
കവിത : ദിനോസറുകള്‍ ഇല്ലാതായിട്ടില്ല
ആശമാരുടെ ജീവിതസമരം കണ്ടും കേട്ടും കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത
ഉണ്ടായത്
ഇല്ലാതാവുകയില്ല
മാറുകയേ ചെയ്യൂ
രോഗങ്ങളെപ്പോലെ.
ദിനോസറുകളും
ഇല്ലാതായിട്ടില്ല
കാലോചിതമായി
പരിഷ്‌കരിക്കപ്പെട്ടതേയുള്ളു.
വലുതായി മാറി
ചെറുതിനെ
തുടച്ചു തിന്നുന്നത് അതാണ്.
ഭൂരിപക്ഷമായി മാറി
ന്യൂനപക്ഷത്തെ
വേട്ടയാടുന്നത് അതാണ്
അത് മാത്രം
അതിജീവിച്ചാല്‍ മതി
എന്ന് കരുതുന്നതില്‍ അതുണ്ട്
അതിന്റെ നീതി മാത്രമാണ് നീതി
എന്ന് കരുതുന്നതിലെ
നീതി അതാണ്.
ഇടമില്ലാത്തവയുടെ ഇടം
ഇത്ര മേല്‍ ചുരുങ്ങിയത്
അതിന്റെ ഇടം
അത്രമേല്‍ വര്‍ദ്ധിച്ചതിനാലാണ്.
അത് മാളായി മാറി
പട്ടാപ്പകല്‍ പുറത്തിറങ്ങി
ചില്ലറ വ്യാപാരശാലകളെ
ചവച്ചു തിന്നുന്നത് കാണുന്നില്ലേ?
അത് പഞ്ചനക്ഷത്രഹോട്ടലായി
റിവര്‍വ്യൂ സീറ്റിലിരുന്ന്
ഒരു ലാര്‍ജിന് ഓര്‍ഡര്‍ നല്‍കി
ടച്ചപ്പായി
ചായപ്പീടികകള്‍
കൊറിച്ചു കൊണ്ടിരിക്കുന്നത് കാണുന്നില്ലേ?
ചെറിയ ആവശ്യങ്ങളെ
ആട്ടിപ്പുറത്താക്കി
വലിയ ആവശ്യങ്ങളെ
സല്‍ക്കരിക്കുന്നത്
കാണുന്നില്ലേ?
അതിന്‍െ വലിയ വിശപ്പിന്
ചെറിയ ആവശ്യങ്ങള്‍ തികയുമോ?
മുന്നില്‍ച്ചെന്ന് നില്‍ക്കുമ്പോഴേക്കും
തുറക്കുന്ന ചില്ലുവാതിലുകള്‍
അതിന്റെ
ഇരയെക്കണ്ട വായയാണ്.
പുറകില്‍ നടക്കുന്നവരുടെ കണ്ണിലത്
പതിയുന്നില്ലായിരിക്കാം
അല്ലാത്തവര്‍
അതിനെയല്ലാതെ കാണുന്നില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Sebastian Vattamattam
April 1, 2025 at 4:30 pm
മനുഷ്യര്‍ മനുഷ്യരായി വളര്‍ന്നത് അറിവു സൃഷ്ടിച്ചും അതില്‍നിന്നു വിവേകമുള്‍ക്കൊണ്ടുമാണ്. സിസേക് പറയുന്നതുപോലെ, അറിവെല്ലാമിന്നു ദിനോസറുകള്‍ കൈയടക്കുന്നു, പണിക്കാര്‍ക്കു വീതിച്ചു കൊടുക്കുന്നു. അറിവും വിവേകവുമില്ലാത്തവരെ തിന്നാനെളുപ്പമാണത്രേ.