അടൂരിനെപോലുള്ളവര്‍ ഇനിയും ചോദ്യം ചെയ്യപ്പെടും സഖാവേ….
അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു മതേതരവാദി ആയിരിക്കാം, എന്നാല്‍ ഇന്ത്യയില്‍ മതേതരവാദികള്‍ ജാതിവാദികള്‍ കൂടി ആണല്ലോ എം.എ. ബേബി.
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ഉന്നതതല കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാത്യാധിക്ഷേപം, സംവരണ അട്ടിമറി, ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എതിരായ മാനസിക പീഡനങ്ങള്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ശരിവെച്ചു. സ്വഭാവികമായും ഡയറക്‌റര്‍ ശങ്കര്‍ മോഹനെ പുറത്താക്കിക്കൊണ്ടോ, നിര്‍ബന്ധിത അവധി എടുപ്പിച്ചുകൊണ്ടോ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമായിരിക്കും സര്‍ക്കാര്‍ ഇനി നടത്തുക. സര്‍ക്കാരിന് മുഖം രക്ഷിക്കാന്‍ ഇനി ശങ്കര്‍ മോഹനെ പുറത്താക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന് മുന്‍പിലുള്ള ഏകവഴി. അത് ചെയ്തു സമരം അവസാനിപ്പിക്കാനും ഇപ്പോഴുണ്ടായ പ്രശ്‌നം ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമിക്കും എന്നു തന്നെയാണ് എന്റെ നിഗമനം. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച മറ്റ് വിഷയങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയും ചെയ്യും.
എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിഷയം അങ്ങനെയല്ല. അടൂരിനെ തൊട്ടുള്ള ഒരു സന്ധിക്കും സര്‍ക്കാര്‍ തയ്യാറാവില്ല. ഉന്നതതല കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയിട്ടുള്ള അധിക്ഷേപങ്ങളെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. സ്വാഭാവികമായും അടൂര്‍ സംരക്ഷിക്കപ്പെടും. ഇതിന് കളമൊരുക്കുകയാണ് എം.എ. ബേബി തന്റെ പോസ്റ്റിലൂടെ ചെയ്യുന്നത്.
എം.എ. ബേബി പറയുന്നത്,
1. അടൂര്‍ മതേതരവാദിയാണ്
2. അടൂര്‍ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന വലിയ കലാകാരന്‍ ആണ്.
3. അടൂരിന് എതിരെ നടക്കുന്നത് വ്യക്തി ഹത്യയാണ്.
തുടങ്ങിയവയാണ് ബേബിയുടെ വാദം. ഈ വാദത്തിന്റെ കാപട്യം എന്താണെന്ന് വെച്ചാല്‍ എം.എ. ബേബി പോസ്റ്റില്‍ ഒരിടത്ത് പോലും സമരത്തെയോ അതിന്റെ ആവശ്യത്തെയോ വിദ്യാര്‍ത്ഥികളും സ്ത്രീ ശൂചീകരണ തൊഴിലാളികളും ഉയര്‍ത്തിയിട്ടുള്ള ആക്ഷേപങ്ങളെയോ അഭിസംബോധന ചെയ്തിട്ടില്ല എന്നതാണ്. ഈ കാര്യത്തെ അഡ്രസ്സ് ചെയ്യാതെ എങ്ങനെയാണ് വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും ആക്ഷേപിച്ച അടൂര്‍ ഗോപാലകൃഷ്ണന് എതിരായ വന്ന കാര്യത്തെ മാത്രം എടുത്തു എം. എ. ബേബി പ്രശ്‌നവല്‍ക്കരിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മതേതരവാദി ആകുന്നതോട് കൂടി പുരോഗമനകാരി ആകും എന്നത് ഒരു ഇടതുപക്ഷ തന്ത്രമാണ്. ജാതിയെ അഭിസംബോധന ചെയ്യാതെ ഇരിക്കാനുള്ള ഒരു ഗൂഢതന്ത്രം. അതുകൊണ്ട് അവര്‍ ഹിന്ദുത്വം, ഹിന്ദുത്വ ഫാസിസം എന്നൊക്കെ പറയുകയും അതിനെതിരായി നിലപാട് എടുക്കുകയും ചെയ്യും. എന്നാല്‍ ഹിന്ദുത്വത്തിന്റെയും ഹിന്ദുത്വ ഫാസിസത്തിന്റെയും അടിസ്ഥാന ഘടനയായ ജാതിയെ അഭിസംബോധന ചെയ്യാതെ ഇരിക്കുകയും ചെയ്യും. മുസ്ലീംങ്ങളോട് ഐക്യപ്പെടുമ്പോള്‍, അവര്‍ നേരിടുന്ന അപരവല്‍ക്കരണത്തിനു എതിരായി നിലകൊള്ളുമ്പോള്‍ തങ്ങള്‍ പുരോഗമന വാദികള്‍ ആണെന്ന് സ്വയം കരുതുകയും വ്യാഖ്യാനിക്കുകയും സ്ഥാപിക്കുകയും ചെയ്യും. മതമാണ് പ്രശ്‌നം എന്നാണ് അവരുടെ വാദം. അപ്പോഴുള്ള ഒരു എളുപ്പവഴി ജാതിയെ പ്രശ്നവല്‍ക്കരിക്കുകയോ അഭിസംബോധന ചെയ്യുകയോ വേണ്ട എന്നതാണ്. ഇതൊരു സവര്‍ണ്ണ തന്ത്രമാണ്. ഈ അജണ്ടയാണ് പുരോഗമനക്കാരും കമ്യുണിസ്റ്റുകളും യുക്തിവാദികളും ഗാന്ധിയന്മാരും ഒരുപോലെ പിന്തുടരുന്നത്.
യുക്തിവാദികളും പുരോഗമനക്കാരും നിരന്തരം മതത്തിനു എതിരായി പറയുകയും മതരഹിത വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇവര്‍ ഒരിക്കലും ജാതിവിരുദ്ധ മുന്നേറ്റം നടത്തുകയോ ജാതിരഹിത വിവാഹത്തിനു വേണ്ടി നിലകൊള്ളുകയോ ചെയ്യുകയില്ല. ഗാന്ധി തുടങ്ങി വെച്ച ഒരു തന്ത്രം കൂടിയാണിത്. ഈ കാപട്യത്തിലാണ് മതേതരവാദി ജാതിവാദി അല്ലാതായി മാറുന്നത്. ഞാന്‍ കമ്മ്യുണിസ്റ്റാണ്, പുരോഗമനക്കാരനാണ്, മതേതരവാദിയാണ് എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഞാന്‍ വിപ്ലവകാരിയും ജാതിരഹിതനുമാണെന്ന് തെറ്റിധരിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷം ഇവര്‍ ഉണ്ടാക്കി എടുത്തിട്ടുണ്ട്. അതിന് കാരണം ജാതിയെ ഒളിപ്പിക്കാനുള്ള ഒരു ഇടം വര്‍ഗ്ഗത്തില്‍ എന്ന പോലെ ഈ സംജ്ഞകളിലെല്ലാം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ജാതിവാദികള്‍ക്കും വംശീയ വാദികള്‍ക്കും ‘പന്നപ്പുലയന്‍’ എന്നൊക്കെ രഹസ്യമായി വിളിക്കാവുന്ന തരത്തില്‍ കമ്മ്യുണിസ്റ്റുകളും പുരോഗമനക്കാരും മതേതരവാദിയുമൊക്കെ ആയി മാറാന്‍ കഴിയുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടൂര്‍ വലിയ കലാകാരന്‍ ആണെന്നൊക്കെ പറയുന്നത് എം.എ. ബേബിയുടെ സ്വാതന്ത്ര്യമാണ്. വലിയ കലാകാരന്മാര്‍ക്ക് ജാതി അധിക്ഷേപം നടത്താന്‍ അവകാശം ഉണ്ടെന്നാണോ ബേബി പറയുന്നത്. പത്തു പേരെ കൊല്ലുകയും ആനകളെ ഉള്‍പ്പെടെ കുത്തി പരിക്കേല്‍പ്പിക്കുകയും കണ്ണിന് കാഴ്ചപോലും ഇല്ലാത്ത തെച്ചിക്കോട് രാമചന്ദ്രന്‍ എന്ന ആനയെ തൃശൂര്‍ പൂരത്തിനു തിടമ്പ് ഏറ്റണം എന്നൊക്കെ പറഞ്ഞു ആര്‍പ്പുവിളിച്ച സാംസ്‌കാരിക നായകരും രാഷ്ട്രീയക്കാരും ഉള്ള സ്ഥലമല്ലേ ഈ പുരോഗമന കേരളം! അടൂരിന്റെ തലയ്ക്കു മുകളില്‍ തിടമ്പേറ്റി നിങ്ങള്‍ കൊണ്ടു നടക്കൂ. പക്ഷെ അതിന്റെ ആക്രമണം ഏല്‍ക്കുന്നവര്‍ തൊഴുതു നില്‍ക്കണം എന്ന് പറയുന്നത് വലിയ പാടാണ് എം.എ. ബേബി.
ജാതി അധിക്ഷേപവും തൊഴിലാളി വിരുദ്ധ പ്രസ്താവനകളും അടൂരിന് ചെയ്യാം, കുഴപ്പമില്ല. അത് ചൂണ്ടിക്കാണിക്കുന്നതാണ് പ്രശ്‌നവും വ്യക്തിഹത്യയുമെങ്കില്‍ അത് ഇനിയും ചെയ്യും. എം.എ. ബേബി മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം, നിങ്ങള്‍ സ്വയം മാറാന്‍ തയ്യാറാകാത്ത കാലത്തോളം, അടൂര്‍ ഗോപാലകൃഷ്ണന്മാര്‍ ജാതി അധിക്ഷേപം തുടരുവോളം കാലം നിങ്ങള്‍ തെരുവില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. പോയ കാലം പോയതാണെന്ന് എം.എ. ബേബിമാരും അറിയുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in