കൊവിഡാനന്തരം വേണം പ്രകൃതികേന്ദ്രീകൃതമായ പുതുരാഷ്ട്രീയം
മനുഷ്യന്‍ നിര്‍മ്മിച്ച രാജ്യാതിര്‍ത്തികള്‍ക്കൊന്നും ഒരര്‍ത്ഥവുമില്ല എന്നു ബോധ്യമാകുന്ന സാഹചര്യത്തില്‍ പരസ്പരമുള്ള ശത്രുതകള്‍ അവസാനിപ്പിക്കാനാണ് രാജ്യങ്ങള്‍ തയ്യാറാകേണ്ടത്. സൈന്യവും ആയുധങ്ങളൊന്നുമില്ലാത്ത ലോകമാണ് ഇനിയുണ്ടാകേണ്ടത്. അതിനായി ചിലവഴിക്കുന്ന കോടികള്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി ചിലവഴിക്കണം. അതുപോലെതന്നെ പ്രധാനമാണ് കമ്യൂണിസത്തിലും മുതലാളിത്തത്തിലും മതരാഷ്ട്രത്തിലും ശാസ്ത്രത്തിലുമൊന്നും ചരിത്രം അവസാനിക്കുന്നില്ല എന്ന തിരിച്ചറിവ്. ജനാധിപത്യത്തിലും സുതാര്യതയിലും സാമൂഹ്യ – സാമ്പത്തിക നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യസംവിധാനത്തിനായാണ് ഇനി ചിന്തകര്‍ അന്വേഷിക്കേണ്ടത്. തീര്‍ച്ചയായും അതിലെ ഒരു പ്രധാന ഭാഗം പ്രകൃതി സംരക്ഷണമായിരിക്കണം. മനുഷ്യരെ മാത്രമല്ല, പ്രകൃതിയെ ഒന്നടങ്കം പരിഗണിക്കുന്ന ഒരു ആശയസംഹിതയാണ്, രാഷ്ട്രീയമാണ് കൊവിഡാനന്തരകാലത്ത് നമുക്ക് വഴികാട്ടിയാകേണ്ടത്.
വിട്ടുപോയിക്കൊണ്ടിരിക്കുന്നു എന്ന് ലോകം കരുതിയ കൊറോണ വൈറസ് നിരവധി ജനിതകമാറ്റങ്ങളോടെ, കൂടുതല്‍ കരുത്തോടെ ആഞ്ഞടിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഇരയായി ഇന്ത്യ മാറിയിരിക്കുന്നു. പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്നവരുടെ വാര്‍ത്തകള്‍ സാധാരണമായി മാറിയിരിക്കുന്നു. ഒപ്പം നമ്മളോരുരുത്തരും ക്യൂവിലാണെന്ന് ഓര്‍മ്മിപ്പിച്ച് മൃതദേഹങ്ങളുടെ ക്യൂവിന്റെ കാഴ്ചയും. അപ്പോഴും കൊവിഡിനെ പ്രതിരോധിക്കാന്‍ ഏകമാര്‍ഗ്ഗമെന്നു കരുതപ്പെടുന്ന വാക്സിന്‍ ഏറ്റവും വലിയ കച്ചവടചരക്കാകുന്നു. തീര്‍ച്ചയായും ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ ഈ ദുരന്തത്തിന്റെ തീവ്രത കൂട്ടാന്‍ കാരണമായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ് ഏതാനും മാസങ്ങള്‍ ലഭിച്ചിട്ടും, രണ്ടാം തരംഗം പ്രതീക്ഷിച്ചിട്ടും കാര്യമായ പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചില്ല എന്നത് മാപ്പര്‍ഹിക്കുന്ന തെറ്റല്ല. ആവശ്യത്തിന് ഓക്സിജന്‍ സംഭരിക്കാനുള്ള നീക്കം പോലും നടന്നില്ല എന്നതില്‍ നിന്നുതന്നെ ഭരണകൂട വീഴ്ചയുടെ മുഖം വ്യക്തമാണല്ലോ. ആരോഗ്യമേഖലയില്‍ ഏറ്റവും മുന്നിലെന്നഭിമാനിക്കുന്ന കേരളത്തില്‍ പോലും സ്ഥിതി വലിയ വ്യത്യാസമില്ല. മരണനിരക്കില്‍ മിക്ക സംസ്ഥാനങ്ങളേക്കാള്‍ ഭേദമാണെന്നതു മാത്രമാണ് നമ്മുടെ നേട്ടം. അതേസമയം ഈ രീതിയില്‍ പോകുകയാണെങ്കില്‍ പല സംസ്ഥാനങ്ങളിലും കാണുന്ന കാഴ്ചകള്‍ കേരളത്തിലും ആവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രിതന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
ഏതുവിഷയത്തിലുമെന്നപോലെ കൊവിഡ് പ്രതിരോധത്തിലും അടിയന്തിരനടപടികളും ദീര്‍ഘകാലനടപടികളും അനിവാര്യമാണ്. സാമൂഹ്യജീവിതത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ മുതല്‍ വാക്സിനേഷന്‍ വരെ ഒരു വശത്ത് നടക്കട്ടെ. ഒപ്പം ഭാവിയെ കുറിച്ചുള്ള ചിന്തകളും അനിവാര്യമാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലത്ത് അത്തരം ചര്‍ച്ചകളൊക്കെ നടന്നിരുന്നു. എന്നാല്‍ കൊവിഡ് വിട്ടുപോകുന്നു എന്ന ധാരണ വന്നതോടെ അതെല്ലാം വിസ്മരിക്കപ്പെട്ടു. അത്തരം ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പുതിയ സാഹചര്യം വിരല്‍ ചൂണ്ടുന്നത്. അത്തരം ചിന്തയുടെ മര്‍മ്മപ്രധാനമായ വശം മനുഷ്യകേന്ദ്രീകൃതമായ നമ്മുടെ ചിന്തകളും പ്രത്യയശാസ്ത്രങ്ങളും കൈവിടുക എന്നതു തന്നെയാണ്. മറിച്ച് പ്രകൃതികേന്ദ്രീകൃതമായ ചിന്തകളിലേക്ക് നാം മാറേണ്ടതുണ്ട്. അതിന്റെ ഭാഗമായി നമ്മെതന്നെ കാണാനും തയ്യാറാകണം. കൊവിഡ് നല്‍കുന്ന പ്രധാന പാഠം തന്നെ അതാണ്. പക്ഷെ ഇപ്പോഴും അതു തിരിച്ചറിയാന്‍ കഴിയാത്തവരാണ് നാം, പ്രത്യേകിച്ച് മലയാളികള്‍. സമീപ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പല ചര്‍ച്ചകളും വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. പ്രകൃതിയെ കുറിച്ച് പറയുന്നവരെയെല്ലാം ആക്ഷേപിച്ച് മൂലക്കിരുത്തുന്നതില്‍ വികസനവാദികളും ശാസ്ത്രമാത്രവാദികളും പല യുക്തിവാദികളും മത്സരിക്കുകയാണ്. വികസന മൗലിക വാദികളായ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വാഭാവികമായും ഇവര്‍ക്കൊപ്പമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സത്യത്തില്‍ ഇത്തരമൊരു സംവാദം കേരളത്തിലാരംഭിച്ചിട്ട് ദശകങ്ങളായിട്ടുണ്ട്. സൈലന്റ് വാലി സംരക്ഷിക്കാനുള്ള പ്രക്ഷോഭം മുതല്‍ അത് പ്രകടമാണ്. വികസനമോ പരിസ്ഥിതിയോ പ്രധാനം എന്ന രീതിയിലായിരുന്നു അന്നത്തെ ചര്‍ച്ച. ഇക്കാലയളവില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളില്‍ നിന്നുതന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രകടമാണ്. നികത്തപ്പെട്ട നെല്‍വയലുകളും ക്വാറികള്‍ നിറഞ്ഞ പശ്ചിമഘട്ടവും മലിനമായ കടലടക്കമുള്ള ജലാശയങ്ങളും കാലാവസ്ഥാവ്യതിയാനവും പ്രളയവും വരള്‍ച്ചയുമൊന്നും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. മരമുണ്ടായിട്ടാണോ കടലില്‍ മഴപെയ്യുന്നതെന്ന പഴയ യുക്തിവെച്ചാണ് ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നവരെ നേരിടുന്നത്. പലരീതിയിലുള്ള പനികള്‍ മുതല്‍ കൊവിഡും നിപ്പയുമടക്കമുള്ള ആധുനികകാല രോഗങ്ങളുടെയെല്ലാം ഉത്ഭവത്തില്‍ പരിസ്ഥിതിനാശത്തിനു പങ്കുണ്ടെന്ന് വ്യക്തമായിട്ടും ഈ പഴയ യുക്തി കൈവിടാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല എന്നതാണ് ഖേദകരം.
മനുഷ്യചരിത്രം മറ്റുപലതിന്റേതുമെന്നപോലെ മഹാദുരന്തങ്ങളുടേയും ചരിത്രമാണ്. അത് യുദ്ധങ്ങളുടേയും പ്രകൃതിക്ഷോഭങ്ങളുടേയും മഹാമാരികളുടേയും രൂപത്തിലായിരിക്കാം. ആ പരമ്പരയിലെ അവസാനത്തേതല്ല കൊവിഡ് എന്നുറപ്പ്. സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും രാജ്യത്തില്‍ നിന്നുമെല്ലാം മുന്നേറി ആഗോളമനുഷ്യനായി മാറിയ, ലോകത്തെ വിരല്‍ത്തുമ്പിലേക്കാവാഹിച്ച മനുഷ്യന്‍ എത്ര പെട്ടന്നാണ് തിരിച്ചു യാത്ര ചെയ്തത്. ലോകത്തെ കൈവിരല്‍ത്തുമ്പിലൊതുക്കിയവര്‍ക്ക് കൈവിരല്‍ത്തുമ്പുകളെ ഭയന്ന് കഴുകാന്‍ സ്പിരിട്ടും മുഖത്ത് മാസ്‌കുകളും സഹജിവികളെ അകറ്റിനിര്‍ത്തുകയും ചെയ്യേണ്ട അവസ്ഥ. മനുഷ്യനെ കേന്ദ്രസ്ഥാനത്തുനിര്‍ത്തിയ പ്രത്യയശാസ്ത്രങ്ങളെല്ലാം ഇവിടെ നിസ്സഹായരാകുന്നു. മനുഷ്യവിമോചനത്തിന്റെ ഏറ്റവും തീഷ്ണമായ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ലോകത്തിനു മുന്നില്‍ വന്‍മതില്‍ തീര്‍ത്തവരില്‍ നിന്നാണല്ലോ ഈ മഹാരോഗത്തിന്റെ ഉദ്ഭവം. മറുവശത്ത് കമ്യൂണിസത്തിന്റെ ആഗോളശത്രുവെന്ന് അവകാശപ്പെടുന്ന മുതലാളിത്തരാജ്യങ്ങളുടെ അവസ്ഥയും ലോകം കണ്ടു. മതരാഷ്ട്രങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. മതരാഷ്ട്രമാകാന്‍ ശ്രമിക്കുന്ന ഇന്ത്യയുടെ അവസ്ഥയാകട്ടെ ഏറ്റവും ഭീതിജനകവും. പേരിലും ആശയങ്ങളിലും എന്തെല്ലാം വൈവിധ്യങ്ങളുണ്ടെങ്കിലും ഈ പ്രത്യയശാസ്ത്രങ്ങളെല്ലാം മനുഷ്യകേന്ദ്രീകൃതമാണ്. മനുഷ്യന്റെ ഭൗതികമോ ആത്മീയമോ ആയ ഉന്നതിയെ കുറിച്ചാണ് അവയെല്ലാം പറയുന്നത്. മറ്റെല്ലാം അതിനുള്ള ഉപാധികള്‍ മാത്രം.
തീര്‍ച്ചയായും ഇതുമായി ബന്ധപ്പെട്ടാണ് ശാസ്ത്രമാത്രവാദത്തേയും കാണേണ്ടത്. സമീപദിവസങ്ങളില്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലായിരിക്കുന്ന ഒരു വാചകം ഇതാണ്. ശാസ്ത്രം മാത്രമാണ് അറിവന്റെ ഉപാധി. എത്രമാത്രം സങ്കുചിതമാണ് ഈ നിലപാട്. ജനിച്ചുവീഴുന്ന കുഞ്ഞ് ഓരോ നിമിഷവും നേടുന്ന അറിവ് ഇവര്‍ വിശേഷിപ്പിക്കുന്ന ശാസ്ത്രത്തില്‍ നിന്നു മാത്രമാണോ? മനുഷ്യന് ഇന്നറിയാവുന്ന ശാസ്ത്രവിവരങ്ങളുടെ കൈപിടിയിലൊതുങ്ങാത്ത എത്രയോ വിവരങ്ങളും വസ്തുക്കളും ഈ അനന്തമായ പ്രപഞ്ചത്തിലുണ്ട്. അതിനൊരിക്കലും അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കവയ്യ. എന്നാല്‍ തങ്ങള്‍ക്ക് അറിയുന്ന ശാസ്ത്രം വെച്ച് തെളിയിക്കപ്പെടുന്നത് മാത്രമാണ് വസ്തുതകള്‍ എന്നാണ് ഇവര്‍ വാദിക്കുന്നത്. ശാസ്ത്രം തെളിയിച്ച എത്രയോ പ്രതിഭാസങ്ങള്‍ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരിക്കുന്നു എന്നതുപോലും ഇവര്‍ ഓര്‍ക്കുന്നില്ല. ശാസ്ത്രം കൈകാര്യ ചെയ്യുന്നവര്‍ എന്ന രീതിയില്‍ മനുഷ്യനാണ് ലോകത്തിന്റെ അധിപനെന്ന് അവര്‍ വാദിക്കുന്നു. മനുഷ്യനുവേണ്ടി പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും എങ്ങനെ നശിപ്പിക്കാനും അവകാശമുണ്ടെന്നും… മാധവ് ഗാഡ്ഗിലാകുന്നു ഇവരുടെ പ്രധാന ശത്രു. ഒപ്പം അലോപ്പതി ഒഴികെയുള്ള വൈദ്യശാസ്ത്രങ്ങളെ പോലും മന്ത്രവാദമായി വ്യാഖ്യാനിക്കുന്നതും കാണുന്നു. തങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ലെങ്കിലും മറ്റു വൈദ്യശാഖകള്‍ കൊവിഡ് ചികിത്സ നടത്തരുത് എന്ന വാദം നിരന്തരമായി ഉയരുന്നത് നാം കാണുന്നുണ്ടല്ലോ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സത്യത്തില്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ഒരു മാതൃക ലോകത്തിന് മുന്നിലുണ്ട്. അതാകട്ടെ പൊതുവില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ക്യൂബയില്‍ നിന്നാണ്.. സോവിയറ്റ് യൂണിയനുമായിട്ടുള്ള വ്യാപാര ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് 1989ല്‍ ക്യൂബ വലിയൊരു ഭക്ഷ്യപ്രതിസന്ധിയെ നേരിട്ടു. അവര്‍ക്കാവശ്യമായ രാസവളങ്ങള്‍, കീടനാശിനികള്‍, പെട്രോള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയെല്ലാം റഷ്യയില്‍ നിന്നും വരണമായിരുന്നു. പ്രതിസന്ധി രൂക്ഷമായപ്പോള്‍ മറികടക്കാന്‍ ശ്രദ്ധേയമായ ആസൂത്രണ പദ്ധതികളാണ് ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ക്യൂബ നടപ്പാക്കിയത്. പ്രാദേശികമായ അറിവുകളും വിഭവങ്ങളും ഉപയോഗിച്ചുള്ള ജൈവ ഭക്ഷ്യകൃഷിയില്‍ കേന്ദ്രീകരിക്കാനായിരുന്നു പ്രധാന തീരുമാനം. കാര്‍ഷിക സര്‍വകലാശാലയില്‍ ജൈവകൃഷി കോഴ്‌സ് ആരംഭിച്ചു. കീടരോഗ നിയന്ത്രണത്തിന് നാടന്‍ അറിവുകളെ പ്രയോജനപ്പെടുത്തി. വൈവിധ്യമുള്ള വിളകള്‍ ഒരുമിച്ച് കൃഷി ചെയ്തു. ഇത്തരത്തില്‍ വളരെ പെട്ടെന്ന് രാജ്യം ഭക്ഷ്യസുരക്ഷ തിരിച്ചെടുത്തു. അമേരിക്കയെ മാത്രമല്ല, സോവിയറ്റ് യൂണിയനേയും ക്യൂബ മുട്ടുകുത്തിക്കുകയായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് കൊറോണകാലം മനുഷ്യസമൂഹത്തെ കുറിച്ചുള്ള ഒരു പുനപരിശോധനാ കാലവുമാകണമെന്ന വിലയിരുത്തലിന്റെ പ്രസക്തി. മനുഷ്യന്‍ നിര്‍മ്മിച്ച രാജ്യാതിര്‍ത്തികള്‍ക്കൊന്നും ഒരര്‍ത്ഥവുമില്ല എന്നു ബോധ്യമാകുന്ന സാഹചര്യത്തില്‍ പരസ്പരമുള്ള ശത്രുതകള്‍ അവസാനിപ്പിക്കാനാണ് രാജ്യങ്ങള്‍ തയ്യാറാകേണ്ടത്. സൈന്യവും ആയുധങ്ങളൊന്നുമില്ലാത്ത ലോകമാണ് ഇനിയുണ്ടാകേണ്ടത്. അതിനായി ചിലവഴിക്കുന്ന കോടികള്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി ചിലവഴിക്കണം. അതുപോലെതന്നെ പ്രധാനമാണ് കമ്യൂണിസത്തിലും മുതലാളിത്തത്തിലും മതരാഷ്ട്രത്തിലും ശാസ്ത്രത്തിലുമൊന്നും ചരിത്രം അവസാനിക്കുന്നില്ല എന്ന തിരിച്ചറിവ്. ജനാധിപത്യത്തിലും സുതാര്യതയിലും സാമൂഹ്യ – സാമ്പത്തിക നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യസംവിധാനത്തിനായാണ് ഇനി ചിന്തകര്‍ അന്വേഷിക്കേണ്ടത്. തീര്‍ച്ചയായും അതിലെ ഒരു പ്രധാന ഭാഗം പ്രകൃതി സംരക്ഷണമായിരിക്കണം. മനുഷ്യരെ മാത്രമല്ല, പ്രകൃതിയെ ഒന്നടങ്കം പരിഗണിക്കുന്ന ഒരു ആശയസംഹിതയാണ്, രാഷ്ട്രീയമാണ് കൊവിഡാനന്തരകാലത്ത് നമുക്ക് വഴികാട്ടിയാകേണ്ടത്. അത്തരത്തിലുള്ള ചിന്തകള്‍ക്കു കൂടി ഈ ദുരന്തകാലം ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ മനുഷ്യസമൂഹത്തിന്റെ ഭാവി തുടര്‍ന്നും രോഗാതുരമാകുമെന്നതില്‍ സംശയം വേണ്ട.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ജോസഫ് വി ഫിലിപ്പ് കുട്ടി
May 1, 2021 at 2:35 am
കോവിടാനന്തരം എന്നത് കൊണ്ട് കോവ്ഡ് കഴിഞ്ഞു എന്നല്ലേ?
ശുദ്ധമായ ഭക്ഷണം അതും ജൈവ ഭക്ഷണം അല്ലേ ഇന്ന് നമ്മുക്ക് അനിവാര്യം.