
ജനമനസ്സിന്റെ പരിഹാസ ശബ്ദമാണ് ഈ ഗാനം
‘പോറ്റിയെ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ..’ എന്ന ഗാനത്തിനെതിരെ അയ്യപ്പഗാനം ദുരുപയോഗിച്ചു എന്ന പേരില്‍ ഒരു അയ്യപ്പസേവാസംഘം ഭാരവാഹി ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ്. രാഷ്ട്രീയനേട്ടമാണ് പരാതിയുടെ ലക്ഷ്യം എന്നു വ്യക്തമാണ്. രാജ്യത്തെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം ചരിത്രത്തെയും ആവിഷ്‌കാര രൂപങ്ങളെയും ഭയപ്പെടുന്നതിനു തുല്യമായി, അതിന്റെ കേരള മോഡലുകള്‍ വിമര്‍ശനാത്മക ആവിഷ്‌കാരങ്ങളെ ഭയക്കുകയും, കേസെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് പലപ്പോഴും കാണുന്നത്. ഇവിടേയും അതാവര്‍ത്തിക്കാനാണ് സാധ്യത. പരാതിയില്‍ കേസെടുക്കാനാണ് സര്‍ക്കാര്‍ നീക്കം എന്നാണ് വാര്‍ത്ത.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം സംരക്ഷിച്ചിരിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ (freedom of expression) സാമൂഹിക വ്യാഖ്യാനത്തിന്റെ ഒരു പ്രധാന രൂപമായാണ് ഇന്ത്യന്‍ കോടതികള്‍ പാരഡിയെ വീക്ഷിക്കുന്നത്. ‘വിമര്‍ശനം അല്ലെങ്കില്‍ അവലോകനം’ എന്ന നിലയില്‍ പാരഡികള്‍ക്ക് കോപ്പി റൈറ്റ് നിയമത്തില്‍ പോലും ഇളവ് നല്‍കുന്നുണ്ട്. (സെക്ഷന്‍ 52-1A )
കര്‍ണാടക സംഗീതത്തിലെ ത്യാഗരാജനും, മുത്തുസ്വാമി ദീക്ഷിതരും, ശ്യാമശാസ്ത്രിയും, മുത്തയ്യ ഭഗവതരും മറ്റും കമ്പോസ് ചെയ്ത നിരവധി കീര്‍ത്തനങ്ങളുടെ രാഗങ്ങള്‍ക്കും, അതിലുപയോഗിച്ച സാഹിത്യ – പദ ഘടനകള്‍ക്കും സമാനമായി നിരവധി ചലച്ചിത്ര ഗാനങ്ങള്‍ വയലാറും ദേവരാജനും ഉള്‍പ്പെടെ നിരവധി ഗാനരചയിതാക്കളും കമ്പോസര്‍മാരും സൃഷ്ടിച്ചിട്ടുണ്ട്. പൊതുവില്‍ ഭക്തിനിര്‍ഭരവും ദേവീ – ദേവ ഗണങ്ങളാല്‍ മുഖരിതവുമായ കര്‍ണാടക സംഗീത കീര്‍ത്തനങ്ങളുടെ പാരഡി ഗാനങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തിരുവാതിരകളിയുമായി ബന്ധപ്പെട്ട പ്രധാന സാഹിത്യവും സംഗീത രചനകളും (പാട്ടുകള്‍) പ്രാഥമികമായി ഭക്തിസാന്ദ്രമാണ്. ദേവതകളായ ശിവനെയും പാര്‍വതിയെയും കേന്ദ്രീകരിച്ചുള്ളതും മിഥോളജിക്കല്‍ രചനകളില്‍ വേരൂന്നിയതുമാണ്. ആ തിരുവാതിര കളിയുടെ അസ്സല്‍ പാരഡിയാണ് ‘കാരണഭൂതന്‍ തിരുവാതിര കളി..’ എന്നാല്‍ അപ്പോള്‍ ഇല്ലാത്ത ഭക്തരുടെ വ്രണപ്പെട്ട വികാരം, ദേവന്റെ സ്വര്‍ണ്ണം കട്ടുമുടിച്ചതിനെതിരെയുള്ള വിമര്‍ശനാത്മകമായ ആവിഷ്‌കാര രൂപത്തില്‍ ഉണ്ടാകുന്നത് എങ്ങനെയാണ്..? വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ കാറിന്റെ സ്പീഡിനെ പ്രമേയമാക്കി ഇതേ പാട്ടിനുണ്ടാക്കിയ പാരഡി പാടിയത് കലാഭവന്‍ മണിയാണ്. ജനമത് കണ്ടത് കൈരളി ചാനലിലും.
ആറന്മുള ക്ഷേത്രത്തില്‍ മലയരയര്‍ പുരോഹിതരാകുന്നതിനെക്കുറിച്ച് ചരിത്ര പാഠങ്ങള്‍ ഉണ്ട്. ‘തിരുനിഴല്‍ മാല’ യില്‍ അവരുടെ പ്രതികരണങ്ങളുടെ വിശദാംശങ്ങളുണ്ട്. ബ്രാഹ്മണ – നായര്‍ – ഓതിക്കന്‍ – വാരിയര്‍ വിഭാഗങ്ങളെ, കണക്കിന് മലയരയര്‍ പരിഹസിച്ച് പാടുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്.
കേരള നവോത്ഥാനത്തിലും അതിന്റെ രാഷ്ട്രീയത്തിലും പ്രതിഷേധിക്കാനും വിമര്‍ശിക്കാനും ഹാസ്യരസത്തിന്റെ രാഷ്ട്രീയം ഉണ്ടായിട്ടുണ്ട്. ഭക്തിപ്രസ്ഥാന കാലത്ത് ഭക്തിയുടെ പൊതുബോധത്തിന് വിപരീതമായ ഒരു നിഷേധമനസ്സ് മലയാളത്തില്‍ ഉണ്ടായിരുന്നു എന്നതിനുള്ള തെളിവാണ് കുഞ്ചന്‍ നമ്പ്യാര്‍. എല്ലാ ആരാധനാ ശീലങ്ങളെയും ഹാസ്യാനുകരണം ആക്കി മാറ്റിയ, എല്ലാ ദൈവ പുരുഷന്മാരെയും കാരിക്കേച്ചറുകള്‍ ആക്കി മാറ്റിയ ഈ കവി, ഭക്തിപ്രസ്ഥാനത്തിന്റെ പ്രബലകാലത്താണ് ജീവിച്ചിരുന്നത് എന്ന് കേസ് കൊടുപ്പുകാരും, ഏറ്റെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരും മറക്കരുത്.
ഹാസ്യത്തെ രക്ഷാ കവചമാക്കി സവര്‍ണ്ണ ഭക്തിയുടെ അധികാര ബലത്തെ പരിഹസിക്കുവാന്‍ കുഞ്ചനു കഴിഞ്ഞിട്ടുണ്ട്. വാല്മീകിയുടെ രാമനെ ദൈവമാക്കുക എന്നത് ബ്രാഹ്മണ മത പുനരുദ്ധാരണത്തിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നുവെങ്കില്‍ അതിനെ അപമിത്തീകരിക്കുക (demythify) എന്ന രാഷ്ട്രീയ തന്ത്രത്തിന്റെ വഴിയാണ് കുഞ്ചന്‍ നമ്പ്യാര്‍ സ്വീകരിച്ചത്. ബ്രാഹ്മണ നിന്ദ പാപവും കുറ്റകരവുമായ കാലത്താണ് കുഞ്ചന്‍ നമ്പ്യാര്‍ ബ്രാഹ്മണനെ പരിഹസിച്ചത് എന്ന് മറക്കരുത്. രാജനിന്ദ കൊടും ശിക്ഷാര്‍ഹമായ കാലത്താണ് നമ്പ്യാര്‍ രാജാവിനെതിരെ പരിഹാസം വാരിയെറിഞ്ഞത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇവിടെ ശബരിമല സ്വര്‍ണ്ണം കൊള്ള ചെയ്തിട്ടും അത് മറച്ചുവെച്ച് ന്യായീകരിച്ച് ജനങ്ങളെ കോമാളിത്തൊപ്പി അണിയിക്കുമ്പോള്‍, ആ തൊപ്പിയ്ക്കുള്ളില്‍ കടന്നു നിന്നുകൊണ്ട് ജനവുമായി സംവദിക്കുകയാണ് ‘പോറ്റിയെ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറ്റിയേ..’ എന്ന പാരഡി ഗാനത്തിലൂടെ. ഭീമന്‍ മുതല്‍ ഹനുമാന്‍ വരെയും കുഞ്ചന്റെ നാവിലെ ഫലിതമായി മാറുന്നുണ്ട്. ഇവിടെ പകരം ‘സഖാക്കള്‍’ ആണ് എന്ന വ്യത്യാസം മാത്രമേയുള്ളൂ. (സ്വര്‍ണ്ണം കട്ടത് ആരപ്പാ സഖാക്കളാണേ അയ്യപ്പാ..)
ജനമനസ്സിന്റെ പരിഹാസ ശബ്ദമാണ് ആ പാട്ടില്‍ ഉടനീളം കേള്‍ക്കാന്‍ കഴിയുന്നത്. ജനായത്താധികാരത്തിന്റെ ദര്‍ശനമാണ് ആ പാട്ടിനെ പ്രസക്തമാക്കുന്നത്. കേരളത്തിലും ഇന്ത്യയില്‍ മൊത്തത്തിലും ജനങ്ങള്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നതിനെ ഭാവനാത്മകമായ ഗാനാഖ്യാനം ആക്കി മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്.
സുപ്രീംകോടതി വിധിയിലെ സ്ത്രീ പ്രവേശന അനുമതി അനുസരിച്ച് ക്ഷേത്രപ്രവേശനം നടത്തിയ ബിന്ദു അമ്മിണിയെ കുറിച്ചുള്ള പരാമര്‍ശം ഒട്ടും മൗലികത്വം ഇല്ലാത്തതും അപ്രസക്തവുമായ വരികളായി തോന്നി. എന്നാല്‍ അതു പറയാന്‍ രചയിതാവിന് അവകാശമില്ലെന്ന് അര്‍ത്ഥമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
