തകര്‍ക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ തൂണുകള്‍
ചെറുവിരലനക്കുന്നവരെ എന്നന്നേക്കുമായി നിശബ്ദരാക്കുകയല്ലാതെ മറ്റൊന്നുമല്ലല്ലോ ലക്ഷ്യം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണല്ലോ റോണ വില്‍സണ്‍, പ്രൊഫസര്‍ ഹാനി ബാബു, ജയിലില്‍ വെച്ച് അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സ്റ്റാന്‍ സ്വാമി തുടങ്ങി പലരുടേയും ലാപ് ടോപ്പിലേക്ക് ഹാക്കര്‍ മുഖാന്തരം കൃത്രിമഫയലുകള്‍ കയറ്റി അവരെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടച്ചത്. ആരുടേയും ഫോണിലൂടേയും ലാപ്‌ടോപ്പിലൂടേയും ഭരണകൂടം കടന്നു കയറാമെന്ന പ്രഖ്യാപനം തന്നെയാണിത്.
1977ല്‍ അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞടുപ്പില്‍ അധികാരത്തിലെത്തിയ ജനതാപാര്‍ട്ടിയിലെ ഒരു ഭാഗം എന്ന നിലയിലായിരുന്നു ഇന്നത്തെ ബിജെപിയുടെ മുന്‍ഗാമികളായ ജനസംഘം ആദ്യമായി അധികാരത്തില്‍ പങ്കുവഹിച്ചത്. വാജ്‌പേയ്, അദ്വാനി എന്നീ രണ്ടു നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്ന് ജനസംഘത്തിന്റെയും പിന്നീട് ജനതാപാര്‍ട്ടിയുടേയും ഭരണത്തിന്റേയും തുടര്‍ച്ചയായി രൂപം കൊണ്ട ബിജെപിയുടേയും പ്രവര്‍ത്തനം. അതിന്ന് രണ്ടാം മോദി സര്‍ക്കാരിലെത്തി നില്‍ക്കുന്നു. പച്ചയായ വര്‍ഗ്ഗീയതയും മുസ്ലിംവിരോധവും പ്രചരിപ്പിച്ചാണ് ബിജെപി ഈ നേട്ടം കൊയ്തതെന്നതിന് സമകാലീനചരിത്രം സാക്ഷിയാണ്. രാമായണം സീരിയില്‍, ബാബറി മസ്ജിദ്, മുംബൈ കൂട്ടക്കൊല, ഗുജറാത്ത് വംശീയഹത്യ, മുസാഫര്‍ നഗര്‍, ഗൗരീലങ്കേഷ്, ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങി നിരവധി പേരുടെ കൊലപാതകങ്ങള്‍, ചരിത്രവും സിലബസും തിരുത്തിയെഴുതല്‍, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും പിടിച്ചെടുക്കല്‍ എന്നിങ്ങനെ സൃഷ്ടിക്കപ്പെട്ട പടികള്‍ കയറിയാണ് അവര്‍ മുന്നോട്ടു പോയത്. ഓരോ നേട്ടം കൊയ്യുന്തോറും ബിജെപിയും സംഘപരിവാറും കൂടുതല്‍ കൂടുതല്‍ ഫാസിസവല്‍ക്കരിക്കപ്പെടുകയാണെന്നതും പ്രകടം. ആര്‍ എസ് എസിന്റെ പിടി മുറുകുന്നതും വളരെ വ്യക്തമാണ്. നേതൃത്വത്തിന്റെ സ്വഭാവം തന്നെ കൂടുതല്‍ കൂടുതല്‍ തീവ്രമാകുന്ന കാഴ്ചയും വളരെ വ്യക്തമാണ്. വാജ്‌പേയിയില്‍ നിന്ന് അദ്വാനിയിലൂടെ മോദിയിലെത്തി നില്‍ക്കുന്ന ഈ ജൈത്രയാത്ര ഇനി അമിത് ഷായിലൂടേയോ യോഗിയിലൂടേയോ കൂടുതല്‍ അക്രമോത്സുകമായി മുന്നോട്ടു കൊണ്ടുപോകാനും തങ്ങളുടെ ആത്യന്തിക ലക്ഷ്യമായ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുമുള്ള പദ്ധതികളാണ് സംഘപരിവാര്‍ ആവിഷ്‌കരിക്കുന്നത്. അതിലെ ഇപ്പോഴത്തെ കണ്ണിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ സംഭവം. ഫാസിസ്റ്റുകള്‍ ഒരു വശത്ത് ഭീകരന്മാരായിരിക്കുമ്പോള്‍ തന്നെ മറുവശത്ത് ഭീരുക്കളാണെന്നു കൂടി ഈ സംഭവം വ്യക്തമാക്കുന്നു.
സംഘപരിവാറിനു ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രമാണല്ലോ ഇസ്രായേല്‍. അവരുടെ ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ചാണ് മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളുടെ മാത്രം ഫോണുകളല്ല ചോര്‍ത്തിയിരിക്കുന്നത് എന്നതാണ് കൗതുകകരം. മോദിക്കൊപ്പം മന്ത്രിസഭയിലിരിക്കുന്ന രണ്ട് കേന്ദ്രമന്ത്രിമാരും അവരില്‍ ഉള്‍പ്പെടുന്നു. പിന്നെ സുപ്രീം കോടതി ജഡ്ജിമാര്‍, രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. പ്രസ്തുത സോഫ്‌റ്റ്വെയര്‍ സര്‍ക്കാരുകള്‍ക്കു മാത്രമേ നല്‍കൂ എന്നതാണ് ഇസ്രായേല്‍ കമ്പനിയുടെ പ്രഖ്യാപിതനയം തന്നെ. ഒരു സ്വകാര്യ ഏജന്‍സിക്കും തങ്ങള്‍ ചാരപ്പണി നടത്തിക്കൊടുക്കാറില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇവിടെ പ്രതിക്കൂട്ടില്‍ ആരാണെന്നതില്‍ സംശയം വേണ്ട. കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രധാന വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണ് പ്രധാനമായും ചോര്‍ത്തയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിംഗ് അടക്കം അവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ റഫാല്‍ കരാര്‍ സംബന്ധിച്ച് 2018 ല്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഭാഗമായ സുശാന്ത് സിംഗിന്റെയും ഫോണ്‍ ചോര്‍ത്തപ്പെട്ടു. ജുഡീഷ്യറിയും മാധ്യമങ്ങളും പ്രതിപക്ഷവുമെല്ലാം ജനാദിപത്യത്തിന്റെ തൂണുകളാണെന്നു വിശേഷിക്കപ്പെടുന്ന രാജ്യത്താണ് ഇതെല്ലാം നടക്കുന്നത്…!!
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
2019ല്‍തന്നെ പെഗാസസ് സോഫ്റ്റ് വെയര്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചിരുന്നു. പല രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കുവേണ്ടി ഈ കമ്പനി ചാരപ്പണി ചെയ്യുന്നുണ്ടെന്നാണ് വിവരം. അസര്‍ബൈയ്ജാന്‍, ബഹ്റൈന്‍, കാസാകിസ്ഥാന്‍, മെക്സിക്കോ, മോറോക്കോ, റോവാന്‍ഡ, സൗദി അറേബ്യ, ഹംഗറി, യു.എ.ഇ എന്നിവയെല്ലാം അവയില്‍ പെടും.
ഇന്നത്തെ കാലത്ത് ഒരാളുടെ ജീവിതം എന്നു പറയുന്നത് മൊബൈല്‍ ഫോണുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ. ഇവിടെ ചോര്‍ത്തപ്പെടുന്നത് വാസ്തവത്തില്‍ ഫോണല്ല, അവരുടെ സാമൂഹ്യജീവിതമാണ്. മാത്രമല്ല ചോര്‍ത്തലോടെ വിഷയം തീരില്ലെന്നും വ്യക്തമാണല്ലോ. തങ്ങളുടെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ചെറുവിരലനക്കുന്നവരെ എന്നന്നേക്കുമായി നിശബ്ദരാക്കുകയല്ലാതെ മറ്റൊന്നുമല്ലല്ലോ ലക്ഷ്യം. ഏതാന്ം ദിവസങ്ങള്‍ക്കുമുമ്പാണല്ലോ റോണ വില്‍സണ്‍, പ്രൊഫസര്‍ ഹാനി ബാബു, ജയിലില്‍ വെച്ച് അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സ്റ്റാന്‍ സ്വാമി തുടങ്ങി പലരുടേയും ലാപ് ടോപ്പിലേക്ക് ഹാക്കര്‍ മുഖാന്തരം കൃത്രിമഫയലുകള്‍ കയറ്റി അവരെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടച്ചത്. ആരുടേയും ഫോണിലൂടേയും ലാപ്‌ടോപ്പിലൂടേയും ഭരണകൂടം കടന്നു കയറാമെന്ന പ്രഖ്യാപനം തന്നെയാണിത്. ആരുടേയും നാവടപ്പിക്കാം. തുറുങ്കിലടക്കാം. സമാനമായ ആരോപണത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍ രാജിവെച്ചിരുന്നു. എന്നാല്‍ ആ ധാര്‍മ്മികതയൊന്നും ഇവിടെ പ്രതീക്ഷിക്കാനാവില്ലല്ലോ.
തുടക്കത്തില്‍ പറഞ്ഞപോലെ മോദിയുടെ രണ്ടാംവരവോടെ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ വേഗത സംഘപരിവാര്‍ വര്‍ദ്ധിപ്പിക്കുകയാണെന്നു സാരം. ഭീകരനിയമങ്ങള്‍ കൂടുതല്‍ ഭീകരമാക്കിയതും വിവാഹമോചനത്തിലെ മതവിവേചനവും സാമ്പത്തിക സംവരണവും ആദിവാസികളുടെ വനാവകാശം നിഷേധിക്കലും വിവരാവകാശത്തില്‍ വെള്ളം ചേര്‍ക്കലും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കലുമൊക്കെ അതിന്റെ ഭാഗമായിരുന്നു. മറുവശത്ത് ബീഫിന്റെ പേരിലും ശ്രീറാം വിളിക്കാത്തതിന്റെ പേരിലുമുള്ള ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ദ്ധിച്ചു. അതൊടൊപ്പമാണ് കടുത്ത നീതിനിഷേധങ്ങളായ കാശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കലും ആസാം പൗരത്വ പട്ടികയും രംഗത്തുവരുന്നത്. അവക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങളുണ്ടായെങ്കിലും അതിന് അതിതീവ്രതയുണ്ടായിരുന്നു എന്നു പറയാനാവില്ല. അതായിരുന്നു പൗരത്വ ഭേദഗതി നിയമവുമായി രംഗത്തുവരാന്‍ സര്‍ക്കാരിനു ധൈര്യം നല്‍കിയത്. എന്നാല്‍ ഇത്തവണ മോദി-അമിത് ഷാ ദ്വന്ദത്തിനു തെറ്റുപറ്റി. മറ്റുള്ളവരെപോലെ തന്നെ ഇന്ത്യന്‍ പൗരന്മാരും അതാകാന്‍ യോഗ്യതയുമുള്ളവര്‍ക്കുനേരെയുള്ള വിവേചനം അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ല, ഇന്ത്യ മതരാഷ്ട്രമല്ല, മതേതരരാഷ്ട്രമാണ് എന്ന പ്രഖ്യാപനമാണ് ഇന്ത്യന്‍ തെരുവുകളിലും മഹാനഗരങ്ങളും കലാലയങ്ങളിലും ഉയര്‍ന്നത്. ഒരുപക്ഷെ മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് അല്‍പ്പം പ്രതിഷേധമുണ്ടാകാം, അത് അടിച്ചമര്‍ത്താം, അതിലൂടെ വര്‍ഗ്ഗീയധ്രുവീകരണം സൃഷ്ടിക്കാം എന്ന സംഘപരിവാര്‍ പ്രതീക്ഷകളെയാണ് ഇന്ത്യന്‍ ജനത തകര്‍ത്തത്. നമ്മുടെ കുട്ടികള്‍ ചരിത്രം പഠിക്കുന്നതിനു പകരം, ചരിത്രം രചിക്കാനാരംഭിച്ചത് സംഘപരിവാറിനെ ഞെട്ടിച്ചു. കൊവിഡ് വ്യാപനം സത്യത്തില്‍ സര്‍ക്കാരിന് ആശ്വാസമായിരുന്നു. എന്നാലും തങ്ങളുടെ അജണ്ടകളുമായി അവര്‍ മുന്നോട്ടുപോയി. കര്‍ഷകബില്ലും വിദ്യാഭ്യാസ ബില്ലുമൊക്കെ രംഗത്തെത്തി. രാജ്യമെങ്ങുമുള്ള നിരവധി ചിന്തകരെ കള്ളക്കേസുകളില്‍ കുടുക്കി. ലക്ഷദ്വീപിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഫോണ്‍ ചോര്‍ത്തല്‍ സംഭവം. അതില്‍ കേന്ദ്രമന്ത്രിമാരും ജഡ്ജിമാരുമടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു എന്നതു നല്‍കുന്ന സൂചനയേക്കാള്‍ ഭീതിദമായി മറ്റെന്തുണ്ട്?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ഇന്ത്യയില്‍ നിലനില്‍്ക്കുന്ന വൈവിധ്യങ്ങളുടേയും ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും കരുത്ത് ചെറുതല്ല എന്ന് നാം അഹങ്കരിച്ചിരുന്നു. അതിപ്പോഴും നിലനില്‍ക്കുന്നു എന്നത് ശരി. എന്നാല്‍ അവയെല്ലാം അട്ടിമറിക്കാന്‍ പോകുന്നു എന്ന സൂചനയാണ് പുതിയ സംഭവങ്ങള്‍ നല്‍കുന്നത് എന്നു കരുതേണ്ടിവരും. സംഘപരിവാര്‍ ഉയര്‍ത്തിപിടിക്കുന്ന സവര്‍ണ്ണരാഷ്ട്രീയത്തിനെതിരെ പല സംസ്ഥാനങ്ങളിലും ഉയര്‍ന്നുവന്ന ദളിത് – പിന്നോക്ക രാഷ്ട്രീയത്തെ ഏറെക്കുറെ നിശബ്ദമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഏന്തു ജനാധിപത്യവിരുദ്ധവും അധാര്‍മ്മികവുമായ നിലപാടെടുത്തും ജാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന മന്ത്രിസഭകളെയും അതിലൂടെ ഫെഡറലിസത്തേയും തകര്‍ക്കുന്നതും നാം കണ്ടു. തീര്‍ച്ചയായും ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഫെഡറലിസത്തിന്റേയും സാമൂഹ്യനീതിയുടേയും ഭാവി ആശങ്കയില്‍ തന്നെയാണ്. എന്നിട്ടും ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കാനുള്ള പ്രചാരണമാണിതെന്നാണ് സര്‍ക്കാര്‍ വാദം..!! ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ ഉള്‍പ്പെട്ട എറണാകുളത്തെ സാമൂഹ്യപ്രവര്‍ത്തകനായ ജെയ്‌സണ്‍ കൂപ്പറിന്റെ ആശങ്ക പങ്കുവെച്ച് ഈ കുറിപ്പവസാനിപ്പിക്കാം. ‘ദൈവങ്ങളെപ്പോലെ അവര്‍ എല്ലാം അറിയുന്നു, നാട്ടിലെ ഒരു ഇലയനക്കം പോലും…എന്നിട്ട് ജനാധിപത്യം മുന്നേറുകയാണെന്നും അവര്‍ നമ്മളോട് പറയുന്നു….’
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in