ജനാധിപത്യത്തെ പുറകോട്ടുവലിച്ച നവകേരള സദസ്സ്

ഉമ്മന്‍ ചാണ്ടി ഒറ്റക്ക് പതിനായിരങ്ങളെ നേരില്‍ കണ്ടു എങ്കില്‍ ഇവിടെ ക്ഷണിക്കപ്പെട്ടവരെയൊഴികെ ഒരു മന്ത്രിയും ഒരാളേയും കണ്ടില്ല എന്നതാണ് വസ്തുത. ഒരു തരത്തിലുള്ള വിമര്‍ശനവും ഉന്നയിക്കാതെ സര്‍ക്കാരിനു കയ്യടിക്കുന്നവര്‍ മാത്രമായിരുന്നു എല്ലായിടത്തും ക്ഷണിക്കപ്പെട്ടത്. ഒരാളില്‍ നിന്നും ഒരു പരാതിയും വാങ്ങിയില്ല

ഏറെവിവാദങ്ങള്‍ക്കു തിരി കൊളുത്തിയ നവകേരളസദസ്സ് സമാപിച്ചിരിക്കുകയാണല്ലോ. മന്ത്രിസഭ ഒന്നടക്കം ജനങ്ങളിലേക്കിറങ്ങി ചെല്ലുന്നു എന്നവകാശപ്പെട്ടു നടത്തിയ അഭൂതപൂര്‍വ്വമായ ഈ പരിപാടിയുടെ ബാക്കിപത്രം എന്താണെന്ന പരിശോധന വളരെ പ്രസക്തമാണ്. സംസ്ഥാനത്തിന്റെ എല്ലാ നിയോജകമണ്ഡലങ്ങളിലും എല്ലാ മന്ത്രിമാരുമെത്തി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു എന്നവകാശപ്പെട്ടുള്ള, ചലിക്കുന്ന കാമ്പിനറ്റ് എന്നു വിശേഷിപ്പിക്കപ്പെട്ട നവകേരള സദസ്സുകള്‍ ജനാധിപത്യത്തിന്റെ ഒരു കുതിച്ചുചാട്ടമെന്നൊക്കെയാണ് വിശേഷിപ്പിക്കപ്പെട്ടത്. ആശയപരമായി അത് ശരിയായിരിക്കാം. എന്നാല്‍ പ്രായോഗികമായി സംഭവിച്ചത് അതാണോ എന്നു പരിശോധിച്ചാല്‍ അല്ല എന്നുതന്നെ പറയേണ്ടിവരും.

സാങ്കേതിക വിദ്യ ഇത്രത്തോളം വളര്‍ന്ന കാലത്ത് ഇത്രയധികം പണം മുടക്കി എല്ലാ മന്ത്രിമാരും ഒന്നിച്ച് ഭരണനിര്‍വ്വഹണം ശക്തിപ്പെടുത്താന്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ടോ, സംസ്ഥാനത്തിന്റെ പൊതു ഖജനാവിലെ പണത്തിന്റെ ഭൂരിഭാഗത്തിന്റേയും ഗുണഭോക്താക്കളായ സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കുകയല്ലേ വേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയിലും ഈ ചോദ്യം ഉയര്‍ന്നിരുന്നു. അപ്പോഴും ഒരു ചെറിയ വ്യത്യാസമുണ്ടായിരുന്നു.. അന്ന് മുഖ്യമന്ത്രി നേരിട്ട് പരാതി വാങ്ങിയിരുന്നു, മിക്കതിനും കയ്യോടെ പരിഹാരം കണ്ടിരുന്നു എന്നതാണത്. അതു ചെറിയ കാര്യമല്ല. നവകേരളസദസില്‍ അതുപോലും ഉണ്ടായില്ല. ഒരു മന്ത്രിപോലും ഒരു പരാതി പോലും നേരിട്ട് വാങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസില്‍ കൊടുക്കുന്നതിനുപകരം സദസിനു സമീപമൊരുക്കിയ കൗണ്ടറുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പരാതികള്‍ വാങ്ങി. അവ പിന്നീട് അതേ സര്‍ക്കാര്‍ ഓഫീസുകളിലേക്കുതന്നെ അയച്ചു. അവയില്‍ മിക്കതും അവിടത്തെ ചുവപ്പുനാടയില്‍ മുന്നെ കിടക്കുന്നവ തന്നെ. മന്ത്രിമാര്‍ക്ക് നല്‍കിയാല്‍ അവയവിടെ കിടക്കില്ല എന്നു ധരിച്ചാണ് ജനങ്ങള്‍ സദസിലെത്തി അതേ പരാതികള്‍ നല്‍കിയത്. പരമാവധി ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന അവകാശവാദമൊക്കെ വെള്ളത്തില്‍ വരച്ച വര. കാസര്‍ഗോഡുനിന്നുള്ള പരാതികളുടെ പത്തുശതമാനം പോലും പരിഹരിച്ചിട്ടില്ല. അവസാനമായപ്പോള്‍ പരാതി എന്ന പദം ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം പോലും വന്നു. പകരം അപേക്ഷയെന്നോ നിവേദനമെന്നോ ഉപയോഗിക്കണമെന്ന്. കാരണം വളരെ വ്യക്തം. പതിനായിരകണക്കിനു പരാതികള്‍ ഓരോ മണ്ഡലത്തില്‍ നിന്നും ലഭിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഉത്തരവിട്ടവര്‍ക്ക് ബോധ്യമായി എന്നതുതന്നെ. അപേക്ഷ, നിവേദനമൊന്നൊക്കെ പറഞ്ഞാല്‍ അര്‍ത്ഥം മാറിയല്ലോ.

ഉമ്മന്‍ ചാണ്ടി ഒറ്റക്ക് പതിനായിരങ്ങളെ നേരില്‍ കണ്ടു എങ്കില്‍ ഇവിടെ ക്ഷണിക്കപ്പെട്ടവരെയൊഴികെ ഒരു മന്ത്രിയും ഒരാളേയും കണ്ടില്ല എന്നതാണ് വസ്തുത. ഒരു തരത്തിലുള്ള വിമര്‍ശനവും ഉന്നയിക്കാതെ സര്‍ക്കാരിനു കയ്യടിക്കുന്നവര്‍ മാത്രമായിരുന്നു എല്ലായിടത്തും ക്ഷണിക്കപ്പെട്ടത്. പൗരപ്രമുഖര്‍. പരിപാടി വന്‍വിജയമാണെന്നു കാണിക്കാന്‍ പന്തലുകള്‍ നിറക്കുക മാത്രമായിരുന്നു സാധാരണക്കാരുടെ ഉത്തരവാദിത്തം. അതിനായി തൊഴിലുറപ്പുകാരേയും വിദ്യാര്‍ത്ഥികളേയും അങ്കണ്‍വാടി ജീവനക്കാരേയും കുടുംബശ്രീക്കാരേയും തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ളവരെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുവന്നതിന്റെ എത്രയോ വാര്‍ത്തകള്‍ പുറത്തുവന്നു. കുട്ടികളോടു ചെയ്യുന്നതിന്റെ ക്രൂരതക്കെതിരെ കോടതികള്‍ പോലും രംഗത്തുവന്നു. മാത്രമല്ല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ പോലും കൈകടത്തിയാണ് പണം പിരിവ് നടത്തിയത്.

എന്തായിരുന്നു നവ കേരള സദസ്സിന്റെ ലക്ഷ്യമെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും വ്യക്തമായി ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. തുടക്കം കേട്ടത് പരാതികള്‍ സ്വീകരിക്കാനെന്ന്. പിന്നീട് കേട്ടു കേന്ദ്രത്തിനെതിരെ എന്ന്. പിന്നീട് കേട്ടതോ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനെന്ന്. എന്തോ ആകട്ടെ കേരളവും കേരളീയരും ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴായിരുന്നു ആഘോഷപൂര്‍വ്വം ഈ പരിപാടി നടന്നത് എന്നതില്‍ സംശയമില്ല. ഈ കാലഘട്ടത്തിലെ തന്നെ വിവിധ വാര്‍ത്തകളിലൂടെ കടന്നു പോയാലതു ബോധ്യമാകും. സദസ് തുടങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത നാല് ആത്മഹത്യകള്‍ തന്നെ നോക്കൂ. സര്‍ക്കാര്‍ വാങ്ങിയ നെല്ലിന്റെ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ആത്മഹത്യ ചെയ്ത ആലപ്പുഴയിലെ പ്രസാദ് എന്ന കര്‍ഷകന്‍, ലൈഫ് വീടുപണി തീര്‍ക്കാനാവാതെ കടം കയറി മരണത്തെ വരിച്ച പത്തനംതിട്ടയിലെ ഗോപി, നവകേരളസദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കടഹര്‍ജിയെഴുതിവെച്ച് ജീവിതം അവസാനിപ്പിച്ച കണ്ണൂരിലെ കഷകന്‍ സുബ്രഹ്മണ്യന്‍, വയനാട്ടിലെ ക്ഷീരകര്‍ഷകന്‍ ജോയി. പിന്നേയും നിരവധി അത്തരം വാര്‍ത്തകള്‍ കണ്ടു. അവസാനം കഴിഞ്ഞ ദിവസം സാമ്പത്തിക ബാധ്യതയാല്‍ കൂട്ട ആത്മഹത്യ ചെയ്ത കൊല്ലത്തെ സംരംഭകന്‍. കര്‍ഷകരും കെ എസ് ആര്‍ ടി സി ജീവനക്കാരും അംഗന്‍വാടി ടീച്ചര്‍മാരും സ്‌കൂളുകളിലെ പാചകതൊഴിലാളികളും വിവിധ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരും ചികിത്സക്കു മാര്‍ഗ്ഗമില്ലാതെ മാറാരോഗങ്ങള്‍ പിടിപെട്ടവരും വിവിധമേഖലകളിലെ താല്‍ക്കാലിക ജീവനക്കാരും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ചെറുകിട വ്യാപാരികളും കോണ്‍ട്രാക്ടര്‍മാരും സംരംഭകരും അവരുടെ ജീവനക്കാരുമെല്ലാം വന്‍ പ്രതിസന്ധിയിലാണ്. ക്ഷേമപെന്‍ഷനായി കോടതി കയറിയ മറിയക്കുട്ടിയുടെ വാര്‍ത്തകളും അവരുടേത് രാഷ്ട്രീയ പ്രേരിത നടപടിയെന്നു സര്‍ക്കാര്‍ പറഞ്ഞതും.കോടതി അതിനെ രൂക്ഷമായി വിമര്‍ശിച്ചതും കണ്ടു. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമപെന്‍ഷനുകളെല്ലാം മാസങ്ങളുടെ കുടിശികയിലാണ്. സപ്ലെക്കോയുടെ ക്രിസ്മസ് ചന്തയില്‍ സബ്സിഡി സാധനങ്ങളില്ലാത്തതും വാര്‍ത്തയായി. ഇതിനോടൊന്നും പ്രതികരികകാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ നവകേരളസദസ്സിനേയും കേരളത്തിലെ ഭരണത്തേയും പ്രകീര്‍ത്തിച്ചു കൊണ്ടിരുന്നത്.

ജനാധിപത്യസംവിധാത്തോട് മുഖ്യമന്ത്രിയടക്കം ഭരണപക്ഷം സ്വീകരിച്ച നിഷേധാത്മക നിലപാടിന്റേ പോരിലായിരിക്കും നവകേരള സദസ്സ് ഭാവിയില്‍ അറിയപ്പെടാന്‍ പോകുന്നത്. നവകേരള സദസ്സില്‍ പങ്കെടുത്ത് തങ്ങളുടെ നിലപാടുകള്‍ ശക്തമായ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവസരമുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷെ അതിനു തയ്യാറാകാതിരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. മാത്രമല്ല സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശവും അവര്‍ക്കുണ്ട്. അവകാശമെന്നല്ല പറയേണ്ടത്, അവരുടെ ഉത്തരവാദിത്തമാണത്. അതു കേള്‍ക്കാനും അതിനോട് ഗുണാത്മക നിലപാടെടുക്കാനും സ്വാഗതാര്‍ഹമായ കാര്യങ്ങള്‍ ഉൾക്കൊള്ളാനുമാണ് ഭരണപക്ഷം ശ്രമിക്കേണ്ടത്. അങ്ങനെയാണ് ജനാധിപത്യം പരിപക്വമാകുന്നത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കണ്ണൂരില്‍ വെച്ച് ഏതാനും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി സര്‍ക്ക്രാര്‍ തന്നെയാണ് പ്രകോപനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം സംഭവിച്ചത് ഒരു ജനാധിപത്യ സംവിധാനത്തില്‍ നടക്കാന്‍ പാടി്ല്ലാത്ത കാര്യങ്ങളായിരുന്നു. സര്‍ക്കാര്‍ പരിപാടിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ നിയമപരമായി നേരിടാന്‍ ഇവിടെ പോലീസും നീതി ന്യായസംവിധാനവും നിലവിലുണ്ട്. എന്നാല്‍ പാര്‍ട്ടിക്കാര്‍ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടു്ന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അവര്‍ക്കതിനുള്ള അനുവാദം നല്‍കിയതും പ്രോത്സാഹിപ്പിച്ചതും മുഖ്യമന്ത്രി തന്നെയായിരുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഹെല്‍മറ്റുകൊണ്ടും ചെടിച്ചട്ടി കൊണ്ടും പട്ടികകള്‍ കൊണ്ടും തലക്കടിക്കല്‍, കനാലിലേക്ക് വലിച്ചെറിയല്‍, കരി ഓയില്‍ ഒഴിക്കല്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തന്നെ നിയമവിരുദ്ധമായി മര്‍ദ്ദിക്കല്‍, അംഗപരിമിതരെപോലും അതിക്രൂരമായി മര്‍ദ്ദിക്കലും അതിനെ പോലും ന്യായീകരിക്കലും, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും പോലീസ് സ്റ്റേഷനില്‍ കയറിപോലും മര്‍ദ്ദനവും രാത്രിയില്‍ വീടുകള്‍ അടിച്ചു തകർക്കലുമെല്ലാം  കേരളം കണ്ടു. ഒപ്പം അവസാനദിവസങ്ങളില്‍ സഹികെട്ട് കോണ്‍ഗ്രസ്സുകാര്‍ തിരിച്ചടിച്ചതും. ഫലത്തില്‍ കേരളത്തിലെ തെരുവുകളെ യുദ്ധക്കളമാക്കുകയാണ് നവകേരളയാത്ര ചെയ്തത്. ഗൺമാനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു. മറുവശത്ത് മാധ്യമ പ്രവർത്തകക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരെ സർക്കാർ കേസെടുത്തു. സമാപന ദിവസം ഒരു പ്രകോപനവുമില്ലാതെയാണ് കെ പി സി സി മാർച്ചിനെതിരെ പോലീസ് അതിക്രമം നടന്നത്. രാഷ്ട്രീയത്തെ  കൂടുതല്‍ കക്ഷിരാഷ്ട്രീയവല്‍ക്കരിക്കുകയും ക്രിമിനല്‍വല്‍ക്കരിക്കുകയും ഫലത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കുകയും ജനാധിപത്യത്തെ പുറകോട്ടുവലിക്കുകയുമാണ് ഈ സദസുകള്‍ ആത്യന്തികമായി ചെയതത്. എന്നതാണ് വസ്തുത. പാര്‍ട്ടിക്കും നേതാക്കള്‍ക്കും വേണ്ടി കൊല്ലാനും ചാവാനും തല്ലാനും തയ്യാാറാകുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതാണ് നവകേരളം എന്നര്‍ത്ഥം.

അവസാനവിശകലത്തില്‍ നമുക്കു ബോധ്യമാകുക ഇതൊരു സര്‍ക്കാര്‍ പരിപാടിയായിരുന്നില്ല എന്നു തന്നെയാണ്. മറിച്ച് പാര്‍ട്ടി പരിപാടി തന്നെയായിരുന്നു. വരാന്‍പോകുന്ന ലോകസഭാതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള പ്രചാരണജാഥ മാത്രമായിരുന്നു അത്. ഉദ്ഘാടനസമ്മേളനത്തില്‍ തന്നെ സര്‍്ക്കാരിന്റെ ഭാഗമല്ലാത്ത പാര്‍ട്ടിനേതാക്കളെ വേദിയിലിരുത്തുക വഴി സര്‍ക്കാര്‍ അതിന്റെ നയം വ്യക്തമാക്കിയിരുന്നു. അതിന്റെ ചെലവുകളാകട്ടെ പൊതു ഖജനാവില്‍ നിന്നും. എന്നാല്‍ അവര്‍ ഈ പരിപാടിയിലൂടെ പ്രതീക്ഷിച്ചതു നേടാനായിട്ടുണ്ടോ? ഇല്ല എന്നു തന്നെയാണ് അവസാനവിശകലനത്തില്‍ വ്യക്തമാകുന്നത്. ആ അര്‍ത്ഥത്തില്‍ നവകേരള സദസ്സ് പരാജയം മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply