ആധുനിക ജനായത്ത വിദ്യാഭ്യാസ ദര്‍ശനത്തെ തകര്‍ക്കുന്ന വിദ്യാഭ്യാസനയം

തികഞ്ഞ അധികാര അധീശ കേന്ദ്രീകരണം, ബ്രാഹ്മണ്യ വൈദിക സനാതന വര്‍ണാശ്രമധര്‍മത്തിലാധാരമായ കൊടിയ വര്‍ഗീയവല്‍ക്കരണം, ചില പ്രത്യേക ബ്രാഹ്മണകുടുംബങ്ങളിലേക്കു ജനതയുടെ സ്വത്തു കേന്ദ്രീകരിക്കപ്പെടുന്ന കൗടില്യ കൗശലമാര്‍ന്ന സ്വകാര്യവല്‍ക്കരണം എന്നീ ഗൂഢപദ്ധതികളുള്ള പുതിയ വിദ്യാഭ്യാസ നയം മാനവരാശിക്കുതന്നെ ഭീഷണിയായി മാറുകയാണ്. സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കും സാഹോദര്യത്തിലേക്കും നയിക്കുന്ന ആധുനിക ജനായത്ത വിദ്യാഭ്യാസ ദര്‍ശനത്തിന്റെ കടയ്ക്കലാണ് ഈ നവമഹായാനികള്‍ കത്തിവച്ചിരിക്കുന്നത്. തകര്‍ക്കുന്നത് ബുദ്ധനില്‍ തുടങ്ങി ഫൂലേയിലും ഗുരുവിലും അയ്യോതി താസരിലും പെരിയോരിലും കൂടി വികസിച്ചു അംബേദ്കറെന്ന നവബുദ്ധനിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ട ആധുനിക ഇന്ത്യന്‍ ജനായത്ത ഭരണഘടനയേയും റിപ്പബ്ലിക്കിനേയുമാണ്. ബുദ്ധനോ അശോകനോ അംബേദ്കറോ ഫൂലേയോ കബീറോ സാവിത്രീബായിയോ വിദ്യയിലൂടെ സ്വതന്ത്രരാകണമെന്നരുളിയ ഗുരുവോ വിദ്യാഭ്യാസ സമരം തുടങ്ങിയ അയ്യനോ ഇല്ല, മറിച്ച് രണ്ടാം ബുദ്ധനായി വരേണ്യ ശക്തികള്‍ ആഘോഷിക്കുന്ന നാഗാര്‍ജുനന്‍ സംസ്‌കൃതീകൃത മഹായാന പ്രച്ഛന്ന ഹൈന്ദവധാരയ്ക്ക് എത്രമാത്രം സ്വീകാര്യനും ഒഴിച്ചുകൂടാത്തവനും കേന്ദ്രീകൃതനും ആണെന്ന യാഥാര്‍ഥ്യം കൂടി ഈ നവനയം കൃത്യമായി വ്യക്തമാക്കി കഴിഞ്ഞു – ഡോ അജയ് ശേഖര്‍ എഴുതുന്നു

നവദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) ആമുഖത്തില്‍ തന്നെ മികച്ച ”ഗുരുകുല പാഠശാലാ” ഭാരതീയ വിദ്യാഭ്യാസ മാതൃകയുടെ ആദര്‍ശബിംബമായി പരമാചാര്യനായ ചാണക്യനോടൊത്തു മഹായാനിയായ നാഗാര്‍ജുനനും മറ്റും ഒത്തുവന്നപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം പലരും വേര്‍തിരിച്ച് അറിയുന്നത്. ആദിവാസികളെ വനവാസി കല്യാണപദ്ധതിയിലെന്ന പോലെ ”ആശ്രമശാലകള്‍” ഒരുക്കി നയം കുറേക്കാലമായി കാത്തിരിക്കയാണ്. കൗടില്യനും നാരദനും മാത്രമല്ല ദ്രോണനും മററു ലോകോത്തര പരമപുരോഹിതാധ്യാപകരും അവിടെ അവരെ കാത്തിരിക്കയാണ്. ചണ്ഡാളരുടേയും മ്ലേഛരുടേയും അഭിനവ സംസ്‌കൃതീകരണ ശുദ്ധീകരണ ശാലകളും കൂടി ഇനി നവരേഖയുടെ അനുബന്ധമായി വ്യക്തമാക്കിയാല്‍ മതി. അതിനും ഒരു തീരുമാനമായി! തൊഴി(ല്‍)ശാലകളെ കുറിച്ച് നയം അടക്കാനാവാത്ത ആവേശത്തോടെ ഗാന്ധിജിയുടെ അടിസ്ഥാന കൈത്തൊഴില്‍ വിദ്യാഭ്യാസ (ബേയിസിക് എജ്യൂക്കേഷന്‍) ദര്‍ശനത്തിലും അരബിന്ദോയുടെ അപരിമേയ ഭാരതഭൂമിയെ കുറിച്ചുള്ള അതീത മാധ്യസ്ഥ ദര്‍ശനത്തിലുമൂന്നി ഊറ്റംകൊള്ളുന്നുമുണ്ട്. ആത്മസാക്ഷ്യത്തിന്റെ ബ്രഹ്മാനന്ദ മുഹൂര്‍ത്തം സാമാഗതമായി. യഥാര്‍ഥ അദ്വതൈവാദമായ ബുദ്ധരുടെ അനിത്യവാദത്തെ ശൂന്യവാദമാക്കി അതിനെ വൈദികമായ ആത്മബ്രഹ്മവാദവുമായി ബന്ധിപ്പിക്കാന്‍ ഗൗഢപാദര്‍ക്കും ശങ്കരര്‍ക്കും വഴിമരുന്നിട്ട ശൂന്യവാദിയായ മാധ്യമികാകാരനെ അങ്ങനെ മറക്കാനാവുമോ, ഗോതമബുദ്ധനില്ലെങ്കിലും നവബുദ്ധനില്ലെങ്കിലും രണ്ടാം പുത്തരായി കുലീന പണ്ഡിതരാല്‍ ഏറെ വാഴത്തപ്പെട്ട നാഗാര്‍ജുനരുണ്ടല്ലോ. കാമനാനിര്‍മിതികളായ കഥനപാത്രങ്ങളായ ഗാര്‍ഗിമൈത്രേയീ പ്രഭൃതികളും കൂടെ. ബുദ്ധനോ അശോകനോ അംബേദ്കറോ ഫൂലേയോ കബീറോ സാവിത്രീബായിയോ വിദ്യയിലൂടെ സ്വതന്ത്രരാകണമെന്നരുളിയ ഗുരുവോ വിദ്യാഭ്യാസ സമരം തുടങ്ങിയ അയ്യനോ ഇല്ല, എന്താ കുഴപ്പം. ഇവരൊന്നും പ്രതിനിധാനം ചെയ്യുന്ന ആധുനിക വിദ്യാഭ്യാസ ദര്‍ശനമാണ് ഈ നവദേശീയനയമെന്നാരും അവകാശപ്പടുന്നില്ലല്ലോ. മറിച്ച് രണ്ടാം ബുദ്ധനായി വരേണ്യ ശക്തികള്‍ ആഘോഷിക്കുന്ന നാഗാര്‍ജുനന്‍ സംസ്‌കൃതീകൃത മഹായാന പ്രച്ഛന്ന ഹൈന്ദവധാരയ്ക്ക് എത്രമാത്രം സ്വീകാര്യനും ഒഴിച്ചുകൂടാത്തവനും കേന്ദ്രീകൃതനും ആണെന്ന യാഥാര്‍ഥ്യം കൂടി ഈ നവ നയം കൃത്യമായി വ്യക്തമാക്കി കഴിഞ്ഞു. മായാനത്തിന്റെ മയക്കുവിദ്യയും വെടിമറയും ഒരിക്കല്‍ കൂടി പുറത്താക്കപ്പെട്ടുപോയി.

വിദ്യാഭ്യാസത്തിന്റെ കണ്‍കറന്റു പദവിയും ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വാതന്ത്ര്യങ്ങളും പരമാധികാര സാധ്യതകളും അടിസ്ഥാന മനുഷ്യാവകാശങ്ങളും റദ്ദാക്കപ്പെടുന്നു എന്നു മാത്രമല്ല കനത്ത സമഗ്രാധിപത്യത്തിലേക്കുള്ള കൂപ്പുകുത്തലും കൂടിയാണീ നയമാറ്റം. ഭരണഘടനയുടെ ആധാരമായ അടിസ്ഥാന ജനായത്ത പ്രക്രിയയായ സാമൂഹ്യനീതിയേയും അതിന്റെ പ്രയോഗമായ സാമൂഹ്യ പ്രാതിനിധ്യത്തേയും ജാതിസ്വരാജ്യമായ ഇന്ത്യയില്‍ തികച്ചും സവര്‍ണമായ സാമ്പത്തിക സങ്കുചിതവാദം പറഞ്ഞു തകര്‍ത്തതിന്റെ വിലയാണിന്ന് രാജ്യം കൊടുക്കേണ്ടി വരുന്നത്. മലയാളി മാധ്യമങ്ങളുടേയും അക്കാദമികളുടേയും ആസ്ഥാന നിലയവിദ്വാനും ചരിത്രാധിനടുനായകനുമായ മലയാളി കുലീനനെ ചരിത്രഗവേഷണ കൗണ്‍സില്‍ പരമാധ്യക്ഷനാക്കി വച്ചു വാജ്‌പേയി കാലം മുതല്‍ തുടങ്ങിയ കാവിവല്‍ക്കരണത്തെ കുറിച്ച് അന്നുമുതലും നവദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് കരടു വന്ന 2016 മുതലും ഇംഗ്ലീഷിലും മലയാളത്തിലും ഈ ലേഖകനെ പോലെ ചിലര്‍ വിമര്‍ശ നീതി ബോധത്തോടെ ഭാവിയിലേക്കായി എഴുതി പോന്നു. ബ്രാഹ്മണിക ജാതിഹിന്ദു പദ്ധതികളെ സത്യത്തിനും നീതിക്കുമായി ജനായത്തം പുലരാനായി വിമര്‍ശിക്കുന്നവരെ ഓരോരുത്തരായി പകവ്യവഹാര പ്രചരണങ്ങളിലൂടെ തങ്ങളുടെ അകമ്പടിയായി മൃഗവല്‍ക്കരിച്ചിട്ടുള്ള വാനരസേനകളിലൂടെ അപരവല്‍ക്കരിച്ചു രാക്ഷസീകരിച്ചു ലാവണമിടുക്കും തിണ്ണത്തിട്ടൂരങ്ങളുമിറക്കി വെട്ടിനീക്കി നാവുമുറിച്ചു നാടുകടത്തുകയായിരുന്നു മലയാളി കുലീനരും അവരുടെ പരമപിതാക്കളും കൂടി.

കേരളത്തില്‍ 1958 ല്‍ ഭരണ പരിഷ്‌കാര കമ്മീഷനിലൂടെ തുടങ്ങിയ യത്‌നമായിരുന്നു ഭരണഘടനയ്‌ക്കെതിരായ വ്യവഹാരം. രാമന്‍ ശംബൂകനെ എന്ന പോലെയാണ് ആത്മാരമണന്‍മാര്‍ അവര്‍ണ ശബ്ദങ്ങളുടെ നാവറുത്ത് എഴുത്തുനിര്‍ത്തിച്ചു രായ്ക്കുരാമാനം നാടുകടത്തി, സാമ്പത്തിക സംവരണം പാസാക്കിയെടുത്തത്. ലോകം മുഴുവന്‍ നേടിയാലും നൈതിക രേഖയായ ഭരണഘടന ഇല്ലാതായാല്‍ എന്തു ഫലം. രാമാദികളുടെ കാലത്ത് ശൂദ്രാദികള്‍ക്കു നീതികിട്ടില്ല എന്നു ഗുരു 1914ല്‍ മലയാളത്തില്‍ മൊഴിഞ്ഞത് മലയാള കുലീനരായ സോദരര്‍ ഇന്നും കേട്ടമട്ടില്ലതന്നെ. 1916 ലെ നമ്മുടേതും ബുദ്ധമതം തന്നെ എന്ന ഗുരുവിന്റെ ചരിത്ര പ്രസ്താവവും അവര്‍ മാധ്യമ-അക്കാദമിക ഡസ്‌കുകളിലമര്‍ന്നിരുന്ന് തിണ്ണമിടുക്കിലൂടെ വിമര്‍ശ ശബ്ദങ്ങളുടെ നാവടക്കി നടുവിനു തന്നെ ചവിട്ടിപ്പിടിച്ച് ഒതുക്കിത്തീര്‍ത്തു. മനുസ്മൃതിയനുസരിച്ച് ദണ്ഡനീതിയാണ് പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലേണ്ട ശൂദ്രന്റെ വിധി. പൗരോഹിത്യവും പാചകവുമുണ്ടെങ്കിലും സ്മൃതി തെറ്റിച്ചു കൂടാ. പതിനാറാം നൂറ്റാണ്ടില്‍ തന്നെ ശൂദ്രധര്‍മം മിക്കവാറും സ്ത്രീധര്‍മം തന്നെയെന്നും വര്‍ണാശ്രമാനുസാരിയായി ശൂദ്രനു ഗതി കിട്ടാനെളുതല്ല എന്നും എഴുത്തച്ചന്‍ സന്ദര്‍ഭവശാല്‍ കിളിപ്പാട്ടില്‍ കുറിച്ചതാണ്. അപ്പനെ അപ്ഫനും അച്ചനെ അച്ഛനുമാക്കാനായിരുന്നല്ലോ മലയാള കുലീനരുടെ തിടുക്കവും മിടുക്കും. അഹമഹമിഹയാ രാമായണ മാവാരത ഗീതാഭാഗവതാദികളാടി ഗീര്‍വാണമടിച്ചു കൂത്താടിയ രാമരാജ്യമിതാ സമാഗതമായി, ശംബൂക മോക്ഷത്തിനായി ഇനിയധികം കാക്കേണ്ടതില്ല. മൂനിയായ ശംബൂകനെ ക്ഷത്രിയ യശപ്രാര്‍ഥിയായ ശ്രീരാമനെ കൊണ്ടു കഴുത്തറുപ്പിച്ച നാരദബാണി ക്ഷുദ്രപൗരോഹിത്യത്തിനു കൊടുക്കുന്നത് കണ്ടുതന്നെ അറിയേണ്ടിവരും.

തികഞ്ഞ അധികാര അധീശ കേന്ദ്രീകരണം, ബ്രാഹ്മണ്യ വൈദിക സനാതന വര്‍ണാശ്രമധര്‍മത്തിലാധാരമായ കൊടിയ വര്‍ഗീയവല്‍ക്കരണം, ചില പ്രത്യേക ബ്രാഹ്മണകുടുംബങ്ങളിലേക്കു ജനതയുടെ സ്വത്തു കേന്ദ്രീകരിക്കപ്പെടുന്ന കൗടില്യ കൗശലമാര്‍ന്ന സ്വകാര്യവല്‍ക്കരണം എന്നീ ഗൂഢപദ്ധതികളുള്ള നയം മാനവരാശിക്കുതന്നെ ഭീഷണിയായി മാറുകയാണ്. സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കും സാഹോദര്യത്തിലേക്കും നയിക്കുന്ന ആധുനിക ജനായത്ത വിദ്യാഭ്യാസ ദര്‍ശനത്തിന്റെ കടയ്ക്കലാണ് ഈ നവമഹായാനികള്‍ കത്തിവച്ചിരിക്കുന്നത്. ഈ നാഗാര്‍ജുനവാദമെന്ന ശൂന്യവാദം തികച്ചും ബ്രാഹ്മണികമാണെന്നും ഒരിക്കല്‍ കൂടി വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആധാരമായ സാമൂഹ്യ പ്രാതിനിധ്യത്തെ സാമ്പത്തിക സംവരണത്തിലൂടെ കേരളത്തിലൂടെ തന്നെ അട്ടിമറിക്കാന്‍ നമ്മുടെ വരേണ്യ സഹോദരങ്ങളും അവര്‍ക്കവരസരം കൊടുത്തുകഴിഞ്ഞു. ഒരിക്കല്‍ ഭരണഘടനയുടെ നീതിയാധാരത്തെ തകര്‍ത്താല്‍ ബാക്കിയെല്ലാം ചാണക്യവാദികളുടെ ഇംഗിതത്തില്‍ നടന്നുകൊള്ളും. ശൂദ്രനു പോയിട്ട് ശൂദ്രപുരോഹിതനും ആസ്യനും സാങ്കേതികനും പോലും ഈ വംശീയ വര്‍ണവെറിയില്‍ രക്ഷയില്ല. ഇന്നു ഞാന്‍ നാളെ നീ എന്ന കാലമാണ് നമ്മുടെ ആഭിജാത സോദരര്‍ വരുത്തിവച്ചിരിക്കുന്നത്. തല്‍ക്കാലത്തെ തൊഴില്‍ ലാവണ പ്രേമത്തില്‍, കൂടുതല്‍ ജോലിക്കും കൂടിയ ജോലിക്കുമായി മലയാളി കുലീനര്‍ 2018 ലെ ശൂദ്രലഹളയിലൂടെ അട്ടിമറിച്ചത് ബുദ്ധനില്‍ തുടങ്ങി ഫൂലേയിലും ഗുരുവിലും അയ്യോതി താസരിലും പെരിയോരിലും കൂടി വികസിച്ചു അംബേദ്കറെന്ന നവബുദ്ധനിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ട ആധുനിക ഇന്ത്യന്‍ ജനായത്ത ഭരണഘടനയേയും റിപ്പബ്ലിക്കിനേയുമാണ്.

കേരളത്തിന്റെ ആധുനികതയിലേക്കുള്ള പുത്തനുയിര്‍പ്പായ നവോത്ഥാനം ഒരേ സമയം പ്രാചീനവും സമകാലികവുമാണ് എന്നതു നാമെങ്കിലും മനസ്സിലാക്കേണ്ടതായിരുന്നു. സാമൂഹ്യ പ്രാതിനിധ്യത്തിന്റേയും സാമൂഹ്യ നീതിയുടേയും വ്യവഹാരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആയിരത്താണ്ടുകളിലൂടെ തുടരുന്നതാണ്. അംബേദ്കര്‍ വിശദീകരിച്ച പോലെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ലോകത്തു തന്നെ ഉദയം ചെയ്യുന്നത് പുത്തരുടെ അനിത്യവാദമെന്ന പ്രതീത്യസമുദ്പാദവാദത്തിലൂടെയാണ്. സംഘനിയമങ്ങളില്‍ നിന്നാണതു വീണ്ടെടുക്കപ്പെടുന്നത്. വിനയപിടകമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആധാരം. കേരളപുത്തരായ ഗുരു മൊഴിഞ്ഞതും നീതിസാരമായ അപരോന്മുഖത്തമാണ്. പുത്തനുണര്‍വും ഉയിര്‍പ്പുമായി നവോത്ഥാനത്തെ കാണുന്നതു തന്നെ അതിന്റെ വിപുലമായ വംശാവലിയില്‍ പഴയ ആദിമ നവോത്ഥാനങ്ങളുടെ ആധാരങ്ങളുമുള്ളതു കൊണ്ടാണല്ലോ. വിദ്യാഭ്യാസ സന്ദേശവും സംഘടനാ സന്ദേശവും ത്രിരത്‌നങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ആധുനിക കാലത്തു കേരളത്തിനു നല്‍കിയ ഗുരു അനുകമ്പാദശകത്തില്‍ കേരളനവോത്ഥാനത്തിന്റെ മൂന്നു സവിശേഷ ഘട്ടങ്ങളെ അധവാ ആധാരങ്ങളെ ആദരപരാമര്‍ശം ചെയ്യുന്നു, ബുദ്ധനും ക്രിസ്തുവും നബിയുമാണാ വിമോചക ചരിത്രകര്‍തൃത്വങ്ങള്‍. പുത്തരുടെ നീതി ധമ്മ സന്ദേശത്തെ എന്ന പോലെ ഗുരുവിന്റെ ജനായത്ത സന്ദേശത്തേയും വ്യാഖ്യാനിച്ചു വ്യതിചലിപ്പിക്കുന്ന അഭിനവ നാഗാര്‍ജുനന്‍മാരും മായാനക്കാരും മാവാരതപട്ടത്താനങ്ങളും സൗന്ദര്യാത്മക ഗീര്‍വാണ പൈങ്കിളിയുമായി നമുക്കിടയില്‍ തികഞ്ഞ ലാവണപ്രേമത്തോടെ നിറഞ്ഞാടുകയാണ്.

ഈ ചതികളേയും പരിവാര പാദജ അജണ്ട കേരളത്തിലൂടെ നടപ്പാക്കുന്നതിനേയും കേരളമക്കള്‍ ഈ ഭരണഘടനാ അട്ടിമറി തിരിച്ചറിഞ്ഞ് വൈകിയ വേളയിലെങ്കിലും ചെറുക്കേണ്ടതാണ്. കേരളത്തിലെ ആദ്യകാല വിദ്യാഭ്യാസ ഉയിര്‍പ്പ് സാധ്യമാക്കിയത് ”കേരപുത്തോ” അഥവാ ”കേതലപുത്തോ” എന്നു തന്റെ ധമ്മലിപിയിലുള്ള ശിലാലിഖിതങ്ങളിലൂടെ പ്രാചീന കേരളമക്കളെ ബി. സി. മൂന്നാം നൂറ്റാണ്ടില്‍ അക്ഷരാഭിവാദ്യം ചെയ്ത മഹാനായ അശോകനാണ്. ബുദ്ധന്റെ അഥവാ പുത്തരുടെ യുക്തിയുക്തവും കരുണാമയവുമായ സമതയിലൂന്നിയ നൈതിക ധാര്‍മിക ചിന്തയായ ധമ്മത്തെ സാമൂഹ്യനീതിയിലാധാരമായ തന്റെ ഭരണഘടനയായി സ്വീകരിച്ച ആ മൗര്യ മൂപ്പന്‍ തന്റെ മക്കളായ സംഘമിത്തയേയും മഹിന്ദനേയും തെന്നിന്ത്യയിലേക്കും ഈഴത്തേക്കും തെക്കനേഷ്യയിലേക്കുമെല്ലാമയച്ച് ധമ്മലിപി എന്ന അശോകന്‍ ബ്രാഹ്മിയും നീതിചിന്തയും ബഹുജനങ്ങള്‍ക്കിടയില്‍ പരത്തി. കേരളത്തിന്റെ പ്രാചീന തുറയായ പെരിയാറ്റുവായ മുച്ചിറി എന്ന മുസിരിസിലെ തിരുവഞ്ചിയടക്കമുള്ള നിരവധി ഉള്‍നാടന്‍ പുരങ്ങളും സര്‍വകലാശാലകളും സ്ഥാപിതമായത് അശോകരുടെ കാലത്താണ്. അശോക മന്നരുടെ പേരില്‍ അശമന്നൂരും രായമംഗലവും മന്നര്‍കാടെന്ന മണക്കാടുകളും മണര്‍കാടുകളും ഇന്നും കേരളത്തില്‍ നിരവധിയാണ്. കേരള മക്കളേ പ്രബുദ്ധരേ അഥവാ പുത്തോ എന്നു വിളിച്ച അശോകനാമത്തെ തെറിവാക്കാക്കി, അശോക മക്കളായ കേരള ധീരരെ തെറിയാക്കി അതു കുലീന സ്ത്രീയായ മണിപ്പിള്ളച്ചിയെ കൊണ്ട് അവര്‍ണനായ കേരള മുഖ്യമന്ത്രിയെ തെരുവില്‍ ജാതിത്തെറിയായി വിളിപ്പിച്ചാണ് ചവരി മലയെ ശബരി മലയാക്കിയ 2018 ലെ ശൂദ്രലഹളയുടെ സമ്മര്‍ദ്ദ പരിസരത്ത് ഏതാനും ദിവസത്തിനകം കേരള നിയമസഭയിലൂടെ ഇന്ത്യയേയും ഇന്ത്യന്‍ ജനായത്ത ഭരണഘടനയേയും ലജ്ജിപ്പിച്ച, അതിനെ തൃണവല്‍ഗണിച്ച, അതിന്റെ നൈതികാധാരം തകര്‍ത്ത ദേവസം ബോഡിലെ അമിത പ്രാതിനിധ്യത്തിന്റെ സാമ്പത്തിക സംവരണം ഇടതിനകത്തുകൂടി ബ്രാഹ്മണിക ശൂദ്ര സഖ്യം പാസാക്കിയെടുത്തത്. ഇതിനു ചൂട്ടുപിടിച്ച ചില ന്യൂനപക്ഷങ്ങളറിയുന്നില്ല, ഇന്ത്യന്‍ ഭരണഘടനയുടെ ആധാരമായ സാമൂഹ്യ നീതി റദ്ദാക്കിയാല്‍ പിന്നെ ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും പൗരത്വവും അടിസ്ഥാന ജീവിതാവകാശവും പോലും ഇല്ലാതായിപ്പോകും എന്ന പരമാര്‍ഥം. ക്രിസ്തു പറഞ്ഞ പോലെ അവര്‍ ചെയ്തതിന്റെ മാരകഫലം അവരുപോലും അറിഞ്ഞില്ല.

കേരളത്തിന്റെ പ്രബുദ്ധമായ ചരിത്ര വംശാവലികളും തെന്നിന്ത്യന്‍ സംഘസംസ്‌കാര ധാരകളും സാഹിത്യവുമാണ് കേരളമക്കള്‍ പഠിക്കേണ്ടത്. കേരളത്തിന്റെ അടിസ്ഥാന അശോകന്‍ പ്രബുദ്ധ ചരിത്രം പഠിക്കാത്തതും പഠിപ്പിക്കാത്തതും അതു പറയുന്നവരെ മാബലിയെ എന്ന പോലെ ചവിട്ടി താഴ്ത്തുന്നതുമാണ് പ്രശ്‌നം. കള്ളത്തിനും ചതിക്കും കൊലപാതകത്തിനും മേല്‍ ആര്‍ക്കും ഒന്നും കെട്ടിപ്പടുക്കാനാവില്ലതന്നെ. ഒരു നൈതിക ജനായത്ത ആധുനിക സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കണമെങ്കില്‍ സത്യവും നീതിയും വാഴണം. ഇന്ത്യയുടേയും കേരളത്തിന്റേയും യഥാര്‍ഥ ചരിത്രമാണ് പഠിപ്പിക്കേണ്ടത്, പഠിക്കേണ്ടത്. ഇല്ലെങ്കില്‍ ദേശീയ വിദ്യാഭ്യാസനയം പോലുള്ള സാമൂഹ്യ ദേശീയദുരന്തങ്ങള്‍ ആവര്‍ത്തിക്കും. ഒറിജിനലിനെ മറച്ച് അതിന്റെ വ്യാജ അധീശ പതിപ്പിനെ സ്ഥാപിക്കാനാവില്ല. ഗോതമരെന്ന കോതയെ, മാക്കോതയെ അദൃശ്യനാക്കി വ്യാഖ്യാനലീലക്കാരനായ നാഗാര്‍ജുനനെ സ്ഥാപിക്കാനാകില്ല. അജ്ഞതയേയും മറവിയേയും ആണ് ഹിന്ദുത്വവും വരേണ്യ ജാതിഹൈന്ദവ പണ്ഡിതരും എവിടേയും ആയുധമാക്കുന്നത്. ഭാഷയുടെ വരേണ്യവല്‍ക്കരണത്തിലൂടെയാണ് ബുദ്ധവചനത്തില്‍ തന്നെ ആശയക്കുഴപ്പവും അപഭ്രംശവുമുണ്ടാക്കിയത്. പുത്തരുപയോഗിച്ച ജനഭാഷയായ പാലിയില്‍ നിന്നും വൈദികസൃഷ്ടമായ പൗരോഹിത്യ പണ്ഡിത ആണ്‍കോയ്മയുടെ ഭാഷയായ സംസ്‌കൃതത്തിലേക്കു മായികമായ മായാനത്തില്‍ കൂടി ക്രമേണ മാറിയാണീ കൂടുവിട്ടുകൂടുമാറ്റം തട്ടിക്കൂട്ടിയെടുത്തത്. ഏച്ചുകെട്ടിയാല്‍ അതു മുഴച്ചിരിക്കുകയും ചെയ്യും.

തെന്നിന്ത്യയുടെ സംഘസാഹിത്യവും സംസ്‌കാരവും സൃഷ്ടിച്ചത് സംസ്‌കൃതമല്ല, പ്രാചീന തെന്നിന്ത്യന്‍ പ്രാകൃതഭാഷയായ ദമിളം അഥവാ തമിളാണത് സാധ്യമാക്കിയത്. മഗധ ഭാഗത്തെ പ്രാകൃത ഭാഷയായിരുന്നു ബുദ്ധനുപയോഗിച്ച പാലി. ബുദ്ധവചനത്തെ പരിപാലിച്ച പാലിയിലൂടെ നടന്ന ഈ ഉന്നത രാജ്യാന്തര വൈജ്ഞാനിക തിപിടക വിദ്യാഭ്യാസമാണ് കേരളഭാഷയിലേയും തമിഴിലേയും പാലി മൂലപദങ്ങള്‍ക്ക് കാരണമായത്. പള്ളിയും പള്ളിക്കൂടവും പട്ടക്കാരും പട്ടംകെട്ടലും എല്ലാം അയ്യനും അപ്പനും അച്ചനും അമ്മയും പോലെ തെന്നിന്ത്യയില്‍ സംഘസംസ്‌കാര സാഹിത്യ ഭൂമികയില്‍ വികസിതമായത് ഈ ആദ്യകാല തേരവാദ വിദ്യാഭ്യാസത്തിലൂടെയാണ്. മനുസ്മൃതിയും ഗീതയും പുരുഷസൂക്തവും ശൂദ്രനും സ്ത്രീകള്‍ക്കും അവര്‍ണര്‍ക്കും അക്ഷരവും മനുഷ്യാവകാശങ്ങളും വിലക്കിയപ്പോള്‍ ബൗദ്ധര്‍ അത് അടിത്തട്ടിലുള്ള ജനതയ്ക്കു പകര്‍ന്നുകൊടുത്തു. അശോകകാലത്തു ഭിക്കുനിമാരും ഭിക്കുക്കളും നടത്തിയ ഈ മിഷനറി പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ അക്ഷര സംസ്‌കാരത്തിനും പുത്തക സംസ്‌കാരത്തിനും ബൗദ്ധിക സംസ്‌കാരത്തിനും ആധാരം. കാവുകളും കുളങ്ങളും തോടുകളും തണ്ണീര്‍ത്തട നെല്‍കൃഷിയും ജലമാര്‍ഗങ്ങളുമടങ്ങുന്ന കേരളത്തിന്റെ പാരിസ്ഥിതിക സംസ്‌കാരത്തേയും ഭൗമീക ജൈവസംസ്‌കാരത്തേയും പട്ടണത്തു തെളിഞ്ഞ കോസ്‌മോപോളിറ്റന്‍ ലോകബന്ധങ്ങളേയും നിര്‍ണയിച്ചതും സംഘാരാമങ്ങളും അശോകന്‍ ഓഷധിത്തോപ്പുകളും തോട്ടങ്ങളും ധമ്മാശുപത്രികളും ശരണാലയങ്ങളും നിര്‍മിച്ചു പാലിച്ചതും പഞ്ചശീലഗുണമുള്ള ഭിക്ഷൂണീ സംഘങ്ങളാണെന്ന് കൊടുങ്ങല്ലൂര്‍ കാവിനെ കുറിച്ചുള്ള പാട്ടുകളില്‍ ഗുരുശിഷ്യനായ സഹോദരന്‍ പാടുന്നത് നാം ഓണപ്പാട്ടുപോലെ ഓര്‍ക്കേണ്ടതാണ്. അമണ എന്നും ആത എന്നുമൊക്കെയുള്ള അശോകന്‍ ബ്രാഹ്മി അഥവാ ധമ്മലിപി ലിഖിതങ്ങളാണ് ഭിക്ഷാപാത്രങ്ങളില്‍ നിന്നും പട്ടണത്തു കണ്ടെത്തിയത്. ഇതോടെ പട്ടണത്തേയും അടച്ചു പൂട്ടിച്ചു കുലീനത.

സംഘസാഹിത്യം മുഴുവന്‍ ജൈനവും ബൗദ്ധവുമായ അമണ അഥവാ ചമണ സംസ്‌കാര ധാരയിലുള്ളതാണ്. തികച്ചും ബ്രാഹ്മണേതരവും അഹിന്ദുവും ബഹുസ്വരവുമാണ് തെന്നിന്ത്യന്‍ പ്രാചീന നാഗരീകവും സാഹിത്യവും ധമ്മലിപിയില്‍ നിന്നു വന്ന വട്ടെഴുത്തും ഗ്രന്ധലിപിയും എഴുത്തച്ചന്റെ അരിയ എഴുത്തു പോലും. ലിപിവിജ്ഞാനീയവും പുരാലിഖിതങ്ങളും ഈ പ്രബുദ്ധ ബന്ധം സാക്ഷ്യപ്പെടുത്തുന്നു. തിപിടക ശൈലിയില്‍ മൂന്നുഭാഗമായി എഴുതിയ തിരുക്കുറലടങ്ങുന്ന (തിരി കുറലെന്നും പഴമൊഴി) പഴംതമിഴിലെ സംഘസാഹിത്യ ഭൂമികയില്‍ പെടുന്ന അയിം പെരുംകാപ്പിയങ്ങളില്‍ പ്രധാനമായ മണിമേഖലയും ചിലപ്പതികാരവും വഞ്ചിയുമായി അഥവാ മുചിറിപട്ടണവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അബ്രാഹ്മണരായ സ്ത്രീകളായ മാധവിയും മകള്‍ മണിമേഖലയുമെല്ലാം കാഞ്ചി, കാവേരീപൂംപട്ടണം, വഞ്ചി എന്നീ നഗരങ്ങള്‍ ബന്ധിപ്പിച്ചു നിരന്തര യാത്ര ചെയ്യുകയും വഞ്ചിയില്‍ ഉന്നതവിദ്യാഭ്യാസം നേടുകയും ചെയ്യുന്നു. പട്ടണത്തുനിന്നും മുദരൈയിലെ കീഴടിയില്‍ നിന്നും പുറത്തുവന്നിരിക്കുന്ന ധമ്മലിപികളും ലക്ഷക്കണക്കിനു കളിമണ്‍ പാത്രശകലങ്ങളും മഹത്തായ തെന്നിന്ത്യന്‍ സംഘസംസ്‌കാരത്തിന്റെ ചരിത്ര പുരാവസ്തു തെളിവുകളാണ്. ജാതിരഹിതവും വര്‍ണാശ്രമധര്‍മത്തിന്റെ വാങ്ങലില്ലാത്തതുമായ സമതയിലും കരുണയിലും പ്രജ്ഞയിലും മാനവികതയിലുമൂന്നിയ ജനായത്തപരമായ സംഘസംസ്‌കാരത്തിന്റെ ഈ ആദ്യത്തെ ഉയിര്‍പ്പാണ് കേരളത്തിന്റെ ആദിമ അശോകന്‍ നവോത്ഥാനം. കേരളത്തിന്റെ ലോകബന്ധങ്ങള്‍ കൂടുതല്‍ പ്രാചീനമാക്കുന്ന കാര്‍നീലിയന്‍ ബീഡുകള്‍ ഇടുക്കിയിലെ ചെല്ലാര്‍ കോവിലില്‍ നിന്നും 2020 ല്‍ കിട്ടിയിരിക്കുന്നു. സിന്ധുനാഗരികതയ്ക്ക് പടിഞ്ഞാറന്‍ നാഗരികതകളുമായി ഉണ്ടായിരുന്ന ചരിത്രാതീത വാണിജ്യ സംസ്‌കാര വിനിമയത്തിന്റെ രേഖയും കൂടിയാണീ അപൂര്‍വ ആഭരണക്കല്ലുകള്‍. സൈന്ധവ ലിഖിതങ്ങള്‍ ഇടയ്ക്കലും കേരള ഭാഗത്തുള്ള സഹ്യപര്‍വത ഭാഗങ്ങളിലും കാണുന്നു എന്ന കേരളത്തിലെ പുതു പുരാലിഖിത പഠിതാക്കളുടെ വാദം കൂടുതല്‍ ബലപ്പെടുകയാണ്.

ഇങ്ങനെ ചരിത്രാതീതകാലം മുതല്‍ ലോകബന്ധങ്ങളുണ്ടായിരുന്ന ഒരു സംസ്‌കാരമാണ് ചേര, ചോള, പാണ്ട്യ രാജ്യങ്ങളടങ്ങിയ പ്രാചീന തമിഴകം. ധമ്മലിപിയുടെ തന്നെ ഫിനീഷ്യനടക്കമുള്ള ലോകബന്ധങ്ങള്‍ ഇതിനു തെളിവാണ്. ഇതിനെ തകര്‍ത്തത് സി. ഇ. ഏഴാം നൂറ്റാണ്ടോടെ കേരളത്തിലേക്കും തമിഴകത്തേക്കും ഇറങ്ങിവന്ന വൈദിക വര്‍ണാശ്രമധര്‍മം എന്ന ബ്രാഹ്മണ പൗരോഹിത്യ ആണ്‍കോയ്മയുടെ അധീശ സംസ്‌കാരമാണ്. ചില ക്ഷുദ്രരായ അധികാര മോഹികളേയും പടയാളി അജ്ഞരേയും വൈദികവും ദൈവീക ക്ഷത്രിയ ശൂദ്ര പദവി കൊടുത്തുകൊണ്ടാണാ ബ്രാഹ്മണ പൗരോഹിത്യ ആണ്‍കോയ്മ ഇവിടെ ഛിദ്രത്തില്‍ തന്ത്രപരമായി സ്ഥാപിക്കപ്പെട്ടത്. തെന്നിന്ത്യയിലെ ഊഷരമായ പാലൈ നിലങ്ങളിലും മലമ്പുറങ്ങളിലും ഉണ്ടായിരുന്ന നാഗരിക സഭ്യതയ്ക്കും ധമ്മമാര്‍ഗത്തിനും മെരുങ്ങാത്ത മൈത്രിയും കരുണയും തീണ്ടാത്ത കിരാതരായ സായുധഗോത്രങ്ങളേയും കുറുനിലമന്നന്മാരേയും കുപ്പിണികളേയും പ്രത്യേകിച്ചും കാലിക്കവര്‍ച്ചയും തീവെട്ടിക്കൊള്ളയുമായി നടന്ന നാഗരികതയ്ക്കു നിതാന്ത ഭീഷണിയായിരുന്ന മറവ, കോലായ കുപ്പിണികളെ ക്ഷത്രിയരെന്നും ശൂദ്രരെന്നുമുള്ള മുന്തിയ ഗീര്‍വാണ ലേബലില്‍ രണ്ടും നാലും വര്‍ണങ്ങളായി തങ്ങളുടെ സ്വയംപ്രഖ്യാപിത പൗരോഹിത്യ പദവിയുപയോഗിച്ച് ചാതുര്‍വര്‍ണ്യത്തിലേക്കുള്‍പ്പെടുത്തി കൊണ്ട് പൗരോഹിത്യം പടയാളിത്ത ആണത്തങ്ങളുമായി ചങ്ങാത്തമുണ്ടാക്കി പ്രബുദ്ധമായ വിഹാരങ്ങളായ പള്ളികളും മൊണാസ്ട്രികളായ ചേരികളും പിടിച്ചെടുത്ത് ജാതിയുടേയും തൊട്ടുകൂടായ്മയുടേയും കേന്ദ്രങ്ങളായ ബ്രാഹ്മണിക ക്ഷേത്രങ്ങളാക്കി മാറ്റി. മായാനത്തിലൂടെ സംഘത്തിലേക്കു നുഴഞ്ഞുകയറിയുള്ള ആഭ്യന്തര അട്ടിമറിയും നടന്നു പോന്നു. ഇന്നത്തെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളും അശോകന്‍ ഭിക്ഷുണിമാര്‍ നട്ടുനനച്ചുണ്ടാക്കിയ സംഘാരാമങ്ങളായ കാവുകളും കുളങ്ങളും ബൗദ്ധ പള്ളികളുമായിരുന്നു. ഇന്നും അമ്പലങ്ങളുടേയും ക്ഷേത്രങ്ങളുടേയും പേരുകളില്‍ കാവ് അഥവാ കന്യകാവ് എന്ന പ്രബുദ്ധയായ കന്യാസ്ത്രീയുടെ പേര് നിലനില്‍ക്കുന്നു. മഠത്തിലമ്മയെന്നാണു കേരളമക്കള്‍ പറയുക. കിളിരൂര്‍ മഠത്തില്‍ ഭഗവതി മഹാമായ തന്നെയാണ്. യക്ഷിയമ്മയായും മായാദേവിയും താരയും നില്‍ക്കുന്നു. മംഗള ദേവതകളായിരുന്ന ഇവരുടെ പേരുചേര്‍ത്താണ് മംഗലാപുരം മുതല്‍ കോതമംഗലം വരെയുള്ള സ്ഥലനാമ ഉല്‍പ്പത്തി.

ആദിവാസികളടക്കം കേരളത്തിലെ ജനതയ്ക്ക് സാക്ഷരതയുമായി പ്രാചീന ബന്ധമാണുള്ളത്. ധമ്മലിപി ഭിക്കുനിമാരാണ് തമിളകത്തും ഈളത്തും അവതരിപ്പിച്ചു പഠിപ്പിക്കുന്നത്. ഇടക്കല്‍ ലിഖിതങ്ങളില്‍ ധമ്മലിപിയുണ്ട്. അശോക മക്കളായ മഹിന്ദനും സംഘമിത്തയും പല കേരള ലിഖിതങ്ങളിലും സൂചിതമാകുന്നു. പല അശോക സ്തംഭങ്ങളും മതിലകം ലിംഗം പോലെ ശൈവമാക്കപ്പെടുകയുണ്ടായി. വരവൂരും ഉദ്യാനേശ്വരവും ഉദാഹരണങ്ങളാണ്. ഏഴിമലയിലെ നന്നന്‍ തികഞ്ഞ ബൗദ്ധനായിരുന്നു എന്ന് ത്രിച്ചംബലം ലിഖിതം സൂചിപ്പിക്കുന്നു. ശ്രീമൂലവാസം ചെപ്പേടായ പില്‍ക്കാലത്തു പേരുമാറിയ ഇപ്പോഴത്തെ പാലിയം ചെപ്പേടു സൂചിപ്പിക്കുന്ന പോലെ കേരള തീരങ്ങളില്‍ ലോകപ്രശസ്ത വിഹാരങ്ങളും പള്ളികളും ഉണ്ടായിരുന്നു.ഇടുക്കിയിലെ ചെല്ലാര്‍കോവിലില്‍ 2020 ആദ്യം കണ്ടെത്തിയ കാര്‍ണീലിയിന്‍ ബീഡ്‌സ് സിന്ധുതട നാഗരികതയുമായും പശ്ചിമേഷ്യയുമായുമെല്ലാമുണ്ടായിരുന്ന സംസ്‌കാര വാണിജ്യ വിനിമയങ്ങളുടെ പുരവസ്തു തെളിവാണ്. വൈഷ്ണവ അവതാരം വാമനന്‍ മാബലിയെ ചവിട്ടിത്താഴ്ത്തിയ മിത്തു സൂചിപ്പിക്കുന്ന പോലെ തെന്നിന്ത്യന്‍ ബുദ്ധിസത്തെ കേരള പ്രബുദ്ധതയെ വൈഷ്ണവ ബ്രാഹ്മണ്യം ചതിയിലൂടെ വംശഹത്യ ചെയ്ത സന്ദര്‍ഭത്തില്‍ പലരും ബോധിധമ്മനെ പോലെ തെന്നിന്ത്യവിട്ട് ചീനത്തേക്കും തെക്കനേഷ്യയിലേക്കും കുടിയേറി. ചില ധീരരായ കേരളമക്കള്‍ ഇന്തോ-അറബ് ബന്ധങ്ങളാരാഞ്ഞു. കേരളത്തിന്റെ സൈന്ധവകാലം മുതലുള്ള ലോകബന്ധങ്ങളുടെ ഭാഗമായിരുന്ന പശ്ചിമേഷ്യയില്‍ അറേബ്യന്‍ മരുഭൂവില്‍ ഇസ്ലാമിന്റെ ഉദയം ഇക്കാലത്ത് ഏഴാം നൂറ്റാണ്ടിലായിരുന്നു. കേരളപുത്രരായ ചേരമാന്‍ പെരുമാക്കന്മാരില്‍ പെട്ട പള്ളിവാണര്‍ ഒന്നാമന്‍ ഏഴാം നൂറ്റാണ്ടില്‍ കടല്‍ കടന്ന് മക്കത്തേക്കു പോയി പ്രവാചകനെ കണ്ട് താജുദ്ദീനായി മടങ്ങവേ ഓമാനിലെ സലാലയില്‍ വച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഖബറ് ലേഖകന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചേരമുദ്രയുമായി വഞ്ചീനഗരത്തിലെത്തിയ മാലിക് ദീനാറും ഇസ്ലാമിക മിഷനറിമാരും പ്രാചീനമായ ബൗദ്ധപ്പള്ളിയെ പുതിയ ഇസ്ലാമിന്റെ പള്ളിയാക്കി അറബിയിലുള്ള പുതിയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനു തുടക്കമിട്ടു. ജാതിയെ ചെറുത്ത ചേരമക്കള്‍ പലരും കേരളതീരത്ത് ഇസ്ലാമിന്റെ തഖ്ബീര്‍ വിളികളുയര്‍ത്തി. പെണ്‍കുട്ടികള്‍ക്കും സാര്‍വത്രിക മതവിദ്യാഭ്യാസം അറബി ഭാഷയില്‍ അക്ഷരസംസ്‌കാരത്തോടെ നല്‍കുന്നതായിരുന്നു ഇസ്ലാമിക വിദ്യാഭ്യാസം. ലോകത്തെ തന്നെ ആദ്യ സര്‍വകലാശാലകളില്‍ വരുന്ന ആഫ്രിക്കനറേബ്യന്‍ തീരങ്ങളിലെ തിംബുക്തു, ഫെസ്, അല്‍ അസ്ഹര്‍ തുടങ്ങിയ ലോക വിശ്വവിദ്യാലയങ്ങളുടെ ശൈലിയില്‍ പൊന്നാനി ചെറിയ മക്കയായി കേരളതീരത്തു വികസിച്ചു. പതിനാറാം നൂറ്റാണ്ടോടെ മഖ്ദൂമുകള്‍ കബീറും സഗീറും അതിനെ ലോകോത്തരമായ വിളക്കത്തിരുത്തലായി കേരളത്തിന്റെ പ്രബുദ്ധതയുമായി ചരിത്രപരമായി ബന്ധിപ്പിച്ചു.

നാനമോനം എന്ന ബൗദ്ധ വിദ്യാരംഭവും വട്ടെഴുത്തെന്ന ധമ്മലിപിയുടെ മധ്യകാല രൂപാന്തരത്തില്‍ നിലകൊള്ളുന്ന എഴുത്തുപള്ളിയിലുള്ള ബോധനവുമാണ് ഇരുപതാം നൂറ്റാണ്ടുവരെ എല്ലാ സമുദായങ്ങളും കേരളത്തില്‍ തുടര്‍ന്നു പോന്നതെന്ന ഇളംകുളത്തിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാകുന്നു. മലബാറില്‍ മുസ്ലീങ്ങളേയും തെക്കോട്ട് ക്രൈസ്തവരേയും ബൗദ്ധര്‍ എന്ന് ജാതിഹിന്ദുക്കള്‍ വിളിച്ചുപോരുന്നതും കാണിക്കുന്നത് പ്രാചീനമായ പ്രബുദ്ധതയുടെ പോതിമരം പോലുള്ള വേരിറക്കവും മഹാമായയെന്ന മംഗളാദേവിയെ ഓര്‍മിപ്പിക്കുന്ന തായ്ബന്ധവും തന്നെയാണ്. പതിനേഴാം നൂറ്റാണ്ടിലെ കവികുഞ്ചന്റെ ”കണ്ടാല്‍കുളിക്കേണ്ട ബൗദ്ധന്‍” എന്ന കാവ്യപരാമര്‍ശം സംഘക്കാരായി ആ കാലത്തോളം പിടിച്ചുനിന്ന ഈഴവരെ കുറിച്ചാണുതാനും. ഈളം അഥവാ ഈഴം എന്ന പ്രാചീന ദമിളപദം അര്‍ഥമാക്കുന്നത് നെയ്ത്തിലെന്ന പോലെ പ്രകൃതിയിലെന്ന പോലെ ഇഴചേര്‍ന്നിരിക്കുന്ന ഇഴയടുപ്പമുള്ള മൈത്രീബോധമുള്ള ജനതയെയാണ്. സംഘമെന്ന ഈഴത്തിലേക്കു മാര്‍ഗം ചേര്‍ന്നവരെയാണ് ചേരര്‍, മാപ്പിള എന്നിങ്ങനെ വിളിച്ചു പോന്നതും. പോര്‍ച്ചുഗീസ് അധിനിവേശത്തോടെ ജാതിഹിന്ദുത്വം വീണ്ടും പ്രമാദമായി. മലയാളഭാഷാസാഹിത്യങ്ങളിലെ തികച്ചും വൈഷ്ണവമായ ഭക്തി പ്രസ്ഥാനവും ഹിന്ദുത്വ ബ്രാഹ്മണിക മൂല്യങ്ങളെ ഊട്ടിയുറപ്പിച്ചു. തലക്കരവും മുലക്കരവും പിരിച്ച് ജാതിഹിന്ദു ആണത്തം തെഴുത്തു. നങ്ങേലിമാരും ദളവാക്കുളങ്ങളും നിരവധിയുണ്ടായി. ജാതിയെ ചെറുത്ത ആറാട്ടുപുഴകള്‍ ചോരപ്പുഴകളായി.

ഈ കിരാതമായ ജാതിസ്വരാജ്യത്തില്‍ നിന്ന് ഭാഗീകമായ മോചനം പാശ്ചാത്യ ആധുനികതയുടെ കൊളോണിയല്‍ ഇടപെടലിലൂടെയും ക്രൈസ്ത ബോധകരുടെ മിഷനറി വേലയിലൂടെയുമാണ് ഉണ്ടായത്. കേണല്‍ മണ്‍റോയുടെ നാമം ആധുനിക വിദ്യാഭ്യാസ വികാസ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടേണ്ടതാണ് എന്ന് സി. കേശവന്‍ ജീവിതസമരത്തില്‍ രേഖപ്പെടുത്തുന്നു. തുടര്‍ന്ന് അയ്യാ വൈകുണ്ഠരും ഗുരുവും അയ്യന്‍കാളിയും അപ്പച്ചനും അടിസ്ഥാന അവര്‍ണ ദലിതബഹുജനങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്തിച്ചു. പുത്തരുടെ ത്രിരത്‌നങ്ങളിലെ ആദ്യരത്‌നവും ശരണവുമായ ബുദ്ധം എന്ന സങ്കല്‍പ്പം വിദ്യയിലൂടെയുള്ള പ്രബുദ്ധതയെ സൂചിപ്പിക്കുന്നു. വിദ്യയിലൂടെ നിങ്ങള്‍ പ്രബുദ്ധരാകണമെന്നും സ്വതന്ത്രരാകണമെന്നുമുള്ള മഹാസന്ദേശം കേരളമക്കള്‍ക്ക് ആധുനിക കാലത്തു കൊടുത്തത് കേരളപുത്തരെന്ന് കവിശിഷ്യരായ കറുപ്പനും മൂലൂരും സഹോദരനും ആദരപരാമര്‍ശം ചെയ്ത നാണുഗുരുവാണ്. 1888 ലെ അദ്ദേഹത്തിന്റെ ബ്രാഹ്മണിക ആണ്‍കോയ്മയുടെ ആധാരമിളക്കിയ അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്ന് അയ്യങ്കാളി അഴിച്ചുവിട്ട വിദ്യാഭ്യാസ മനുഷ്യാവകാശ പോരാട്ടങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ സമവാക്യങ്ങളെ മാറ്റിമറിച്ചു. ദലിത് ബാലകരെ കൂടെ പാര്‍പ്പിച്ചു പുതുകേരളമക്കളായി കണ്ടു പഠിപ്പിക്കുകയായിരുന്നു ഗുരു. ആറാട്ടുപുഴ 1840കളില്‍ തന്നെ ദലിതര്‍ക്കും എല്ലാ അവര്‍ണര്‍ക്കുമായി രാപ്പള്ളിക്കൂടങ്ങളും പുത്തകചാലയും ജ്ഞാനേശ്വരം അമ്പലവും കളിയോഗവും കളരിയും എഴുത്തുപള്ളിയും നടത്തിയിരുന്നു. ”ഈഴവശിവന്‍” എന്ന സംഘത്തിന്റെ ശുഭകാരകന്‍ എന്ന പ്രയോഗം ആദ്യം നടത്തുന്നത് ദിവാന്‍ ടി. മാധവറാവുവിനോട് 1850 കളില്‍ ആറാട്ടുപുഴയായിരുന്നു. തിരുവിതാംകൂറിലെ ദലിതര്‍ക്കായുള്ള വിദ്യാലയസ്ഥാപനത്തില്‍ അയ്യങ്കാളി അഗ്രഗണ്യനായി. 1905 മുതല്‍ പൊയ്കയിലപ്പച്ചന്‍ വിദ്യാഭ്യാസ സ്ഥാപന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. കൊച്ചിയില്‍ കറുപ്പന്‍ മാഷും കെ. പി. വള്ളോനുമെല്ലാം അടിസ്ഥാന ജനതയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായിരുന്നു. കാവരികുളം കണ്ടന്‍ കൊമരനും കുറുമ്പന്‍ ദൈവത്താനും മൂലൂരും വിദ്യാഭ്യാസ ശാലകള്‍ സ്ഥാപിക്കുന്നതില്‍ തല്‍പ്പരരായിരുന്നു. വിദ്യാഭ്യാസവും അക്ഷര സംസ്‌കാരവും തന്നെയാണ് നവോത്ഥാനത്തെ പുത്തനുയിര്‍പ്പും പുത്തനുണര്‍വും അടിത്തട്ടിലുള്ള ജനതയുടെ വിമോചനവുമായി മാറ്റുന്നതെന്ന സത്യമാണ് നാമിവിടെ മനസ്സിലാക്കുന്നത്. സാക്ഷരതയിലും നൈതിക വിദ്യാഭ്യാസത്തിലും കൂടി തന്നെയാകട്ടെ ഇന്ത്യനധീശത്തമായ വര്‍ണാശ്രമധര്‍മം എന്ന ജാതിവ്യവസ്ഥയ്ക്കും അതിന്റെ സമഗ്രാധിപത്യത്തിനും എതിരായ പോരാട്ടം ജനത സാര്‍ഥകമാക്കുന്നത് എന്നു പ്രതീക്ഷിക്കാം. കോവിഡ് കാലത്തും തുടരുന്ന സാംസ്‌കാരിക നായകന്മാരുടെ രോമാഞ്ചമുണര്‍ത്തുന്ന നയകോവിദമായ രാമായണ, മാവാരത പട്ടത്താനങ്ങള്‍ക്കും ആന്തരാധിനിവേശ വായ്ത്താരികള്‍ക്കും പ്രതിരോധമുയര്‍ത്താനും സത്യത്തിന്റേയും നീതിയുടേയും പുതുജനായത്ത പാതകള്‍ ബഹുസ്വരമായി തേടുന്ന അടിസ്ഥാന ബഹുജനങ്ങള്‍ക്കു സാധ്യമാകട്ടേ എന്നു കരുതാം.

ഹിംസയേയും വംശഹത്യയേയും അപരവല്‍ക്കരണത്തേയും പരോക്ഷമായി സൗന്ദര്യാത്മകമായി സാധൂകരിച്ചു പാഠ്യപദ്ധതിയുടെ ഭാഗവും മാധ്യമ അജണ്ടയും മുഖ്യധാരാ ബഹുസ്വരാഘോഷവുമാക്കുന്ന അഭിനവ പുരാണപാരായണങ്ങളും നീതിയെ മറയക്കുന്ന ലാവണ്യ സൗന്ദര്യാത്മക വാചാടോപങ്ങളും മാവാരതഗീതാപട്ടത്താനങ്ങളിലൂടെ ജനങ്ങളുടെ ചിലവില്‍ തന്നെ പരോക്ഷമായി തകര്‍ത്ത നീതിയുടെ ആധാരമായ ഇന്ത്യന്‍ ജനായത്തത്തിന്റെ അടിത്തറയായ സാമൂഹ്യ നീതിക്കരാറായ നമ്മുടെ ഭരണഘടനയെ വീണ്ടെടുത്തുകൊണ്ടാകട്ടെ ഈ അതിജീവനസമരം. സത്യവും നീതിയും സാഹോദര്യവും പുലരട്ടേ, വിദ്യയിലൂടെ നാം സ്വതന്ത്രരാവട്ടെ. ജനായത്തത്തിന്റെ ആധാരമായ സാമൂഹ്യ പ്രാതിനിധ്യത്തെ അട്ടിമറിക്കുന്ന ഗൂഢപദ്ധതിയായ ദേശീയ വിദ്യാഭ്യാസനയവും അതിന്റെ തൊഴുന്നവരെ തൊഴിക്കുന്ന, ദാനധര്‍മികളെ ചവിട്ടിത്താഴ്ത്തുന്ന അഭിനവ തൊഴില്‍ വിദ്യാഭ്യാസ കര്‍മപരിപാടിയും സംസ്‌കൃത-ഹിന്ദീ-ഹൈന്ദവ കേന്ദ്രിതമായ ഭാഷാനയവും മാതൃഭാഷാവാദികളെ വീണ്ടും കൈയ്യിലെടുത്തു തഴുകിത്തലോടി ചാട്ടില്‍ കയറ്റി പഴയ കാവിവല്‍ക്കരണ കര്‍മപരിപാടിയിലെന്ന പോലെ ഇംഗ്ലീഷിനേയും ആധുനികതയേയും അട്ടിമറിക്കാനായുമ്പോള്‍ അംബേദ്കര്‍ വിഭാവനം ചെയ്ത് ആര്‍. റ്റി. ഇ. എന്ന വിദ്യാഭ്യാസ മൗലികാവകാശം തന്നെ ഇല്ലാതാകുകയും ഇന്ത്യന്‍ ഭരണഘടനയുടെ റദ്ദാക്കല്‍ പൂര്‍ത്തിയാവുകയും ചെയ്യും. ബഹുജനങ്ങള്‍ ഈ ഭരണഘടനാ അട്ടിമറി വൈകിയെങ്കിലും തിരിച്ചറിഞ്ഞു ചെറുത്തേ മതിയാവൂ. പ്രാദേശിക ഭാഷകളോടുള്ള ഈ  നവാലിംഗനകാമന യഥാര്‍ഥത്തില്‍ ഇംഗ്ലീഷിനെ പുറത്താക്കി ആധുനികതയുടെ കഥകഴിക്കാനുള്ള വംശഹത്യാകാമനയാണെന്ന് അടിസ്ഥാന ജനത തിരിച്ചറിയണം. ഇന്ന് ആദിവാസികള്‍ക്കും ദലിതര്‍ക്കും സ്ത്രീകള്‍ക്കും ബഹുജനങ്ങള്‍ക്കും ആവശ്യം ലോകത്തോടും ഇന്ത്യയിലെ തന്നെ സഹോദരങ്ങളോടും ആശയവിനിമയം ചെയ്യാനാകുന്ന ലോകഭാഷയായ ഇംഗ്ലീഷാണ്. കിരാതമായ ജാതിസ്വരാജ്യവും ജാതിഹിന്ദുത്തവും തിരിച്ചുവരുമ്പോള്‍ നമുക്ക് ആധുനികവും ആഗോളവുമായ വിനിമയശേഷികള്‍ കൂടിയേ തീരൂ. തീര്‍ച്ചയായും ജാതിഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികളെ ഹിന്ദിയും സംസ്‌കൃതവും സനാതനസംസ്‌കാരവും അത്യഗാധമായി പഠിപ്പിച്ച് അഭിനവ മുന്‍ഷികളാക്കട്ടെ, ദലിത ബഹുജനങ്ങളുടെ കുട്ടികള്‍ ലോകത്തോടും മാനവികതയോടും ജനായത്തത്തോടും ആധുനികതയോടും സംവദിക്കട്ടെ. 1914 ല്‍ തന്നെ രാമരാജ്യത്തേയും സ്മൃതിശ്രുതി പുരാണങ്ങളേയും നരഹത്യാപരവും വംശഹത്യാപരവുമായി മുന്‍കൂട്ടി കണ്ട് പൂര്‍ണമായും തള്ളിയ ഗുരു പറഞ്ഞ പോലെ നമുക്കു സന്യാസം തന്ന നമ്മുടെ ഗുരുക്കന്മാരായി നാം ആധുനികതയെ കാണുകയും ഇംഗ്ലീഷിനേയും ലോകഭാഷകളേയും അറിഞ്ഞാദരിക്കുകയും വിനിമയം ചെയ്യുകയും തന്നെയാണ് പോംവഴി. ഏതു നടുനായകനും നയകോവിദനും മര്യാദാപുരുഷോത്തമനും ആത്മാരമണനും പരമപുരോഹിതനുമായാലും കൊല്ലുന്നവന്‍ വെറും മൃഗം. അവനു യാതൊരു ശരണ്യതയും ഗതിയുമില്ല. അവന്റെ കൊലച്ചതിയും ചിരിയും അലയടങ്ങുകയായി. തിരുനക്കര മൈതാനത്തു വച്ചു മദനമോഹന മാളവ്യയോടു സഹോദരന്‍ പറഞ്ഞതും പള്ളുരുത്തിയില്‍ ഗാന്ധിയോടു സഹോദരന്‍ ചോദിച്ചതും ആ പരമ്പര കൊലപാതകികളായ കൊത്തുവാള കോലായന്മാരെക്കുറിച്ചാണ്. കൊല്ലുകയും കൊലയെ സ്വധര്‍മമാക്കി മാറ്റുകയും ചെയ്യുന്നവരെങ്ങനെ രാജാക്കളും ദൈവങ്ങളുമായി മാറുന്നു എന്നതാണ് ആ നിര്‍ണായക വിമര്‍ശ പ്രശ്‌നം. സത്യത്തിനും നീതിക്കും മാനവികതയ്ക്കും ആധുനിക ജനായത്ത സഭ്യതയ്ക്കും നിരക്കുന്നതല്ല ഈ വ്യവസ്ഥിതി. കേരളത്തിന്റെ വെട്ടിമൂടിയ യഥാര്‍ഥ പ്രബുദ്ധതയുടെ ചരിത്രം കുട്ടികള്‍ പഠിക്കേണ്ടതുണ്ട്. ആ ഇരുട്ടില്‍ നിന്നും കേരളത്തെ ആധുനിക കേരളമാക്കിയ ഗുരുവിന്റേയും സഹോദരന്റേയും ചരിത്ര നൈതിക വിമര്‍ശം കലര്‍ന്ന നവോത്ഥാന രചനകള്‍ അടിയന്തിരമായി കേരളം പാഠപുസ്തകങ്ങളും മാധ്യമ പാഠങ്ങളും അക്കാദമിക ആധാര പാഠങ്ങളുമാക്കി മാറ്റട്ടെ. അങ്ങനെ മാത്രമേ ചിരിച്ചു കൊണ്ടു കഴുത്തറക്കുന്ന, ഇളിച്ചു കൊണ്ട് ജനവഞ്ചന നടത്തുന്ന, സൗന്ദര്യാത്മകമായി നീതിസംവിധാനത്തെ അട്ടിമറിക്കുന്ന, പ്രതിനിധാന ഹിംസയുടെ പാഠങ്ങളേയും പാരായണ ഗീര്‍വാണങ്ങളേയും ചര്‍വിത ചര്‍വണങ്ങളേയും വംശഹത്യാത്മകമായ അപരവല്‍ക്കരണത്തിന്റെ ജനപ്രിയ പ്രസംഗ പൈങ്കിളിയേയും വംശീയകാമനയുടെ വംശഹത്യാപരമായ മാതൃവാദങ്ങളേയും വൈകിയ വേളയിലെങ്കിലും ചെറുക്കാനാവൂ.

ഡോ. അജയ് ശേഖര്‍ 9895797798.

ലേഖകന്റെ പുതിയ രചന പുത്തന്‍ കേരളം: കേരള സംസ്‌കാരത്തിന്റെ ബൗദ്ധ അടിത്തറ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2018. മറ്റു പ്രധാന കൃതികള്‍, സഹോദരനയ്യപ്പന്‍: റ്റുവേഡ്‌സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചര്‍, അതര്‍ ബുക്‌സ് 2012. കേരള നവോത്ഥാനം: പുതുവായനകള്‍, റെയ്‌വന്‍ 2017. നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വര ദര്‍ശനവും, മൈത്രി 2016. ഡോ. ബി. ആര്‍. അംബേദ്കര്‍, സാഹിത്യ പ്രവര്‍ത്തക സ. സം. 2016. കാലടി സര്‍വകലാശാലയില്‍ ഇംഗ്ലീഷ് അധ്യാപകനും സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസ് കോഡിനേറ്ററും ഗവേഷണ മാര്‍ഗദര്‍ശിയുമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply