ടിസ്സിലെ നവരാഷ്ട്രീയവും കേരളത്തിലെ അരാഷ്ട്രീയ കാമ്പസുകളും

ഇസ്ലാമോഫോബിയ അതിന്റെ പാരമ്യത്തില്‍ നിര്‍ത്തി കാമ്പയിന്‍ സംഘടിപ്പിച്ച ഒരു വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പായിരുന്നു ടിസ്സില്‍ നടന്നത്. എല്ലാ അരഥത്തിലുമുള്ള വെറുപ്പിന്റെ രാഷ്ട്രീയം ഉയര്‍ത്തി നവരാഷ്ട്രീയകൂട്ടായ്മയെ തകര്‍ക്കാന്‍ എ.ബി.വി.പി നേതൃത്വം കൊടുത്തപ്പോള്‍ അതിന്റെ കൂടെ എസ് എഫ്.ഐയും ഉണ്ടായിരുന്നു എന്നത് മത നിരപേക്ഷ സമൂഹത്തെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. വൈസ് ചെയര്‍പേഴ്‌സനായി മല്‍സരിച്ച കേരളത്തില്‍ നിന്നുള്ള മുസ്ലിം പെണ്‍കുട്ടിക്കെതിരെ അങ്ങേയറ്റത്തെ ഇസ്ലാമോ ഫോബിക് ആയിട്ടുള്ള തീവ്രവാദ ചാപ്പകള്‍ നടത്തിയത് മലയാളികളായ എസ്.എഫ്.ഐക്കാരായിരുന്നു

കേരളത്തിലെ തൃശൂര്‍ ജില്ലയിലെ പോളിടെക്‌നിക്കില്‍ പ്രിന്‍സിപ്പലിന്റെ മുട്ട് കാല് തല്ലിഒടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു വിദ്യാര്‍ഥി രാഷ്ട്രീയത്തെ കുറിച്ചും അത് വര്‍ഗ്ഗരാഷ്ട്രീയമാണെന്ന സ്റ്റഡിക്ലാസ്സും നടത്തുന്ന ഒരു വിദ്യാര്‍ഥി നോതാവിനെയും നാം കഴിഞ്ഞ ദിവസങ്ങളില്‍ കേള്‍ക്കുകയും കാണുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് മഹാരാഷ്ട്രയിലെ ടാറ്റ ഇന്‍സ്റ്റിടൂട്ടില്‍ നിന്ന് മറ്റൊരു വാര്‍ത്ത വന്നിരുന്നു. വര്‍ത്തമാന ഇന്ത്യ കേള്‍ക്കാനാഗ്രഹിച്ച വാര്‍ത്തയായിരുന്നു ടിസ്സില്‍ നാം കേട്ടത്. വിദ്യാര്‍ഥിയുണിയന്‍ തിരഞ്ഞെടുപ്പില്‍ ടിസ്സിലെ വിദ്യാര്‍ഥികള്‍ സമ്മതിദാനവകാശം രേഖപ്പെടുത്തിയത് നവരാഷ്ടീയ പ്രസ്ഥാനങ്ങള്‍ക്കായിരുന്നു എന്ന ശുഭപ്രതീക്ഷയുള്ള വാര്‍ത്തയായിരുന്നു അത്. ആദിവാസി ദലിത് മുസ്ലിം സ്വത്വ പ്രതിനിധാനത്തില്‍ നിന്നുള്ള വിവിധങ്ങളായ വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ച് നിന്ന് മല്‍സരിച്ചപ്പോള്‍ മുഖ്യധാര രാഷ്ട്രീയത്തെ ടിസ്സ് കൈയൊഴികയായിരുന്നു.

ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കാന്‍ ടിസ്സിലെ വിജയം വലിയ പ്രചോദകമാവും എന്ന് നിരീക്ഷിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന് മുമ്പേ സ്ഥാപിച്ച ഈ ഉന്നത കലാലയത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യയുടെ ഒരു പരിചേദമായി ടിസ്സിനെ മനസ്സിലാക്കാവുന്നതാണ്.ഇവിടെ മുഖ്യധാരാ രാഷ്ട്രീയത്തെമാറ്റി നിര്‍ത്തി അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ ടിസ്സിലെ വിദ്യാര്‍ഥികള്‍ മുന്നോട്ട് വന്നത് നവരാഷ്ട്രീയത്തിനുള്ള അംഗീകാരമായി മനസ്സിലാക്കപ്പെട്ടുന്നു. ബ്രാഹ്മണിക്കല്‍ ഹെജിമണിയെ അരക്കിട്ടുറപ്പിക്കുന്ന പരമ്പരാഗത വിദ്യാര്‍ഥി സംഘടനകളോട് നോ പറയാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചത് അവരുടെ പൊള്ളുന്ന ജീവിതാനുഭവവും രാഷ്രീയ ഇഛാശക്തിയുമായിരുന്നു. ഭീതിതമായ ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്യത്തിന്റെ തീച്ചൂളയില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഭാവിരാഷ്ട്രീയത്തിലേക്കുള്ള വലിയ കരുതിവെപ്പാണ്.

ജനാധിപത്യത്തിന്റെ എല്ലാ സ്ഥലികളും അപ്രത്യക്ഷമാക്കി കൊണ്ടിരികുന്ന വര്‍ത്തമാന ഇന്ത്യയില്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ വിദ്യാര്‍ഥി പ്രതിനിധാനങ്ങളുടെ വിജയം ഏറെ ആഹ്ലാദകരാണ്. എല്ലാതരം അപവാദ പ്രചരണങ്ങളെയും പ്രതിരോധിച്ച് കൊണ്ട് ഒറ്റക്കെട്ടായി ഈ വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച്‌നിന്നപ്പോള്‍ പുതിയ ഒരു ചരിത്രം സ്രഷ്ടിക്കുകയായിരുന്നു ടിസ്സിലെ വിദ്യാര്‍ഥികള്‍. ഹിന്ദുത്വ ഭീകര പ്രത്യയശാസ്ത്രത്തിന്റെ കാമ്പസിലെ വാനരസേന എന്ന് വിളിക്കപ്പെടുന്ന എ.ബി.വി.പി നടത്തിയ എല്ലാ ഹൈറ്റ് കാമ്പയിനും വിദ്യാര്‍ഥികള്‍ തള്ളിക്കഉയുകയായിരുന്നു. ആദിവാസി ക്വീര്‍ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധി യൂണിയന്‍ ചെയര്‍പേസണായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം പെണ്‍കുട്ടി വൈസ് ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടു.രോഹിത് വെമുല ജീവിതം അസാനിപ്പിച്ചത് അവന്‍ ജനിച്ച് വീണ ജാതിയില്‍ പെട്ടവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവസരം നിഷേധിച്ചപ്പോഴായിരുന്നു. ഇത്തരത്തില്‍ അവസരം നഷ്ടപ്പെട്ടവര്‍ ഒത്തു ചേര്‍ന്ന് അവകാശപോരാട്ടങ്ങള്‍ക്ക്‌നേതൃത്വം കൊടുക്കുന്ന പുതിയ രാഷ്ട്രീയത്തെയാണ് ടിസ്സ് എറ്റെടുത്തിരിക്കുന്നത്.

നിജീബിന്റെ തിരോധാനത്തിന് മറുപടിപറയാതെ ഭരണകൂടം മുന്നോട്ട് പോവുമ്പോള്‍ ‘നജീബ് എവിടെ’ എന്ന് നിരന്തരം ചോദ്യം ചോദിച്ച് കൊണ്ട് ഈ വിദ്യാര്‍ഥിസമൂഹം തെരുവിലും കാമ്പസിലും ഉണ്ടായിരുന്നു. പൗരത്വ പ്രക്ഷോഭ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന നിദ പര്‍വീണ്‍ എന്ന മലയാളിയുടെ പേര് ഹിന്ദുത്വസൈബര്‍ ഫാക്ടറിയില്‍ നിര്‍മിച്ചെടുത്ത സുള്ളിഡീല്‍സ് ബുള്ളിബായി ആപ്പുകളില്‍ ഉണ്ടായിരുന്നു എന്നത് അവരുടെ വിജയത്തിന് മാറ്റ് കൂട്ടുന്നു.അഥവാ സംഘ്പരിവാറിനെതിരെ ശബ്ദിക്കുന്നവരെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയും ഒതുക്കി കളയാം എന്ന അവരുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ടിസ്സില്‍ സംഭവിച്ചത് എന്നര്‍ഥം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അടിച്ചമര്‍ത്തപ്പെട്ട ജനത ഒത്തൊരുമിച്ചാല്‍ ഫാസിസത്തിന്റെ ആക്രോഷങ്ങള്‍ക്ക് നിലനില്‍പില്ലാ എന്നാണ് ടിസ്സിലെ വിജയം ഓര്‍മപ്പെടുത്തുന്നത്.ഇസ്ലാമോഫോബിയ അതിന്റെ പാരമ്യത്തില്‍ നിര്‍ത്തി കാമ്പയിന്‍ സംഘടിപ്പിച്ച ഒരു വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പായിരുന്നു ടിസ്സില്‍ നടന്നത്. എല്ലാ അരഥത്തിലുമുള്ള വെറുപ്പിന്റെ രാഷ്ട്രീയം ഉയര്‍ത്തി നവരാഷ്ട്രീയകൂട്ടായ്മയെ തകര്‍ക്കാന്‍ എ.ബി.വി.പി നേതൃത്വം കൊടുത്തപ്പോള്‍ അതിന്റെ കൂടെ എസ് എഫ്.ഐയും ഉണ്ടായിരുന്നു എന്നത് മത നിരപേക്ഷ സമൂഹത്തെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. വൈസ് ചെയര്‍പേഴ്‌സനായി മല്‍സരിച്ച കേരളത്തില്‍ നിന്നുള്ള മുസ്ലിം പെണ്‍കുട്ടിക്കെതിരെ അങ്ങേയറ്റത്തെ ഇസ്ലാമോ ഫോബിക് ആയിട്ടുള്ള തീവ്രവാദ ചാപ്പകള്‍ നടത്തിയത് മലയാളികളായ എസ്.എഫ്.ഐക്കാരായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ എത്തിപ്പെട്ട ഭുന്തത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടുന്നു. അല്ലെങ്കിലും കേരളത്തിലെ സി.പി.എം ഇപ്പോള്‍ സ്വീകരിച്ച സോഫ്റ്റ് ഹിന്ദുത്വനിലപാടിലേക്ക് കേരളത്തിന് പുറത്തുളള എസ്.എഫ്.ഐയെ സ്വാധീനിക്കുകുന്നതില്‍ വലിയ അല്‍ഭുതങ്ങളില്ല.ഒരു തരത്തിലുള്ള സ്വത്വത്തിന്റെ ഉണര്‍വുകളെയും രാഷ്ട്രീയത്തെയും അംഗീകരിക്കാതെ കേവല വര്‍ഗ്ഗം എന്ന പരികല്‍ പനയില്‍ വിശ്വസിക്കുന്ന യാന്ത്രിക മാര്‍ക്‌സിത്തിന്റെ പിന്‍മുറക്കാര്‍ക്ക് പുതിയ കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ കഴിയില്ല.

രോഹിത് വെമുലയുടെ ജീവത്യാഗവും നജീബിന്റെ തിരോധാനാവും പൗരത്വപ്രക്ഷോഭവും എല്ലാം സജീവ ചര്‍ച്ചയായ ഇത്തരം കാമ്പസുകളില്‍ നവരാഷ്ട്രീയത്തിന്റെ വിദ്യാര്‍ഥികളായിരുന്നു കാസസിനെ സജീവമാക്കി നിലനിര്‍ത്തിയത്. ഉമര്‍ഖാലിദും ഷര്‍ജില്‍ ഇമാമും ഉള്‍പ്പെടെ നിരവധി ചെറുപ്പക്കാര്‍ അന്യായമായി തടവറകളില്‍ അടക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഈ നവരാഷ്ടീയത്തിന്റെ പ്രവര്‍ത്തകരായിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ഇന്ത്യ അഭിമുഖീകരിക്കുന്ന ഫാസിസത്തിന്റെ ദുരന്തങ്ങളെ വിളിച്ചു പറയാനും പ്രതിരോധം സ്രഷ്ടിക്കാനും ഉത്തരേന്ത്യയിലെ ജാമിഅ മില്ലിയ്യ ഉള്‍പ്പടെയുള്ള കാമ്പസുകള്‍ മുന്പന്തിയിലായിരുന്നു. പക്ഷെ ഈ സന്ദര്‍ഭങ്ങളിലെല്ലാം കേരളത്തിലെ കാമ്പസുകള്‍ അരാഷ്ടീയതയുടെ ഉച്ചമയക്കത്തിലായിരുന്നു. നേരത്തെ പറഞ്ഞ നവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ എസ്.എഫ്.ഐക്ക് ആഭിമുഖ്യമുള്ള കാമ്പസുകള്‍ പൊതുവെ അരാഷ്ട്രീയതയുടെ ദുര്‍ഗന്ധം വമിക്കുന്ന ഇടങ്ങളായിരുന്നു.ഏകപാര്‍ട്ടി ബോധം നയിക്കുന്ന ഒരു വിദ്യാര്‍ഥികൂട്ടമായി എസ് എഫ്‌ഐ മാറിയപ്പോള്‍ കാമ്പസുകള്‍ക്ക് നഷ്ടപ്പെട്ടത് അതിന്റെ സര്‍ഗ്ഗാത്മകതയും ജനാധിപത്യ ബോധവുമായിരുന്നു.

സ്വാതന്ത്യത്തിന്റെ ശുദ്ധവായു ലഭിക്കാത്ത ചെകുത്താന്‍ കോട്ടകളായി കേരളീയ കാമ്പസുകളെ മാറ്റി തീര്‍ത്തത് എസ്എഫ്‌ഐ ആണെന്ന് നാം തിരിച്ചറിയുന്നു.തീഷ്ണമായ ഇന്ത്യനവസ്ഥയില്‍ വലിയ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു വരേണ്ട കാമ്പസുകളെ ഇത്ര നിര്‍ജീവമാക്കി ഏകപാര്‍ട്ടി അരാഷ്ടീയ കാമ്പസുകളായി മാറ്റി തീര്‍ത്തു എന്നതാണ് എസ്.എഫ്.ഐയുടെ രണ്ട് പതിറ്റാണ്ട്കാലത്തെ കാമ്പസ് ആധിപത്യം വിളിച്ച്പറയുന്നത്. ആശയ സംവാദത്തിന്റെ സര്‍ഗ്ഗാത്മക ഇടങ്ങളാവേണ്ട കാമ്പസുകളെ ഹിംസാത്മക ഭൂമികയാക്കി മാറ്റിയത് എസ്.എഫ്.ഐയുടെ അക്രമത്തോടുള്ള ആത്മരതിയായിരുന്നു എന്ന് നാം തിരിച്ചറിയുന്നു.ഏറ്റവും ഒടുവില്‍ തൃശൂര്‍ പോളിടെക്‌നിക്കില്‍ നിന്ന് വന്ന വാര്‍ത്ത ഈ അര്‍ഥത്തിലുള്ളതായിരുന്നു. പ്രിന്‍സിപ്പളിന്റെ മുട്ട്കാല് തല്ലി ഒടിക്കുമെന്ന് ആക്രോശിക്കുന്നഒരു വിദ്യാര്‍ഥി നേതാവിനെയാണ് നാം അവിടെ കാണുന്നത്.കണ്ണൂര്‍ പാലയാട് കാമ്പസില്‍ എസ്.എഫ്.ഐ നടത്തിയ മറ്റൊരു അക്രമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ അലന്‍ ഷുഹൈബിനെതിരെ തീവ്രവാദ ചാപ്പ ചാര്‍ത്തി ജയിലിലാക്കാനുള്ള ശ്രമത്തിലാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്ണൂര്‍ യൂണിവേഴ്സ്റ്റി കാമ്പസില്‍ രണ്ടായിരത്തി പതിനഞ്ചിന് ശേഷം ആദ്യമായാണ് എസ്.എഫ്.ഐക്കെതിരെ ഒരാള്‍ മല്‍സര രംഗത്തിറങ്ങുന്നത് എന്ന വാര്‍ത്തയും നാം കേള്‍ക്കുന്നു.എന്ത് കൊണ്ടാണ് അവിടങ്ങളില്‍ മത്സരിക്കാന്‍ ആരും തയാറായി മുന്നോട്ട്വരാത്തത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എസ് എഫ്‌ഐ അല്ലാത്ത വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ അവിടങ്ങളില്‍ ഇല്ലാത്തത് കൊണ്ടല്ല മറിച്ച് ജീവനില്‍ ഭയം ഉള്ളത് കൊണ്ട് പലരും മൗനികളായി തീരുന്നു എന്നുള്ളതാണ് യാഥാര്‍ത്യം. മുട്ട്കാല് തല്ലി ഒടിക്കല്‍ എന്ന കലാപരിപാടി എത്രയോ കാലങ്ങളായി ഇതര വിദ്യാര്‍ഥി സംഘാനാ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി നടത്തുന്നവര്‍ ഇപ്പോള്‍ പ്രിന്‍സിപ്പലിനെതിരെ തിരിഞ്ഞിരിക്കുന്നു എന്നര്‍ഥം. അധ്യാപകര്‍ എന്ന പുതിയ വര്‍ഗ്ഗ ശത്രുവിനെതിരെ ഏതര്‍ഥത്തിലുമുള്ള അക്രമണവും നടത്താനുള്ള പുതിയ വര്‍ഗ്ഗരാഷ്ടീയ സ്റ്റഡിക്ലാസ്സും നടന്ന് കഴിഞ്ഞു. അഥവാ മുട്ട് കാല് തല്ലി ഒടിക്കല്‍ എന്ന മുഖ്യ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കാമ്പസുകളില്‍ ഇവര്‍നടത്തുന്നത് എന്നര്‍ഥം.

ഇത്തരം കാമ്പസുകളില്‍ എങ്ങിനെയാണ് വലിയ ചോദ്യങ്ങളുംസംവാദങ്ങളും രൂപപ്പെടുക. ഒരിക്കലുമില്ല എന്ന് മാത്രമല്ല കൂടുതല്‍ കൂടുതല്‍ അരാഷ്ട്രീയതയുടെ ദുര്‍ഗന്ധം വമിപ്പിച്ച് കൊണ്ടേയിരിക്കും. കേരളത്തില്‍ ഇപ്പോള്‍ പുറത്ത് വരുന്ന മയക്ക് മരുന്ന് മാഫിയാ വാര്‍ത്തകള്‍ കാമ്പസുകളെ കേന്ദ്രീകരിച്ചും ആണെന്ന് നാം കേള്‍ക്കുന്നു. കേരളത്തിലെ പല കാമ്പസുകളും പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഉറച്ച കോട്ടകള്‍ ആണ് എന്നാണ് എസ്എഫ് ഐ അവകാശ വാദ മുന്നയിക്കുന്നത്. ജനാധിപത്യത്തിന്റെ സ്വഛന്ത വായുവിന് വേണ്ടി വര്‍ത്തമാന ഇന്ത്യ പോരടിക്കുമ്പോള്‍ ഉറച്ച കോട്ടകളെ കുറിച്ച് സംസാരിക്കുന്നതിന്റെ ദഹനക്കേട് എസ് എഫ് ഐക്ക് മനസ്സിലായിട്ടില്ല.വര്‍ത്തമാനകാലവും വര്‍ത്തമാന ഇന്ത്യയും ഫാസിസത്തിനെതിരെ പ്രതിരോധനിര തീര്‍ക്കുമ്പോള്‍ അവരോടൊത്ത് ഐക്യപ്പെടാതെ കട്ടപിടിച്ച കോട്ടകള്‍ക്കകത്ത് ഇരുന്ന് ഫാസിസ്റ്റുകളുടെ ടൂളായി പ്രവര്‍ത്തിക്കേണ്ടുന്ന ഗതികേടിലാണ് ഇന്ന് എസ് എഫ് ഐയുള്ളത്. അതിനാല്‍ ഒറ്റ വര്‍ണ്ണമുള്ള ചെകുത്താന്‍ കോട്ടകളായ കാമ്പസിനെ സ്വപ്നം കാണുന്നതിന് പകരം വിശാലതയും വായു സഞ്ചാരപുമുള്ള ജനാധിപത്യത്തിന്റെ ബഹു വര്‍ണ്ണത്തിലേക്ക് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയേണ്ടിയിരിക്കുന്നു. നവരാഷ്ടീയത്തോട് ചേര്‍ന്ന്‌പോവാന്‍ സാധ്യമല്ലെങ്കില്‍ മാന്യമായ സംവാദത്തിന് തയ്യാറാവാകുയാണ് എസ് എഫ് ഐ ചെയ്യേണ്ടത്. അല്ലാതെ ഫാസിസ്റ്റുകളുമായി സന്ധി ചെയ്തും ഹിംസയുടെ പുതിയ രീതി ശാസ്ത്രം ആവിഷ്‌കരിച്ചും കോട്ടകള്‍ സംരക്ഷികുകയല്ല വേണ്ടത്.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply