മോഹന്‍ ഭഗവതിന്റേത് വംശീയവെറിയുടെ dog whistle – ബിനോജ് നായര്‍

ഇന്ത്യയുടെ പുതിയ രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമായ മോഹന്‍ ഭഗവത് വിജയദശമിയോട് അനുബന്ധിച്ച് നടത്തിയ കുടുംബാസൂത്രണയോഗമായിരുന്നു മിക്ക ചാനലുകളിലും ഇന്നലത്തെ ചര്‍ച്ചാവിഷയം. ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന മുസ്ലിം വിരോധം എന്നത്തേയും പോലെ മറച്ചു വെച്ച് ഐക്യം, കൂട്ടായ പരിശ്രമം, രാജ്യസ്‌നേഹം തുടങ്ങിയ പഞ്ചാരവാക്കുകള്‍ തന്നെയായിരുന്നു ഭാഗവതിന്റെ ഇന്നലത്തേയും ടൂള്‍കിറ്റ്. എന്നാല്‍, പൂച്ചകളെപ്പോലെ പെറ്റുകൂട്ടുന്ന മുസ്ലീമുകള്‍ ഈ രാജ്യം മുടിയ്ക്കും എന്ന് പറയാതെ പറഞ്ഞ രാജഋഷിയുടെ പ്രസംഗത്തെ വാച്യാര്‍ത്ഥത്തില്‍ മാത്രമെടുത്തു ചര്‍ച്ച ചെയ്ത നമ്മുടെ ചാനലുകള്‍ എന്നെ നിരാശനാക്കി എന്നതാണ് വാസ്തവം.

മതവിഭാഗങ്ങള്‍ തമ്മിലുള്ള ജനസംഖ്യാ അസന്തുലനം എന്ന ഭാഗവതിന്റെ പ്രസംഗത്തിലെ ബൗദ്ധികം, അക്കാദമിക് എന്നൊക്കെ തോന്നിച്ചേയ്ക്കാവുന്ന ഭാഗം മാത്രം കൃത്യമായി അടര്‍ത്തിയെടുത്തായിരുന്നു മിക്ക ചാനലുകളും ചര്‍ച്ചയ്ക്ക് വെച്ചത്. ഇത് കൊണ്ട് സംഭവിച്ചതോ, മുസ്ലീമുകള്‍ക്കെതിരെയുള്ള ഒരു വംശീയ ഒളിയാക്രമണത്തിന് വല്ലാത്തൊരു ദാര്‍ശനിക പരിവേഷം ചാര്‍ത്തി നല്‍കാനായി എന്നത് മാത്രം. RSSനെ പൊതുമധ്യത്തില്‍ പൗഡറിടിച്ചു വെളിപ്പിച്ചെടുക്കാനായി പ്രത്യേക ക്വേട്ടേഷന്‍ എടുത്ത രാഹുല്‍ ഈശ്വറെപ്പോലുള്ള ആട്ടിന്‍തോല്‍ ധാരികള്‍ക്ക് ഭാഗവതിന്റെ നിരീക്ഷണം നിഷ്‌കളങ്കവും മതേതരവുമാണെന്ന് പറഞ്ഞുവെയ്ക്കനുള്ള അവസരവും ഇത് തുറന്നു കൊടുത്തു.

എന്നാല്‍, ചാനലുകള്‍ കണ്ടില്ലെന്ന് നടിച്ചതോ കാണാത്തതോ ആയ ചില വിഷയങ്ങള്‍ ഇവിടെ അവതരിപ്പിക്കാം. ഒന്നാമതായി, മതപരിവര്‍ത്തനത്തെപ്പറ്റിയുള്ള ഭാഗവതിന്റെ അഭിപ്രായം. ഇന്ത്യയില്‍ ജനസംഖ്യാ അസന്തുലനത്തിനുള്ള പ്രധാന കാരണമായി ഭഗവത് പറയുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്നതില്‍ നിന്ന് തന്നെ അസന്തുലനം എന്നത് ഹിന്ദുമതത്തില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിനെ ലക്ഷം വെക്കാനായി കണ്ടെത്തിയ ഒരു ‘മതേതര’ പ്രയോഗം മാത്രമാണെന്ന് വ്യക്തം. ഇതിനൊപ്പം അദ്ദേഹം ചേര്‍ത്ത് വെക്കുന്നത് അസന്തുലനം ഇല്ലാതാക്കാനായി നിയമനിര്‍മ്മാണം വേണമെന്നും അത് എല്ലാ മതങ്ങളും പാലിയ്ക്കണമെന്നുമാണ്. ഇവിടെയും വളഞ്ഞു മൂക്ക് പിടിയ്ക്കുന്ന മോഹന്‍ജി പറയാതെ പറയുന്നത് മതപരിവര്‍ത്തന നിരോധന നിയമം വേണമെന്ന് തന്നെയല്ലേ? ഇത് നമ്മുടെ നാട്ടിലെ ചാനലുകള്‍ക്ക് മനസ്സിലാവാഞ്ഞിട്ടോ അതോ അത് ചര്‍ച്ച ചെയ്താല്‍ രാജ്യദ്രോഹികള്‍ എന്ന വിളിപ്പേര് വീഴുമെന്ന് ഭയന്നിട്ടോ?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മതപരിവര്‍ത്തന നിരോധനത്തിനായി ഒളിയുദ്ധം നടത്തുന്ന സര്‍സംഘചാലകന്‍ ജനസംഖ്യാ നിയന്ത്രണത്തെപ്പറ്റി എന്ത് പറയുന്നു എന്ന് കൂടി ശ്രദ്ധിയ്ക്കുക. 2.1 എന്ന ഫെര്‍ട്ടിലിറ്റി റേറ്റ് ലക്ഷ്യം വെച്ച ഭാരതം 2.0 എന്ന നേട്ടം കൈവരിച്ചെന്നും ഇനിയും താഴോട്ട് പോകുന്നത് വിപരീതഫലം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. മുസ്ലീമുകള്‍ പെറ്റുപെരുകുന്നത് എങ്ങനെയും നിയമം മൂലം നിരോധിക്കാന്‍ ഇറങ്ങി പുറപ്പെട്ട RSSന് ഇതെന്തു പറ്റി എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. കാര്യത്തിന്റെ ഗുട്ടന്‍സ് ഞാന്‍ പറഞ്ഞു തരാം.

ജനസംഖ്യ നിയന്ത്രിയ്ക്കുന്നത് മുസ്ലിം വിരുദ്ധമായി ചിത്രീകരിയ്ക്കപെടുമെന്ന് നന്നായറിയുന്ന ഭഗവത് അതിന് തുനിയാതെ നിര്‍ബന്ധിതമതപരിവര്‍ത്തന നിരോധനത്തിനായി ശബ്ദമുയര്‍ത്തുന്നത് രണ്ട് ഗുണങ്ങള്‍ മുന്നില്‍ കണ്ടിട്ടാണ്. ഒന്ന്, ജനസംഖ്യാനിയന്ത്രണം CAA വിരുദ്ധ സമരങ്ങള്‍ പോലുള്ള പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചേയ്ക്കാം എന്ന് അദ്ദേഹം ഭയക്കുന്നു. എന്നാല്‍, നിര്‍ബന്ധിതമത പരിവര്‍ത്തന നിയമത്തെ എതിര്‍ക്കാന്‍ മുസ്ലിം സംഘടനകള്‍ക്ക് ആവുകയുമില്ല. കാരണം ആ പ്രവര്‍ത്തി അനിസ്ലാമികമാണെന്ന് എക്കാലത്തും വാദിച്ചിട്ടുള്ളവര്‍ തന്നെ എങ്ങനെ അതിനു വേണ്ടി ശബ്ദമുയര്‍ത്തും? കൂടാതെ, ഹിജാബ് വിഷയത്തില്‍ എന്നപോലെ മാധ്യമങ്ങളും ‘നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലേ തടയുന്നുള്ളൂ’ എന്ന രീതിയിലുള്ള മതേതരപ്രതിരോധം ഉയര്‍ത്തുകയും അത് സംഘപരിവാറിന് അനുകൂലമായി വരികയും ചെയ്യുമെന്നും മോഹന്‍ജി മുന്‍കൂട്ടി കാണുന്നു.

രണ്ടാമതായി, കുട്ടികളുടെ എണ്ണം രണ്ടെണ്ണത്തില്‍ പരിമിതപ്പെടുത്തിയാല്‍ മുസ്ലീമുകളുടെ ജനസംഖ്യ കുറയ്ക്കാം എന്നത് ശരി തന്നെ. പക്ഷേ അതിനൊപ്പം ഹിന്ദുക്കളുടെ എണ്ണം കൂട്ടാനുള്ള വഴിയും അടഞ്ഞു പോകുമെന്നത് ഭാഗവതിനെ മാറ്റി ചിന്തിപ്പിയ്ക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മുസ്ലീമിന്റെ എണ്ണം കുറയുകയും സനാതനവല്ലരികള്‍ യഥേഷ്ടം പൂത്തുതളിര്‍ത്തുലയുകയും ചെയ്യുന്ന ഹിന്ദുരാഷ്ട്രമെന്ന പൂങ്കാവനത്തിന്റെ ഐശ്വര്യത്തിനും ജനസംഖ്യാനിയന്ത്രണത്തെക്കാള്‍ ഗുണകരം മതപരിവര്‍ത്തന നിരോധനം തന്നെ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനസംഖ്യയിലെ അസന്തുലനം നെടുകെ പിളര്‍ത്തിയ രാജ്യങ്ങളുടെ ഉദാഹരണത്തിലൂടെയും നുഴഞ്ഞുകയറ്റക്കാര്‍ ജനസംഖ്യാനുപാതത്തെ തകിടം മറിയ്ക്കുമെന്ന കണ്ടുപിടുത്തത്തിലൂടെയുമെല്ലാം മോഹന്‍ജി ആരെയാണ് ഉന്നം വെയ്ക്കുന്നത് എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. മുസ്ലീമുകള്‍ക്കിടയിലെ അക്രമികള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഉല്‌ബോധിപ്പിക്കുന്ന ടിയാന്‍ താന്‍ ഉള്‍പ്പെടുന്ന ഹിന്ദുമത കോണ്ട്രാക്റ്റര്‍മാര്‍ സ്വന്തം ആളുകള്‍ നാട് മുടിയ്ക്കുമ്പോള്‍ ശ്വാനനിദ്രയിലാണെന്ന കാര്യം സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്യുന്നു. ഏതായാലും മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുടെ അന്തരാര്‍ത്ഥം ഇതൊക്കെയാണ് എന്നിരിക്കെ നമ്മുടെ ചാനലുകള്‍ ചെയ്തത് പോലെ ജനന-മരണ-ഫെര്‍ട്ടിലിറ്റി കണക്കുകള്‍ നിരത്തി ഞാന്‍ സമയം കളയുന്നില്ല. കാരണം, എത്ര കണക്ക് നിരത്തിയാലും അത് കൊണ്ടൊന്നും ശമിപ്പിയ്ക്കാനാവാത്ത മുസ്ലിം വിദ്വേഷവും ഉന്മൂലനമോഹവുമാണ് RSSന്റെ കോര്‍ വാല്യൂ എന്നത് തന്നെ.

വംശവെറിയുടെ കൂരമ്പുകള്‍ തേനില്‍ മുക്കി മുസ്ലീമുകളുടെ നേര്‍ക്ക് പായിയ്ക്കുന്ന മോഹന്‍ ഭഗവതിനെ Pew researchന്റെ ജനസംഖ്യാ കണക്കുകള്‍ കൊണ്ട് നേരിടാനോ ബോധവല്‍ക്കരിക്കാനോ സാധിയ്ക്കില്ല എന്ന് പൊതുസമൂഹം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. അടുത്ത നൂറ് വര്‍ഷങ്ങള്‍ കൊണ്ട് ഹിന്ദുക്കള്‍ സിംഹവാലന്‍ കുരങ്ങുകളായി മാറുമെന്ന ആസ്ഥാനനിരീക്ഷകനായ രാഹുല്‍ ഈശ്വറിന്റെ കണ്ടെത്തലിനും മതപരിവര്‍ത്തനം മൂലം ജനസംഖ്യ അനുപാതം തകിടം മറിയുകയും ഇന്ത്യ സുഡാനായി മാറുമെന്ന അഭിനവരാഷ്ട്രപിതാവിന്റെ ബോധോദയത്തിനും ഇംഗ്ലീഷില്‍ ഒരൊറ്റ വാക്കേയുള്ളൂ – dog whistling.

അതെ, മുസ്ലീമുകളുടെ നേര്‍ക്ക് വാളോങ്ങി നില്‍ക്കുന്ന ഹിന്ദുത്വ കാപാലികന്മാര്‍ക്ക് വശമുള്ള വംശീയവെറിയുടെ ഭാഷയില്‍ മുഴക്കുന്ന dog whistle.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply