ഈ സമയവും കടന്നുപോകും രാഷ്ട്രം ബാക്കിയാകും
അന്നും ഇന്നും ലോകത്തെ നയിക്കുന്നത് ആധുനിക നാഗരികതയുടെ ചൂഷണത്തിലധിഷ്ഠിതമായ അമാനവിക മൂല്യങ്ങളാണ് . മത്സരമാണ് അതിന്റെ വഴി. കരുത്തന്‍ അതിജീവിക്കുമെന്ന പ്രാകൃത നീതിയിലാണ് നാം കാണുന്ന ഈ ലോകം കെട്ടിപ്പടുക്കപ്പെട്ടത്. ആ മാര്‍ഗ്ഗത്തോട്, വികസന സമീപനത്തോട് കലഹിക്കാന്‍ നമുക്കു കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ ഭാവി. തനത് വഴികള്‍ കണ്ടെത്തി സ്വാശ്രയ സമൂഹമായിത്തീരുകയാണ് പ്രതിവിധി. എന്നാലത് ആധുനിക നാഗരികതയോട് ഒത്തുപോകുന്ന ആശയമല്ല. അടിസ്ഥാനാവശ്യങ്ങളിലെ സ്വയം പര്യാപ്തത നേടാതിരിക്കുന്നിടത്തോളം കാലം ഓരോ സമൂഹവും പരാശ്രിതമായിരിക്കുക തന്നെ ചെയ്യും.
ഈ സമയവും കടന്നു പോകുമെന്ന പ്രത്യാശയിലാണ് ലോകം. ഈ ഇരുണ്ട കാലത്തിനു ശേഷമെങ്കിലും വീണ്ടുവിചാരമുണ്ടാകുമെന്നാണ് ഏറെ പേരും കരുതുന്നത്. ഇതുവരെ മനുഷ്യരാശിയെ നയിച്ച ചിന്തകളിലൊക്കെ ഒരു തിരുത്ത് അവര്‍ പ്രതീക്ഷിക്കുന്നു. കോവിഡ് 19 രാജ്യാതിര്‍ത്തികളേയും രാഷ്ട്രീയ സ്വാസ്ഥ്യത്തേയും ഭേദിച്ചത് അത്രയും വേഗത്തിലാണ്. ആധുനിക നാഗരികത ലോകത്തെ കീഴടക്കിയത് നൂറ്റാണ്ടുകള്‍ കൊണ്ടാണെങ്കില്‍ കൊറോണ (covid 19) വൈറസിന് ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. രോഗകാരികള്‍ക്ക് അത്രയും അനുകൂലമായ വിധത്തില്‍ ആധുനിക മനുഷ്യന്‍ പ്രകൃതിയെ വെട്ടിയൊതുക്കുകയും അതിന്റെ സ്വാഭാവികതക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് വൈറസ്സുകളെ ഈ വിധം ശക്തമാക്കിയതെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ഈ മാറ്റത്തിനു മുഖ്യ കാരണം മനുഷ്യന്റെ പരിസ്ഥിതി സൗഹൃദമല്ലാത്ത ഇടപെടലാണെന്നും കുറ്റസമ്മതം നടത്തുന്നു. എന്നാല്‍ ഈ തിരിച്ചറിവില്‍ നിന്നു ഒരു വീണ്ടുവിചാരമുണ്ടാകുമെന്ന് കരുതാവുന്ന എന്തെങ്കിലും പ്രതികരണങ്ങള്‍ ലോക രാഷ്ട്രങ്ങളിലെ നേതൃത്വങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്താണ് നമ്മുടെ ശുഭപ്രതീക്ഷയുടെ അടിസ്ഥാനം?
ഒരു നൂറ്റാണ്ടു മുമ്പ് മുടന്തുന്ന ആഫ്രിക്കയേയും കുതിക്കുന്ന യൂറോപ്പിനേയും നേരിട്ടുകണ്ട് അമ്പരന്നു പോയ ഏഷ്യക്കാരനായ ഒരു മനുഷ്യന്‍ ഇന്ത്യക്കാരോടു പറഞ്ഞു, ‘ കുതിച്ചു പായുന്ന ഈ തീവണ്ടികള്‍ പ്ലേഗിനെ കൊണ്ടുവരും. സൂക്ഷിക്കണം’. അതിനും അരനൂറ്റാണ്ടു മുമ്പ് യൂറോപ്പിലെ വേഗത്തില്‍ കുതിക്കുന്ന ഒരു രാജ്യത്തിലിരുന്ന് ലോകമാകെ കാണാന്‍ ശ്രമിച്ച മറ്റൊരു മനീഷി പറഞ്ഞത്, ‘ലോക്കോമോട്ടീവ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് വെളിച്ചമെത്തിക്കുമെന്നായിരുന്നു’.
1853 ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ കാറല്‍ മാര്‍ക്‌സ് എഴുതിയ കുറിപ്പിനെയാണ് രണ്ടാമതായി പരാമര്‍ശിച്ചത്. ”തീവണ്ടിയുടേയും ആവിക്കപ്പലിന്റേയും സംയോഗത്തിലൂടെ, സമയം വെച്ചു നോക്കിയാല്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ദൂരം എട്ടു ദിവസമായി ചുരുക്കുകയും ഒരു കാലത്ത് സങ്കല്‍പ്പ ലോകമായിരുന്ന ഈ രാജ്യം അങ്ങനെ പശ്ചാത്യ ലോകത്തോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്ന ആ ദിവസം അത്ര വിദൂരമല്ല” എന്ന് മാര്‍ക്‌സ് പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാല്‍ തീവണ്ടിയെ നന്മയുടെ പ്രതീകമായി കാണാന്‍ ഏഷ്യക്കാരനായ ഗാന്ധിജി കൂട്ടാക്കിയില്ല. യൂറോപ്പിനേയും ആഫ്രോ – ഏഷ്യന്‍ സമൂഹങ്ങളേയും അടുത്തറിഞ്ഞ ഗാന്ധി ഉത്ക്കണ്ഠപ്പെടുകയാണ് ഉണ്ടായത്. 1909 ല്‍ രചിക്കപ്പെട്ട ‘ഹിന്ദ് സ്വരാജില്‍ ‘ ഗാന്ധിയെഴുതി, ”റെയിലും വണ്ടിയും കൂടാതെ ഇംഗ്ലീഷുകാര്‍ക്ക് ഇന്നത്തെ നിലയില്‍ ഇന്ത്യയെ പിടിയിലൊതുക്കാനാവുമായിരുന്നില്ല. നിങ്ങള്‍ക്കും ഇതു ബോദ്ധ്യപ്പെട്ടിരിക്കണം. റെയില്‍ വഴി ബ്യൂബോണിക് പ്ലേഗ് എന്ന രോഗം പരന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൂട്ട നീക്കം സാദ്ധ്യമാക്കുന്നത് തീവണ്ടിയാണ്. പ്ലേഗിന്റെ അണുവാഹകരാണീ വണ്ടികള്‍. മുമ്പൊക്കെ സുരക്ഷിതമായ അകന്നുനില്‍പ്പ് നമുക്ക് സാദ്ധ്യമായിരുന്നു”.
”റെയില്‍വെ മൂലം ക്ഷാമ കാലങ്ങള്‍ പെരുകി. കാരണം കൂടുതല്‍ വില കിട്ടുന്ന വിപണികളിലേക്ക് ഭക്ഷ്യവിഭവങ്ങള്‍ മൊത്തമായി കയറ്റിപ്പോയി. ജനങ്ങള്‍ ശ്രദ്ധ വെടിഞ്ഞതിനാല്‍ ക്ഷാമങ്ങളുടെ സമ്മര്‍ദ്ദം കൂടി. മനുഷ്യന്റെ ചീത്തത്തങ്ങള്‍ക്ക് തീവണ്ടി ആക്കം കൂട്ടി”. ഇന്ത്യയെ മുന്‍നിര്‍ത്തിയാണ് ഹിന്ദ് സ്വരാജ് എഴുതിയതെങ്കിലും ലോകത്തിനാകെ ബാധകമായ ചിന്തകള്‍ എന്നാണ് അന്ന് കൈയെഴുത്ത്പ്രതി വായിച്ച ടോള്‍സ്‌റ്റോയ് അഭിപ്രായപ്പെട്ടത്. ഹിന്ദ് സ്വരാജിന് പത്തുവയസ്സു തികയുന്നതിന് മുമ്പ് 1918 ല്‍ സ്പാനിഷ് ജ്വരം ലോകത്തെ നടുക്കി. ഒന്നാം ലോകമഹായുദ്ധത്തിലേതിനേക്കാള്‍ മനുഷ്യര്‍ ചത്തുവീണു. സ്പാനിഷ് ജ്വരം ലോകമാകെ പടര്‍ത്തിയത് റെയില്‍വേ ശൃംഖലയാണെന്ന് തുടര്‍ന്നുള്ള പഠനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു.
ഇന്നത്തെ പോലെ അന്നും ലോകം അന്ധാളിച്ചു. യുദ്ധം നിര്‍ത്തിവെച്ച് മഹാമാരിയെ ചെറുക്കാന്‍ ലോകം ഒന്നിച്ചു കൈകോര്‍ക്കണമെന്ന് ലെനിന്‍ അഭ്യര്‍ഥിച്ചു.രാഷ്ട്ര നേതാക്കള്‍ക്ക് ആ അഭ്യര്‍ഥന സ്വീകരിക്കുന്നതിനു തടസ്സമായത് ചോരക്കൊതിയായിരുന്നില്ല. അതിര്‍ത്തികള്‍ക്കപ്പുറമുള്ള അവരുടെ സാമ്പത്തിക താത്പര്യങ്ങളായിരുന്നു. അതായിരുന്നല്ലോ അവരുടെ നിലനില്‍പ്പിനാധാരം.
കൊറോണയുടെ ഉത്ഭവത്തെയും പകരാനുള്ള സാദ്ധ്യതയേയും ചൈന മറച്ചുവെച്ചതും വിപണികള്‍ തുറക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പ് വെമ്പല്‍ കൊള്ളുന്നതും ഇതേ കാരണത്താലാണ്. അന്നും ഇന്നും ലോകത്തെ നയിക്കുന്നത് ആധുനിക നാഗരികതയുടെ ചൂഷണത്തിലധിഷ്ഠിതമായ അമാനവിക മൂല്യങ്ങളാണ് . മത്സരമാണ് അതിന്റെ വഴി. കരുത്തന്‍ അതിജീവിക്കുമെന്ന പ്രാകൃത നീതിയിലാണ് നാം കാണുന്ന ഈ ലോകം കെട്ടിപ്പടുക്കപ്പെട്ടത്. ആ മാര്‍ഗ്ഗത്തോട്, വികസന സമീപനത്തോട് കലഹിക്കാന്‍ നമുക്കു കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ ഭാവി. തനത് വഴികള്‍ കണ്ടെത്തി സ്വാശ്രയ സമൂഹമായിത്തീരുകയാണ് പ്രതിവിധി. എന്നാലത് ആധുനിക നാഗരികതയോട് ഒത്തുപോകുന്ന ആശയമല്ല. അടിസ്ഥാനാവശ്യങ്ങളിലെ സ്വയം പര്യാപ്തത നേടാതിരിക്കുന്നിടത്തോളം കാലം ഓരോ സമൂഹവും പരാശ്രിതമായിരിക്കുക തന്നെ ചെയ്യും. സ്വന്തം ഭക്ഷണം ഉത്പാദിപ്പിക്കാത്ത സമൂഹങ്ങള്‍ പ്രത്യേകിച്ചും.
നിലവിലുള്ള ലോക രാഷ്ട്രീയ സാഹചര്യം ഓരോ സമൂഹവും സ്വാശ്രയത്വത്തിലൂടെ അതിജീവിക്കുമെന്ന പ്രതീക്ഷ നല്‍കുന്നില്ല. ഇത് രാഷ്ട്ര നേതാക്കളുടെ വ്യക്തിപരമായ പരിമിതികൊണ്ട് സംഭവിക്കുന്നതുമല്ല. രോഗവ്യാപനത്തെ നേരിടുന്നതിലുള്ള ജാഗ്രതയും കാര്യക്ഷമതയും വ്യക്തികളുടെ കഴിവുകള്‍ക്കനുസരിച്ച് ആപേക്ഷികമാകാം. അതിനൊക്കെയപ്പുറം കുറേക്കൂടെ ആഴത്തില്‍ പരിശോധിക്കപ്പെടേണ്ട ഒരു വിഷയമാണ് സമൂഹങ്ങളുടെ അതിജീവനം എങ്ങനെ സാദ്ധ്യമാകുമെന്നത്.
ആധുനിക നാഗരികതയെ കുറിച്ചുള്ള തന്റെ പഠനത്തില്‍ ലോഹ്യ ഈയൊരു പരിമിതിയെ നിരീക്ഷിക്കുന്നുണ്ട്. ‘നിലവിലുള്ള നാഗരികതയുടെ നേതാക്കള്‍ പിന്നീട് വരുന്ന നാഗരികതയുടെ മുന്നോടികളാവാന്‍ വിധിക്കപ്പെട്ടിട്ടില്ല. ചരിത്രത്തില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. കാരണം, ചില ചിന്താരീതികള്‍, ഏതാനും വ്യക്തമായ പ്രക്രിയകള്‍ എന്നിവ ആഴത്തില്‍ വേരുറച്ചുപോയവയാണ്. ഇത്തരത്തിലുള്ള ഉത്പാദന പ്രക്രിയയും ചിന്തകളും വികസിച്ചുവരുന്ന അവസ്ഥയെ നേരിടുവാന്‍ കഴിവുള്ളതല്ല എന്നു മനുഷ്യന്‍ എത്രമാത്രം കണ്ടെത്തിയാലും അവയെ മാറ്റുവാന്‍ അവന്‍ അശക്തനാണ്. കാരണം അവ അത്രയും രൂഢമൂലമാണ്. അവന്റെ കെട്ടിപ്പടുക്കലുകളെല്ലാം അവയ്ക്കു ചുറ്റുമാണ് അഥവാ അവയ്ക്കു മേലാണ്’.
മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള മനുഷ്യ ബുദ്ധിയുടെ കഴിവുകള്‍ ഏറെയാണെന്ന് അനുഭവങ്ങളിലൂടെ നമുക്കു സാക്ഷ്യപ്പെടുത്താനായേക്കും. എന്നാല്‍ പോലും ‘ഒരു പ്രത്യേകതരം നാഗരികതയുടെ തലപ്പത്തിരുന്നവരും അതിന്റേതായ മാര്‍ഗ്ഗങ്ങളെ അവലംബിച്ചവരും ഈ മാര്‍ഗ്ഗങ്ങളെ വലിച്ചെറിഞ്ഞ് മറ്റൊരവസ്ഥയെ നേരിടാനും മെച്ചപ്പെട്ടവയെ സ്വീകരിക്കാനും പറ്റിയ വിധം അയവുള്ളവരായിരിക്കുമെന്ന് കരുതുന്നത് യുക്തിസഹമല്ല’. പതുക്കെപ്പതുക്കെ ചൂടായിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ കിടന്നു വെന്തുപോകുന്ന തവളയുടെ ഒരു അവസ്ഥ. രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുമ്പോഴേക്കും അതിനുള്ള ചലനശേഷി പൂര്‍ണ്ണമായും ഇല്ലാതാകുന്നു. തനിക്കന്യമായ മറ്റൊരു നാഗരികതയുടെ പൊള്ളലേറ്റു ശരീരത്തിന്റെ സ്വാഭാവികതകള്‍ മാഞ്ഞു പോകുന്നതറിഞ്ഞ് തിരികെ കുണ്ടുകിണറ്റിലേക്ക് മടങ്ങി പുതിയൊരങ്കത്തിനുള്ള ബാല്യം വീണ്ടെടുക്കുന്ന മറ്റൊരു തവളയെ കുറിച്ച് ഗോപാലകൃഷ്ണ അഡിഗയുടെ ഒരു കവിതയുണ്ട്. അഡിഗയുടെ തവളയെ പോലെ നമ്മുടെ സമൂഹത്തിനും ഒരു തിരിച്ചറിവ് ഉണ്ടാകുമോ? ഇനിയെങ്കിലുമതിന് രക്ഷനേടാന്‍ സാധിക്കുമോ എന്നതാണ് നമ്മുടെ യഥാര്‍ഥ പ്രതിസന്ധി.
കൊറോണയെ തുടര്‍ന്നു ഇപ്പോള്‍ ലോകം ഏതാണ്ട് നിശ്ചലമാണ്. ജലാശയങ്ങളും അന്തരീക്ഷവും മാലിന്യമുക്തമായിക്കൊണ്ടിരിക്കുന്നു. ജലന്ധറില്‍ നിന്ന് 400 കി മീറ്റര്‍ അകലെയുള്ള ഹിമാലയന്‍ മലനിരകള്‍ കാണാന്‍ കഴിയുന്നെന്നും കൊച്ചിയില്‍ നിന്ന് മൂന്നാര്‍ കാണാമെന്നും പറയപ്പെടുന്നു. ഇതൊക്കെ കേവല പരിസ്ഥിതിവാദികളുടെ ബഡായിയാണെന്ന് പറഞ്ഞ് വികസന ശാസ്ത്ര വാദികള്‍ തള്ളിയേക്കാം. എന്നാല്‍ ദല്‍ഹി നഗരത്തിലെ ഡിജിറ്റല്‍ അന്തരീക്ഷ മാലിന്യ കാലാവസ്ഥാ മാപിനിയില്‍ കാണുന്ന കണക്കുകള്‍ പ്രകൃതി വലിയ തോതില്‍ ശുദ്ധീകരിക്കപ്പെടുന്നതിനെ കൃത്യമായി രേഖപ്പെടുത്തുന്നു. ലോകമെമ്പാടു നിന്നും ഇത്തരം വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കുന്നു. സഹജീവികളുടെ ജീവിതം മെച്ചപ്പെടുന്നതിന്റെ, നീരൊഴുക്കു ശുദ്ധമാകുന്നതിന്റെ, ജീവവായു വര്‍ദ്ധിച്ചതിന്റെ, പറവകളും ഷഡ്പദങ്ങളും തിരിച്ചു വരുന്നതിന്റെ, ശ്വാസകോശ രോഗങ്ങള്‍ കുറയുന്നതിന്റെ കണക്കുകളും അതില്‍ ഉള്‍പ്പെടുന്നു. ലോക് ഡൗണിനു ശേഷം പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകാതിരുന്നെങ്കില്‍ നന്നായേനേ എന്ന് നിരവധി പേര്‍ ആശിക്കുന്നു. കാലാവസ്ഥാ മാറ്റത്തിലൂടെ നഷ്ടമാകുന്ന ഭൂമിയുടെ ആയുര്‍ദൈര്‍ഘ്യത്തെ കുറിച്ച് പഠിക്കുന്നവര്‍ കൂട്ടത്തോടെ അതേ ആഗ്രഹം പ്രകടിപ്പിക്കുന്നു. പക്ഷേ കാര്യങ്ങളുടെ നടത്തിപ്പുകാര്‍ക്ക്, രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത് മനസ്സിലാകുമോ? അഥവാ മനസ്സിലായാല്‍ തന്നെ ഒരു ബദല്‍ നാഗരികതയെ വിഭാവനം ചെയ്യാനും നിലവിലുള്ളവയെ മാറ്റിപ്പണിയുന്നതിന് തുടക്കമിടാനെങ്കിലും അവര്‍ക്കു കഴിയുമോ? അങ്ങനെ പ്രതീക്ഷിക്കാന്‍ തക്ക തെളിവുകളൊന്നും നമുക്ക് മുന്നിലില്ല. അതിനു വേണ്ടി പുതിയ പ്രസ്ഥാനങ്ങളും പുതിയ നേതൃത്വങ്ങളുമുണ്ടാവണം. ലോകത്താകമാനമുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളും പുതിയൊരു നാഗരികതയുടെ രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നവരും ഈയൊരു ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങേണ്ട അവസരമാണിത്.
ഭയമാണ് ഇന്ന് ലോകത്തെ ഭരിക്കുന്നത്. ഭയക്കുന്ന ജനതയെ അടക്കി നിര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് എളുപ്പം കഴിയുന്നു. ഭരണകൂടങ്ങളാകട്ടെ ഒരേ സമയം വിപണിയുടെ സമ്മര്‍ദ്ദങ്ങളേയും ജനങ്ങളുടെ ചോദ്യങ്ങളേയും ഭയക്കുന്നു. കോവിഡ് 19 ന്റെ വ്യാപനം ചൈനയുടെ ഭയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ലബോറട്ടറിയില്‍ നിന്നോ മാംസചന്തയില്‍ നിന്നോ എവിടെ നിന്നായാലും രോഗമുണ്ടായ ഉടനെ പകരുന്നത് തടയാനുള്ള ധാര്‍മ്മിക ബാദ്ധ്യത അവര്‍ നിറവേറ്റേണ്ടതായിരുന്നു. പകര്‍ച്ചവ്യാധിയാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ വിമാനത്താവളങ്ങള്‍ അടച്ചിരുന്നെങ്കില്‍ മറ്റ് ജനതകളെയെങ്കിലും രക്ഷിക്കാനാകുമായിരുന്നു. അങ്ങനെ മനുഷ്യരാശിയോടുള്ള ഉത്തരവാദിത്വം പ്രകടിപ്പിക്കാമായിരുന്നു. പക്ഷേ അതില്‍ നിന്നൊക്കെ അവരെ വിലക്കിയത് സാമ്പത്തിക ഭദ്രത തകരുമെന്ന ഭയമായിരുന്നു. സ്വന്തം ജനങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനേക്കാള്‍ വിപണിയെ സജീവമാക്കുകയാണ് പ്രധാനമെന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഭ്രാന്തമായ നിലപാട് രൂപപ്പെടുന്നതും ഭയത്തില്‍ നിന്നു തന്നെ. ഈ ദുരന്തകാലത്തും നമ്മളാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന് അദ്ദേഹം അമേരിക്കന്‍ ജനതയോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനു കാരണവും മറ്റൊന്നല്ല. കൊറോണയെ നേരിടാന്‍ ലോക് ഡൗണ്‍ നല്ല മാര്‍ഗ്ഗമല്ലെന്നും രോഗത്തെ നേരിട്ട് സമൂഹപ്രതിരോധം കൈവരിക്കുകയാണെന്നും കരുതുന്ന സ്വീഡനെ പോലുള്ള ചില രാജ്യങ്ങളുണ്ടെന്നത് മറക്കുന്നില്ല. ചൈനയും അമേരിക്കന്‍ ഐക്യനാടുകളും വിരുദ്ധ രാഷ്ട്രീയ ചേരികളെന്നാണ് പറയപ്പെടുന്നത് . അനുഭവത്തിലും പ്രവൃത്തിയിലും ഈ വൈരുധ്യം പ്രകടമല്ലെന്ന് മാത്രമല്ല സമാനതകള്‍ ഏറെയുണ്ടുതാനും.
ബദലുകള്‍ സൃഷ്ടിക്കപ്പെടുന്നത് നിര്‍ഭയ സമൂഹങ്ങളുടെ നിരന്തരമായ ചോദ്യം ചെയ്യലില്‍ നിന്നാണ്. കവികളും കലാകാരന്മാരും ബുദ്ധിജീവികളും സാമൂഹിക സാംസ്‌കാരിക – രാഷ്ട്രീയ പ്രവര്‍ത്തകരും തങ്ങളുടെ അസംതൃപ്തി പരസ്യമായി ഉച്ചത്തില്‍ പ്രകടിപ്പിക്കുമ്പോഴാണ് ഭരണകൂടങ്ങള്‍ പുതിയ ഉത്തരങ്ങള്‍ തേടുന്നത്. നിര്‍ഭാഗ്യവശാല്‍ മേല്‍പറഞ്ഞ വിഭാഗങ്ങളെല്ലാം തന്നെ ഈ ഇരുണ്ട കാലത്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലും അച്ചടക്ക ലംഘനമായി ഭാവിച്ച് കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളില്‍ അഭിരമിക്കുകയാണ്. യഥാര്‍ഥത്തില്‍ അതൊരു ഒളിച്ചോട്ടം തന്നെ. മാദ്ധ്യമങ്ങളാകട്ടെ അധികാരികളെ ചൊടിപ്പിക്കാതിരിക്കാന്‍ വാക്കുകളെ മയപ്പെടുത്തുന്നതില്‍ മത്സരിക്കുന്നു.
നമുക്ക് ഇന്ത്യയുടേയും കേരളത്തിന്റേയും സാഹചര്യത്തിലേക്കു വരാം. യാതൊരു മുന്‍കരുതലുകളുമെടുക്കാതേയും സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിക്കാതെയും പൊടുന്നനെയാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ ചെന്ന് കൂലിവേല ചെയ്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഒറ്റനിമിഷം കൊണ്ട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒട്ടുമിക്ക തൊഴിലുടമകളും തയ്യാറായില്ല. ഒരു പരിധിക്കപ്പുറം അവര്‍ക്കത് താങ്ങാനാവുമായിരുന്നില്ലെന്നത് ശരിയായിരിക്കാം. അത്തരം സാഹചര്യത്തില്‍ സംരക്ഷണത്തിനു വേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സാവകാശം നല്‍കിയതുമില്ല.
അത്ഭുതപ്പെടുത്തിയ കാര്യം പ്രധാനമന്ത്രിയുടെ യാതൊരു മുന്‍കരുതലുമില്ലാതിരുന്ന ഈ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ലെന്നതാണ്. കുഞ്ഞുകുട്ടികളേയും ചേര്‍ത്തു പിടിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പൊരിയുന്ന ചൂടില്‍ നിശ്ശബ്ദരായി നടന്നുനീങ്ങിയ ജനലക്ഷങ്ങളുടെ നിലവിളികള്‍ ലോക മാദ്ധ്യമങ്ങളില്‍ വന്നപ്പോഴാണ് ഭരണാധികാരികള്‍ക്ക് വിവേകമുദിച്ചത്. ഈയൊരു സാഹചര്യത്തെ മുന്‍കൂട്ടിക്കാണാനുള്ള ബുദ്ധിയോ, ഇത് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുമെന്ന വേവലാതിയോ പ്രധാനമന്ത്രിക്കുണ്ടായില്ല. അദ്ദേഹം കൈ കൊട്ടാനും വെളിച്ചം കത്തിക്കാനും പറഞ്ഞു കൊണ്ടേയിരുന്നു. ഉത്തരവാദിത്തങ്ങള്‍ വേണ്ടവണ്ണം നിറവേറ്റാതെയുള്ള പ്രതീകാത്മക പ്രകടനങ്ങളെ വിമര്‍ശിച്ചവരെ അസഹിഷ്ണുതയോടെ വിമര്‍ശിച്ച് ഒതുക്കാനുള്ള ശ്രമത്തെ നേരിടാനുള്ള കെല്‍പ്പ് പ്രതിപക്ഷത്തിനും ഉണ്ടായില്ല.
മോദി സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം പൗരത്വ നിയമ ഭേദഗതിക്കെതിരെയുയര്‍ന്ന ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൊറോണ സഹായകമാവുകയായിരുന്നു. തികച്ചും സുതാര്യവും ഓഡിറ്റിങ്ങിനു വിധേയവുമായ ദേശീയ ദുരന്ത നിവാരണ ഫണ്ട് നിലനില്‍ക്കേ പി എം കെയര്‍ എന്ന പേരില്‍ മറ്റൊരു ഫണ്ടുരൂപീകരണം നടത്തുന്നതും വേണ്ടത്ര ചര്‍ച്ച കൂടാതെ എം പി ഫണ്ട് നിര്‍ത്തലാക്കിയതുമെല്ലാം അധികാര ദുരുപയോഗമാണ്. ഏറ്റവും നികൃഷ്ടമായ മറ്റൊരു കാര്യം ഈ ദുരന്ത കാലത്തും വര്‍ഗ്ഗീയവിദ്വേഷം സൃഷ്ടിച്ച് തങ്ങളുടെ വോട്ട് ബേങ്ക് വികസിപ്പിക്കാനും തങ്ങളുടെ വീഴ്ച മറച്ചു പിടിക്കാനും ശ്രമിക്കുന്നു എന്നതാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തബ്‌ലീഗ് സമ്മേളനത്തോടെടുത്ത നിലപാട്. സമ്മേളനം രഹസ്യമായ ഒന്നായിരുന്നില്ല. വിദേശ പ്രതിനിധികളടക്കം പങ്കെടുത്തതാണ്. സര്‍ക്കാറിന്റെ എല്ലാ സ്ഥാപനങ്ങളുടേയും അനുമതിയോടും അറിവോടും കൂടെ നടന്നതുമാണ്. കൊറോണയ്‌ക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതിനു മുമ്പേ നടന്ന ആ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ തങ്ങളുടെ മൂക്കിനു താഴെ വെച്ചു നടന്ന സമ്മേളനം ഗൂഢമായ ഒന്നായിരുന്നെന്നും കരുതിക്കൂട്ടി രോഗം പരത്തിയെന്നും ദേശീയ നേതാക്കള്‍ വരെ പറഞ്ഞുപരത്തി. തങ്ങളുടെ പോലീസും മറ്റു സര്‍ക്കാര്‍ വകുപ്പുകളും നീതിയുക്തം പ്രവര്‍ത്തിക്കാതിരുന്നതുകൊണ്ടുണ്ടായ ഒരു ദുരന്തത്തെ ആ പാവം മനുഷ്യരുടെ തലയില്‍ കെട്ടിവെച്ചപ്പോള്‍ അവരെ പ്രതിരോധിക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാറോ, സ്വന്തം സമുദായമോ പ്രതിപക്ഷ പാര്‍ട്ടികളോ ഉണ്ടായില്ലെന്നത് സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയയുടെ പ്രതിഫലനമാണ്. തബ്‌ലീഗ് കൊറോണ എന്നു മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പറയാന്‍ തുടങ്ങിയതോടെ സമ്മേളന പ്രതിനിധികള്‍ ഭയന്ന് ഒളിച്ചോടാനും വിവരങ്ങള്‍ മറച്ചുവെയ്ക്കാനും ശ്രമിച്ചു. തിരിച്ചറിഞ്ഞാല്‍ തല്ലിക്കൊല്ലുമെന്ന സ്ഥിതിവിശേഷമുണ്ടായി. അത് കുറഞ്ഞൊന്ന് അവസാനിച്ചത് രോഗം ഭേദമായ തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പ്‌ളാസ്മ നല്‍കാന്‍ സന്നദ്ധമായതോടെയാണ്. വര്‍ഗ്ഗീയത ഒരു മനോരോഗമായി ആളിക്കത്തുന്നത് തിരിച്ചറിഞ്ഞാകണം പ്രധാനമന്ത്രിയും ആര്‍ എസ് എസ് മേധാവിയും നൊയമ്പുകാലത്തിന്റെ മഹത്വവും പുണ്യകര്‍മ്മങ്ങളുടെ കാര്യവും പറഞ്ഞ് ആശംസകള്‍ നേരാനെത്തിയത്.
നിഷ്പക്ഷ നിരീക്ഷണം നടത്തുന്ന ഏതൊരാള്‍ക്കും കേരള സര്‍ക്കാറിന്റെ കാര്യക്ഷമതയെ കുറിച്ച് മതിപ്പുണ്ടാകും. അത് ചെറുതാക്കിക്കളയുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റും മുഖ്യമന്ത്രിയുടെ ആരാധകര്‍ പ്രചരിപ്പിക്കുന്ന അത്യുക്തികളും സ്തുതിഗീതങ്ങളുമാണ്. ഒരു നൂറ്റാണ്ടിലേറെക്കാലം കൊണ്ട് നാം സൃഷ്ടിച്ചെടുത്ത അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക ബോധവുമാണ് ഈ കാര്യക്ഷമതയുടെ അടിസ്ഥാനമെന്ന് അംഗീകരിക്കാതെയുള്ള പ്രചാരണങ്ങള്‍ പരിഹാസ്യമാണ്. ധാരാവി പോലുള്ള കൂറ്റന്‍ ചേരിയും മഹാരാഷ്ട്ര പോലുള്ള ഒരു വലിയ സംസ്ഥാനത്തുമായിരുന്നെങ്കില്‍ ഈ വിധം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ നമ്മുടെ മുഖ്യമന്ത്രിക്കു സാദ്ധ്യമാകുമായിരുന്നോ എന്നാലോചിക്കുക. കുറച്ചുകൂടി ജനാധിപത്യ ബോധമുള്ള ഒരു നേതാവായിരുന്നെങ്കില്‍ അനുദിന പത്ര സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനു കൂടി ഒരു കസേരയുണ്ടാകുമായിരുന്നു. മാത്രമല്ല ഒരു അവലോകന സമിതി രൂപീകരിക്കുകയും അതില്‍ പ്രതിപക്ഷ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്യുമായിരുന്നു. ഇതൊക്കെ ചെയ്തിരുന്നെങ്കില്‍ ഇന്നത്തേക്കാള്‍ മികച്ച ഒരു സമ്മതി മുഖ്യമന്ത്രിക്കു ലഭ്യമായേനേ. സര്‍ക്കാര്‍ എന്നാല്‍ മുഖ്യമന്ത്രിയാണെന്ന രീതിയില്‍ അത് ചുരുങ്ങുന്നതു നല്ലതല്ല. സുതാര്യതയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ശരി പ്രവര്‍ത്തിക്കുക മാത്രമല്ല ഭരണത്തിന്റെ യഥാര്‍ഥ ഉടമകളായ ജനങ്ങള്‍ക്ക് അത് ശരിയാണെന്ന് ബോദ്ധ്യമാവുക കൂടെ വേണം. സ്പ്രിംക്‌ളര്‍ കരാറിനെതിരെ പ്രതിപക്ഷം ആരോപണവുമായി വന്നിട്ടില്ലായിരുന്നെങ്കില്‍ ഇത്രയും കാലം ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച സ്വകാര്യതയ്ക്കുള്ള അവകാശം എന്ന ആശയം തന്നെ കൈവിട്ടു പോകുമായിരുന്നു. സാലറി ചാലഞ്ചിലും ഒറ്റയ്ക്കു ഗോളടിക്കാനുള്ള ശ്രമമാണ് പാളിയത്. പ്രളയകാലത്തെ അനുഭവം വെച്ച് ഇത്തിരിയൊരു മെയ്‌വഴക്കം സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നു.
ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കരുത്ത്. ഇന്നത്തെ അവസ്ഥയനുസരിച്ച് കോവിഡാനന്തര കാലം ജനാധിപത്യത്തിന് ശുഭകരമാവില്ല. അത്തരമൊരു മാനസികാവസ്ഥ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഭരണാധികാരികള്‍ വിജയിക്കുന്നു. യുദ്ധകാലത്ത് രാജ്യത്തെ നയിക്കാന്‍ ഏകാധിപതികളാണ് നല്ലതെന്ന് പറയാറുണ്ട്. ഒരു ജനാധിപത്യവാദിക്ക് സന്ദേഹങ്ങളുണ്ടാകും. എന്നാല്‍ ഏകാധിപതിക്ക് അത്തരം ചാഞ്ചല്യങ്ങളൊന്നുമുണ്ടാവില്ല. പക്ഷേ സമാധാനം തിരിച്ചെത്തുമ്പോള്‍ അയാള്‍ സമൂഹത്തിന് ബാദ്ധ്യതയായിത്തീരും. ഈ സമയവും കടന്നുപോകുമെന്നും ഒരു ജനതയെന്ന നിലയില്‍ ഈ രാഷ്ട്രം ബാക്കിയാകണമെന്നും ഓര്‍മ്മിക്കുന്നില്ലെങ്കില്‍ കൊറോണാനന്തര കാലം അത്ര നല്ലതാവുകയില്ലെന്ന് തീര്‍ച്ച.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in