അഗ്നിപഥ് : സവര്‍ണ്ണ ഹിന്ദുത്വ – ഫാസിസ്റ്റ് – സൈനികരാജ്യമായി ഇന്ത്യ മാറുന്നു

സൈന്യത്തേയും ഇന്ത്യന്‍ സമൂഹത്തേയും കൈപിടിയിലൊതുക്കാനുള്ള വളരെ ആസൂത്രിതമായ നീക്കമാണ് അഗ്നിപഥ്. സമരം ചെയ്യുന്ന ചെറുപ്പക്കാര്‍ അതു മനസ്സിലാക്കാത്തത് സ്വാഭാവികമാകാം. എന്നാല്‍ സമരത്തെ പിന്തുണക്കുന്നു എന്നു പറയുന്ന പ്രസ്ഥാനങ്ങളും ഈ ഭീഷണിയെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ല എന്നതാണ് വസ്തുത. കരാര്‍ നിയമനമായതിനാല്‍ സംവരണവും പാലിക്കപ്പെടാനിടയില്ല എന്നതിലൂടെ ഉണ്ടാകാനിട സവര്‍ണ്ണസൈന്യമായിരിക്കുമെന്നതും ആരും ഗൗരവത്തോടെ കാണുന്നില്ല. പാര്‍ലിമെന്റില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നും മറക്കരുത്.

പൗരത്വഭേദഗതി നിയമത്തിനെതിരായും കാര്‍ഷികനിയമങ്ങള്‍ക്കെതിരായും നടന്ന പ്രക്ഷോഭങ്ങള്‍ക്കുശേഷം രാജ്യം മറ്റൊരു പ്രക്ഷോഭത്തിനു സാക്ഷ്യം വഹിക്കുകയാണ്. ആദ്യപ്രക്ഷോഭത്തിലെ മുഖ്യശക്തി മുസ്ലിം ന്യൂനപക്ഷങ്ങളും രണ്ടാമത്തേതിലെ കര്‍ഷകരുമായിരുന്നു എങ്കില്‍ പുതിയ പ്രക്ഷോഭത്തിലെ മുഖ്യശക്തി യുവജനങ്ങളാണ്. ആദ്യരണ്ടുപ്രക്ഷോഭങ്ങളിലും ശക്തമായ രാഷ്ട്രീയമാണ് ഉയര്‍ത്തിയതെങ്കില്‍ ഈ പ്രക്ഷോഭത്തില്‍ പ്രധാനമായും ഉയര്‍ത്തുന്നത് യുവജനങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. എന്നാല്‍ പൗരത്വ – കര്‍ഷക വിഷയങ്ങളോളമോ അതിനേക്കാള്‍ കൂടുതലോ രൂക്ഷമായ രാഷ്ട്രീയമാണ് അഗ്നിപഥിലുളളത്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരെല്ലാം ശക്തമായി രംഗത്തിറങ്ങി പ്രതിരോധിക്കേണ്ട ഒന്നാണ് നീക്കം. ആ നിലയിലേക്ക് ഈ പോരാട്ടം വികസിക്കുമോ എന്നു വരും ദിനങ്ങളില്‍ കാണാനാവും.

19നും 23നും ഇടയില്‍ പ്രായമുള്ള യുവാക്കളെ, 4 വര്‍ഷക്കാലയളവിലേക്ക് 40000 രൂപ കൂലിയില്‍ അഗ്‌നിവീര്‍ എന്ന പേരില്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുക, അതിനു ശേഷം 25ശതമാനം പേരെ നിലനിര്‍ത്തുക, ബാക്കിയുള്ളവര്‍ക്ക് 12ലക്ഷം രൂപ പാരിതോഷികം നല്‍കി പിരിച്ചുവിടുക – ഇതാണ് ചുരുക്കി പറഞ്ഞാല്‍ അഗ്നിപഥ് പദ്ധതി. സാങ്കേതിക പരിശീലനം നേടിയ, ഒഴിവാക്കപ്പെടുന്ന 75% അഗ്‌നിവീരന്മാര്‍. രാജ്യത്തിന്റെ വിവിധങ്ങളായ വ്യവസായിക ഉത്പാദന മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. പ്രക്ഷോഭം ശക്തമായപ്പോള്‍ പിരിച്ചുവിടുന്നവര്‍ക്ക് അര്‍ദ്ധസൈനികവിഭാഗത്തിലും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും പത്തുശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലതൊന്നും പ്രക്ഷോഭകര്‍ അംഗീകരിക്കുന്നില്ല.

ബീഹാര്‍, യു പി പോലുള്ള സംസ്ഥാനങ്ങളിലെ ചെറുപ്പക്കാരുടെ പ്രധാന ലക്ഷ്യം സൈന്യത്തില്‍ ചേരുക എന്നതാണ്. അത് രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു കരുതുന്നത് മൗഢ്യമായിരിക്കും. ബീഹാറിനെപോലുള്ള പിന്നോക്ക സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് താരതമ്യേന എളുപ്പത്തില്‍ കിട്ടാവുന്ന തൊഴിലായതിനാലാണിത്. മാത്രമല്ല, ഇപ്പോഴും ജാതീയതയും അതിക്രമങ്ങളും കൊടികുത്തി വാഴുന്ന അവിടത്തെ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരു പരിധിവരെയെങ്കിലും അന്തസ്സും അഭിമാനവും ഈ തൊഴിലിലൂടെ ലഭിക്കുന്നു. കൂടാതെ സൈനികസേവനത്തിനുശേഷം പെന്‍ഷനും മറ്റു തൊഴില്‍ സാധ്യതകളും. കൊവിഡ് കാലത്ത് നിയമനങ്ങളൊന്നും നടന്നട്ടില്ല. നിരവധി പേരാണ് മറ്റെല്ലാ നടപടികളും പൂര്‍ത്തിയാക്കി പരീക്ഷയെഴുതാന്‍ തയ്യാറായിരിക്കുന്നത്. ഇവരെ അതിനു തയ്യാറാക്കുന്ന നിരവധി കോച്ചിംഗ് സെന്ററുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് അഗ്നിപഥ് പ്രഖ്യാപനം വന്നത്. സ്വാഭാവികമായും അതിനെതിരെ യുവജനരോഷം കു്ത്തിയൊഴുകാതിരിക്കുമോ? റെയില്‍വേയിലും സമീപകാലത്ത് കാര്യമായ നിയമനം നടക്കാത്തതിനാലാവാം സമരം മുഖ്യമായും തീവണ്ടികള്‍ക്കെതിരെ തിരിഞ്ഞത് എന്നു കരുതാം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമരത്തിനു പുറകില്‍ കോച്ചിംഗ് സെന്ററുകളാണെന്നാണ് കേന്ദ്രവാദം. അവക്കെതിരെ നടപടികളാരംഭിച്ചിട്ടുണ്ട്. എന്നാല്‍ സമരം അതിവേഗത്തില്‍ രാജ്യവ്യാപകമാകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. മിക്കയിടത്തും അക്രമസമരമാണ് നടക്കുന്നത്. അഗ്നിപഥ് എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ അഗ്നിനാളങ്ങളാണ് എങ്ങുമുയരുന്നത്. അഖിലേന്ത്യാബന്ദടക്കം പ്രഖ്യാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഒരു പാര്‍ട്ടിയുടേയും പിന്തുണയോടെയല്ല സമരമാരംഭിച്ചതെങ്കിലും മിക്കവാറും പ്രതിപക്ഷകക്ഷികള്‍ പിന്തുണയുമായി രംഗത്തെത്തികഴിഞ്ഞു. എന്തിനേറെ, ബീഹാര്‍ ഭരിക്കുന്ന എന്‍ഡിഎയിലെ ഘടകകക്ഷി കൂടിയായ ജെ ഡി യുപോലും ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പമല്ല.

തുടക്കത്തില്‍ പറഞ്ഞപോലെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് ചെറുപ്പക്കാരെ രംഗത്തിറക്കിയിരിക്കുന്നത്. ഇത്ര ശക്തമായ പ്രക്ഷോഭം കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിട്ടുമില്ല. വളരെ ആസൂത്രിതമായ ഒരു രാഷ്ട്രീയനീക്കമായിരുന്നു അവരുടേത്. അതിനാണ് പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതിരോധം ഉണ്ടായിരിക്കുന്നത്. അങ്ങേയറ്റം സൈനികവത്കൃതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണല്ലോ ഇന്നു രാജ്യം ഭരിക്കുന്നത്. അധികാരത്തിലെത്തിയതുമുതല്‍ ഓരോരരോ ഭരണകൂട സ്ഥാപനങ്ങളേയും ഹിന്ദുത്വവല്‍ക്കരിക്കാനുളള നീക്കങ്ങളാണ് സംഘപരിവാര്‍ നടത്തികൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ചരിത്രസ്ഥാപനങ്ങളുമെല്ലാം അതിലുള്‍പ്പെടുന്നു. സിലബസും ചരിത്രവുമെല്ലാം മാറ്റിയെഴുതുന്നു. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതും പൗരത്വഭേദഗതിയുമൊക്കെ അതിന്റെ തുടര്‍ച്ചയായ രാഷ്ട്രീയ തീരുമാനങ്ങളായിരുന്നു. മറുവശത്ത് ബീഫിന്റെ പേരിലും എഴുത്തിന്റെ പേരിലും നിലപാടുകളുടെ പേരിലുമെല്ലാം കൊലപാതകങ്ങള്‍ നടക്കുന്നു. കൂടുതല്‍ പളളികള്‍ തകര്‍ക്കാനുള്ള നീക്കം നടക്കുന്നു. മുസ്ലിമിനെ ശത്രുവായി അവരോധിച്ച്, വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നു. ഭരണകൂടസ്ഥാപനങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകര്‍ക്കുന്നു, ഭീകരനിയമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു, ജുഡീഷ്യറിയെപോലും കാവിവല്‍ക്കരിക്കുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ഈ തീരുമാനവും. സൈന്യത്തേയും ഹിന്ദുത്വവല്‍ക്കരിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെ ലക്ഷ്യം. ഒപ്പം ഇന്ത്യന്‍ സമൂഹത്തെയാകേയും. ഇക്കാര്യം തിരിച്ചറിഞ്ഞല്ല സമരം നടക്കുന്നതെങ്കിലും പ്രതീക്ഷിക്കാത്ത പ്രഹരമാണ് സംഘപരിവാറിന് ഇതിലൂടെ ഏറ്റിരിക്കുന്നത്.

എല്ലാ ഫാസിസ്റ്റ് ഭരണാധികാരികളും സൈന്യത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കാറുണ്ട്. മറുവശത്ത് നമ്മുടെ അയല്‍പക്കങ്ങളിലടക്കം നിരവധി സൈനിക അട്ടിമറികളും നടന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പൊതുവില്‍ ഈ രണ്ടവസ്ഥകളും ഇതുവരെ ഉണ്ടായി എന്നു പറയാനാകില്ല. ജനാധിപത്യ ഘടനക്കു കീഴില്‍ തന്നെയാണ് ഇന്നോളം സൈന്യം പ്രവര്‍ത്തിച്ചിട്ടുള്ളു. അതിനുള്ള ദീര്‍ഘദൃ8ഷ്ടി നമ്മുടെ രാഷ്ട്രീയ മുന്‍ഗാമികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആ അവസ്ഥയാണ് അട്ടിമറിക്കപ്പെടാന്‍ പോകുന്നത്. മൂന്നു സൈന്യത്തിനും കകൂടി ഒരു മേധാവി എന്ന മോദിസര്‍ക്കാരിന്റെ തീരുമാനം വന്നപ്പോള്‍ തന്നെ അത് സൈന്യത്തെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നല്ലോ. ഇപ്പോഴിതാ അതില്‍ നിന്നു കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണ്. അഗ്നിപഥിലൂടെ കരാറടിസ്ഥാനത്തില്‍ സൈന്യത്തിലേക്ക് എടുക്കാന്‍ പോകുന്നവര്‍ ആരായിരിക്കും എന്നു മനസ്സിലാക്കാന്‍ വലിയ സാമാന്യരാഷ്ട്രീയജ്ഞാനം മാത്രം മതി. നാലുവര്‍ഷത്തിനുശേഷം അവരില്‍ കാല്‍ഭാഗം പേര്‍ തുടരും. ഈ തുടരുന്ന ‘മിടുക്കര്‍’ ആരായിരിക്കും, എന്തായിരിക്കും അവരുടെ കടമ എന്നതു വ്യക്തമാണ്. അത് സൈന്യത്തെ പടിപടിയായി സംഘിവല്‍ക്കരിക്കലല്ലാതെ മറ്റെന്ത്? ഇതോടൊപ്പം സൈന്യത്തില്‍ പ്രത്യേക റെജിമെന്റുകളെല്ലാം നിര്‍ത്താന്‍ പോകുകയുമാണ്. ഫലത്തില്‍ ഏതാനും വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സേന, കാവിസേനയായി മാറുമെന്നതില്‍ സംശയം വേണ്ട. അപ്പോഴും രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുകയും മറ്റേതെങ്കിലും പാര്‍ട്ടി അധികാരത്തില്‍ വരുകയും ചെയ്യുമെങ്കില്‍ സൈനിക അട്ടിമറിക്കും ഇന്ത്യ സാക്ഷ്യം വഹിക്കില്ല എന്ന് എന്താണുറപ്പ്?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ ഒരുവെടിക്ക് രണ്ടുപക്ഷി എന്നതാണ് ഈ നീക്കത്തിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. സൈന്യത്തെ മാത്രമല്ല, തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ഇന്ത്യന്‍ സമൂഹത്തിന്റെ സംഘിവല്‍ക്കരണത്തേയും ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യവും അഗ്നിപഥിനുണ്ട്. നാലുവര്‍ഷത്തെ സേവനത്തിനും പിരശീലനത്തിനും ശേഷം തിരിച്ചുവരുന്നവരില്‍ നിന്നു സംഘപരിവാര്‍ പ്രതീക്ഷിക്കുന്നത് എന്താണെന്നു തിരിച്ചറിയാനും സാമാന്യബോധം ധാരാളമല്ലേ? ഇന്ത്യന്‍ സമൂഹത്തെ സംഘിവല്‍ക്കരിക്കുന്നതില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ നേതൃത്വം നല്‍കാന്‍ പോകുന്നത് ഇവരായിരിക്കില്ലേ? ആയുധപരിശീലനം നേടിയ സേനയെതന്നെ വാര്‍ത്തെടുക്കാന്‍ ഇവരെ ഉപയോഗിക്കില്ല എന്ന് എന്താണുറപ്പ്? പഞ്ചാബില്‍ പണ്ട് ഖാലിസ്ഥാന്‍വാദികള്‍ക്ക് മുന്‍പട്ടാളക്കാര്‍ പരിശീലനം നല്‍കിയിരുന്നല്ലോ. ആ മാതൃക സംഘപരിവാര്‍ ഉപയോഗിക്കാതിരിക്കില്ല എന്നു വിശ്വസിക്കാനാവുമോ? രാജ്യമാകെ സംഘപരിവാറിന്റെ അനൗദ്യോഗിക സൈന്യം രൂപപ്പെടുമെന്നതായിരിക്കും ഇതിന്റെ അനന്തരഫലം. അവരുടെയെല്ലാം ലക്ഷ്യം എന്താണെന്നും ആരാണെന്നും വിശദീകരിക്കേണ്ടതില്ലല്ലോ.

വാസ്തവത്തില്‍ സൈനികമേഖലയിലേക്കുള്ള ആര്‍എസ്എസ് റിക്രൂട്ട്മെന്റ് മുമ്പേ ആരംഭിച്ചിട്ടുണ്ട് ഏന്നതാണ് യാഥാര്‍ത്ഥ്യം.. ഉത്തര്‍പ്രദേശില്‍ ബുലന്ദ്ഷഹര്‍ ജില്ലയിലെ ശിക്കാര്‍പൂരില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് ആയിരുന്ന ‘രജ്ജു ഭയ്യ’ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ‘രജ്ജു ഭയ്യാ സൈനിക് വിദ്യാ മന്ദിര്‍’ ഈ ലക്ഷ്യത്തോടെ നിലനില്‍ക്കുന്ന സ്ഥാപനമാണ്. ഇത്തരത്തിലുള്ള ആര്‍എസ്എസ് സഞ്ചാലിത സൈനിക വിദ്യാലയങ്ങള്‍ രാജ്യത്തെമ്പാടും ആരംഭിക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. മറുവശത്ത് കുട്ടികളെ ബാല്യം മുതലെ ആശയപരമായി സംഘിവല്‍ക്കരിക്കുന്ന വിദ്യാലയങ്ങള്‍ രാജ്യമാകെ നിലനില്‍ക്കുന്നുണ്ടല്ലോ. അവക്കെല്ലാം ഊര്‍ജ്ജം പകരലായിരിക്കും നാലുവര്‍ഷം കഴിഞ്ഞ് പുറത്തുവരാന്‍ പോകുന്ന അഗ്നിവീരന്മാര്‍ ചെയ്യാന്‍ പോകുന്നത്.

ചുരുക്കത്തില്‍ സൈന്യത്തേയും ഇന്ത്യന്‍ സമൂഹത്തേയും കൈപിടിയിലൊതുക്കാനുള്ള വളരെ ആസൂത്രിതമായ നീക്കമാണ് അഗ്നിപഥ്. സമരം ചെയ്യുന്ന ചെറുപ്പക്കാര്‍ അതു മനസ്സിലാക്കാത്തത് സ്വാഭാവികമാകാം. എന്നാല്‍ സമരത്തെ പിന്തുണക്കുന്നു എന്നു പറയുന്ന പ്രസ്ഥാനങ്ങളും ഈ ഭീഷണിയെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ല എന്നതാണ് വസ്തുത. കരാര്‍ നിയമനമായതിനാല്‍ സംവരണവും പാലിക്കപ്പെടാനിടയില്ല എന്നതിലൂടെ ഉണ്ടാകാനിട സവര്‍ണ്ണസൈന്യമായിരിക്കുമെന്നതും ആരും ഗൗരവത്തോടെ കാണുന്നില്ല. പാര്‍ലിമെന്റില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നും മറക്കരുത്. ഒരു സവര്‍ണ്ണ ഹിന്ദുത്വ – ഫാസിസ്റ്റ് – സൈനികരാജ്യമായി ഇന്ത്യ മാറുന്നു എന്ന പച്ചയായ യാഥാര്‍ത്ഥ്യത്തിന്റെ പ്രഖ്യാപനമല്ലാതെ മറ്റൊന്നുമല്ല അഗ്നിപഥ് എന്നര്‍ത്ഥം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply