വിനു – എളമരം പോര് : രാഷ്ട്രീയഫാസിസവും മാധ്യമരാഷ്ട്രീയവും
രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം കാത്തുസൂക്ഷിച്ചിരുന്ന ബഹുമാനത്തിന്റെ കാലമൊക്കെ അസ്തമിച്ചിരിക്കുന്നു. പകരം വലിയ ശത്രുക്കളായി തന്നെ അവര്‍ മാറുന്ന കാഴ്ചയാണ് കാണുന്നത്.
ഒരു ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യഘടകങ്ങളാണല്ലോ, അല്ലെങ്കില്‍ ആകേണ്ടതാണല്ലോ രാഷ്ട്രീയവും മാധ്യമങ്ങളും അഥവാ രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും. തീര്‍ച്ചയായും ഇവര്‍ തന്നില്‍ സ്‌നേഹത്തോടെയുള്ള ഒരു ബന്ധം ഉണ്ടാകാനിടയില്ല. കാരണം ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്, നയിക്കേണ്ടത് രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കില്‍ ആ പ്രക്രിയയെ നിരന്തരമായി വീക്ഷിക്കുകയും വിമര്‍ശനവിധേയമാക്കുക.യും ചെയ്യേണ്ടത് മാധ്യമങ്ങളാണ്. അതിനാല്‍ ഇവര്‍ക്കിടയില്‍ എന്നും പ്രശ്‌നങ്ങളുണ്ടാകും. പ്രത്യേകിച്ച് ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും തമ്മില്‍. ഇക്കാരണം കൊണ്ടാണല്ലോ ഭരണകൂടത്തിന്റെ ഭാഗമല്ലെങ്കില്‍ കൂടി മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന പേരുവീണതുതന്നെ.
എന്നാല്‍ ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം കാത്തുസൂക്ഷിച്ചിരുന്ന ബഹുമാനത്തിന്റെ കാലമൊക്കെ അസ്തമിച്ചിരിക്കുന്നു. പകരം വലിയ ശത്രുക്കളായി തന്നെ അവര്‍ മാറുന്ന കാഴ്ചയാണ് കാണുന്നത്. കക്ഷിരാഷ്ട്രീയത്തിന്റേതായ പക്ഷം പിടിക്കാതെ, അതേ സമയം രാഷ്ട്രീയപക്ഷം പിടിച്ച്, ഭരണകൂടത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെ നിരന്തരവിമര്‍ശനമുന്നയിക്കുക എന്നതിനു പകരം പലപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റേയും മറ്റു പല ഘടകങ്ങളുടേയും നിയന്ത്രണത്തിലാണ് ഇന്ന് മാധ്യമങ്ങള്‍. അവ മിക്കതും കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലുമാണ്. പലതും ഭരണകൂടത്തിന്റെ മെഗാഫോണുകളുമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന സങ്കല്‍പ്പമൊക്കേ കാലഹരണപ്പെട്ടുകഴിഞ്ഞു. മറുവശത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളാകട്ടെ അനുദിനം ജനാധിപത്യവിരുദ്ധരായി മാറുകയാണ്. വിമര്‍ശനങ്ങളെ രാഷ്ട്രീയമായി നേരിടാതെ കായികമായി നേരിടുന്ന അവസ്ഥയിലേക്ക് അവ മാറിയിരിക്കുന്നു. മാധ്യമങ്ങളായിരിക്കുന്നു അവരുടെ മുഖ്യശത്രു. അതിനാല്‍ തന്നെ അവയുടെ വായടപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇത്തരമൊരു അവസ്ഥയുടെ അവസാന ഉദാഹരണമാണ് സിപിഎം – സി ഐ ടി യു വേതാവ് എളമരം കരിമും ഏഷ്യാനറ്റ് വാര്‍ത്താവതാരകന്‍ വിനു വി ജോണുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഏഷ്യാനെറ്റിനും വിനുവിനുമെതിരായ സൈബര്‍ അക്രമങ്ങളും ഏഷ്യാനെറ്റിലേക്കു നടന്ന മാര്‍ച്ചും. വിനുവടക്കമുള്ള മലയാളം ചാനലുകളിലെ പല വാര്‍ത്താവതാരകരും മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം മുകളില്‍ സൂചിപ്പിച്ച രീതിയില്‍, അഥവാ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന നിലയിലേക്ക് ഉയരാവുന്ന രീതിയില്‍ നടത്തുന്നില്ല എന്നതു ശരിതന്നെ. അത്തരമൊരു പട്ടം മാധ്യമങ്ങള്‍ക്ക് ചാര്‍ത്തി കൊടുത്ത് അവ ആ നിലക്ക് ഉയരുന്നില്ല എന്നു കരുതുന്നതിലും അര്‍ത്ഥമില്ല. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ലല്ലോ. അതിരൂക്ഷമായ മത്സരം നിലനില്‍ക്കുന്ന ഒരു തൊഴില്‍ മേഖല മാത്രമാണ് ഇന്ന് മാധ്യമങ്ങള്‍. ഏതൊരു തൊഴില്‍ മേഖലയില്‍ നിന്നും പ്രതീക്ഷിക്കുന്ന നൈതികതയും ധാര്‍മ്മികതയുമേ അവിടെനിന്നും പ്രതീക്ഷിക്കേണ്ടതുള്ളു. മാധ്യമങ്ങളെന്ന വാണിജ്യമേഖലയുടെ ഉല്‍പ്പന്നം വാര്‍ത്തയാണ്. എല്ലാ വാണിജ്യമേഖലയും പോലെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനാണ് മാധ്യമങ്ങളും ശ്രമിക്കുക. കാരണം എല്ലാവര്‍ക്കുമറിയാവുന്ന പോലെ റേറ്റിംഗ് കൂടിയാലേ അവക്ക് നിലനില്‍പ്പുള്ളു. അങ്ങനെ പരിശോധിച്ചാല്‍ മാധ്യമങ്ങളുടെ നിലവാരക്കുറവിനു കാരണം പ്രേക്ഷകരും വായനക്കാരുമൊക്കെ തന്നെയാണ്. നമുക്കര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടുമെന്ന പറയുന്ന പോലെ മാധ്യമങ്ങളേയും ലഭിക്കുന്നു. ഈ പ്രാഥമിക വസ്തുത പോലും വിസ്മരിച്ചാണ് പലരും ജനങ്ങളോട് നേരിട്ട ഉത്തരവാദിത്തമുള്ള ഭരണകൂടത്തേയോ അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളേയോ വിമര്‍ശിക്കാതെ സ്വാകാര്യ വാണിജ്യസ്ഥാപനങ്ങളായ മാധ്യമങ്ങളെ മാത്രം വിമര്‍ശിക്കുന്നത്.
ഈ സാഹചര്യത്തിലും ഇപ്പോഴത്തെ വിവാദത്തില്‍ വിനുവിന്റെ ഭാഗത്താണ് തെറ്റ് എന്നു പറയാനാകില്ല. നടന്നതെന്താണെന്നത് വളരെ വ്യക്തമാണ്. പണിമുടക്കുദിവസം കോഴിക്കോട് ഒരു കുടുംബം ഓട്ടോയില്‍ വരുമ്പോള്‍ സമരാനുകൂലികള്‍ അക്രമിക്കുകയും കുടുംബത്തെ തെരുവില്‍ ഇറക്കിവിടുകയും ചെയ്തു. ഈ വിഷയം വാര്‍ത്തയായപ്പോള്‍ എളമരം കരിം നടത്തിയ പ്രസ്ഥാവനയാണ് പ്രശ്‌നത്തിനു കാരണമായത്. അതേകദേശം ഇങ്ങനെയായിരുന്നു. ‘ഇതു പെട്ടെന്നുണ്ടാക്കിയ ഒരു മിന്നല്‍ പണിമുടക്കാണോ? അങ്ങനെയാണെങ്കില്‍ വീട്ടില്‍ നിന്നു പുറപ്പെട്ടു, വഴിയില്‍ വലഞ്ഞു, വെള്ളം കിട്ടിയില്ല, ചായ കിട്ടിയില്ല എന്നൊക്കെ പറഞ്ഞാല്‍ മനസിലാകും. രണ്ടു മാസം മുന്‍പു പ്രഖ്യാപിച്ചതാണ് ഈ പണിമുടക്ക്. പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച് എല്ലാ തെരുവുകളിലും നടന്നു, പണിമുടക്കിനോടു സഹകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്. എത്ര മാധ്യമങ്ങള്‍ വന്നു ഈ സമരത്തിന്റെ സന്ദേശം ജനങ്ങള്‍ ഒന്നറിഞ്ഞോട്ടെ എന്നു വെയ്ക്കാന്‍? ഇപ്പോള്‍ പോകുന്നു, ഒരു ഓട്ടോറിക്ഷ തടഞ്ഞുവെച്ചു, അപ്പുറത്ത് ആരോ ഒരാളെ മാന്തി, ഇപ്പുറത്തൊരാളെ പിച്ചി. പരാതിയാണു പത്രങ്ങളിലൊക്കെ.’
ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാവുന്ന പ്രസ്താവനയല്ലിത്. പണിമുടക്കിന് ആഹ്വാനം ചെയ്യാനുള്ള അവകാശം പോലെ അതില്‍ പങ്കെടുക്കാതിരിക്കാനുള്ള അവകാശവും ആര്‍ക്കുമുണ്ട്. നേരത്തെ പറഞ്ഞതല്ലേ എന്ന ചോദ്യമൊന്നും അക്രമത്തിനു ന്യായീകരണമല്ല. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകട്ടെ ഇത് പൊതു പണിമുടക്കാണെന്നും ഹര്‍ത്താലല്ലെന്നും സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ബലപ്രയോഗം പാടില്ലെന്നും പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. എന്നിട്ടാണ് ഈ അക്രമം അരങ്ങഏരിയത്. ഇതു മാത്രമല്ല, സംസ്ഥാനത്ത് പലയിടത്തും അക്രമങ്ങള്‍ നടന്നു. കൊല്ലത്ത് ജോലിക്കെത്തിയ അധ്യാപകരെ മുറിക്കുള്ളിലിട്ട് പൂട്ടി അസഭ്യവര്‍ഷം ചൊരിഞ്ഞത് പിടിഎ പ്രസിഡന്റും സിപിഎം നേതാവുമായ വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു. പലയിടത്തും വ്യാപാരസ്ഥാപനങ്ങള്‍ ബലമായി പൂട്ടിച്ചു. കെ എസ് ആര്‍ ടി സി ബസ് തടുത്തു ജീവനക്കാരെ മര്‍ദ്ദിച്ചു. തുപ്പി. യാത്രക്കാരെ വഴിയിലിറക്കി വിട്ടു. അതേസമയം സിപിഎം നിയന്ത്രണത്തിലുള്ള പല സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു, നേതാക്കള്‍ ഓട്ടോകളിലും കാറുകളിലും യാത്ര ചെയ്തു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പണിമുടക്കു ദിവസം നടന്ന ഇത്തരം അക്രമങ്ങളെയാണ് പിച്ചലും മാന്തലുമായി എളമരം കരിം വിശേഷിപ്പിച്ചത്. അതുമായി ബന്ധപ്പെട്ടായിരുന്നു ന്യൂസ് അവറിലെ വിനുവിന്റെ ചോദ്യം. അതിങ്ങനെയായിരുന്നു. ‘എളമരം കരീം പോകുന്ന വണ്ടിയൊന്ന് അടിച്ചുപൊട്ടിക്കണമായിരുന്നു. എളമരം കരീം കുടുംബസമേതമായിരുന്നുവെങ്കില്‍ അവരെയൊക്കെ ഒന്നിറക്കി വിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റഴിച്ചു വിടണമായിരുന്നു. എളമരം കരീമിനെ യാസിറിനെപ്പോലെ മുഖത്തടിച്ചു മൂക്കില്‍ നിന്നു ചോര വരുത്തണമായിരുന്നു. അപ്പോള്‍ അതു മാന്തുകയാണോ പിച്ചുകയാണോ അപമാനിക്കുകയാണോ എന്നു മനസിലാകുമായിരുന്നു. നോവണം. മനുഷ്യനു നോവണം. അല്ലാതെ ഒരു പൗരനെ ആക്രമിച്ചതു റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാന്തി എന്നൊക്കെ പറഞ്ഞാല്‍ ഇവരുടെയൊക്കെ ദേഹത്ത് ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്താല്‍ ഇവര്‍ മിണ്ടാതിരിക്കുമോ? എന്തൊരു ജനവിരുദ്ധ പ്രസ്താവനയാണിത്? സമരം ചെയ്യാന്‍ അവകാശമുള്ളപ്പോള്‍ തന്നെ ഇന്ത്യന്‍ ഭരണഘടന സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്, ആര്‍ട്ടിക്കിള്‍ 19 ഡി ഇന്ത്യയിലെവിടെയും. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്, ആര്‍ട്ടിക്കിള്‍ 21. ഇതൊന്നും അറിയാത്തവരല്ല രാജ്യസഭംഗമായ എളമരം കരീമും ഈ സമരത്തിനു നേതൃത്വം നല്‍കുന്നവരും.’ വിനുവിന്റെ ഈ വാക്കുകളെയാണ് എളമരം കരിമിനെ അക്രമിക്കാനുള്ള ആഹ്വാനം എന്നു വ്യാഖ്യാനിച്ച് സൈബര്‍ അക്രമങ്ങളും പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചത്.
സത്യത്തില്‍ ഇതിനൊരു മറുവശവുമുണ്ട്. മാധ്യമങ്ങള്‍ പറയുന്നതുകേട്ട് പൂര്‍ണ്ണമായും വിശ്വസിക്കുന്നവരാണോ ജനങ്ങള്‍ എന്നതാണത്. അത്രമോശമാണോ ഈ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച മലയാളികള്‍? എങ്കില്‍ മിക്കവാറും എല്ലാ മാധ്യമങ്ങളും തങ്ങള്‍ക്കെതിരാണെന്നു ആരോപിക്കുന്ന സിപിഎം തകരുന്നുണ്ടോ? മറുവശത്ത് ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎമ്മിന്റെ പത്രവും ചാനലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു വരുമായിരുന്നില്ലേ? ഏറ്റവും വലിയ പാര്‍ട്ടി എപ്പോഴും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ തകരന്നുണ്ടോ? മാധ്യമങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരേയും അമിതമായി ആക്ഷേപിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? സ്വകാര്യമേഖലയിലെ ഏതു ജീവനക്കാരേയും പോലെയാണ് അവരും. അതില്‍ കൂടുതല്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതാണ് തകരാറ്.
മറ്റൊന്നു കൂടി… ഇനി, ജനാധിപത്യത്തിന്റെ നാലാംതൂണാണ് മാധ്യമങ്ങള്‍ എന്നുതന്നെ കരുതുക. അപ്പോഴും അവ ചെയ്യേണ്ടത് പ്രാഥമികമായും ഭരണകൂടവിമര്‍ശനമാണ്. ഏതൊരു ഭരണകൂടത്തിനും ഫാസിസവല്‍ക്കരിക്കാനുള്ള ആന്തരികപ്രവണതയുണ്ട്. അതിനെതിരെ ജാഗരൂകരാകുകയും ജനങ്ങളോട് നിരന്തരമായി സംസാരിക്കുകയും ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ അതെങ്ങാനും ചെയ്യാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ എങ്ങനെയൊക്കെയാണ് അക്രമിക്കുന്നതെന്നും നമ്മള്‍ നിരന്തരം കാണുന്നു. തീര്‍ച്ചയായും ഈ പ്രവണതകള്‍ ജനാധിപത്യത്തിനു ഗുണകരമാകില്ല എന്നുറപ്പ്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും മാധ്യമങ്ങളുടെ വാ മൂടുക എന്നത് ജനങ്ങളുടെ വാ മൂടുന്നതിനു തുല്ല്യമാണ്. നിര്‍ഭാഗ്യവശാല്‍ ഈ പ്രതിഷേധമാര്‍ച്ച് ചെയ്യുന്നത് അതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in