അതെ, മരിക്കാന്‍ ആസ്പത്രിയുടെ ആവശ്യം ഇല്ല

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന 21-ാം അനുച്ഛേദത്തില്‍ ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ഒരാള്‍ രോഗിയാകുന്നതോടെ സംഭവിക്കുന്നതെന്താണ്? അതോടെ അയാളുടെ മാനുഷികമായ അന്തസ്സ് ഹനിക്കപ്പെടുന്നതാണ് പൊതുവായ അനുഭവം. രോഗം, ചികിത്സ, മരണം എന്നിവയെ കുറിച്ചുള്ള വികലമായ പൊതുധാരണകളാണ് അതിനുള്ള പ്രധാന കാരണം.

സമീപദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന, ഒരു ഡോക്ടറുടെ കുറിപ്പ് വളരെ പ്രസക്തമാണ്. ജനനം പോലെ ഒരു സ്വാഭാവിക പ്രക്രിയയായ മരണത്തിന്റെ പേരില്‍ നടക്കുന്ന കഴുത്തറപ്പന്‍ കച്ചവടം മാത്രമല്ല, അന്തസായ മരണം നിഷേധിക്കുന്നത് തികഞ്ഞ മനുഷ്യാവകാശലംഘനമാണെന്നു കൂടിയാണ് അവര്‍ സമര്‍ത്ഥിക്കുന്നത്. അവരുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപമാണ് താഴെ.

”വൃദ്ധരെ ഐ സി യു വില്‍ കിടത്തി കുടുംബത്തെ കൊള്ളയടിക്കാന്‍ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോള്‍. വാര്‍ദ്ധക്യം കൊണ്ട് ജീര്‍ണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കില്‍ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും. ശ്വാസം വിടാന്‍ വയ്യാതായാല്‍ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിര്‍ത്തും. സര്‍വ്വാംഗം സൂചികള്‍, കുഴലുകള്‍, മരുന്നുകള്‍ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കില്‍ കുഴലിട്ടു പോഷകാഹാരങ്ങള്‍ കുത്തിച്ചെലുത്തിയാലും കുറച്ചു നാള്‍ കൂടി മാത്രം ജീവന്റെ തുടിപ്പു നിലനില്‍ക്കും. കഠിന രോഗബാധിതരായി മരണത്തെ നേരില്‍ കാണുന്നവരെ അവസാന നിമിഷം നീട്ടിവപ്പിക്കാന്‍ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ? രക്ഷയില്ലെന്നു കണ്ടാല്‍ സമാധാനമായി പോകുവാന്‍ അനുവദിക്കയല്ലേ വേണ്ടത്? വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കില്‍ ഡ്രിപ് നല്‍കുക. വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ടവരെ കാണാന്‍ അനുവദിക്കുക. അന്ത്യനിമിഷം എത്തുമ്പോള്‍ ഏറ്റവും ഉറ്റവര്‍ ചുറ്റും നിന്ന് കൈകളില്‍ മുറുകെ പിടിച്ച് പ്രാര്‍ത്ഥിച്ചാല്‍, ചുണ്ടുകളില്‍ തീര്‍ത്ഥമിറ്റിച്ച് അടുത്തിരുന്നാല്‍, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം? അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന്? ആസ്പത്രിയില്‍ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോര്‍ട്ട്, ബന്ധുക്കളില്‍ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെന്റില്‍ സമര്‍പ്പിക്കാന്‍ ഒരു നിയമം കൊണ്ടു വരണം. ആസ്പത്രിയില്‍ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അര്‍ഹിക്കുന്ന വില ലഭിക്കണം. മരിക്കാന്‍ ആസ്പത്രിയുടെ ആവശ്യം ഇല്ല. രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാല്‍ രോഗിയെ വീട്ടില്‍ കൊണ്ടു പോകാന്‍ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികള്‍ ചെയ്യേണ്ടത്. ഐ സി യു വില്‍ വൃദ്ധരായ രോഗികള്‍ ഒരുവിധത്തിലും പീഡനം അനുഭവിക്കാന്‍ പാടില്ല.”

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന 21-ാം അനുച്ഛേദത്തില്‍ ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ഒരാള്‍ രോഗിയാകുന്നതോടെ സംഭവിക്കുന്നതെന്താണ്? അതോടെ അയാളുടെ മാനുഷികമായ അന്തസ്സ് ഹനിക്കപ്പെടുന്നതാണ് പൊതുവായ അനുഭവം. രോഗം, ചികിത്സ, മരണം എന്നിവയെ കുറിച്ചുള്ള വികലമായ പൊതുധാരണകളാണ് അതിനുള്ള പ്രധാന കാരണം. അതോടൊപ്പം പ്രധാനമാണ് അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ നിയമ സംഹിത വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല എന്നത്. ഫലത്തില്‍ സ്വകാര്യ ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും കച്ചവട ഉരുപ്പിടികളായി നാം മാറുന്നു. അന്തിമമായി കുടുംബത്തെ ഒന്നടങ്കം കടക്കെണിയിലേക്ക് തള്ളിയിട്ട്, ഉറ്റവരുടെ ആരുടേയും സാന്ത്വനം ലഭിക്കാതെ, ഐസിയുവിലെ ഏകാന്തതയില്‍, അനാഥരായി മരണത്തെ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് മാറുന്നു. ജീവിതവും മരണവും അങ്ങനെ അന്തസ്സില്ലാത്തതാകുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരമൊരു അവസ്ഥക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോ കമ്മീഷന്‍ അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിനായി ഒരു കരടുബില്‍ തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ ഉദ്ദേശം നല്ലതാണെങ്കിലും അതിനനുസൃതമായല്ല ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്ന വിമര്‍ശനം വ്യാപകമായിരിക്കുകയാണ്. മരണം സുനിശ്ചിതമായിട്ടും നിഷ്ഫലമാണെന്നുറപ്പുള്ള ചികിത്സകള്‍ നല്‍കാതിരിക്കലും നല്‍കുന്നുണ്ടെങ്കില്‍ അവ നിര്‍ത്തലും കുറ്റകരമായി തന്നെയാണ് കാണുന്നത്. അതുവഴി പലപ്പോഴും മുകളില്‍ പറഞ്ഞപോലെ സുതാര്യമല്ലാത്ത ഐസിയു വില്‍ അപമാനകരമായ മരണമാണ് ലഭിക്കുന്നത്. അതുപോലെ തന്നെയാണ് സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയതും മരണം ആസന്നവുമായ രോഗിയുടെ കാര്യത്തില്‍ അയാളുടെ/അവളുടെ പൂര്‍വ്വ നിശ്ചയപ്രകാരമോ ബന്ധുക്കളുടെ തീരുമാനപ്രകാരമോ ചികിത്സകള്‍ നിര്‍ത്താന്‍ അവകാശമില്ല എന്നത്. അത്തരം അവസ്ഥയില്‍ ഹൈക്കോടതിയുടെ അനുമതിക്കായി കാത്തുനില്‍ക്കണമെന്നാണ് കരട് ബില്ലില്‍ പറയുന്നത്. തീരുമാനമെടുക്കുന്നതിന് ഹൈക്കോടതിക്ക് ഒരു മാസം കാലാവധിയും നല്‍കുന്നു. സംഭവിക്കുന്നത് എന്തായിരിക്കുമെന്നുറപ്പ്… അന്തസ്സില്ലാത്ത മരണം തന്നെ. വളരെ പ്രധാനപ്പെട്ട മറ്റൊന്നുകൂടി. ഒരാള്‍ക്ക് ആരോഗ്യമുള്ളപ്പോള്‍, സ്വബോധത്തോടെ തന്റെ അവസാനകാലത്തെ കുറിച്ച് എഴുതി വെക്കാനും അത് നടപ്പാക്കപ്പെടാനുമുള്ള അവകാശം ബില്ലില്‍ അംഗീകരിച്ചിട്ടില്ല. മാത്രമല്ല അത്തരത്തിലുള്ള ‘വില്‍’ അസാധുവാണെന്നും പറയുന്നു. തീര്‍ച്ചയായും ഇത് ഒരാളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനുനേരെയുള്ള കയ്യേറ്റം തന്നെയാണ്.. എന്തായാലും ശീതികരിച്ച തീവ്രപരിചരണ സെല്ലിലെ വെന്റിലേറ്റര്‍ കുഴലുകള്‍ ഘടിപ്പിച്ച പീഡിതമായ മരണത്തേക്കള്‍ ആരും തെരഞ്ഞെടുക്കുക കുടംബാംഗങ്ങളുടെ സ്‌നേഹപരിചരണങ്ങള്‍ക്കിടയില്‍ അന്ത്യശ്വാസം വലിക്കാനാണ്. അതു നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനം മാത്രമല്ല, സാധാരണക്കാരെ ഏറ്റവുമധികം കൊള്ളയടിക്കുന്ന ആരോഗ്യകച്ചവടക്കാരെ സഹായിക്കുന്നതുമാണ്.

പലരാജ്യങ്ങളും ദയാവധം തന്നെ നിയമപരമായി അംഗീകരിച്ചിരിക്കുന്ന കാലത്താണി നമ്മള്‍ ഇതെങ്കിലും ചര്‍ച്ച ചെയ്യുന്നത്. വാസ്തവത്തില്‍ ദയാവധത്തിനു മറുപടി പാലിയേറ്റീവ് കെയറാണ്. മരണമുറപ്പായ രോഗിയുടെ ശാരീരികവും മാനസികവുമായ വേദന പമാവധി കുറച്ച്, അന്തസ്സുള്ള മരണം നല്‍കാനാണ് പാലിയേറ്റീവ് കെയര്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നാം കൊടുക്കുന്നില്ല. പലപ്പോഴും സന്നദ്ധ പ്രവര്‍ത്തകരാണ് അത് നടത്തുന്നത്. ആശുപത്രികള്‍ ചെയ്യുന്നില്ല. അതിന്റെ കാരണം വ്യക്തമാണല്ലോ. കൊള്ളയടി നടക്കില്ല എന്നതുതന്നെ. എന്തിനേറെ, മെഡിക്കല്‍ സിലബസില്‍ പോലും പാലിയേറ്റീവ് കെയറിന് അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ല. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അടിയന്തിരശ്രദ്ധ ആവശ്യമായ വിഷയമാണിത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ ഏറ്റവും വലിയ കഴുത്തറപ്പന്‍ കച്ചവടമായി ആരോഗ്യമേഖല ഇന്ന് മാറികഴിഞ്ഞു. പൊതുമേഖലയാകട്ടെ പരിമിതികളിലും ആധുനിക സൗകര്യങ്ങളില്ലാതെയും വീര്‍പ്പുമുട്ടുന്നു. പ്രാഥമിക ആരോഗ്യ മേഖലയിലുണ്ടായ മാറ്റങ്ങളുടെ ഫലമായുണ്ടായ ആയുര്‍ദൈര്‍ഘ്യ വര്‍ദ്ധനയുണ്ടായെങ്കിലും രോഗാതുരതയില്‍ നമ്മള്‍ വളരെ മുന്നില്‍ തന്നെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലായതിനാല്‍ വൃദ്ധജനസംഖ്യ കേരളത്തില്‍ വളരെ കൂടുതലാണ്. എന്നാല്‍ അവരില്‍ മഹാഭൂരിപക്ഷവും കിടപ്പിലാണ്. പലരും വര്‍ഷങ്ങളായി കിടക്കുന്നു. പുറത്തേക്ക് എന്തുപറഞ്#ാലും മരിച്ചാല്‍ മതിയെന്നു അവരും ബന്ധുക്കളും ആഗ്രഹിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മറുവശത്ത് ചെറുപ്പക്കാരിലും ജീവിതശൈലി രോഗങ്ങള്‍ ഞെട്ടിപ്പിക്കുന്ന രീതിയിലാണ് വര്‍ദ്ധിക്കുന്നത്. ചികിത്സക്കും മരുന്നുകള്‍ക്കുമായി ഏറ്റവുമധികം തുക ചിലവാക്കുന്നതും നമ്മള്‍ തന്നെ. അവയില്‍ വലിയൊരു ഭാഗം അനാവശ്യവും സ്വകാര്യ ആശുപത്രികളും മരുന്നുനിര്‍മ്മാണക്കാരും നടത്തുന്ന കൊള്ളയുമാണ്. അതെല്ലാം നടക്കുന്നത് മിക്കപ്പോഴും ഡോക്ടര്‍മാരുടെ ഒത്താശയോടെയാണുതാനും.

ആരോഗ്യം മൗലികാവകാശവും മനുഷ്യാവകാശവുമായി ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ രോഗികളുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. രോഗിയുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് സേവനദാതാക്കളായ ആശുപത്രി മാനേജ്‌മെന്റുകളുടേയും ഡോക്ടറും നേഴ്‌സുമാരുമടങ്ങുന്ന സ്റ്റാഫിന്റേയും ഉത്തരവാദിത്തമാണ്. എന്നാല്‍ അതൊന്നും നടക്കുന്നില്ല. കാരണം രോഗികള്‍ സംഘടിതരല്ലല്ലോ. സംഘടിതരാകാന്‍ സാധ്യതയുമില്ല. ഡോക്ടര്‍മാരുടെ കൈപിഴകൊണ്ട് മരണം സംഭവിച്ചാല്‍ പോലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാറില്ല. കാരണം അതേകുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനം സഹപ്രവര്‍ത്തകര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളായിരിക്കും. എന്തിനേറെ, ഉപഭോക്താവിന്റെ അവകാശങ്ങള്‍ പോലും രോഗികള്‍ക്കില്ല. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് നിയന്ത്രണം വിടുന്ന ബന്ധുക്കളില്‍ നിന്നുണ്ടാകുന്ന മോശം പ്രതികരണത്തെ പക്വതയോടെ സമീപിക്കാതെ ജനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് സമരം ചെയ്യുന്ന ഡോക്ടര്‍മാരേയും നാം നിരന്തരമായി കാണുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് ഇക്കാര്യങ്ങളെല്ലാം വളരെ വ്യക്തമായി അറിയാവുന്ന ഒരു ഡോക്ടറുടെ വളരെ പ്രസക്തമായ കുറിപ്പ് വൈറലാകുന്നത്. എല്ലാവര്‍ക്കുമറിയാവുന്നതാണെങ്കിലും ആരും തുറന്നു പരയാത്ത വിഷയങ്ങളാണ് ഡോക്ടര്‍ പറയുന്നത്. ഡോക്ടര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി എടുക്കാനും അന്തസ്സായ മരണം ഒരാളുടെ മനുഷ്യാവകാശമാണെന്നംഗീകരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply