മുല്ലപ്പെരിയാര്‍ : അതിതീവ്രമഴയുടെ കാലത്തെങ്കിലും തെറ്റുതിരുത്താന്‍ കേരളത്തിനാകുമോ?

ഒന്നിലധികം കക്ഷികള്‍ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനതത്വം തന്നെ ആ കരാറില്‍ ഏര്‍പ്പെടുന്ന കക്ഷികള്‍ക്ക് സമാനമായിട്ടുള്ള നേട്ടങ്ങള്‍ ഉണ്ടാകണം എന്നാണ്. നിര്‍ഭാഗ്യവശാല്‍ മുല്ലപ്പെരിയാര്‍ കരാറിനെ സംബന്ധിച്ച് അതിന്റെ നേട്ടങ്ങള്‍ മുഴുവന്‍ തമിഴ് നാടിനാണ്. കേരളത്തിന് ലഭിക്കുന്നത് ഒരേക്കറിന് 30 രൂപ വച്ച് 8000 ഏക്കറിനുള്ള പാട്ടത്തുകയും 8760 യൂണിറ്റിന് 18 രൂപ എന്നുള്ള ഏറ്റവും തുച്ഛമായ റോയല്‍റ്റിയുമാണ്. അണകെട്ടിനു താഴെയുള്ള ജനങ്ങളുടെ ദുരിതം, സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഇതെല്ലാമാണ് കേരളത്തിന്റെ നേട്ടങ്ങള്‍. അതായത് ഏതു കരാറിന്റേയും അടിസ്ഥാനതത്വമാകേണ്ട ഈക്വല്‍ ഷെയറിംഗ് അല്ല ഇവിടെ നടക്കുന്നത്. ഇക്കാര്യം എന്തുകൊണ്ടോ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആയിട്ട് കേരള സര്‍ക്കാരിന് കഴിയുന്നില്ല എന്നതാണ് ഖേദകരം.

2011ലെ മഴക്കാലത്ത് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം അന്നത്തെ ജലവിഭവ വകുപ്പുമന്ത്രി, മുല്ലപ്പെരിയാര്‍ വിഷയം ആലോചിച്ച് .എനിക്ക് രാത്രി ഉറക്കം വരുന്നില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു തുടര്‍ന്ന് കുറെനാള്‍ കേരളം ഈ വിഷയം ഏറ്റെടുത്തു പലയിടങ്ങളിലും പ്രകടനങ്ങളും മറ്റു പരിപാടികളും നടന്നു ചപ്പാത്തില്‍ 2006 മുതല്‍ തുടര്‍ന്നുവന്നിരുന്ന സമരപന്തലില്‍ രാഷ്ട്രീയ നേതാക്കള്‍ തുടര്‍ച്ചയായി വരുന്ന സാഹചര്യം ഉണ്ടായ. മാധ്യമങ്ങളും വലിയതോതില്‍ ഈ വിഷയം ഏറ്റെടുത്തു അതിനുമുമ്പും ശേഷവും ഇത് അണക്കെട്ടിന് തൊട്ടുതാഴെയുള്ള പ്രദേശങ്ങളിലെ കുറെ മനുഷ്യരുടെ മാത്രം പ്രശ്‌നമായിരുന്നു. കേരളത്തിലെ പൊതുസമൂഹമോ ഭരണകൂടമോ ഇതൊരു പ്രധാന വിഷയമായി പരിഗണിച്ചിരുന്നില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇപ്പോള്‍ 125 വയസ്സ് തികഞ്ഞിരിക്കുന്നു. 1886ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ് ഇന്ത്യ സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ പാട്ടക്കരാര്‍ പ്രകാരമാണ് അണക്കെട്ട് നിര്‍മ്മാണം തുടങ്ങുന്നത്. മുല്ലയാറും പെരിയാറും ചേരുന്നിടത്ത് ഉണ്ടാക്കിയ അണക്കെട്ടിന് 155 അടി ഉയരവും 1300 അടി നീളവുുമുണ്ട്. അണക്കെട്ടിനു പിന്നില്‍ രൂപപ്പെട്ട തേക്കടി തടാകത്തിന് 8000 ഏക്കര്‍ വിസ്തൃതിയും 440 ദശലക്ഷം ഘന
നമിറ്റര്‍ ജലസംഭരണ ശേഷിയുമുണ്ട്. ജലസംഭരണശേഷിയില്‍ കേരളത്തിലെ അണക്കെട്ടുകളില്‍ അഞ്ചാം സ്ഥാനമാണ് മുല്ലപ്പെരിയാറിന്. അണകെട്ടിനോട് ചേര്‍ന്ന 8000 ഏക്കറില്‍ ഭൂമിയില്‍ ഒഴുകിയെത്തുന്ന മുഴുവന്‍ ജലവും ബ്രിട്ടീഷ് ഇന്ത്യ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. 999 വര്‍ഷത്തേക്കാണ് കരാര്‍.ഏക്കറൊന്നിന് 5 രൂപയായിരുന്നു പാട്ടമായി നിശ്ചയിച്ചത്. ആ 5 രൂപക്ക് ഇന്നു ലക്ഷങ്ങളുടെ വിലയുണ്ടെന്നത് ശരി. അതായത് കൈമാറുന്ന വെള്ളത്തിന്റെ മൂല്യം തിരുവിതാംകൂറിന് ലഭ്യമാക്കിയിരുന്നു എന്നു കരുതാം.

രാജ്യത്തിനു സ്വതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനു മുമ്പുള്ള കരാറുകള്‍ തുടരാനോ അവസാനിപ്പിക്കാനോ ഇന്ത്യക്ക് അവകാശമുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം ഉണ്ടായില്ല. എന്നാല്‍ 1970 മെയ് 21ന് 1886 പാട്ട കരാറിലെ മിക്ക വ്യവസ്ഥകളും അതേപടി നിലനിര്‍ത്തി കരാര്‍ പുതുക്കി നല്‍കുകയായിരുന്നു കേരളം ചെയ്തത്. മാത്രമല്ല കൊണ്ടുപോകുന്ന ജലത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തമിഴ്‌നാടിനെ അനുവദിക്കുകയും ചെയ്തു. വാസ്തവത്തില്‍ ഈ ആവശ്യം തമിഴ്‌നാട് മുന്നേ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ അതിനെതിരെ കേസ് നടത്തി, കൊണ്ടുപോകുന്ന വെള്ളം ജലസേചനത്തിനൊഴികെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ല എന്ന വിധി നേടിയിരുന്നു. അതിനെ അവഗണിച്ചായിരുന്നു പുതിയ ധാരണ. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനു പകരം വളരെ തുച്ഛം റോയല്‍റ്റി കേരളത്തിനു നല്‍കാനും ധാരണയായി. 999 വര്‍ഷം എന്ന കേട്ടുകേള്‍വി പോലുമില്ലാത്ത പാട്ടക്കാലാവധി പോലും തിരുത്താന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. ഇതാണ് നമ്മുടെ പരാജയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം.

സുരക്ഷ ആണല്ലോ മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിഷയം 1920കള്‍ മുതല്‍ തന്നെ ഇതില്‍ പലവട്ടം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വന്നിട്ടുണ്ട് തുടര്‍ന്ന് 1976ല്‍ ഇടുക്കി അണക്കെട്ട് കമ്മീഷന്‍ ചെയ്തതിനു പിന്നാലെ ആ പ്രദേശങ്ങളില്‍ ചെറിയ തോതിലുള്ള ഭൂമികുലുക്കം വ്യാപകമായി അനുഭവപ്പെട്ടിരുന്നു 79ലെ കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്ന് വലിയ ദുരന്തം ഉണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്ര ജല കമ്മീഷന്‍ ഇടപെട്ട് ഇവിടത്തെ പരമാവധി ജലനിരപ്പ് 136 അടിയാക്കി കുറച്ചത്. തുടര്‍ന്ന് ജലകമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിരവധി അറ്റകുറ്റ പണികള്‍ തമിഴ്‌നാട് ചെയ്യുകയുണ്ടായി. എന്നാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട് എന്നും സമ്മര്‍ദം ചെലുത്തിയിരുന്നു.  ഇതിനിടയില്‍ അണകെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക കേരളത്തിന്റെ ഭാഗത്തുനിന്ന് വര്‍ദ്ധിച്ചുവന്നു. ജനങ്ങള്‍ സര്‍ക്കാരില്‍ വലിയ തോതില്‍ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. ഒപ്പം ഇരുഭാഗത്തുനിന്നും പല കേസുകളും വിവിധ കോടതികളിലായി എത്തി. സുപ്രീംകോടതി കേസുകളെല്ലാം ഒന്നാക്കി. എന്നാല്‍ 2012ല്‍ കേരളത്തിന് സുപ്രീം കോടതിയില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു പരാജയത്തിന് പ്രധാന കാരണം നമ്മുടെ ഭാഗത്തു നിന്നുള്ള പാളിച്ചകള്‍ തന്നെയായിരുന്നു.

കേരളം പ്രധാനമായും പുതിയ അണക്കെട്ട് പണിയണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. നിലവിലുള്ള അണക്കെട്ട് സുരക്ഷിതമല്ല എന്നും അത് ഡീകമ്മീഷന്‍ ചെയ്യണമെന്നുമുള്ള ആവശ്യത്തില്‍ നില്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതുപോലെ കാരാറിലെ നീതികേടും പുഴയുടെ പാരിസ്ഥിതിക നീരൊഴുക്ക് തടയപ്പെടുന്നതും കടുവാ സങ്കേതത്തിന്റെ പ്രശ്‌നങ്ങളും ഉന്നയിക്കണമായിരുന്നു. എന്നാല്‍ പുതിയ ഡാം എന്നതിലേക്ക് ഫോക്കസ് ചെയ്യതാണ് പരാജയകാരണം എന്നു കരുതാം. അതേസമയം ജലനിരപ്പ് 136 അടിയില്‍ നിന്നും 142 ഉയര്‍ത്താനായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സത്യത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. ജലനിരപ്പ് 136 അടിയാക്കിയ.ശേഷം തമിഴ് നാട് കൊണ്ടുപോയിരുന്ന ജലത്തിന്റെ അളവ് അതിനുമുമ്പത്തേക്കാള്‍ കൂടുതലായിരുന്നു. അതായത് ജലനിരപ്പ് താഴ്ത്തിയിട്ടും തമിഴ് നാടിന് ലഭിച്ചിരുന്ന ജലത്തില്‍ ഒരു കുറവുമുണ്ടായിട്ടില്ല എന്നര്‍ത്ഥം. എന്നിട്ടും ജലനിരപ്പ് ഉയര്‍ത്തണമെന്ന് സുപ്രീംകോടതി പറഞ്ഞതില്‍ ഒരു ന്യായവുമുണ്ടായിരുന്നില്ല. അതേസമയം ഡാം സുരക്ഷയെ കുറിച്ച് പല കമ്മിറ്റികളും പഠിച്ചിരുന്നു. സുപ്രിംകോടതിതന്നെ കമ്മിറ്റിയെ നിയമിച്ചിരുന്നു. ആ കമ്മിറ്റി പക്ഷെ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാതെ തന്നെ അണക്കെട്ട് സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് കൊടുക്കുകയായിരുന്നു. കമ്മിറ്റിയില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ശ്രീ പരമേശ്വരന്‍ നായര്‍ അണകെട്ട് സുരക്ഷിതമല്ല എന്ന് വിയോജനകുറി്‌പ്പെഴുതിയിരുന്നു. പക്ഷേ കേന്ദ്ര ജല കമ്മീഷനും തമിഴ്‌നാടും ഒരുപോലെ തന്നെ അത് സുരക്ഷിതമാണ് എന്ന നിലപാട് എടുക്കുകയായിരുന്നു.

രണ്ടാംവട്ടം സുപ്രീം കോടതിയില്‍ കേസ് വന്ന സമയത്ത് വീണ്ടും കോടതി ഒരു കമ്മിറ്റിയെ വെച്ചു. ആ കമ്മിറ്റിയില്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ഭാഗത്തുനിന്ന് എക്‌സ് ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നു. കേരളത്തിന്റെ പ്രതിനിധി ജസ്റ്റിസ് കെ ടി തോമസായിരുന്നു. തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ജസ്റ്റിസ് ലക്ഷ്മണയും. നിര്‍ഭാഗ്യവശാല്‍ ആ കമ്മിറ്റിയും ഡാം വളരെ സുരക്ഷിതമാണ് എന്ന നിലപാടാണ് എടുത്തത്.

വാസ്തവത്തില്‍ 152 അടിയാണ് ഡാമിന്റെ ഉയരമെങ്കിലും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന ടണല്‍ തുടങ്ങുന്നത് 104 അടിയിലാണ്. ആ 104 അടിയുടെ താഴെയുള്ള ഭാഗത്ത് എക്കാലവും വെള്ളം നിലനില്‍ക്കും. ഒരിക്കലും ജലനിരപ്പ് അതിനു താഴേക്ക് പോകില്ല. 104 അടിക്കു താഴെയുള്ള ഭാഗത്ത് പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യത്തെ എന്നും തമിഴ്‌നാട് എതിര്‍ക്കുകയായിരുന്നു. ഒരിക്കല്‍ മുങ്ങി പരിശോധന നടത്താന്‍ വന്ന സംഘത്തെ തമിഴ് നാട് സര്‍ക്കാര്‍ തിരിച്ചയക്കുകയും ചെയ്തു. അതായത് ശാസ്ത്രീയമായ പരിശോധനയ്ക്ക് പോലും തയ്യാറാവാതെ ഡാം സുരക്ഷിതമാണെന്ന് തമിഴ് നാട് ആവര്‍ത്തിച്ചു പറയുന്ന സാഹചര്യമാണുള്ളത് ഉള്ളത്

ഇവിടെ പുതിയൊരു സാഹചര്യം കൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. 2018ലെ വെള്ളപ്പൊക്കം മഴയെ കുറിച്ചുള്ള കേരളത്തിന്റെ സങ്കല്‍പത്തെ ആകെ മാറ്റി മറിച്ചിരിക്കുകയാണ് അതിതീവ്രമായിട്ടുള്ള മഴ ഏതുസമയത്തും വരാമെന്നാണ് 2018 -19 കാലത്തെ അനുഭവങ്ങള്‍ നമ്മളോട് പറയുന്നത് ഈ വര്‍ഷവും പെട്ടിമുടിയല്‍ അതിതീവ്ര മഴ പെയ്തു എന്നുള്ള ചില സൂചനകള്‍ നമുക്ക് ലഭിക്കുന്നുണ്ട്. അതിതീവ്രമായ മഴയാണ് തുടര്‍ച്ചയായി കേരളത്തില്‍ പെയ്യുന്നത്. മുല്ലപ്പെരിയാറിന് 648 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശം ഉണ്ട്. ഈ പ്രദേശത്ത് അതി ശക്തമായ മഴ പെയ്യുകയാണ് എന്നുണ്ടെങ്കില്‍ പ്രത്യേകിച്ച് ആ സമയത്ത് അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്ക് മേലെയാണ് എന്നുണ്ടെങ്കില്‍ വളരെ പെട്ടെന്ന് തന്നെ അണകെട്ട് നിറഞ്ഞു കവിയാനുള്ള സാഹചര്യമുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്നാണ് ഡെല്‍ഹി IITയുടെ പഠനം പറഞ്ഞിട്ടുള്ളത്. റിച്ചര്‍ സ്‌കെയിയില്‍ ആറിനു മീതെയുള്ള ഭൂകമ്പമുണ്ടായാലും ഡാമിനു ഭീഷണിയാണെന്ന പഠനവുമുണ്ട്.

ഡെല്‍ഹി IITയുടെ പഠനത്തിന്റെ ഗൗരവം ഇപ്പോഴത്തെ പുതിയ മഴയുടെ സാഹചര്യത്തില്‍ വളരെ കൂടുതലാണ്. 2018ലെ മഴക്കാലത്ത് മൂന്നുദിവസംകൊണ്ട് ഇടുക്കി ഡാമിലേക്ക്‌ ഒഴുകി എത്തിയ് 435 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. മുല്ലപ്പെരിയാറിന്റെ ആകെ സംഭരണശേഷി 440 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ്. നല്ലൊരു ശതമാനം വെള്ളം എല്ലാ സമയത്തും അതില്‍ ഉണ്ടാവുകയും ചെയ്യും. ഏകദേശം ഇടുക്കിക്ക് തുല്യമായ വൃഷ്ടിപ്രദേശമാണ് മുല്ലപ്പെരിയാറിനുമുള്ളത്. അന്ന് ഇടുക്കിയുടെ സംഭരണപ്രദേശത്തു പെയ്ത മഴ മുല്ലപ്പെരിയാറിന്റെ പരിസരത്തായിരുന്നു പെയ്തതെങ്കില്‍ ഡാം നിറഞ്ഞുകവിയുമായിരുന്നു. എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നുള്ളത് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. ഈ വിഷയം ഗൗരവത്തിലെടുക്കയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. വേണ്ടിവന്നാല്‍ നിയമപരമായി നടപടികളുമെടുണം. അതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. അല്ലെങ്കില്‍ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് അതിതീവ്രമഴ പെയ്യരുതെന്ന് പ്രാര്‍ത്ഥിക്കാനേ നമുക്കു കഴിയൂ.

പൂര്‍ണ്ണമായും കേരളത്തിനകത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ടും തേക്കടി തടാകവും മുല്ലപ്പെരിയാറിന്റെ മുഴുവന്‍ വൃഷ്ടിപ്രദേശം പെരിയാര്‍ നദിയില്‍ തന്നെ തമിഴ്‌നാട്ടില്‍ ആകെയുള്ളത് 114 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. 5400 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തീര്‍ണ്ണം. നിയമപരമായി തമിഴ്‌നാട്ടിനെ സംബന്ധിച്ച് ഒരു അവകാശവും മുല്ലപ്പെരിയാറിനെ കുറിച്ച് ഉണ്ടായിരുന്നില്ല. 1970ല്‍ നമ്മള്‍ കരാറ് കൊടുക്കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് അതനുസരിച്ചുള്ള അവകാശം ലഭിക്കുന്നത്. പക്ഷേ ഈ കരാര്‍ ഒപ്പിടുമ്പോള്‍ പുഴയുടെ അടിസ്ഥാന അവകാശംപോലും നിഷേധിച്ചിരിക്കുകയാണ്. അണകെട്ടില്‍ വരുന്ന വെള്ളം പൂര്‍ണമായും കിഴക്കോട്ട് തിരിച്ചുവിടുകയാണ്. പുഴയിലെ പാരിസ്തിതിക നീരൊഴുക്കുപോലും ഉറപ്പിച്ചിട്ടില്ല. പുഴക്കുതാഴെയുള്ള ജനങ്ങളുടെ ജലാവശ്യങ്ങളും പരിഗണിച്ചില്ല. അതുകൊണ്ടുതന്നെ ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. പുഴയുടെ പാരിസ്ഥിതിക അവകാശങ്ങളുടെ നിഷേധമാണ്. ഒപ്പംതന്നെ ഭരണഘടനയുടെ 48 എ വകുപ്പിന്റെ ലംഘനവുമാണ്.

ഒന്നിലധികം കക്ഷികള്‍ തമ്മില്ലുള്ള കരാറിന്റെ അടിസ്ഥാനതത്വം തന്നെ ആ കരാറില്‍ ഏര്‍പ്പെടുന്ന കക്ഷികള്‍ക്ക് സമാനമായിട്ടുള്ള നേട്ടങ്ങള്‍ ഉണ്ടാകണം എന്നാണ്. നിര്‍ഭാഗ്യവശാല്‍ മുല്ലപ്പെരിയാര്‍ കരാറിനെ സംബന്ധിച്ച് അതിന്റെ നേട്ടങ്ങള്‍ മുഴുവന്‍ ഒരു വിഭാഗത്തിന് മാത്രമാണ്. നിയമപരമായ ഒരവകാശവും ഇല്ലാതിരുന്ന ഒരു പുഴയുടെ ജലം പൂര്‍ണമായും തമിഴ്‌നാടിനു ലഭിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ വലിയ തോതിലുള്ള സാമ്പത്തികനേട്ടം അവര്‍ക്കുണ്ടാകും. ആ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു, കൃഷി നടത്തുന്നു മറ്റ് ആവശ്യങ്ങളെല്ലാം നിറവേറ്റുന്നു. മറുവശത്ത് കേരളത്തിന് ലഭിക്കുന്നത് ഒരേക്കറിന് 30 രൂപ വച്ച് 8000 ഏക്കറിനുള്ള പാട്ടത്തുകയും 8760 യൂണിറ്റിന് 18 രൂപ എന്നുള്ള ഏറ്റവും തുച്ഛമായ റോയല്‍റ്റിയുമാണ്. അണകെട്ടിനു താഴെയുള്ള ജനങ്ങളുടെ ദുരിതം, സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഇതെല്ലാമാണ് കേരളത്തിന്റെ നേട്ടങ്ങള്‍. അതായത് ഏതു കരാറിന്റേയും അടിസ്ഥാനതത്വമാകേണ്ട ഈക്വല്‍ ഷെയറിംഗ് അല്ല ഇവിടെ നടക്കുന്നത് എന്നുള്ള കാര്യം എന്തുകൊണ്ടോ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാരിന് കഴിയുന്നില്ല എന്നതാണ് ഖേദകരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply