കൊവിഡ് മാത്രമല്ല, കാലങ്ങളായി തുടരുന്ന അനീതികളുമാണ് തീരദേശത്തെ തകര്‍ക്കുന്നത്
സംസ്ഥാനത്ത് ഏറ്റവും ജനസാന്ദ്രതയുള്ളത് തീരദേശങ്ങളിലാണല്ലോ. കടല്‍ കയറുമ്പോള്‍ നാമമാത്രമുള്ള പുരയിടങ്ങള്‍ പോലും നഷ്ടപ്പെടുന്നവരെ സ്‌കൂളുകളിലും മറ്റും താമസിപ്പിക്കുകയാണല്ലോ ചെയ്യുന്നത്. വര്‍ഷങ്ങളായി തന്നെ സ്‌കൂളുകളില്‍ താമസിക്കുന്ന കുടുംബങ്ങളുണ്ട്. അവിടെയയൊക്കെ എന്തു കൊവിഡ് പ്രതിരോധം? മറ്റൊന്ന് ലൈഫ് പദ്ധതിയുടെ പേരില്‍ തൊഴില്‍ മേഖലയില്‍ നിന്ന് ഏറെ അകലെ കൊച്ചു കൊച്ചു ഫ്‌ളാറ്റുകളില്‍ ഒതുക്കുകയാണ്.
കൊവിഡ് കാലം മിക്കവാറും ജനവിഭാഗങ്ങളുടെ ജീവിതങ്ങളെ ദുരിതമയമാക്കിയിട്ടുണ്ടെന്നതില്‍ സംശയമില്ല. അതിജീവനമെന്നത് ഓരോ സമൂഹത്തിനു മുന്നിലും ചോദ്യചിഹ്നമായി നില്‍ക്കുന്നു. അതിലേറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ഒരുപക്ഷെ മത്സ്യത്തൊഴിലാളികളായിരിക്കും. അല്ലെങ്കില്‍ തന്നെ വന്‍തകര്‍ച്ചയെ നേരിട്ടുകൊണ്ടിരുന്ന അവരുടെ തൊഴില്‍ മേഖലയും ജീവിതവും കൊവിഡോടെ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. അത്തരമൊരവസ്ഥ താനെ ഉണ്ടായതല്ല, കാലങ്ങളായി മാറി മാറി ഭരിച്ച ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളുടെ സൃഷ്ടിയാണ്.
ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ജനവിഭാഗം മത്സ്യത്തൊഴിലാളികളാണ്. സാമൂഹ്യ അകലം എന്നതാണല്ലോ ലോക് ഡൗണിലെ പ്രധാന നിബന്ധന. മത്സ്യമേഖലയില്‍ അതു സാധ്യമാകുക എളുപ്പമാണോ? മത്സ്യപ്പിടുത്തവും വിപണനവും സാമൂഹ്യമായാണ് നിര്‍വ്വഹിക്കപ്പെടുന്നത്. മറ്റു പല തൊഴിലുകളേയും പോലെ ഒറ്റക്കോ വീട്ടിലിരുന്നോ നിര്‍വ്വഹിക്കാന്‍ സാധ്യമാകുന്ന ഒന്നല്ല അത്. മത്സ്യബന്ധനം പാടില്ല എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഉപജീവനത്തിന് എന്താണവരുടെ മുന്നിലുള്ളത്? അതാതു ദിവസം മത്സ്യം പിടിച്ച് കിട്ടുന്ന വരുമാനത്തില്‍ ചിലവു കഴിഞ്ഞുപോകുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കൊവിഡ് കാലത്തു മാത്രമല്ല, പ്രകൃതിയിലുണ്ടാകുന്ന ഏതൊരു മാറ്റത്തിലും തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥ. ഓരോവര്‍ഷവും കടലില്‍ പോകാന്‍ ലഭിക്കുന്ന ദിവസങ്ങള്‍ കുറഞ്ഞുവരുകയാണ്. ഒപ്പം അടുപ്പില്‍ തീ പുകയുന്ന ദിവസങ്ങളും. മാത്രമല്ല സാമൂഹ്യ അകലം പാലിക്കാനുള്ള എന്തെങ്കിലും അവസ്ഥ തീരദേശത്തെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ സാധ്യമാണോ?
പല തൊഴില്‍ മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്ക് ലോക് ഡൗണ്‍ ദിവസങ്ങളില്‍ വേതനത്തോടെയുള്ള അവധി ലഭിക്കുന്നു. പലര്‍ക്കം വീട്ടിലിരുന്ന് ജോലിചെയ്യാം. തീരദേശത്തെ ജീവിതം ദുസ്സഹമാകുമ്പോള്‍ ഇടപെടേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ? എന്നാല്‍ അത്തരത്തില്‍ ഗൗരവമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. ഗതിയില്ലാതായാല്‍ ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കുമോ? അതാണ് പൂന്തുറയില്‍ കണ്ടത്. നിര്‍ഭാഗ്യവശാല്‍ പൂന്തുറയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പലരും അപഹസിക്കുന്ന കാഴ്ചയാണ് കണ്ടത്. തീരദേശമാകെ കൊവിഡ് ഭീഷണിയിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ധാരാവിയെ പോലെ ജനസാന്ദ്രതയുള്ള ഒരു സ്ഥലത്ത് കൊവിഡിനെ നിയന്ത്രിക്കാനാവുമെങ്കില്‍ തീരദേശത്തും കഴിയും. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാത്രം.
തീരദേശത്തെ ഈ ദുരിതങ്ങള്‍ കൊവിഡ് കാലത്തിന്റെ സൃഷ്ടിയല്ല എന്നതാണ് പ്രധാനം. നേരത്തെ സൂചിപ്പിച്ചപോലെ കാലങ്ങളായി തുടരുന്ന ഭരണകൂട നയങ്ങളുടെ സൃഷ്ടി തന്നെയാണവ. അടുത്ത കാലത്ത് അത്തരം നയങ്ങളും നടപടികളും രൂക്ഷമാകുകയാണ്. വിഴിഞ്ഞം തുറമുഖവും പുതുവൈപ്പിന്‍ എല്‍ പി ജി ടെര്‍മിനലുകളുമൊക്കെ ഉദാഹരണങ്ങള്‍. ഒരു ഭാഗത്ത് നാം കടല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മറുവശത്ത് കടല്‍ കര കയ്യേറാകാതിരിക്കുമോ? വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ എത്രയോ ദൂരം വരെ കാണാം. കടല്‍ കരയിലേക്കു കയറുമ്പോള്‍ നഷ്ടപ്പെടുന്നതാര്‍ക്കാണ്? പ്രധാനമായും മത്സ്യത്തൊഴിലാളികള്‍ക്കുതന്നെ. കേരളത്തിന്റെ കടലോരമേഖലകളില്‍ എത്രയോ സ്ഥലങ്ങളില്‍ ഈ ദുരിതാവസ്ഥ കാണാം. ചെല്ലാനത്തും മറ്റും അത് അതിരൂക്ഷമാണ്. കഴിഞ്ഞ 17 വര്‍ഷത്തില്‍ 45 ശതമാനം കടല്‍തീരം നഷ്ടപ്പെട്ടെന്നാണ് ഏകദേശകണക്ക്.
ആഗോളതലത്തില്‍ തന്നെ രൂക്ഷമാകുന്ന കാലാവസ്ഥാവ്യതിയാനം മൂലം കടല്‍ കരയിലേക്കു കയറുന്ന പ്രിതിഭാസം ഏറെ ശക്തമാകാനിടയുള്ള പ്രദേശമാണ് കേരളം എന്ന് വിദ്ഗധര്‍ ചൂണ്ടികാട്ടുന്നുണ്ടല്ലോ. അതിന്റെ ഭാഗമായി ഏറ്റവുമാദ്യം മുങ്ങിപോകുന്ന പ്രദേശമായിരിക്കും വൈപ്പിന്‍ മേഖല എന്നും ചൂണ്ടികാട്ടപ്പെടുന്നു. അവിടെയാണ് എല്‍ പി ജി ടെര്‍മിനല്‍ വരുന്നത്. അതുപോലെ തന്നെ തീരദേശനിവാസികളുടെ ജീവിതം തകര്‍ക്കുന്ന കരിമണല്‍ ഖനനവും തുടരുന്നു. ആലപ്പാട് നിന്ന് ഭാവിയില്‍ കടല്‍ കരയിലേക്കു കയറി കുട്ടനാട് വഴി കോട്ടയത്ത് എത്തിയാല്‍ പോലും അത്ഭുതപ്പെടേണ്ടി വരില്ല. അതേസമയം കരിമണല്‍ ഖനനത്തിനെതിരായ തീരദേശവാസികളുടെ സമരങ്ങളെ തീവ്രവാദപ്രവര്‍ത്തനമെന്നുപോലും ആക്ഷേപിക്കുന്ന കാഴ്ചയാണ് കാണുന്നത്.
തീരദേശറോഡ്, തീരദേശത്തേയും ബീച്ചുകളേയും കേന്ദ്രീകരിച്ച ടൂറിസത്തിന്റെ വന്‍തോതിലുള്ള വളര്‍ച്ച തുടങ്ങിയവയൊക്കെ മത്സ്യത്തൊഴിലാളികളുടെ ജീവിതം തകര്‍ക്കുന്ന. കാലാവസ്ഥാവ്യതിയാനവും വലിയ ബോട്ടുകള്‍ നടത്തുന്ന വന്‍തോതിലുള്ള മീന്‍പിടുത്തം മൂലം മത്സ്യലഭ്യത ഇല്ലാതാകുന്നു. ഈ മേകലയിലെ ഇടനിലക്കാരും മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും ജനസാന്ദ്രതയുള്ളത് തീരദേശങ്ങളിലാണല്ലോ. കടല്‍ കയറുമ്പോള്‍ നാമമാത്രമുള്ള പുരയിടങ്ങള്‍ പോലും നഷ്ടപ്പെടുന്നവരെ സ്‌കൂളുകളിലും മറ്റും താമസിപ്പിക്കുകയാണല്ലോ ചെയ്യുന്നത്. വര്‍ഷങ്ങളായി തന്നെ സ്‌കൂളുകളില്‍ താമസിക്കുന്ന കുടുംബങ്ങളുണ്ട്. അവിടെയയൊക്കെ എന്തു കൊവിഡ് പ്രതിരോധം? മറ്റൊന്ന് ലൈഫ് പദ്ധതിയുടെ പേരില്‍ തൊഴില്‍ മേഖലയില്‍ നിന്ന് ഏറെ അകലെ കൊച്ചു കൊച്ചു ഫ്‌ളാറ്റുകളില്‍ ഒതുക്കുകയാണ്.
പ്രകൃതിദുരന്തങ്ങളുടേയും മഴക്കാല രോഗങ്ങളുടേയും പ്രധാന കേന്ദ്രങ്ങളാണ് തീരദേശങ്ങള്‍. എന്നാലതിനെ നേരിടാനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങേളാ തീരദേശത്ത് എവിടെയെങ്കിലുമുണ്ടോ? ഈ കൊവിഡ് കാലത്തുപോലും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മികച്ച ആശുപത്രികള്‍ തീരദേശത്തുണ്ടോ? കൊവിഡിന്റെ വ്യാപനത്തോടൊപ്പം മഴകാലരോഗങ്ങളും വര്‍ദ്ധിക്കുകയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുക എന്നു ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.
കൊവിഡ് കാലത്തുണ്ടായ പുതിയ വിഷയങ്ങളല്ല, കാലങ്ങളായി തുടരുന്ന അവഗണനയുടെ ബാക്കിപത്രമാണ് ഇപ്പോള്‍ തീരദേശവും മത്സ്യത്തൊഴിലാളികളും നേരിടുന്നത്. അവയെ അതേരീതിയില്‍ തന്നെ കണ്ട്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഇനിയെങ്കിലും സര്‍ക്കാരുകള്‍ തയ്യാറാകണം. അല്ലാത്തപക്ഷം വരുംകാലവെല്ലുവിളികള്‍ അതിജീവിക്കാന്‍ അവര്‍ക്കാകുമെന്ന് കരുതാനാകില്ല. കേരളത്തിന്റെ സൈന്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന വിഭാഗം നിലനില്‍ക്കണോ വേണ്ടയോ എന്നതു തന്നെയാണ് ഇപ്പോള്‍ പ്രസക്തമായ ചോദ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in