yeswehavelegs – പക്ഷെ
പഴയതുപോലെയല്ല കാര്യങ്ങള്‍. ഇത്തരത്തിലുള്ള കടന്നാക്രമണങ്ങളെ ശക്തിയായി ചെറുക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാരും ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അതുകൊണ്ടാണ് yeswehavelegs എന്ന പ്രഖ്യാപനത്തോടെ നിരവധി പെണ്‍കുട്ടികള്‍ രംഗത്തിറങ്ങുകയും തങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. അപ്പോഴും മറ്റൊരു വിഷയം സൂചിപ്പിക്കാതെ വയ്യ. പല ദളിത് ആക്ടിവിസ്റ്റുകളും സൂചിപ്പിച്ച വിഷയം തന്നെയാണ്. കാലുകള്‍ പ്രദര്‍ശിപ്പിച്ചുള്ള പ്രതിഷേധം ശരിയായിരിക്കുമ്പോഴും എന്തുകൊണ്ടാ കറുപ്പിന്റെ രാഷ്ട്രീയം അവരും തിരിച്ചറിയുന്നില്ല.
സ്വന്തം അഭിപ്രായം ആരുടേയും നിയന്ത്രണമില്ലാതെ ലോകത്തോട് വിളിച്ചു പറയാന്‍ അവസരം നല്‍കുന്നതാണല്ലോ സാമൂഹ്യമാധ്യമങ്ങള്‍. ലക്ഷകണക്കിനുപേര്‍ അതു ചെയ്യുന്നുമുണ്ട്. എന്നാല്‍ അതിനു വിപരീതമായി നിരവധി പേര്‍ ഈ സംവിധാനം ഉപയോഗിക്കുന്നത് വെറുപ്പും അധിക്ഷേപങ്ങളും പ്രചരിപ്പിക്കാനാണ്. അതുതടയാനുള്ള നിയമങ്ങളൊക്കെ ഉണ്ടെങ്കിലും നടപ്പാകുക എളുപ്പമല്ല. മാത്രമല്ല അത്തരം നടപടികള്‍ ഏതൊരവസരത്തിലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു തടയിടുന്നതായി മാറാമെന്ന ആശങ്കയും സ്വാഭാവികമാണ്. വേണ്ടത് സ്വയം നിയന്ത്രണമാണ്. എന്നാല്‍ അത്തരം സംസ്‌കാരത്തിലേക്കെ് അടുത്തൊന്നും മലയാളി എത്താനിടയില്ല.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം അധിക്ഷേപങ്ങള്‍ കാണുന്നത് സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെയാണ്. കേരളത്തില്‍ ്അതേറ്റവും കൂടുതലാണ്. മന്ത്രിമാര്‍ മുതല്‍ രാഷ്ട്രീയനേതാക്കളും നടിമാരും മാധ്യമപ്രവര്‍ത്തകരും ഫെമിനിസ്റ്റുകളെമെല്ലാം നിരന്തരമായി അതിക്രമിക്കപ്പെടുന്നു. അതൊന്നും വേണ്ട, സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു പെണ്‍കുട്ടിയും സ്ത്രീയും ഇത്തരം കപടസദാചാരക്കാരുടെ അധിക്ഷേപങ്ങള്‍ക്കിരയാകുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കണ്ടത്. കാലുകളുടെ ഒരുഭാഗം കാണുന്ന രീതിയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിന്റെ പേരില്‍ ഒരു നടിക്കെതിരെ നടന്ന അധിക്ഷേപങ്ങള്‍. ശരാശരി മലയാളിയുടെ കപടസദാചാരബോധവും ലൈംഗികതയോടുള്ള അനാരോഗ്യകരമായ സമീപനവുമാണ് അവയില്‍ പ്രകടമായത്. എന്നാല്‍ പഴയതുപോലെയല്ല കാര്യങ്ങള്‍. ഇത്തരത്തിലുള്ള കടന്നാക്രമണങ്ങളെ ശക്തിയായി ചെറുക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാരും ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അതുകൊണ്ടാണ് yeswehavelegs എന്ന പ്രഖ്യാപനത്തോടെ നിരവധി പെണ്‍കുട്ടികള്‍ രംഗത്തിറങ്ങുകയും തങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. അതില്‍ നിരവധി നടിമാരും ഉണ്ട്. കേരളത്തെ സംബന്ധിച്ച് മെഗാസ്റ്റാറുകളടക്കമുള്ള നടന്മാര്‍ക്ക് പൊതുവില്‍ യാതൊരു സാമൂഹ്യപ്രതിബദ്ധതയുമില്ലെങ്കിലും നടികള്‍ പൊതുവെ വ്യത്യസ്ഥരാണ്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന ശക്തമായ ഒു വിഭാഗം അവരില്‍ നിന്നുയര്‍ന്നു വന്നിട്ടുണ്ട്. പ്രത്യേകിച്ച് യുവനടിമാര്‍. നടി്‌ക്കെതിരെ നടന്ന അക്രമണത്തിനുശേഷം അവര്‍ക്ക് സംഘടിതമായ രൂപവും വന്നിട്ടുണ്ട്.
അപ്പോഴും മറ്റൊരു വിഷയം സൂചിപ്പിക്കാതെ വയ്യ. പല ദളിത് ആക്ടിവിസ്റ്റുകളും സൂചിപ്പിച്ച വിഷയം തന്നെയാണ്. കാലുകള്‍ പ്രദര്‍ശിപ്പിച്ചുള്ള പ്രതിഷേധം ശരിയായിരിക്കുമ്പോഴും എന്തുകൊണ്ടാ കാലുകളെല്ലാം വെളുത്തവ മാത്രമാകുന്നു എന്നതാണത്? വെളുപ്പും കറുപ്പും പ്രതിനിധാനം ചെയ്യുന്നത് രണ്ടു വിഭാഗങ്ങളെയാണെന്ന പൊതുബോധം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍, വെളുപ്പിനു ദൃശ്യത ലഭിക്കുകയും കറുപ്പിനു കിട്ടാതിരിക്കുകയും ചെയ്യുന്ന സമൂഹത്തിലാണിതു സംഭവിക്കുന്നത്. അതുവഴി കറുപ്പുനിറം മാത്രമല്ല, ആ ജനവിഭാഗവും അദൃശ്യരാക്കപ്പെടുന്നു. yeswehavelegs പ്രതിഷേധത്തെ പഴയ മാറുമറക്കല്‍ പ്രക്ഷോഭവുമായി താരതമ്യം ചെയ്യൂന്ന രീതിയും ശരിയല്ല എന്നവര്‍ വാദിക്കുന്നു. കാരണം ആ പോരാട്ടത്തിന്റെ പ്രധാന ഘടകം ജാതീയവിവേചനമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരായിരുന്നു അവര്‍. എന്നാല്‍ ഇപ്പോള്‍ yeswehavelegs എന്നു പറയുന്നവര്‍, സ്ത്രീകള്‍ എന്ന നിലയില്‍ ആക്ഷേപിക്കപ്പെടുമ്പോഴും ഒരുപാട് പ്രിവിലേജുകള്‍ ഉള്ളവരാണ്.
എന്തായാലും സമകാലികകേരളത്തില്‍ നടക്കുന്ന ഏറ്റവും ശക്തമായ സാസ്‌കാരികപ്രതിരോധമായി കറുപ്പിന്റെ രാഷ്ട്രീയം എന്നു പൊതുവില്‍ പറയാവുന്ന മുന്നേറ്റം മാറുന്നുണ്ട്. വളരെ കുറച്ചുപേര്‍, മുഖ്യമായും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് നടത്തുന്നത്. ഒരേസമയം രണ്ടുവിഭാഗങ്ങള്‍ക്കെതിരെയാണവര്‍ക്ക് പോരടിക്കേണ്ടിവരുന്നത്. ഒന്ന് മൊത്തം സമൂഹത്തില്‍ നിലനില്‍ക്കുന്ന സവര്‍ണ്ണബോധ്യത്തിനെതിര്്. രണ്ട്, പൊതുവില്‍ തങ്ങള്‍ക്കൊപ്പം എന്നു കരുതപ്പെടുന്നവരില്‍ നിന്നുള്ള അവഗണനകളും നിഷേധാത്മകനിലപാടുകളും. ആദ്യത്തെ വിഷയം ഏറെക്കുറെ ഇന്ന് സജീവചര്‍ച്ചയാണ്. എന്നാല്‍ രണ്ടാമത്തേത് അങ്ങനെയല്ല. രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം കലാകാരിയായ യുവതി ശരീരമാസകലം കറുത്ത ചായമണിഞ്ഞ് കേരളം മുഴുവന്‍ യാത്ര ചെയ്ത സംഭവം, ചില സിനിമാ നടികള്‍ കറുത്ത പെയ്ന്റടിച്ച് ഫോട്ടോ ഷൂട്ട് നടത്തിയത്, പല പരസ്യങ്ങള്‍ക്കും കറുത്ത മോഡലുകളായി വെളുത്തവരെ തന്നെ ചായമടിപ്പിച്ചത്, ഉറൂബിന്റെ രാച്ചിയമ്മയായ നടി പാര്‍വ്വതിയെ കറുപ്പിക്കുന്നത് തുടങ്ങി പല സമീപകാല സംഭവങ്ങളും അവര്‍ ചൂണ്ടികാട്ടുന്നു. ഇവരുടെയൊന്നും ഉദ്ദേശശുദ്ധിയില്‍ സംശയിക്കേണ്ടതില്ല. എന്നാല്‍ കറുത്ത പെയ്ന്റടിച്ച് കുറച്ചുസമയമോ ദിവസമോ പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ക്കൊന്നും ഒരു പ്രിലേജും നഷ്ടപ്പെടുകയില്ല, ചിലപ്പോള്‍ കൂടുകയേയുള്ളു. മാത്രമല്ല അതിലൂടെ കറുപ്പിന്റെ പ്രശ്‌നങ്ങളൊന്നും അവര്‍ക്ക് മനസ്സിലാകുകയുമില്ല. അതേസമയം തൊഴില്‍പരമായി നോക്കിയാല്‍ നിറംമാറ്റത്തിലൂടെ മറ്റുള്ളവര്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ ഇവര്‍ കൈവശപ്പെടുത്തുകയുമാണ്. ഈ വിഷയം കൂടി ഉയര്‍ത്തികൊണ്ടുവരുന്നതിലൂടെ മാത്രമേ സമൂഹത്തിന്റെ പൊതു സവര്‍ണ്ണ മൂല്യങ്ങള്‍ക്കെതിരായ മുന്നേറ്റങ്ങള്‍ കരുത്തുനേടൂ.
ഏറെ നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷപ്രസ്ഥാനങ്ങളുമെല്ലാം ഉഴുതുമറിച്ച മണ്ണിലാണ് പെണ്ണായി ജനിച്ചതിന്റേയും കറുത്തുപോയതിന്റെ പേരില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതും നിരന്തരം അധിക്ഷേപിക്കപ്പെടുന്നതും. ഏറ്റവും ഖേദകരമായ കാര്യം സമൂഹം പൊതുവില്‍ ഇവയിലൊന്നും അസ്വാഭാവികത കാണുന്നില്ല എന്നതാണ്. നമ്മുടെ പല ടിവി പരിപാടികളും കണ്ടാല്‍ അക്കാര്യം ബോധ്യപ്പെടും. കറുത്തവരെ മാത്രമല്ല, തടി കൂടിയവരെ, വിഭിന്നശേഷിയുള്ളവരെ, ലൈംഗികന്യൂനപക്ഷങ്ങളെയെല്ലാം അധിക്ഷേപിക്കുമ്പോള്‍ നമ്മുടെയെല്ലാം വീട്ടകങ്ങളില്‍ നിറയുന്ന പൊട്ടിച്ചിരി നല്‍കുന്ന സൂചന മറ്റെന്താണ്? ഇവയൊന്നും നിഷ്‌കളങ്കമായ തമാശയല്ലെന്നും അവക്കുപുറകിലുമുണ്ട് ഒരു രാഷ്ട്രീയമെന്നുമുള്ള തിരിച്ചറിവുപോലുമില്ലാത്തവരാണ് രാഷ്ട്രീയപ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന മലയാളികള്‍ എന്ന യാഥാര്‍ത്ഥ്യമാണ് ഈ സംഭവങ്ങളെല്ലാം പുറത്തുകൊണ്ടുവരുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in