അഫ്‌സ്പ മാത്രമല്ല, മുഴുവന്‍ ഭീകരനിയമങ്ങളും പിന്‍വലിക്കണം

ജനകീയപ്രതിഷേധങ്ങളെയും വ്യത്യസ്ഥ ആശയങ്ങളേയും അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ എന്നും ഉപയോഗിക്കുന്നത് ഭീകര നിയമങ്ങളാണ്. ജനകീയ സമരങ്ങളെ തീവ്രവാദമെന്നാരോപിച്ചാണ് ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുക. ഈ നിയമങ്ങളാകട്ടെ കാലത്തിനനുസരിച്ച് രൂപം മാറി കൂടുതല്‍ കൂടുതല്‍ രൂക്ഷമായി വരും. അതോടൊപ്പം ന്യൂനപക്ഷവ്ഭാഗങ്ങളെ വേട്ടയാടാനും എന്നും ഉപയോഗിക്കുന്നത് ഈ നിയമങ്ങള്‍ തന്നെ. ടാഡ, പോട്ട, അഫ്സ്പ, യു എ പി എ തുടങ്ങിയവയെല്ലാം ഇവക്കുദാഹരണങ്ങള്‍. ഈ പട്ടികയിലാണ് അടുത്തയിടെ പാര്‍ലിമെന്റ് പാസാക്കിയ എന്‍ ഐ എ ഭേദഗതി നിയമവും വരുന്നത്.

സൈന്യത്തിനു അമിതാധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് – അഫ്സ്പ – വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നു. .കഴിഞ്ഞ ദിവസം അസമിലെ ദിഫുവില്‍ ‘സമാധാനവും ഐക്യവും വികസനവും’ എന്ന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പ്രഖ്യാപനം. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഈ മേഖലയിലെ ക്രമസമാധാന നില വളരെയധികം മെച്ചപ്പെട്ട നിലയ്ക്ക് മിക്കവാറും പ്രദേശങ്ങളില്‍നിന്നെല്ലാം അഫ്സ്പ പിന്‍വലിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ സംഘര്‍ഷത്തില്‍ 75 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ആദ്യം ത്രിപുരയില്‍നിന്നും തുടര്‍ന്ന് മേഘാലയയില്‍നിന്നും അഫ്സ്പ പിന്‍വലിക്കാന്‍ കഴിഞ്ഞു. അസമിലെ വളരെയേറെ മേഖലകളില്‍ ഇപ്പോള്‍ ഈ നിയമം പ്രാബല്യത്തിലില്ല. നാഗാലാന്‍ഡിലും മണിപ്പൂരിലുമാണ് നിലവില്‍ അഫ്സ്പ കാര്യമായി നിലവിലുള്ളത്. ക്രമസമാധാനനില മെച്ചപ്പെടുത്തി വൈകാതെ അതും നീക്കാനാണു ശ്രമം – എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ പ്രസംഗം.

ഏറെ കാലമായി ഇന്ത്യയിലെ മാത്രമല്ല ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇക്കാര്യം നിരന്തമായി ആവശ്യപ്പെട്ടിരുന്നു. യു എനും ആംനസ്റ്റിയുമടക്കം പലപ്പോഴും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അഫ്‌സ്പ പിന്‍വലിക്കാനാവശ്യപ്പെട്ട് മണിപ്പൂരില്‍ ഇറോം ഷര്‍മിള നടത്തിയ ഐതിഹാസിക പോരാട്ടവും മനോരമ എന്ന സ്ത്രീയെ പട്ടാളം ബലാല്‍സംഗം ചെയ്ത് കൊന്നതിനെതിരെ സ്ത്രീകള്‍ പട്ടാളക്യാമ്പിനു മുന്നില്‍ നടത്തിയ നഗ്നസമരവും മറക്കാറായിട്ടില്ലല്ലോ. നിരന്തരമായി ആവശ്യങ്ങളുടെ ഫലമായി ആദ്യം ത്രിപുരയിലാണ് ഈ ഭീകരനിയമം ആദ്യം പിന്‍വലിച്ചത്. പിന്നീട് അടുത്തയിടെ നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ അഫ്സ്പ നിയമത്തിന്റെ പരിധി കുറച്ചു.

എന്നാല്‍ അതിനിടയിലും ഏതാനും മാസം മുമ്പ് നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ആദിവാസികള്‍ ഉള്‍പ്പെടെ 14 ഗ്രാമീണ തൊഴിലാളികളെ സൈന്യം വെടിവെച്ച് കൊന്നിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് വാഹനത്തില്‍ പോയവരെ തീവ്രവാദികള്‍ എന്ന് ആരോപിച്ച് നിഷ്‌കരുണം വെടിവെച്ച് കൊന്നത്. നാഗാ സംഘടനകളുമായി സമാധാന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് നിരായുധരായ തൊഴിലാളികളെ വെടിവെച്ച് കൊന്നത്. ഈ സന്ദര്‍ഭത്തില്‍ നടത്തിയ വെടിവെപ്പും കൂട്ടക്കൊലയും സമാധാന ശ്രമങ്ങളെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിശക്തമായ പ്രതിഷേധമാണ് ഈ സംഭവം രാജ്യമാകെ ഉയര്‍ത്തിയത്. പിന്നീടാണ് അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായതും ഇപ്പോള്‍ അതിനനുകൂലമായി കേന്ദ്രം പ്രതികരിച്ചിരിക്കുന്നതും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തീര്‍ച്ചയായും പ്രധാനമന്ത്രിയുടെ വാക്കുകള്‍ അന്ധമായി വിശ്വസിക്കാന്‍ ആരും തയ്യാറാകുമെന്നു തോന്നുന്നില്ല. അഫ്‌സ്പ മാത്രമല്ല, യു എ പി എ അടക്കം നിരവധി ഭീകര നിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ഥമായി ചിന്തിക്കുന്നവര്‍ക്കെതിരെ അതെല്ലാം എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതിനു ഭീമ കോരഗോവ് സംഭവം മുതല്‍ കേരളത്തിലെ അലന്‍ – താഹ സംഭവം വരെ എത്രയോ ഉദാഹരണങ്ങളുണ്ട്. എന്തിനേറെ, ആസാമില്‍ ചെന്ന് പ്രധാനമന്ത്രി ഈ പ്രസംഗം നടത്തുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹത്തെ വിമര്‍ശിച്ച് ഒരു ട്വീറ്റ് ഇട്ടതിന്റെ പേരില്‍ ഗുജറാത്തിലെ എം എല്‍ എയായ ജിഗ്നേഷ് മേവാനിയെ ആസാം പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനു ജാമ്യം ലഭിച്ചപ്പോഴാകട്ടെ കള്ളക്കേസില്‍ കുടുക്കി വീണ്ടും ജയിലിലിട്ടു. മറുവശത്ത് രാജ്യത്തിന്റെ പല ഭാഗത്തും മുസ്ലിമുകള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുന്നു. ഭരണകൂടമാകട്ടെ അക്രമികള്‍ക്കൊപ്പം നിന്ന് മുസ്ലിമുകളുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുന്നു. ഈ കുറിപ്പെഴുതുമ്പോള്‍ യുപിയില്‍ നിന്ന് വരുന്ന വാര്‍ത്ത്, ബനാറസ് സര്‍വ്വകലാശാലയില്‍ വി സി, ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എ ബി വി പി ക്കാര്‍ കലാപമഴിച്ചുവിടുന്നു എന്നാണ്. ഈ സാഹചര്യത്തില്‍ അഫ്‌സ്പ പിന്‍വലിക്കുമെന്ന പ്രഖ്യാപനം ആത്മാര്‍ത്ഥമായിട്ടാണോ എന്ന സംശയം സ്വാഭാവികം മാത്രം.

ജനകീയപ്രതിഷേധങ്ങളെയും വ്യത്യസ്ഥ ആശയങ്ങളേയും അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ എന്നും ഉപയോഗിക്കുന്നത് ഭീകര നിയമങ്ങളാണ്. ജനകീയ സമരങ്ങളെ തീവ്രവാദമെന്നാരോപിച്ചാണ് ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കുക. ഈ നിയമങ്ങളാകട്ടെ കാലത്തിനനുസരിച്ച് രൂപം മാറി കൂടുതല്‍ കൂടുതല്‍ രൂക്ഷമായി വരും. അതോടൊപ്പം ന്യൂനപക്ഷവ്ഭാഗങ്ങളെ വേട്ടയാടാനും എന്നും ഉപയോഗിക്കുന്നത് ഈ നിയമങ്ങള്‍ തന്നെ. ടാഡ, പോട്ട, അഫ്സ്പ, യു എ പി എ തുടങ്ങിയവയെല്ലാം ഇവക്കുദാഹരണങ്ങള്‍. ഈ പട്ടികയിലാണ് അടുത്തയിടെ പാര്‍ലിമെന്റ് പാസാക്കിയ എന്‍ ഐ എ ഭേദഗതി നിയമവും വരുന്നത്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഏതു സംഘടനക്കുമേലും എളുപ്പത്തില്‍ ദേശദ്രോഹം ആരോപിക്കുകയും കുറ്റം ചാര്‍ത്തുകയും ചെയ്യാം എന്നതാണ് ഈ നിയമങ്ങളുടെ അപകടം. കുറ്റം ആരോപിക്കപ്പെടുന്നതോടെ കുറ്റാരോപിതന്റെ മുഴുവന്‍ മൗലികാവകാശങ്ങളും ലംഘിക്കപ്പെടുകയും അനിശ്ചിതകാലം വിചാരണത്തടവില്‍ അകപ്പെടുന്നതിനും കാരണമാകും. ഇവയുടെ ദുരുപയോഗമല്ല, നിയമങ്ങള്‍ തന്നെ നിയമനിര്‍മ്മാണ അധികാരത്തിന്റെ ദുരുപയോഗമാണ് എന്നതാണ് പ്രശ്‌നം. യാതൊരു കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയെ പോലും ഇതിലൂടെ പ്രതിയാക്കി നിയമനടപടി സ്വീകരിക്കാം. അറസ്റ്റ് ചെയ്യുന്നതിനും പീഢിപ്പിക്കുന്നതിനും പോലീസിന് അമിതാധികാരങ്ങള്‍ നല്‍കുന്നു. ജാമ്യമില്ലാതെ ദീര്‍ഘകാലം ആളുകളെ വിചാരണത്തടവുകാരായി തടവിലിടാന്‍ നിയമം അനുവദിക്കുന്നു. ഭീകരപ്രവര്‍ത്തനം ആരോപിക്കപ്പെടുന്ന കേസുകളില്‍ പ്രതിയാക്കപ്പെടുന്നതോടെ കുറ്റാരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിയുടേതാകുന്നു. അഭിപ്രായപ്രകടനത്തിനും ആശയപ്രചരണത്തിനും സംഘടിക്കുന്നതിനും യോഗം ചേരുന്നതിനുമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു. ടാഡ, പോട്ട നിയമങ്ങളില്‍ ആ നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ യു.എ.പി.എ. മുതല്‍ അത്തരം വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല. യു. എ.പി.എ പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എ ആണുതാനും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്‌സ്പയിലെത്തുമ്പോള്‍ കാര്യങ്ങള്‍ കുറെകൂടി രൂക്ഷമാണ്. പോലീസിനു പകരം അവിടെ പട്ടാളം വരുന്നു. 1958 സെപ്റ്റംബര്‍ 11നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഈ നിയമം പാസ്സാക്കിയത്. വെറും ആറു സെക്ഷനുകള്‍ മാത്രമുള്ള ഒരു നിയമമാണിത്. 1942 കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഇതിനു തുല്യമായ ഒരു നിയമം ഉപയോഗിച്ചിരുന്നു. ഇതേ കാരണത്താല്‍, ഈ നിയമം അടിച്ചേല്‍പ്പിക്കുന്ന മേഖലകളില്‍ കടുത്ത പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകും എന്നൊരു ആരോപണം നിലനിന്നിരുന്നെങ്കിലും, അന്നത്തെ സാഹചര്യത്തില്‍ അത് പാസ്സാക്കപ്പെട്ടു. അന്നു നിലനിന്നിരുന്ന നാഗാലാന്‍ഡ് വിമോചന പ്രവര്‍ത്തനങ്ങളും സംസ്ഥാനസേനയുടെ അപര്യാപ്തതയും മൂലം, ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍മിക്ക് മേഖലകളില്‍ പൂര്‍ണ അധികാരം ആണ് ഈ നിയമം അനുശാസിച്ചിരുന്നത്. അന്നു കേന്ദ്രഭരണ പ്രദേശമായിരുന്ന മണിപ്പൂരിലും, അസ്സം, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിമോചന വാദം വ്യാപകമായി അലയടിക്കുന്നുണ്ടായിരുന്നു.

അന്നാട്ടിലെ ജനങ്ങളുടെ മേല്‍ സമ്പൂര്‍ണമായ ആധിപത്യമാണ് റിബലുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍, അവിടെ പ്രവര്‍ത്തിച്ചിരുന്ന ആര്‍മി വിഭാഗമായ ആസ്സാം റൈഫിള്‍സിനു ഈ നിയമം നേടിക്കൊടുത്തത്. തന്മൂലം, പുറത്തറിഞ്ഞതും അറിയാത്തതുമായി നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളാണ് ആ മേഖലകളില്‍ ദിനം തോറും നടന്നത്. ആറു മാസം കൂടമ്പോള്‍ നിയമം പുനപരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്രമോ സംസ്ഥാനമോ സേനയുടെ റിേപ്പാര്‍ട്ടുകള്‍ മാത്രം മുന്‍നിര്‍ത്തി പ്രശ്നബാധിത പദവി പുതുക്കലാണ് പതിവ്. നിയമത്തിന്റെ മറവില്‍ സംസ്ഥാനത്ത് സൈന്യം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിവരുന്നതെന്നു പലപ്പോഴും പറഞ്ഞത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെയാണ്. തീവ്രവാദ, വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലുകളെന്ന വ്യാജേനയാണ് സൈന്യം ഇവിടെ നിരപരാധികള്‍ക്കു നേരെ നിറയൊഴിച്ചിരുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ ഈ ഏറ്റുമുട്ടലുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 2000 നവംബര്‍ 2 നു മാലോം പട്ടണത്തില്‍ പത്തു ചെറുപ്പക്കാര്‍ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്നാണ് മണിപ്പൂരില്‍ ഇറോം ഷര്‍മിള നിരാഹാരസമരം ആരംഭിച്ചത്. അങ്ങനെയാണ് ഈ നിയമത്തിന്റെ ഭീകരത ലോകമറിഞ്ഞതും ശക്തമായ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ പിന്‍വലിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ എത്തിനില്‍ക്കുന്നതും. അത്രയും നന്ന്, കൂടെ എല്ലാ ഭീകരനിയമങ്ങളും പിന്‍വലിക്കണമെന്നാണ് ജനാധിപത്യവാദികള്‍ ഈയവസരത്തില്‍ ആവശ്യപ്പെടേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply