കാലഹരണപ്പെട്ടത് രാസകൃഷിയല്ലേ?
നാട്ടുശാസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ച അന്ധവിശ്വാസങ്ങളെ അകറ്റുന്നതു പോലെ പ്രധാനമാണ് ആഗോള ശാസ്ത്രത്തില്‍ അലിഞ്ഞു ചേര്‍ന്ന ലാഭാസക്തിയുടെ അതിക്രമകളെ വേര്‍പെടുത്തേണ്ടതും. അതാണ് ആല്‍ബര്‍ട്ട് ഹോവാര്‍ഡും ഫുക്കുവോക്കയും ബില്‍ മോളി സണും ക്ലോഡ് ബര്‍ഗിനോക്കും സുല്‍ത്താന്‍ അഹമ്മദ് ഇസ്മയിലുമൊക്കെ ചെയ്യുന്നത്. അപ്പോഴാണ് ശാസ്ത്രം ഒരു തുടര്‍ച്ചയായി മാറി, അധികാരത്തിന്റെ അസ്ത്രവിദ്യയാകാതെ എല്ലാ വിജ്ഞാന വൈവിധ്യങ്ങളെയും വളര്‍ത്തി ജീവകുലത്തിനെല്ലാം കരുണയാകുന്നത്. ആ അതിജീവന പാതയിലേക്കാണ് നിങ്ങളും തോള്‍ ചേരേണ്ടത് – ‘വരവേല്‍ക്കണോ തിരുവാതിര ഞാറ്റുവേലയെ’ എന്ന തന്റെ ലേഖനത്തിന് ‘വരവേല്‍ക്കേണ്ടതില്ല തിരുവാതിര ഞാറ്റുവേലയെ’ എന്ന മറുപടി എഴുതിയ കാര്‍ഷിക സര്‍വ്വകലാശാലാ പ്രൊഫസര്‍ ഡോ കെ എം ശ്രീകുമാറിന്റെ വാദങ്ങള്‍ക്ക് ജൈവകര്‍ഷകന്‍ അശോകകുമാര്‍ വി എഴുതുന്ന മറുപടി
‘വരവേല്‍ക്കണോ തിരുവാതിര ഞാറ്റുവേലയെ ‘എന്ന എന്റെ ലേഖനത്തോട് പ്രതികരിച്ചതിന് ഡോ.കെ എം ശ്രീകുമാറിനോടുള്ള നന്ദി അറിയിക്കട്ടെ. കാരണം രോഗാതുരമായ ഉപഭോക്തൃ സമൂഹമായ മലയാളിക്ക് കൃഷിയെന്നത് ഇനി ഗൗരവമായി സമീപിക്കേണ്ട ഒരു വിഷയമാകാതെ വയ്യ. അതിലൂടെ മാത്രമേ നമ്മുടെ പരിസ്ഥിതിരക്ഷയും ആരോഗ്യ സംരക്ഷണവും സാമൂഹ്യനീതിയിലുറച്ച സമ്പദ്ഘടനയും ആളോഹരി സന്തുഷ്ടിയും ഒരേപോലെ സാധ്യമാകൂ. അതുകൊണ്ട് കേരളത്തിന് കൃഷി ഇനി കര്‍ഷകരുടെ മാത്രം വിഷയമല്ല, അത് എല്ലാവരുടെയും ഒന്നാമത്തെ വിഷയമായി വരേണ്ടതുണ്ട്. അതിന് ഇത്തരം സംവാദങ്ങള്‍ അത്യാവശ്യമാണ്.
ഡോ. ശ്രീകുമാറിന്റെ മറുവാദങ്ങള്‍ പ്രധാനമായും ഇവയാണ്.
1) ഞാറ്റുവേലക്കൃഷി ഇന്നത്തെ കാലത്ത് അപ്രസക്തമാണ്.
2) ആധുനിക കൃഷിശാസ്ത്രത്തിന് കോളനിവാഴ്ചയുടെ താല്‍പ്പര്യങ്ങളുമായല്ല ബന്ധം, ജനങ്ങളുടെ കാര്‍ഷിക-ഭക്ഷ്യ പുരോഗതിയുമായിട്ടാണ്.
3) കാര്‍ഷിക നാട്ടറിവുകളില്‍ നിന്ന് തീരെ കുറച്ചു മാത്രമേ ആധുനിക കൃഷിശാസ്ത്രത്തിന് കിട്ടാനുള്ളൂ.
4) കൃഷി, വ്യവസായം പോലെ കൊണ്ടു പോയാലേ കൃഷിക്കാര്‍ക്കും രാജ്യത്തിനും ഗുണം ചെയ്യൂ. അത് ഇന്ത്യയില്‍ സാധ്യമായി.
5) ആധുനിക കൃഷിക്കു മുമ്പ് ഇന്ത്യയില്‍ വിളവ് തീരെ കുറവായിരുന്നു.
7) മണ്ണിന്റെ അമ്ലത കൂടാന്‍ കാരണം രാസവളമോ ഏകവിളയോ അല്ല കുമ്മായം ഇടാത്തതിനാലാണ്.
8) ക്യാന്‍സര്‍ കൂടിയത് ആയുര്‍ദൈര്‍ഘ്യം കൂടിയതുകൊണ്ടാണ്.
9) 120 കീടനാശിനികളില്‍ ലിന്‍ഡേന്‍ മാത്രമാണ് ക്യാന്‍സര്‍കാരി.
10) കീടനാശിനികള്‍ കൊണ്ട് ദോഷത്തേക്കാള്‍ കൂടുതലാണ് ഗുണങ്ങള്‍.
11) നെഞ്ചുവേദന വന്നാല്‍ ലേറ്റസ്റ്റ് ചികിത്സ സ്വീകരിക്കുന്നെങ്കില്‍ കൃഷിയിലും അതുപോലെ പുതിയ രീതികള്‍ സ്വീകരിക്കണം.
മേല്‍പ്പറഞ്ഞവയോട് പ്രതികരിക്കുന്നതിനു മുമ്പ്പറയട്ടെ, രാസകൃഷിയും ജൈവകൃഷിയും തമ്മിലുള്ള സംവാദത്തെ, രാസവളം ജൈവവളം ഇതില്‍ ഒന്നിനു പകരം മറ്റൊന്ന് സ്വീകരിക്കലാണെന്ന് അധികം പേരും ധരിച്ചു വെച്ചിട്ടുണ്ട്. ഒരു ഹോള്‍ഡറിലേക്ക്, കൂടുതല്‍ വെളിച്ചം കിട്ടാന്‍ ഏത് ബള്‍ബ് വേണം എന്ന പോലെയല്ല, രണ്ടു ജീവിതദര്‍ശനങ്ങള്‍ തമ്മിലുള്ള ആശയപരവും പ്രായോഗികവുമായ മുഖാമുഖം എന്ന തലത്തില്‍, അടുത്ത കാലത്ത് സജീവമാകുന്ന രാസ-ജൈവ സംഘര്‍ഷത്തെ തിരിച്ചറിയാന്‍ കഴിയണം. മനുഷ്യരാശി ഇന്നഭിമുഖീകരിക്കുന്ന മൂന്നു പ്രധാന വെല്ലുവിളികളെ (പരിസ്ഥിതിനാശം, ആരോഗ്യത്തകര്‍ച്ച, സാമ്പത്തികവും സാമൂഹികവുമായ അനീതി) മറികടക്കാന്‍ കൃഷി, ആരോഗ്യം, പാര്‍പ്പിടം ,വ്യവസായം, വ്യാപാരം, ഗതാഗതം എന്നിങ്ങനെ എല്ലാ മേഖലകളിലും നടക്കുന്ന പുതുവഴികളില്‍ ഒന്നാമത്തേതാണ് ജൈവകൃഷി അഥവാ കാര്‍ഷിക ആവാസശാസ്ത്രം (Agroecology). മനുഷ്യര്‍ ഏതു കാലത്തും ഏതു സ്ഥലത്തും ഇന്നോളം ആര്‍ജ്ജിച്ച അറിവിനെ പരിസ്ഥിതി സൗഹൃദപരമായും സാമൂഹ്യനീതി ലക്ഷ്യമാക്കിയും ആരോഗ്യരക്ഷയെ കരുതിയും കൃഷിയില്‍ പ്രയോഗിക്കുന്ന ശാസ്ത്രമാണത്.
സൈഡീരിയല്‍ കലണ്ടര്‍ (നിരയനം)
സമരാത്രദിനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മേടം ഒന്ന് (ഏപ്രില്‍ 14) വിഷുവായി കണക്കാക്കിയതെന്നും, എന്നാല്‍ ഇന്ന് സമരാത്രദിനം മാര്‍ച്ച് 21 ആയി പുറകോട്ടു പോയതിനാല്‍ പഴയ ഞാറ്റുവേലയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു എന്നുമാണ് ഡോ.ശ്രീകുമാര്‍ വാദിക്കുന്നത്. കേരളം ഉള്‍ക്കൊള്ളുന്ന തമിഴകം ചിത്തിര മാസാരംഭം (മേടം ഒന്ന് ) പുതുവര്‍ഷമായി കാണുന്നത് സൈഡീറിയല്‍ കലണ്ടര്‍ പ്രകാരമാണ്. ഇതനുസരിച്ച് സൂര്യന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത് നക്ഷത്രങ്ങളെ ആസ്പദമാക്കിയാണ്; സമരാത്ര ദിനങ്ങളെ ആസ്പദമാക്കിയല്ല. എന്നാല്‍ മറ്റൊരു വര്‍ഷഗണനയായ േ്രടാപ്പിക്കല്‍ കലണ്ടര്‍ ആകട്ടെ വിഷുവത്തെ അഥവാ സൂര്യന്‍ ഒരയനത്തില്‍ നിന്ന് മറ്റൊരയനത്തിലേക്ക് കടക്കുന്നതിനെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതാണ്. നിരയനം ( അയ നമല്ലാത്തത്) എന്നാണ് സൈഡീറിയല്‍ വര്‍ഷത്തിന് തമിഴില്‍ പറയുക. ഇതുപ്രകാരം ഒരു വര്‍ഷമെന്നത് 365.256 ദിവസമാണ്. എന്നാല്‍ േ്രടാപ്പിക്കല്‍ വര്‍ഷം 365.242 ദിവസമാണ്. േ്രടാപ്പിക്കല്‍ വര്‍ഷത്തില്‍ നേരിയ കുറവ് കാണുന്നത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചലനം കൂടി കണക്കിലെടുക്കുന്നതുമൂലമാണ്. അതിനാല്‍ ടോപ്പിക്കല്‍ വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി മേടം ഒന്നിനെ കാണുമ്പോഴാണ് സമ രാത്രദിനങ്ങളുടെ പുറകോട്ട് പോക്ക് പറയുന്നത്. അയനത്തെ പരിഗണിക്കാതെ, സൂര്യന്‍ മേടം രാശിയില്‍ അശ്വതി നക്ഷത്രത്തില്‍ എത്തുന്ന സമയമാണ് പുതുവര്‍ഷമായി നമ്മള്‍ കാണുന്നത്.
തമിഴ് സംഘംകൃതികളില്‍ ( ക്രിസ്തുവിനു മുമ്പ് 400-250 വര്‍ഷം) ചിത്തിര (മേടം) മാസത്തോടെ വര്‍ഷാരംഭം കുറിക്കുന്നതിന്റെ പല പരാമര്‍ശങ്ങളും ഉണ്ട്. ഇന്നും തമിഴ്‌നാടിന്റെ പുതുവര്‍ഷമാണ് ചിത്തിരൈ വിഷു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ശ്രീലങ്ക, നേപ്പാള്‍, ബര്‍മ്മ, തായ്‌ലന്റ്, മലേഷ്യ എന്നീ ഏഷ്യന്‍ സമൂഹങ്ങള്‍ക്കൊക്കെയും ഇത് പുതുവര്‍ഷമാണ്.1500 വര്‍ഷം മുമ്പും മേടം ഒന്നിന് (ഏപ്രില്‍ 14) പുതുവര്‍ഷം വരാന്‍ കാരണം നിരയന ഗണന സ്വീകരിച്ചതിനാലാണ്. അന്നത്തെ പോലെ ഇന്നും തിരുവാതിര ഞാറ്റുവേല ജൂണ്‍ 20, 21നാണ് വരുന്നത് അതുകൊണ്ടാണ്. മാത്രമല്ല ഇന്നും ഇതേ സമയത്താണ് കുരുമുളക് തിരി നീട്ടി നില്‍ക്കുന്നത്. അപ്പോള്‍ ഞാറ്റുവേലകളുടെ പ്രസക്തിക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല.
ഞാറ്റുവേലക്ക് സുദീര്‍ഘമായ ചരിത്രമുണ്ടായേക്കാമെങ്കിലും അത് ഇന്നു കാണുന്ന വിധത്തില്‍ പഞ്ചാംഗത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെടുന്നത് കൊല്ലവര്‍ഷാരംഭത്തോടെ (AD 825) ആകണം. കേരളത്തില്‍ നെല്‍ക്കൃഷി സംഘടിതമായി നടപ്പിലാക്കപ്പെടുന്നതും ഇതേകാലം മുതലാകാം. തുടര്‍ന്നുള്ള കാലങ്ങളില്‍16-ാം നൂറ്റാണ്ട് വരെ ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും അതിപ്രഗത്ഭരുടെ നാടു കൂടിയായിരുന്നു കേരളം. ഇങ്ങനെ അഭിവൃദ്ധിപ്പെട്ട കാലാവസ്ഥാ വിജ്ഞാനത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും കാലാകാലങ്ങളായുള്ള സമാഹരണമാണ് ചൊല്ലുകളുടെ രൂപത്തില്‍ വാമൊഴിയിലും വരമൊഴിയിലുമായി വന്ന ഞാറ്റുവേലയറിവുകള്‍.
ആഗോളതാപനവും (രാസകൃഷിയും അതിന്റെ ഭക്ഷ്യോല്പാദന വ്യവസ്ഥയുമാണ് 26% ഹരിതഗൃഹ വാതക ബഹിര്‍ഗമനവും നടത്തുന്നത്) തല്‍ഫലമായ കാലാവസ്ഥാമാറ്റവും നേരിടുന്നതില്‍ നാട്ടുശാസ്ത്രങ്ങളുടെ പങ്ക്, അവ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും സ്വാശ്രിതവുമായതിനാല്‍, ശാസ്ത്രസമൂഹത്തിനു തന്നെ ഇന്ന് ബോധ്യപ്പെട്ടു വരികയാണ്. നാട്ടുശാസ്ത്രങ്ങളും ആഗോളശാസ്ത്രവും തമ്മില്‍ മേലാളന്‍ അടിയാളന്‍ (ചൂഷണം ചെയ്യേണ്ട അറിവ്) എന്ന ബന്ധത്തിനു പകരം തുല്യ പദവിയോടെയുള്ള പങ്കാളിത്തമാണിനി വേണ്ടതെന്നും, ലോകത്തിന്റെ നിലനില്പില്‍ ആശങ്കപ്പെടുന്ന ശാസ്ത്രസമൂഹത്തിനു ബോധ്യപ്പെട്ടു കഴിഞ്ഞു.
പ്രാദേശിക സൂക്ഷ്മ കാലാവസ്ഥയും അവിടുത്തെ ജന്തുസസ്യ വൈവിധ്യവും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ്, അതിനൊപ്പിച്ച് നൂറ്റാണ്ടുകളിലൂടെ തലമുറകളായുള്ള പ്രായോഗിക അനുഭവങ്ങളാല്‍ സമാഹൃതമാണ് നാട്ടുകൃഷി വിജ്ഞാനം. അതുകൊണ്ടു തന്നെ അത് പുതിയ അനുഭവങ്ങള്‍ക്കും അറിവുകള്‍ക്കുമൊത്ത് ആധുനിക ശാസ്ത്രത്തെപ്പോലെ തന്നെ പുതുക്കപ്പെടുന്നതുമാണ്. കേരളത്തിലെ 3000 ത്തോളം നെല്‍വിത്തുകളെ, യാതൊരു ലാബും ഫണ്ടിങ്ങും സന്നാഹങ്ങളും മുന്തിയ ശമ്പളവും പത്രാസും പകിട്ടുമില്ലാതെ തന്നെ രൂപപ്പെടുത്തിയെടുത്ത പൂര്‍വ്വപരമ്പരയെ അജ്ഞാനമണ്ഡൂകങ്ങള്‍ എന്നു മുദ്രകുത്തുന്നതിന്റെ താല്‍പ്പര്യങ്ങളാണ് നാം തിരിച്ചറിയേണ്ടത്. പൂര്‍വ്വിക സമൂഹത്തിന്റെ ഈ ഒസ്യത്തുകളാണ്, കഴിഞ്ഞ 200 വര്‍ഷം കൊണ്ട് പ്രകൃതി വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ കച്ചവട താല്‍പ്പര്യങ്ങള്‍ വരുത്തിവെച്ച നാനവിധ വിനകളില്‍ നിന്ന് കരകേറാനുള്ള ആദ്യത്തെ പിടിവള്ളി. അതുകൊണ്ടാണ് ഐ.ആര്‍.8 മുതല്‍ വന്ന പല തട്ടിക്കൂട്ടുകളും എട്ടുനിലയില്‍ പൊട്ടിയിട്ടും വീണ്ടും, വെള്ളത്തിനൊപ്പം പൊക്കത്തിലുയര്‍ന്ന് വിളവു തരുന്ന പൊക്കാളി വിത്ത് വരാപ്പുഴയിലും ചെല്ലാനത്തുമുള്ള പാടങ്ങളില്‍ അടിച്ചമര്‍ത്തലിനെ അതിജീവിച്ച് കതിരിടുന്നതും അത്തരം അത്യത്ഭുതങ്ങള്‍ക്ക് ഭൗമ സൂചികാ പദവി നല്‍കാന്‍ നിര്‍ബ്ബന്ധിതമാകുന്നതും. ‘ഇവറ്റകള്‍ ക്ഷാമകാരികളായ ജനേ്രദാഹികള്‍ ‘ എന്നാരോപിച്ചു വരിയുടച്ച നാടുവിത്തുകളാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. കര്‍ഷക സമൂഹത്തില്‍ നിന്ന് കവര്‍ന്നെടുത്ത വിത്തുകള്‍ അവര്‍ തിരിച്ചെടുക്കുകയാണിന്ന്. മാത്രമല്ല നാട്ടുവിത്ത് കൃഷി ചെയ്താല്‍ സബ്‌സിഡിയില്ല എന്ന കരിനിയമവും കശക്കിയെറിഞ്ഞു അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കുന്നിണ്ടിന്ന് ജൈവകര്‍ഷകര്‍. തിരിച്ചറിവും ആത്മാര്‍ത്ഥതയുമുള്ള നേതൃത്വം വരുമ്പോള്‍, സംസ്ഥാന സീഡ് അതോറിറ്റി
പോലും കൃഷിക്കാരുടെ ആവശ്യം പരിഗണിച്ച് ചിറ്റേനിയും തവളക്കണ്ണനും കുറുവയും നവരയും സംഭരിച്ച് കര്‍ഷകര്‍ക്ക് വിത്തിന് കൊടുക്കുന്ന മാറ്റം വരെ വന്നു ചേര്‍ന്നിട്ടുണ്ടിവിടെ.
അതേ സാര്‍, വിത്താണ് വിഷയം. കാലാവസ്ഥയുടെ പ്രാതികുല്യങ്ങളെ അതിജീവിക്കുന്നവ, രോഗ – കീടങ്ങളെ പ്രതിരോധിക്കുന്നവ, കൈപ്പാട്, കോള്‍, കരപ്പാടം, വിരിപ്പ് മുണ്ടകന്‍, കുട്ടാടന്‍, കരിങ്കൊറ, പുഞ്ച, പള്ളിയാല്‍ എന്നിങ്ങനെ നമ്മുടെ വയല്‍ വൈവിധ്യത്തോട് ഇണങ്ങിയവ, അവിലിനും മലരിനും കഞ്ഞിക്കും അധ്വാനിക്കും അലസനും രോഗിക്കും വൃദ്ധര്‍ക്കും ചേരുന്നവ. ജൈവ കൃഷിയിടങ്ങളില്‍ വരൂ, ഇവയുടെ വിളവ് കാണാന്‍. ഈ അക്ഷയ വൈവിധ്യ ഖനികളെ സംരക്ഷിച്ച്, അതുവഴി ഏറ്റവും ലളിതമായി പോഷക വൈവിധ്യം നേടി, മലയാളികളായ നമുക്ക് രോഗപ്രതിരോധ ശക്തിയുള്ളവരായി ഏതു കൊറോണയിലും അതിജീവനം സാധ്യമാകണമെങ്കില്‍, ഞാറ്റുവേല തന്നെ ആദ്യാവലംബം.
രണ്ടാഴ്ച കൂടുമ്പോള്‍ നാട്ടിലെ മഴ, ഈര്‍പ്പം, കാറ്റ്, വെയില്‍ എന്നിവയിലെ സൂക്ഷ്മവ്യത്യാസങ്ങളും, അവയനുസരിച്ച് പരുവപ്പെടുന്ന മണ്‍ തരങ്ങളും, ഇവയനുസരിച്ച് കലാകാലങ്ങില്‍ വളര്‍ന്ന് ഗുണ സംപുഷ്ടഫലം തരുന്ന നാടന്‍ വിളവൈചിത്ര്യങ്ങളും അടങ്ങുന്ന നാട്ടുശാസ്ത്രമാണ് ഞാറ്റുവേല. ‘വിഷു കഴിഞ്ഞാല്‍ വേനലില്ല’ എന്നോതിക്കൊണ്ട്, അന്നു മുതല്‍ ഒരാണ്ടിനെ 27 ഭാഗങ്ങളുള്ള രണ്ടാഴ്ചകളാക്കി പകുത്ത്, ഓരോന്നിലും ഏതേതു വിളകള്‍ എങ്ങനെ പരിപാലിക്കണം എന്ന ഈ കാര്‍ഷിക കലണ്ടറില്‍, അേ്രഗാ ഇക്കോളജിയും അേ്രഗാമീറ്ററോളജിയും ഇഴചേര്‍ന്നു നില്‍ക്കുന്നു. ഇത്തരം നാട്ടു ശാസ്ത്രങ്ങളുടെ സമകാലിക പ്രസക്തി, കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് മീറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ 2002 ല്‍ നടത്തിയ അേ്രഗാമീറ്ററോളജിയിലെ വര്‍ക് ഷോപ്പില്‍ ഗവേഷകരായ സി.ജെ.സ്റ്റിഗ്‌റ്റെറും സംഘവും വ്യക്തമാക്കുന്നുണ്ട്. മാര്‍ക്കറ്റ് ഉല്പന്നങ്ങളെ തീരെ കുറച്ച് ഉപയോഗിച്ച് സുസ്ഥിര കൃഷി സാധ്യമാക്കുന്നതില്‍ നാട്ടുശാസ്ങ്ങളുടെ സ്ഥാനം നിര്‍ണ്ണായകമാണെന്ന് ഈ ശാസ്ത്ര സമൂഹം പറയുന്നു. എന്നു വെച്ചാല്‍ നാട്ടുവിത്തുകളും അവയില്‍ അധിഷ്ഠിതമായ പ്രദേശികകൃഷിയറിവുകളും ഉപയോഗപ്പെടുത്തുമ്പോള്‍ രാസ സാധനങ്ങള്‍, പോളീഹൗസ്, പ്ലാസ്റ്റിക് പുത ഇത്യാദി ദുര്‍വ്യയ മലിനീകരണങ്ങളെ ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും ചെറുകൃഷിക്കാര്‍ക്ക് നിവര്‍ന്നു നില്‍ക്കാനും സമൂഹത്തിന് പോഷക സമ്പന്നമായ ഭക്ഷണം നല്‍കാനും കഴിയുന്നു.
നട്ടു വിത്തുകളെ തിരിച്ചുപിടിച്ചു കൊണ്ട് വിത്തിന്റെ മേല്‍ കര്‍ഷകരുടെ അവകാശം നേടുന്നതുപോലെ ഞാറ്റുവേലയെ പുനരാനയിച്ചുകൊണ്ട് കാര്‍ഷിക വിജ്ഞാനത്തിന്റെ സ്വാശ്രയത്വവും കര്‍ഷക സമൂഹം വീണ്ടെടുക്കുകയാണ്. അതിലൂടെ മാത്രമേ കൃഷിയെ കേന്ദ്രമാക്കി കര്‍ഷകരെയും സമൂഹത്തെയും പ്രകൃതിയെയും നശിപ്പിക്കുന്ന അധികാര വൈദഗ്ധ്യങ്ങളില്‍ നിന്ന് ഇനി രക്ഷപ്പെടാന്‍ കഴിയൂ. ഇതേ പോലൊരു കാല്പനികതയല്ലേ ബ്രിട്ടനില്‍ നിന്ന് നമ്മളെ മോചിപ്പിച്ചത്?
ആധുനിക കൃഷിശാസ്ത്രം
ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ഭക്ഷ്യക്ഷാമത്തില്‍ നിന്നു രക്ഷിക്കാനാണ് ആധുനിക കാര്‍ഷിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചതെന്നത് അന്നത്തെ പോലെ ഇന്നും പാഠപുസ്തകങ്ങള്‍ വിതറുന്ന കെട്ടുകഥയാണ്. സത്യമറിയണമെങ്കില്‍ മറ്റു വായനകളേ നിവൃത്തിയുള്ളൂ.1905-1927 കാലത്ത് സ്ഥാപിച്ച അഞ്ചു ഗവേഷണ കേന്ദ്രങ്ങളും (കശുവണ്ടി, തെങ്ങ്, നെല്ല്, ഗോതമ്പ്, കരിമ്പ് ) കയറ്റുമതിക്കുവേണ്ടി മാത്രമായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നെല്ല് കയറ്റുമതി അന്ന് ഇന്ത്യയില്‍ നിന്നായിരുന്നു! ആല്‍ബര്‍ട്ട് ഹോവാര്‍ഡ് ഗവേഷണം നടത്തിയത് കരിമ്പിലാണ് എന്ന എന്റെ വസ്തുതാപരമായ പിശക് തിരുത്തുന്നു. എങ്കിലും ഗോതമ്പില്‍ അദ്ദേഹത്തെ ഗവേഷണത്തിനു നിയോഗിക്കാനുള്ള പ്രചോദനം കയറ്റുമതി ലാഭം തന്നെ; ഇവിടുത്തെ ക്ഷാമം മാറ്റലല്ല. അക്കാലത്ത് ലഭ്യമായിരുന്ന മിക്ക ഗോതമ്പും ബലം കുറഞ്ഞതും പശപ്പ് ഏറിയതുമായിരുന്നു. നല്ല വലുപ്പത്തിലും ആകൃതിയിലുമുള്ള െ്രബഡ് ഉണ്ടാക്കണമെങ്കില്‍ ബലമുള്ള ഗോതമ്പായിരുന്നു ഇംഗ്ലീഷ് മില്ലുകാരും ബേക്കര്‍മാരും ആവശ്യപ്പെട്ടത്. ഇന്ത്യ ഈ ആവശ്യം നിറവേറ്റിയാല്‍, ബ്രിട്ടന് അത് ഗോതമ്പില്‍ വലിയ വ്യാപാര ലാഭം നേടിക്കൊടുക്കുമെന്നു കണ്ടിട്ടാണ് ഗോതമ്പു ഗവേഷണത്തിലേക്ക് ഹോവാര്‍ഡിനെ നിയോഗിക്കുന്നത്. (വിശദവിവരങ്ങള്‍ക്ക്:സയന്റിഫിക് എന്‍ക്വയറി ഇന്‍ അഗ്രീകള്‍ചര്‍ ഇന്‍ കൊളോണിയല്‍ ഇന്ത്യ: ശ്രാബനി സെന്‍)
ക്ഷാമങ്ങള്‍
ബ്രിട്ടീഷ് ഇന്ത്യയില്‍ അടിക്കടി ഉണ്ടായ ക്ഷാമങ്ങളുടെ കാരണവും, നമ്മുടെ വിത്തിലും കൃഷിരീതിയിലും ജനപ്പെരുപ്പത്തിലും കെട്ടിവെച്ച് നല്ല പിള്ള ചമയുന്ന കൊളോണിയല്‍ ശൈലി നമ്മളും പിന്‍തുടരുന്നതാണ് കഷ്ടം.
ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് അരനൂറ്റാണ്ടിലൊരിക്കല്‍, പ്രാദേശികമായിട്ടാണ് ക്ഷാമങ്ങള്‍ വന്നിരുന്നതെങ്കില്‍ 1765-1858 കാലത്ത് മാത്രം 12 തവണയും 1860- 1908 കാലത്ത് 20 തവണയും 1911-1947 ല്‍ 6 തവണയും കൊടുംക്ഷാമങ്ങള്‍ ഉണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍, മുമ്പ് കാലാവസ്ഥാക്കെടുതികളാല്‍ യാദൃച്ഛികമായി ചിലയിടങ്ങളില്‍ വന്നിരുന്ന ഭക്ഷ്യക്ഷാമം 200 വര്‍ഷത്തെ കോളനിഭരണം കൊണ്ട് തുടര്‍ക്കഥയാവുകയും സര്‍വ ദേശത്തേക്കും വ്യാപിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയില്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന ചാള്‍സ് ബ്ലെയര്‍ എഴുതിയ ‘ ഇന്ത്യന്‍ ഫാമിന്‍സ് ‘ ( 1874) എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്, ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് ‘വര്‍ഷാവര്‍ഷം ബ്രിട്ടനില്‍ ഭക്ഷ്യക്ഷാമമുണ്ടായിരുന്നു. ഭക്ഷണം ഇറക്കുമതി ചെയ്തപ്പോള്‍ അത് ഇല്ലാതായി. എന്നാല്‍ മുമ്പ് ക്ഷാമമില്ലാതിരുന്ന ഇന്ത്യയില്‍ അത് സാധാരണമായിരിക്കുന്നു.’ അതായത് അരിയും ഗോതമ്പും നിര്‍ലോഭം കടത്തിയതാണ് ക്ഷാമങ്ങളുടെ സത്യം. അല്ലാതെ വിത്തും വിവരവും ഒരു വഹക്കും കൊള്ളാഞ്ഞിട്ടല്ല.
അന്ന് ഇന്ത്യയിലെ ഉല്പാദനവും വിത്തും മണ്ണും, യൂറോപ്പിലെ മുന്തിയ കാര്‍ഷിക പ്രദേശങ്ങളേക്കാള്‍ മികച്ചതായിരുന്നു. 1762-1774 കാലത്ത് തോമസ് ബെര്‍ണാഡ് എന്ന ബ്രിട്ടീഷ് എഞ്ചിനീയര്‍ ചെന്നൈക്കടുത്ത് 800 ഗ്രാമങ്ങളിലെ കൃഷി വിളവ് കണക്കാക്കിയത് ഇതിന തെളിവാണ്. മുഗള്‍ കാലത്ത് വിളവ് 1930 കളിലേതിനേക്കാള്‍ 50 % കൂടുതലായിരുന്നു. ദരിദ്രഭവനത്തിലെ തീറ്റയില്ലാതെ എല്ലും തോലുമായ പശുവിനെപ്പോലെ, ഭൂനിയമങ്ങള്‍, നികുതിവ്യവസ്ഥ എന്നിവ വഴി ഇന്ത്യന്‍ മണ്ണിനെ ക്ഷയിപ്പിച്ച് വിളവ് ദുര്‍ബ്ബലമാക്കിയത് കോളനിവാഴ്ചയാണ്; നാട്ടുവിത്തും ഞാറ്റുവേലയുമല്ല. എന്നിട്ടും 1880- 98 ലെ ക്ഷാമക്കമ്മീഷന്‍ കണ്ടെത്തി ഇന്ത്യയില്‍ ഭക്ഷ്യമിച്ചമുണ്ടെന്ന്. വിളകളുടെ വൈവിധ്യം, ഭൂപ്രകൃതിയനുസരിച്ച ജലസംരക്ഷണവും സേചനവും, വിജയനഗര ഭരണത്തിലെ മൂഡാഗ് തടാകം, തിരുവിതാംകൂറിലെ നെല്ലറയായ നാഞ്ചിനാടും, അതുവഴി ശ്രീപത്മനാഭ ക്ഷേത്രത്തിലേക്കെത്തിയ നിലവറ സമ്പത്തുമൊക്കെ തിരിച്ചറിയാന്‍ തടസ്സമായി നില്‍ക്കുന്നത് മറ്റൊന്നുമല്ല, ഇപ്പോഴും കോളനി ചായ്വുള്ള വിദ്യാഭ്യാസത്താല്‍ നിര്‍മ്മിക്കപ്പെട്ട അധമബോധം തന്നെ.
ഹരിതവിപ്ലവ വെടിക്കെട്ട്
രാസകൃഷി വഴി ഉല്പാദനക്ഷമത 3ണ്ണും, ഭക്ഷ്യധാന്യോല്പാദനം 265 ലക്ഷം ടണ്ണുമാക്കി ഉയര്‍ത്തിയ ഈ രാജ്യത്താണ് 2017-18 ല്‍ മാത്രം ദിവസവും 10 കര്‍ഷക ആത്മഹത്യകള്‍ വീതം നടന്നത്.1991-2011 കാലത്ത് സാമ്പത്തികമായി തകര്‍ന്ന് 14 ദശലക്ഷം കൃഷിക്കാര്‍ക്ക് കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഒട്ടും വില കിട്ടാതെ വന്ന് ഉല്പന്നങ്ങള്‍ വലിച്ചെറിയുന്ന കര്‍ഷക ചിത്രങ്ങളും സാധാരണമായി. ഈ ആത്മഹത്യകളും അതിസഹനകളും സ്വന്തം ദുര്‍വിധിയെന്ന് കൃഷിക്കാര്‍ ഏറ്റുവാങ്ങുന്നതിന്റെ ദുരന്തഭൂമിയിലിരുന്നാണ്, രാജ്യത്തിന്റെ ഭക്ഷ്യ സമ്പന്നതയില്‍ നാം കോരിത്തരിക്കണമെന്നു പാടുന്നത്.
കൃഷിക്കാരുടെ ചോരയും നീരും കൊണ്ട് 402 ബില്യന്‍ ഡോളറിന്റെ മൂല്യവുമായി ലോകത്ത് രണ്ടാംസ്ഥാനം പിടിച്ചടക്കി എന്ന വീരവാദം മുഴക്കുമ്പോള്‍ , ലോക പട്ടിണിപ്പട്ടികയില്‍ നമ്മള്‍ 103-)o സ്ഥാനത്താണെന്നും 27 കോടി പട്ടിണിക്കാര്‍ നമുക്കിടയിലുണ്ടെന്നും കൂടി ഓര്‍ക്കേണ്ടേ?
കേന്ദ്ര കൃഷിവകുപ്പിന്റെ കണക്കു പ്രകാരം 2015-16ല്‍ 20.4 ദശലക്ഷം ടണ്ണും 2017-18 ല്‍ 22.3 ദശലക്ഷം ടണ്ണും കാര്‍ഷികോല്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഇതേ വര്‍ഷങ്ങളില്‍ യഥാക്രമം 8.1 , 9.4 (ദശലക്ഷം ടണ്‍) കാര്‍ഷികോല്പന്നങ്ങള്‍ ഇറക്കുമതിയും കാണാം. ഈ ഇറക്കുമതിയില്‍ 79 ശതമാനവും ഭക്ഷ്യധാന്യമാണ്! കഴിഞ്ഞ 20 വര്‍ഷമായി വന്‍തോതില്‍ തന്നെ എണ്ണയും പയറുവര്‍ഗ്ഗങ്ങളും നാം ഇറക്കുമതി ചെയ്യുന്നുണ്ട്. 2018ലെ സാമ്പത്തിക സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ പ്രതിദിന ആളോഹരി ധാന്യലഭ്യത 487 ഗ്രാം വരും. ഭക്ഷ്യക്ഷാമത്തിന്റെ കഥ പറയുന്ന 1961 ല്‍ ഇത് 468. 7ഗ്രാമുണ്ടെന്നോര്‍ക്കണം. 1981ലാകട്ടെ ഇത് 454.8 ഗ്രാമാണ്. 1991 ല്‍ ആളോഹരി വാര്‍ഷിക ഭക്ഷ്യലഭ്യത 186.2 കി.ഗ്രാമായിരുന്നെങ്കില്‍ 2016ല്‍ ഇത് 177. 7 കി. ഗ്രാമേയുള്ളൂ. മഹാക്ഷാമത്തിന്റെ 1903-1908 കാലത്ത് ആളോഹരി വാര്‍ഷിക ഭക്ഷ്യലഭ്യത 177.3 കി.ഗ്രാമുണ്ട്! (ഈ സമയം 1905-06 ല്‍ ബോംബേ പ്രവിശ്യയില്‍ പട്ടിണി കൊണ്ട് മരിച്ചത് 2.35 ലക്ഷം മനുഷ്യരാണ്). പട്ടിണി രാജ്യമെന്നു പറയുന്ന ബംഗ്ലാദേശിലെ ആളോഹരി വാര്‍ഷിക ഭക്ഷ്യധാന്യ ലഭ്യത 2015ല്‍ 200 കി.ഗ്രാമുണ്ട്.
ഇന്ത്യന്‍ ജനതയുടെ പോഷകാവശ്യത്തിന്റെ നാലില്‍ മൂന്നും കിട്ടുന്നത് ധാന്യം,പയറുവര്‍ഗ്ഗം ഇവയിലൂടെയാണ്. ഇവയുടെ രണ്ടിന്റെയും ഉപഭോഗം ഗ്രാമങ്ങളില്‍, ആവശ്യമുള്ളതിന്റെ 30 % വും നഗരങ്ങളില്‍ 20% വും കുറവാണ്.( 2011 – 12 ലെ കണക്ക്.) അതായത് ഇന്ത്യക്കാര്‍ക്കെല്ലാം ആവശ്യമായ വിധം ഭക്ഷണം കിട്ടിയാല്‍ ഭക്ഷ്യമിച്ചമോ കയറ്റുമതിയോ നടക്കില്ല; പകരം ഭക്ഷ്യ ഭൗര്‍ലഭ്യമാണ് വരുക. അതുകൊണ്ട് മിച്ചമുണ്ടാക്കാനല്ല ഇനിയും സ്വയം പര്യാപ്തത നേടാനാണ് നാം ശ്രമിക്കേണ്ടത്. ഭക്ഷ്യയെണ്ണയിലും ( 60% വും ഇറക്കുമതി )പയറിനങ്ങളിലും (35% വും ഇറക്കുമതി ) നമുക്കുണ്ടായിരുന്ന സ്വയംപര്യാപ്തതയും ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് കാലം മുതല്‍ ഗോതമ്പിലും അരിയിലും വരുത്തിയ നാണ്യവിളവല്‍ക്കരണം ഇന്ത്യന്‍ സമൂഹത്തിന്റെ പോഷക േ്രശാതസ്സായിരുന്ന ചെറുധാന്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്ത്, ആദിവാസികളെക്കൂടി ചോറ് മാത്രം തീറ്റിച്ച് , അവരെയും പ്രമേഹ ഹൃേ്രദാഗാദികള്‍ ഉള്ളവരാക്കി തീര്‍ത്തു. അങ്ങനെ നാട്ടുവിത്തുകളുടെയും നാട്ടുഭക്ഷണത്തിന്റെയും സമ്പന്നമായ വൈവിധ്യത്തെയും അതിലിടിയുറച്ച പ്രാദേശിക ഭക്ഷ്യസുരക്ഷ, സുരക്ഷിത ഭക്ഷണം എന്നിവയെയും തകര്‍ത്തു തരിപ്പണമാക്കി എല്ലാവരെയും പരാശ്രിതരും നിത്യരോഗികളുമാക്കിത്തീര്‍ത്തിരിക്കുകയാണ് പുത്തന്‍ കാര്‍ഷിക അധിനിവേശം.
മണ്ണിനോട് പരാക്രമം
ഇന്ന് ലോകത്ത് ഒരു വര്‍ഷം,ഹെക്ടര്‍ ഒന്നിന് 416.1കിലോഗ്രാം നൈട്രജന്‍ വളങ്ങള്‍ ചൊരിയുന്നുണ്ട്. അടുത്ത നൂറ്റാണ്ടോടെ ലോകത്ത് കര പ്രദേശത്തു മാത്രം വീഴ്ത്തുന്ന നൈട്രജന്‍ വളത്തിന്റെ അളവ് ഇതിന്റെ 2.5 മടങ്ങ് വര്‍ധിക്കും. ഇന്ത്യയില്‍ നെല്ലിന് ശരാശരി രാസവള പ്രയോഗം ഹെക്ടറിന് 155 കി.ഗ്രാമും ഗോതമ്പിന് 144.9 കി.ഗ്രാമുമാണ്. കുട്ടനാട്ടില്‍ ഇത് ഹെക്ടറിന് 513 കി.ഗ്രാമെ്രത രാസകൃഷി മൂലം ആവാസവ്യവസ്ഥയിലെത്തുന്ന അമിത നൈട്രജന്‍ കാലാവസ്ഥാമാറ്റം, ഹരിത ഗൃഹ വാതക ബഹിര്‍ഗമനം, ജീവികളുടെ വംശനാശം, രോഗങ്ങള്‍ എന്നിവക്കു കാരണമാകുന്നു എന്നത് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞതാണ്. അതെല്ലാം ആധികാരിക ജേര്‍ണലുകള്‍ നോക്കിയാല്‍ ആര്‍ക്കും അറിയാം. മാത്രമല്ല രാസവളം സസ്യസമൂഹങ്ങളുടെ വൈവിധ്യത്തെ നശിപ്പിക്കുന്നതായും തെളിയിക്കപ്പെട്ടിരിക്കുന്നു. അതേപോലെ, തുടര്‍ച്ചയായ രാസവള പ്രയോഗം മണ്ണിലെ സൂക്ഷ്മജീവികളെ (ബാക്ടീരിയകളും ഫംഗസുകളും) നശിപ്പിക്കുന്നതു വഴി ആവാസവ്യവസ്ഥയില്‍ മാറ്റം വരുത്തുന്നുണ്ട്.
രാസവളം മണ്ണിന്റെ പി.എച്ച്.കുറയ്ക്കുന്നുവെന്നതും മണ്ണിന്റെ പി.എച്ചും ബാക്ടീരിയാ സമൂഹ ത്തിന്റെ എണ്ണവും വൈവിധ്യവും പരസ്പരം ബന്ധപ്പെട്ടതാണെന്നും തെളിയിക്കപ്പെട്ട വസ്തുതകളാണ്. അതോടൊപ്പം രാസവള പ്രയോഗം മണ്ണിലെ ഓര്‍ഗാനിക് കാര്‍ബണ്‍ അളവിനെ താഴ്ത്തിക്കളയുന്നതായും വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. ജൈവാംശവും സൂക്ഷ്മജീവികളും പരസ്പരാശ്രിതമായതിനാല്‍ ഇവയ്ക്കു രണ്ടിനും ഒരേ സമയം രാസവളം ക്ഷയം വരുത്തിവെയ്ക്കുന്നുണ്ട്. സൂക്ഷ്മമൂലകങ്ങളുടെ ശോഷണവും രാസവള മണ്ണില്‍ സംഭവിക്കുന്നു. ഇങ്ങനെ മണ്ണ് ആരോഗ്യകരമായ സസ്യ വളര്‍ച്ചക്ക് അനുഗുണമാകാത്തതു കൊണ്ടാണ് രോഗ- കീടാദികള്‍ പെരുകി വിഷപ്രയോഗം ആവശ്യമായി വരുന്നത്.
ഈ യാഥാര്‍ത്ഥ്യങ്ങളൊന്നും സമൂഹം അറിയരുതെന്ന നിര്‍ബ്ബന്ധം രാസ കക്ഷികള്‍ക്കുണ്ട്. കാര്‍ഷിക രംഗത്തെ ഒട്ടുമിക്ക പoനങ്ങളും നടക്കുന്നത് ഇത്തരം കോര്‍പ്പറേറ്റുകളുടെ ഫണ്ടുകൊണ്ടാണെന്നും അതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ മുന്‍വിധികളില്ലാത്ത ഗവേഷണങ്ങള്‍ അത്യാവശ്യമാണെന്നന്നും പറയുന്നത് മണ്ണു ശാസത്രജ്ഞനും അമേരിക്കന്‍ കൃഷിവകുപ്പ് ഗവേഷകനുമായ റിക് ഹാനെ (Rick Haney) ആണ്. ‘സ്വതന്ത്രമായ പഠനങ്ങളാണ് നമുക്കു വേണ്ടത്. മഞ്ഞുകട്ടയുടെ ഒരറ്റം മാത്രമേ നാം കാണുന്നുള്ളൂ. കാരണം മണ്ണിന്റെ പ്രവര്‍ത്തനങ്ങളും ജീവശാസ്ത്രവും അത്രത്തോളമേ നാം അറിഞ്ഞിട്ടുള്ളൂ’ എന്ന് അദ്ദേഹം പറയുന്നു. അമേരിക്കയിലെ ചില കൃഷിയിടങ്ങളില്‍ ഓര്‍ഗാനിക് മാറ്റര്‍ ഒരു ശതമാനത്തിലും താഴെയാണെന്നും തൊട്ടടുത്ത മേച്ചില്‍പ്പുറത്ത് ഇത് 5-6 ശതമാനമുണ്ടെന്നും രാസവളമിട്ടാണ് ഈ സ്ഥിതി വരുത്തിവെച്ചതെന്നും കൂടി റിക് ഹാനെ അറിയിക്കുമ്പോള്‍ മണ്ണിന്റെ പിഎച്ചും സൂക്ഷ്മജീവികളും സൂക്ഷ്മ പോഷകങ്ങളും കൂടി ആ മണ്ണില്‍ ശോഷിച്ചുവെന്നും നാം തിരിച്ചറിയണം. ‘നിങ്ങളുടെ കുട്ടികള്‍ക്ക് ആരോഗ്യത്തോടെ വളരാന്‍ നിങ്ങള്‍ പോഷക സന്തുലിതമായ ഭക്ഷണം നല്‍കുമോ, അതോ കുറച്ചു വിറ്റാമിനുകള്‍ അവരെ തീറ്റിച്ചാല്‍ മതിയോ? ‘ ഇതു പോലെയാണ് ചെടിക്കു കൊടുക്കുന്ന രാസവസ്തുക്കളെന്നും ലഹരിക്കടിപ്പെട്ടയാള്‍ ക്രമേണ അതിന്റെ അളവ് കൂട്ടുന്നതു പോലെ കൂടുതല്‍ കൂടുതല്‍ രാസവളമിട്ടു കൊണ്ടാണ് ഇപ്പോള്‍ വിളവ് നിലനിര്‍ത്തുന്നതെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. ഇത്തരം സത്യസന്ധതയും നിഷ്പക്ഷതയും ധാര്‍മ്മികതയും ശാസ്ത്ര രംഗത്ത് ഇന്ന് അപൂര്‍വ്വകാഴ്ച തന്നെയല്ലേ? ഏതു കൊടും കുറ്റവാളിക്കും വക്കാലത്തു പറയാന്‍ അങ്ങോട്ടു ചെന്ന് കേസു പിടിക്കുന്ന ചില വക്കീലന്മാരെ പോലെ ശാസ്ത്രസമൂഹം മാറുമ്പോള്‍ കാഴ്ചയുടെ ഇത്തിരിവെട്ടം കൂടി ഇല്ലാതാകുകയും നാമെല്ലാം ഇരുട്ടിലെ കോമാളികളാവുകയും ചെയ്യുന്നു.
കഴിഞ്ഞ അരനൂറ്റാണ്ടിലെ രാസപ്രയോഗത്താല്‍ മണ്ണിനേറ്റ പ്രഹരം തിരിച്ചറിഞ്ഞിട്ടു തന്നെയാണ് ഇപ്പോള്‍ ചാണകവും ചാരവുമൊക്ക രാസവളത്തോടൊപ്പം വേണമെന്ന് പറഞ്ഞ് രാസവാദികള്‍ക്ക് കളം അല്‍പ്പം മാറ്റിച്ചവിട്ടേണ്ടി വന്നത്. അങ്ങനെയല്ലാതെ ഇനി ഇവര്‍ക്ക് വളക്കച്ചവടം ഇവിടെ നിലനിര്‍ത്താനാവില്ല.
ആയുര്‍ദൈര്‍ഘ്യവും ക്യാന്‍സറും
പകര്‍ച്ചേതര രോഗങ്ങളായ പ്രമേഹം,ഹൃേ്രദാഗം,വൃക്കരോഗം,പക്ഷാഘാതം,ക്യാന്‍സര്‍ എന്നിവ ലോകത്ത് കൂടാന്‍ കാരണം നല്ല ആഹാരവും രോഗ ചികിത്സയും വഴി ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതുകൊണ്ടാണെന്ന് ‘അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ‘മുതല്‍ പല അന്താരാഷ്ട്ര സംഘങ്ങളും ഔദ്യോഗിക സ്ഥാപനങ്ങളും വരെ നമ്മെ പഠിപ്പിക്കുന്നതു തന്നെയാണ് ഡോ. ‘ശ്രീകുമാറും ആവര്‍ത്തിക്കുന്നത്. അതായത് ഇത്തരം രോഗങ്ങളെല്ലാം മനുഷ്യന്റെ വാര്‍ധക്യസഹജമായ വിധിയായി നമ്മള്‍ കണ്ടുകൊള്ളണമെന്നര്‍ത്ഥം. ‘മനുഷ്യനായല്‍ പ്രായമാകും; പ്രായമായാല്‍ ക്യാന്‍സറും അല്‍ഷിമേഴ്‌സും വൃക്കരോഗവുമൊക്കെ വരും. അതൊന്നും തടയാനാര്‍ക്കും പറ്റില്ല. ഒരേയൊരു മാര്‍ഗ്ഗം വിദഗ്ധ ചികിത്സ തന്നെ.’ഇങ്ങനെ ഈ അത്യന്താധുനിക ലോകത്ത് ‘ശാസ്ത്രീയമായ പുതിയ അന്ധവിശ്വാസങ്ങള്‍ ‘ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതിലൂടെ രണ്ടു കൂട്ടര്‍ക്ക് നേട്ടമുണ്ട്. ഒന്ന് പരിസ്ഥിതി -ഭക്ഷണ മലിനീകരണത്താല്‍ രോഗം വരുത്തുന്നവര്‍ക്കും രണ്ട്, ചികിത്സാ വ്യവസായ ശൃംഘലക്കും. ചിലപ്പോള്‍ രണ്ടായതിനെ ഒന്നായി തന്നെ കാണാനും കഴിയും. വിട്രാക്വി (vitrakvi) എന്ന ക്യാന്‍സര്‍ മരുന്ന് നിര്‍മ്മിക്കുന്ന ബെയര്‍ കമ്പനി തന്നെയാണ് മൊണ്‍സാന്റോയുമായി ചേര്‍ന്ന് റൗണ്ട് അപ് (glyphosate) എന്ന കളനാശിനി ഉണ്ടാക്കുന്നത്. ഇത് ക്യാന്‍സര്‍ വരുത്തി എന്നു കണ്ട് 125000 കേസുകളാണ് അമേരിക്കയില്‍ ജനങ്ങള്‍ കൊടുത്തത്. നഷ്ടപരിഹാരമായി 9.6 ബില്യന്‍ ഡോളറാണ് കമ്പനി നല്‍കുന്നത്. ഇതേ റൗണ്ട് അപ് ആണ് കുട്ടനാട്ടിലും റബ്ബര്‍ തോട്ടത്തിലും പൂശുന്നത്. ക്യാന്‍സര്‍ രോഗികള്‍ ആര്‍.സി.സി.യിലും അമലയിലും ക്യൂ നില്‍ക്കുമ്പോള്‍ നമ്മളെ സമാധാനിപ്പിക്കാന്‍ വക്കീല്‍ ശാസ്ത്രജ്ഞര്‍ പറയും, ‘സാരമില്ല ആയുര്‍ദൈര്‍ഘ്യം കൂടിയതുകൊണ്ടാണ്; ക്യാന്‍സര്‍ വരാതിരിക്കാന്‍ നേരത്തേ മരിക്കുകയേ മാര്‍ഗ്ഗമുള്ളൂ.’ ആയുര്‍ദൈര്‍ഘ്യം കൂട്ടി തന്നിട്ടും നമ്മള്‍ നിര്‍ധനരായി തുടരുന്നതിനാല്‍, കേസിനും കൂട്ടത്തിനും നമുക്കാവാത്തതു കൊണ്ട് ബെയര്‍ കമ്പനി സസുഖം വാണരുളുന്നു. നമ്മുടെ നാട്ടില്‍ വളക്കടയില്‍ ചെന്നാല്‍ ഉറുമ്പിനെ കൊല്ലാന്‍ പോലും കൊടുക്കുന്ന കീടനാശിനിയാണ് ,ഡൗ കെമിക്കല്‍ കമ്പനി നിര്‍മ്മിക്കുന്ന ക്ലോര്‍ പൈറിഫോസ്. ഒബാമ സര്‍ക്കാര്‍ നിരോധിക്കാന്‍ തയ്യാറായ ഈ വിഷം നിരോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും, ട്രമ്പ് അപ്പീല്‍ കൊടുത്തിരിക്കുകയാണ്. കടുത്ത അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ക്ലോര്‍ പൈറിഫോസിന്റെ രജിസ്േ്രടഷന്‍ കാലിഫോര്‍ണിയയില്‍ റദ്ദാക്കുകയാണ്. ഗര്‍ഭസ്ഥ ശിശുക്കളില്‍ തലച്ചോറിനെ ബാധിക്കുന്നതു മുതല്‍ പല ഗുരുതര ദോഷങ്ങളും ഈ വിഷം സൃഷ്ടിക്കും.
ലോകമെങ്ങും ,പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍ കുട്ടികളിലെ ക്യാന്‍സര്‍ കൂടി വരികയാണ്. 1976ല്‍ കാലിഫോര്‍ണിയയില്‍ കുട്ടികളില്‍ ഒരു ലക്ഷത്തില്‍ 130 പേര്‍ക്ക് ഈ രോഗം വന്നിരുന്നത് 2016ല്‍ 215 ആണ്. സ്ത്രീകളില്‍ സ്തനാര്‍ബുദവും വര്‍ധിച്ചുവരുന്നു; പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ ഇന്ത്യ മാതിരിയുള്ള വികസ്വര രാഷ്ട്രങ്ങളില്‍. എന്നാല്‍ ഇന്ത്യയിലാകട്ടെ ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളമാണ് ഈ രോഗത്തില്‍ മുന്നില്‍. ഇന്ത്യയില്‍ മിക്ക സ്താനാര്‍ബുദവും പിടിപെടുന്നത് 30-50 വയസ്സിനും 50-64 വയസ്സിനും ഇടയിലാണ്. വികസ്വര രാഷ്ട്രങ്ങളിലേതിനേക്കാള്‍ വിഷ സമ്പര്‍ക്കം വികസ്വര രാഷ്ട്രങ്ങളിലാണെന്നും, ഡി.ഡി.റ്റി.യും സ്തനാര്‍ബുദവും തമ്മില്‍ ബന്ധമുണ്ടെന്നും വെളിച്ചത്തു വന്നിട്ടുണ്ട്. നമ്മുടെ രാജ്യത്ത് കോഴിമുട്ടയില്‍ വരെ ഡി.ഡി.റ്റി അംശം കാണപ്പെടുന്നുണ്ടെന്നതും ഓര്‍ക്കണം.
ലിന്‍ഡേന്‍ മാത്രമാണ് കാന്‍സര്‍കാരി എന്നു ഡോ.ശ്രീകുമാര്‍ വാദിക്കുമ്പോള്‍ അതില്‍ രണ്ടു ചതികള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒന്ന്, രാസവിഷം മറ്റു മാരകദോഷങ്ങള്‍ വരുത്തുന്നില്ല. രണ്ട്, ആകെ ഒരു വിഷമേ ദോഷകാരിയുള്ളൂ. (എന്‍ഡോസള്‍ഫാന്‍ പാവമാണെന്നു പറയുന്നവര്‍ പിന്നെങ്ങനെ പറയണം?) മരുന്നു പരീക്ഷണം പോലെ മനുഷ്യര്‍ക്ക് കീടനാശിനി കൊടുത്തു കാന്‍സര്‍ സാധ്യത തെളിയിക്കാന്‍ പറ്റില്ലല്ലോ. ഈ ബലത്തിലാണ് ഇവരുടെ തലതൊട്ടപ്പനായ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി വരെ രാസവിഷക്കമ്പനികളെ സംരക്ഷിക്കുന്നത്. ക്യാന്‍സര്‍ഗവേഷണത്തില്‍ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി, എഫ്.ഡി.എ., ഇ.പി.എ; ഗവേഷണ സ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര കമ്പനികളുടെ ഫണ്ടിംഗ് എന്നീകൂട്ടുകെട്ട് അങ്ങാടിപ്പാട്ടാണ്. ഇവരാണ് ലോകമാകെ ‘ശാസ്ത്രീയ ‘സത്യങ്ങള്‍ വിതരണം ചെയ്യുന്നത്.
ഇത്രയൊക്കെ നുണകള്‍ കൊണ്ട് മതിലു കെട്ടിയിട്ടും അനുപമ വര്‍മ്മ കമ്മറ്റി 19 കീടനാശിനകള്‍ നിരോധിക്കണമെന്ന് കേന്ദ്രത്തോടെ ഈയിടെയാണ് ശുപാര്‍ശ ചെയ്തത്. മറ്റു രാജ്യങ്ങളില്‍ നിരോധിച്ച 66 വിഷങ്ങള്‍ ദിവസവും പരിസ്ഥിതിയിലും ഭക്ഷണത്തിലും കൂടി നമ്മിലെത്തുന്നുണ്ട്. കാന്‍സര്‍ കാരികളെന്നു ലോകാരോഗ്യ സംഘടന മുദ്രകുത്തിയ ക്ലാസ് ഒന്നിലുള്‍പ്പെട്ട Monocrotophos, Triazophos, Phosphamidon, Carbofuran, Methyl Parathion, Phorate, എന്നിങ്ങനെ 7 വിഷങ്ങള്‍ (മൊത്തം ഉപയോഗത്തിന്റെ 30% വും ഇവയാണ്) ഇന്ത്യയിലുപയോഗത്തിലുണ്ട്.പല ക്ലാസ്സിലുള്ള വിഷങ്ങള്‍ ശരീരത്തില്‍ അവിയലായി പ്രവര്‍ത്തിക്കുമ്പോള്‍, ക്യാന്‍സറല്ല അതിനപ്പുറം പേരറിയാത്ത അപൂര്‍വ്വ രോഗങ്ങള്‍ എത്രയുണ്ടാക്കുമെന്ന് ഏതു ശാസ്ത്രജ്ഞനാണ് തപസ്സിരുന്നു പരിശോധിക്കുന്നത്? അതുകൊണ്ട് അറിവിനെ അധികാരമാക്കി, ആയുധമാക്കി ജനങ്ങളെ മണ്ടന്മാരാക്കാന്‍ എളുപ്പമാണല്ലേ? കൊച്ചു കുട്ടികളുടെ കൈയിലേക്ക് തീ കൊടുത്തിട്ടെന്ന പോലെ, സാധാരണ മനുഷ്യര്‍ക്ക് ഈ വിഷം കൊടുത്തിട്ട് ‘സുരക്ഷിത ഉപയോഗം ‘ എന്നു പറയുന്നതിലെന്ത് ഉത്തരവാദിത്വം? വലിയ ഉത്തരവാദിത്വമുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയ്തതും നമുക്കറിയാം. 2013 ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 234 കീടനാശിനികളില്‍ 59 എണ്ണത്തിന് ‘പരമാവധി അവശിഷ്ട പരിധി’ പോലും നിശ്ചയിച്ചിട്ടില്ല!
ആയുര്‍ദൈര്‍ഘ്യം
ആയുര്‍ദൈര്‍ഘ്യം കൂടിയതാണ് ക്യാന്‍സര്‍ കൂടാന്‍ കാരണമെങ്കില്‍ ജപ്പാന്‍ (85.03), ഹോങ് കോംഗ് (85.29), സിങ്കപ്പൂര്‍ (84.07), സൗത്ത് കൊറിയ (83.50 )എന്നീ രാജ്യങ്ങളാകണം മുന്നില്‍ വരേണ്ടത്. ഇവിടങ്ങളിലെ ക്യാന്‍സര്‍ നിരക്ക് ജപ്പാന്‍ (248), ഹോങ്കോംഗ് (227.4) , സിങ്കപ്പൂര്‍ (230. 2), സൗത്ത് കൊറിയ (334) എന്നിങ്ങനെയാണ്. ലോകത്ത് ഏറ്റവു കൂടതല്‍ ക്യാന്‍സര്‍ കാണുന്ന ആസ്‌ട്രേലിയ (468) യുടെ ആയുര്‍ദൈര്‍ഘ്യം 83.94 ആണ്. ജപ്പാന്റെയും മറ്റും ഇരട്ടിയോളമാണ് അവിടെ ക്യാന്‍സര്‍. ആയുര്‍ദൈര്‍ഘ്യം ഹങ്കറി (76.77), ശ്രീലങ്ക (79.11) എന്നിട്ടും കാന്‍സര്‍ നിരക്ക് ഹങ്കറിയില്‍ 355.2 ആണ്. ശ്രീലങ്കയില്‍ ഇത് 287 മാത്രം. അതുപോലെ ഇന്ത്യയില്‍ മിസോറാമില്‍ ക്യാന്‍സര്‍ നിരക്ക് കൂടുതലാണെങ്കിലും അവിടെ ആയുര്‍ദൈര്‍ഘ്യം 60-65 ആണ്. അതുകൊണ്ട് ആയുര്‍ദൈര്‍ഘ്യവുമായി ക്യാന്‍സറിനെയെന്നല്ല മറ്റു പകര്‍ച്ചേതര രോഗങ്ങളെയും കൂട്ടിക്കെട്ടുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. വ്യാവസായിക വിപ്ലവത്തോടെ തുടക്കമിട്ട പരിസ്ഥിതി -ഭക്ഷണ മലിനീകരണത്തിലാണ് അതിന് ഉത്തരം തിരയേണ്ടത്. മാത്രമല്ല ഈ വിഷം തീണ്ടലില്‍ പ്രധാനപങ്കു തന്നെ ആധുനിക കാര്‍ഷികവിദ്യക്കുണ്ട്.
ക്യാന്‍സറാദികളായ ഈ രോഗങ്ങളെല്ലാം വാര്‍ധക്യത്തെ വലയ്ക്കാന്‍ വേണ്ടി പൊട്ടിപ്പുറപ്പെടുന്നവയുമല്ല. യൗവ്വനാന്ത്യത്തോടെ അടിത്തറയൊരുക്കി, ക്രമേണ മൂര്‍ച്ഛിച്ച് 65 വയസ്സിനകം ഗൗരവരൂപം പ്രാപിക്കുന്നവയാണ് ഈ രോഗങ്ങളെന്നും അതില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ രോഗ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍കൂട്ടിയുളള പ്രതിരോധമാണ് വേണ്ടതെന്നും വിദഗ്ധര്‍ തന്നെ നമ്മോടു പറയുന്നുണ്ട് ( Age anda Canser Risk. Mary C. white et.al.). ഇതൊക്കെ ജനങ്ങളെ അറിയിക്കേണ്ടതിനു പകരം ശാസ്ത്രവിദഗ്ധര്‍ എന്നു പറയുന്നവര്‍ മനുഷ്യരെ മാരകരോഗങ്ങളിലേക്കു തള്ളിവിട്ട്, അതൊക്കെ ആയുസ്സ് കൂടിയതിന്റെ ദോഷമാണെന്നു പറയുന്നതിനെ അജ്ഞാനമെന്നോ അവിവേകമെന്നോ തികഞ്ഞ കാപട്യമെന്നോ എന്താണു പറയുക?
ആയുര്‍ദൈര്‍ഘ്യത്തെപ്പറ്റിയും വ്യവസ്ഥാപിത ബോധനിര്‍മ്മിതിയുടെ പിടിയിലാണ് നമ്മള്‍. നരവംശശാസ്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ വിവിധ ശാസ്ത്രങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് നടത്തിയ പുതിയ പഠനങ്ങള്‍ പല മുന്‍ ധാരണകളെയും തിരുത്തുന്നവയാണ്. 1960 കളിലെ പഠനങ്ങള്‍ പറഞ്ഞത് പ്രാചീന ഗോത്രകാലത്ത് മനുഷ്യര്‍ വളരെ നേരത്തേ മരണപ്പെട്ടിരുന്നുവെന്നാണ്. എന്നാല്‍ കുറഞ്ഞത് 70 വയസ്സുവരെ തികഞ്ഞ ആരോഗ്യത്തോടെ ജീവിച്ചിരുന്നു അവര്‍. എങ്കിലും ശിശു മരണനിരക്ക് കൂടുതലായിരുന്നു. ഇന്നും പല ആദിവാസി മേഖലകളിലും ശിശുമരണനിരക്ക് കൂടുതലാണെങ്കിലും ഗരാശരി ആയുസ്സ് 70 നോടടുത്തു തന്നെയാണ്. ആധുനിക സമൂഹങ്ങളില്‍ ശിശുമരണനിരക്ക് കുറവായതാണ് പ്രധാനമായും ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണം. അല്ലാതെ പണ്ട് എല്ലാവരും 30-40 വയസ്സില്‍ മരിച്ചു പോയവരല്ല. മാത്രമല്ല അന്ന് ശിശുമരണനിരക്ക് കൂടിയതിനൊത്ത് സന്താന നിരക്കും (Fertility Rate) കൂടുതലായിരുന്നു. ആയുര്‍ദൈര്‍ഘ്യം കൂടിയ ഇന്ന് സന്താനനിരക്ക് വളരെ താഴെയാണെന്നും കാണാം.1960 ല്‍ ലോകത്ത് സന്താനനിരക്ക് 5 കുട്ടികളെങ്കില്‍ ഇന്ന് 2.5 കുട്ടികളാണ്. ഇന്ന് ആയുര്‍ദൈര്‍ഘ്യം 79.11 ആയ അമേരിക്കയില്‍ സന്താന നിരക്ക് 1.77 മാത്രമാണ്. 74.9 ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തിലും ഇത് 1.7 ആണ്. അതു കൊണ്ട് ശിശുമരണനിരക്കും സന്താനങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം നമ്മള്‍ കാണാതെ പോകരുത്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍, അന്നു പത്തുപെറ്റ അമ്മയുടെ ആരോഗ്യം ഇന്ന് ഒന്നിനെ പെറ്റ (സിസേറിയന്‍) അമ്മക്കുണ്ടോ? ഇന്നു പത്തു പെറ്റാല്‍ എത്ര അതിജീവിക്കും? കച്ചവടശാസ്ത്ര മുന്‍വിധിയില്ലാതെ കണ്ണോടിച്ചാല്‍ തന്നെ എന്തുകൊണ്ട് നമ്മുടെ ആരോഗ്യം ക്ഷയിച്ചുവെന്ന് മനസ്സിലാക്കാം. പരിസ്ഥിതി -ഭക്ഷണ മലിനീകരണ വ്യവസായത്തെ സംരക്ഷിക്കാനും ചികിത്സയെ കേന്ദ്രമാക്കിയ കൂട്ടുകച്ചവടം പൊടിപൊടിക്കാനുമാണ് ആയുര്‍ദൈര്‍ഘ്യത്തെ മറയാക്കുന്നത്.
ആധുനിക ലോകത്ത് മനുഷ്യന്‍ നേടിയെടുക്കുന്നത് സമൂഹ്യനീതിയാണ്. അത് അനീതിയെപ്പറ്റിയുള്ള തിരിച്ചറിവില്‍ നിന്ന് സഹജമായി പിറന്നു വീഴുന്നതാണ്. ഇന്ന് സമൂഹ്യ അനിതീ വരുന്നത് എന്‍ഡോസള്‍ഫാനായും കൊക്കൊ കോളയായും അതിരപ്പിള്ളിയായും ആണവ നിലയമായും വയല്‍ നികത്തലായും പാറമടകളായുമൊക്കെയാണ്. അതിനൊക്കെ തല്‍പ്പരകക്ഷികള്‍ പറയുന്ന അതേ ന്യായമാണ് ഡോ.ശ്രീകുമാറും ഉരുവിടുന്നത്: ‘ഗുണമുണ്ടെങ്കില്‍ ദോഷവുമുണ്ടാകും.’ എന്നു വെച്ചാല്‍ പ്രകൃതിയും അതിനെ ആശ്രയിക്കുന്ന സാധാരണ മനുഷ്യരും നിങ്ങളുടെ താല്‍ക്കാലിക സുഖത്തിനായി ഇരയാക്കപ്പെടുക തന്നെ വേണം അല്ലേ? ഇതാണ് വികസനത്തിന്റെ അനീതി. അതിന്റെ ചട്ടുകങ്ങളിലൊന്നാണ് ആധുനിക കൃഷിശാസ്ത്രം.
പാരിസ്ഥിതികവും സാമൂഹ്യവുമായ നീതിയുള്ള ഒരു ജീവിതക്രമത്തില്‍, രാജ്യം എത്ര ഉല്പാദിപ്പിച്ച് കയറ്റിവിട്ട് ജി.ഡി.പി.കൂട്ടി ഞെളിയുന്നു എന്നല്ല നോക്കേണ്ടത്. എത്ര പട്ടിണി, എത്ര കര്‍ഷക മരണങ്ങള്‍, എത്ര ക്യാന്‍സറാദികള്‍ എന്നിവ തടയാന്‍ കഴിയുന്നു എന്നാണ്. അതിനാണ് ആളോഹരി സന്തുഷ്ടി എന്നു പറയുക. ഞാറ്റുവേല നോക്കി നാട്ടുവിത്തെറിയുന്നതും അതിന്റെ തവിട്ടരി നമ്മള്‍ കഴിക്കുന്നതും ആളോഹരി ആനന്ദത്തിനായുള്ള സമരമാണ്. ജൈവകൃഷിയെന്നത് ഈ ജൈവ ജീവിതത്തിലേക്കുള്ള ആദ്യത്തെ ചുവടുമാണ്. ലോകം ആ വഴിക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. 2030 ഓടെ കൃഷിയിടത്തിന്റെ 25% ജൈവമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. തങ്ങളുടെ രാജ്യത്തെ ഗര്‍ഭിണികള്‍ക്കും സ്‌ക്കൂള്‍ കുട്ടികള്‍ക്കും ജൈവഭക്ഷണം തയ്വാന്‍ വിളമ്പുന്നതും, അമേരിക്കയില്‍ 40% പേരും ഓര്‍ഗാനിക് ആവശ്യപ്പെടുന്നതും അറിയണം. ലോകത്തെ ചെറുകൃഷിയിടങ്ങളെ വീണ്ടെടുത്ത് ജൈവകൃഷിയിലൂടെ എല്ലാവര്‍ക്കും വേണ്ട ഭക്ഷണം മാത്രമല്ല, ആരോഗ്യവും സമ്പത്തും സന്തുഷ്ടിയും പ്രകൃതിരക്ഷയും പ്രാപ്യമാക്കാം എന്ന് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനക്ക് പറയേണ്ടി വന്നതും രാസവഴിയുടെ ഗര്‍ത്തങ്ങള്‍ മൂടാന്‍ പറ്റാത്തതിനാലാണ്. ഇത്തരം തിരിച്ചറിവുകളല്ലാതെ ഈ കോവിഡു കാലവും നമ്മെ പഠിപ്പിക്കുന്ന പ്രതിരോധം മറ്റെന്താണ്? തിരിച്ചറിവുകള്‍ വാതിലില്‍ വന്നു മുട്ടുമ്പോഴാണ് നന്മയവശേഷിക്കുന്നവര്‍ മന്ത്രിയായാലും, മുന്‍വിധികള്‍ മാറ്റി ഞാറ്റുവേലയെപ്പറ്റി വീഡിയോ ഇടുന്നത്. ഇങ്ങനെ ഭരണനേതൃത്വവും പറഞ്ഞാല്‍, രാസവിദഗ്ധര്‍ ചേര്‍ന്ന് പെട്ടിയിലാക്കിയ ‘ജൈവകൃഷി നയം ‘പുറത്തെടുക്കുമോ എന്ന പേടിയുണ്ടല്ലേ? എന്നാല്‍ നിങ്ങള്‍ നശിപ്പിച്ച് നാമമാത്രമാക്കി തീര്‍ത്ത കേരളീയ ഭക്ഷ്യ കാര്‍ഷിക വൈവിധ്യത്തിന്റെ പുനരുദ്ധാരണത്തിന് ഇതേ വഴിയുള്ളൂ. അതിന് കാര്‍ഷിക ആവാസവ്യവസ്ഥയെപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകള്‍ തന്ന് , കൃഷിക്കാര്‍ക്ക് വിജ്ഞാനത്തിലും വിത്തിലും വളത്തിലും വിപണിയിലും സ്വാശ്രയത്വം നേടാനുള്ള കൈ സഹായങ്ങളാണ് ശാസ്ത്ര സമൂഹം തരേണ്ടത്. അല്ലാതെ വിത്തും വളവും വിവരവും വായ്പയും വാങ്ങുന്ന ആജീവനാന്ത അടിയാള ആശ്രിതത്വമുണ്ടാക്കരുത്.
നാട്ടുശാസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ച അന്ധവിശ്വാസങ്ങളെ അകറ്റുന്നതു പോലെ പ്രധാനമാണ് ആഗോള ശാസ്ത്രത്തില്‍ അലിഞ്ഞു ചേര്‍ന്ന ലാഭാസക്തിയുടെ അതിക്രമകളെ വേര്‍പെടുത്തേണ്ടതും. അതാണ് ആല്‍ബര്‍ട്ട് ഹോവാര്‍ഡും ഫുക്കുവോക്കയും ബില്‍ മോളി സണും ക്ലോഡ് ബര്‍ഗിനോക്കും സുല്‍ത്താന്‍ അഹമ്മദ് ഇസ്മയിലുമൊക്കെ ചെയ്യുന്നത്. അപ്പോഴാണ് ശാസ്ത്രം ഒരു തുടര്‍ച്ചയായി മാറി, അധികാരത്തിന്റെ അസ്ത്രവിദ്യയാകാതെ എല്ലാ വിജ്ഞാന വൈവിധ്യങ്ങളെയും വളര്‍ത്തി ജീവകുലത്തിനെല്ലാം കരുണയാകുന്നത്. ആ അതിജീവന പാതയിലേക്കാണ് നിങ്ങളും തോള്‍ ചേരേണ്ടത്. മരണത്തിന്റെ ഭീതിപരത്തി, മറ്റു ചികിത്സാധാരകളെ അടിച്ചമര്‍ത്തുന്ന അലോപ്പതിയുടെ അധികാരശൈലി കൃഷിമേധാവിത്വത്തിന് അത്ര എളുപ്പമല്ലാത്തതിനാല്‍, കൃഷിക്കാര്‍ക്ക് സ്വയംപഠനത്തിനും പരീക്ഷണത്തിനും വിജയത്തിനും അവസരമുള്ളതുകൊണ്ടാണ് ജൈവകൃഷിയെ തകര്‍ക്കാന്‍ പറ്റാത്തത്. അല്ലെങ്കില്‍ നിയമം മൂലം നിങ്ങള്‍ ജൈവകൃഷിയോടും ഒരു കൈ നോക്കും.
also read
also read
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Jacob Jose
September 20, 2020 at 4:07 pm
കേരളത്തിലെ ആദ്യത്തെ certified ജൈവ ബ്രാൻഡ് കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിൽ ഉള്ള എന്റെ അനുഭവം നമ്മുടെ നാട്ടിൽ ഒരു അഞ്ച് കൊല്ലത്തിനു ആകാം ജൈവ ഉൽപന്നങ്ങൾക്ക് വൻ ഡിമാന്റ് വരും എന്നാണ്. പക്ഷേ ഈ രംഗത്തെ തട്ടിപ്പുകൾ നിയന്ത്രിക്കാൻ നമുക്ക് സാധിക്കണം.
Jacob Jose
September 20, 2020 at 4:10 pm
കേരളത്തിലെ ആദ്യത്തെ certified ജൈവ ബ്രാൻഡ് കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിൽ ഉള്ള എന്റെ അനുഭവം കൊണ്ട് പറയട്ടെ, കേരളത്തിന് ജൈവ കൃഷി ഉൽപ്പാദന രംഗത്ത് വൻ potential ഉണ്ട്. പക്ഷേ ഈ രംഗത്തെ തട്ടിപ്പുകൾ നിയന്ത്രിക്കാൻ നമുക്ക് സാധിക്കണം. അല്ലെങ്കിൽ യഥാർത്ഥ ജൈവ കൃഷിക്കാരുടെ കൂടി വിശ്വാസ്യത നഷ്ടപ്പെടും. ജൈവ കൃഷി, വ്യാപാര നിയമങ്ങൾ കൂടുതൽ കർശനം ആക്കണം.