
പി രാജീവ്, ഇനിയും സേതുമാധവന്മാര്‍ ഉണ്ടാകാതിരിക്കണമെങ്കില്‍…
ഒമ്പത് മാസംകൊണ്ട് കേരളത്തില്‍ ഒരുലക്ഷത്തി പതിനാറായിരം പുതിയ സംരംഭമാണ് ആരംഭിച്ചതെന്നും ഇതില്‍ 38,000 വനിതാ സംരംഭകരാണെന്നും അതുവഴി ഏഴായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തിന് അകത്തുനിന്നുമാത്രം ഉണ്ടായിട്ടുള്ളതെന്നും രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടുവെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന അതിശയോക്തിപരമാണെന്നതില്‍ സംശയമില്ല. അപ്പോഴും ഈ മേഖലയില്‍ മന്ത്രി പ്രകടിപ്പിക്കുന്ന താല്‍പ്പര്യം പിന്തുണക്കപ്പെടേണ്ടതാണ്.
മലയാളി സംരംഭകരില്‍ ഏറ്റവും പ്രമുഖനായ യൂസഫലി തനിക്കെതിരെ വലിയ തോതില്‍ അപവാദ പ്രചാരണങ്ങള്‍ നടക്കുന്നതായി ചൂണ്ടികാണിക്കുകയും എന്നാലതുകൊണ്ടൊന്നും തന്നെ തകര്‍ക്കാനാവില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തതായി വാര്‍ത്ത കണ്ടു. . ഇ ഡി, തന്നെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് യൂസഫലിയുടെ പ്രതികരണം. ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനെതിരെ അദ്ദേഹം മാനനഷ്ടകേസ് കൊടുത്തതായും വാര്‍ത്തയുണ്ട്. കേരളത്തില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുമെന്നു ദൃഢപ്രതിജ്ഞയെടുത്തിട്ടുള്ള മന്ത്രി പി രാജീവ്, സംരംഭകര്‍ക്കെതിരായ മലയാളികളുടെ പൊതുബോധം മാറേണ്ടതുണ്ടെന്നു പ്രഖ്യാപിച്ചതിനു പുറകെയാണ് ഈ സംഭവങ്ങള്‍. മിഥുനം എന്ന പ്രശസ്ത സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുഭവം ഇനി ഇവിടെ ഉണ്ടാകില്ല എന്നാണ് മന്ത്രി പറയുന്നത്. അതേസമയം അത്തരമൊരു പൊതുബോധം സൃഷ്ടിച്ചതില്‍ പ്രധാന പങ്ക് രാജീവിന്റെ പ്രസ്ഥാനത്തിനു തന്നെയാണെന്നത് വേറെ കാര്യം.
കേരളത്തില്‍ ഇനി വളരേണ്ടത് സംരംഭകത്വം തന്നെയാണെന്നതില്‍ സംശയമില്ല. അതിനര്‍ത്ഥം അതിനായി നിയമലംഘനങ്ങളോ അനര്‍ഹമായ ആനുകൂല്യങ്ങളോ നല്‍കണമെന്നല്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ യൂസഫലിയാണെങ്കിലും വിമര്‍ശിക്കണം, നടപടി വേണം. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ചില സ്ഥാപനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണെന്നാ ആരോപണമുണ്ട്. അതെകുറിച്ച് അന്വേഷണം അനിവാര്യമാണ്. എന്നാലത്തരത്തിലൊന്നിനും ശ്രമിക്കാതെ, മന്ത്രി പറഞ്ഞപോലെ ഇവിടെ നിലിനല്‍ക്കുന്ന പൊതുബോധത്തിന്റെ പേരിലാണ് യൂസഫലിയടക്കമുള്ള പല സംരംഭകര്‍ക്കുമെതിരെ പ്രചാരണങ്ങള്‍ നടക്കുന്നത്. കിറ്റക്‌സ് ഉടമ സാബു ജേക്കബ്ബിനെതിരായും ഉയര്‍ന്ന ആരോപണങ്ങളില്‍ കൃത്യമായി അന്വേഷണം നടത്തി നടപടിയെടുക്കാതെ നടന്ന പ്രചാരണങ്ങളും മറക്കാറായിട്ടില്ല. അക്കാര്യത്തില്‍ രാജീവിന്റെ സര്‍ക്കാരും ഒട്ടും മോശമായിരുന്നില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തീര്‍ച്ചയായും സംരംഭകര്‍ വളരണമെന്നു പറയുമ്പോള്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് യൂസഫലിയേയോ സാബുജേക്കബ്ബിനേയോ പോലുള്ള വന്‍കിടക്കാരെയല്ല. അത്തരക്കാര്‍ ഉയര്‍ന്നു വരുമെന്നുറപ്പ്. സ്വാഭാവികമായും വന്‍കിടക്കാര്‍ക്ക് സര്‍ക്കാരിന്റെ സുരക്ഷിതത്വവുമുണ്ടാകും എന്നാല്‍ വ്യാപകമായി വളരേണ്ടത് ഇടത്തരം, ചെറുകിട സംരംഭകരാണ്. അവരോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാരും പൊതുസമൂഹവും സ്വീകരിക്കേണ്ടത്. എന്നാല്‍ മന്ത്രി രാജീവ് എന്തൊക്കെ പറഞ്ഞാലും അക്കാര്യത്തില്‍ വളരെയൊന്നും മുന്നോട്ടുപാകാന്‍ നമുക്കായിട്ടില്ല. നിങ്ങളുടെ മുന്നിലുള്ള ഓരോ ഫയലിനു പുറകിലും ഓരോ ജീവിതമുണ്ടെന്നു ഇടക്കിടെ മുഖ്യമന്ത്രി പറയുമ്പോഴും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഫയലുകള്‍ കെട്ടികിടക്കുകയാണ്. അവയില്‍ വലിയൊരു ഭാഗം സംരംഭകരുടേതാണ്. ഈ ഫയലുകള്‍ക്കു മുകളില്‍ അടയിരിക്കുന്നവര്‍, അവര്‍ക്കൊരു മാസത്തെ വേതനം ഒരു ദിവസം വൈകിയില്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ കാണാറുണ്ടല്ലോ. തദ്ദേശ സ്ഥാപനങ്ങളുടേയും രാഷ്ട്രീയക്കാരുടേയും നിഷേധാത്മക സമീപനം മൂലം പല സംരംഭകരും ജീവനൊടുക്കിയ വാര്‍ത്തകള്‍ അടുത്തുപോലും ഉണ്ടായിരുന്നു. കൊവിഡ് കാല ദുരന്തങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാതിരുന്നതിന്റെ പേരിലും പല ആത്മഹത്യകളും നടന്നു. അന്നുതകര്‍ന്ന പല സ്ഥാപനങ്ങളും ഇപ്പോഴും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. ഓരോ സ്ഥാപനം തകരുമ്പോഴും സംരംഭകര്‍ മാത്രമല്ല, നിരവധി ജീവനക്കാരുടെ ജീവിതവുമാണ് തകരുന്നത്. ഓരോ സ്ഥാപനം തുടങ്ങുമ്പോഴും കുറെപേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു. ലോകത്തൊരു ഭാഗത്തുമില്ലാത്ത നോക്കുകൂലി പോലുള്ള അസംബന്ധങ്ങള്‍ തടയാന്‍ ഇപ്പോഴുമായിട്ടില്ല. ഇതിനെല്ലാം പുറമെയാണ് ലക്ഷങ്ങള്‍ വേതനം കിട്ടുന്നവര്‍ പോലും അതിന്റെ നാലിലൊന്നുപോലും വരുമാനം ലഭിക്കാത്ത സംരംഭകരെ ബൂര്‍ഷ്വാസി എന്നു വിളിച്ചാക്ഷേപിക്കുന്നത്. ബൂര്‍ഷ്വാസിയും മുതലാളിയുമൊക്കെ ഒരു സമൂഹത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമാണ്. എന്നാല്‍ ആ പദങ്ങളെ വൃത്തികെട്ട പദങ്ങളായി കാണുന്ന ഒരു പൊതുബോധം ഇവിടെ നിലനില്‍ക്കുന്നു. അതിനു പ്രധാന കാരണം ഇടതുപക്ഷമെന്ന പേരില്‍ പ്രചരിക്കുന്ന ആശയങ്ങള്‍ തന്നെയാണ്. വാസ്തവത്തില്‍ കവിതയെഴുതുന്നതിനേക്കാള്‍ സര്‍ഗ്ഗാത്മകതയും ഭാവനയും ഒരു സംരംഭം തുടങ്ങാനാവശ്യമാണ്. എന്നാല്‍ കവി നമുക്ക് ബുദ്ധിജീവിയും സംരംഭകന്‍ സാമൂഹ്യവിരുദ്ധനുമാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് വ്യവസായ മന്ത്രി പി രാജീവിന്റെ ഈ മേഖലയിലെ ഇടപെടലുകളെ നോക്കികാണാന്‍. കേരളത്തില്‍ സംരംഭകത്വത്തിനു കഴിയും എന്ന പൊതുബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞതായും അത് എല്ലാവരും ഒത്തൊരുമിച്ചു നടത്തിയ ശ്രമത്തിന്റെ ഫലമാണെന്നും മന്ത്രി പറയുന്നു. ഒമ്പത് മാസംകൊണ്ട് കേരളത്തില്‍ ഒരുലക്ഷത്തി പതിനാറായിരം പുതിയ സംരംഭമാണ് ആരംഭിച്ചതെന്നും ഇതില്‍ 38,000 വനിതാ സംരംഭകരാണെന്നും അതുവഴി ഏഴായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തിന് അകത്തുനിന്നുമാത്രം ഉണ്ടായിട്ടുള്ളതെന്നും രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടുവെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന അതിശയോക്തിപരമാണെന്നതില്‍ സംശമില്ല. അപ്പോഴും ഈ മേഖലയില്‍ മന്ത്രി പ്രകടിപ്പിക്കുന്ന താല്‍പ്പര്യം പിന്തുണക്കപ്പെടേണ്ടതാണ്. സംരംഭകവര്‍ഷത്തില്‍ സംരംഭകര്‍ക്ക് എല്ലാ സഹായവും നേരിട്ട് നല്‍കാന്‍ സദാ സന്നദ്ധരായി 1153 ഇന്റേണുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഓഫീസ് സമയമോ അവധി ദിവസങ്ങളോ കണക്കാക്കാതെ ഓവര്‍ ടൈം ജോലി ചെയ്തതായി മന്ത്രി പറയുന്നു. സാങ്കേതിക വിദ്യയിലും വൈദഗ്ധ്യത്തിലും പിന്തുണയേകുന്നതിനായി എം.എസ്.എം. ഇ ക്ളിനിക്കുകള്‍ ഓരോ ജില്ലയിലും പ്രവര്‍ത്തനക്ഷമമായി. നാല് ശതമാനം പലിശക്ക് വായ്പാ സൗകര്യമൊരുക്കി ബാങ്കുകള്‍ മുന്നോട്ട് വന്നു. ഇങ്ങനെ, സംരംഭക സൗഹൃദ അന്തരീക്ഷം കേരളത്തിന്റെ കരുത്തായി മാറുന്ന ഒരു കാഴ്ചയാണ് ഈ പദ്ധതിയിലൂടെ കണ്ടത്. ഇതിനിടയില്‍ സംരംഭം തുടങ്ങുന്നതില്‍ പ്രയാസം നേരിട്ട നാലഞ്ച് പേരുടെ പ്രശ്നങ്ങള്‍ വലിയ കവറേജോടെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മിഥുനം സിനിമയില്‍ ദാക്ഷായണി ബിസ്‌കറ്റിന് വേണ്ടി സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ മന്ത്രി പരമാമര്‍ശിച്ചത്. കേരളത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ എന്നാണ് രാജീവ് വിശദീകരിച്ചത്. അത്തരമൊരു പൊതുബോധം സൃഷ്ടിച്ചതില്‍ പ്രധാന പങ്ക് ആര്‍ക്കെന്നു കൂടി അദ്ദേഹത്തിനു പറയാമായിരുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനം മുന്‍ഗണന കൊടുക്കേണ്ട ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. സംരംഭകത്വം എന്നത് ശാസ്ത്രീയമായി തന്നെ പഠിക്കേണ്ട ഒന്നാണ്. എന്നാല്‍ അതു പഠിപ്പിക്കാനും പഠിക്കാനുമുള്ള അവസരം കേരളത്തില്‍ നന്നേ കുറവാണ്. ചെറുപ്പക്കാരായ സംരംഭകര്‍ക്ക് സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാന വിഷയങ്ങളിലൂന്നിയ പഠന പദ്ധതികള്‍ ചിട്ടപ്പെടുത്താന്‍ രാജ്യത്തെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് ശ്രദ്ധാലുക്കളാണ്. നിലവില്‍ നന്നായി കുടുംബവ്യവസായത്തില്‍ ശോഭിച്ച് നില്‍ക്കുന്നവരും തങ്ങളുടെ മക്കളെ ‘എന്റര്‍പ്രണര്‍ഷിപ്’ പഠിപ്പിക്കാന്‍ അയക്കുന്നുണ്ട്. പഠനാനന്തരം തിരിച്ചെത്തി പരമ്പരാഗതമായി നടത്തിവന്ന യൂണിറ്റിന്റെ പില്‍ക്കാല ചരിത്രംതന്നെ തിരുത്തിയെഴുതിയ കഥകള്‍ ധാരാളമുണ്ട്. ഇക്കാര്യത്തില്‍ വ്യവസായ – വിദ്യാഭ്യാസ – യുവജന – വനിതാ വകുപ്പുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോക സംരംഭക ദിനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട, സംരംഭകത്വത്തിന് വേണ്ട ചില അടിസ്ഥാന പാഠങ്ങളെ കുറിച്ചു കൂടി പരാമര്‍ശിക്കാം. ധൈര്യമായിരിക്കുക എന്നതാണ് അതിലൊന്ന്. എന്തെങ്കിലുമൊക്കെ നേടിയെടുക്കുന്ന ഏതൊരാള്‍ക്കും ഒരു വലിയ സ്വപ്നമുണ്ടായിരിക്കും. ആ സ്വപ്നങ്ങളില്‍ പലതും തുടക്കത്തിലേ പലരും പരിഹസിക്കും. എന്നാല്‍ നമ്മള്‍ വിശാലമായി ചിന്തിക്കുന്നില്ലെങ്കില്‍, പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമുക്ക് അവസരമില്ല. അതാണ് സംരംഭകത്വത്തിന്റെ പ്രത്യേകത. മറ്റേതൊരു ജോലി നേടുന്ന ആളെക്കാളും ഉപരിയായി ഒരു സംരംഭകന്‍ അസാമാന്യമായ ധൈര്യത്തിന് ഉടമയായിരിക്കണം. രണ്ടാമതായി ബന്ധിപ്പിക്കുക എന്നതാണ്. ഓട്ടോമേഷന്റെയും മുഖമില്ലാത്ത സാങ്കേതികവിദ്യയുടെയും യുഗമാണെങ്കിലും, യഥാര്‍ത്ഥ ആളുകള്‍ക്ക് കണക്റ്റുചെയ്യാന്‍ കഴിയുന്ന ഒരാളായിരിക്കുക എന്നത് വളരെ പ്രധാനമാണ്. വന്‍തോതിലുള്ള ഉല്‍പ്പാദനത്തിലൂടെ മികച്ച രീതിയില്‍ സ്‌കെയില്‍ ചെയ്യാനാകുന്ന സംരംഭങ്ങള്‍ക്കാണ് നിലനില്‍പ്പുള്ളത്. എന്നാല്‍ ഓരോ ഉപഭോക്താവിന്റെയും എക്‌സ്പീരിയന്‍സ് അവര്‍ക്ക് യുണീക്കാണ്. അവര്‍ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമാക്കുന്നതിലൂടെ ഓരോ സംരംഭവും ഉപയോക്താവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. ഒരു ബിസിനസിലെ ഏറ്റവും മികച്ച മൂല്യമെന്നത് തങ്ങളുടെ ഉപഭോക്താവിനെ തിരിച്ചറിയുക അവരുമായി മികച്ച ബന്ധം സ്ഥാപിക്കുക എന്നതാണ്. മൂന്നാമത് ഫോക്കസ് ചെയ്യലാണ്. വിജയിച്ച സംരംഭകരുടെ ഏറ്റവും സാധാരണമായ സവിശേഷത, അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവാണ്. ഇലോണ്‍ മസ്‌കും ജെഫ് ബെസോസും ബില്‍ ഗേറ്റ്സും സ്റ്റീവ് ജോബ്സും എല്ലാം അവരുടെ വിജയത്തിന്റെ പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കുന്നത് ഫോക്കസ് ആണ്. കൃത്യമായ ലക്ഷ്യബോധം ബിസിനസ്സ് പ്രകടനം വര്‍ധിക്കുന്നതിന് തീര്‍ച്ചയായും ആവശ്യമാണ്. ദിശാബോധം ഇല്ലാതെ ചെയ്യുന്ന ഏത് കാര്യവും പരാജയത്തിലേക്ക് മാത്രമായിരിക്കും നയിക്കപ്പെടുക. ഈ ദിശകളിലുളള ്‌വബോധം യുവജനങ്ങളില്‍ സൃഷ്ടിച്ചെടുക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും ഭരണകൂടത്തിനും സമൂഹത്തിനും കഴിഞ്ഞാല്‍ മാത്രമേ മികച്ച സംരംഭക പ്രദേശമായി മാറാന്‍ നമുക്കാവൂ. ഒരു ക്രിയേറ്റിവിറ്റിയുമില്ലാത്ത സര്‍ക്കാര്‍ ജോലി എന്ന ഏകലക്ഷ്യത്തില്‍ നിന്നു കഴിവുള്ള യുവജനങ്ങളെ മാറ്റിയെടുക്കാനാവൂ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in