ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം : അരാഷ്ട്രീയ തര്‍ക്കം ചരിത്രബോധമില്ലായ്മയില്‍ നിന്ന്

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഏറെ വര്‍ഷങ്ങളായി കേരളം ഏറെക്കുറെ ഒന്നാം സ്ഥാനത്തുതന്നെ. അതിനും ചരിത്രപരമായ കാരണങ്ങളുണ്ട്. പച്ചപ്പും പുഴകളും നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതി തന്നെ ഒന്ന്. യുദ്ധങ്ങളോ പ്രകൃതിദുരന്തങ്ങളോ കാര്യമായി ഈ പ്രദേദാരിദ്ര്യനിശത്തെ തകര്‍ത്തിട്ടില്ല. നൂറ്റാണ്ടുകള്‍ക്കുമുന്നെ വിദേശരാജ്യങ്ങളുമായി നടന്നിരുന്ന വാണിജ്യം നമ്മുടെ അനുഗ്രഹമായിരുന്നു. രാജഭരണകാലത്തുതന്നെ നിരവധി ജനക്ഷേമപദ്ധതികള്‍ നടപ്പായിട്ടുണ്ട്. അടിത്തട്ടില്‍ നിന്നുള്ള നവോത്ഥാന പ്രക്ഷോഭങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആദ്യകാലത്തു നയിച്ച ദരിദ്രരുടെ പോരാട്ടങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. ലക്ഷ്യം നേടിയെന്നു പറയാനാകില്ല എങ്കിലും ഭൂപരിഷ്‌കരണം ജന്മിത്തത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇതൊന്നും മറ്റു പ്രദേശങ്ങളുമായി താരതമ്യമില്ലാത്തവയാണ്. അപ്പോഴും വന്‍സാമ്പത്തിക തകര്‍ച്ചക്കു നീങ്ങിയിരുന്ന കേരളത്തെ അവസാനഘട്ടത്തില്‍ രക്ഷിച്ചത് പ്രവാസം തന്നെയാണ്.

കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തില്‍ മാത്രം അധിഷ്ഠിതമായ വിലകുറഞ്ഞ വിവാദങ്ങളാണല്ലോ കുറെകാലമായി കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അവസാനത്തെ വിവാദം ദാരിദ്ര്യത്തിന്റെ പേരിലാണ്. കുറഞ്ഞ ദാരിദ്ര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന, എല്ലാവരും അഭിമാനിക്കുകയും ഇനിയും എന്തൊക്കെയാണ് നമ്മുടെ പോരായ്മകള്‍ എന്നു പരിശോധിച്ച് അവ പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതിനുപകരം അതിനേയും അനാവശ്യ അവകാശവാദങ്ങളിലേക്കും വിവാദങ്ങളിലേക്കും വലിച്ചഴക്കുന്ന സ്ഥിരം പരിപാടിയാണ് ഇതിലും കണ്ടത്.

നീതി ആയോഗ് റിപ്പോര്‍ട്ടിനെ പറ്റി കേട്ടപ്പോഴേ കുറെപേര്‍ അവകാശവാദവുമായി രംഗത്തെത്തി. പതിവുപോലെ പിണറായി സര്‍ക്കാരിന്റെ നേട്ടമായി അതിനെ വ്യാഖ്യാനിച്ചു. മുഖ്യമന്ത്രിയും അത്തരത്തിലുള്ള പോസ്റ്റിട്ടതോടെ ഫാന്‍സുകളുടെ ആവേശം കൂടി. എന്നാല്‍ അപ്പോഴേക്കും 2015-16 ലെ സര്‍വ്വ അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിതെന്ന വാര്‍ത്തയും പുറത്തുവന്നു. അതോടെ മറുപക്ഷം സജീവമായി. യുഡിഎഫിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും നേട്ടമാണെന്ന അവകാശവാദളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ആരുടെ നേട്ടമെന്നതില്‍ തീരുമാനമാകാതെ തര്‍ക്കം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

വാസ്തവത്തില്‍ എന്താണ് യാഥാര്‍ത്ഥ്യം? ഒന്നാമതായി ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള താരതമ്യങ്ങള്‍ തന്നെ അപ്രസക്തമാണ്. തികച്ചും വ്യത്യസ്ഥരാഷ്ട്രങ്ങളെ പോലെ വികസിച്ചു വന്ന പ്രദേശങ്ങളാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും. കൊളോണിയല്‍ അധിനിവേശം ഇല്ലാതിരുന്നെങ്കില്‍ അതങ്ങനെതന്നെ സംഭവിക്കുമായിരുന്നു. അതിനിടയിലെ കൊളോണിയല്‍ ഭരണമാണ് ആ ദിശമാറ്റിയത്. കൊളോണിയല്‍ ശക്തികളാണ് വിവിധനാട്ടുരാജ്യങ്ങളെ കീഴടക്കി ഇന്ത്യയെന്ന സങ്കല്‍പ്പത്തിനു രൂപം കൊടുത്തത്. ബ്രിട്ടീഷ്വിരുദ്ധ സമരകാലത്ത് അത്തരമൊരു സങ്കല്‍പ്പത്തിന് വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളിലും വേരോട്ടമുണ്ടായി. ദേശീയപ്രസ്ഥാനം അതില്‍ പ്രധാന പങ്കുവഹിച്ചു. എന്നിട്ടും സ്വാതന്ത്ര്യാനന്തരം പല പ്രദേശങ്ങളും  ഭീഷണിയാലും ബലം പ്രയോഗിച്ചുമായിരുന്നു കൂട്ടിചേര്‍ത്തത്. എന്തായാലും ഇന്ന് അതൊരു യാഥാര്‍ത്ഥ്യമാണ്. അപ്പോഴും ചരിത്രപരമായ കാരണങ്ങള്‍ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ വികസനത്തിലുള്ള അസമത്വവും യാഥാര്‍ത്ഥ്യമാണ്. അത്കാട്ടെ ഏതാനും ദശകങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതല്ലോ. പല വിഷയങ്ങളും പരിശോധിച്ചാല്‍ പല പ്രദേശങ്ങളാണ് മുന്നിലെന്നു കാണാം. അവ തമ്മിലുള്ള താരതമ്യം ആകാം, ഓരോ പ്രദേശങ്ങളുടേയും കുറവുകള്‍ കണ്ടെത്തി പരിഹരിക്കാനായി. എന്നാല്‍ അമിതമായ അവകാശവാദങ്ങളും പുറകിലുള്ളവരെ അപഹസിക്കലുമൊക്കെ രാഷ്ട്രീയപ്രബുദ്ധമായ ഒരു സമൂഹത്തിനു യോജിച്ചതല്ല. നിര്‍ഭാഗ്യവശാല്‍ അതാണ് ഇവിടെ നടക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നമ്മള്‍ ഏറെ അഹങ്കരിക്കാറുള്ള വിഷയങ്ങള്‍ പ്രധാനമായും പ്രാഥമികാരോഗ്യം, പ്രാഥമികവിദ്യാഭ്യാസം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയൊക്കെയാണല്ലോ. അതൊന്നും ഒരു ഭരണാധികാരിയുടേയോ മുന്നണിയുടേയോ നേട്ടമൊന്നുമല്ല. ആദ്യത്തെ രണ്ടുമെടുക്കാം. അവയില്‍ നാം പുരോഗതി നേടിയതില്‍ രാജഭരണത്തിനും കൊളോണിയല്‍ ഭരണത്തിനും പോലും പങ്കുണ്ട്. നവോത്ഥാനപ്രസ്ഥാനവും കൃസ്ത്യന്‍ മിഷണറിമാരും ദേശീയപ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനവുമൊക്കെ അതില്‍ തങ്ങളുടെ പങ്കുവഹിച്ചിട്ടുണ്ട്. അത്തരമൊരു സാമൂഹ്യചരിത്രം മറ്റു പ്രദേശങ്ങളില്‍ കാണാനാകില്ല. അതേസമയം ഉന്നതവിദ്യാഭ്യാസത്തില്‍ നാം വളരെ പുറകിലുമാണ്. ശരാശരി ആയുസ്, ശിശുമരണം, പരമ്പരാഗതമായ പല രോഗങ്ങളുടേയും നിര്‍മ്മാര്‍ജ്ജനം തുടങ്ങി പല മേഖലകളിലും നമ്മുടെ നിലവാരം വളരെ മെച്ചപ്പെട്ടതാണെങ്കിലും ആധുനികകാലരോഗങ്ങളില്‍ പല പ്രദേശങ്ങളേക്കാള്‍ നാം മുന്നിലാണെന്നും കാണാം. കൊവിഡില്‍ പോലും നാമത് കണ്ടതാണല്ലോ. ആത്മഹത്യയിലും മാനസികാരോഗ്യത്തിലും ജിവിതശൈലി രോഗങ്ങളിലുമൊക്കെ കേരളത്തിന്റെ അവസ്ഥ എത്രയോ മോശമാണ്. കൃഷി, വ്യവസായം, സാമൂഹ്യശുചിത്വം, മാലിന്യനിര്‍മ്മാര്‍ജ്ജനം, സംരഭകത്വം, പരിസ്ഥിതി നാശങ്ങള്‍, ലിംഗസമത്വം, ആദിവാസികളുടെ ജീവിതനിലവാരം എന്നിങ്ങനെ എത്രയോ മേഖലകളിലും കേരളത്തിന്റെ അവസ്ഥ ആശാവഹമാണോ? മുകളില്‍ സൂചിപ്പിച്ച പോലെ വൈവിധ്യമാര്‍ന്ന സാമൂഹ്യചരിത്രത്തിലൂടെ കടന്നുപോയ പ്രദേശങ്ങള്‍ തമ്മില്‍ പല വിഷയങ്ങളിലും വലിയ അന്തരമുണ്ടാകും.

തര്‍ക്കവിഷയമായ ദാരിദ്ര്യത്തിലേക്കു വരാം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഏറെ വര്‍ഷങ്ങളായി കേരളം ഏറെക്കുറെ ഒന്നാം സ്ഥാനത്തുതന്നെ. അതിനും ചരിത്രപരമായ കാരണങ്ങളുണ്ട്. പച്ചപ്പും പുഴകളും നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതി തന്നെ ഒന്ന്. യുദ്ധങ്ങളോ പ്രകൃതിദുരന്തങ്ങളോ കാര്യമായി ഈ പ്രദേദാരിദ്ര്യനിശത്തെ തകര്‍ത്തിട്ടില്ല. നൂറ്റാണ്ടുകള്‍ക്കുമുന്നെ വിദേശരാജ്യങ്ങളുമായി നടന്നിരുന്ന വാണിജ്യം നമ്മുടെ അനുഗ്രഹമായിരുന്നു. രാജഭരണകാലത്തുതന്നെ നിരവധി ജനക്ഷേമപദ്ധതികള്‍ നടപ്പായിട്ടുണ്ട്. അടിത്തട്ടില്‍ നിന്നുള്ള നവോത്ഥാന പ്രക്ഷോഭങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആദ്യകാലത്തു നയിച്ച ദരിദ്രരുടെ പോരാട്ടങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. ലക്ഷ്യം നേടിയെന്നു പറയാനാകില്ല എങ്കിലും ഭൂപരിഷ്‌കരണം ജന്മിത്തത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇതൊന്നും മറ്റു പ്രദേശങ്ങളുമായി താരതമ്യമില്ലാത്തവയാണ്. അപ്പോഴും വന്‍സാമ്പത്തിക തകര്‍ച്ചക്കു നീങ്ങിയിരുന്ന കേരളത്തെ അവസാനഘട്ടത്തില്‍ രക്ഷിച്ചത് പ്രവാസം തന്നെയാണ്. ഈ തുടര്‍ച്ചക്കൊപ്പം പ്രവാസം കൂടി ചേര്‍ന്നപ്പോഴാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ നമ്മള്‍ മുന്‍നിരയിലെത്തിയത് എന്നതാണ് വസ്തുത.

ഈ ചരിത്രത്തെയെല്ലാം തിരസ്‌കരിച്ചാണ് ഒരു നേതാവും പാര്‍ട്ടിയുമാണ് ഈ നേട്ടത്തിനു കാരണമെന്ന പ്രചാരണം നടക്കുന്നത്. വാസ്തവത്തില്‍ മറിച്ചാണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍ ഇരുമുന്നണി ഭരണം മാറിമാറി വന്നതാണ് ഇത്തരം വിഷയങ്ങളില്‍ ഗുണകരമായത്. ഇരുമുന്നണികളും ഏറെക്കുറെ തുല്ല്യരാകുകയും അഞ്ചുവര്‍ഷം കഴിഞ്ഞാലുള്ള ഭരണമാറ്റത്തെ കുറിച്ചുള്ള ആശങ്കയും മൂലം കുറെയൊക്കെ ജനക്ഷേമപദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ ഇരുമുന്നണികള്‍ക്കും കഴിയുമായിരുന്നില്ല. അതൊരു തുടര്‍ച്ചയുടെ ചരിത്രമാണ്. അതു മറച്ചുവെച്ച് പിണറായിയുടെ നേട്ടം, ഉമ്മന്‍ ചാണ്ടിയുടെ നേട്ടം എന്നൊക്കെ പറയുന്നത് രാഷ്ട്രീയ ആഭാസവും ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയുമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെയ്യേണ്ടത് മറ്റൊന്നാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന വിഷയത്തില്‍ തന്നെ എന്തൊക്കെയാണ് നമ്മുടെ പരിമിതികള്‍ എന്ന പരിശോധനയാണ് പ്രധാനം. ഈ വാര്‍ത്തക്കൊപ്പം തന്നെയാണല്ലോ പോഷകക്കുറവിനാല്‍ അട്ടപ്പാടിയില്‍ നാലുദിവസത്തിനുള്ളില്‍ മൂന്നു ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ച വാര്‍ത്തയും പുറത്തുവന്നത്. അതാകട്ടെ എത്രയോ കാലമായി ആവര്‍ത്തിക്കുന്നു. പട്ടിണിയെന്ന കുറ്റത്തിനു ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന് അധികകാലമായിട്ടില്ലല്ലോ. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതികളുടേയും സാമൂഹ്യവികസനപദ്ധതികളുടേയും നേട്ടങ്ങള്‍ ഒട്ടും കിട്ടാത്ത എത്രയോ ജനവിഭാഗങ്ങള്‍ കേരളത്തിലുണ്ട്. ആദിവാസികള്‍ തന്നെ അവരില്‍ ഒന്നാം സ്ഥാനത്ത്. കൂടാതെ മത്സ്യത്തൊഴിലാളികള്‍, തോട്ടം തെതാഴിലാളികള്‍, ദളിതര്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. പട്ടിണിമരണങ്ങളൊന്നും ഇല്ലായിരിക്കാമെങ്കിലും വളരെ മോശം ജീവിതനിലവാരമാണ് ഇവരില്‍ മഹാഭൂരിപക്ഷത്തിന്റേയും. ഒരടിസ്ഥാനവുമില്ലാത്ത ഈ അവകാശതര്‍ക്കങ്ങള്‍ മാറ്റിവെച്ച് ഈ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. അതോടൊപ്പം പുറത്തേക്കു കാണുമ്പോള്‍ വലിയ പ്രശ്‌നമൊന്നും ഇല്ല എന്നു തോന്നാമെങ്കിലും വലിയൊരു വിഭാഗം കേരളീയര്‍ കടക്കെണിയിലാണ്. ഏതുനിമിഷവും തകര്‍ന്നടിയാവുന്ന അവസ്ഥ. പലപ്പോഴും കേള്‍ക്കുന്ന കൂട്ട ആത്മഹത്യകളുടെ കാരണവും അതാണ്.

ഒരു പ്രധാന വിഷയം കൂടി ചൂണ്ടികാട്ടട്ടെ. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഒന്നാം സ്ഥാനം എന്നു പറയുമ്പോഴും അതിനുള്ള വിഭവങ്ങളുടെ ഉല്‍പ്പാദനത്തില്‍ നമ്മുടെ അവസ്ഥ എന്താണ്? അരിയാണെങ്കിലും ഗോതമ്പാണെങ്കിലും പച്ചക്കറിയാണെങ്കിലും മുട്ടയാണെങ്കിലും ഇറച്ചിയാണെങ്കിലും ഭൂരിഭാഗവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ നമ്മേക്കാള്‍ പുറകിലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണല്ലോ വരുന്നത്. സുസ്ഥിരമെന്നു പറയാനാവാത്ത അവസ്ഥ. കഴിഞ്ഞ വാരത്തില്‍ തന്നെ പച്ചക്കറിക്കുണ്ടായ വിലവര്‍ദ്ധന കണ്ടതാണല്ലോ. ഇക്കാര്യത്തില്‍ സ്വാശ്രയത്വം നേടാതെ, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലെ നേട്ടം ശാശ്വതമാകുമെന്നു കരുതാനാകില്ല. ആ ദിശയിലുള്ള നീക്കങ്ങള്‍ പക്ഷെ ഒരു സര്‍ക്കാരില്‍ നിന്നും കാണാനില്ല. മാത്രമല്ല പ്രവാസവും ടൂറിസവുമെല്ലാം വെല്ലുവിളി നേരിടുമ്പോള്‍ മദ്യം, ഭാഗ്യക്കുറി, ഇന്ധനം എന്നിവയുടെ വില്‍പ്പനയും ഐടി പോലുള്ള വിരലിലെണ്ണാവുന്ന ചില മേഖലകളില്‍നിന്നു ലഭിക്കുന്ന വരുമാനവും കൊണ്ട് ഇന്നത്തെ നേട്ടങ്ങള്‍ നിലനിര്‍ത്താനാവുമോ എന്നതും സംശയകരമാണ്. അതേകുറിച്ചൊക്കെ ചര്‍ച്ച ചെയ്യുന്നതിനു പകരമാണ് പിണറായിയോ ഉമ്മന്‍ചാണ്ടിയോ എന്ന തര്‍ക്കത്തില്‍ നാം നേരം കളയുന്നത്. വാസ്തവത്തില്‍ തികച്ചും അരാഷ്ട്രീയമാണ് ഈ തര്‍ക്കങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply