നിയമസഭാ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പാനന്തര കേരളവും

സംസ്ഥാനത്തിന്റെ കടബാദ്ധ്യത വര്‍ദ്ധിച്ചാല്‍ ഓരോ കേരളീയന്റെയും മേല്‍ അത് നിമിത്തമുള്ള സാമ്പത്തികഭാരം വര്‍ദ്ധിക്കുമെന്ന് സാമാന്യബുദ്ധിയില്‍ ആര്‍ക്കും പിടികിട്ടുന്ന കാര്യമാണ്. എന്നാല്‍, വലിയ സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്നതും ജനങ്ങളുടെ പൊതുവായ നന്മ അത്യാവശ്യമല്ലാത്തതുമായ വലിയ പദ്ധതികളാണ് കെട്ടിയേല്‍പിക്കുന്നത്. ജനങ്ങള്‍ക്കെതിരായ അതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങള്‍ തിരിച്ചറിവ് നേടാതിരിക്കുവാന്‍ വ്യവസ്ഥയെ താങ്ങുന്ന രാഷ്ട്രീയ കക്ഷികള്‍ ബദ്ധശ്രദ്ധരുമാണ്. മാധ്യമങ്ങള്‍, സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍, എന്നും വരുമാനം വര്‍ദ്ധിക്കുകമാത്രം ചെയ്യുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ജുഡീഷ്യറി എന്നിവിടങ്ങളിലെ ഉന്നത ശമ്പളക്കാര്‍, സ്വകാര്യ മേഖലയിലെ എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവരെല്ലാം ആ പ്രോപ്പഗാണ്ടയില്‍ ഭാഗഭാക്കുകളാണ്. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ നിലനില്‍പ്പും അത്തരം പദ്ധതികളിലാണ്.

അസാധാരണ വിജയം

2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അസാധാരണമായ വിജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത്. മറ്റു നേതാക്കളെയെല്ലാം മാറ്റി നിര്‍ത്തി ആ വിജയത്തിന്റെ ഏകാവകാശിയും ശില്പിയും എന്ന സ്ഥാനം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിന്റെ അണിയറയിലും കോടിയേരി ബാലകൃഷ്ണനോടൊപ്പം പിണറായി വിജയന്റെ ഏകശാസനയില്‍ വിശ്വസ്തതയോടെ നില്‍ക്കുന്ന ചെറിയ ഒരു സംഘമാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടി, സംഘടന അല്ലെങ്കില്‍ മുന്നണി എന്നെല്ലാം പറയുമെങ്കിലും ‘കുതിരയ്ക്ക് പിന്നില്‍ കെട്ടിയ’ സംവിധാനങ്ങള്‍ മാത്രമായിരുന്നു അവയെല്ലാം. 2021 ലെ വിജയത്തെ വിലയിരുത്തുന്ന ഏതൊരാളും പിണറായി വിജയനെ മുന്നണിയുടെ ഔപചാരിക നേതാവെന്ന നിലയില്‍ അല്ല, യഥാര്‍ത്ഥ ശില്പി എന്ന നിലയില്‍ ആണ് അഭിനനന്ദനം ചൊരിയുക.

തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിന്റെ ഏറ്റവും സുപ്രധാനമായ ഒരു കാരണം പറയുകയാണെങ്കില്‍ അത് അടച്ചുപൂട്ടല്‍ കാലത്ത് സാധാരണക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളും ക്ഷേമപെന്‍ഷന്‍ വിതരണവും ആണ്. കൊറോണ രോഗം ഒരു മഹാമാരി എന്നപോലെ പടര്‍ന്നു പിടിച്ചപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ആ അടച്ചുപൂട്ടല്‍ വലിയ വിഭാഗം പാവപ്പെട്ടവരെയും സാധാരണക്കാരെയും നിരാലംബരും നിസ്സഹായരും ആക്കി. പട്ടിണിയും പരിവട്ടവും പിടികൂടിയ ജനങ്ങള്‍ക്ക് കേരളത്തിലെ പിണറായി സര്‍ക്കാര്‍ അരിയും പലവ്യജ്ഞനങ്ങളും പഞ്ചസാരയും മറ്റും ഒരു കൂട്ടിലാക്കി വിതരണം ചെയ്തു. മറ്റൊരു സംസ്ഥാനത്തും നടത്തുവാന്‍ തയ്യാറാകാത്ത ഒരു മഹത്തായ നടപടി ആയിരുന്നു അത്. ഒരു പക്ഷെ കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ യു.ഡി.എഫ്. ആണ് അധികാരത്തില്‍ ഇരുന്നത് എങ്കില്‍പോലും സമാനമായ ഒരു നടപടി ഉണ്ടാവില്ലേ എന്ന ചോദ്യത്തിന് ഉണ്ടാവാം എന്നായിരിക്കും ഉത്തരം. എന്നാല്‍ വിശക്കുന്നവരുടെ മുന്നില്‍ ദൈവം അപ്പമായി വേണം അവതരിക്കാന്‍ എന്ന പ്രസിദ്ധമായ മൊഴി ഇവിടെ യാഥാര്‍ത്ഥ്യമായി. അപ്പമായി വന്ന ഭരണത്തെ മറ്റെല്ലാം മാറ്റി വച്ച് പാവങ്ങളും സാധാരണക്കാരും പിന്തുണച്ചു. പ്രളയവും മഹാമാരിയിലെ വാര്‍ത്താ മാനേജ്‌മെന്റും സര്‍ക്കാരിന് പ്രതിച്ഛായ നല്‍കിയെങ്കില്‍ ഭക്ഷ്യവസ്തുക്കളും പെന്‍ഷനും എല്‍.ഡി.എഫിന് വോട്ടുകളാണ് നല്‍കിയത്. കേരളത്തിലെ മോദി സര്‍ക്കാര്‍ ഒരു ദുരന്ത സാന്നിദ്ധ്യമായി നിലകൊള്ളുന്നതും കണക്കിലെടുക്കണം.

അല്പമെങ്കിലും സന്മനസ്സ് കാണിക്കുന്ന ഭരണക്കാരെ മറ്റെല്ലാം മറന്ന് ജനങ്ങള്‍ സ്‌നേഹിക്കുന്നതിന് വഴിയൊരുക്കുന്ന അരാഷ്ട്രീയതയുടെ കാലത്താണ് നാമിന്ന് ജീവിക്കുന്നത്. രണ്ടാംലോക യുദ്ധത്തില്‍ നാസികള്‍ക്കെതിരെ പരാജയത്തിന്റെ പടുകുഴിയില്‍ വീഴാതെ ഉജ്ജ്വല വിജയത്തിലേയ്ക്ക് ബ്രിട്ടനെ നയിക്കുവാന്‍ നേതൃത്വം നല്‍കിയ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെയും അദ്ദേഹത്തിന്റെ യാഥാസ്ഥിതിക കക്ഷിയെയും ബ്രിട്ടനിലെ ജനങ്ങള്‍ തൊട്ടുപിന്നാലെ യുദ്ധാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് തൊഴിലാളി കക്ഷിയെ അധികാരത്തിലേറ്റി. ജനങ്ങള്‍ ശക്തരാകുന്ന ആ രാഷ്ട്രീയ യുഗത്തില്‍നിന്ന് റോമാ സാമ്രാജ്യത്തില്‍ അപ്പവും സര്‍ക്കസും നല്‍കി പോറ്റി വളര്‍ത്തിയ അടിമകളുടെ യുഗത്തിലേയ്ക്കാണോ നാം സഞ്ചരിക്കുന്നത് എന്ന് ചിന്തിക്കുന്നതില്‍ കാര്യമുണ്ടോ?

വിജയം സമം ശരിയായ രാഷ്ട്രീയം?

തെരഞ്ഞെടുപ്പ് വിജയം സമം ശരിയായ രാഷ്ട്രീയം വിജയിച്ചു എന്നോ ശരിയായ രാഷ്ട്രീയ ദിശാബോധം എന്നോ അര്‍ത്ഥമാക്കുവാന്‍ കഴിയുമോ? വലിയ ഒരു വിഭാഗം പാവപ്പെട്ടവരെയും സാധാരണക്കാരെയും ഇടതുപക്ഷ മുന്നണിക്ക് വോട്ട് ചെയ്യുന്നതിന് ഭക്ഷ്യവിതരണവും പെന്‍ഷനും പ്രേരിപ്പിച്ചു എന്ന് പറയുമ്പോഴും കക്ഷി ചേരിതിരിവ് ശക്തമായി നില്‍ക്കുമ്പോള്‍ അതുകൊണ്ടുമാത്രം വിജയിക്കുവാനുള്ള വോട്ടുകള്‍ ലഭിക്കില്ല. കോണ്‍ഗ്രസ് ചേരിയില്‍ പ്രഖ്യാപിതമായ വലതുപക്ഷ നയങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി, വിഭാഗത്തെയും ജനതാദള്‍ വിരേന്ദ്രകുമാര്‍ വിഭാഗത്തെയും ഇടതുമുന്നണിയിലേയ്ക്ക് കൊണ്ടുവന്നതും വെള്ളാപ്പള്ളി നടേശനുമായി ഉണ്ടാക്കിയ രഹസ്യധാരണയും ചേര്‍ന്നപ്പോള്‍ ഏറെക്കുറെ തുല്യശക്തികളുടെ ബലാബലത്തില്‍ പിണറായി വിജയന്റെ മുന്നണി, മേധാവിത്വം ഉറപ്പിച്ചെടുത്തു. തത്വങ്ങളോ മൂല്യങ്ങളോ രാഷ്ട്രീയമോ അല്ല അധികാരം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രത മാത്രമാണ് ജോസ് കെ മാണി വിഭാഗത്തെ പാട്ടിലാക്കിയതിന്റെ ചേതോവികാരം. കൂടെയുള്ളവരൊന്നും വേണ്ട ഒറ്റയ്ക്ക് വിഴുങ്ങിയേക്കാം എന്ന് കരുതുന്ന കോണ്‍ഗ്രസ് പുണ്യാളന്‍മാര്‍ സ്ഥിരമായി മുന്നണിക്കകത്തെ ഘടകകക്ഷികളെ അലോസരപ്പെടുത്തുന്നുണ്ട്. മറിച്ച് സ്വേച്ഛാധിപത്യ ശക്തിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ഘടക കക്ഷികള്‍ സ്വതന്ത്ര വായു കിട്ടിയാല്‍ തനി വെട്ടുപ്പിടുത്തക്കാരായി അസ്ഥിരത ഉണ്ടാക്കുകയും ചെയ്യും. അഴിമതിയില്‍ കോണ്‍ഗ്രസ് ആണോ കേരള കോണ്‍ഗ്രസ് ആണോ മുന്നില്‍ എന്ന് ചോദിച്ചാല്‍ അക്കാര്യത്തില്‍ ഇടതുമുന്നണിയാണോ വലതുമുന്നണിയാണോ എന്ന് ചോദിക്കുന്നതില്‍നിന്ന് വിഭിന്നമായി ഒന്നുമില്ല. ഭരണകാര്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ അറിവുകിട്ടുന്നവര്‍ക്കെല്ലാം അറിവുള്ളതാണ്, ഏത് പാര്‍ട്ടിയാണെങ്കിലും കാലം മാറിയപ്പോഴുള്ള കേന്ദ്ര, സംസ്ഥാന ഭരണരംഗത്തെ കച്ചവട വഴികള്‍.

സകലയിടത്തും ആര്‍ത്തിയോടെ വെട്ടുമേനി കൈക്കലാക്കുന്ന സമീപനങ്ങളായിരുന്നു. യു.ഡി.എഫ് ഭരണം. വന്‍വെട്ടുമേനി കൊയ്യുവാന്‍ വേണ്ടി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വകുപ്പിനകത്തേയ്ക്കും അതിക്രമിച്ചുകടന്ന്, മെട്രോ റെയില്‍ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുവാനാണ് നാട്ടുകാരനായ അന്നത്തെ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ച് ശ്രമിച്ചത്. വകുപ്പ് കടന്നുകയറിയുള്ള ആ നീക്കത്തെ ആര്യാടന്‍ വിട്ടുവീഴ്ചയില്ലാതെ ഒതുക്കി. മതിയായില്ലെങ്കിലും ഏറെ പണം സമ്പാദിച്ച സ്ഥിതിയ്ക്ക്, നൈമിഷികമായാലും മുഖ്യപദവി ഒരു ജീവിതാഭിലാഷമായി ഉയര്‍ന്നു വന്നു. സി. പി. ഐ. എം. ന്റെ നേതാക്കള്‍ സ്തുതി വചനങ്ങള്‍ ചൊരിയുന്നതിന് ഒട്ടും പിശുക്ക് കാണിച്ചില്ല. കഥാപാത്രം മോഹവലയത്തില്‍ പെട്ടുപോയി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബാര്‍ കോഴയില്‍ വകുപ്പിനതീതമായി മുമ്പ് ലഭിച്ചതിലും കൂടുതല്‍ തരപ്പെടുത്തുവാന്‍ ശ്രമിച്ചു. അത് ഒട്ടും നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് (ഐ) പാര്‍ട്ടിനേതാക്കളുടെ തീര്‍പ്പ്. എന്നാല്‍ ധനമന്ത്രി ഫയല്‍ ഒപ്പിടാതെ താമസം വന്നതോടെ അബ്കാരികള്‍ കോഴ നല്‍കിയെന്ന് പരസ്യമായി ആരോപണം ഉന്നയിച്ചു. മുഖ്യനാക്കുവാന്‍ സി.പി.ഐ.എം. എറിഞ്ഞ ചൂണ്ടയില്‍ കൊത്തി രഹസ്യനീക്കങ്ങള്‍ നടത്തിയ കെ.എം. മാണിയെ ആരോപണം പരസ്യമായി വന്നതോടെ സി.പി.ഐ.എം. കൈവിട്ട് മലക്കം മറിഞ്ഞു. ബാര്‍കോഴ പ്രശ്‌നമുയര്‍ത്തി വലിയ സമരകോലാഹലങ്ങള്‍ നടത്തി. നിയമസഭ ഇളക്കി മറിച്ചു. എന്നാല്‍ ഒരുപാട് കാലമെടുത്തില്ല ഇപ്പുറത്തിരുന്ന് അപ്പുറത്ത് കാല് വയ്ക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തെ പാരമ്പര്യമാക്കിയ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ചേര്‍ത്തു പിടിച്ചു. ബാര്‍കോഴ പ്രശ്‌നം ആവിയായിപ്പോയി. അഴിമതിയോട് ജനങ്ങള്‍ നിസംഗരാകുന്ന രാഷ്ട്രീയാന്തരീക്ഷം സമൂഹത്തില്‍ ന•-കളൊന്നും വാഴാത്ത അവസ്ഥ സംജാതമാക്കും. ഇന്നത്തെ നിലയില്‍ അതിന്റെ ഏറ്റവും മുഖ്യ ഗുണഭോക്താക്കള്‍ ബി.ജെ.പി. അല്ലാതെ മറ്റാരുമായിരിക്കില്ല. മടിയില്ലാതെ ഏതു പാര്‍ട്ടിയിലേയ്‌ക്കോ ചേരിയിലേയ്ക്ക് മാറുവാന്‍ കഴിയുന്ന അവസരവാദം കൊടികുത്തി വാഴുന്ന അന്തരീക്ഷത്തിന്റെ ഗുണഭോക്താക്കളും ബി.ജെ.പി. തന്നെ. ഏറ്റവും കൂടുതല്‍ പണമിറക്കവാനും ജനപ്രതിനിധികളെയും പാര്‍ട്ടികളെയും കച്ചവട ചരക്ക് ആക്കുവാനും കോര്‍പ്പറേറ്റുകളുടെ ഏറ്റവും പ്രിയപ്പെട്ടവരായ ബി.ജെ.പി. യ്ക്കാണ് ഇന്ന് മറ്റാരെയുംകാള്‍ ശേഷി.

അഴിമതിയിലെ അദൃശ്യ തലങ്ങള്‍ പുതിയ പ്രശ്‌നം

സ്വര്‍ണകടത്ത് മാറ്റി വയ്ക്കുക. സ്പ്രിംഗ്ലര്‍, കെ. ഫോണ്‍, ഇ. മൊബിലിറ്റി, കടല്‍ മത്സ്യബന്ധന ഇടപാട്, ഉന്നത വിദ്യാഭ്യാസം എന്നിവയിലെല്ലാം രാജ്യത്തിന് പുറത്തുള്ള ശക്തികള്‍ സാമ്പത്തികനേട്ടം കൊയ്യുന്ന ഏര്‍പ്പാടുകളാണെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ അത് പരമ്പരാഗത രീതിയിലുള്ള കൈക്കൂലി എന്നതിനും ഉപരിയാണ്. പാലാരിവട്ടം പോലെ പ്രകടമായും നാണംകെടുത്തുന്ന അഴിമതികള്‍ ആവണമെന്നില്ല. മെട്രോ പോലെ കാര്യക്ഷമമായി പുറമെ അഴിമതിയില്ലാതെ വേണമെങ്കില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നവയും ആയിരിക്കാം. ജനങ്ങളുടെ വിവരങ്ങള്‍പോലും കച്ചവടം ചെയ്യാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ അഴിമതി അദൃശ്യമായ ഒരു പ്രഭാവം മാത്രമായി അനുഭവപ്പെടുമ്പോഴും കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ ആകാം. എന്നാല്‍ നവ അധിനിവേശനയങ്ങള്‍ വന്നതിന് ശേഷം, വളരെ ഉയര്‍ന്ന തുക ഉയര്‍ന്ന തുക എസ്റ്റിമേറ്റ് ചെയ്ത് വയ്ക്കുന്ന കരാറില്‍ പറയുന്ന തുക വേണ്ടതിലും അധികമാണ്. അതിലൊരു പങ്ക് ദല്ലാള•ാരെപോലെ ഇടനിലയായി നില്‍ക്കുന്ന അധികാരികള്‍ക്ക് മാറ്റി വയ്ക്കുന്ന രാഷ്ട്രീയ സാമ്പത്തികത്തിന്റെ ഘട്ടത്തില്‍ ഭീമമായ അഴിമതിയല്ലാതെ മറ്റെന്താണ് സംഭവിക്കുക. ഈര്‍ക്കിലി പാര്‍ട്ടികളിലൂടെയാണെങ്കിലും മുന്നണി സംവിധാനത്തില്‍ വളരെ ചെറിയ ഒരു അധികാരകേന്ദ്രംപോലും കയ്യടക്കുവാന്‍ ഇന്നത്തെ വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ ശ്രമിക്കുന്നത് അക്കാരണത്താല്‍ ആണ്. കുതികാല്‍വെട്ടും അവസരവാദവും അളവറ്റ് പ്രയോഗിക്കുകയാണെങ്കില്‍ ഇന്ന് ഏറ്റവും എളുപ്പത്തില്‍ വലിയ സമ്പത്ത് ആര്‍ജ്ജിക്കാവുന്ന ഒരു ബിസിനസ് ആയി വ്യവസ്ഥാപിത രാഷ്ട്രീയം മാറി. അത്തരം പൊതുപ്രവര്‍ത്തകര്‍ ചൂഷകരായ ഒരു വിഭാഗമായി നമ്മുടെ രാജ്യത്തും പ്രബലശക്തിയായി മാറിക്കഴിഞ്ഞു.

കോണ്‍ഗ്രസ് നേരിടുന്ന വൈരുദ്ധ്യം നല്‍കിയ കരുത്ത്

കോണ്‍ഗ്രസിന്റെ പരാജയം മുല്ലപ്പള്ളിയിലോ ചെന്നിത്തലയിലോ ഉമ്മന്‍ചാണ്ടിയിലോ തീരാത്തത് അതുകൊണ്ടാണ്. വല്യ അക്രമവും വര്‍ഗീയതയും ഉണ്ടാക്കാത്ത കോണ്‍ഗ്രസ് ബി.ജെ.പി. യുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കണമെന്ന് കടുത്ത സി.പി.ഐ.എം. ആശയക്കാരും പറയുന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ പരിസരം. കോണ്‍ഗ്രസിനെ മതേതരകക്ഷി എന്ന് ഇടതുപക്ഷ ബുദ്ധിജീവികള്‍ ശക്തമായി അവതരിപ്പിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി. എന്തിനേറെപ്പറയുന്നു പശ്ചിമബംഗാളിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പി. യുമായി ശക്തമായി ഏറ്റുമുട്ടിയപ്പോള്‍ സി.പി.ഐ.എം. കോണ്‍ഗ്രസുമായി സഖ്യത്തില്‍ മൂന്നാമത് ഒരു മുന്നണിയായി മത്സരിക്കുകയായിരുന്നു. ഇവിടെ ചെയ്തതുപോലെ പ്രാദേശിക കക്ഷിയുമായി സഖ്യമുണ്ടാക്കുകയല്ല ചെയ്തത്. അവിടെ പല സീറ്റിലും ബി.ജെ.പി.ക്ക് വിജയം നല്‍കിയത് സി.പി.ഐ.എം. – കോണ്‍ഗ്രസ് മുന്നണി പിടിച്ച കുറഞ്ഞ വോട്ടുകളാണ്. കേരളത്തിലെ ബുദ്ധിജീവികളുടെ കോണ്‍ഗ്രസ് വിരുദ്ധതയെ ഗൗരവമായി കണക്കിലെടുക്കുവാന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസാണ് ബി.ജെ.പി. യെക്കാള്‍ മുമ്പെ ഒരു സംഘം സന്യാസിമാരും വിശ്വഹിന്ദു പരിഷത്തുമായി ചേര്‍ന്ന് രാമജ•-ഭൂമി വിമോചിപ്പിക്കുന്ന പ്രശ്‌നമുയര്‍ത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. മഹാത്മാഹാന്ധി നേതൃത്വം നല്‍കിയ ദേശീയ പ്രസ്ഥാനം ഇന്ദിരാഗാന്ധിയുടെ കുടുംബാധിപത്യ പാര്‍ട്ടിയായപ്പോള്‍ അധികാരം വെട്ടിപ്പിടിക്കുവാന്‍ എന്തുതരം ഹീനമായ രാഷ്ട്രീയതന്ത്രങ്ങളും പ്രയോഗിക്കുന്ന നിലയിലേയ്ക്ക് വന്നതിന്റെ പരിണിതിയിലാണ് വര്‍ഗീയശക്തികള്‍ കരുത്താര്‍ജ്ജിച്ചത്. സാധാരണക്കാരെ കൊടിയ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന സാമ്പത്തിക നയങ്ങളുടെയും സാമൂഹിക അസമതയെ മാറ്റിയെടുക്കുന്നതിന് പകരം അരക്കിട്ടുറപ്പിക്കുന്ന സാമൂഹിക നയങ്ങളുടെയും അടിത്തറയിലാണ് കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വ്യതിയാനം ഉത്ഭവിച്ചതെന്നും തിരിച്ചറിയണം. ചരിത്രവുമായി വര്‍ത്തമാനം നേരിടുമ്പോഴുള്ള വൈരുദ്ധ്യം കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായത് സി.പി.ഐ.എം. ന് ഒരു വിഭാഗം ന്യൂനപക്ഷങ്ങളുടെ പിന്‍തുണ ഉറപ്പിച്ചു. എന്നാല്‍ സി.പി.ഐ.എം. നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്ത സാമൂഹിക പരിസരത്തില്‍ അതു മറച്ചു വയ്ക്കുവാനും അവര്‍ക്ക് കഴിയുന്നു.

ഉറപ്പില്ലാത്ത മതേതര രാഷ്ട്രീയം

എന്നാല്‍ സമ്പൂര്‍ണ്ണ മാറ്റത്തിന് പ്രതിജ്ഞാബദ്ധനും സന്ധിയില്ലാതെ ജീവിതം ഉഴിഞ്ഞുവച്ച ഡോ. ലോഹ്യയുടെയും ജയപ്രകാശ് നാരായന്റെയും അനുയായികളില്‍ ചെറിയ ഒരു ധാരയായി വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍നിന്ന് വേറിട്ട വഴികള്‍ അന്വേഷിച്ച കിഷന്‍പട്ട്‌നായ്ക്കിന്റെയും സച്ചിദാനന്ദ സിന്‍ഹയുടെയും ഒപ്പം ചേര്‍ന്നവരൊഴികെയുള്ള പഴയ സോഷ്യലിസ്റ്റുകള്‍ ആശയാദര്‍ശങ്ങളെ പണയം വച്ച് അവസര വാദികളായി മാറിയതും ബി.ജെ.പി. യെ ഏറെ സഹായിച്ചു. പഴയ ലേബല്‍ സൗകര്യാധിഷ്ഠിതമായി എടുത്തണിയുന്ന അവര്‍ സമ്പൂര്‍ണ്ണ മാറ്റത്തിന് പകരം ആശയാദര്‍ശങ്ങള്‍ സമ്പൂര്‍ണമായി പണയം വച്ചവരെന്ന് ചരിത്രത്തില്‍ അവരുടെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി കഴിഞ്ഞു.

കേരളത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ ക്രമീകരണത്തില്‍ മതേതരരായി കഴിയുന്നതല്ലാതെ ഉറച്ച ഒരു നിലപാട് വര്‍ഗീയ ശക്തികളായ ബി.ജെ.പി. യ്‌ക്കെതിരെ മാറിയ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ അത്തരക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. സി.പി.ഐ.എം., സി.പി.ഐ എന്നീ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉറച്ച നിലപാട് ബി.ജെ.പി. യ്‌ക്കെതിരെ എടുക്കുമെന്നാണ് അവരുടെ രാഷ്ട്രീയ പെരുമാറ്റം സൂചിപ്പിക്കുന്നത്. എന്നാല്‍ കര്‍ണ്ണാടകത്തില്‍ രണ്ടു വള്ളത്തില്‍ കാല്‍ചവിട്ടി നില്‍ക്കാന്‍ മടി കാണിക്കാത്ത ദേവഗൗഡയുടെ കേരളപാര്‍ട്ടി, മാറിയ ഒരു സാഹചര്യത്തില്‍ എന്തു നിലപാട് എടുക്കുമെന്ന് പറയാനാവില്ല. ദേവഗൗഡയുടെയോ മകന്‍ കുമാരസ്വാമിയുടെയോ അവസരവാദത്തോട് അവര്‍ സ്വീകരിക്കുന്ന അയഞ്ഞ നിലപാട് ഒട്ടും പ്രതീക്ഷാനിര്‍ഭരമല്ല. എല്‍.ജെ.ഡി യും അധികാരത്തിന്റെ ഭാഗ്യാന്വേഷണമല്ലാതെ ഉറച്ച നിലപാടിന്റെ മഹിമ അവകാശപ്പെടാനില്ലാത്തവരാണ്. ഇടതുമുന്നണി ചേര്‍ത്തു പിടിച്ച കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലുള്ള ഉറപ്പില്ലായ്മയിലെ മുന്‍ചരിതം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

കേരള ജനതയുടെ ബി.ജെ.പി. വിരുദ്ധത ദുര്‍ബലമാക്കുന്നവര്‍

ഏതാണ്ട് രണ്ടര ദശാബ്ദം കേരള ജനത ബി.ജെ.പിയുടെ കിരാതമായ വര്‍ഗീയ രാഷ്ട്രീയത്തെ തീര്‍ത്തും നിലംപരിശാക്കി നിര്‍ത്തി. രണ്ടും മൂന്നും ശതമാനം വോട്ടുകള്‍ മാത്രമാണ് കേരളത്തില്‍ അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ കേരള ജനതയുടെ ആ രാഷ്ട്രീയം ഏറ്റെടുക്കുവാന്‍ രാഷ്ട്രീയ ശക്തികള്‍ ഇവിടെ ഇല്ലാതെ പോയി. ഇന്ന് ഏതാണ്ട് 25 നിയമസഭാമണ്ഡലങ്ങളില്‍ 25000 നും 30000 നും ഇടയില്‍ വോട്ടുകള്‍ അവര്‍ നേടിക്കഴിഞ്ഞു. ഇടതും വലതും മുന്നണികളുടെ രാഷ്ട്രീയ പരാജയത്തെ അത് കാണിക്കുന്നു. ഗൗരവമായി ബി.ജെ.പിയുടെ രാഷ്ട്രീയ നയപരിപാടികളെയും കിരാതമായ വര്‍ഗീയ പദ്ധതികളെയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നയപരിപാടികള്‍ വച്ച് നേരിടുന്നതിലാണ് പരാജയം. കോണ്‍ഗ്രസിന്റെ വര്‍ഗീയ, സാമൂഹിക നയങ്ങളിലെ വീഴ്ചകള്‍ തടയുവാന്‍ അവര്‍ക്ക് അതുമൂലം കഴിഞ്ഞില്ല. സി.പി.ഐ എം ന്റെ സ്റ്റാലിനിസ്റ്റ് സ്വഭാവവും അടിച്ചമര്‍ത്തലും ഒരു എതിര്‍പാളയത്തിന്റെ കായിക ശക്തി തേടുന്നവര്‍ക്ക് ബി.ജെ.പി. യും ആര്‍.എസ്.എസും ഒരു അഭയകേന്ദ്രമായി. അത് അവര്‍ക്ക് വളരുവാന്‍ ബാഹ്യമായ കളമൊരുക്കി. എന്നാല്‍ വോട്ടും അടിതടയുമെല്ലാം ദലിത, പിന്നോക്ക ജനവിഭാഗങ്ങളുടെയും രാഷ്ട്രീയ മനസ് സവര്‍ണാധിപത്യത്തിന്റെയും എന്ന സി.പി.ഐ.എം. സമീപനമാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത്.

അതിന്റെ ഏറ്റവും നല്ല ചേരുവ ആയിരുന്നു അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ നയങ്ങളും വര്‍ഗീയതയെ പ്രകടമായി പോഷിപ്പിക്കുന്ന ഇന്ദിര, രാജീവ് സര്‍ക്കാരുകളുടെ നയങ്ങളും. അതനുസരിച്ചാണ് കേരളത്തിലെ കോണ്‍ഗ്രസും പ്രവര്‍ത്തിച്ചത്. കരുണാകരനും മാണിയും യു.ഡി.എഫ് ബാനറില്‍ മത്സരിക്കുമ്പോള്‍ പോലും ബി.ജെ.പി. യുമായി അവിഹിത ബന്ധം സ്ഥാപിച്ചവരാണെന്ന സത്യം കുഴിച്ചു മുടുവാന്‍ കഴിയുമോ? ബാര്‍കോഴ കേസില്‍ എടുത്ത സമീപനംപോലെ സി.പി.ഐ.എം. മാണിയുടെ കാര്യം വിഴുങ്ങും. തത്വാധിഷ്ഠിതമല്ലാത്ത രാഷ്ട്രീയം സമൂഹത്തിലെ ഏറ്റവും മോശമായ ശക്തികളുടെ വളര്‍ച്ചയ്ക്കാണ് സഹായിക്കുന്നത്.

എന്നാല്‍ ഇപ്പോഴും ഇടത്, വലത് മുന്നണികള്‍ ബി.ജെ.പി. യെ എതിര്‍ക്കുന്നതില്‍ ലാഘവബുദ്ധിയാണ് കാണിക്കുന്നത്. സി.പി.ഐ.എം. ഉം മറ്റ് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസിനോട് ചേര്‍ന്ന് മഹാസഖ്യമായി മത്സരിച്ച പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേതില്‍ നിന്നോ മമത ബാനര്‍ജിയുടേതില്‍ നിന്നോ വേറിട്ട എന്തെങ്കിലും സാമൂഹിക, സാമ്പത്തിക നയങ്ങള്‍ അവര്‍ക്കില്ല. കോര്‍പ്പറേറ്റുകളുടെ ആധിപത്യമുള്ള വികസന, സാമ്പത്തിക നയങ്ങള്‍ വര്‍ഗീയകക്ഷിയായ ബി.ജെ.പി. യോടൊപ്പം കോണ്‍ഗ്രസും സി.പി.ഐ.എം ഉം പങ്കുവയ്ക്കുന്നു. സംവരണം തുരങ്കം വയ്ക്കുന്നതിലും അവര്‍ ഒറ്റക്കെട്ടാണ്. എന്നിരുന്നാലും പശ്ചിമബംഗാള്‍, കേരളം, തമിഴ്‌നാട് എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളിലും ബി.ജെ.പി. യ്ക്ക് തിരിച്ചടിയാണ് ലഭിച്ചത്. ആസാമിലെ വിജയം കഴിഞ്ഞ തവണത്തെക്കാള്‍ മോശമായിരുന്നു. പോണ്ടിച്ചേരിയിലും കാലുമാറ്റത്തിലൂടെ കോണ്‍ഗ്രസുകാരെ അധികാരത്തിലേറ്റിയാണ് ബി.ജെ.പി. അധികാരം പിടിച്ചത്. വന്‍തിരപോലെ വന്ന ബി.ജെ.പി., മോദി മുന്നേറ്റത്തിന് കേരളത്തില്‍ വന്‍ തിരിച്ചടി ഉണ്ടായി. ബി.ജെ.പി. അധികാരം പിടിക്കുമെന്ന് വരെ അവകാശവാദം അന്തരീക്ഷത്തില്‍ മുഴക്കിയതാണ്. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു. ബി.ജെ.പി. യില്‍ ചേരുന്ന വിവരം പരസ്യമായി പറഞ്ഞതിന് ശേഷം അതുവരെ സത്യസന്ധനും സമര്‍ത്ഥനും പ്രഗത്ഭനുമായ എഞ്ചിനീയര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹീനമായ വര്‍ഗീയതയും വിഭാഗീയതയും അസംബന്ധങ്ങളും കലര്‍ന്ന ജല്പനങ്ങളാണ് നടത്തിയത്. ഉണ്ടായിരുന്ന ഒരു സീറ്റുകൂടി ബി.ജെ.പി. നഷ്ടപ്പെടുത്തി, അവരെ പൂജ്യത്തിലാക്കി.

ബി.ജെ.പി. ക്ക് കേരളം ഈ തെരഞ്ഞെടുപ്പില്‍ നല്‍കിയ തിരിച്ചടി തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും സുപ്രധാനമായ ഒരു രാഷ്ട്രീയ സൂചന ആയിരുന്നിട്ടും അതിന് യാതൊരു ഊന്നലും സി.പി.ഐ.എം., കോണ്‍ഗ്രസ് കക്ഷികളും ആ പാര്‍ട്ടികളുടെ മുന്നണികളും നല്‍കിയിട്ടില്ല. എതിര്‍പക്ഷം ബി.ജെ.പിയുമായി ചേര്‍ന്ന് വോട്ടു കച്ചവടം നടത്തിയെന്ന പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ കുടുങ്ങി നില്‍ക്കുകയാണ് അവര്‍. പ്രത്യേകിച്ചും അഖിലേന്ത്യാ തലത്തില്‍ ഭരണപക്ഷത്തെ ബി.ജെ.പി. കഴിഞ്ഞാല്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന്റെ അക്കാര്യത്തിലെ നിശ്ശബ്ദത അവരുടെ രാഷ്ട്രീയത്തിന്റെ ബലമില്ലായ്മയാണ് കാണിക്കുന്നത്.

ജനശക്തിയെ മെരുക്കുന്ന തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ്

മാറിമാറി ഭരണം നല്‍കുന്ന കേരളത്തില്‍ യാന്ത്രികമായി ജനങ്ങള്‍ അധികാരത്തില്‍ കയറ്റിക്കൊള്ളുമെന്നാണ് കോണ്‍ഗ്രസുകാര്‍ കണക്ക് കൂട്ടിയത്. വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ ഒരു മാനേജ്‌മെന്റ് ആയി തെരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. ജനങ്ങളുടെ പക്ഷത്തുനിന്ന് ജനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നയപരിപാടികള്‍ മുന്നോട്ട് വയ്ക്കുവാനും അതിന് വേണ്ടി ജനങ്ങളെ അണിനിരത്തുവാനും വ്യവസ്ഥാപിത ശാക്തിക ചേരികള്‍ക്കൊന്നും ശേഷിയില്ല. കടുത്ത അസമത്വത്തിന്റെയും ചൂഷണത്തിന്റെയും കോര്‍പ്പറേറ്റ് ആധിപത്യ വ്യവസ്ഥയെ താങ്ങുന്നത് അവരുടെ രാഷ്ട്രീയ ശേഷിയെ നിര്‍വീര്യമാക്കി. അതേസമയം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജനങ്ങളുടെ പക്ഷത്താണെന്ന് വിശ്വസിപ്പിക്കുവാനും തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ കിട്ടുന്ന മറ്റു ഘടകങ്ങളെ കൂട്ടിയിണക്കുവാനും കഴിയുന്ന വിരുതാണ് രാഷ്ട്രീയമാനേജ്‌മെന്റ്. അത് ജനശക്തിയെ മെരുക്കുന്ന നവ അധിനിവേശത്തിലെ ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ദുരന്തമാണ്.

വന്‍കിട പദ്ധതികളുടെ പ്രത്യാഘാതങ്ങള്‍ താങ്ങുന്ന സാമ്പത്തിക മേഖലകള്‍

സംസ്ഥാനത്തിന്റെ കടബാദ്ധ്യത വര്‍ദ്ധിച്ചാല്‍ ഓരോ കേരളീയന്റെയും മേല്‍ അത് നിമിത്തമുള്ള സാമ്പത്തികഭാരം വര്‍ദ്ധിക്കുമെന്ന് സാമാന്യബുദ്ധിയില്‍ ആര്‍ക്കും പിടികിട്ടുന്ന കാര്യമാണ്. എന്നാല്‍, വലിയ സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്നതും ജനങ്ങളുടെ പൊതുവായ നന്മ അത്യാവശ്യമല്ലാത്തതുമായ വലിയ പദ്ധതികളാണ് കെട്ടിയേല്‍പിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്കെതിരായ അതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങള്‍ തിരിച്ചറിവ് നേടാതിരിക്കുവാന്‍ വ്യവസ്ഥയെ താങ്ങുന്ന രാഷ്ട്രീയ കക്ഷികള്‍ ബദ്ധശ്രദ്ധരുമാണ്. മാധ്യമങ്ങള്‍, സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍, എന്നും വരുമാനം വര്‍ദ്ധിക്കുകമാത്രം ചെയ്യുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ജുഡീഷ്യറി എന്നിവിടങ്ങളിലെ ഉന്നത ശമ്പളക്കാര്‍, സ്വകാര്യ മേഖലയിലെ എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവരെല്ലാം ആ പ്രോപ്പഗാണ്ടയില്‍ ഭാഗഭാക്കുകളാണ്. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ നിലനില്‍പ്പും അത്തരം പദ്ധതികളിലാണ്.

വന്‍കിട പദ്ധതികളുടെയും അതിന്റെ കടബാദ്ധ്യതകളുടെയും പ്രത്യാഘാതമാണ് ജനങ്ങള്‍ ഇന്നും തിരിച്ചറിയാത്തത്. കാര്‍ഷിക വൃത്തിയും അനുബന്ധമായി സൃഷ്ടിക്കാവുന്ന ചെറുകിട, കൈത്തൊഴില്‍ സംരംഭങ്ങളും അത്തരം സാമ്പത്തിക നയത്തിലാണ് ലാഭകരമല്ലാതെയും നിലനിര്‍ത്താനാവാത്തതും ആയിത്തീരുന്നത്. ബഹുരാഷ്ട്രഭീമന്‍മാരും രാജ്യത്തിനകത്തെ വന്‍കിട മേഖലയും സര്‍ക്കാരും ചേര്‍ന്ന് കാര്‍ഷിക, ഗ്രാമീണ, ചെറുകിട, കൈത്തൊഴില്‍ മേഖലയില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുമ്പോള്‍ ബഹുജനങ്ങള്‍ തൊഴില്‍രഹിതരാകുന്നത് സ്വാഭാവികമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലങ്ങളായുള്ള കോണ്‍ഗ്രസ്ഭരണം അത്തരമൊരു സമ്പദ്ഘടനയ്ക്ക് അടിത്തറയിട്ടു. ആഗോള സാമ്പത്തിക ശക്തികള്‍ക്ക് രാജ്യം സമ്പൂര്‍ണ്ണമായി തുറന്നുകൊടുത്തതിലൂടെ ബഹുജനങ്ങളുടെ സാമ്പത്തിക പാപ്പരീകരണവും തൊഴിലില്ലായ്മയും വര്‍ദ്ധമാനമായി. എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതോടെ ദശലക്ഷ കണക്കിന് ആളുകളുടെ ഉപജീവനം തകരുന്നതും തൊഴിലില്ലായ്മയും അതിജീവിക്കുന്നതിനുള്ള പലായനവും അതിന്റെ പാരമ്യം കൈവരിച്ചു. എന്നാല്‍ വര്‍ഗീയ ഭിന്നിപ്പുകളും കപടമായ പ്രചാരണങ്ങളും വഴി ജനങ്ങളുടെ ബോധത്തെ വഴിതെറ്റിച്ചു. കോര്‍പ്പറേറ്റ് ശക്തികള്‍ ഒഴുക്കിയ പണത്തിന്റെ ബലത്തില്‍ ഊര്‍ജ്ജിതപ്പെടുത്തിയ കപട പ്രചാരണത്തില്‍ ഒരു മാന്ത്രിക പരിവേഷത്തോടെ നരേന്ദ്രമോദിയും ബി.ജെ.പി. യും വീണ്ടും അധികാരം പിടിച്ചു.

കെട്ടഴിഞ്ഞുവീണ മാന്ത്രിക പരിവേഷത്തിന്റെ മേലങ്കി

എന്നാല്‍ കൊറോണ രോഗത്തിന്റെ മഹാമാരിയും അടച്ചുപൂട്ടലും ആ മാന്ത്രിക പരിവേഷത്തിന്റെ മേലങ്കി കെട്ടഴിഞ്ഞ് വീഴുവാന്‍ ഇടയാക്കി. തെരുവുകളില്‍ ആളുകള്‍ പിടഞ്ഞു രമിക്കുകയും നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുകയും ചികിത്സ കിട്ടാതെ എല്ലായിടത്തുനിന്നും ഉയരുന്ന ദീനരോദനങ്ങളും കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന്റെ ഭരണാധികാരി നരേന്ദ്രമോദിയും ബി.ജെ.പി. സര്‍ക്കാരും ഒരു പരാജയം മാത്രമായി അവശേഷിച്ചു. ആ പതനാവസ്ഥ കാണിക്കുന്നത് ആരോഗ്യമുള്ള ഒരു ജനതയോ സാധാരണ ജനങ്ങള്‍ക്ക് ശരിയായ ആരോഗ്യപരിരക്ഷയോ നമുക്കില്ല എന്നുംകൂടിയാണ്. ദാരിദ്ര്യത്തെയും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും മിണ്ടുവാന്‍ പോലും അധികാരികള്‍ക്ക് കഴിയില്ല. എന്നാല്‍ ജനങ്ങളെ സര്‍ക്കാരും കോര്‍പ്പറേറ്റ് ശക്തികളും സംയോജിതമായി കൊള്ളയടിക്കുന്നത് അനുദിനം വര്‍ദ്ധിപ്പിക്കുവാന്‍ അവര്‍ക്ക് മടിയുമില്ല.

കൊള്ളമുതലിന്റെ ഓഹരി കിട്ടുന്ന സംസ്ഥാനം

സമ്പദ്ഘടനയുടെ എല്ലാ രംഗത്തും പ്രത്യാഘാതമുണ്ടാക്കുന്ന പെട്രോള്‍, ഡീസല്‍ വിലക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായ് തുറക്കാത്തത് എന്തുകൊണ്ടാണ്. പേരിന് എന്തെങ്കിലും പറഞ്ഞാലും നിലയുറപ്പിച്ച് നില്‍ക്കുവാനുള്ള ഒരു തന്ത്രമെന്നല്ലാതെ അര്‍ത്ഥം കല്പിക്കേണ്ടതില്ല. ജനങ്ങളാകെ വലിയ ദുരിതത്തില്‍ മുങ്ങിത്താഴുമ്പോള്‍ നടത്തുന്ന ആ കൊള്ളയടിയില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന കൊള്ളമുതലിലെ വീതമാണ് പിണറായി വിജയനെയും അതുപോലുള്ള സംസ്ഥാനമുഖ്യമന്ത്രിമാരെയും മൗനികളാക്കുന്നത്.

2021 ഫെബ്രുവരിയിലെ റിപ്പോര്‍ട്ടില്‍ 2021 ജനുവരിയിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ 2015 വര്‍ഷത്തെക്കാള്‍ 2.3 മടങ്ങാണ് 2020 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന് പെട്രോള്‍-ഡീസല്‍ നികുതി കിട്ടിയത്. അതായത് ഒരു ലക്ഷത്തി ഇരുപത്താറായിരത്തി ഇരുപത്തഞ്ച് കോടി രൂപയില്‍നിന്ന് രണ്ടു ലക്ഷത്തി എണ്‍പത്തി ഏഴായിരത്തി അഞ്ഞൂറ്റി നാല്പത് കോടിയായി വര്‍ദ്ധിച്ചു. ഓരോ സംസ്ഥാനങ്ങളുടെയും പെട്രോള്‍-ഡീസല്‍ നികുതിയില്‍ 1.4 മടങ്ങായത്, ഒരു ലക്ഷത്തി അറുപതിനായിരത്തി അഞ്ഞൂറ്റി ഇരുപത്തിയാറ് രൂപയില്‍ നിന്നും രണ്ടു ലക്ഷത്തി ഇരുപതിനായിരത്തി എണ്ണൂറ്റി നാല്പത്തൊന്ന് രൂപയായും വര്‍ദ്ധിച്ചു. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പെന്‍ഷനും സൗജന്യ ഭക്ഷണ വിതരണത്തിനും സാമ്പത്തികമായ രണ്ടു വശങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അടച്ചുപൂട്ടല്‍ കാലത്ത് രാജ്യത്തെ കമ്മ്യൂണിസ്റ്റ് അനുഭാവ സാമ്പത്തിക വിദഗ്ദ്ധര്‍ വാദിച്ചത് 10000/- രൂപ വീതം പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കണമെന്നാണ്. വളരെ മനോഹരമായ ആ പദ്ധതി, പാവങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കി മേനി പറയുന്ന ഇടതുമുന്നണിയുടെ സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപ്പിലാക്കാത്തത്? സൗജന്യങ്ങളൊന്നും നല്‍കുവാന്‍ തക്ക സാമ്പത്തിക സ്ഥിതിയൊന്നും സര്‍ക്കാരിനില്ല. സൗജന്യമായി സംസ്ഥാനത്തെ വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അല്‍പ്പം അഹങ്കാരത്തോടെ ധനമന്ത്രി വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ പിന്നീട് ശമ്പളക്കാരുടെയും ജനങ്ങളുടെയും മുന്നില്‍ വാക്‌സിന്‍ ഭിക്ഷാപാത്രവുമായി നില്‍ക്കുകയാണ്. പാപ്പരായ സര്‍ക്കാര്‍ പാപ്പരായ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതായി അഭിനയിക്കുകയാണ്.

നോക്കുകുത്തികളായി മാറുന്ന ജനങ്ങള്‍

മോദിയുടെ ആദ്യ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി പ്രതിവര്‍ഷം 6000/- രൂപ വീതം അക്കൗണ്ടില്‍ ഇട്ടുകൊടുക്കുന്ന പരിപാടി നടപ്പിലാക്കി. എന്നാല്‍ കാര്‍ഷികോല്പന്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില നല്‍കണമെന്ന ന്യായമായ ആവശ്യം അംഗീകരിച്ചുമില്ല. ന്യായവില നല്‍കിയാല്‍ സര്‍ക്കാരിനും കോര്‍പ്പറേറ്റുകള്‍ക്കും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും.

മറ്റൊരു വശം സൗജന്യങ്ങള്‍ പണമായി നല്‍കിയാലും അരി, പലവ്യജ്ഞനങ്ങള്‍, പഞ്ചസാര തുടങ്ങിയവ ആയി നല്‍കിയാലും പട്ടിണി കിടക്കുവാന്‍ പോകുന്നവര്‍ക്ക് ആശ്വാസമാണ്. എന്നാല്‍ മനുഷ്യന്റെ അന്തസിന് നിരക്കുന്ന ജീവിതമെങ്ങനെ എന്ന ചോദ്യമാണ് ദശലക്ഷങ്ങളുടെ മനസ്സില്‍ ഉയരുന്നത്. ആ ചോദ്യം ബഹിര്‍ഗമിക്കുവാന്‍ കഴിയുന്ന രാഷ്ട്രീയ-സാമ്പത്തിക പരിസരത്തില്‍ അല്ല നമ്മുടെ സമൂഹവും ലോകംതന്നെയും. വികസനമെന്നും സാമ്പത്തിക വളര്‍ച്ചയെന്നും വലിയ കോലാഹലം മുഴക്കി എല്ലാം നല്‍കുവാന്‍ പോവുകയാണെന്ന് ജനങ്ങളില്‍ ഒരു മൂഢ വിശ്വാസം ജനിപ്പിച്ചിരിക്കുന്നതാണ് ആ രാഷ്ട്രീയ-സാമ്പത്തിക പരിസരം. മുതലാളിത്തവാദികള്‍, കമ്മ്യുനിസ്റ്റുകള്‍, പരമ്പരാഗത സോഷ്യലിസ്റ്റുകള്‍, വര്‍ഗ്ഗീയ വാദികള്‍, മതേതരവാദികള്‍ എന്നിവര്‍ എല്ലാം ലേബലുകള്‍ക്ക് അതീതമായി, 1957 ലെ സര്‍ക്കാരിന്റെ കാലത്ത് ഈ എം.എസ് പറഞ്ഞതുപോലെ കൈ കോര്‍ക്കുന്ന മഹത്തായ ഒരു മാമാങ്കമാണ്.

ആ വികസന തമ്പുരാക്കള്‍ക്ക് കാഴ്ചയൊരുക്കുവാന്‍ വര്‍ഗീയ കലാപം, അക്രമങ്ങള്‍, കൊലപാതക രാഷ്ട്രീയം, ഭീകരാക്രമണം, മാവോയിസ്റ്റ് ആക്രമണം, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടങ്ങിയ പല കാരണങ്ങളിലൂടെ പാവങ്ങളുടെയും നിരപരാധികളുടെയും ജീവന്‍ ഒരുപാട് ഹോമിക്കുന്നു. എന്നാല്‍ മഹാഭൂരിപക്ഷം ജനങ്ങളും നിലംതൊടാതെ ഉറപ്പിച്ചു നിര്‍ത്തിയ നോക്കുകുത്തികളാണ്. സ്ത്രീകള്‍, കര്‍ഷകര്‍, ആദിവാസികള്‍, ദലിതര്‍, ദരിദ്രവല്‍ക്കരിക്കപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങള്‍, അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍, പാവങ്ങള്‍, താഴ്ന്ന ഇടത്തരക്കാര്‍ തുടങ്ങിയവരെല്ലാം ആ കടഭാരത്തില്‍ വരുമാനമില്ലാതെ ജീവിതം തകര്‍ക്കപ്പെട്ടവരാണ്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ അവസാന നിമിഷത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും ആനുകൂല്യവും വര്‍ദ്ധിപ്പിച്ചു നല്‍കി. മന്ത്രിമാരുടെ സ്വകാര്യ ജീവനക്കാര്‍ക്ക് വന്‍ വര്‍ദ്ധനവ് നല്‍കിയപ്പോള്‍ അതിലെ ഉന്നത ശമ്പളക്കാര്‍ക്ക് ലോട്ടറി അടിച്ചതുപോലെയാണെങ്കില്‍ അന്തസായി ജീവിക്കുവാനുള്ള മാര്‍ഗമില്ലാതെ വ്യാപകമായി ലോട്ടറി വില്പനക്കാരായി നടക്കുന്നവരും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുമായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുവാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്‌തോ? നാനാതരം കാര്‍ഷികവിളകള്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കുവാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്ന് നേരിട്ട് മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും അറിയാം. വരുമാനം മേലേക്കിടയിലേക്ക് ഒഴുകുന്ന കൊടിയ അസമതയുടെയും ചൂഷണത്തിന്റെയും ആ സംവിധാനത്തിന്റെ ആധാരശിലയാണ് കടം വാങ്ങി മുതല്‍ മുടക്കുന്ന വന്‍കിട പദ്ധതികള്‍. തീര്‍ത്തും നിരാകരിക്കേണ്ടതായ ലോട്ടറിയില്‍ ഏതാണ്ട് പതിനായിരം കോടി രൂപയുടെ ഇടപാടാണ് പ്രതിവര്‍ഷം നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിമാസം പതിനയ്യായിരം രൂപവരെ സ്വന്തം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനെക്കുറിച്ച് പല പ്രമുഖരും കണക്കുകള്‍ നിരത്തുന്നുണ്ട്. ഉന്നത ശമ്പളക്കാരുമായി തട്ടിച്ച് നോക്കുമ്പോള്‍ ആ തുച്ഛ വരുമാനംപോലും അവര്‍ക്ക് ലഭിക്കുന്നത് എത്രയോ മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ പണിയെടുത്താണ്.

കായികാദ്ധ്വാനത്തിന് കേരളത്തില്‍ മടികാണിക്കുന്നത്, മുഖ്യമായും അദ്ധ്വാനിക്കുന്നവരെ സാമൂഹികമായി ഇടിച്ചു താഴ്ത്തുന്ന ജാതിയുടെ പ്രഭാവത്തിലുള്ള മനോഭാവം നിമിത്തമാണ്. അടിസ്ഥാനപരമായി തകരാറുള്ള നമ്മുടെ വിദ്യാഭ്യാസവും സര്‍വോപരി വരുമാനത്തിലെ അന്തരവും തൊഴില്‍സ്ഥിരതയുടെ ഉറപ്പില്ലായ്മയും മറ്റു കാരണങ്ങളാണ്. നമ്മുടെ നിലവിലെ രാഷ്ട്രീയ സാമ്പത്തികത്തിലും സാമൂഹിക സങ്കല്പങ്ങളിലും അവയ്ക്ക് പരിഹാരമില്ല.

കെ-റെയില്‍ ദുരന്തപാത

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ വലിയ പദ്ധതിയാണ് കെ റെയില്‍ അഥവാ അര്‍ദ്ധ അതിവേഗ റെയില്‍വെ. ഇപ്പോള്‍ ആ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോള്‍ 64000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് മുപ്പത്തിനാലായിരം കോടി രൂപ വിദേശ വായ്പ എടുക്കുന്നതിനുള്ള കേന്ദ്രാനുമതിയും ലഭിച്ചു. നമ്മുടെ അനുഭവത്തിന്റെ പാഠം പറയുന്നത് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം കോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ്. വിദേശ വായ്പ നല്‍കുന്നവര്‍, വിദേശ കരാറുകാര്‍, വിദേശ സാങ്കേതിക പരിജ്ഞാനവിതരണക്കാര്‍, ഉപകരാറുകാര്‍, വിദേശ ഉപകരണ നിര്‍മ്മാതാക്കള്‍, വമ്പന്‍ പാറമടക്കാര്‍, വന്‍ മണ്ണ് ലോബി, ഉദ്യോഗസ്ഥ എഞ്ചിനീയര്‍ ലോബി തുടങ്ങിയവരുടെ കൊയ്ത്തുകാലമാണ്. അവരില്‍ പല ശക്തികളും സംസ്ഥാന പദ്ധതി രൂപീകരണത്തിനും കേന്ദ്രാനുമതിക്കുമെല്ലാം ഇപ്പോള്‍തന്നെ വെട്ടുമേനിയ്ക്ക് പണം മുടക്കിയിട്ടുണ്ടാവുമെന്ന് നിസ്സംശയം പറയാമല്ലോ. അങ്ങനെയാണല്ലോ വന്‍കിട പദ്ധതികള്‍ സര്‍ക്കാര്‍ ലാവണങ്ങളില്‍ ഗര്‍ഭം ധരിക്കുന്നത്. വന്‍കിട മേഖലയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അത് കൊയ്ത്തുകാലമാണെങ്കില്‍ നമ്മുടെ തൊഴില്‍ രംഗത്തും അല്പം ചലനമുണ്ടാക്കും. രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തിന് ചാകരയാണെങ്കില്‍ ഭരണകക്ഷി നേതാക്കള്‍ കൈക്കൂലി വാങ്ങിയോ വാങ്ങാതെയോ കുറച്ച് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കും. പ്ലാച്ചിമടയില്‍ കൊക്കകോല കമ്പനി തുടങ്ങിയപ്പോള്‍ എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്കും പ്ലാന്റിലെ താഴ്ന്ന ജോലികളെല്ലാം ക്വോട്ട നിശ്ചയിച്ച് നല്‍കിയിരിക്കുകയായിരുന്നു. ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ അവഗണന അറിയാതെ പോയ ആദിവാസികള്‍ പണികിട്ടുവാന്‍ ആരംഭിച്ച സമരമാണല്ലോ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്ലാന്റിനെതിരെയുള്ള സമരപോരാട്ടമായി പരിണമിച്ചത്. എന്നാല്‍ എത്രകാലത്തെ പണിയുണ്ടാകും? 3416 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ മനുഷ്യവാസം സാദ്ധ്യമാകുന്നിടത്തോളം കൃഷി ചെയ്യാവുന്ന ഫലഫൂയിഷ്ഠമായ മണ്ണും കാര്‍ഷികവൃത്തിയും എന്നന്നേയ്ക്കുമായി നശിപ്പിക്കും. വെള്ളം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള പ്രകൃതിയുടെ ഒരുപാട് ധര്‍മ്മങ്ങള്‍ നിറവേറ്റേണ്ട പാറയും മണ്ണും വന്‍തോതില്‍ തകര്‍ക്കും. സഹ്യപര്‍വതത്തിനും അറബിക്കടലിനുമിടയില്‍ ഒരു വലിയ വരമ്പുപോലെ സ്ഥിതിചെയ്യുന്ന കെ-റെയില്‍ കേരളത്തിന്റെ ഭൂപ്രകൃതിയിലും സന്തുലനാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വന്‍തിരിച്ചടികള്‍ ഉണ്ടാക്കും. കേരളത്തില്‍ എല്ലായിടത്തും മതിലുപോലെ പണിതുയര്‍ത്തുമ്പോള്‍ അതുണ്ടാക്കുന്ന തടസ്സം മഴക്കാലത്ത് വെള്ളക്കെട്ടുകള്‍ ഉണ്ടാക്കും.

എന്നാല്‍ നമ്മുടെ രാഷ്ട്രീയ-സാമ്പത്തിക പരിസരം രൂപപ്പെടുത്തുന്നത് കുടിയൊഴിപ്പിക്കപ്പെടുന്ന ഇരുപതിനായിരം കുടുംബങ്ങളുടെ വിലാപത്തോട് അലിവില്ലാത്ത ‘വളര്‍ച്ചാ-വികസന’ മനസാണ്. തുണ്ടുഭൂമിയിലെ കിടപ്പാടങ്ങള്‍ നഷ്ടപ്പെടുന്നവരൊഴികെ ചെറുതെങ്കിലും വന്‍നഗരങ്ങളിലേയ്ക്ക് പാര്‍പ്പുറപ്പിക്കുവാന്‍ കൊതിക്കുന്നവര്‍ സര്‍ക്കാര്‍ കടമെടുത്തതിലൊരംശമായി വീതംപറ്റുന്ന ഭൂമിയുടെ വിലയില്‍ കണ്ണും നട്ടിരിക്കും. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള ജനനിവാസം വന്‍നഗരങ്ങളിലേയ്ക്ക് മാറ്റിയെടുക്കുന്ന കോര്‍പ്പറേറ്റ് പദ്ധതി ഘട്ടംഘട്ടമായി മുന്നേറും. അവരറിയുന്നില്ല അവരെ കാത്തിരിക്കുന്ന ദുരിതങ്ങളുടെ വരണ്ടജീവിതം. ശുദ്ധമായ കുടിവെള്ളം, ശുദ്ധമായ ഭക്ഷണം, ആരോഗ്യകരമായ പാര്‍പ്പിടങ്ങള്‍, മാലിന്യ കൂമ്പാരങ്ങള്‍ പൊറുതിമുട്ടിക്കാത്ത ജീവിത പരിസരങ്ങള്‍, അതിജീവിക്കാവുന്ന തൊഴില്‍, മനുഷ്യബന്ധങ്ങള്‍, കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം തുടങ്ങിയവയില്‍ എല്ലാം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ഭാവി.

രാഷ്ട്രീയം ഒളിപ്പിക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍

പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ പാര്‍ട്ടി കൊടികളും ചിഹ്നങ്ങളും അതിലേയ്ക്ക് കൊണ്ടുവരേണ്ടതില്ല എന്ന് പറയുകയുണ്ടായി. ഇടുങ്ങിയ കക്ഷി താല്‍പ്പര്യം എന്തിലുമേതിലും വലിച്ചിഴയ്ക്കുന്ന തെറ്റായ പ്രവണത നിരാകരിച്ചത് സ്വാഗതാര്‍ഹമാണ്. അടുത്ത കാലത്തായി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ സി.പി.ഐ. എം. ന്റെ യുവജന സംഘടനയാണ് നടത്തുന്നത്. അവര്‍ പാര്‍ട്ടി/സംഘടനാ താല്‍പ്പര്യങ്ങളുടെ മുദ്ര പതിപ്പിക്കുന്നത് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ മുമ്പെങ്ങും കാണാറില്ലാത്തവിധമാണ്. അതിനാല്‍ പരോക്ഷമായെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണ്.

ആധുനിക രാഷ്ട്രീയത്തില്‍ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കി പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം കരുപിടിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. അയിത്തോച്ചാടനപ്രവര്‍ത്തനം, ഖാദിവസ്ത്ര ഉല്പാദനവും പ്രചാരണവും ഹരിജനോദ്ധാരണം തുടങ്ങിയവ പ്രസിദ്ധമാണ്. എന്നാല്‍ പ്ലേഗ് മഹാമാരി തെക്കേ ആഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ തന്റെ പ്രകൃതിചികിത്സാ മാര്‍ഗം പ്രചരിപ്പിച്ച് ധീരമായി ഇടപെട്ടത് ഈ മഹാമാരിക്കാലത്തും അധികമാരും ചര്‍ച്ച ചെയ്യുന്നില്ല. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്തത് പല വിപ്ലവകാരികളും അദ്ദേഹത്തെ പിന്തിരപ്പനായി വിലയിരുത്തുവാനും ഇടയാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷം സ്വതന്ത്ര ഇന്ത്യയില്‍ അധികാരരാഷ്ട്രീയത്തിലെ ഗാന്ധി ശിഷ്യന്മാരാലും സന്യാസഗാന്ധിസത്തിലെ ശിഷ്യന്മാരാലും ജനങ്ങളുടെ ജീവിതം മാറ്റിത്തീര്‍ക്കേണ്ട നയപരിപാടികളുടെ രാഷ്ട്രീയം ഒളിപ്പിക്കുന്നതിനുള്ള ഇടങ്ങളാക്കി സന്നദ്ധസേവന പ്രവര്‍ത്തനത്തെ മാറ്റി. എന്നാല്‍ മഹാത്മാഗാന്ധിയുടെ സ്വാധീനം ഏറ്റവും സര്‍ഗ്ഗാത്മകമായി, ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് നേതാവായ ഡോ. റാം മനോഹര്‍ ലോഹ്യയാണ് സരമരാത്മകതയും സന്നദ്ധസേവന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ജനാധിപത്യപരമായ തെരഞ്ഞെടുപ്പും സമന്വയിപ്പിക്കുന്ന രാഷ്ട്രീയം മുന്നോട്ട് വച്ചത്. ജയില്‍, കൈക്കൊട്ട്, വോട്ട് എന്നീ ത്രയങ്ങളുടെ മുദ്രാവാക്യം അതിന് ആധാരമാക്കി അദ്ദേഹം മുന്നോട്ട് വച്ചു. എന്നാല്‍ കമ്മ്യൂനിസ്റ്റുകളും കമ്മ്യൂനിസ്റ്റു പാര്‍ട്ടിയും ബൂര്‍ഷ്വാ ജനാധിപത്യമെന്ന് ജനാധിപത്യത്തെ ആക്ഷേപിക്കുകയും വര്‍ഗസമരത്തിന്റെ വിപ്ലവമാര്‍ഗ്ഗമല്ലാതെ മറ്റൊന്നും പ്രസക്തമല്ലെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. പല രംഗത്തും ജനങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ ദലിത, പിന്നോക്ക ജനസമൂഹങ്ങളുടെയും സാധാരണക്കാരുടെയും നില മെച്ചമാക്കുകയും അവകാശബോധം വര്‍ദ്ധിക്കുകയുമാണ് ചെയ്തത്.

ജനാധിപത്യത്തില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ ഇത്രയേറെ പിടിമുറുക്കാത്ത ഒരു കാലത്ത് നിന്ന്, സമ്പൂര്‍ണ്ണമായി പിടിമുറുക്കിയ ഒരു കാലത്തേയ്ക്കാണ് നാം പടിയിറങ്ങിയത്. മേല്പറഞ്ഞ നേട്ടങ്ങളെല്ലാം അസാധുവാക്കി ജനവിരുദ്ധതയും കൊടിയ ചൂഷണവും ഊട്ടിയുറപ്പിക്കുന്ന നയങ്ങള്‍ ഒരു പൊതുധാരണയായി വ്യവസ്ഥാപിത രാഷ്ട്രീയം അംഗീകരിച്ചു കഴിഞ്ഞു. ജനങ്ങളോട് കൂറുള്ള പ്രസ്ഥാനങ്ങള്‍ അത്തരം അരാഷ്ട്രീയതയ്‌ക്കെതിരെ ഏറ്റവുമധികം രാഷ്ട്രീയം പറയേണ്ട, രാഷ്ട്രീയം പ്രവര്‍ത്തിക്കേണ്ട ഒരു അന്തരാളഘട്ടമാണിത്. മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം, സംസ്ഥാനത്ത് എങ്ങനെയാണ് നടപ്പിലാക്കുക, തൊഴില്‍ സൃഷ്ടിക്കാതിരിക്കുകയും ഗ്രാമീണ, അസംഘടിത, കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന തെറ്റായ വികസന, സാമ്പത്തിക നയങ്ങളെക്കുറിച്ചുമാണ് ഒരു യുവജനസംഘടന പറയേണ്ടത്. കോര്‍പ്പറേറ്റ് സേവയുടെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ്ചാന്‍സലറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് രൂപംകൊടുത്ത ആ നയങ്ങളെ വിദ്യാഭ്യാസത്തെ ഗൗരവമായി കാണുന്ന ഒരു വിദ്യാര്‍ത്ഥി-യുവജന സംഘടനയ്ക്കും അംഗീകരിക്കാനാവില്ല. തൊഴില്‍ നാശകവും കനത്തഭാരം ജനങ്ങള്‍ക്ക് മേല്‍ കയറ്റി വയ്ക്കുന്നതുമായ കെ-റെയില്‍, വ്യവസായ ഇടനാഴി തുടങ്ങിയവ പോലുള്ള വന്‍കിട പദ്ധതികളെയും ചോദ്യം ചെയ്യുവാനേ ഒരു യുവജന സംഘടനയ്ക്ക് കഴിയുകയുള്ളൂ. എന്നാല്‍ അത്തരം രാഷ്ട്രീയം പറയേണ്ടിടത്ത് മൗനത്തിന്റെ വിധേയത്വം ഒളിപ്പിക്കുന്ന നിസ്സഹായതയായി സന്നദ്ധസേവന/നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറരുത്. രാഷ്ട്രീയത്തെ ഒളിപ്പിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ വിഭാഗീയമായി തങ്ങളുടെ കൊടിനാട്ടുവാന്‍ വ്യഗ്രത കാട്ടുന്നതില്‍ അത്ഭുതപ്പെടാനില്ല. യഥാര്‍ത്ഥ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ സംഘടിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാഷ്ട്രീയേതരമായ ഇടങ്ങളില്‍ താവളമടിക്കുവാന്‍ കരിയറിസ്റ്റുകള്‍ ബുദ്ധിപരമായി തീരുമാനിക്കും. സന്നദ്ധസേവന/നിര്‍മ്മാണപരമായ പ്രവര്‍ത്തനങ്ങള്‍ വിശാലമായി ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ക്കതീതമായി സമൂഹത്തില്‍ പൊതുവായി ഉണ്ടാകേണ്ടതാണ്. അത്തരം സംസ്‌കാരം കരുപിടിപ്പിക്കാനാണ് നാമെല്ലാം ശ്രമിക്കേണ്ടത്.

വികസന പദ്ധതികള്‍ സൂപ്പര്‍ ഫുട്‌ബോള്‍ മത്സരംപോലെ

സര്‍ക്കാരിന്റെ വന്‍പദ്ധതികള്‍ ഉണ്ടാകണമെന്ന് ജനങ്ങളേക്കാളും ഭരണകക്ഷിക്കാരേക്കാളും ആഗ്രഹിക്കുന്നവരുണ്ടോ? ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും ഉണ്ടല്ലോ എന്നാകും നമ്മുടെ പഴയ അനുഭവങ്ങള്‍ വച്ചുള്ള അഭിപ്രായം. കെ-റെയിലിനെതിരെ സമരം ചെയ്യുന്ന സമിതിയുടെ കണ്‍വീനറെ ഒരു ദല്ലാള്‍ ഫോണില്‍ വിളിച്ച് പരിഹാരമുണ്ടാക്കുവാന്‍ ശ്രമിക്കുന്നത് എന്തിനാണ്. ഗെയില്‍ പൈപ്പ്‌ലൈന്‍ സമരം താനാണ് തീര്‍ത്തത് എന്നാണ് ദില്ലിയില്‍ നിന്ന് വിളിച്ച ദല്ലാള്‍ അവകാശപ്പെട്ടത്. കേന്ദ്രാനുമതി, വിവിധ തലങ്ങളില്‍ അധികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന ബോര്‍ഡുകള്‍, അതോറിറ്റികള്‍, ഏജന്‍സികള്‍ എന്നിവ മാത്രമല്ല ചിലപ്പോഴെല്ലാം ജഡ്ജിമാരെ കൈകാര്യം ചെയ്യുന്നത് വരെയും നീണ്ടുകിടക്കുന്നതാണ് ആ സേവനം. ഏത് വന്‍കിട പദ്ധതിക്കും ആവശ്യമായ ഭീമാകാരമായ മുതല്‍ മുടക്കിന് വലിയ വായ്പകള്‍ വേണ്ടിവരും. ഉറഞ്ഞിരിക്കുന്ന മൂലധനം ഏറ്റവും കുറഞ്ഞ പലിശയ്ക്ക് നല്‍കിയാല്‍ പോലും തുകയുടെ വലിപ്പം കൂടുന്നതനുസരിച്ച് വലിയ ലാഭം നേടുന്നു. വിദേശ സഹായം വാങ്ങുന്നതിന് രാഷ്ട്രീയ നേതാക്കള്‍ ഉദ്യോഗസ്ഥര്‍, വിദഗ്ദ്ധര്‍ എന്നിവര്‍ക്ക് വേണ്ട തുകകള്‍ വിദേശത്തോ സ്വദേശത്തോ അവര്‍ ആഗ്രഹിക്കുന്നിടത്ത് (വലിയ ബിസിനസ് ഏര്‍പ്പാടിലെ മുതല്‍ മുടക്കായും) നല്‍കുന്നു. അതിന് വലിയ കരാര്‍ കമ്പനികളും ദല്ലാളന്‍മാരെ നിയോഗിക്കും.

ആഗോളവല്‍ക്കരണം വന്നതുമുതല്‍ മുഖ്യമായും വിദേശത്തെ കണ്‍സല്‍റ്റിംഗ് കമ്പനികളെയാണ് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏല്‍പ്പിക്കുന്നത്. എസ്.എന്‍.സി ലാവലിന്‍ കണ്‍സല്‍റ്റിംഗ് ഏജന്‍സിയായി വന്നതാണല്ലോ. പിന്നീട് മുന്‍പരിചയമില്ലാത്ത അവര്‍ കരാറുതന്നെ പിടിച്ചവരാണ്. അക്കാലത്തെ എല്‍.ഡി.എഫ്., യു.ഡി.എഫ് വൈദ്യുതി മന്ത്രിമാര്‍ക്കെതിരെ ലാവലിനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്നത് മറക്കരുത്. ഇരുകൂട്ടര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത് ഇന്നത്തെ വ്യവസ്ഥാപിത രാഷ്ട്രീയ ചേരികളുടെ പൊതുധാരണയുടെ രാഷ്ട്രീയ പരിസരത്തെ സൂചിപ്പിക്കുന്നു. എതിര്‍ ചേരിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോഴും ആരോപിതന്‍ രക്ഷിയ്ക്കപ്പെടണമെന്ന ഒരു ഗൂഢമായ താല്പര്യം.

ഒന്നിനു പുറകെ ഒന്നായി വന്‍കിട പദ്ധതികള്‍ സംസ്ഥാനത്തിന് നഷ്ടവും ജനങ്ങള്‍ക്ക് കനത്ത ഭാരവും വര്‍ദ്ധിപ്പിച്ച് മുന്നേറുകയാണ്. അതൊരു സൂപ്പര്‍ ഫുട്‌ബോള്‍ മത്സരം പോലെയാണ്. വാതുവയ്പുകാര്‍ തങ്ങളുടെ വീതം പറ്റുന്നതിന് തിടുക്കം കൂട്ടുകയും സൂപ്പര്‍ മത്സര സംഘാടകരായ കോര്‍പ്പറേറ്റ് ശക്തികള്‍ മുതല്‍മുടക്കിന്റെ അനേകമടങ്ങുകള്‍ ലാഭത്തില്‍ കിട്ടിയത് തിട്ടപ്പെടുത്തുകയും ചെയ്യും. പിന്നീട് വാതുവയ്പ്പുകാരായ ദല്ലാളന്മാര്‍ അടുത്ത ഇടപാടിന്റെ ഊഴം കണ്ടെത്തുവാന്‍ കണ്‍സല്‍റ്റന്‍സികളുടെ കുപ്പായമണിയുവാന്‍ ഊളിയിടുകയായി. കളികള്‍ ഒരു ജനതയുടെ സംസ്‌കാര, സാമ്പത്തിക, രാഷ്ട്രീയ വിനിമയങ്ങളെല്ലാം പ്രതിഫലിപ്പിക്കുമെന്നാണല്ലോ.

എന്താണ് പുതിയ നയം?

മനുഷ്യോചിതമായ തൊഴില്‍ എല്ലാവര്‍ക്കും ഉറപ്പുവരുത്തേണ്ടത് ഏതൊരു വ്യവസ്ഥിതിയുടെയും ന്യായീകരണത്തിനും നിലനില്പിനും അടിസ്ഥാനമാണ്. തൊഴിലെടുക്കുന്നവര്‍ക്ക് അന്തസ്സായി ജീവിതം നയിക്കുന്നതിനുള്ള പ്രതിഫലം ഉറപ്പാക്കുന്നത് ഏതൊരു ആധുനിക സമൂഹത്തിന്റെയും മൗലികമായ ചുമതലയും ആണ്. ഒരുപാട് കാര്യങ്ങളില്‍, വികസനം മുതല്‍ ചികിത്സാ രംഗം വരെ ആധുനികം എന്ന് അവകാശവാദങ്ങള്‍ ഏറ്റവും അധികം ഉയരുന്ന കേരളം, തൊഴില്‍ വിഷയത്തില്‍ കാണിക്കുന്നത് ഒരു ആധുനിക പ്രാകൃതാവസ്ഥയാണ്. തൊഴില്‍ രഹിതരായ ദശലക്ഷക്കണക്കിന് യുവതീ യുവാക്കള്‍ സംസ്ഥാനത്തെ ഉല്പാദന, സേവനമേഖലകളില്‍ പങ്കാളിത്തമില്ലാത്ത നോക്കുകുത്തികളായി നില്‍ക്കുന്നു. പേരിന് മാത്രം പണിയുള്ള ലക്ഷങ്ങളുടെ സ്ഥിതിയും സാമ്പത്തിക പ്രക്രിയയുടെ പുറമ്പോക്ക് വാസികളുടേതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ സൃഷ്ടിക്കുന്ന തൊഴില്‍ രംഗത്തെ ആധുനിക പ്രാകൃതാവസ്ഥയുടെ മറ്റൊരു പ്രതിഫലനമാണ് വഴിനീളെ കാണുന്ന ലോട്ടറി വില്പനക്കാര്‍.

അതിനപ്പുറത്ത് വികസനത്തിന്റെ മേനി പറയുന്ന വ്യവസ്ഥാപിത രാഷ്ട്രീയം മഹാഭൂരിപക്ഷം ജനങ്ങളെ നോക്കുകുത്തികളാക്കുന്ന ആധുനിക പ്രാകൃതാവസ്ഥയുടെ ജനയിതാക്കളാണ്. പഴയ മുഖങ്ങളെ മാറ്റി പുതിയ മുഖങ്ങളുമായി ആണ് രണ്ടാം പിണറായി സര്‍ക്കാര്‍ കടന്നു വരുന്നത്. നിസ്സഹായതയുടെ നോക്കുകുത്തികള്‍ നല്‍കിയ അധികാരത്തില്‍ അവരെ പൂട്ടിയിടുന്ന മിടുക്കിന് അപ്പുറത്ത്, പുതിയ നയങ്ങള്‍ എന്താണുള്ളത് എന്ന ചോദ്യം പുതിയ മുഖങ്ങളില്‍ ആവേശപ്പെടുന്നതില്‍ മറഞ്ഞിരിപ്പുണ്ട്. ബംഗാള്‍ അനുഭവം ഏറെ ഉച്ചത്തില്‍ പറഞ്ഞാണ് ആധിപത്യം ഉറപ്പിച്ചെടുത്തവര്‍ മുതിര്‍ന്നവരെയും അനുഭവസമ്പത്തുള്ളവരെയും പാര്‍ട്ടിക്കുള്ളില്‍ കാര്യമായി ചര്‍ച്ചകളൊന്നുമില്ലാതെ ഒറ്റയടിക്ക് മാറ്റി നിര്‍ത്തിയത്. ജ്യോതിബസു മുതല്‍ ബുദ്ധദേവ് വരെ നീണ്ട മൂന്നര ദശാബ്ദത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വ്യവസായ, കാര്‍ഷിക, തൊഴില്‍ നയങ്ങളില്‍നിന്ന് എന്തു വ്യതിയാനമാണ് ഇവിടെ വരുത്തുന്നത് എന്ന് വിശദീകരിക്കുന്നതും നല്ലതായിരിക്കും. ജനങ്ങളില്‍ ഭൂരിപക്ഷം വരുന്ന ആ നോക്കുകുത്തികള്‍ക്ക് ജീവന്‍ വയ്ക്കുന്ന കാലത്തായിരിക്കും അന്യായത്തിന്റെയും അനീതിയുടെയും ചൂഷണത്തിന്റെയും അസമത്വത്തിന്റെയും ആ രാഷ്ട്രീയസാമ്പത്തികത്തെ (പൊളിറ്റിക്കല്‍ ഇക്കോണമി) ചോദ്യം ചെയ്യുക.

നീ നിന്നെത്തന്നെ രക്ഷിക്കുക

ജീവിതകാലത്ത് വിസ്മയകരമായ അത്ഭുതങ്ങള്‍ കാണിച്ച യേശുക്രിസ്തുവിനെ പീഡാസഹനത്തിന്റെ വേളയില്‍ കുരിശില്‍ തറച്ച് റോമന്‍ പടയാളികള്‍ ആക്രോശത്തോടെ ‘നീ നിന്നെത്തന്നെ രക്ഷിയ്ക്കുക’ എന്നാണ് പരിഹസിച്ചത്. ചരിത്രത്തിലെ അനവധിയായ അവസരങ്ങളില്‍ ജനങ്ങള്‍ ഉണരുകയും ഉയരുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്ന അത്ഭുതങ്ങള്‍ കാണിച്ചവരാണ്. ‘നീ നിന്നെത്തന്നെ രക്ഷിയ്ക്കുക’ എന്ന മര്‍ദ്ദക ശക്തികളുടെ പരിഹാസ ശബ്ദമാണ് ഇപ്പോള്‍ എവിടെയും മുഴങ്ങുന്നത്. ജനങ്ങള്‍ ഉണരുകയും ഉയരുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്ന ഉയര്‍ത്തെഴുന്നേല്പിന്റെ കാലവും വരാതിരിക്കില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply