ജനാധിപത്യവല്‍ക്കരിക്കപ്പെടണം നമ്മുടെ കാമ്പസുകള്‍

കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള അറുംകൊലകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശമാണ് കേരളം. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും പ്രധാനപ്പെട്ട മിക്കവാറും പാര്‍ട്ടികള്‍ അതില്‍ പങ്കാളികളാണ്. അതിന്റെ അനുരണനങ്ങള്‍ തന്നെയാണ് കലാലയങ്ങളിലും നടക്കുന്നത്. ജനാധിപത്യപ്രക്രിയയുടെ പരിശീലനകളരികളാകേണ്ട കലാലയങ്ങള്‍ മിക്കവയും മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം പോലും അനുവദിക്കാത്ത, ചില സംഘടനകളുടെ ജനാധിപത്യവിരുദ്ധമായ കോട്ടകളാണ്.

ജനാധിപത്യത്തിന്റേയും രാഷ്ട്രീയത്തിന്റേയും ആദ്യപാഠങ്ങള്‍ പഠിക്കേണ്ട സ്ഥലങ്ങളാണ് കലാലയങ്ങള്‍. ലോകത്തെങ്ങും അതങ്ങനെയാണ്. ജനാധിപത്യത്തിനായുള്ള രാഷ്ട്രീയപോരാട്ടങ്ങളുടേയും ഉറവിടങ്ങളും പൊതുവില്‍ കലാലയങ്ങള്‍ തന്നെ. ജനാധിപത്യവിപ്ലവകാലഘട്ടത്തില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും ലോകമത് കണ്ടതാണ്. സമീപകാലത്ത് ജനാധിപത്യാവകാശത്തിനായി നടന്ന ചൈനയിലെ വിദ്യാര്‍ത്ഥികലാപമൊന്നും മറക്കാറായിട്ടില്ലല്ലോ. ആഗോളതാപനത്തിനതിരെ ലോകമാകെ നടക്കുന്ന പോരാട്ടങ്ങളുടെ മുന്‍നിരയില്‍ വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. സ്വാതന്ത്ര്യസമരകാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ അതു പ്രകടമാണ്. നക്‌സല്‍ പ്രസ്ഥാനത്തിന്റെ ആദ്യകാല ശക്തി കാമ്പസുകള്‍ വിട്ടിറങ്ങിയ വിദ്യാര്‍ത്ഥികളായിരുന്നു. ജെ പി പ്രസ്ഥാനത്തിലും വിദ്യാര്‍ത്ഥി സാന്നിധ്യം സജീവമായിരുന്നു. സമീപകാലത്ത് രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷവും പൗരത്വഭേദജഗതിനിയമത്തിനെതിരായും വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടങ്ങളും ഇന്ത്യ കണ്ടു.

നിര്‍ഭാഗ്യവശാല്‍ പ്രബുദ്ധമെന്നൊക്ക അഹങ്കരിക്കുന്ന കേരളത്തിലെ അവസ്ഥ വ്യത്യസ്ഥമാണ്. ഇവിടത്തെ രാഷ്ട്രീയചലനങ്ങളിലൊന്നും വിദ്യാര്‍ത്ഥികളുടെ പങ്ക് കാര്യമായി ഉണ്ടായിട്ടില്ല. ആകെ ഉണ്ടായി എന്നു പറയാവുന്നത് ഇപ്പോഴും വിവാദമായ വിമോചനസമരത്തിലാണ്. മറിച്ച് തങ്ങളുടെ പിതൃസംഘടനകളിലേക്ക് ആളെകൂട്ടുന്ന പ്രവര്‍ത്തനമാണ് പൊതുവില്‍ ഇവിടത്തെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്നത്. അതിനാല്‍ തന്നെ കേരള രാഷ്ട്രീയ സമൂഹത്തിലെ ജീര്‍ണ്ണതകളെല്ലാം കലാലയ രാഷ്ട്രീയത്തിലും കാണാം. കക്ഷിരാഷ്ട്രീയ കൊലകളും സമഗ്രാധിപത്യപ്രവണതകളും ജനാധിപത്യവിരുദ്ധതയും സദാചാരഗുണ്ടായിസവുമെല്ലാം ഉദാഹരണങ്ങള്‍. അതിന്റെ അവസാന ഉദാഹരണമാണ് ഇപ്പോള്‍ കെ എസ് യുക്കാര്‍ നടത്തിയ അറുകൊല… ജനാധിപത്യത്തിനു ആപത്തായ കേഡര്‍മാരാകുക എന്ന കെ സുധാകരന്റെ ആഹ്വാനവും ഇതിനു കാരണമായിട്ടുണ്ടെന്നുറപ്പ്…

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള അറുംകൊലകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശമാണ് കേരളം. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും പ്രധാനപ്പെട്ട മിക്കവാറും പാര്‍ട്ടികള്‍ അതില്‍ പങ്കാളികളാണ്. അതിന്റെ അനുരണനങ്ങള്‍ തന്നെയാണ് കലാലയങ്ങളിലും നടക്കുന്നത്. ജനാധിപത്യപ്രക്രിയയുടെ പരിശീലനകളരികളാകേണ്ട കലാലയങ്ങള്‍ മിക്കവയും മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം പോലും അനുവദിക്കാത്ത, ചില സംഘടനകളുടെ ജനാധിപത്യവിരുദ്ധമായ കോട്ടകളാണ്. മാത്രമല്ല, വിദ്യാര്‍ത്ഥിരാഷ്ട്രീയം ആണ്‍വിദ്യാര്‍ത്ഥികളുടെ കൈകരുത്തിന്റെ പ്രതീകം മാത്രമായിരിക്കുന്നു. കേരളരാഷ്ട്രീയത്തില്‍ സ്ത്രീകളുടെ സ്ഥാനം എത്രയോ നിസ്സാരമാണെന്നതിന്റ കാരണം കലാലയങ്ങളില്‍ നിന്നുതന്നെ കാണാം. കലാലയരാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ് നേതൃത്വമെങ്കില്‍ അക്രമങ്ങള്‍ക്കു കാര്യമായ സ്ഥാനമുണ്ടാവില്ല. അതിന്റെ തുടര്‍ച്ച സംസ്ഥാനരാഷ്ട്രീയത്തിലും പ്രതിഫലിക്കും. എന്നാലതൊക്കെ വെറും ആഗ്രഹം മാത്രമാണ്. ശരിക്കും ഗുണ്ടാരാഷ്ട്രീയമായി മാറിയതിനാലായിരിക്കാം വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനെതിരെ പൊതുവികാരം വളര്‍ന്നതിനും കോടതി തന്നെ അതിനെതിരെ നിരോധനവുമായി വരാനും കാരണമായത്. ജനാധിപത്യത്തിനു നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അതെന്നുപോലും ഇവരാരും മനസ്സിലാക്കുന്നില്ല.

സംസ്ഥാനത്തെ അക്രമരാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോള്‍ പൊതുവില്‍ പരാമര്‍ശിക്കപ്പെടുക സിപിഎം, ബിജെപി പാര്‍ട്ടികളും അവരുമായി ബന്ധപ്പെട്ട മറ്റു സംഘടനകളുമാണ്. സമീപകാലത്തായി എസ് ഡി പി ഐയും ഈ പട്ടികയിലുണ്ട്. അതേസമയം കലാലയങ്ങളില്‍ നടത്തിയ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ ഒന്നാം സ്ഥാനത്ത് കെ എസ് യു ആണെന്നു കാണാം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സമഗ്രാധിപത്യമുണ്ടായിരുന്ന കാലത്ത് നിരവധി എസ് എഫ് ഐ പ്രവര്‍ത്തകരെ അവര്‍ വധിച്ചിട്ടുണ്ട്. പിന്നീടും അതാവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് ആ പ്രവണതയില്‍ കുറവുണ്ടായിരുന്നു. ഒന്നാമതായി കെ എസ് യുവിന്റെ പ്രതാപം നഷ്ടപ്പെട്ടു. മറുവശത്ത് മിക്കയിടങ്ങളിലും എസ് എഫ് ഐയുടെ സമഗ്രാധിപത്യമാണ് നിലനില്‍ക്കുന്നത്. മറ്റു സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ്, മിക്ക കലാലയങ്ങളേയും ജനാധിപത്യവിരുദ്ധമായ ചുവപ്പുകോട്ടകളാക്കി മാറ്റാനവര്‍ക്കു കഴിഞ്ഞു. സഖ്യകക്ഷിയായ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ പോലും പലയിടത്തും അക്രമിക്കപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സമഗ്രാധിപത്യത്തിന്റെ രൂക്ഷത കേരളം കണ്ടതുമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തിലാണ് ഈ അറുംകൊല നടന്നിരിക്കുന്നത്. തീര്‍ച്ചയായും അതിനുള്ള പ്രധാന പ്രചോദനം കെ പി സി സി പ്രസിഡന്റായ കെ സുധാകരന്റെ പ്രവര്‍ത്തനശൈലിയും വാക്കുകളുമാണെന്നുറപ്പ്. കണ്ണൂരിലെ മിക്ക രാഷ്ട്രീയനേതാക്കളേയും പോലെ ഒരു ജനാധിപത്യപാര്‍ട്ടിയുടെ തലപ്പത്തിരിക്കാന്‍ ഒരു അര്‍ഹതയുമില്ലാ്ത്ത നേതാവാണ് കെ സുധാകരന്‍. ശരീരഭാഷ മുതല്‍ അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തനശലിയുമെല്ലാം അതു വിളിച്ചു പറയുന്നു. തകര്‍ന്ന കോണ്‍ഗ്രസ്സിനേയും പോഷകസംഘടനകളേയും ശക്തിപ്പെടുത്താന്‍ സുധാകരനേ കഴിയൂ എന്ന ചില നേതാക്കളുടേയും പ്രവര്‍്തതകരുടേയും പ്രതീക്ഷകളാണ് അദ്ദേഹത്തെ ഈ സ്ഥാനത്തെത്തിച്ചത്. ഇത് കോണ്‍ഗ്രസ്സിനെ ജനാധിപത്യവിരുദ്ധ പാതയിലേക്കു നയിക്കുകയേ ഉള്ളു എന്ന് പലരും അന്നേ ചൂണ്ടികാട്ടിയിരുന്നു. അതുതന്നെയാണിപ്പോള്‍ സംഭവിക്കുന്നത്. സംഘടനയെ ചലിപ്പിക്കണം എന്നതില്‍ സംശയമില്ല. വരുന്ന തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടാല്‍ കേരളത്തിലും കോണ്‍ഗ്രസ്സ് വട്ടപൂജ്യമാകുമെന്നതും ശരി. പക്ഷെ സംഘടനയെ ചലിപ്പിക്കല്‍ ജനാധിപത്യപരമായും പ്രവര്‍ത്തകരെ രാഷ്ട്രീയവല്‍ക്കരിച്ചുമാണ്. എന്നാല്‍ അതല്ല സുധാകരന്റെ ശൈലി. അദ്ദേഹത്തിന്റെ സെമി കേഡര്‍ പാര്‍ട്ടി എന്ന ലക്ഷ്യം തന്നെ ജനാധിപത്യപരമെന്നു പറയാനാവില്ല. സമഗ്രാധിപത്യം ലക്ഷ്യമാക്കുന്ന പാര്‍ട്ടികളാണ്, പാര്‍ട്ടിക്കുവേണ്ടി എന്തിനും തയ്യാറാകുന്ന കേഡര്‍മാരെ വാര്‍ത്തെടുക്കുന്നത്. ഒരു ബഹുജനപാര്‍ട്ടിയെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സിനു ഒരിക്കലും ആവശ്യമില്ലാത്ത വിഭാഗമാണത്. എന്നാലതാണ് സുധാകരന്‍ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിന്റെ സ്വാഭാവലിക പ്രതികരണമാണ് ഏറെകാലത്തിനുശേഷം കാമ്പസില്‍ ഇത്തരമൊരു കൊലപാതകം നടത്താന്‍ കുറ്റവാളികള്‍ക്ക് ഊര്‍ജ്ജം നല്‍കിയതെന്നതില്‍ സംശയമില്ല.

ജനാധിപത്യത്തില്‍ അടിയുറച്ചുവിശ്വസിക്കുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്ര്‌സസിലുണ്ട്. ഇത് അവരുടെ ഊര്‍ജ്ജമാണ്. സുധാകരന്റെ പ്രവര്‍ത്തനശൈലി മാറ്റാനുള്ള സമ്മര്‍ദ്ദമാണ് അവര്‍ നടത്തേണ്ടത്. വി ഡി സതീശനു അതില്‍ പ്രധാന പങ്കുണ്ട്. എന്നാല്‍ അദ്ദേഹം പോലും സുധാകരനെ ന്യായീകരിക്കുന്നതാണ് കേട്ടത്. കേരളത്തിലെ കക്ഷിരാഷ്ട്രീയകൊലകളുടെ കണക്കെടുത്ത് താരതമ്യം ചെയ്ത് തങ്ങള്‍ കൊന്നവരുടെ എണ്ണം കുറവാണെന്നു സമര്‍ത്ഥിക്കാന്‍ ാേകണ്‍ഗ്രസ്സ് നേതാക്കള്‍ക്കായേക്കും. എന്നാല്‍ അതല്ല രാഷ്ട്ീയ കേരളം ആവശ്യപ്പെടുന്നത്. സംസ്‌കാരമുള്ള ഒരു ജനതക്കു ചേരാത്ത ഇത്തരം അറുംകൊലകള്‍ എന്നന്നേക്കുമായി അവസാനിക്കലാണ്. അതിനു മുന്‍കൈയെടുക്കാനാണ് എല്ലാ പാര്‍ട്ടികളും തയ്യാറാകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply