കക്ഷിരാഷ്ട്രീയ വൈറസിനെ രാഷ്ട്രീയത്തില്‍ നിന്നു തുടച്ചുമാറ്റേണ്ട കൊറോണ കാലം

ചില മേന്മകളൊക്കെ ഉണ്ടെങ്കിലും നിരവധി പരിമിതികള്‍ നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനുണ്ട്. അവ പരിഹരിക്കാനുള്ള നീക്കമാണ് നേതൃത്വങ്ങള്‍ അടിയന്തിരമായി ചെയ്യേണ്ടത്. എല്ലാ പാര്‍ട്ടികളും ആദ്യം ചെയ്യേണ്ടത് വൃദ്ധ നേതൃത്വങ്ങള്‍ക്കുപകരം പുതിയ ലോകത്തോട് അതിന്റെ ഭാഷയില്‍ പ്രതികരിക്കാന്‍ കഴിയുന്ന യുവനേതൃത്വത്തെ കൊണ്ടുവരിക എന്നതാണ്.

ജനാധിപത്യവ്യവസ്ഥയില്‍ ഭരണപക്ഷത്തോളം പ്രധാനമാണ് പ്രതിപക്ഷവും. നാടിന്റെ പൊതുവായ വിഷയങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയും അതേസമയം സര്‍ക്കാരിന്റെ തെറ്റുകളേയും വീഴ്ചകളേയും രൂക്ഷമായി വിമര്‍ശിക്കുകയും വേണ്ടിവന്നാല്‍ ശക്തമായി തന്നെ സമരംഗത്തിറങ്ങുകയുമാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. പ്രതിപക്ഷത്തെ വിശ്വാസത്തിിലെടുക്കുകയും പ്രവര്‍ത്തനങ്ങളില്‍ ഒപ്പം കൂട്ടുകയും വിമര്‍ശനങ്ങള്‍ മനസ്സിലാക്കി വേണ്ട തിരുത്തലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് ഭരണപക്ഷമാണ്. ജനാധിപത്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനു പ്രാധാന്യമുണ്ടെങ്കിലും നാടിന്റെ പൊതുതാല്‍പ്പര്യത്തിനു വിരുദ്ധമാകരുത് അത്.

ഒരര്‍ത്ഥത്തില്‍ കേരളരാഷ്ട്രീയത്തിനു ചില ഗുണങ്ങളുണ്ട്. ഏറെക്കുറെ തുല്ല്യബലമുള്ള രണ്ടുമുന്നണികള്‍ മാറി മാറി അധികാരത്തിലെത്തുന്നു എന്നതാണത്. മുന്നണികളായതിനാല്‍ ഒരു പാര്‍ട്ടിയുടേയും ആധിപത്യം ഒരുപരിധി വിട്ട് നടക്കുകയില്ല. ഇപ്പോഴത്തെ ഭരണത്തില്‍ തന്നെ പല വിഷയങ്ങളിലും, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടവ, സിപിഐ പ്രതിപക്ഷത്തേക്കാള്‍ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ടല്ലോ. അതുപോലെ തന്നെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നതിനാല്‍ ഒരു മുന്നണിക്കും അമിതമായ ആധിപത്യം ലഭിക്കുന്നില്ല. അമിതമായ ആധിപത്യം എങ്ങനെ ജനാധിപത്യവിരുദ്ധമാകുമെന്ന ബംഗാള്‍ അനുഭവം നമുക്കു മുന്നിലുണ്ടല്ലോ.

അപ്പോഴും കേരളരാഷ്ട്രീയത്തിനും ജനങ്ങള്‍ക്കും ശാപമായി അമിതമായ കക്ഷിരാഷ്ട്രീതാല്‍പ്പര്യം മാറിയിട്ടുണ്ട്. നാടിന്റെ പൊതുവായ താല്‍പ്പര്യത്തെപോലും കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തിനായി വലിച്ചെറിയുന്ന ശേലിയാണ് ഏതാണ്ടെല്ലാ പാര്‍ട്ടികളും കുറച്ചുകാലമായി ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ രണ്ടു ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാം. ലോകത്തിന്റെ എല്ലാ ഭാഗത്തോടുമൊപ്പം കേരളവും കൊറോണ വൈറസിനെതിരെ പടപൊരുതുകയാണല്ലോ. വിമര്‍ശനങ്ങള്‍ ഉന്നയിച്ചുതന്നെ, കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ഒന്നിക്കേണ്ട സമയം. എന്നാല്‍ അതു വേണ്ടത്ര ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാരുമായി വേണ്ടത്ര സഹകരിക്കാന്‍ പ്രതിപക്ഷമോ പ്രതിപക്ഷത്തെ അര്‍ഹിക്കുന്ന രീതിയില്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരോ തയ്യാറാകുന്നില്ല. ചെന്നിത്തലയുടെ ഫോണ്‍കോളുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ പൊതു സമീപനം ഏറെ ചര്‍ച്ച ചെയ്യപ്പട്ടല്ലോ. മുല്ലപ്പിള്ളിയുടെ സമീപനത്തേയും. തീര്‍ച്ചയായും അവ വിമര്‍ശനമര്‍ഹിക്കുന്നു. മറുവശത്ത് താഴെക്കിടയിലെ പ്രതിരോധപ്രവര്‍ത്തനങ്ങളിലും ആശ്വാസപ്രവര്‍ത്തനങ്ങളിലുമൊന്നും പ്രതിപക്ഷത്തുനിന്നുള്ളവരെ പങ്കാളികളാക്കാത്ത നിരവധി സംഭവങ്ങള്‍ ചൂണ്ടികാട്ടപ്പെടുന്നുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന ഗൗരവപരമായ പല പ്രശ്‌നങ്ങള്‍ക്കും ഉത്തരം കിട്ടാത്ത അവസ്ഥയുമുണ്ട്. സര്‍ക്കാരിന്റെ കീഴില്‍ കോവിഡ്-19യിനുമായി ബന്ധപ്പെട്ട വിവര ശേഖരത്തിനും മാനേജ്മെന്റിനുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായ Sprinklrയിന്റെ വെബ് ആപ്ലിക്കേഷന്‍ ഉന്നയിക്കുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തെ കൊട്ടിഘോഷിക്കപ്പെടുന്ന തന്റെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി കാര്യമായി പരിഗണിക്കുക പോലും ഉണ്ടായില്ല എന്നത് മറ്റൊരു ഉദാഹരണം. ഒരിക്കലും ജനാധിപത്യ സംവിധാനത്തിനു അനുഗുണമല്ല അത്.

ഇരുകൂട്ടരും മാറിമാറി അധികാരത്തിലെത്തുമെങ്കിലും പ്രകടമായ ചില വ്യത്യാസങ്ങള്‍ കാണാനാകും. ഒരു കേഡര്‍ പാര്‍ട്ടിയല്ലാത്തതിനാല്‍ തന്നെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ കാര്യമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താത്തവരാണ് കോണ്‍ഗ്രസ്സുകാര്‍. ന്യായമായ വിഷയങ്ങള്‍ക്കുപോലും തെരുവിലിറങ്ങാനോ സമരം ചെയ്യാനോ അവര്‍ മിനക്കെടാറില്ല. സന്നദ്ധ പ്രവര്‍ത്തനങ്ങളും അങ്ങനെത്‌നനെ. അവരുടെ യുവജന – വിദ്യാര്‍ത്ഥി സംഘടനകളുടെ അവസ്ഥയും വ്യത്യസ്തമല്ല. മറുവശത്ത് യുഡിഎഫ് ഭരിക്കുമ്പോള്‍ സമരങ്ങളുടെ വേലിയേറ്റമാണ് കേരളം കാണാറുള്ളത്. അതില്‍ പലതും കക്ഷിരാഷ്ട്രീയ താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയവയും. ഭരണത്തിലിരിക്കുമ്പോള്‍ അവര്‍ സമരമെന്ന മൂന്നക്ഷരം മറക്കും. സന്നദ്ധ പ്രവര്‍ത്തകരാകും. ഭരണമില്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ല എന്ന സമീപനം കോണ്‍ഗ്രസ്സും ഭരണത്തിലില്ലെങ്കില്‍ സമരം മാത്രം എന്ന സമീപനം സിപിഎമ്മും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തീര്‍ച്ചയായും പാര്‍ട്ടി അണികളുടെ നിലപാടുകളും ഇവിടെ പ്രസക്തമാണ്. സ്വന്തമായ ചിന്താശേഷി നഷ്ടപ്പെട്ട, നേതാക്കള്‍ക്ക് തല പണയം വെച്ചവരാണ് ഇന്ന് മിക്കവാറും പാര്‍ട്ടികളുടെ പ്രവര്‍ത്തകരും അനുഭാവികളും. സ്വന്തം പാര്‍ട്ടിക്കാരോ നേതാക്കളോ ചെയ്യുന്ന കൊലപാതകം മുതല്‍ അഴിമതി വരെയുള്ള എന്തിനേയും അവര്‍ ന്യായീകരിക്കും. വിമര്‍ശിക്കുന്നവരെ സോഷ്യല്‍ മീഡിയയിലും മറ്റും കൂട്ടം ചേര്‍ന്ന് അക്രമിക്കും. സ്വാഭാവികമായും ഇക്കാര്യത്തില്‍ കേഡര്‍ പാര്‍ട്ടികളാണ് മുന്നില്‍. കൊറോണ, പ്രളയം പോലുള്ള കാലങ്ങള്‍ ഇവര്‍ക്ക് സുവര്‍ണ്ണ കാലമാണ്. എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കുന്നവരെ ഈ സമയത്താണോ രാഷ്ട്രീയം പറയുക എന്നു ചോദിച്ച്, തങ്ങളുടെ രാഷ്ട്രീയം അവര്‍ കൃത്യമായി പറഞ്ഞുകൊണ്ടേയിരിക്കും. എല്ലാവര്‍ക്കും 1000 രൂപയുടെ കിറ്റ് നല്‍കുന്നു എന്ന സര്‍ക്കാര്‍ അവകാശം തെറ്റാണെന്നും ഏകദേശം 750 രൂപയുടേതാണെന്നും തെളിവു സഹിതം സമര്‍ത്ഥിച്ചവരെ, സര്‍ക്കാരിന്റെ ഔദാര്യം വേണമെങ്കില്‍ വാങ്ങിയാല്‍ മതി എന്ന് പറഞ്ഞ എത്രയോ പേരെ നാം കണ്ടു. നിലവിലുള്ളത്, ജനാധിപത്യമല്ല, രാജഭരണമാണെന്നു ഇപ്പോഴും ധരിച്ച് സ്വയം പൗരന്മാര്‍ക്ക് പകരം പ്രജകളായി മാറിയവര്‍. കേരളത്തിന്റെ നേട്ടങ്ങള്‍ക്കുകാരണം തങ്ങള്‍ ഭരിച്ച കാലമാണെന്ന വാദമൊക്കെ വരുന്നത് അങ്ങനെയാണ്. കോട്ടങ്ങളെ കുറിച്ച് മിണ്ടുകയുമില്ല. ന്യായീകരണം പലപ്പോഴും സിനിമാ മേഖലയില്‍ കാണുന്നതിനേക്കാള്‍ താരാരാധനയായി മാറും. ആരോഗ്യമന്ത്രിക്കുപോലും ഇക്കാര്യം പറയേണ്ടിവന്നു. പക്ഷെ അപ്പോഴാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ അന്യായമായി കേസെടുക്കാനും ഭരണാധികാരികള്‍ മടിക്കാത്തത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരെ വിമര്‍സനമുന്നയിച്ച ബിബിത്തിനെതിരെ കേസെടുത്തത് ഉദാഹരണം.

തുടക്കത്തില്‍ പറഞ്ഞപോലെ ചില മേന്മകളൊക്കെ ഉണ്ടെങ്കിലും നിരവധി പരിമിതികള്‍ നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനുണ്ട്. അവ പരിഹരിക്കാനുള്ള നീക്കമാണ് നേതൃത്വങ്ങള്‍ അടിയന്തിരമായി ചെയ്യേണ്ടത്. എല്ലാ പാര്‍ട്ടികളും ആദ്യം ചെയ്യേണ്ടത് വൃദ്ധ നേതൃത്വങ്ങള്‍ക്കുപകരം പുതിയ ലോകത്തോട് അതിന്റെ ഭാഷയില്‍ പ്രതികരിക്കാന്‍ കഴിയുന്ന യുവനേതൃത്വത്തെ കൊണ്ടുവരിക എന്നതാണ്. കോണ്‍ഗ്രസ്സിലേക്കുനോക്കൂ. ഒരു കാലത്തെ വൃദ്ധനേതൃത്വങ്ങള്‍ക്കെതിരെ കലാപം നയിച്ചവരാണ് ഇന്ന് കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. എന്നാല്‍ ചെറുപ്പക്കാര്‍ക്കായി അവര്‍ ഒഴിഞ്ഞുകൊടുക്കുന്നില്ല. ഇവര്‍ക്കെതിരെ പട നയിക്കാന്‍ പുതിയ ചെറുപ്പക്കാര്‍ തയ്യാറുമല്ല. ഏറെക്കുറെ സമാനമാണ് മറ്റു പാര്‍ട്ടികളുടേയും അവസ്ഥ. മുതിര്‍ന്ന പൗരന്മാരായ നേതാക്കള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം നല്‍കി ചെറുപ്പക്കാര്‍ നേതൃത്വത്തില്‍ വരട്ടെ. ഹിംസയുടേയും കേവലമായ കക്ഷിരാഷ്ട്രീയത്തിന്റേയും ആരാധനയുടേയും ഭാഷ വിട്ട് ജനാധിപത്യത്തിന്റേതായ പുതിയ ഭാഷയില്‍ സമൂഹത്തോട് സംസാരിക്കാന്‍ അവര്‍ക്കാകട്ടെ. അതുവഴി കേരളരാഷ്ട്രീയത്തിനു തന്നെ പുതിയൊരു മുഖം നല്‍കാന്‍ അവര്‍ക്കു കഴിയുമെന്നുറപ്പ്. അമിതമായ കക്ഷിരാഷ്ട്രീയ വൈറസിനെ രാഷ്ട്രീയത്തില്‍ നിന്നു തുടച്ചുമാറ്റണം. അതിന്റെ തുടക്കമാകട്ടെ കൊറോണാനന്തരകാലഘട്ടം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply