കുരങ്ങുപനിയും നവജാതശിശുമരണവും : കൊവിഡ് മൂലം അദൃശ്യമാകുന്ന മറ്റു ദുരന്തങ്ങള്‍
മഹാമാരികളുടെ ഉത്ഭവത്തിലും വ്യാപനത്തിലും മാത്രമല്ല അതിനോടുള്ള നമ്മുടെ പ്രതികരണത്തിലും വ്യത്യാസങ്ങള്‍ കാണാം. അതാകട്ടെ ലോകത്തിന്റെ എല്ലാ ഭാഗത്തും സമാനമാണുതാനും. ഏറ്റവും നല്ലൊരു ഉദാഹരണം 2014ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ച എബോള എന്ന മഹാമാരിയാണ്. പാവപ്പെട്ട രാജ്യങ്ങളിലെ അസുഖമായിരുന്നതിനാല്‍ ആ രോഗത്തിനു വാക്സിനുണ്ടാക്കാന്‍ മരുന്നു കമ്പനികള്‍ക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം അതില്‍ നിന്നു വലിയ ലാഭം കിട്ടുമോ എന്ന സംശയം തന്നെ.
ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങള്‍ക്കൊപ്പം കേരളവും കൊവിഡ് ഭീഷണിയില്‍ നിന്ന് മോചിതമായിട്ടില്ല. കൊവിഡിനെതിരായ പോരാട്ടത്തില്‍ കേരളം ഒന്നടങ്കം അണിനിരന്നിട്ടുമുണ്ട്. തീര്‍ച്ചയായും അത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കൊവിഡ് എന്ന മഹാദുരന്തം മറ്റുപല ദുരന്തങ്ങളേയും അദൃശ്യമാക്കുന്നുണ്ട്. സര്‍ക്കാരും മാധ്യമങ്ങളും ജനങ്ങളുമെല്ലാം കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ അണിനിരക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നവ. ആ ദുരന്തങ്ങളാകട്ടെ ബാധിക്കുന്നത് സമൂഹത്തില്‍ ഏറ്റവും താഴെക്കിടയിലുള്ളവരെയാണെന്നത് സ്വാഭാവികവുമാണല്ലോ.
അട്ടപ്പാടിയല്‍ തുടരുന്ന നവജാത ശിശുമരണവും വയനാട്ടിലെ ആദിവാസികളെ ബാധിച്ചിരിക്കുന്ന കുരങ്ങുരോഗവുമാണ് കൊവിഡിന്റെ ആഘാതത്തില്‍ കേരളം മറന്നുപോകുന്നതിനു ഉദാഹരണങ്ങള്‍. അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം ഒരു ആദിവാസി കുഞ്ഞുകൂടി മരിച്ചതോടെ ഈ വര്‍ഷം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇത്തരത്തിലുള്ള മരണം നടക്കുന്ന പ്രദേശങ്ങളെടുത്താല്‍ മുന്‍നിരയിലാണ് അട്ടപ്പാടിയുടെ സ്ഥാനം. ആദിവാസി ശിശുമരണ നിരക്കിലെ വര്‍ദ്ധന കണ്ട് ഐക്യ രാഷ്ട്ര സംഘടനയും സന്നദ്ധ സംഘടനകളും അട്ടപ്പാടിയിലേക്ക് പഠന സംഘങ്ങളെ അയച്ചിരുന്നു. ഷോളയൂര്‍ പഞ്ചായത്തിലെ ഊത്തുക്കുടി, അഗളി പഞ്ചായത്തിലെ നെല്ലിപ്പതി, കതിരമ്പതി, കൊല്ലങ്കടവ്, പുതൂര്‍ പഞ്ചായത്തിലെ പാടവയല്‍, മുള്ളി, പാലൂര്‍ എന്നീ ഊരുകളിലെ ജീവിതം അതീവ ഗുരുതരമാണെന്നായിരുന്നു പല പഠന റിപ്പോര്‍ട്ടുകളും ചൂണ്ടികാട്ടിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പലപ്പോഴും വിഷയത്തിലിടപെട്ടു. കേന്ദ്രമന്ത്രിമാരും പലതവണ സ്ഥലത്തെത്തി. ഏതാനും വര്‍ഷംമുമ്പ് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 50 ശതമാനത്തിലധികം പേര്‍ക്കു രക്തക്കുറവ് (അനീമിയ) രേഖപ്പെടുത്തിയിരുന്നു. പലരുടെയും ഹീമോഗ്‌ളോബിന്റെ അളവ് ഏഴില്‍ താഴെയാണ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 10 ശതമാനത്തിന് രക്തക്കുറവുണ്ടായിരുന്നു. ത്വക്ക് രോഗങ്ങള്‍, വന്ധ്യത, അരിവാള്‍ രോഗം എന്നിവയും ഊരുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ആദ്യകാലത്തെ ശിശുമരണകണക്കുകള്‍ ലഭ്യമല്ലെങ്കിലും 2001ല്‍ 50ല്‍ പരം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. 2004 മുതല്‍ 2008 വരെ മേഖലയില്‍ 84 ഉം 2008 മുതല്‍ 2011 വരെ 56 ഉം ശിശുമരണങ്ങള്‍ നടന്നു. ഗര്‍ഭിണികളുടെ പോഷകാഹാരക്കുറവ്, ഗര്‍ഭ ശൂശ്രൂഷകളുടെ അഭാവം, അമ്മമാരുടെ തുടര്‍ച്ചയായുള്ള പ്രസവം, ജനനവൈകല്യങ്ങള്‍, അണുബാധ, പ്രതിരോധശേഷിയില്ലായ്മ എന്നിവയാണ് മരണങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍. പോഷകാഹാരക്കുറവിനോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ജനിതക കാരണങ്ങളും മരണകാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ശിശുമരണവിഷയത്തില്‍ 2001 ല്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം നടന്നിരുന്നു. പിന്നീട് പ്രക്ഷോഭം ശക്തമായത് ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു. അന്ന് ആദിവാസിയായ പി കെ ജയലക്ഷ്മി മന്ത്രിയായിരുന്നു. ഗോത്രമഹാസഭ ശക്തമായ രീതിയില്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷമായിരുന്ന എല്‍ ഡി എഫും രംഗത്തിറങ്ങി. എന്നാല്‍ കേരളത്തിലെ ആദിവാസി മേഖലകള്‍ പട്ടികവര്‍ഗ്ഗ മേഖലകളായി പ്രഖ്യാപിക്കണമെന്ന ഗോത്രമഹാസഭയുടെ അടിസ്ഥാന ആവശ്യത്തോട് യോജിക്കാതെയായിരുന്നു എല്‍ഡിഎഫിന്റെ സമരം.
ശിശുമരണങ്ങള്‍ തടയുന്നതിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് എം.ബി. രാജേഷ് എം.പി അഗളിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തി. സിപിഐ നേതാവും ആദിവാസി മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ഈശ്വരി രേശനും അനിശ്ചിതകാല നിരാഹാരം തുടങ്ങി. യുഡിഎഫിനുമാത്രമല്ല എല്‍ഡിഎഫിനും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഗോത്രമഹാസഭയുടെ സമരം. എന്തായാലും സമരം അഖിലേന്ത്യാതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ജയലക്ഷ്മി, ശിവകുമാര്‍, മുനീര്‍ എന്നീ സംസ്ഥാന മന്ത്രിമാര്‍, കൊടിയേരി ബാലകൃഷ്ണന്‍, എ.കെ. ബാലന്‍, ശ്രീമതി ടീച്ചര്‍, വി.സി.കബീര്‍, ടി.കെ.ഹംസ, മുല്ലക്കര രത്നാകരന്‍, നീലലോഹിതദാസ നാടാര്‍ എന്നീ മുന്‍മന്ത്രിമാര്‍, കേന്ദ്ര തൊഴില്‍കാര്യ സഹമന്ത്രിയായ കൊടിക്കുന്നില്‍ സുരേഷ്, വി.എസ്. സുനില്‍കുമാര്‍, ഷംസുദ്ദീന്‍ എന്നീ എം.എല്‍.എ മാര്‍, പി കെ.ബിജു, രാജേഷ് എന്നീ എം.പി മാര്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സിപി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബിജെ.പി.സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല, കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കന്മാര്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ തലവന്മാര്‍ തുടങ്ങിയവരൊക്കെ സ്ഥലത്ത് പാഞ്ഞെത്തി. പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ.ജയലക്ഷ്മി, എം. കെ. മുനീര്‍, എ.പി.അനില്‍കുമാര്‍, കെ.സി.ജോസഫ് എന്നീ സംസ്ഥാന മന്ത്രിമാര്‍, കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നിവരും എത്തി.
പിന്നീട് പ്രധാന മന്ത്രിയുടെ ഓഫീസ് തന്നെ വിഷയത്തിലിടപെട്ടു. പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് ഓഫീസ് സംസ്ഥാന സര്‍ക്കാരിന്് നിര്‍ദേശം നല്‍കി. ഐ.സി.ഡി.എസ് പദ്ധതിയില്‍ പെട്ട ഡോക്ടര്‍മാരും നഴ്സുമാരും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ആദിവാസി ഊരുകളില്‍ പോയി വൈദ്യ പരിശോധന നടത്തണം. പോഷകാഹാരക്കുറവുള്ളവരെ ആശുപത്രിയില്‍ എത്തിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം മുന്നോട്ടുവെച്ചു. . തുടര്‍ന്ന് പല നടപടികളുമുണ്ടായി. എന്നാല്‍ ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കപ്പെടാത്ത ഒന്നായി ഈ വിഷയം തുടരുന്നു എന്നതാണ് വസ്തുത. കൊവിഡ് കാലഘട്ടത്തിലാകട്ടെ അത് വാര്‍ത്ത പോലുമല്ലാതാകുന്നു.
വയനാട്ടില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത് അരിവാള്‍ രോഗമാണ്. ഇപ്പോള്‍ പക്ഷെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കുരങ്ങുപനിയാണ്. 13 ഊരുകളിലായി 28 പേര്‍ക്കാണ് ഈവര്‍ഷം കുരങ്ങുപനി സ്ഥിരീകരിച്ചത്. നാലുപേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു. അവയും കാര്യമായ വാര്‍ത്താപ്രാധാന്യം നേടിയില്ല. എന്നാല്‍ രോഗപ്രതിരോധത്തിന് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് നടക്കുന്നുണ്ടെന്ന് ജില്ലാഭരണകൂടം പറയുന്നു. ആദിവാസി മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ ദിനങ്ങള്‍ കിട്ടുന്ന സന്ദര്‍ഭമാണിത്. ഉള്‍വനങ്ങളില്‍ പോയി തേന്‍ ശേഖരിക്കുന്ന സമയം. എന്നാല്‍ കുരങ്ങുപനി മൂലം വനത്തില്‍ കയറരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൊവിഡിനുപുറമെ കൂനിന്മേല്‍ കുരുവായിരിക്കുകയാണ് ആദിവാസികള്‍ക്ക് കുരങ്ങുരോഗം.
തുടക്കത്തില്‍ പറഞ്ഞ പോലെ മഹാമാരികളുടെ ഉത്ഭവത്തിലും വ്യാപനത്തിലും മാത്രമല്ല അതിനോടുള്ള നമ്മുടെ പ്രതികരണത്തിലും വ്യത്യാസങ്ങള്‍ കാണാം. അതാകട്ടെ ലോകത്തിന്റെ എല്ലാ ഭാഗത്തും സമാനമാണുതാനും. ഏറ്റവും നല്ലൊരു ഉദാഹരണം 2014ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ച എബോള എന്ന മഹാമാരിയാണ്. പാവപ്പെട്ട രാജ്യങ്ങളിലെ അസുഖമായിരുന്നതിനാല്‍ ആ രോഗത്തിനു വാക്സിനുണ്ടാക്കാന്‍ മരുന്നു കമ്പനികള്‍ക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം അതില്‍ നിന്നു വലിയ ലാഭം കിട്ടുമോ എന്ന സംശയം തന്നെ. രോഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കും എന്ന സാഹചര്യം വന്നപ്പോഴാണ് വന്‍കിടകമ്പനികള്‍ വാക്സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിയത്. പക്ഷേ ശ്രമം നീണ്ടു പോവുകയും അവസാനം വാക്സിന്‍ കണ്ടെത്തുമ്പോഴേക്കും എബോള വൈറസ് വലിയ പ്രശ്നമല്ലാതായി മാറിക്കഴിയുകയും ചെയ്തു. കുരങ്ങു പനിക്കെതിരെയും മികച്ചൊരു വാക്സിന്‍ ഇല്ലാത്തതിന്റെ കാരണവും മറ്റൊന്നാകാന്‍ ഇടയില്ല. ഇപ്പോഴാകട്ടെ സമൂഹത്തിന്റെ താഴെകിടയിലുള്ളവര്‍ക്ക് വരുന്ന ഇത്തരം അസുഖങ്ങള്‍ ചിത്രത്തില്‍ പോലും വരാത്ത അവസ്ഥയാണ് കൊവിഡ് മൂലം സംജാതമായിരിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in