ഇനി ഊര്‍ജ്ജിതമാക്കാം മെഡിക്കല്‍ ടൂറിസം

ഇതൊരു അവസരമാണ്. പൂര്‍ണ്ണമായും പൊതുമേഖലയില്‍ ഇത്തരമൊരു സാധ്യത മുഴുവനായും ഉപയോഗിക്കാനാവില്ല. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തോടെയാവണം മെഡിക്കല്‍ ടൂറിസം വളരേണ്ടത്. പേരില്‍ പറയുന്നപോലെ അതിനെ ടൂറിസവുമായി ബന്ധിപ്പിക്കണം. അക്കാര്യത്തില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലമാണല്ലോ കേരളം. ഉത്തരവാദിത്ത ടൂറിസം എന്ന സങ്കല്‍പ്പത്തില്‍ നിന്നുവേണം തികഞ്ഞ ജാഗ്രതയോടെ മെഡിക്കല്‍ ടൂറിസത്തെ നമ്മുടെ ഭാവി സാധ്യതയായി വികസിപ്പിക്കാന്‍.

കൊവിഡ് പ്രതിരോധത്തില്‍ കേരളം നടത്തിയ പ്രകടനം ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണല്ലോ. തീര്‍ച്ചയായും വലിയ നേട്ടമാണ് നമ്മുടേത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതേ കുറിച്ചുള്ള അവകാശവാദങ്ങളും തര്‍ക്കങ്ങളുമാണ് ഇവിടെ നടക്കുന്നത്. അതെല്ലാം മാറ്റിവെച്ച് ഈ സാഹചര്യത്തെ വരുംകാല പ്രതിസന്ധികാലത്ത് എങ്ങനെ ഗുണകരമാക്കി മാറ്റാമെന്നതിനെ കുറിച്ചാണ് നാമിപ്പോള്‍ ആലോചിക്കേണ്ടത്. തീര്‍ച്ചയായും അതിനുള്ള സാധ്യതകള്‍ നമുക്കു മുന്നിലുണ്ട്.

കേരളത്തിന്റെ പ്രധാനപ്പെട്ട അഞ്ചോ ആറോ വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണല്ലോ ടൂറിസം. കൊവിഡാനന്തരകാലം ടൂറിസത്തെ തകര്‍ക്കുമെന്നാണ് സ്വാഭാവികമായ വിലയിരുത്തല്‍. അതു ശരിയാണുതാനും. എന്നാല്‍ ഈ സാഹചര്യത്തെ ഗുണകരമാക്കി മാറ്റാനാവുമോ എന്നാണ് ഇപ്പോള്‍ ആലോചിക്കേണ്ടത്. തീര്‍ച്ചയായും സാധിക്കേണ്ടതാണ്. കേരളത്തിലടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ നിലവിലുള്ള മെഡിക്കല്‍ ടൂറിസ സാധ്യതകള്‍ കൂടുതല്‍ വിപുലമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ നേടിയ നേട്ടങ്ങള്‍ തന്നെയാണ് ശരിയായ അര്‍ത്ഥത്തില്‍ നമ്മള്‍ മാര്‍ക്കറ്റ് ചെയ്യേണ്ടത്.

ആയിരക്കണക്കിന് വര്‍ഷം മുമ്പ് സതേണിക് ഗള്‍ഫിലെ ഹെവി സവാരിയ എന്ന ഒരു ചെറിയ നഗരത്തില്‍ രോഗചികിത്സയുടെ ദേവനായ അത്കലോലിയോസിന്റെ ക്ഷേത്രം നിലനിന്നിരുന്നതായി വിശ്വാസമുണ്ടായിരുന്നു. രോഗശാന്തിയ്ക്കായി ഗ്രീക്ക് തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തിലേക്ക് നിരന്തരമായി എത്തിയിരുന്നത്രെ. അതാണ് മെഡിക്കല്‍ ടൂറിസത്തിന്റെ പ്രാരംഭ സങ്കല്പം എന്നു കരുതുന്നവരുണ്ട്. എന്തായാലും അവികസിത രാജ്യങ്ങളില്‍ നിന്ന് വികസിതരാജ്യങ്ങളിലേക്ക് ചികിത്സയ്ക്കായി ജനങ്ങള്‍ ഇപ്പോഴും ഒഴുകുന്നു. പലയിടങ്ങളിലും ചികിത്സയോടൊപ്പം സഞ്ചാരങ്ങളായും അത് വളര്‍ന്നു. മെഡിക്കല്‍ ടൂറിസം എന്ന പദം അങ്ങനെയാണ് വ്യാപകമായത്. എന്നാല്‍ വികസിതരാജ്യങ്ങളിലെ ചികിത്സാചിലവ് അതിഭീമമായി ഉയരുകയും പല വികസ്വര രാഷ്ട്രങ്ങളിലേയും ചികിത്സാമേഖല വളരുകയും ചെയ്തതോടെ മെഡിക്കല്‍ ടൂറിസത്തിന്റെ ദിശ മാറി. പല വികസര രാഷ്ട്രങ്ങളിലേക്കും വികസിത രാഷ്ട്രങ്ങളില്‍ നിന്ന് ചികിത്സക്കായി ജനങ്ങള്‍ എത്താന്‍ തുടങ്ങി. അത്തരത്തില്‍ ഒരു സ്ഥാനം ലോക ഭൂപടത്തില്‍ ഇന്ത്യക്കുണ്ട്. കേരളത്തിനാകട്ടെ മറ്റൊരു സാധ്യത കൂടിയുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല, നമ്മുടെ ആയുര്‍വേദം തന്നെ. രോഗചികിത്സയേക്കാളുപരി രോഗപ്രതിരോധത്തിനും സുഖചികിത്സക്കുമായാണ് ജനങ്ങള്‍ കേരളത്തിലെത്തിയത്. തീര്‍ച്ചയായും എവിടേയും സാധ്യതയുള്ള പോലെ ഇക്കാര്യത്തിലും തട്ടിപ്പും വെട്ടിപ്പുമൊക്കെ നടക്കുന്നുണ്ട്. അതില്ലാതാക്കേണ്ടത് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ കടമയാണ്.

ആയുര്‍വേദവുമായി ബന്ധപ്പെട്ട സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതോടൊപ്പം ഇപ്പോള്‍ അലോപ്പതിയുമായി ബന്ധപ്പെട്ട സാധ്യതകളും നമുക്ക് ഉയര്‍ന്നുവന്നിരിക്കുകയാണ്. കേരളത്തേക്കാള്‍ ആധുനിക സൗകര്യങ്ങള്‍ രാജ്യത്ത് മറ്റുുപല സംസ്ഥാനത്തുമുണ്ടായിരിക്കാം. എന്നാല്‍ ഒരു നൂറ്റാണ്ടില്‍പരമായി തുടര്‍ച്ചയുള്ള വിവിധകാരണങ്ങള്‍ മൊത്തത്തിലുള്ള പൊതുജനാരോഗ്യത്തില്‍, പ്രത്യേകിച്ച് പൊതുമേഖലയില്‍ നമ്മള്‍ വളരെ മുന്നിലാണ്. അതൊന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് ഈ സന്ദര്‍ഭം. മാത്രമല്ല ലോകത്തിനും അതു ബോധ്യപ്പെട്ടു. ഈ സാഹചര്യത്തെയാണ് പോസറ്റീവ് അര്‍ത്ഥത്തില്‍ നാം ഉപയോഗിക്കണമെന്ന് പറഞ്ഞത്.

ഇപ്പറഞ്ഞതിനര്‍ത്ഥം സമീപകാലത്ത് ഒരു വിഭാഗം ആഘോഷിക്കുന്നപോലെ നമ്മള്‍ എല്ലാം തികഞ്ഞവരാണ് എന്നല്ല. പ്രാഥമികാരോഗ്യമേഖലക്കു മുകളില്‍ നമ്മുടെ അവസ്ഥ മോശം തന്നെയാണ്. വൈറസുകള്‍ക്ക് അക്രമിക്കാന്‍ എളുപ്പമായ ജീവിതചര്യരോഗങ്ങളില്‍ നാം മുന്നിലാണ്. ശരാശരി ആയുസ് വര്‍ദ്ധിച്ചു എന്നഹങ്കരിക്കുമ്പോല്‍ വൃദ്ധരുടെ അവസ്ഥ ദയനീയമാണ്. പനി വന്നു മരിക്കുന്നവരുടെ എണ്ണത്തില്‍ പോലും നമ്മള്‍ മുന്നിലാണ്. മാനസികാരോഗ്യത്തില്‍ വളരെ പുറകിലാണെന്നതിന് ഉദാഹരണമാണ് കൂടുന്ന ആത്മഹത്യയും ലഹരി ഉപയോഗവും. ലൈംഗികതയുടെ കാര്യത്തിലാകട്ടെ നമ്മള്‍ എത്രയോ പിന്നോക്കാവസ്ഥയിലാണ്. ഏറ്റവും വലിയ ആരോഗ്യകച്ചവടം നടക്കുന്നത് കേരളത്തിലാണ്. കഴുത്തറപ്പന്‍ കച്ചവടമാണ് സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗവും കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതിനെല്ലാം കടിഞ്ഞാണിടാനായാലേ മെഡിക്കല്‍ ടൂറിസരംഗത്ത് ഒരു കുതിച്ചുചാട്ടം സാധ്യമാകൂ. അലോപ്പതിയും ആയുര്‍വേദവും മാത്രമല്ല, മറ്റെല്ലാ വൈദ്യശാഖകളുമായി സമന്വയിപ്പിച്ചാണ് നമ്മള്‍ നമ്മളെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കേണ്ടത്. തങ്ങള്‍ മാത്രമാണ് ശരിയെന്ന അലോപ്പതി ഡോക്ടര്‍മാരുടെ അഹന്തക്ക് അവസാനമായാലേ ഇതൊക്കെ സാധ്യമാകൂ.

തീര്‍ച്ചയായും ഇതൊരു അവസരമാണ്. പൂര്‍ണ്ണമായും പൊതുമേഖലയില്‍ ഇത്തരമൊരു സാധ്യത മുഴുവനായും ഉപയോഗിക്കാനാവില്ല. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തോടെയാവണം മെഡിക്കല്‍ ടൂറിസം വളരേണ്ടത്. പേരില്‍ പറയുന്നപോലെ അതിനെ ടൂറിസവുമായി ബന്ധിപ്പിക്കണം. അക്കാര്യത്തില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലമാണല്ലോ കേരളം. ഉത്തരവാദിത്ത ടൂറിസം എന്ന സങ്കല്‍പ്പത്തില്‍ നിന്നുവേണം തികഞ്ഞ ജാഗ്രതയോടെ മെഡിക്കല്‍ ടൂറിസത്തെ നമ്മുടെ ഭാവി സാധ്യതയായി വികസിപ്പിക്കാന്‍. ആ ദിശയിലുള്ള ചര്‍ച്ചകളുടെ സമയമാണിത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply