പിണറായി വിജയന്റെ ചതയ ദിന സന്ദേശം : ജാതിജന്യ ഹിന്ദുത്വ വര്‍ഗീയതയുടെ സംരക്ഷണം
കേരള മോഡല്‍ നവഹിന്ദുത്വ ഫാഷിസത്തിനുള്ള മന:ശാസ്ത്ര ഉപകരണമായാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. സവര്‍ണ്ണ ജാതിജന്യ മത ഭാവുകത്വം അധികാര സംരക്ഷണത്തിന് ഏറ്റവും ഉചിതമായ ഉപകരണമാണെന്ന് പ്രയോഗിച്ച് കാണിക്കുന്നതും ഒരു മതത്തിന്റെ ആവാസവ്യവസ്ഥ മറ്റൊന്നിനെ കീഴ്‌പ്പെടുത്തുമ്പോള്‍ അതില്‍ അധികാരത്തിനു സാധ്യതകള്‍ കണ്ടെത്തുന്നതും നാം കേരള രാഷ്ട്രീയത്തില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഭരണകൂട പ്രവര്‍ത്തനങ്ങളിലൂടെ കണ്ണോടിച്ചാല്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമോഫോബിയ, കോര്‍പ്പറേറ്റ് ഹിന്ദുത്വ വര്‍ഗീയത, ചങ്ങാത്ത മുതലാളിത്തം, ഭൂരിപക്ഷ വാദം, ആത്മീയവാദം, ആള്‍ദൈവങ്ങള്‍ തുടങ്ങിയവയാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്.
രാഷ്ട്രീയ നേതാക്കളുടെ വളര്‍ത്തുഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയില്‍ പ്രതിഷേധിക്കാന്‍ കരിദിനം ആചരിക്കുന്നതിന് ഡി വൈ എഫ് ഐ 2020ല്‍ തിരഞ്ഞെടുത്തത് ശ്രീനാരായണ ഗുരു ജയന്തി ദിനമായിരുന്നു. ഇക്കഴിഞ്ഞ ചതയ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താലിബാന്‍ എന്ന ഒറ്റ വര്‍ഗീയതയെ കുറിച്ച് ഭാവഗീതപരമായി പറഞ്ഞുകൊണ്ട് ഹിന്ദുത്വ ഭീകരത മൂടിവെക്കുകയും കോര്‍പ്പറേറ്റ് സവര്‍ണ്ണ ഹിന്ദുത്വത്തിന് മേലൊപ്പു ചാര്‍ത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അയ്യന്‍കാളി ദിനാചരണ സന്ദേശം നല്‍കാതിരിക്കാന്‍ അദ്ദേഹം മെയ് വഴക്കം കാണിച്ചതും സവര്‍ണ്ണ – ജാതിജന്യ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള വിധേയത്വത്തിന്റെ സൂചനകളാണ്. സവര്‍ണാധിപത്യത്തിന്റേയും ഹിന്ദുത്വ തീവ്രവാദത്തിന്റേയും കുടിലവും കരാളവുമായ വര്‍ത്തമാന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നിശബ്ദത പാലിച്ച് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ഉപയോഗിച്ച് മുസ്ലിം തീവ്രവാദത്തെ മാത്രം ലക്ഷ്യംവെച്ചുള്ള ഏകപക്ഷീയമായ പ്രസ്താവനയിലൂടെ രാഷ്ട്രീയ അണു പ്രതിരോധത്തിനായി കൈ കഴുകുന്നത് ജനാധിപത്യ വിരുദ്ധവും മാപ്പര്‍ഹിക്കാത്ത തെറ്റുമാണ്.
അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകണം എന്നാഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയില്‍ നിന്നും, കാലു കഴുകുന്നത് ‘ഭാരതീയ’ സംസ്‌കാരമാണ് എന്നുപറയുന്ന ഇ ശ്രീധരനില്‍ നിന്നും കേരളത്തിന്റെ ഇടതുപക്ഷ മുഖ്യമന്ത്രിയിലേക്ക് വലിയ ദൂരമില്ല എന്ന് അടിവരയിടുന്നതാണ് സവര്‍ണ്ണ ഹിന്ദുത്വ ഭീകരവാദത്തെ മറച്ചുപിടിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ചതയ ദിന സന്ദേശം. വര്‍ഗീയ പക്ഷപാതിയായിരുന്ന അബ്ദുള്‍ നാസര്‍ മദനിയുമായി വേദി പങ്കിട്ടും, ‘യൂണിയന്‍ ജാക്കിന് ‘ സല്യൂട്ട് ചെയ്തും ജോര്‍ജ്ജ് അഞ്ചാമന് സിന്ദാബാദ് വിളിച്ചും നടന്നിരുന്ന മധ്യ തിരുവിതാംകൂറിലെ സവര്‍ണ ക്രിസ്ത്യന്‍ സമുദായത്തിന്റെ ബീജത്തിലുണ്ടായ, സിഐഎ ഫണ്ടിന്റെ പിന്‍ബലത്തില്‍ വളര്‍ന്ന കേരള കോണ്‍ഗ്രസിനെ ആശ്ലേഷിച്ചും പിണറായി വിജയന്‍ ‘വര്‍ഗീയ വിരുദ്ധ’ രാഷ്ട്രീയം കേരളത്തില്‍ പ്രചരിപ്പിച്ചതിന്റെ ചരിത്രം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ പുതിയ തീണ്ടല്‍ പലകകള്‍ നാട്ടി കേരള ‘ഇടത് ‘ ഭരണകൂടം സംഘപരിവാറിന്റെ രാഷ്ട്രീയ കൗപീനം (political loincloth) ആയി പ്രവര്‍ത്തിക്കുന്ന നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പാലത്തായി പീഡന കേസ് മുതല്‍ കൊടകര കുഴല്‍പണം വരെയുള്ള പ്രതികള്‍ക്ക് ഇതിനകം ഹിന്ദുത്വജന്യമായിക്കഴിഞ്ഞ ആഭ്യന്തരവകുപ്പ് സംരക്ഷണമൊരുക്കുന്നത് നാം കണ്ടതാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗൗരി ലങ്കേഷിനുണ്ടായ അനുഭവം ഉണ്ടാകാതെയിരിക്കാന്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ‘മതേതര’ എഴുത്തുകാരോട് മുന്നറിയിപ്പ് കൊടുത്ത ശശികലക്കെതിരെ ഒരു പെറ്റി കേസ് പോലും എടുക്കാന്‍ തയ്യാറാകാതിരുന്ന പിണറായി ഭരണകൂടം താലിബാനെതിരെ ശബ്ദിക്കാനുള്ള ശുഷ്‌കാന്തി കാണിക്കുന്നത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ദ്രവിച്ചു തീര്‍ന്ന പ്രത്യയ ശാസ്ത്രനിലപാടുകളുടെ സൂചനകളാണ്. കാസര്‍ഗോട്ട് റിയാസ് മൗലവിയെയും, പിഞ്ചു ബാലനെയും കഴുത്തറുത്ത് കൊന്ന സംഭവങ്ങള്‍, മുസ്ലിമായതിന്റെ പേരില്‍ ക്രൂരമായി വധിക്കപ്പെട്ട കൊടിഞ്ഞി ഫൈസല്‍ കേസ് എന്നിവയില്‍ പ്രതികള്‍ ആര്‍എസ്എസുകാര്‍ ആയിരുന്നു. ബോംബ്, കള്ളത്തോക്ക് നിര്‍മ്മാണങ്ങള്‍, രാജ്യദ്രോഹ കുറ്റങ്ങളായ കള്ളനോട്ട്, കുഴല്‍പ്പണ ഇടപാടുകള്‍, മലപ്പുറത്തെ ക്ഷേത്രത്തില്‍ വിഗ്രഹങ്ങളെ മലിനമാക്കി വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ നടത്തിയ ഗൂഢാലോചന തുടങ്ങിയ കേസുകളിലെല്ലാം പിടിക്കപ്പെട്ടത് സംഘപരിവാറുകാരാണ്. എന്നിട്ടും ശക്തമായ നിയമ നടപടി സ്വീകരിക്കാതെ ഹിന്ദു വര്‍ഗീയതക്കും അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയക്കും അതിന്റെ കോര്‍പ്പറേറ്റ് മുതലാളിത്ത രാഷ്ട്രീയ ലീലകള്‍ക്കും ഉണര്‍വേകുന്ന പ്രസ്താവനയാണ് ശ്രീനാരായണഗുരു ദിനത്തില്‍ ഒരു മതത്തിന്റെ മാത്രം വര്‍ഗീയതയെ കുറിച്ചു സംസാരിച്ചുകൊണ്ട് ഭയാനകമായ സവര്‍ണ്ണവര്‍ഗ്ഗീയ വിഷ മണ്ണിനെ പിണറായി വിജയന്‍ ഫലഭൂയിഷ്ഠമാക്കുന്നത്.
ഭരണഘടനാപരമായ ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്ന് ഒരു മതനിരപേക്ഷ രാഷ്ട്രത്തില്‍ ഇങ്ങനെ അപകടകരമായ വര്‍ഗീയ പക്ഷപാതിത്വം, പ്രത്യേകിച്ച് ഏറ്റവും അപകടകരവും ജാതിജന്യവുമായ സവര്‍ണ്ണ വര്‍ഗീയ സംരക്ഷണം ഉണ്ടാകാന്‍ പാടില്ല. വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളുടെ കാളകൂടങ്ങളായ ശശികല, ഗോപാലകൃഷ്ണന്‍ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ മുഖ്യ തൊഴിലാക്കിയവര്‍ വരെ പരസ്യമായി ഭീകരത പരത്തുമ്പോള്‍ അതൊന്നും ഒരക്ഷരം പരാമര്‍ശിക്കാതെ എങ്ങനെയാണ് വര്‍ഗീയതയെ കുറിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് ഇപ്രകാരം ഏകപക്ഷീയമായി സംസാരിക്കാന്‍ കഴിയുക 1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 3 അനുസരിച്ച് കേസ് എടുക്കാവുന്ന എത്രയോ സംഭവങ്ങള്‍, വര്‍ഗീയവിഷം ചീറ്റുന്ന പരാമര്‍ശങ്ങള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളില്‍ നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.
നിലമ്പൂരിലെ വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ക്ക് ശേഷം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പോലീസിനും തണ്ടര്‍ബോള്‍ട്ടിനും അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഒത്താശയും സൗകര്യവും ഒരുക്കി കൊടുത്തത് പോലീസ് ആയിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. 2016ല്‍ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ ശരീഅത്ത് സംരക്ഷണ ജാഥക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് ആരോപിച്ചിരിക്കുന്ന കുറ്റം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഏതു വകുപ്പാണ് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമായി കാണുന്നത്..പൊലീസിലെ സംഘി സെല്‍ പ്രവര്‍ത്തനത്തിന്റേയും വര്‍ഗീയവല്‍ക്കരണത്തിന്റേയും വേര് അന്വേഷിച്ചാല്‍ എത്തിച്ചേരുന്നത് എവിടെയാണെന്ന് ഇതില്‍നിന്നൊക്കെ നമുക്ക് മനസ്സിലാക്കാം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേരള പോലീസ് സംഘപരിവാര്‍ ബാന്ധവത്തിന്റെ ഇരകളാണ് നസീറും എഴുത്തുകാരനായ കമല്‍ സി ചവറയും. വര്‍ഗീയവിഷം തുപ്പുന്ന ശശികലക്കെതിരെ ഒരിക്കലും നടപടികളെടുക്കാത്ത കേരള പോലീസ് സമാനമായ പരാതിയില്‍ സലഫി പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തി. നേഴ്‌സറി കവിതയുടെ രൂപത്തില്‍ ദേശീയഗാനത്തെ പരാമര്‍ശിച്ചതിന് ഒരു എഴുത്തുകാരനില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ പൊലീസാണ് കലാപങ്ങള്‍ കെട്ടഴിച്ചുവിട്ടേക്കാവുന്ന സവര്‍ണ്ണ ഹിന്ദുത്വ വര്‍ഗീയ പ്രസംഗങ്ങളോട് കണ്ണടയ്ക്കുന്നത്. താലിബാനെ കുറിച്ചും ഇസ്ലാമിക വര്‍ഗീയതയെ കുറിച്ചും മാത്രം പരാമര്‍ശിക്കുമ്പോള്‍ നവോത്ഥാനവും കോര്‍പ്പറേറ്റ് മൂലധനവും കൂട്ടി കുഴച്ചുണ്ടാക്കിയ വനിതാ മതിലിന്റെ കാലം പിണറായി വിജയന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഒരറ്റത്ത് കുലസ്ത്രീയും മറ്റേ അറ്റത്ത് ‘അയ്യപ്പനോടാണ് കളി’ എന്നു പറഞ്ഞ കടകംപള്ളി സുരേന്ദ്രനും നിലയുറപ്പിച്ച വനിതാ മതില്‍ തകര്‍ന്നു പൊളിഞ്ഞു വീണു. തുല്യനീതിക്കു വേണ്ടിയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചവരുടെ കണ്ണില്‍ മുളക് സ്‌പ്രേ ചെയ്തിട്ടും കേരളത്തിലെ ഹിന്ദുവര്‍ഗീയതയുടെ രൗദ്രത പിണറായി വിജയന് മനസ്സിലായില്ല.
കേരള മോഡല്‍ നവഹിന്ദുത്വ ഫാഷിസത്തിനുള്ള മന:ശാസ്ത്ര ഉപകരണമായാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. സവര്‍ണ്ണ ജാതിജന്യ മത ഭാവുകത്വം അധികാര സംരക്ഷണത്തിന് ഏറ്റവും ഉചിതമായ ഉപകരണമാണെന്ന് പ്രയോഗിച്ച് കാണിക്കുന്നതും ഒരു മതത്തിന്റെ ആവാസവ്യവസ്ഥ മറ്റൊന്നിനെ കീഴ്‌പ്പെടുത്തുമ്പോള്‍ അതില്‍ അധികാരത്തിനു സാധ്യതകള്‍ കണ്ടെത്തുന്നതും നാം കേരള രാഷ്ട്രീയത്തില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ കേരളത്തിലെ ഭരണകൂട പ്രവര്‍ത്തനങ്ങളിലൂടെ കണ്ണോടിച്ചാല്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമോഫോബിയ, കോര്‍പ്പറേറ്റ് ഹിന്ദുത്വ വര്‍ഗീയത, ചങ്ങാത്ത മുതലാളിത്തം, ഭൂരിപക്ഷ വാദം, ആത്മീയവാദം, ആള്‍ദൈവങ്ങള്‍ തുടങ്ങിയവയാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in