
കുടിയിറക്കപ്പെടുന്നവന്റെ കവിത.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
തിളച്ച വെള്ളം പോലെ
അസ്വസ്ഥമായ ഹൃദയത്തില്‍
പലായനത്തിന്റെ നെടുവീര്‍പ്പുകള്‍
നുരഞ്ഞു പൊങ്ങുകയാണ്.
ചുട്ടുപൊള്ളുന്ന യാഗാഗ്നിയില്‍
അപഹരിക്കപ്പെടുന്ന സ്വത്വത്തെക്കുറിച്ച്
വേവലാതിപ്പെടാനും വിലപിക്കാനും
ഇനിയൊരു മിശിഹയും
കുരിശുമായി എഴുന്നള്ളുമെന്ന്
സ്വപ്നം കാണേണ്ടതില്ല.
ചുടലപ്പറമ്പുകളില്‍ കുറ്റിച്ചൂളാന്‍
മുന്നറിയിപ്പുകളുടെ കാഹളം മുഴക്കുന്നു.
നിസ്സഹായതയുടെ ബലിപീഠങ്ങളില്‍
കുടിയിറക്കത്തിന്റെ പേക്കിനാക്കളില്‍
അടിയങ്ങള്‍ കാലം കഴിക്കുന്നു.
നിരാലംബന്റെ
നിലവിളികള്‍ക്ക് മുന്നില്‍
ലക്ഷ്മണരേഖകള്‍ വരച്ച
വാഗ്ദാനക്കാരുടേയും
കാവല്‍നായ്ക്കളുടേയും
പന്തിഭോജനത്തിനിടക്ക്
തെരുവില്‍ ചെന്നായ്ക്കള്‍
ശവങ്ങള്‍ കൊത്തിവലിക്കാന്‍
തുടങ്ങിയിരിക്കുന്നു.
പൂമരങ്ങള്‍ വെട്ടിത്തെളിച്ച്
തണല്‍ മരങ്ങളില്‍ തീ പൂട്ടി
നഗ്‌നരായ ചക്രവര്‍ത്തിമാര്‍
ഉന്മാദത്തിന്റെ പോര്‍വിളിയില്‍
ഉറഞ്ഞു തുള്ളുമ്പോള്‍
കാലം അര്‍ത്ഥം വെച്ച് ചിരിക്കുന്നു
എന്ന് നിങ്ങള്‍ തിരിച്ചറിയുക.