നവജനാധിപത്യ പ്രസ്ഥാനം : ജനാധിപത്യ രാഷ്ട്രീയ സമ്മേളനം ആഗസ്റ്റ് 15ന്

ആറ് പതിറ്റാണ്ടായി ഇടതും വലതും മുന്നണികള്‍ മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ദലിത് – ആദിവാസി ജനതയുടെയും മല്‍സ്യത്തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും അസംഘടിത തൊഴിലാളികളുടെയും ജീവിതം ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. ഇത് പരിഹരിക്കാന്‍ കഴിയുന്ന വികസന സമീപനമോ രാഷ്ട്രീയമോ രണ്ട് മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കുമില്ല എന്നതാണ് മുഖ്യ കാരണം. ഈ സാഹചര്യം മുതലെടുത്താണ് കേരളത്തില്‍ കാര്യമായ സ്വാധീനവും സാന്നിദ്ധ്യവും ഇല്ലാതിരുന്ന ഹിന്ദുത്വ ശക്തികള്‍ ഭിന്നതയുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ആചാര സംരക്ഷണത്തിന്റെയും മറവില്‍ ശക്തിപ്പെടാന്‍ ശ്രമിക്കുന്നത്.

 

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതവും എല്ലാ ജനസമൂഹങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കുന്ന ഒരു ഭരണക്രമത്തെ ലക്ഷ്യമാക്കുന്നതും എല്ലാത്തരം വിവേചനങ്ങള്‍ക്കും അഴിമതിക്കും അധാര്‍മ്മികതക്കും എതിരായ രാഷ്ട്രീയ സംസ്‌കാരം ഉള്‍ച്ചേര്‍ന്നതുമായ ഒരു പുതിയ ജനാധിപത്യ പ്രസ്ഥാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്നു. ഈ ദിശയിലുള്ള ആലോചനകളുടെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 2ന് എറണാകുളത്ത് നടന്ന വിവിധ ജില്ലകളില്‍ നിന്നുള്ള സാമൂഹിക – രാഷ്ട്രീയ പ്രവര്‍ത്തകരുടെ യോഗത്തില്‍ ഒരു സംസ്ഥാന സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസ്ഥാനത്തിന്റെ ആദ്യ ജില്ലാ സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 15ന് എറണാകുളത്ത് നടക്കുന്നു.

ഇന്ത്യയെന്ന രാഷ്ട്രവും ജനതയും അതീവ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ഹിന്ദുത്വ രാഷ്ട്രീയം സമസ്ത മേഖലകളിലും ശക്തിപ്പെടുന്നത് ജനാധിപത്യത്തിനും ഭരണഘടനക്കും രാഷ്ട്രത്തിനും കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണം രാജ്യത്തിന്റെ സമ്പദ്ഘടനയെയും സാമൂഹിക ജീവിതത്തെയും സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളെയും തകര്‍ത്തു. അതിന്റെ തുടര്‍ച്ചയാണ് മോദിയുടെ രണ്ടാം വരവില്‍ അതിവേഗത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പശുവിന്റെ പേരില്‍ ദലിതരും മുസ്ലിങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. സംഘപരിവാര്‍ ശക്തികള്‍ രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മുസ്ലിങ്ങളെയും ഇതര ന്യൂനപക്ഷങ്ങളെയും അന്യരാജ്യത്തെ പൗരന്മാരെന്ന പോലെ അപരവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു. സവര്‍ണ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സാമ്പത്തിക സംവരണം അടിച്ചേല്‍പ്പിച്ചുകൊണ്ട് ദലിത്- ആദിവാസി – പിന്നാക്ക- ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും ഇല്ലാതാക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ നല്‍കി.
ദേശീയ സമ്പത്തും പൊതുസ്ഥാപനങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുന്നു. ബി എസ്എന്‍എല്‍ പോലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ റിലയന്‍സിന് വേണ്ടി അടച്ചുപൂട്ടാനുള്ള ശ്രമത്തിലാണ്. റെയില്‍വെ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ മുന്നോട്ടു പോകുകയാണ്. ഇതിലൂടെ ദേശീയ സമ്പത്ത് കൊള്ള ചെയ്യുന്നതിനൊപ്പം സംവരണീയ വിഭാഗങ്ങളുടെ നിലവിലുള്ള തൊഴില്‍ പ്രാതിനിധ്യം പോലും ഇല്ലാതാക്കപ്പെടുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് മോദിയുടെ ഭരണകാലത്തുണ്ടായത്.
ആദിവാസികള്‍ക്ക് വനത്തിലും വനവിഭവങ്ങളിലുള്ള അവകാശങ്ങള്‍ അട്ടിമറിക്കുകയും അവരുടെ ഭൂമി കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ദാനമായി നല്‍കുകയും ചെയ്യുന്നു. കടക്കെണിയിലും വിളനാശത്തിലും വിലയിടിവിലും ജീവിതം ദുരിതത്തിലായ കര്‍ഷകരുടെ ആത്മഹത്യകള്‍ തുടരുകയാണ്. കോര്‍പറേറ്റുകളുടെ ആയിരക്കണക്കിന് കോടി രൂപ എഴുതിത്തള്ളുന്ന ബാങ്കുകള്‍ സര്‍ഫാസി പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ദരിദ്ര ജനതയുടെ ഭൂമിയും പാര്‍പ്പിടവും പിടിച്ചെടുക്കുന്നു. ഭീം കൊറേഗാവ് പോലുള്ള ദലിതരുടെ ആത്മാഭിമാന മുന്നേറ്റങ്ങളെ പിന്തുണച്ചതിന്റെ പേരില്‍ പൗരാവകാശ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചു. പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കപ്പെടുന്നു. ജാതീയ അതിക്രമങ്ങളും വിവേചനങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതര സങ്കല്‍പ്പങ്ങളെ അപ്പാടെ റദ്ദാക്കിക്കൊണ്ട് ഒരു ഫാസിസ്റ്റ് ഭരണകൂടവും വൈവിധ്യങ്ങളെ ഇല്ലാതാക്കി സവര്‍ണ ഹിന്ദുത്വ വാഴ്ച്ചയും സ്ഥാപിക്കാനാണ് ബിജെപി സര്‍ക്കാരും ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാറും ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ പോലെ ഫെഡറലിസത്തെയും പ്രാദേശിക രാഷ്ട്രീയത്തെയും തകര്‍ക്കുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും പോലുള്ള നടപടികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും വാണിജ്യ- വ്യവസായ മേഖലകളെയും തകര്‍ത്തതിനൊപ്പം ഫെഡറലിസത്തെയും ദുര്‍ബലപ്പെടുത്തി. ഇപ്പോഴാകട്ടെ ബജറ്റ് എന്ന സങ്കല്‍പ്പത്തെ തന്നെ അട്ടിമറിച്ച് കൂടുതല്‍ മേഖലകളെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് തുറന്നുകൊടുക്കുന്നു.
വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവല്‍ക്കരിക്കുന്ന തരത്തില്‍ പാഠ്യ പദ്ധതി തന്നെ മാറ്റിയെഴുതാനും അക്കാദമിക്ക് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമായിട്ടുണ്ട്. എല്ലാറ്റിലുമുപരി തീവ്ര ദേശീയവാദത്തെ കെട്ടഴിച്ചുവിട്ടുകൊണ്ട് എല്ലാത്തരം വിയോജിപ്പുകളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി അടിച്ചമര്‍ത്താനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. ചുരുക്കത്തില്‍ പ്രച്ഛന്ന ബ്രാഹ്മണ്യത്തെ അടിത്തറയാക്കുന്ന ഒരു ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനുള്ള നീക്കങ്ങളാണ് സജീവമായിരിക്കുന്നത്.
എന്നാല്‍ ഇതിനെ നേരിടാന്‍ നിര്‍ഭാഗ്യവശാല്‍ ഒരു പ്രതിപക്ഷം പോലുമില്ലാത്ത സ്ഥിതിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായിരിക്കുന്നത്. ഐക്യമില്ലാത്ത, ശിഥിലമായ പ്രതിപക്ഷമാണ് ഒരു തരത്തില്‍ നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്താന്‍ ഒരു പരിധി വരെ സഹായിച്ചത്. സംഘപരിവാര്‍ രാഷ്ട്രീയത്തെ നേരിടാനുള്ള രാഷ്ട്രീയവും ആശയപരവുമായ കഴിവില്ലായ്മയും ദൗര്‍ബല്യങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും മൂലം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിലനില്‍പ്പിനായി പാടുപെടുകയാണ്. ഇടതുപക്ഷമാകട്ടെ ഒരു ദേശീയ സാന്നിധ്യം പോലുമല്ലാതെ കേരളത്തിലേക്ക് ചുരുക്കപ്പെട്ടു. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ പ്രബല ശക്തിയായിരുന്ന സോഷ്യലിസ്റ്റുകള്‍ അപ്രസക്തരായി.
കേരളത്തിലാകട്ടെ ഇരുമുന്നണി രാഷ്ട്രീയത്തിന്റെ സുരക്ഷിതത്വത്തിന് വെല്ലുവിളി ഉയര്‍ത്തി ബിജെപി ശക്തിപ്പെടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയെങ്കിലും കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുന്നതിന് കോണ്‍ഗ്രസും യുഡിഎഫും അശക്തമാണെന്ന് തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. ശബരിമലയില്‍ യുവതിക ളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ സംഘപരിവാറും സവര്‍ണ സംഘടനകളും നടത്തിയ സമരത്തോടൊപ്പമായിരുന്നു അവര്‍. ഫലത്തില്‍ ബിജെപിയുടെ നിലപാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കാനാണ് ഇത് വഴിവെച്ചത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികളും ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ അതൃപ്തിക്കും എതിര്‍പ്പിനും ഇടയാക്കിയിരുന്നു. ഇതാണ് എല്‍ഡിഎഫിന് ഭരണം ലഭിക്കാന്‍ വഴി തുറന്നത്.
എന്നാല്‍ കേരളം നേരിടുന്ന വികസന-സാമ്പത്തിക പ്രതിസന്ധി, ഭൂരഹിതരുടെ പ്രശ്‌നം, അസംഘടിത തൊഴില്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, കാര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ കാര്യങ്ങളിലൊന്നും യുഡിഎഫ് ഭരണത്തില്‍ നിന്ന് വ്യത്യസ്തമായ നയമോ നിലപാടോ എല്‍ഡിഎഫ് സര്‍ക്കാരിനില്ലെന്ന് വ്യക്തമാണ്. ജനങ്ങളുടെ താല്‍പര്യത്തേക്കാള്‍ കോര്‍പറേറ്റുകളുടെയും വന്‍കിട തോട്ടമുടമകളുടെയും താല്‍പര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരും സംരക്ഷിക്കുന്നത്. കസ്റ്റഡി കൊലപാതകങ്ങളും പൊലീസ് അതിക്രമങ്ങളും വ്യാപകമായി. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ഒരു പൊലീസ് സേന പൗരന്റെ സമാധാന ജീവിതത്തിന് ഭീഷണിയായിരിക്കുന്നു.
ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി ഹാരിസണ്‍ പോലുള്ള വന്‍കിട കമ്പനികള്‍ കൈവശം വെക്കുന്നതായി സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടും പിടിച്ചെടുക്കാന്‍ തയ്യാറാകുന്നില്ല. മറുവശത്ത് ദലിതരും ആദിവാസികളും ദരിദ്രരുമായ മനുഷ്യര്‍ കോളനികളിലും ചേരികളിലും പുറമ്പോക്കുകളിലുമാണ് കഴിയുന്നത്. മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന തീരദേശ ജനത പ്രകൃതി ദുരന്തങ്ങള്‍ക്ക് നിരന്തരം വിധേയരാകുമ്പോഴും പരിഹാരമില്ല. യുവാക്കള്‍ക്കിടയിലേക്ക് മയക്കുമരുന്ന് പോലുള്ള വിപത്തുകള്‍ വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. കോളജ് കാംപസുകള്‍ അക്രമ രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളായി. സാധാരണ മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതവും വിദഗ്ധ ചികില്‍സയും ഇപ്പോഴും അപ്രാപ്യമായി തുടരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിസര മലിനീകരണവും കുടിവെള്ള ദൗര്‍ലഭ്യവും നഗരങ്ങളിലും ഗ്രാമങ്ങളിലും ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. ആറ് പതിറ്റാണ്ടായി ഇടതും വലതും മുന്നണികള്‍ മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ദലിത് – ആദിവാസി ജനതയുടെയും മല്‍സ്യത്തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും അസംഘടിത തൊഴിലാളികളുടെയും ജീവിതം ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. ഇത് പരിഹരിക്കാന്‍ കഴിയുന്ന വികസന സമീപനമോ രാഷ്ട്രീയമോ രണ്ട് മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കുമില്ല എന്നതാണ് മുഖ്യ കാരണം. ഈ സാഹചര്യം മുതലെടുത്താണ് കേരളത്തില്‍ കാര്യമായ സ്വാധീനവും സാന്നിദ്ധ്യവും ഇല്ലാതിരുന്ന ഹിന്ദുത്വ ശക്തികള്‍ ഭിന്നതയുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ആചാര സംരക്ഷണത്തിന്റെയും മറവില്‍ ശക്തിപ്പെടാന്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ അപരവല്‍കരിച്ചു കൊണ്ട് ഉത്തരേന്ത്യയിലെന്ന പോലെ വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് അവരുടെ ശ്രമം. നവോത്ഥാനാനന്തരം കേരളത്തില്‍ ശക്തമായിരുന്ന ജാതിവിരുദ്ധതയുടെയും മതേതരത്വത്തിന്റെയും സാമൂഹിക- രാഷ്ട്രീയ ധാരകള്‍ ദുര്‍ബലപ്പെട്ടതും ഇടത് -വലത് പാര്‍ട്ടികള്‍ പ്രകടിപ്പിക്കുന്ന സവര്‍ണ- മൃദു ഹിന്ദുത്വ നിലപാടുകളും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് വളമാകുന്നു.
നവോത്ഥാന മൂല്യങ്ങളെ സമകാലികമായി വീണ്ടെടുക്കാനും മതേതരവും ജനാധിപത്യപരവുമായ ജനകീയ ഐക്യം രൂപപ്പെടുത്താനും കഴിഞ്ഞില്ലെങ്കില്‍
കേരളവും സംഘപരിവാറിന്റെ പിടിയിലമരാനുള്ള സാഹചര്യമാണുള്ളത്.
വിപല്‍ക്കരമായ ഈ സാഹചര്യത്തെ മറികടക്കുന്നതിന് ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയവും ജനകീയ പ്രതിപക്ഷവും അനിവാര്യമായിരിക്കുന്നു. വൈവിധ്യങ്ങളെ അടിച്ചൊതുക്കുന്ന എ കാത്മകമായ ഹിന്ദുത്വ രാഷ്ട്രമായല്ല, വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വവും സാഹോദര്യവും നിലനില്‍ക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കേണ്ടതുണ്ട്. ഭരണഘടന വിഭാവന ചെയ്യുന്ന നീതി ബോധത്തെയും ജനാധിപത്യ അവകാശങ്ങളെയും മുറുകെപ്പിടിക്കാനും വിപുലീകരിക്കാനും കഴിയണം. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ക്കും സവര്‍ണ- സമ്പന്ന വിഭാഗങ്ങള്‍ക്കും പങ്കിട്ട് നല്‍കുന്ന അധികാര രാഷ്ട്രീയത്തെ പരാജയപ്പെടുത്തണം. വിഭവങ്ങളും സമ്പത്തും അധികാരവുമില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പു വരുത്തുന്നതാകണം പുതിയ ജനാധിപത്യ രാഷ്ട്രീയം. പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും തകര്‍ക്കുന്ന വിനാശകരമായ വികസനത്തിന് പകരം പാരിസ്ഥിതിക നീതി ഉറപ്പാക്കുന്ന വികസന നയമുണ്ടാകണം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതും സാമൂഹികവും സാമ്പത്തികവുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതാകണം വികസനം. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഉള്‍പ്പെടെ തുല്യത ഉറപ്പുനല്‍കുന്ന ലിംഗ നീതിയുടെ രാഷ്ട്രീയമാകണം അത്. ജനാധിപത്യത്തെ ഒരു ഭരണ സംവിധാനം എന്നതിലുപരി പൗരന്മാര്‍ക്കിടയിലെ ജീവിത വ്യവസ്ഥയാക്കി മാറ്റാന്‍ കഴിയണം. അധികാര ക്രമത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തണം. അമിതാധികാര പ്രവണത ശക്തമാകുന്ന കാലത്ത് അധികാരത്തെ തന്നെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നതും വികേന്ദ്രീകരിക്കുന്നതുമായ രാഷ്ട്രീയമുണ്ടാകണം.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങളായിരിക്കണം പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കേണ്ടത്. എല്ലാ ജനസമൂഹങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കുന്ന ഒരു ഭരണക്രമത്തെ ലക്ഷ്യമാക്കുന്ന ഒരു രാഷ്ട്രീയം ഉയര്‍ന്നു വരണം. എല്ലാത്തരം വിവേചനങ്ങള്‍ക്കും അഴിമതിക്കും അധാര്‍മ്മികതക്കും എതിരായ ഒരു രാഷ്ട്രീയ സംസ്‌കാരം കൂടി ഉള്‍ച്ചേര്‍ന്നതാകണം അത്. അത്തരം ഒരു രാഷ്ട്രീയം സൃഷ്ടിച്ചെടുക്കുന്നതിന് ഒരു പുതിയ ജനാധിപത്യ പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു.
ഈ ദിശയിലുള്ള ആലോചനകളുടെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 2ന് എറണാകുളത്ത് നടന്ന വിവിധ ജില്ലകളില്‍ നിന്നുള്ള സാമൂഹിക- രാഷ്ട്രീയ പ്രവര്‍ത്തകരുടെ യോഗത്തില്‍ ഒരു സംസ്ഥാന സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എങ്ങനെയായിരിക്കണം എന്ന നിലയിലുള്ള വിപുലമായ ചര്‍ച്ചകളാണ് ഉദേശിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങളിലും മേഖലകളിലും ഉള്‍പ്പെടുന്ന സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകരുമയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. വികസനം, സമ്പദ്ഘടന, കാര്‍ഷിക മേഖല, തൊഴില്‍ മേഖലകള്‍, ദലിത്- ആദിവാസി – പിന്നാക്ക – ന്യൂനപക്ഷ വിഭാഗങ്ങള്‍, സ്ത്രീകള്‍, ലിംഗ ന്യൂനപക്ഷങ്ങള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, കലാ- സാഹിത്യ- സാംസ്‌കാരിക രംഗം തുടങ്ങി വ്യത്യസ്ത മേഖലകള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകളും സെമിനാറുകളും നടത്തും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യപരമായ ചര്‍ച്ചകളും സംവാദങ്ങളും പ്രായോഗിക ഇടപെടലുകളും നടത്തുന്നതിന് ജില്ല, പ്രാദേശിക അടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. ഈ ചര്‍ച്ചകളെല്ലാം സമാഹരിച്ചുകൊണ്ടായിരിക്കും പ്രസ്ഥാനത്തിന്റെ നയം രൂപീകരിക്കുക. ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയത്തില്‍ തല്‍പ്പരരായ മുഴുവന്‍ ആളുകളുടെയും പങ്കാളിത്തത്തോടെ ഡിസംബറോടെ ഒരു പുതിയ പ്രസ്ഥാനം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ ആഗസ്റ്റ് 15 ന് ഉച്ചക്ക് 2 ന് എറണാകുളം സഹോദരന്‍ സൗധത്തില്‍ നടക്കും.

സംഘാടക സമിതിക്ക് വേണ്ടി

സണ്ണി എം കപിക്കാട് 9847036356
കെ കെ കൊച്ച് 9388558534
അഡ്വ. കെ വി ഭദ്രകുമാരി 9447790003
കെ സുനില്‍ കുമാര്‍ 9847072664
അംബിക 9400058466
കെ ഡി മാര്‍ട്ടിന്‍ 9746399137
ടി ടി വിശ്വംഭരന്‍ 9496744612
കെ സന്തോഷ് കുമാര്‍ 9048159590
അഡ്വ. അനീഷ് ലൂക്കോസ് 7994415577
പൊടിയന്‍ 9497246654
ജി ഹരിലാല്‍ 9745968684
അഡ്വ. എന്‍ എം സിദ്ദിഖ് 9961967433
എം ഡി തോമസ് 9847749641
പി ഡി ജോസ് 9495888006
ശരത്ചന്ദ്രന്‍ 9809838860
ശശികുമാര്‍ കിഴക്കേടം
എം പത്മകുമാര്‍ 9388863359
എം ജെ പീറ്റര്‍ 9895561484
പി വി സാനു 9961100181
അജയഘോഷ് 9645477075
പ്രശാന്ത് അപ്പുല്‍ 94001 90555
എം എം വാസുദേവന്‍ 8086108970
സുനില്‍ കോയിലേരിയന്‍ 8606371669

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news, Politics | Tags: | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “നവജനാധിപത്യ പ്രസ്ഥാനം : ജനാധിപത്യ രാഷ്ട്രീയ സമ്മേളനം ആഗസ്റ്റ് 15ന്

  1. Avatar for Critic Editor

    AdvJ SugathanPaul

    FightForDemocracyBeAgainstReligioudFundamentalismAndCasteism

Leave a Reply