
വി എസിന്റെ രാഷ്ട്രീയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഒരു സംശയവുമില്ല, കേരളം കണ്ട മികച്ച രാഷ്ട്രീയ നേതാക്കളുടെ ഒരു പട്ടിക തയ്യാറാക്കിയാല്‍ അതില്‍ മുന്‍നിരയില്‍ വരുന്ന ഒരാള്‍ തന്നെയാണ് വി എസ് അച്യുതാനന്ദന്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടിന്റെ കാര്യമെടുത്താല്‍ ഒന്നാം നമ്പറും ഏറ്റവും ജനകീയനുമായ നേതാവും അദ്ദേഹം തന്നെ. അതേസമയം ഒരിക്കലും മാതൃകയാക്കാനാവാത്ത പല പ്രവണതകളും സംഭവങ്ങളും വി എസിലും കാണാം. അതിനാല്‍ തന്നെ വിഎസിന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗുണകരമാണ്. അത് പക്ഷെ അന്ധമായ വ്യക്ത്യാരാധനയോ മറുവശത്ത് ശത്രുതയോ ആകരുതെന്നു മാത്രം.
അസുഖബാധിതനാകുന്നതിനു മുമ്പുള്ള രണ്ടു ദശകത്തിലെ വി എസിനെയാണ് ജനം ഏറ്റവും സ്‌നേഹിച്ചത്. അതാകട്ടെ അദ്ദേഹത്തിന് മലയാളിയുടെ ശരാശരി ആയുസിനു തുല്ല്യമായ പ്രായമായപ്പോള്‍ മുതല്‍. മിക്ക നേതാക്കളുടെയും രാഷ്ട്രീയ ജീവിതം അവസാനിക്കുന്ന പ്രായം മുതല്‍. എന്നാല്‍ പാര്‍ട്ടിയിലെ കാര്യം അങ്ങനെയായിരുന്നില്ല. തുടക്കത്തില്‍ കുറെ പേരൊക്കെ വി എസിനൊപ്പമുണ്ടായിരുന്നെങ്കിലും അവരൊക്കെ വെട്ടിയൊതുക്കപ്പെട്ടു. വി എസ് ഏറെക്കുറെ ഏകനായി. പക്ഷെ ജനപിന്തുണയോടെ സ്വന്തം പാര്‍ട്ടിക്കെതിരെപോലും വലിയ സമരങ്ങള്‍ നയിക്കാന്‍ അദ്ദേഹത്തിനായി എന്നതാണ് ഏറ്റവും പ്രധാനം. എന്നാല്‍ അക്കാലത്തുപോലും അനുകരണീയമല്ലാത്ത പല പ്രസ്താവനകളും നിലപാടുകളും വി എസില്‍ നിന്നുണ്ടായി എന്നതാണ് വസ്തുത.
1996ല്‍ മാരാരിക്കുളത്തെ പരാജയമായിരുന്നു വി എസിനു പുനര്‍ജന്മമായി മാറിയത്. അതിനു മുമ്പ് വി എസ് അഴിമതിയൊന്നും തൊട്ടുതീണ്ടാത്ത മുന്‍തലമുറയിലെ മിക്കവാറും നേതാക്കളെ പോലെ ഒരാള്‍ മാത്രമാകുമായിരുന്നു. അക്കാലത്തെ വി എസ്, മരണശേഷം കൊട്ടിഘോഷിക്കപ്പെട്ട പോലുള്ള ഒരാളായിരുന്നില്ല. പുന്നപ്ര വയലാര്‍ നായകന്‍ എന്നതാണല്ലോ ആദ്യകാല വി എസിന്റെ ഏറ്റവും വലിയ മാഹാത്മ്യമായി കണക്കാക്കുന്നത്. എന്നാല്‍ പുന്നപ്ര വയലാര്‍ സമരത്തിലെ കുന്തമുനയായിരുന്ന കുന്തക്കാരന്‍ പത്രോസിനെ അംഗീകരിക്കാനോ, പാര്‍ട്ടിയടക്കം എല്ലാവരും തഴഞ്ഞപ്പോള്‍ ചേര്‍ത്തുപിടിക്കനോ അദ്ദേഹം തയ്യാറായിരുന്നില്ല. മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് അധികാരസ്ഥാനത്തൊന്നും എത്താതിരുന്നതിനാല്‍ അന്നത്തെ അദ്ദേഹത്തിന്റെ ഭരണമികവിനെ കുറിച്ച് പറയാനാകില്ല. പ്രതിപക്ഷനേതാവെന്ന നിലയിലും ഗംഭീരമായൊരു പെര്‍ഫോമെന്‍സൊന്നും അക്കാലത്തുണ്ടായിട്ടില്ല. പാര്‍ട്ടി നേതാവെന്നതിനേക്കാള്‍ ഉപരി ഒരു ജനകീയ നേതാവെന്ന പരിവേഷമൊന്നും അന്ന് അദ്ദേഹത്തിനില്ലായിരുന്നു. പാര്‍ട്ടി നേതാവെന്ന രീതിയിലാകട്ടെ ശ്രദ്ധേയമായ ഒരു മുന്നേറ്റവും കാഴ്ചവെക്കാന്‍ കഴിഞ്ഞു എന്നു പറയാനാകില്ല. സിഐടിയു ലോബിയുമായുള്ള മത്സരങ്ങളുടേയും വെട്ടിനിരത്തലുകളുടേയും ചരിത്രമായിരുന്നു പ്രധാനമായും അക്കാലത്തെ പാര്‍ട്ടി ചരിത്രം. എത്രയോ സീനിയര്‍ നേതാക്കളെ വെട്ടിനിരത്തിയായിരുന്നു വി എസ്, പിണറായിയെ നേതൃത്വത്തിലെത്തിച്ചത്. ആ പിണറായി തന്നെ പിന്നീട് വി എസിനേയും അനുയായികളേയും വെട്ടിനിരത്താന്‍ നേതൃത്വം നല്‍കിയെന്നത് ചരിത്രത്തിന്റെ കാവ്യനീതി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആദ്യകാലത്ത് വി എസും കൂട്ടരുമായിരുന്നു എതിര്‍പക്ഷെത്തെ വെട്ടിനിരത്തിയതെങ്കില്‍ പിന്നീട് അതിനു മറുപടി അതിരൂക്ഷമായിരുന്നു. വി എസ് പക്ഷത്തെ പ്രമുഖരെയെല്ലാം വെട്ടിനിരത്തി. അവരെയാരേയും നിലനിര്‍ത്താന്‍ ശക്തമായ ഒരുപോരാട്ടവും വി എസില്‍ നിന്നുണ്ടായില്ല എന്നു കാണാം. പിന്നീട് തോല്‍ക്കുമെന്നു ആര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലുമാകാത്ത മാരാരികുളത്ത്, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു വി എസിനെ തോല്‍പ്പിക്കുന്നതുവരെയെത്തി ആ വെട്ടിനിരത്തല്‍. നേരത്തെ സൂചിപ്പിച്ച പോലെ അവിടെ നിന്നാണ് പുതിയ ഒരു വി എസ് ജനിക്കുന്നത്. ആരും കൊതിക്കുന്ന ഒരു സംഘത്തെ കൂടെകൂട്ടിയാണ് വി എസ് പുതിയൊരു ചരിത്രം രചിക്കാനാരംഭിച്ചത്.
തുടര്‍ന്നുള്ള കാലത്തെ വി എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും തിളങ്ങുന്ന അധ്യായം പാര്‍ട്ടിക്കകത്ത് അദ്ദേഹം നടത്തിയ പോരാട്ടം തന്നെയാണ്. ലോകത്ത് ഒരു കമ്യൂണിസ്റ്റ് നേതാവിനും കഴിയാത്ത ഒന്നാണത്. ജനാധിപത്യ കേന്ദ്രീകരണം എന്ന ജനാധിപത്യ വിരുദ്ധമായ സംഘടനാ സംവിധാനത്തിലൂടെ എല്ലാ അധികാരവും ഒരാളിലോ വിരലില്ലെണ്ണാവുന്ന കുറച്ചുപേരിലോ നിക്ഷിപ്തമാകുന്ന ചരിത്രമാണ് ലോകത്തെ ഏതു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുള്ളത്. അതിനെയാണ് പലപ്പോഴും വി എസ് വെല്ലുവിളിച്ചതും തിരുത്തിച്ചതും. പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രവര്‍ത്തകരും ജനങ്ങളും തെരുവിലിറങ്ങുകയും തിരുത്തിപ്പിക്കുകയും ചെയ്യുന്ന കാഴ്ച ലോകം കാണാത്തതായിരുന്നു. വി എസ് മരിച്ചപ്പോള്‍ ഏറെ മുഴങ്ങികേട്ട കണ്ണേ, കരളേ വി എസേ എന്ന മുദ്രാവാക്യം ഏറ്റവും ശക്തമായി തെരുവില്‍ മുഴങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചായിരുന്നു എന്ന് ഇപ്പോളത് വിളിച്ച എത്രപേര്‍ക്കറിയാം എന്നറിയില്ല. അങ്ങനെയാണ് വി എസ് പോരാടി സ്ഥാനാര്‍ത്ഥിത്വം നേടിയതും മുഖ്യമന്ത്രിയായതും.
പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനമാണല്ലോ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടത്. പ്രതിപക്ഷനേതാവ് എന്ന പദവിയെ തന്നെ അപനിര്‍മ്മിക്കുകയായിരുന്നു വി എസ്. ജനങ്ങള്‍ക്കിടയിലും ജനകീയ സമരങ്ങള്‍ക്കിടയിലുമായിരുന്നു അക്കാലത്ത് അദ്ദേഹം. വി എസിനെ സാധാരണക്കാര്‍ക്ക് ഏറെ പ്രിയങ്കരനാക്കിയത് അക്കാലമായിരുന്നു. അദ്ദേഹമിടപെട്ട ജനകീയ സമരങ്ങളൊക്കെ ഏറെ ചര്‍ച്ചയായതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. അതെല്ലാം മലയാളിയുടെ ശരാശരി പ്രായശേഷമായിരുന്നു എന്നത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു എന്നു മാത്രം. അതുപോലെതന്നെയായിരുന്നു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ പ്രായത്തിലും ഫ്രീ സോഫ്റ്റ് വെയറിനെ കുറിച്ച് പഠിക്കാനും പാര്‍ട്ടിക്കകത്തുനിന്നു തന്നെ ഉയര്‍ന്ന പ്രതിഷേധങ്ങളെ മറികടന്ന് അതുമായി മുന്നോട്ടുപോയതും. ഭരണപക്ഷത്തിരുന്നും പ്രതിപക്ഷമാകാമെന്ന ജനാധിപത്യത്തിന്റെ സൗന്ദര്യവും മലയാളിക്ക് കാണിച്ചു കൊടുത്ത നേതാവ് വി എസായിരുന്നു. (വി എം സുധീരവനും അതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്)
ഏറെ കൊട്ടിഘോഷിക്കുന്ന ഈ കാലഘട്ടത്തിലും വി എസില്‍ നിന്നു വന്നിട്ടുള്ള വീഴ്ചകളും ചര്‍ച്ച ചെയ്യാതിരിക്കുന്നത് കാലത്തോടും വിഎസിനോട് തന്നേയും ചെയ്യുന്ന അനീതിയും അപൂര്‍ണ്ണവുമായിരിക്കും. ജനകീയ സമരങ്ങളുടെ പടത്തലവന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വി എസ് പലപ്പോഴും വളരെ മോശമായ രീതിയില്‍ പല സമരങ്ങളേയും വിശേഷിപ്പിച്ചിട്ടുണ്ട്. മുത്തങ്ങ സമരത്തിലെ ഒരു ഘട്ടത്തിലും വി എസ് എത്തിയിട്ടില്ലെങ്കിലും വെടിവെപ്പിനുശേഷം അവിടെയെത്തിയത് വളരെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തിയായിരുന്നു എന്നത് ശരി. എന്നാല്‍ മുത്തങ്ങ സമരത്തിനു മുന്നോടിയായി ആദിവാസികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ കുടില്‍ കെട്ടി സമരത്തെ എത്രമോശമായിട്ടായിരുന്നു വി എസ് വിശേഷിപ്പിച്ചത്. ആദിവാസി വിരുദ്ധമായ ബില്‍ നിയമസഭയിലവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് ഗൗരിയമ്മ മാത്രമായിരുന്നു എന്നത് മറക്കരുത്. പിണറായി വിഭാഗം മാത്രമല്ല, വി എസ് വിഭാഗവും അതിനു തയ്യാരായിരുന്നില്ല. കേരളത്തിലെ പല ഭാഗത്തും നടന്ന, ഇപ്പോഴും നടക്കുന്ന ദലിതരുടെ ഭൂസമരങ്ങള്‍ക്കൊപ്പവും വി എസ് നിന്നിട്ടില്ല. ചങ്ങറ ഭൂസമരക്കാര്‍ മോഷ്ടാവാണെന്നു പോലും അദ്ദേഹം വിശേഷിപ്പിച്ചു. വി എസിന്റെ സ്ത്രീപക്ഷ നിലപാടുകള്‍ പ്രസിദ്ധമാണ്. അതേകുറിച്ച് മരണശേഷം ഏറെ നമ്മള്‍ കേട്ടു. അതൊക്കെ ശരിയാകാം. അപ്പോഴും അദ്ദഹത്തിന് നാക്കുപിഴകള്‍ വന്നിരുന്നു. ലതികാ സുഭാഷിനെ വിശേഷിപ്പിച്ചത് മറക്കാറായിട്ടില്ലല്ലോ. നാക്കുപിഴ പോട്ടെ എന്നു വെച്ചാല്‍ തന്നെ, സുശീലാ ഗോപാലന്‍ ആദ്യ കേരള വനിതാ മുഖ്യമന്ത്രിയാകാതിരുന്നതിന് പ്രധാന കാരണം ആരാണ്? ഒരുപാട് പാരിസ്ഥിതിക സമരങ്ങളില്‍ ഭാഗഭാക്കായിരുന്ന അദ്ദേഹം, പാടം നികത്തുന്നതിനെതിരെ വലിയ സമരങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു, വന്‍തോതില്‍ പാടം നികത്തി സ്ഥാപിച്ച തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഇന്നും പരിഹരിക്കാത്ത മൂലമ്പിള്ളി കുടിയിറക്കല്‍ നടക്കുമ്പോള്‍ ആരായിരുന്നു മുഖ്യമന്ത്രി? പലരും പറയുന്ന പോലെ മുസ്ലിം വിരുദ്ധനൊന്നുമല്ലായിരിക്കാം വി എസ്. പക്ഷെ പലപ്പോഴും മുസ്ലിം ജനവിഭാഗങ്ങള്‍ പ്രതീക്ഷിക്കുന്ന നൈതികമായ നിലപാടുകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ഇസ്ലാമോഫോബിക് ആയ പലര്‍ക്കും ഉപയോഗിക്കാനായി. മദനിയെപോലൊരാള്‍ നിരപരാധിയാണെന്നു തെളിഞ്ഞിട്ടും അദ്ദേഹത്തേയും പിഡിപിയേയും അകറ്റി നിര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധാലുവുമായിരുന്നു വി എസ് എന്നു മറക്കരുത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ കാലഘട്ടത്തിലുടനീളം വി എസ് പക്ഷക്കാരയേും വി എസിന്റെ സ്റ്റാഫിനെ പോലും പാര്‍ട്ടി വെട്ടിനിരത്തി കൊണ്ടിരുന്നു. അവര്‍ക്കൊന്നും വേണ്ടി കലഹിക്കാനോ തീരുമാനം തിരുത്തിക്കാനോ വി എസ് തയ്യാറായിരുന്നില്ല. ടി പി കൊല്ലപ്പെട്ടപ്പോള്‍ രമയെ ആശ്വസിപ്പിച്ച വി എസിന്റെ ചിത്രം മറക്കാനാവില്ലെങ്കിലും അതില്‍ കൂടുതല്‍ അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. അതേസമയം ഇതിനൊരു മറുവശവുമുണ്ട്. നേരത്തെ സൂചിപ്പിച്ചപോലെ മരിച്ചപ്പോള്‍ വി എസിനെ കണ്ണും കരളുമായി വിശേഷിപ്പിക്കുന്നവരില്‍ വലിയൊരു ഭാഗം ഏറ്റവും സംഭവബഹുലമായ അവസാന രണ്ടു ദശകങ്ങളില്‍ ഇദ്ദേഹത്തോടൊപ്പം നിന്നവരല്ല എന്നു മാത്രമല്ല, പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തെയും അദ്ദേഹം ഉന്നയിക്കാന്‍ ശ്രമിച്ച ജനകീയ വിഷയങ്ങളേയും ഒതുക്കാന്‍ ശ്രമിച്ചവരാണ്. ഇനിയും അത്തരത്തിലുള്ള നേരിയ ശബ്ദം പോലും പാര്‍ട്ടിക്കുള്ളില്‍ ഉയരാതിരിക്കാനുള്ള മുന്‍കരുതലുകളെല്ലാം എടുത്തശേഷമാണ് ഈ മുദ്രാവാക്യം വിളികള്‍. ഏതെങ്കിലും രീതിയില്‍ വി എസിനെ വിമര്‍ശിക്കുന്നവരെയും, പാര്‍ട്ടി നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടും വി എസിനെ പിന്തുണച്ചും സംസാരിക്കുന്നവരെ അധിക്ഷേപിക്കുന്നതും വേറെ തമാശ. അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി വി എസിന്റെ പൊതു ജീവിതത്തെ രാഷ്ട്രീയമായി വിലയിരുത്തകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഒപ്പം വി എസില്‍ നിന്നു എടുക്കേണ്ടത് എടുക്കണം, തള്ളേണ്ടത് തള്ളണം.