അദാനിക്കും മോദിക്കും എന്നെ നിശബ്ദനാക്കാനാകില്ല

കെ സഹദേവന്‍ എഡിറ്റുചെയ്ത ‘അദാനി സാമ്രാജ്യം – ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം’ എന്ന പുസ്തകം സാഹിത്യ അക്കാദമിയില്‍ പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള പ്രസംഗഭാഗങ്ങള്‍…

എന്റെ പേര് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യയിലെ ഏക ജേര്‍ണ്ണലിസ്റ്റ്, അല്ല ഏക ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലാണ്. 32000 വാക്കുകളുള്ള ഈ റിപ്പോര്‍ട്ട് എന്നെ ഏറെ അത്ഭുതപ്പെടുത്തി. അതില്‍ 88 ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 84-ാമത്തെ ചോദ്യം എന്നെ പറ്റിയാണ്. അദാനിയോടുള്ള ആ ചോദ്യം ഇങ്ങനെയാണ്. നിങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഉത്തരം പറയാന്‍ ധൈര്യമുണ്ടെങ്കില്‍ എന്തിനാണ് എനിക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരമുള്ള കേസ് കൊടുത്തത്? അതിന് അദാനി കൊടുത്ത മറുപടി ഏറെ വിചിത്രമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് വരാം. അതിനുമുമ്പെ മറ്റു ചില പ്രധാന കാര്യങ്ങള്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നു. അതിലേറ്റവും പ്രധാനം എങ്ങനെയാണ് അദാനി സാമ്രാജ്യം ഇത്രമാത്രം അതിഭീമമായി വളര്‍ന്നത് എന്നതാണ്. അതിനായി ആ സ്ഥാപനത്തിന്റെ ഒരു പ്രൊഫൈല്‍ ഞാനിവിടെ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.

ലോകത്തെ ഏതു മുതലാളിത്തശക്തികളില്‍ നിന്നും, ഇന്ത്യയിലെ തന്നെ ടാറ്റാ, ബിര്‍ള, അംബാനിമാരില്‍ നിന്നൊക്കെ വ്യത്യസ്ഥമാണ് അദാനിയുടെ ചരിത്രം. അതെകുറിച്ച് പറഞ്ഞതിന് ആറോളം മാനനഷ്ടകേസുകളാണ് എനി്‌ക്കെതിരെ നിലവിലുള്ളത്. ഇവിടെ ഞാന്‍ പറയാനുദ്ദേശിക്കുന്നത് പ്രധാനമായും അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ചയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അതിനുശേഷമുള്ള സംഭവങ്ങളും ഒപ്പം എന്റെ വ്യക്തിപരമായ അനുഭവങ്ങളുമാണ്. പലരും എന്നോട് ചോദിക്കാറുണ്ട്, ഞാനെന്താ അദാനിയെ വ്യക്തിപരമായി അക്രമിക്കുകയാണോ എന്ന്. തികച്ചും തെറ്റാണത്. കുത്തകകളെ കുറിച്ചും അവരും ഭരണകടവുമായുള്ള ബന്ധങ്ങളെ കുറിച്ചും എത്രയോ കാലമായി ഞാന്‍ എഴുതുന്നതാണ്. അതില്‍ വ്യക്തിപരമായ ഒരു ഘടകവുമില്ല. അദാനിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ടാണ് ഞാന്‍ അതിനു പുറകെ പോയത.് കുറച്ചുകൊല്ലങ്ങള്‍ക്കു മുമ്പുവരെ അദാനി കാര്യമായി ആരുമറിയാത്ത ഒരു സാധാരണ ബിസിനസുകാരനായിരുന്നു. പ്ലാസ്റ്റിക്കിന്റേയും മറ്റും ചെറിയ ബിസിനസായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. വളരെ പെട്ടന്നാണ് അദ്ദേഹം ലോകത്തെ രണ്ടാമത്തേയും മൂന്നാമത്തേയുമൊക്കെ ധനികനാകുന്നത്. ആ വളര്‍ച്ചപോലെതന്നെ രസകരമാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ താഴ്ചയും.

അദാനി സാമ്രാജ്യം ഇത്രമാത്രം വലുതായതെങ്ങിനെ എന്ന് പലര്‍ക്കും അറിയാമായിരിക്കും. ഇന്ത്യയില്‍ മാത്രമല്ല, ഇസ്രായേല്‍, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ അദ്ദേഹം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റു കുത്തകകളില്‍ നിന്ന് അദാനിയെ വ്യത്യസ്ഥമാക്കുന്ന ഒന്നാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്‌പെഷല്‍ എക്കണോമിക് സോണ്‍ എന്നറിയപ്പെടുന്ന, ഗുജറാത്തിലെ മുണ്‍ഡ്ര പോര്‍ട്ട് ആരംഭിക്കുന്നത് കോണ്‍ഗ്രസ്സ് ഭരണകാലത്താണെങ്കിലും പിന്നീട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായ മോദിയാണ് ഇതുമായി ബന്ധപ്പെട്ട് അദാനിക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത്. അങ്ങനെയാണ് അതിന്റെ പൂര്‍ണ്ണ നിയന്ത്രണം അദാനിയുടെ കൈയിലെത്തുന്നത്. ഇന്ത്യയില്‍ പലയിടത്തും SEZഉണ്ട്. എന്നാല്‍ ഇവിടത്തെ സീ പോര്‍ട്ടിലൂടെയാണ് പ്രധാനമായും അദാനിക്ക് തന്റെ സാമ്രാജ്യത്തിന്റെ ഒരു കുതിച്ചുചാട്ടം സാധ്യമായത്. രാജ്യത്തെ 12 സീ പോര്‍ട്ടുകളുടെ നിയന്ത്രണം ഇന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ട്. വ്യത്യസ്ഥപാര്‍ട്ടികള്‍ ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലാണ് അദ്ദേഹത്തിന്റെ സാമ്രാജ്യം പരന്നു കിടക്കുന്നത്. എല്ലാപാര്‍ട്ടികള്‍ ഭരിക്കുന്നിടത്തുമുള്ള തന്റെ സ്വീകാര്യതയാണ് അദ്ദേഹം എപ്പോഴും അഭിമാനത്തോടെ പറയാറുള്ളത്. അതില്‍ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളവും ഉള്‍പെടും. അതുപോലെ ഓസ്‌ട്രേലിയ, ഇസ്രായേല്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പോര്‍ട്ടുകള്‍ വ്യാപിച്ചുകിടക്കുന്നു. മ്യാന്‍മാറില്‍ പോര്‍ട്ട് ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജ്യത്തെ മറ്റു ബിസിനസ് സാമ്രാജ്യങ്ങളില്‍ നിന്നും അദാനിയെ വ്യത്യസ്ഥമാക്കുന്ന മറ്റൊന്ന് അദ്ദേഹം കൈവെക്കാത്ത മേഖലകള്‍ വളരെ കുറവാണ് എന്നതാണ്. വളരെ വ്യത്യസ്ഥമായ മേഖലകളിലാണ് അദ്ദേഹത്തിന്റെ ലോകം പരന്നു കിടക്കുന്നത്. അതില്‍ ലോജിസ്റ്റിക്കുണ്ട്. പഞ്ചാബ്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ഈ മേഖലയില്‍ അദ്ദേഹത്തിനു നിക്ഷേപങ്ങളുണ്ട്. റെയില്‍വേയുമായി ബന്ധപ്പെട്ടു പോലും അദ്ദേഹത്തിനു സംരംഭങ്ങളുണ്ട്. FCI കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ ശേഖരിക്കാവുന്ന ഗോഡൗണുകളുളളത് അദാനിക്കാണ്. കര്‍ഷകസമത്തില്‍ അവര്‍ ഈ വിഷയം സജീവമായി ഉന്നയിച്ചിരുന്നു. മറ്റൊരു മേഖലയാണ് കാര്‍ഗോ. രണ്ടാമത്തെ വലിയ എയര്‍ പോര്‍ട്ട് ഓപ്പറേറ്ററുമാണ് അദാനി. മുംബൈ, ജയ്പൂര്‍, മാംഗ്ലൂര്‍, തിരുവനന്തപുരം പോലുള്ള എയര്‍ പോര്‍ട്ടുകള്‍ അദാനിയുടെ നിയന്ത്രണത്തിലാണ്. നവീ മുംബൈയില്‍ വരാന്‍ പോകുന്ന എയര്‍പോര്‍ട്ടും അദാനിയുടെ കൈയിലേക്ക് പോകും.

അദാനിക്ക് വലിയ നിക്ഷേപമുള്ള മറ്റൊരു മേഖല ഡ്രോണ്‍സിന്റേതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേല്‍ ഭരണാധികാരികളും തമ്മിലുണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണ് അത്. അദാനിക്ക് ഏറ്റവുമധികം ലാഭമുണ്ടാക്കി കൊടുക്കുന്ന മേഖല കല്‍ക്കരിയുടേതാണ്. ഇന്തോനേഷ്യയിലും ഓസ്‌ട്രേലിയയിലുമൊക്കെ കോള്‍ മേഖലയില്‍ അവര്‍ക്ക് നിക്ഷേപങ്ങളുണ്ട്. രണ്ടിടത്തും ആദിവാസി – പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് വലിയ എതിര്‍പ്പുണ്ടെങ്കിലും സര്‍ക്കാരുകളുടെ പിന്തുണ അദാനിക്കാണ്. ജി 20 സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മോദി പറഞ്ഞത് എസ് ബി ഐയില്‍ നിന്ന് ഒരു ബില്ല്യണ്‍ ഡോളര്‍ അദാനിക്ക് കടം വാങ്ങി കൊടുക്കുമെന്നായിരുന്നു. പക്ഷെ ആ പ്രോജക്ട് നടന്നിട്ടില്ല. മൈനുകളുടെ ഉടമാവകാശമൊന്നും ഇല്ലെങ്കിലും അവയുടെ ഡെവലപ്പറും ഓപ്പറേറ്റുമായാണ് അദ്ദേഹം പ്രവര്‍ത്തിച്ച് വന്‍ലാഭം ഉണ്ടാക്കുന്നത്. കല്‍ക്കരിയില്‍ നിന്നു ഗ്യാസും വൈദ്യുതിയും പി വി സിയുമൊക്കെ ഉണ്ടാക്കുന്ന വന്‍ പദ്ധതികളും അദ്ദേഹത്തിനുണ്ട്. ഇത്തരത്തിലുള്ള മേഖലകളിലൊക്കെ സ്വകാര്യമേഖലയിലെ വലിയ സംരംഭങ്ങള്‍ മറ്റാരുടേതുമല്ല. ഓസ്‌ട്രേലിയയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും കൊണ്ടുവരുന്ന കല്‍ക്കരി ഒറീസയിലും ജാര്‍ഖണ്ടിലുമൊക്കെ കൊണ്ടുപോയി വൈദ്യുതിയാക്കി വന്‍വിലയ്ക്കാണ് ബംഗ്ലാദേശിനു നല്‍കുന്നത്. അതിനായി മോദി സര്‍ക്കാരിന്റെ വന്‍സമ്മര്‍ദ്ദം ബംഗ്ലാദേശ് സര്‍ക്കാരിനു മേലുണ്ട്. ഇതിന്റെ ഭാഗമായി പരിസ്ഥിതിയും ഭൂമിയും വെള്ളവും ജൈവവൈവിധ്യവുമൊക്കെയായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം അവഗണിക്കുന്നു. ഇടക്ക് അദാനിക്ക് വന്‍കിട പ്രോജക്ടുകള്‍ നല്‍കാന്‍ റഷ്യ, ശ്രീലങ്കക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ്തുന്നയിച്ചവര്‍ പിന്നീട് പിന്‍വലിക്കുകയാണുണ്ടായത്. പബ്ലിക് ഡൊമൈനില്‍ പക്ഷെ അത് കാണാം.

സോളാര്‍, വിന്റ് എനര്‍ജി മേഖലകളിലും അദാനിക്ക് വലിയ നിക്ഷേപങ്ങളാണുള്ളത്. തമിഴ്‌നാട്, പഞ്ചാബ്, കര്‍ണാടക, യുപി, രാജസ്ഥാന്‍ തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളിലെ ഗ്രീന്‍ എനര്‍ജി മേഖലയില്‍ വന്‍സംരംഭങ്ങളുണ്ട്. ഗ്യാസ് വിതരണ മേഖലയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനമാണ് അദാനിയുടേത്. മീഡിയിയലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് വലിയ ചര്‍ച്ചയായല്ലോ. NDTV പോലും ഇപ്പോള്‍ അദാനിയുടേതാണ്. അതുപോലെ നിരവധി മാധ്യമങ്ങളുടെ നിയന്ത്രണം മറ്റാര്‍ക്കുമല്ല. മറ്റൊരു വലിയ ബിസിനസ് മേഖല ആപ്പിള്‍ കച്ചവടമാണ്. ഹിമാചലിലും കാശ്മീരിലുമൊക്കെ ഈ മേഖലയില്‍ വലിയ നിക്ഷേപങ്ങളുണ്ട്. സിമന്റ് ഉല്‍പ്പാദന മേഖലയില്‍ രണ്ടംസ്ഥാനത്താണ്. വൈരക്കല്‍ കയറ്റുമതിയില്‍ ഒന്നാമതാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാകട്ടെ 300 ഓളം വന്‍കിട പ്രോജക്ടുകളുണ്ട്. അതിലേറ്റവും പ്രധാനമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനര്‍നിര്‍മ്മാണം. അതോടെ അവിടത്തെ സ്ഥലവില വന്‍തോതില്‍ ഉയര്‍ന്നതായി അദ്ദേഹം പറയുന്നു. ആറു വന്‍കിട റോഡ് പ്രോജക്ടുകള്‍ അദാനിയുടേതായി നിലവിലുണ്ട്. ഭക്ഷ്യ എണ്ണയുടെ മേഖലയില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്‍ലാഭമാണ് അദാനിക്കുള്ളത്. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി മേഖലകളില്‍ നിന്നാണ് അദാനി ലാഭം കൊയ്യുന്നത്. അതിനെല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് കേന്ദ്രസര്‍ക്കാരണ്.

കഴിഞ്ഞ ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നത് ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ് അവതരിക്കപ്പെടുന്നത്. ഇതിനിടയില്‍ നടന്ന കുറച്ചുകാര്യങ്ങളെ കുറിച്ച് വിശദീകരിക്കാം. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഷെയര്‍ മാര്‍ക്കറ്റില്‍ ്അദാനിയുടെ മൂല്യം ഇടിയാനാരംഭിച്ചു. പലരും എന്നോട് ഞാനാണോ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ചത് എന്നു ചോദിക്കുന്നു. ഞാന്‍ പക്ഷെ അത്തരമൊരു കമ്പനിയുടെ പേരുപോലും കേട്ടിട്ടില്ലായിരുന്നു. അതൊരു ചെിയ ആക്ടിവിസ്റ്റ് ഗ്രൂപ്പാണ്. റിപ്പോര്‍ട്ട് വന്നപ്പോള്‍ ആദ്യം അദാനി ചെയ്തത് അതെല്ലാം വസ്തുതാവിരുദ്ധമാണെന്നു പറഞ്ഞ് നിഷേധിക്കുകയായിരുന്നു. മാത്രമല്ല, തന്നെയല്ല, ഇന്ത്യയെ തോല്‍പ്പിക്കാനായി വിദേശശക്തികള്‍ ചെയ്യുന്ന പ്രവര്‍ത്തിയായി ്അതിനെ വ്യാഖ്യാനിച്ചു. ചീഫ് ഫൈനാന്‍സ് ഓഫീസര്‍ ഇതേകുറിച്ച് വിശദീകരിക്കുമ്പോള്‍ പുറകില്‍ ഇന്ത്യന്‍ പതാക പാറുകയായിരുന്നു. ഇന്ത്യയുടെ ദേശിയപ്രശ്‌നമായി ഇതിനെ ലിങ്ക് ചെയ്യാനായിരുന്നു ശ്രമം. ജാലിയന്‍ വാലാബാഗില്‍, ഇന്ത്യന്‍ പട്ടാളക്കാരെ ഉപയോഗിച്ച് തന്നെ നടന്ന കൂട്ടക്കൊലയോടു താരതമ്യം ചെയ്യാനും ശ്രമിച്ചു. തനിക്കെതിരെ വന്ന ആരോപണങ്ങളുടെ ധാര്‍മ്മിക ഉതതരവാദിത്തം ഏറ്റെടുത്ത് ഓഹരിവിപണിയില്‍ നിന്നു തന്റെ ഓഹരികള്‍ പിന്‍വലിക്കുന്നു എന്ന അടവും അദാനി പ്രയോഗിച്ചു. സര്‍ക്കാരിലേക്ക് അദാനി നടത്തിയ നിക്ഷേപങ്ങള്‍ പിന്‍വലിച്ചത് ഓഹരിവിപണിയെ വളരെ പ്രതികൂലമായി ബാധിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടര വര്‍ഷത്തോളം ഞാനെങ്ങെനെ നിശബ്ദനായി എന്നുകൂടി സൂചിപ്പിക്കാം. എന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് ഒരുപാട് ലീഗല്‍ ഡോക്യുമെന്റ്‌സ് കാണാം. തുടക്കത്തില്‍ പറഞ്ഞപോലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിയോട് ചോദിച്ച 84-ാമത്തെ ചോദ്യം ഫ്രീഡം ഓഫ് സ്പീച്ചില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ എന്തിന് ഒരു ജേര്‍ണിസ്റ്റിനെ അറസ്റ്റ് ചെയ്യിച്ചു എന്നായിരുന്നു. അതിനദ്ദേഹം കൊടുത്ത മറുപടി, ഞങ്ങള്‍ക്കതില്‍ ഒരു ഉത്തരവാദിത്തവും ഇല്ല, അത് ചെയ്തത് ജഡ്ജ് ആണ് എന്നായിരുന്നു. അത് ഒരര്‍ത്ഥത്തില്‍ ശരിയുമാണ്. 2017ല്‍ സംഭവിച്ച ഒരു കാര്യം കൂടി പറയാം. അന്നു ഞാന്‍ EPW എഡിറ്ററായിരുന്നു. അന്ന് ്അതില്‍ 500 കോടി രൂപ മോദി, അദാനിക്കു ദാനം ചെയ്തു എന്നതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് ഞാന്‍ എഴുതിയിരുന്നു. ഉടനെ എനിക്കും പബ്ലിഷര്‍ക്കുമെതിരെ ഷോ കോസ് നോട്ടീസ് വന്നു. എനിക്കെതിരെ വന്ന നോട്ടീസിന് ഞാന്‍ വ്യക്തിതലത്തിലാണ് മറുപടി നല്‍കിയത്. എന്നാല്‍ വാരികയുടെ ഉടമകളായ സമീക്ഷ ട്രസ്റ്റ് എനിക്ക് വീഴ്ചയുണ്ടായെന്ന നിലപാടാണെടുത്തത്. എങ്കിലത് സാങ്കേതിക കാര്യമാണെന്നും ഞാന്‍ ക്ഷമ ചോദിക്കുന്നു പറഞ്ഞെങ്കിലും അവരതില്‍ തൃപ്തരായില്ല. പകരം ലേഖനം പിന്‍വലിക്കാനാവശ്യപ്പെട്ടു. ഞാനത് പിന്‍വലിച്ചു. കൂടാതെ രാജിയും സമര്‍പ്പിച്ചു. കേസില്‍ കോടതി ആവശ്യപ്പെട്ടത് അതിലെ ഒരുവാക്കും ഒരു വാചകവും പിന്‍വലിക്കാനായിരു്‌നനു. ഞാനങ്ങനെ ചെയ്തു. തുടര്‍ന്ന് ആ ലേഖനം ദി വയറിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് സിവിലും ക്രിമിനലുമായ കേസുകള്‍ എനിക്കെതിരെ ഉണ്ടായിരുന്നു. പിന്നീട് 2019 തെരഞ്ഞെടുപ്പുവേളയില്‍ എനിക്കെതിരെയുള്ളതൊഴികെ, മറ്റുപലര്‍ക്കുമെതിരെ കൊടുത്ത കേസുകള്‍ അദാനി പിന്‍വലിച്ചു. 2021 ജനുവരിയില്‍ എനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയില്‍ ഹാജരാകാന്‍ തയ്യാറായ ഒരാളുടെ പേരില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നത് സുപ്രിംകോടതി വിധിക്കെതിരാണെന്ന എന്റെ വക്കീലിന്റെ വാദം കോടതി അംഗീകരിക്കുകയും അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. പിന്നീട് എനിക്കെതിരെ വന്ന കേസ്, നേരത്തെ സുപ്രിംകോടതി ജഡ്ജായിരുന്ന അരുണ്‍ മിശ്ര 8000 കോടി രൂപ അദാനിക്ക് ‘ഗിഫ്റ്റായി’ കൊടുത്തു എന്ന വാര്‍ത്ത കൊടുത്തതിന്റെ പേരിലായിരുന്നു. ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരിലും ഞാനെഴുതിയ ഒരു വാര്‍ത്തയും കേസിനു കാരണമായി. പല സംസ്ഥാനങ്ങളിലുമായി ഇപ്പോള്‍ ആറോളം കേസുകളുണ്ട്. അദാനിക്കെതിരായി ഒന്നു പറയരുതെന്ന കോടതി നിര്‍ദ്ദേശവും വന്നു. അതിന്റെയൊക്കെ ഭാഗമായി ഇടക്കു കുറച്ചുകാലം നിശബ്ദനായെങ്കിലും ഇപ്പോള്‍ ഞാന്‍ വീണ്ടും സത്യങ്ങള്‍ വിളിച്ചുപറയുകയാണ്. അവ സത്യമാണെന്ന് തികഞ്ഞ ബോധ്യം ഉള്ളതുകൊണ്ടാണ് ഞാനിപ്പോള്‍ അതിനു തയ്യാറായിട്ടുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply