലൊന്നു മാത്രമേ പ്രത്യക്ഷവരുമാനം നല്‍കുന്നതായുള്ളൂ. കെ റെയിലാകട്ടെ, ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, ലാഭകരമാവില്ലെന്നു മാത്രമല്ല, വലിയ നഷ്ടത്തിന് ഇടയാക്കുകയും ചെയ്യും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വായ്പയുടെ വലിയ ഭാഗം ഉല്‍പ്പാദനപരമായി നിക്ഷേപിക്കുന്നുവെന്നുതന്നെ കരുതുക. അത് സംസ്ഥാനം ഇതുവരെ പിന്തുടര്‍ന്ന വ്യവസായ-പശ്ചാത്തല വികസന മാതൃകയനുസരിച്ചാണെങ്കില്‍ പെരുക്കഫലങ്ങള്‍ പരിമിതമായിരിക്കും. തൊഴിലവസരം, വരുമാനം, ആദാനം, ഉല്‍പ്പാദനം എന്നിവയില്‍ ചുറ്റോടുചുറ്റായി ഉളവാകുന്ന സമ്പദ് വേലിയേറ്റങ്ങളാണ് പെരുക്കഫലങ്ങള്‍. വ്യവസായ വികസനം കൈവന്ന പ്രദേശങ്ങളില്‍ നാനാവിധ മുന്‍-പിന്‍ ബന്ധങ്ങളിലൂടെയാണ് പെരുക്കഫലങ്ങള്‍ ഉണ്ടാവുക. വ്യാവസായികമായി പിന്നോക്കമായതിനാല്‍ കേരളത്തില്‍ അതിന് കുറഞ്ഞ സാധ്യതയേ ഉള്ളൂ. പദ്ധതികള്‍ക്കാവശ്യമായ നിര്‍മാണ സാമഗ്രികള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും, പണം പുറത്തേക്കൊഴുകും. പെരുക്കഫലങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും കൂടുതലായും അവിടങ്ങളിലാവും.

കുറച്ചൊക്കെ മുന്‍-പിന്‍ ബന്ധങ്ങളും വരുമാന വര്‍ദ്ധനവും ഇവിടെ ഉണ്ടായാല്‍ത്തന്നെയും സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടണമെന്നില്ല. അതിന് വിഭവസമാഹരണം കാര്യക്ഷമമാവണം. കേരളസര്‍ക്കാരിനാവട്ടെ നികുതിവെട്ടിപ്പ് തടയാനാവുന്നില്ലെന്നു മാത്രമല്ല, ചുമത്തുന്ന നികുതി യഥാവിധി പിരിച്ചെടുക്കാനും കഴിയുന്നില്ല. കുടിശ്ശികനികുതിയുടെ പത്തിലൊന്ന് പിരിച്ചെടുത്തിരുന്നെങ്കില്‍ മസാലബോണ്ട് കടമെടുപ്പ് ഒഴിവാക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാരിന്റെ നികുതിയേതര വരുമാനമാവട്ടെ, പ്രധാനമായും ചിട്ടി നടത്തിപ്പിലും മദ്യം, ഭാഗ്യക്കുറി ടിക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പനയിലും ഒതുങ്ങുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഭവ സമാഹരണത്തോളം പ്രധാനമാണ് വിഭവ വിനിയോഗം. തദ്ദേശ അസംസ്‌കൃതവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുകയും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സംരംഭങ്ങളില്‍ മൂലധനം നിക്ഷേപിച്ച് അവയുടെ കാര്യക്ഷമമായ നടത്തിപ്പിലൂടെ സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ചെലവ് സൂക്ഷ്മമായി വിശകലനം ചെയ്ത് അനാവശ്യച്ചെലവ് ഒഴിവാക്കുകയും അമിതച്ചെലവ് കുറയ്ക്കുകയും വേണം. ഇതോടൊപ്പം നിലവിലുള്ള കടം ക്രമമായി വീട്ടിക്കൊണ്ട് പലിശഭാരം കുറയ്ക്കണം.

സംസ്ഥാനങ്ങളുടെ വിഭവാടിത്തറ, കാര്‍ഷിക പുരോഗതി, വ്യവസായവല്‍ക്കരണം, ധനകാര്യ നിര്‍വഹണത്തിലെ കാര്യക്ഷമത എന്നിവയിലെ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ കടത്തിന്റെ വലിപ്പം മാത്രം താരതമ്യം ചെയ്യുന്നത് നിരര്‍ത്ഥകമാണ്. കേരള സര്‍ക്കാരിന്റെ കടം നടത്തിപ്പ് ഒട്ടുംതന്നെ കാര്യക്ഷമമല്ല. വായ്പാ തിരിച്ചടവ് നിധിയിലേക്ക് കാലിക വരവിന്റെ തുച്ഛമായ അംശമേ നീക്കിവയ്ക്കുന്നുള്ളൂ. അതുപോലും പലപ്പോഴും മുടങ്ങുന്നു. ഈട് വായ്പാ തിരിച്ചടവ് നിധി രൂപീകരിച്ചിട്ടു പോലുമില്ല.

ഇന്നത്തെ പൊതുധനനിര്‍വ്വണ രീതിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ കടം നമ്മെ കുടുക്കുക തന്നെ ചെയ്യും. സംശയം വേണ്ട.

കടപ്പാട് മറുവാക്ക് 2022 വാര്‍ഷിക പതിപ്പ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply