ബഹുസ്വരതയും വൈവിധ്യവുമായിരിക്കും ഫാസിസത്തില്‍ നിന്നുള്ള നമ്മുടെ രക്ഷ.

ലക്ഷദ്വീപില്‍ വെറും സാമ്പത്തിക ചൂഷണമല്ല ബി ജെ പി നടപ്പിലാക്കുന്നത്. അതിന്റെ അടിത്തട്ടില്‍ സംഘി ബ്രഹ്മണിക അജണ്ടയുണ്ട്. മുസ്ലിം വംശഹത്യ കൂടി അന്തര്‍ഭവിച്ചത് കൊണ്ടാണ് ഭക്ഷണത്തില്‍ തുടങ്ങീ ഭൂമിയുടെയും തൊഴിലിന്റെയും മണ്ഡലത്തില്‍ വരെ പാട്ടേല്‍ജി കൈവച്ചിരിക്കുന്നതത്. ഇതര സംസ്‌കാരങ്ങളെ അമര്‍ച്ച ചെയ്യേണ്ടത് ജാതി റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിന് വേണ്ട മൂന്നുപാധിയാണ്. ബദല്‍ ചിന്തകള്‍ മുന്നോട്ട് വെക്കുന്നവരെ കൊന്നും തടവറയിലാക്കിയും ബുദ്ധന്മാരെ ഉന്മൂലനം ചെയ്തപോലെ ഒരു രണ്ടാം ശുദ്ധീകരണമാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്. ഗൗരീലങ്കേഷും, ധബോള്‍ക്കരും ഗോവിന്ദ് പന്‍സാരെയുമെല്ലാം ആദ്യഘട്ട ഇരകള്‍. രണ്ടാം ഘട്ടം ആവശ്യമില്ലാത്ത വിധം ബുദ്ധിജീവികള്‍ മൗനികളായി.

”ഇത് പോലുള്ള കൂറ്റകൃത്യങ്ങള്‍ ശീലമായിരിക്കുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ കുറ്റകൃത്യമല്ല, നമ്മെ ഭയപ്പെടുത്തുന്നത്, മറിച്ച് ഇതൊരു ശീലമായതാണ്.” ദസ്റ്റോവ്‌സ്‌കിയുടെ കരമാസോവ് സഹോദരന്മാരില്‍ ഇപ്പോലീത്ത പ്രകടിപ്പിക്കുന്ന ഇതേ ഉല്‍ക്കണ്ഠ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലെ ചിന്തിക്കുന്ന മനുഷ്യരെ അസ്വസ്ഥപ്പെടുത്തുന്നത്. എവിടെയെങ്കിലും നടക്കുന്ന ഏതെങ്കിലും ഹത്യകളല്ല, ഇതെല്ലാം പതിവാകുകയും ഒരു ശീലം പോലെ വ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്യുന്നു. എന്തു പറയണമെന്നോ, എന്തിനോട് പ്രതികരിക്കണമെന്നോ എവിടെ മുന്‍ഗണന നല്‍കണമെന്നോ മനസ്സിലാകാത്ത അവസ്ഥയിലേക്ക് നാം അതിവേഗം നീങ്ങികൊണ്ടിരിക്കുന്നു. ഉത്തരവാദപ്പെട്ട പ്രസ്ഥാനങ്ങളും നേതാക്കളും ആനയെ തൊട്ട അന്ധനെപ്പോലെ നിര്‍വചനം പൂര്‍ത്തിയാക്കാതെ അര്‍ദ്ധവിരാമത്തില്‍ വിശ്രമിക്കുന്നു. എങ്ങിനെയാണ് ചരിത്രം ഇതുപോലെ ആവര്‍ത്തിക്കുന്നത് എന്നത് മറ്റൊരു വിസ്മയമാണ്.

ഫാഷിസത്തെക്കുറിച്ച് ക്‌ളാസ്സില്‍ പ്രതിപാദിച്ച അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത് കേന്ദ്ര സര്‍വകലാശാലയിലാണെങ്കിലും നമ്മുടെ കേരളത്തിലാണ്. ഭീമ കൊരെഗാവ് കേസില്‍ യുഎപിഎ ചുമത്തി തടവറയില്‍ കഴിയുന്നവരില്‍ ഒരാള്‍ നമ്മുടെ കേരളക്കാരനാണ്. ദളിത് പീഡനം നടന്ന ഉത്തര്‍ പ്രദേശില്‍ സന്ദര്‍ശിച്ചതിന് യു എ പി എ ചുമത്തി അകത്തിട്ടിരിക്കുന്നത് കേരളീയനെ തന്നെ. തടവറകള്‍ ഇനിയും ഉയര്‍ന്നു വരും. ചിലപ്പോള്‍ സംസ്ഥാനങ്ങള്‍ തന്നെ കാശ്മീരിന്റെയോ, ലക്ഷദ്വീപിന്റെയോ മാതൃകയില്‍ തടവറയായി മാറിയേക്കും. തടവറകള്‍ ഉണ്ടാക്കുന്നതു കൊണ്ടൊ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് കൊണ്ടോ അല്ല നമ്മളിന്നു ഫാഷിസ്റ്റ് ഭരണത്തിലാണെന്ന് പറയുന്നത്. അതെല്ലാം ഇന്ത്യയില്‍ മുമ്പും നടന്ന കാര്യങ്ങളാണ്. ഇന്ത്യ ഇന്ന് ആര്‍ എസ് എസ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പദ്ധതികളുടെ നടത്തിപ്പുകാരാണ് നിയന്ത്രിക്കുന്നത്. ആ പദ്ധതി വംശീയ വിരോധവും ഉന്‍മൂലനവും ലക്ഷ്യമിടുന്നതാണ്.

അടിയന്തിരാവസ്ഥ ഒരു ദിവസം ഒരുത്തരവിലൂടെ തുടങ്ങി മറ്റൊരു ഉത്തരവിലൂടെ അവസാനിക്കുന്നതായിരുന്നു. എന്നാല്‍ ഫാഷിസം അങ്ങിനെ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന ഏര്‍പാടല്ല. ക്രിയാല്‍മകമായി എന്തെങ്കിലും ചെയ്യുകയല്ല അവരുടെ പ്രഖ്യാപിത ലക്ഷ്യം. ചെയ്യാനുള്ളത് ഹിന്ദുത്വ ഭരണകൂടവും അതിന്റെ ആശ്രിതരേയും ഉണ്ടാക്കുക മാത്രമാണ്. ഹിന്ദുത്വ സാമൂഹ്യ വ്യവസ്ഥയെ പുനസ്ഥാപിക്കുകയെന്നാല്‍ ആധുനിക പൂര്‍വ ജാതി റിപ്പബ്ലിക് പുതിയ സാമ്പത്തിക ഉല്പാദന ക്രമത്തില്‍ വീണ്ടെടുക്കുകയെന്നാണ്. വീട്ടില്‍ സംസ്‌കൃതം പറയാത്തതിന് രക്ഷിതാക്കളുടെ അടിവാങ്ങിയ വി ടി ഭട്ടതിരിപ്പാട് എഴുതിയതെല്ലാം വായിച്ചും വായിക്കാതെയും മറന്നവരാണ് കേരളീയര്‍. പുതിയ തലമുറക്ക് അങ്ങിനെ ഒരാളെ അറിയണമെന്നും ഇല്ല. ഇന്ന് ഇന്ത്യ മുഴുവന്‍ വീട്ടുഭാഷയായി സംസ്‌കൃതം പഠിപ്പിക്കാനുള്ള സംഘപരിവാര്‍ കേന്ദ്രം ദില്ലിയില്‍ പ്രവര്‍ത്തിക്കുകയാണ്. ബ്രാഹ്മണരല്ലേ അവര്‍ക്ക് വേണേല്‍ പഠിച്ചോട്ടെ എന്നു വിചാരിക്കാമായിരുന്നു. അപ്പോഴുള്ള കുഴപ്പം ലീലാ തിലകമാണ്. അധമഭാഷ സംസാരിക്കുന്നവരായി അവശേഷിക്കുന്നവര്‍ മാറുമെന്നാണല്ലോ ലീലാതിലകക്കാരന്‍ പറയുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പൗരത്വം കിട്ടാത്തവര്‍ക്ക് തടവറയിലേക്കൊ, മറ്റ് രാജ്യങ്ങളിലെക്കൊ പോകാം. അപ്പോഴും എല്ലാവരെയും അങ്ങിനെ പറഞ്ഞു വിടില്ല. തൊട്ട് കൂടാത്തവരും തീണ്ടികൂടാത്തവരുമായി ചുറ്റും അടിമവേലക്ക് ആളുകള്‍ വേണമല്ലോ. ഇന്ത്യയിലെ ദളിതരെ പഴയ പടി നിലനിര്‍ത്തുന്നത് അതിനുവേണ്ടിയാണ്. ഇപ്പൊഴും ദളിതര്‍ക്ക് സംവരണം കിട്ടുന്നതിനെ ഭയക്കുന്നവര്‍ അബോധമായി ജാതി റിപബ്ലിക്കിന്റെ പുനസ്ഥാപനമാണ് ആഗ്രഹിക്കുന്നത്. ദളിത് കോളനികള്‍ മതേതര കേരളവും നിലനിര്‍ത്തുന്നുണ്ടല്ലോ. അഗ്രഹാരങ്ങള്‍ കൂടി വ്യാപിപ്പിച്ചാല്‍ മതി. കാര്യങ്ങള്‍ എളുപ്പമാവും.

നോട്ട് നിരോധിച്ചിട്ട് എന്തുണ്ടായി, പൗരത്വ നിഷേധം എന്തുണ്ടാക്കി, ദളിത് പീഡനങ്ങള്‍ എന്തുണ്ടാക്കി. കാശ്മീരിന്റെ പ്രത്യേക പദവി മാത്രമല്ല, ഒരു ജനതയുടെ ജീവിതം ദീര്‍ഘ കാലം റദ്ദ് ചെയ്തിട്ടൂ എന്തുണ്ടായി. ഇപ്പൊഴും സംഘപരിവാറിന്റെ മുദ്രാവാക്യങ്ങള്‍ മതേതര ഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്തു കൊണ്ട് മുസ്ലിം വിരോധവും ദളിത് വിരോധവും പ്രക്ഷേപിക്കുന്നതാണ് മുഖ്യധാരക്ക് ഇപ്പൊഴും പ്രിയം. ഇതൊക്കെത്തന്നെയാണ് ഗാസ് ചേമ്പറിന്റെ മുന്നോടിയായി ജര്‍മനിയിലും അവരുടെ അധിനിവേശ പ്രദേശങ്ങളിലും നടന്നത്. പരീക്ഷയില്‍ തോറ്റ വ്യക്തി ജയിച്ച ജൂതവിദ്യാര്‍ത്ഥിയാണ് അയാളുടെ പരാജയ കാരണമായി അവതരിപ്പിച്ചതെന്ന് സാര്‍ത്ര്‌ പറയുന്നുണ്ട്. ജൂതകച്ചവടക്കാരനോടു വാങ്ങിയതിനാല്‍ പുതപ്പ് കീറി പോയെന്നു മറ്റൊരാളും. അങ്ങിനെ നൂറോളം പേരോട് സംസാരിച്ചാണ് അകാരണമായ വംശീയ വെറുപ്പിന്റെ പരിസരം സാര്‍ത്ര് എഴുതിയത്.(Anti Semite and Jew, Jean Paul Sartre) ഇതുപോലുള്ള നിരവധി വര്‍ത്തമാനങ്ങള്‍. ജര്‍മനിയെ സഖ്യ സൈന്യം കീഴടക്കിയ ശേഷവും ജൂതരായ മനുഷ്യരോടു പാരീസില്‍ പോലും മുഖ്യ ധാര സൂക്ഷിച്ച വെറുപ്പിനെ കുറിച്ചാണ് സാര്‍ത്ര് പറയുന്നത്. ഏതാണ്ട് എല്ലാം ഇവിടെയും ഒത്തു വരുന്നു. ഒരു കാരണവും വേണ്ട. വെറുപ്പ് ചൂണ്ടിലും ഹൃദയത്തി ലും സ്വയം ഭൂവാകുന്നതല്ല. ശശികല ടീച്ചറും ഗോപാലകൃഷ്ണനും തുറന്നു പറയുകയും മറ്റുള്ളവര്‍ സന്ദര്‍ഭനുസരണം മേമ്പൊടിയായി ഉപയോഗിക്കുകയും ചെയ്യുന്നു.

മുസ്സോളിനിയില്‍ നിന്നാണ് ശാഖകള്‍ക്കു വേണ്ട അറിവ് നേടിയത്. അവിടെയാണ് വെറുപ്പിന് അടിത്തറ പാകുന്നത്. ഇന്ത്യയിലെ മുക്കിലും മൂലയിലും ഏഴു പതിറ്റാണ്ടിലധികമായി ശാഖകള്‍ വെറുപ്പാണ് പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴത് ഭരണകൂടത്തിന്റെ പിന്തുണയോടെ സംപൂര്‍ണ വിജയത്തിലേക്കാണു നീങ്ങുന്നത്. ജോര്‍ജ് ഫ്‌ളോയിഡിന് വേണ്ടി അമേരിക്കയിലെ കറുത്ത വംശജര്‍ തെരുവിലിറങ്ങിയപ്പോള്‍ വെള്ളക്കാരായ ജനാധിപത്യവാദികള്‍ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരുകയാണ്. ഇവിടെയാണെങ്കില്‍ ദളിതര്‍ പ്രശ്‌നങ്ങള്‍ ജാതിവല്‍കരിക്കുകയാണെന്ന് കുറ്റപ്പെടുത്തി വേറിട്ടൊരു പ്രസ്താവന ഇറക്കി സവര്‍ണ ബുദ്ധിജീവികള്‍ സംസ്‌കൃത സഭകള്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്ക് പോകും. ഫാസിസത്തിന്റെ അടിത്തറ സവര്‍ണ പ്രത്യയശാസ്ത്രമാണ്. അംബേദ്കറെ പുകഴ്ത്തിയും അംബേദ്കറുടെ ചിന്തകളെ തമസ്‌കരിച്ചും കാപട്യത്തില്‍ മുങ്ങിയാണ് നമ്മുടെ മുന്നേറ്റങ്ങള്‍. വോട്ട് എവിടെ ചെയ്താലും മനസ്സ് കാവികൊടിക്ക് കീഴ്‌പ്പെടുത്തിയാണ് നമ്മുടെ മുന്നേറ്റം.

ലക്ഷദ്വീപില്‍ വെറും സാമ്പത്തിക ചൂഷണമല്ല ബി ജെ പി നടപ്പിലാക്കുന്നത്. അതിന്റെ അടിത്തട്ടില്‍ സംഘി ബ്രഹ്മണിക അജണ്ടയുണ്ട്. മുസ്ലിം വംശഹത്യ കൂടി അന്തര്‍ഭവിച്ചത് കൊണ്ടാണ് ഭക്ഷണത്തില്‍ തുടങ്ങീ ഭൂമിയുടെയും തൊഴിലിന്റെയും മണ്ഡലത്തില്‍ വരെ പാട്ടേല്‍ജി കൈവച്ചിരിക്കുന്നതത്. ഇതര സംസ്‌കാരങ്ങളെ അമര്‍ച്ച ചെയ്യേണ്ടത് ജാതി റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിന് വേണ്ട മൂന്നുപാധിയാണ്. ബദല്‍ ചിന്തകള്‍ മുന്നോട്ട് വെക്കുന്നവരെ കൊന്നും തടവറയിലാക്കിയും ബുദ്ധന്മാരെ ഉന്മൂലനം ചെയ്തപോലെ ഒരു രണ്ടാം ശുദ്ധീകരണമാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്. ഗൗരീലങ്കേഷും, ധബോള്‍ക്കരും ഗോവിന്ദ് പന്‍സാരെയുമെല്ലാം ആദ്യഘട്ട ഇരകള്‍. രണ്ടാം ഘട്ടം ആവശ്യമില്ലാത്ത വിധം ബുദ്ധിജീവികള്‍ മൗനികളായി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പൊഴും കിടന്നുറങ്ങാന്‍ വീടില്ലാത്ത ദളിതരുടെ ”ജാതിവാദവും” സംവരണവുമാണ് ജാതി റിപ്പബ്ലിക്കിന്റെ തടസ്സം, മുസ്ലിംകളുടെ പ്രണയവും, ജിഹാദുമാണ് രാജ്യത്തിന് ഭീഷണി. ഹലാല്‍ ഭക്ഷണം വില്‍ക്കുന്നതും തിന്നുന്നതുമാണ് മതേതരത്തത്തിന് ഭീഷണി. ഇത്തരത്തിലുള്ള ദളിത് മുസ്ലിം വിരോധത്തില്‍ പൊതുസമൂഹത്തെ മുക്കിനിര്‍ത്താന്‍ എഴുപത്തഞ്ചു കൊല്ലത്തെ ശ്രമം കൊണ്ട് ആര്‍ എസ് എസ്സിന് സാധിച്ചു. സാംസ്‌കാരിക രംഗമാണു അഥവാ പ്രത്യശാസ്ത്രമാണ് ആദ്യം സംഘപരിവാര്‍ കീഴടക്കിയത്. ഉത്തരേന്ത്യയില്‍ ഇന്ന് ആരെ വേണമെങ്കിലും ബീഫ് തിണെന്നോ, കയ്യില്‍ വെച്ചെന്നോ ആരോപിച്ചു പിടിച്ച് കൊണ്ട് പോകാം. ഏത് ദളിതനേയും ദണ്ഡനത്തിന് വിധേയമാക്കാം. പുലയനെ ഒപ്പമിരുത്തന്‍ സ്വന്തം സമുദായക്കാരുടെ എതിര്‍പ്പ് നേരിട്ട നാരായണഗുരുവിന്റെ നാട്ടില്‍ ഇതെല്ലാം പുതിയ കാര്യമാണോ. ജാതിസമൂഹത്തിന്റെ പ്രത്യേകതയും അതാണ്. ഇരകളുടെ ശ്രേണീകൃത സ്ഥാനങ്ങള്‍ പണ്ടെ മനു തയ്യാറാക്കി വെച്ചിട്ടുണ്ട്. അതിനാല്‍ വെറുപ്പിന് കേന്ദ്രം ഉണ്ടാക്കിയാല്‍ മതി. അതാണ് ആര്‍ എസ് എസ് തയാറാക്കിയത്. ആഭ്യന്തരശത്രുക്കളില്‍ മുസ്ലിംകളെ വേര്‍പെടുത്തി ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് പൗരത്ത്വ നിയമം ഉണ്ടാക്കിയത്. ഷഹീന്‍ ബാഗ് സമരത്തെ ഏറ്റെടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പര്‍ടികള്‍ക്ക് സാധിച്ചില്ല. ഇന്ത്യ കണ്ട ഉജ്ജല സമരങ്ങളില്‍ ഓണന്നത്. ഈ തുറന്നതും സുതാര്യമായതുമായ ചരിത്രസന്ദര്‍ഭത്തിലാണ് ‘ഗോലീ മാരോ’ എന്ന അട്ടഹാസവുമായി നിരായുധരായ സ്ത്രീകള്‍ക്ക് നേരെ ഭരണകൂട പിന്തുണയില്‍ കലാപം സംഘടിപ്പിച്ചത്. തലസ്ഥാന നഗരം പരിപാലിക്കുന്ന ഐ ഐ ടി ബുദ്ധി ജീവിയായ മുഖ്യന് ഇരകളോട് ഐക്യപ്പെടാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് സംരക്ഷണം നാല്‍കാനോ ആശ്വാസം കൊടുക്കാനോ സാധിക്കാത്ത കേജ്‌റിവാളിനെ േെനഞ്ചറ്റിയ ബുദ്ധിജീവികളാണ് കേരളത്തില്‍ പോലും നമുക്കുള്ളത്. പിണറായിയെ പരിഹസിക്കാന്‍ കാണിക്കുന്ന ഉല്‍സാഹം കെജ്‌റിവാളിന്റെ കാര്യത്തില്‍ എന്തുകൊണ്ട് ഉണ്ടായില്ല. സവര്‍ണതയുടെ തുരങ്ക സൗഹൃദങ്ങള്‍ ഭീതിദമാണ്.

ഇതെല്ലാമാണെങ്കിലും ഇന്ത്യ ഇനിയും രക്ഷപ്പെടുക തന്നെ ചെയ്യും. രാജ്യത്തു നിലനില്‍ക്കുന്ന ബഹുസ്വരതയും വൈവിധ്യവുമായിരിക്കും നമ്മുടെ രക്ഷ. സ്റ്റാന്‍ സാമിയുടെ ചിതാഭസ്മം രാജ്യത്തുടനീളം സ്വീകരണങ്ങള്‍ക്കും ആദരങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കയാണ്. ഭീമ കോരെഗാവ് കെട്ടിച്ചമച്ച കേസാണ് എന്ന കാര്യം ഏതാണ്ട് എല്ലാവര്ക്കും ബോധ്യപ്പെട്ടു കൊണ്ടിരിക്കയാണ്. കേസിലെ പ്രതികളായി യു എ പി എ ചുമത്തി അകത്താക്കപ്പെട്ടവരില്‍ ആനന്ദ് ടെല്‍ടുംബ്‌ടെയും (Anand Teltumbde)ഹാനി ബാബു(Hani Babu)വുമുണ്ട്. അവര്‍ ഇന്നുവരെ ഏതെങ്കിലും സമരത്തില്‍ പങ്കെടുത്തത്തിന് തെളിവില്ല. പൊതുമുതല്‍ നശിപ്പിച്ചതിനോ തെളിവുള്ള. അവര്‍ വിദ്യാര്‍ത്ഥികള്‍കും സഹപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ തുറന്ന പുസ്തകമായിരുന്നു. ഏത് കംപ്യൂട്ടറിലും ഇസ്രയേലിന്റെ സഹായത്തില്‍ എന്തും കടത്തിവിടാമെന്ന് ഇപ്പോള്‍ കണ്ടെത്തിയല്ലോ. മറ്റ് പ്രതികളാക്കപ്പെട്ടവരില്‍ ഒരാളായിരുന്നു സ്റ്റാന്‍ സാമി. വര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് പുറമെ പര്‍കിന്‍സോന്‍സ് കൂടി ബാധിച്ച അദ്ദേഹത്തിന് വെള്ളം കുടിക്കാന്‍ സ്‌ട്രോയും ചികില്‍സിക്കാന്‍ ആശുപത്രിയും നല്‍കാത്ത നിയമവ്യവസ്ഥയില്‍ എന്തു പ്രതീക്ഷയാണെന്ന് ചോദിക്കുന്നവര്‍ വര്‍ധിച്ചുവരുന്നു. പ്രതീക്ഷയുണ്ട്. രാജ്യദ്രോഹ കുറ്റം (sedition law) ഇനിവേണ്ടെന്ന് പറയുന്നവരും ജഡ്ജിമാരിലുണ്ട്. അതിനാല്‍ ബഹുവിധമായ, ബഹുസ്വരമായ പ്രതിരോധങ്ങള്‍ ഇന്ത്യക്ക് ആവശ്യമാണ്.

അങ്ങിനെയാണ് ഇന്ത്യ സ്വതന്ത്രമായത്. വിശാലമായ ഐക്യമുന്നണി തന്നയാണ് ഇനിയുള്ള വഴി. ലാപ്‌ടോപ്പിലെ കത്തും കക്ഷത്തെ പുസ്തകവും യു എ പി എ നേടി കൊടുക്കുന്ന ഇരുണ്ട കാലം വലയം ചെയ്യുമ്പോള്‍ സാംസ്‌കാരികമായ കൂട്ടായ്മകള്‍ പ്രതിചിന്തകളുടെ ഇടങ്ങളായി വികസിക്കണം. രാഷ്ട്രീയ നേതൃട്വങ്ങളെ തിരുത്താന്‍ സാംസ്‌കാരിക ഇടപെടലുകള്‍ കൊണ്ട് സാധിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply