‘റാംജി റാവു സ്പീക്കിങ്ങി’ലെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ – അരവിന്ദ് വി എസ്
റാംജി റാവു സ്പീകിംഗ് എന്ന സിനിമയുടെ ആരംഭ രംഗങ്ങള്‍ തികഞ്ഞ രാഷ്ട്രീയ കൃത്യതയോടെയും നിലപാടുകളോടെയും ഉരുത്തിരിഞ്ഞതാണെന്നത് തിരിച്ചറിയുന്നത് പുതിയൊരു കാലത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. വിനോദോപാധി ആയതുകൊണ്ട് തന്നെ ഒരു സിനിമയില്‍ നിന്നും രാഷ്ട്രീയമില്ലാതാകുന്നില്ല. സംവിധായകന്‍ സിദ്ദിഖിന്റെ ഓര്‍മകളില്‍ അദ്ദേഹവും ലാലും ചേര്‍ന്ന ആദ്യ സംവിധാന സംരംഭമായ ‘റാംജി റാവു സ്പീക്കിങ്ങിനെക്കുറിച്ചുള്ള പഴയ കുറിപ്പ് പങ്കുവക്കുന്നു.
റാംജി റാവു സ്പീക്കിങ് എന്ന സിനിമയില്‍ ഒരു രാഷ്ട്രീയ ചര്‍ച്ച സംഭവിക്കുന്നത് എങ്ങനെയാണെന്ന ചോദ്യം വളരെ സ്വാഭാവികമായും എല്ലാവരിലും ഉരുത്തിരിയാനുള്ള സാധ്യതയുണ്ട്. അത് സമൂഹത്തിലെ ജാതിയെക്കുറിച്ചുള്ള അടയാളപ്പെടുത്തളിലൂടെയാണ്. ജാതിയുടെ അടയാളപ്പെടുത്തല്‍ എന്നതിനേക്കാള്‍ ജാതി അധീശത്വത്തെ അടയാളപ്പെടുത്തി എന്നതാവും അതിന്റെ സവിശേഷത. പി കെ റോസി എന്ന മലയാള സിനിമയിലെ ആദ്യത്തെ നായികയെ കൂട്ടം ചേര്‍ന്ന് തല്ലിയൊടിച്ച ജാതി വെറിയന്‍ സിനിമ പാരമ്പര്യത്തെ പൂര്‍ണമായും തിരസ്‌കരിക്കുന്നതല്ലെങ്കിലും അതില്‍ നിന്നൊരല്പം മാറി സഞ്ചരിക്കുന്നു എന്ന സവിശേഷത ഈ സിനിമക്കുണ്ട്. 1980 കള്‍ക്ക് ശേഷം ഉയര്‍ന്നുവന്ന കരയോഗം കേന്ദ്രീകൃത സിനിമകള്‍ക്കെതിരെ ഒരു പ്രതിരോധം എന്ന രീതിയിലാണ് കൊച്ചി കേന്ദ്രീകൃത മലയാള സിനിമ ഉയര്‍ന്ന വന്നത് എന്നതിന്റെ ആദ്യത്തെപ്രത്യക്ഷ ലക്ഷണം കൂടി ആയിരിക്കാം ഇത്. ഇപ്പോഴും കരയോഗം മലയാളം സിനിമക്കെതിരെ സംസാരിക്കുന്നത് കൊച്ചി കേന്ദ്രീകൃത സിനിമകള്‍ ആണെന്നതിന്റെ അക്കാലത്തെ ഉദാഹരണമായിരുന്നു റാംജി റാവു സ്പീക്കിങ്. Political slogans in ‘Ramji Rao speaking’ directed by Siddique and Lal
കഥാപരിസരം
ഹിന്ദുസ്ഥാന്‍ കെമിക്കല്‍ക്‌സില്‍ ബാലകൃഷ്ണന് അവകാശപ്പെട്ട ജോലി ഒരു ശിവശങ്കരപണിക്കരുടെ മകള്‍ അവകാശപ്പെടുന്നതാണ് സിനിമയുടെ തുടക്കം. ഇവിടെ പ്രധാനപ്പെട്ട വസ്തുത അല്ലെങ്കില്‍ നമ്മള്‍ ശ്രദ്ധിക്കാത്ത വസ്തുത ആരുടെ ജാതി സ്വത്വമാണ് ഇവിടെ പുറത്താകുന്നത് എന്നാണ്.
തീര്‍ച്ചയായും ശിവശങ്കരപ്പണിക്കരുടെ മകളുടെ ജാതി സ്വത്വം മാത്രമേ അവിടെ പുറത്താകുന്നുള്ളു. നായകനായ ബാലകൃഷ്ണന്റെ ജാതി സ്വത്വം ഏതെങ്കിലും സീനില്‍ വരുന്നുണ്ടോ എന്ന് നമ്മള്‍ ആലോചിച്ചുനോക്കൂ. ഞാന്‍ ഉറപ്പായും വ്യക്തമാക്കുന്നു അയാള്‍ ഒന്നില്ലെങ്കില്‍ ഒരു ഈഴവനോ അല്ലെങ്കില്‍ ഒരു ദളിതനോ ആണ്.എന്തായാലും അയാള്‍ ഒരു സവര്ണനല്ലെന്നും അയാളേക്കാള്‍ അധികാരം ഹിന്ദുത്വം തനിക്ക് ദൈവികമായി ഈ സമൂഹത്തില്‍ അനുവദിച്ചു തരുന്നുണ്ടെന്നും ശിവശങ്കരപ്പണിക്കരുടെ മകള്‍ക്ക് ഉറച്ച ബോധ്യം ഉണ്ട്. അതിന്റെ പ്രകടനം ആ സിനിമയുടെ തുടക്കത്തില്‍ മുഴുവനും നിഴലിച്ച് നില്‍ക്കുന്നുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ബാലകൃഷ്ണന് ഏല്‍ക്കുന്ന വിവേചനമാണ് സിനിമയുടെ ആദ്യത്തെ സീനില്‍ തന്നെ കാണാനാകുക. വ്യക്തമാക്കാന്‍ അഭിമാനിക്കാവുന്ന ഒരു ജാതി സ്വത്വമുള്ള വ്യക്തികള്‍ക്കും അതില്ലാത്തവര്‍ക്കും സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പരിഗണനയുടെ വ്യത്യാസങ്ങളാണ് റാംജി റാവു സ്പീക്കിങ് എന്ന സിനിമയിലെ ആദ്യ രംഗങ്ങള്‍ ദൃശ്യവത്കരിക്കുന്നത്. ഓരോ ഉദ്യോഗസ്ഥരോടും സവര്‍ണ ജാതീ അസ്തിത്വമില്ലാത്ത നായകന്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന പുച്ഛം നമുക്ക് സുപരിചിതമാണ്. രണ്ടു മൂന്ന് ഉദ്യോഗസ്ഥര്‍ തട്ടിക്കളിച്ചു കഴിയുമ്പോള്‍ ”അതെ എനിക്കറിയാമ്പാലിഞ്ഞാട്ടു ചോദിക്കുകയാണ് നിങ്ങള്‍ എന്താ ആളെ കളിയാകുകയാണോ?” എന്ന് ബാലകൃഷ്ണന് ക്ലാര്‍ക്കിനോട് ചോദിക്കുന്ന ഒരു രംഗമുണ്ട്. തുടര്‍ന്ന് നിരാശനായി അയാള്‍ ആ ഓഫിസില്‍ ഒച്ചവെക്കുകയാണ്.
ആറുകൊല്ലമായി തനിക്ക് അവകാശപ്പെട്ട തൊഴിലിനായി ആവശ്യമുന്നയിച്ച് അയാള്‍ കമ്പനിയുടെ പടി കയറി ഇറങ്ങുന്നു എന്ന് സിനിമ വ്യക്തമാക്കുന്നു. ഇതുവരെ തന്നെയോ തന്റെ വീട്ടുകാരെയോ ഒരുവാക്കുപോലും തന്റെ നിയമനത്തെക്കുറിച്ചു ഈ സ്ഥാപനം അറിയിച്ചിട്ടില്ലെന്നും മര്യാദയുള്ള ഒരു വാക്കുപോലും അറിയിച്ചിയിട്ടില്ലെന്നും ബാലകൃഷ്ണന്‍ ഒച്ചയുര്‍ത്തി പറയുമ്പോള്‍ നിങ്ങളുടെ സ്‌കോളര്ഷിപ്പിന്റെയോ വീട് പണിയാനുള്ള സര്‍ക്കാര്‍ ധനസഹയത്തിന്റെയോ അല്ലെങ്കില്‍ പി.എസ്.സി നിയമനത്തിന്റെയോ ഒന്നും ഔദ്യോഗിക അറിയിപ്പുകള്‍ ലഭ്യമാകാത്ത തരത്തിലുള്ള ഭരണകൂട വിവേചനത്തിന്റെ ഓര്‍മ്മകള്‍ നമുക്കുണ്ടെന്ന് ഓരോ പിന്നോക്ക സാമുദായിക സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും അറിയാമായിരിക്കും. അത് പറഞ്ഞുകൊണ്ട് ഓര്‍മിപ്പിക്കട്ടെ തീര്‍ച്ചയായും ബാലകൃഷ്ണന്‍ നമ്മുടെ അനുഭവങ്ങളോട് താദാത്മ്യം പ്രാപിക്കുന്ന ഒരു കഥാപാത്രമാണ്. അറിഞ്ഞോ അറിയാതെയോ കഥാകൃത്ത് സിദ്ദിക്കിന്റെയും ലാലിന്റെയും ദലിത് സുഹൃത്തുക്കളുടെ ഓര്‍മ്മകളിലുള്ള അനുഭവങ്ങളായിരിക്കാം ഇതെന്ന് ഞാന്‍ ഊഹിക്കട്ടെ.
ബാലകൃഷ്ണന്‍ ഒരു ദുര്‍ബലനായ ദളിതനല്ലെന്നും തന്നെ വിവേചനം ചെയ്തു മറ്റുള്ളവര്‍ക്ക് നിയമനം കൊടുത്ത എല്ലാവരെയും കോടതി കയറ്റും എന്ന് പറയുമ്പോള്‍ ആണ് ഉന്നത ഉദ്യോഗസ്ഥന്‍ ആദ്യമായി സീനിലേക്ക് വരുന്നത് എന്നും നമ്മള്‍ ശ്രദ്ധിക്കണം. ഉന്നത ഉദ്യോഗസ്ഥനായ ശങ്കരാടി വന്നിട്ടാണ് തുടര്‍ന്ന് സംസാരം നടക്കുന്നത്.
തുടര്‍ന്ന് ശങ്കരാടി വ്യക്തമാക്കുന്നത് ബാലകൃഷ്ണനെന്റെ അച്ഛനോടൊപ്പം മരിച്ച ഒരു ശിവശങ്കല്‍പ്പണിക്കരുടെ മകള്‍ക്കാണ് ആദ്യത്തെ പരിഗണന എന്നാണ്. അത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നൊന്നും ശങ്കരാടിയുടെ കഥാപാത്രം സൂചിപ്പിക്കുന്നില്ല, മറിച്ചു തന്റെ പിതാവായ പീതാംബരനാണ് ആദ്യം മരണപ്പെട്ടതെന്നും അതുകൊണ്ട് ശിവശങ്കരപണിക്കരുടെ മകളേക്കാള്‍ തനിക്കാണ് ജോലിക്ക് അവകാശമെന്ന് ബാലകൃഷ്ണന്‍ അറിയിക്കുമ്പോഴും ഉന്നത ഉദ്യോഗസ്ഥനായ ശങ്കരാടിക്ക് വലിയ കുലുക്കമില്ല. പകരം മരണത്തിലുമുണ്ടോടോ സീനിയോറിറ്റി എന്നാണ് അയാള്‍ ചോദിക്കുന്നത്. പക്ഷെ ശിവശങ്കരപ്പണിക്കരുടെ മകള്‍ക്ക് കിട്ടുന്ന സീനിയോറിറ്റിയുടെ അളവ്‌കോല്‍ എന്താണെന്ന് തീരുമാനിക്കാനുള്ള അവസരം തിരക്കഥാകൃത്ത് പ്രേക്ഷകര്‍ക്ക് നല്‍കുകയാണ്. സത്യത്തില്‍ അത് പണിക്കര്‍ എന്ന ജാതിയുടെ പ്രിവിലേജ് ആണെന്ന് പറയാതെ പറയുകയാണ് കഥാകൃത്തുക്കളായ സിദ്ദിക്കും ലാലും. തുടര്‍ന്ന് ബാലകൃഷ്ണന് നീതി നിഷേധിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടാലും ശങ്കരാടിയുടെ കഥാപാത്രം കുലുങ്ങുന്നില്ല. തന്റെ ഉന്നത ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കാം എന്നാണ് അയാളുടെ കഥാപാത്രം ഗോപാലകൃഷ്ണ്ണനോട് പറയുന്നത്. തനിക്ക് നീതി ലഭിക്കും എന്ന സന്തോഷത്തില്‍ തിരികെ പോകുന്ന ബാലകൃഷ്ണനെ വിവേചനം ചെയ്യാനാണ് ശങ്കരാടിയുടെ കഥാപാത്രം ശ്രമിക്കുന്നത്.
ബാലകൃഷ്ണന്‍ പല തവണ വിവേചനം ചെയ്യപ്പെട്ടു എന്ന് അയാള്‍ക്ക് തികഞ്ഞ ബോധ്യമുണ്ടായിട്ടും അയാള്‍ പണിക്കരുടെ മകള്‍ക്ക് വേണ്ടി ഇടപെടുകയാണ്.. പിന്നീട് വരുന്ന സീനുകളില്‍ നായികയായ ശിവശങ്കരപ്പണിക്കരുടെ മകളോട് ബാലകൃഷ്ണന് അവകാശപ്പെട്ട ജോലി കാലങ്ങളായി പല ആളുകളും തട്ടിയെടുത്തു എന്ന് അയാള്‍ പറയുന്നുണ്ട്. അവസാനം ശിവശങ്കരപ്പണിക്കരുടെ മകള്‍ റാണിക്ക് തന്നെയാണ് ആ ജോലി ലഭിക്കുന്നത് എന്നതാണ് അതിപ്രധാനമായ കാര്യം. പലപ്പോഴും ഓഫീസിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ റാണി എന്ന പണിക്കരുടെ മകള്‍ക്ക് നല്‍കുന്ന പരിഗണ ഇവിടെ എടുത്ത് സൂചിപ്പിക്കേണ്ടതാണ്. റാണിക്ക് ജോലി കിട്ടിയതിന്റെ മധുരം വിതരണം ചെയ്യാന്‍ പോകുന്ന പിയൂണും, ബാലകൃഷ്ണനോട് അപമര്യാദയായി പെരുമാറുന്ന പ്യൂണും മറ്റ് ഉദ്യോഗസ്ഥരും നമ്മള്‍ ശ്രദ്ധിച്ചു പോകേണ്ടതുണ്ട്. ഇതെല്ലം ബാലകൃഷ്ണനും റാണിക്കും കിട്ടുന്ന പരിഗണകളിലെ വ്യാത്യാസങ്ങളാണ് അത്. അന്നത് പക്ഷെ ജാതി വിവേചനമാണെന്ന് നമുക്കാര്‍ക്കും തോന്നിയിട്ടില്ല. ബാലകൃഷ്ണന്റെ ജാതി എന്താണെന്നോ അയാളുടെ സാമൂഹിക പരിസരം എന്താണെന്നോ ആ സിനിമയില്‍ വ്യക്തമാക്കുന്നില്ല. എനിക്കുറപ്പാണ് നായികയായ ശിവശങ്കരപ്പണിക്കരുടെ മകളുടെ ജാതി വ്യക്തമാക്കുമ്പോള്‍ വിവേചനനിത്തിരിരയാകുന്ന ആളുടെ ജാതി വ്യക്തമാക്കാതിരിക്കുന്നത് ഒറ്റ കാരണം കൊണ്ടാണ്. അത് ജാതി അധീശത്വവും വിവേചനവും കൊണ്ട് നടക്കുന്നവര്‍ ആരാണെന്നുള്ള തികഞ്ഞ ബോധ്യം കഥാകൃത്തിനു ഉള്ളതുകൊണ്ടാണ്. അത് സവര്‍ണ്ണര്‍ മാത്രമാണ്. ജാതി കൊണ്ടുനടക്കുന്നത് ഹിന്ദുത്വത്തിന്റെ അക്രമണമേല്‍ക്കുന്ന ദളിതുകളോ ആദിവാസികളോ മുസ്ലിങ്ങളോ മറ്റു പിന്നോക്ക സമുദായങ്ങളിലുള്ളവരോ അല്ല. മറിച്ച് സവര്‍ണരാണെന്നാണ് സിനിമയുടെ കഥാ പരിസരം വ്യക്തമാക്കുന്നത്.
അഭിമാനമായി ജാതി സ്വത്വം കൊണ്ട് നടക്കുന്നവരെയും അതിന്റെ അടിസ്ഥാനത്തില്‍ അധിക പരിഗണ കിട്ടുന്നതിനെയുമാണ് സിനിമ ചൂണ്ടിക്കാട്ടുന്നത്. പ്രവേശന രംഗത്തില്‍ തന്നെ നായികയായ ശിവശങ്കരപ്പണിക്കരുടെ മകള്‍ക്കുള്ള അധികാരം നമുക്ക് സുപരിചിതമാണ്. ദരിദ്രയായിട്ടു കൂടി ആ കഥാപാത്രത്തിനുള്ള അധികാരമാണ് ജാതി നല്‍കുന്ന സവിശേഷ അധികാരം. ആദ്യം ജോലി ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ റാണി ബാലകൃഷ്ണനോട് താമസ സ്ഥലത്ത് വന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. റാണി വിചാരിച്ചാല്‍ ഹിന്ദുസ്ഥാന്‍ കെമിക്കല്‍സില്‍ പലതും നടക്കുമെന്ന് റാണി പറയുന്നത് മറ്റൊരു അധികാരവും ഇല്ലാഞ്ഞിട്ടാണ് എന്ന് നമ്മള്‍ മറക്കരുത്. രണ്ടാമത്തെ തവണ അവര്‍ ബാലകൃഷ്ണനോട് പണമാണ് ആവശ്യപ്പെടുന്നത് അപ്പോഴും അവരുടെ അധികാരത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല എന്നത് മനസിലാക്കണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിന്നോക്കക്കാരനായ ഒരു പുരുഷനേക്കാള്‍ അധികാരവും സ്വീകാര്യതയും സവര്ണത ഒരു സ്ത്രീക്ക് നല്‍കും എന്നാണ് സിനിമ ചിത്രീകരിക്കുന്നത്. ഒരു ഉദാഹരണത്തിന് വേണമെങ്കില്‍ സരിത നായരെയും സ്വപ്ന നായരെയും രശ്മി നായരെയും സീരിയല്‍ കില്ലര്‍ ജോളിയെ പോലെയുള്ള സവര്‍ണ സ്ത്രീകളെ ചൂണ്ടിക്കാട്ടാവുന്നതാണ്. എത്ര സംശയകരമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പോലും സവര്‍ണ്ണ സ്ത്രീകള്‍ക്ക് കിട്ടുന്ന സ്വീകാര്യത വ്യത്യസ്തമാണ്.
പി വിജയന്റെയും ഉമ്മന്‍ചാണ്ടിയുടെയും എല്ലാം ചെവിയില്‍ രഹസ്യങ്ങള്‍ മന്ത്രിക്കാന്‍ തക്ക രീതിയില്‍ സ്വപ്ന നായര്‍ക്കും സരിത നായര്‍ക്കും സ്വീകാര്യതയുണ്ടാകും , എന്നാല്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തോളമായി വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി സമരം ചെയ്യുകയാണെന്നും അവരുടെ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെടാന്‍ ഇടതുപക്ഷത്തിലെ ഒരു ദളിത് ആദിവാസി നേതാവിനും സാധിക്കില്ല. അതാണ് സാമൂഹിക അധികാരത്തിലെയും സ്വീകാര്യതയിലെയും വ്യത്യാസം. സര്‍ക്കാരിന്റെ നയപരമായ കാര്യമായ ലൈഫ് മിഷനില്‍ വരെ ഇടപെടല്‍ നടത്താനും കൈക്കൂലി പറ്റാനും അത് വിളിച്ചുപറയാനും ഒരു സവര്‍ണ സ്ത്രീക്ക് കഴിയും എന്നാല്‍ തങ്ങളുടെ സമുദായത്തിലെ വിദ്യാര്‍ത്ഥികളുടെ അവകാശ സമരത്തില്‍ ഇടപെടാനായി സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഈ സംഘടനയിലെ ദളിത് നേതാക്കന്മാര്‍ക്ക് കഴയില്ല. അയ്യന്കാളിയെ അപമാനിച്ചതിനെതിരെ പ്രസ്താവനയിറക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല. ഈ അധികാരം തന്നെയാണ് സിനിമയുടെ ആദ്യരംഗങ്ങള്‍ വ്യക്തമാകുന്നത്.
പ്രവേശന രംഗത്തില്‍ തന്നെ നായികയായ ശിവശങ്കരപ്പണിക്കരുടെ മകള്‍ക്കുള്ള അധികാരം ഉറപ്പിക്കുന്ന മറ്റൊരു രംഗം വ്യക്തമാക്കാം.അത് കഥാകൃത്തും സംഘവും സവര്‍ണ്ണതയുടെ പ്രകടനത്തെ അപമാനിക്കുന്ന ഒരു രംഗം കൂടിയാണ്. ആദ്യ രംഗത്ത് ശിവശങ്കരപ്പണിക്കരുടെ മകളോട് മുകേഷിന്റെ കഥാപാത്രമായ രാമകൃഷ്ണന്‍ പേര് ചോദിക്കുന്നുണ്ട്. സ്വന്തം അധികാരം കാണിച്ചുകൊണ്ട് അവര്‍ പേര് പറയായാതിരിക്കുമ്പോള്‍ മുകേഷിന്റെ കഥാപാത്രം അവരോട് പറയുന്നത് ”ക്ഷമിക്കണം മോശപ്പെട്ട പേരാണല്ലേ? പുറത്ത് പറയാന്‍ പറ്റാത്ത പേരാണെങ്കില്‍ പറയണ്ട” എന്ന് പരിഹാസ രൂപേണ പറയുന്നു. പക്ഷെ സത്യത്തില്‍ മുകേഷിന് നായിക ശിവശങ്കരപ്പണിക്കരുടെ മകളാണെന്ന് ഉറപ്പുണ്ട് എന്ന വസ്തുത ഓര്‍ക്കുമ്പോള്‍ ഉറപ്പായും അവര്‍ ആ ജാതിവാല്‍ പേരിനോടോപ്പം ചേര്‍ക്കും എന്ന് അയാളുടെ കഥാപാത്രം ഊഹിക്കുന്നതായി സത്യത്തില്‍ തിരക്കഥകൃത്തുക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ആ സ്ത്രീയുടെ ജാതിവാലിനെ മുന്‍പേ അപഹസിക്കുന്നത്. ഉറപ്പായും അവളത് പറയും എന്ന് നമുക്കറിയാം.
അരവിന്ദ് വി എസ്
ഇത്തരത്തില്‍ റാംജി റാവു സ്പീകിംഗ് എന്ന സിനിമയുടെ ആരംഭ രംഗങ്ങള്‍ തികഞ്ഞ രാഷ്ട്രീയ കൃത്യതയോടെയും നിലപാടുകളോടെയും ഉരുത്തിരിഞ്ഞതാണെന്നത് തിരിച്ചറിയുന്നത് പുതിയൊരു കാലത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം കൂടിയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in