വി എസ് : തള്ളേണ്ടതും കൊള്ളേണ്ടതും

മുഖ്യമന്ത്രിയായതോടെ കൈകളിലും കാലുകളിലും ചങ്ങലയിട്ട അവസ്ഥയിലായിരുന്നു വി എസ്. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ പോരാടി നേടിയെടുത്ത സ്വാതന്ത്ര്യമൊക്കെ പതുക്കെ പതുക്കെ നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. നല്ല പ്രതിപക്ഷനേതാവായിരുന്ന അദ്ദേഹം നല്ല ഭരണാധികാരിയായിരുന്നു എന്നു പറയാനാകില്ല..

മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സിപിഎം സ്ഥാപക നേതാവുമായ വി എസ് അച്യൂതാനന്ദന്റെ നൂറാ ംപിറന്നാള്‍ ആഘോഷം വിപുലമായ രീതിയില്‍ തന്നെ നടന്നു. വിഎസിനെ എന്നും എതിര്‍ത്തവരും ഇടക്കാലത്ത് കൈവിട്ടവരുമൊക്കെ വലിയ രീതിയില്‍ തന്നെ ആഘോഷങ്ങളില്‍ പങ്കെടുത്തു. അതൊരു സാമാന്യമര്യാദയാണ്. എന്നാല്‍ ആഘോഷമെല്ലാം കഴിഞ്ഞ ഈ സാഹചര്യത്തില്‍ വി എസിന്റെ രാഷ്ട്രീയജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാനാണ് നാം തയ്യാറാകേണ്ടത്. അത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള വിശകലനം കൂടിയാകും. വി എസില്‍ നിന്ന് കൊള്ളേണ്ടതും തള്ളേണ്ടതും ഒരുപോലെ ചര്‍ച്ച ചെയ്യുന്നത് ഭാവിരാഷ്ട്രീയത്തിന് ഗുണകരമായിരിക്കും അതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്.

ആദ്യകാല കോണ്‍ഗ്രസ്സിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും നക്‌സലൈറ്റ് ഗ്രൂപ്പുകളിലുമെല്ലാം നിസ്വാര്‍ത്ഥമായി ജീവിതം നാടിനും പ്രസ്ഥാനത്തിനുമായി സമര്‍പ്പിച്ച് പീഡനങ്ങളും ത്യാഗങ്ങളും ഏറ്റുവാങ്ങിയ നിരവധി നേതാക്കളുണ്ട്. അതിലൊരാളായിരുന്നു വി എസും. പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്തതും ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചതുമൊക്കെ ഓര്‍ക്കേണ്ടതാണ്. പക്ഷെ അതുപോലെ നിരവധി നേതാക്കളുണ്ടായിരുന്നു. സപ്തതി കഴിയുന്നതുവരെ എടുത്തുപറയത്തക്ക രാഷ്ട്രീയ സംഭാവനകളൊന്നും അദ്ദേഹത്തില്‍ നിന്ന് കേരളത്തിനു കിട്ടിയിട്ടുണ്ടെന്നും തോന്നുന്നില്ല. പാര്‍ട്ടിയിലെ തന്നെ മിക്ക നേതാക്കളേക്കാള്‍ സ്റ്റാലിനിസ്റ്റ് നിലപാടായിരുന്നു വി എസിന്റേത്. ആദ്യകാലങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ഗുണപരമായ എന്തെങ്കിലും ആശയസമരങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടോ എന്നറിയില്ല. അക്കാലത്തെ ചര്‍ച്ചകളൊന്നും പുറത്തുവരാറില്ലല്ലോ. ഏറെ കാലം പാര്‍ട്ടി സെക്രട്ടറിയായിരുന്നിട്ടും അദ്ദേഹത്തില്‍ നിന്നു എടുത്തുപറയത്തക്ക എന്തെങ്കിലും സംഭാവന കേരളത്തിനു ലഭിച്ചു എന്നു പറയാനാകില്ല. നിരന്തരമായി കക്ഷിരാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിരുന്ന കാലവുമായിരുന്നു അത്.

എല്ലാവര്‍ക്കുമറിയാവുന്നപോലെ വിഎസിനു ചുറ്റും പാര്‍ട്ടിയും കേരള രാഷ്ട്രീയവും കറങ്ങാന്‍ തുടങ്ങിയത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം ശക്തമായതോടെയാണ്. ശക്തമായിരുന്ന സിഐടിയു ലോബിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. കോണ്‍ഗ്രസ്സില്‍ കരുണാകരന്‍ – ആന്റണി ഗ്രൂപ്പികള്‍ തമ്മിലുള്ള പോരാട്ടം നാട്ടില്‍ പാട്ടായിരുന്ന കാലം. സിപിഎമ്മിലേത് ആദ്യകാലത്തൊക്കെ പരമരഹസ്യമായിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ അതെല്ലാം അങ്ങാടിപ്പാട്ടായി. പാര്‍ട്ടി നേതാക്കള്‍ തന്നെയായിരുന്നു മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തികൊടുത്തിരുന്നത്. പാര്‍ട്ടിതന്നെ കാലുവാരി വി എസിനെ തോല്‍പ്പിക്കുന്നതിനും വമ്പന്‍ നേതാക്കളടക്കമുള്ളവര്‍ വെട്ടിനിരത്തപ്പെടുന്നതിനും പിന്നീട് സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ വി എസ് സുശീലാ ഗോപാലനു മുഖ്യമന്ത്രിയാകാനുള്ള അവസരം തട്ടിക്കളഞ്ഞതിനും മുഖ്യമന്ത്രിയാകാന്‍ വേണ്ടി നായനാര്‍ കളം മാറിയതിനുമൊക്കെ അന്ന് മലയാളികള്‍ സാക്ഷ്യം വഹിച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വമ്പന്മാരെ മുട്ടുകുത്തിക്കാനായി വി എസ് തന്നെ ഉയര്‍ത്തികൊണ്ടുവന്ന പിണറായി വിജയനുമായി തെറ്റുന്നതോടെയാണ് ഗ്രൂപ്പിസത്തിന്റെ അടുത്ത ചരിത്രം ആരംഭിച്ചത്. അതോടെയാണ് വി എസിന് രൂപമാറ്റം സംഭവിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ടുപക്ഷത്തിനും ഏറെക്കുറെ തുല്ല്യസ്വാധീനമായിരുന്നു പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നത്. എന്നാല്‍ പതുക്കെ പതുക്കെ വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെ പിണറായി ശക്തിപ്പെടുകയായിരുന്നു. വിഎസ് ദുര്‍ബലനായി കൊണ്ടിരുന്നു. വിഎസിനൊപ്പം നിന്നവരെല്ലാം പതുക്കെ പതുക്കെ മറുകണ്ടം ചാടാന്‍ തുടങ്ങി. അല്ലാത്തവര്‍ വെട്ടിനിരത്തപ്പെടാനും. അവരെയൊന്നും സംരക്ഷിക്കാന്‍ വിഎസിനായില്ല. അപ്പോഴാണ് ഒരുപക്ഷെ ലോകത്തൊരു കമ്യൂണിസ്റ്റ് നേതാവും ചെയ്യാത്ത തന്ത്രം വി എസ് പ്രയോഗിച്ചത്. അതാണ് വി എസിനെ എന്നും പ്രസക്തനാക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നഷ്ടപ്പെടുന്ന സ്വാധീനത്തിനു പകരം ജനങ്ങളുടെ സ്വന്തം നേതാവായി വി എസ് മാറാന്‍ തുടങ്ങി. പ്രതിപക്ഷനേതാവെന്ന നിലയില്‍ കേരളത്തിലുടനീളം അദ്ദേഹം സഞ്ചരിച്ചു. ജനകീയ സമരങ്ങളിലും പ്രശ്‌നങ്ങളിലും സജീവമായി ഇടപെടാന്‍ തുടങ്ങി. കമ്യൂണിസ്റ്റുകാര്‍ പലപ്പോഴും അവഗണിക്കുന്ന പരിസ്ഥിതി, ലിംഗവിവേചനം പോലുള്ള വിഷയങ്ങള്‍ മുതല്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ വരെയുള്ള വിഷയങ്ങില്‍ ഇടപെട്ടു. എന്‍ഡോസള്‍ഫാന്‍, വിഴിഞ്ഞം, ഐസ്‌ക്രീം പെണ്‍വാണിഭം തുടങ്ങി എത്രയോ വിഷയങ്ങള്‍. പ്രതിപക്ഷനേതാവ് എന്ന പദത്തെതന്നെ അദ്ദേഹം തിരുത്തിയെഴുതുകയായിരുന്നു. തീര്‍ച്ചയായും മികച്ച ഒരു ടീം തന്നെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പാര്‍ട്ടിയാണ് വലുത് എന്ന ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരുടെ അടിസ്ഥാന പ്രമാണത്തെ വെല്ലുവിളിച്ച് ജനങ്ങളാണ് പ്രധാനമെന്നു തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പ്രഖ്യാപിക്കുകയായിരുന്നു വി എസ്. അതാണ് വിഎസിന്റെ രാഷ്ട്രീയജീവിത്തതിലെ ഏറ്റവും തിളക്കമേറിയ സന്ദര്‍ഭം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വിഎസിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കായില്ല. ഒപ്പമുള്ളവരെയൊക്കെ വെട്ടിനിരത്തിയിട്ടും ജനങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര അദ്ദേഹം തുടര്‍ന്നു. അഴിമതിക്കെതിരേയും കര്‍ശനമായ നിലപാടെടുത്തു. നിലപാടെടുക്കുക മാത്രമല്ല, മറ്റൊരു നേതാവും ചെയ്യാത്തപോലെ ബാലകൃഷ്ണപിള്ളയെപോലുള്ള ഒരു നേതാവിനെ തുറുങ്കിലടക്കുന്നതുവരെ അദ്ദേഹം പോരാട്ടം തുടര്‍ന്നതിനും കേരളം സാക്ഷ്യം വഹിച്ചു. ലാവലിനില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം നിലപാടെടുത്തു. കിളുിരൂരില്‍ വി ഐ പി വിഷയം ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. അതേസമയം രണ്ടുതവണയാണ് വിഎസിനു മത്സരിക്കാനുള്ള ടിക്കറ്റ് നിഷേധിക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ ജനങ്ങള്‍ തെരുവിലിറങ്ങി തിരുത്തിയത് എന്നതിനേക്കാള്‍ കൂടുതലായി അതേ കുറിച്ച് പറയേണ്ടതില്ലല്ലോ. ഒരുപക്ഷെ കോണ്‍ഗ്രസ്സില്‍ പോലും നടക്കാത്ത ഒന്ന്. അവസാനം പാര്‍ട്ടിതന്നെ ഉന്മൂലനം ചെയ്ത ടി പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിക്കാനും കെ കെ രമയെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കാനും തയ്യാറായതോടെ ലോക കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തില്‍ പുതിയ ഒരു അധ്യായമാണ് അദ്ദേഹം എഴുതിചേര്‍ത്തത്. ആ ചിത്രമായിരിക്കും വി എസിനെ അനശ്വരനാക്കാന്‍ പോകുന്നത്.

അതേസമയം മുഖ്യമന്ത്രിയായതോടെ കൈകളിലും കാലുകളിലും ചങ്ങലയിട്ട അവസ്ഥയിലായിരുന്നു വി എസ്. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ പോരാടി നേടിയെടുത്ത സ്വാതന്ത്ര്യമൊക്കെ പതുക്കെ പതുക്കെ നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നാലും ഇടക്കിടെ അദ്ദേഹം കുതറിയിരുന്നു. മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ നീക്കമൊക്കെ അതിന്റെ ഭാഗമാണ്. ജനകീയവിഷയങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമൊക്കെ തുടരാന്‍ ശ്രമിച്ചെങ്കിലും അതിവും പരിമിതി വന്നിരുന്നു. തൃശൂരില്‍ ലാലൂര്‍ സമരവേദിയിലും ടോള്‍ വിരുദ്ധ സമരവേദിയിലുമൊക്കെ നേരിട്ടെത്തി ചര്‍ച്ച ചെയ്യാനുള്ള അദ്ദേഹത്തിന്റെ നീക്കം പാര്‍ട്ടി ഇടപെട്ട് തടഞ്ഞത് ഈ ലേഖകനു നേരിട്ടറിയാം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രാമനിലയത്തില്‍ ഏകനായി വന്നിരുന്നിരുന്ന അദ്ദേഹത്തിന്റെ ദൃശ്യവും ഓര്‍മ്മയുണ്ട്. ഒരുനേതാവുപോലും അദ്ദേഹത്തെ കാണാനെത്താറില്ല. മറിച്ച് പല സമരങ്ങളുടേയും പ്രതിനിധികളാണ് എത്താറ്. അതേസമയം മൂലമ്പിള്ളിയില്‍ ദയാദാക്ഷിണ്യമില്ലാതെ നടത്തിയ കുടിയൊഴിക്കലും ആദിവാസി നില്‍പ്പുസമരത്തേയും ചങ്ങറെ സമരത്തേയുമൊക്കെ അധിക്ഷേപിച്ചതും സംഭവിക്കാന്‍ പാടില്ലായിരുന്നു. ലതികാസുഭാഷിനും സിന്ധുജോയിക്കുമെതിരെയും അദ്ദേഹം മോശം പരാമര്‍ശങ്ങള്‍ നടത്തി. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്നും വി എസ് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്താണ് ഭീമാ പള്ളി വെടിവെപ്പ് നടന്നത്. കുറ്റക്കാരനെന്ന് തെളിയിച്ചില്ല എങ്കിലും മദനിക്കെതിരെ അദ്ദേഹം പലപ്പോഴും സംസാരിച്ചു. ആദ്യമായി യു എ പി എ പ്രയോഗിച്ചു. എന്നാല്‍ മുത്തങ്ങ സമരത്തോടും മൂന്നാര്‍ പെമ്പിളൈ സമരത്തോടുമൊക്കെ എടുത്ത നിലപാടുകള്‍ മറക്കാനാവാത്തതുമാണ്. എന്തായാലും മികച്ച പ്രതിപക്ഷനേതാവ് എന്നു പറയുന്നപോലെ മികച്ച മുഖ്യമന്ത്രി എന്നു വി എസിനെ വിശേഷിപ്പിക്കാനാവുമെന്നു തോന്നുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചുരുക്കത്തില്‍ രാഷ്ട്രീയജീവിതത്തിന്റെ അവസാനദശകങ്ങളിലെ ഇടപെടലുകളും നിലപാടുകളുമാണ് വിഎസിനെ അനശ്വരനാക്കുന്നത്. അതിലേറ്റവും പ്രധാനം മുകളില്‍ സൂചിപ്പിച്ചപോലെ, കമ്യൂണിസ്റ്റായിരുന്നുതന്നെ പാര്‍ട്ടിയാണ് പ്രധാനം എന്ന കമ്യൂണിസ്റ്റ് നിലപാടിനുപകരം ജനങ്ങളാണ് അന്തിമവിധികര്‍ത്താക്കള്‍ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യം ഉയര്‍ത്തിപിടിച്ചതാണ്. ജനാധിപത്യസംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ പ്രാധാന്യം സ്ഥാപിച്ചതും രാഷ്ട്രീയത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ക്കായി പോരാടിയതും അഴിമതിക്കെതിരെ കര്‍ശനനിലപാടെടുത്തതും സ്ഥൂലരാഷ്ട്രീയത്തിനൊപ്പം സൂക്ഷ്മരാഷ്ട്രീയത്തിലും സജീവമായി ഇടപെടാന്‍ ശ്രമിച്ചതും ജനകീയ പോരാട്ടങ്ങളോട് അനുഭാവ പൂര്‍ണ്ണമായ നിലപാടെടുത്തതും പ്രായത്തെപോലും അല്‍ഭുതപ്പെടുത്തുന്ന വിധം പുതിയ കാലത്തോട് സംവദിക്കാന്‍ ശ്രമിച്ചതുമൊക്കെയാണ് വി എസിന്റെ രാഷ്ട്രീയപ്രസക്തി. അതേസമയം ഒരു നേതാവിനു യോജിക്കാത്ത രീതിയിലുള്ള അദ്ദേഹത്തിന്റെ പല വാക്കുകളും ചെയ്തികളും വിമര്‍ശിക്കപ്പെടുക തന്നെ വേണം. വിഎസിന്റെ ജന്മശതാബ്ദി ആഘോഷമെല്ലാം കഴിയട്ടെ. പക്ഷെ അദ്ദേഹം ഉയര്‍ത്തിപിടിച്ച മൂല്യങ്ങള്‍ പിന്തുടരാന്‍ രാഷ്ട്രീയത്തില്‍ ആരെങ്കിലുമുണ്ടാകുമോ എന്ന ചോദ്യത്തിനാണ് നാം ഉത്തരം തേടേണ്ടത്. പ്രത്യേകിച്ച് അദ്ദേഹം സജീവരാഷ്ട്രീയം വിട്ടശേഷം നമ്മുടെ രാഷ്ട്രീയരംഗം കൂടുതല്‍ കൂടുതല്‍ ജീര്‍ണ്ണിക്കുകയും അതിനെ ചോദ്യം ചെയ്യാന്‍ കാര്യമായി ആരുമില്ലാത്ത സാഹചര്യം ഉടലെടുത്തിരിത്തുന്ന സമകാലീന സാഹചര്യത്തില്‍…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply